Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

അതിരുകളിടാത്ത കാരുണ്യഹസ്തം

മൊയ്‌നുദ്ദീന്‍ അഫ്‌സല്‍

ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് സോളിഡാരിറ്റി ഹെല്‍പ് ലൈന്‍ അല്ലേ എന്നന്വേഷിച്ച് ഫോണ്‍ കോള്‍ വന്നത്. ചെന്നൈ സെന്‍ട്രലില്‍ തൊഴില്‍ ചെയ്യുന്ന പശ്ചിമ ബംഗാളുകാരനാണ് വിളിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്ന് ഏതോ ബന്ധു അദ്ദേഹത്തിനയച്ചു കൊടുത്തതാണത്രെ സോളിഡാരിറ്റിയുടെ ഹെല്‍പ് ലൈന്‍ നമ്പരുകളുള്ള പോസ്റ്റര്‍. കേരളത്തിലേക്കുള്ള ഹെല്‍പ് ലൈനാണ് ഇതെന്ന എന്റെ മറുപടി അദ്ദേഹത്തെ കരച്ചിലിന്റെ വക്കോളമെത്തിച്ചു. പട്ടിണിയിലാണ്,  ഭക്ഷണത്തിന് ഒരു വഴിയുമില്ല, എന്തെങ്കിലും ചെയ്യാനാവുമോ എന്നാണ് അദ്ദേഹത്തിനറിയേണ്ടത്. സമാധാനിക്കൂ, എന്തെങ്കിലും വഴികാണാം എന്നു പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ചതിനു ശേഷം ചെന്നൈയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സഹപ്രവര്‍ത്തകന്‍ നാസര്‍ സാഹിബിനെ വിളിച്ചു. ലൈന്‍ കിട്ടാത്തതുകൊണ്ട് വിളിച്ച ആളുടെ നമ്പര്‍ ഉള്‍പ്പെടെ വെച്ച് അദ്ദേഹത്തിന് വോയ്‌സ് മെസേജ് അയച്ചു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം നാസര്‍ സാഹിബിന്റെ റിപ്ലേ വന്നു. ആ സന്ദേശം ഇങ്ങനെയായിരുന്നു: 'അഫ്‌സല്‍ സാഹിബ്,  ഞങ്ങള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചു. അവര്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമുള്ള കുടുംബമാണ്. അവര്‍ പറഞ്ഞത് ശരിയാണ്. 15 ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍, ചിക്കന്‍ ഉള്‍പ്പെടെ എത്തിച്ചു കൊടുത്തിട്ടുണ്ട്.' ആത്മസംതൃപ്തിയോടെ ആ മെസേജ് വായിച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ ചെന്നൈയില്‍ നിന്ന് കോള്‍ വീണ്ടും. നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടക്കേണ്ടിവന്നേനെ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കുളിര്‍മഴയെന്നോളം ഹൃദയത്തിലേക്ക് പെയ്തിറങ്ങി.
ഇവരുടേതുള്‍പ്പെടെ ആയിരക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രയാസങ്ങളാണ് സംസ്ഥാനത്തും, ചിലതെങ്കിലും കേരളത്തിനു പുറത്തും പരിഹരിക്കാനായി സോളിഡാരിറ്റിയുടെ കര്‍മധീരരായ പ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിച്ചത്. നമ്മുടെ ഒരിടപെടല്‍, ഒരു ഫോണ്‍ കോള്‍ സഹജീവിയുടെ വേദനക്ക്, അവന്റെ വിശപ്പിന്  പരിഹാരമാകുന്നുവെങ്കില്‍ ആ പ്രവൃത്തി എത്രമാത്രം പുണ്യകരമാണ്!
രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് ഏകദേശം ഒരാഴ്ചയാവുമ്പോഴാണ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സോളിഡാരിറ്റി നേതൃത്വത്തിന്റെ മുമ്പില്‍ വരുന്നത്. വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ അയച്ചു തന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവര്‍ക്ക് പരിചയമുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ പലരുടെയും കൈവശമുള്ള ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം പേരുടെയും കൈയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പണവുമില്ല. ഇവര്‍ തുടര്‍ന്നു വരുന്ന പൊതു രീതിയാണ് ഇതിന്റെ കാരണം. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണമേ അവര്‍ കരുതൂ.  പണത്തിന്റെ മുഖ്യഭാഗവും അവര്‍ നാട്ടിലേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുക. സ്ഥിരമായി ജോലി ഉള്ളതുകൊണ്ട്  ഇത്രയും കാലം  ഇങ്ങനെ ചെയ്യുന്നത് മൂലം പ്രയാസമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ കൊറോണ ലോക്ക് ഡൗണ്‍ ഇവരുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു.
ഈ ഒരു പ്രശ്‌നം ഒറ്റപ്പെട്ടതാവാന്‍ വഴിയില്ല എന്ന് സോളിഡാരിറ്റി വിലയിരുത്തി. ഗവണ്‍മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ചും, വ്യത്യസ്ത സംഘടനാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ഇവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാം എന്ന് തീരുമാനിച്ചു. അതിനായി വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ കണ്ടെത്തുകയും അവരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി ബംഗ്ല, ആസാമീസ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പോസ്റ്ററുകള്‍ തയാറാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. സോളിഡാരിറ്റിയുടെ മേല്‍നോട്ടത്തിലുള്ള ആര്‍ക്കിടെക്റ്റുകളുടെയും സിവില്‍ എഞ്ചിനീയര്‍മാരുടെയും കൂട്ടായ്മയായ കോ-എര്‍ത്ത്, അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ ആയ മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ ബന്ധങ്ങള്‍ സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് സഹായകമായി. കേരളത്തിനു പുറമെ നിരവധി സംസ്ഥാനങ്ങളിലേക്കും പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യപ്പെട്ടു. മൊത്തം വര്‍ക്കുകള്‍ ഏകോപിപ്പിക്കാനായി ഹെല്‍പ് ലൈന്‍ നമ്പറുള്ളവരെയും, ജില്ലാ നേതൃത്വത്തിലുള്ളവരെയും ഉള്‍പ്പെടുത്തി വാട്ട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ഓരോരുത്തര്‍ക്കും വരുന്ന കോളുകള്‍ ഗ്രൂപ്പില്‍ റിപ്പോര്‍ട്ട് ചെയ്യും. ജില്ലകള്‍ മാറി വരുന്ന കോള്‍ നമ്പറുകള്‍ ഗ്രൂപ്പിലൂടെ പരസ്പരം കൈമാറാമെന്നും തീരുമാനിച്ചു.
ആശങ്കിച്ചപോലെ തന്നെ ഓരോ നമ്പറിലേക്കും ചുരുങ്ങിയ ദിവസം കൊണ്ട് വന്നത് നൂറുകണക്കിന് ഫോണ്‍ കോളുകളാണ്. ഭൂരിഭാഗം പേര്‍ക്കും പങ്കുവെക്കാനുണ്ടായിരുന്നത് ഭക്ഷണ ലഭ്യതയെക്കുറിച്ച ആശങ്കകളാണ്. ഇതില്‍ ചിലതെങ്കിലും മുതലെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ളതാണോ എന്ന സംശയവും തോന്നി. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ പ്രാദേശിക ഘടനകളുപയോഗപ്പെടുത്തി  നിജ:സ്ഥിതി അന്വേഷിക്കാനാണ് ആദ്യം ശ്രമിച്ചത്. അന്വേഷണത്തില്‍ ഫോണ്‍ കോളുകളില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ഏതാണ്ടെല്ലാം  സത്യമാണെന്ന് ബോധ്യപ്പെട്ടു. ജില്ലാ മേധാവികളെയും തദ്ദേശ ഭരണകൂടങ്ങളെയും പ്രശ്നങ്ങള്‍ ധരിപ്പിച്ചു. ചിലതൊക്കെ അങ്ങനെ പരിഹരിക്കാന്‍ കഴിഞ്ഞു. കൊല്ലം ജില്ലയിലെ കൊട്ടിയം, പറക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ നൂറിലധികം ആളുകള്‍ മൂന്ന് ദിവസമായി കാര്യമായി ഭക്ഷണമൊന്നും കിട്ടാതെ പ്രയാസപ്പെടുകയാണെന്ന് പരാതി ലഭിച്ചപ്പോള്‍,  ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹമത്  പരിഹരിക്കുകയും ചെയ്തു. കോള് വന്ന ദിവസം അവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ പ്രവര്‍ത്തകര്‍ നേരിട്ട് എത്തിക്കുകയായിരുന്നു.
പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച മറുപടി, അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണകാര്യങ്ങള്‍ നോക്കേണ്ടത് അവര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും കോണ്‍ട്രാക് ടര്‍മാരുമാണ് എന്നായിരുന്നു.  പക്ഷേ,  തൊഴിലാളികളില്‍ വലിയൊരു ശതമാനം പേരും കൃത്യമായി ഒരു കോണ്‍ട്രാക്ടറുടെ കീഴിലല്ല ജോലി ചെയ്യുന്നത്. കൂടാതെ കോണ്‍ട്രാക്ടര്‍മാര്‍ ഇവരെ തിരിഞ്ഞുനോക്കാത്ത പ്രശ്‌നവും ഉണ്ട്. ഇത് മനസ്സിലാക്കി, ഓരോ ജില്ലയിലെയും സോളിഡാരിറ്റി ടീം  ഇവര്‍ക്കാവശ്യമുള്ള ഭക്ഷണസാധനങ്ങള്‍ സംഘടനാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എത്തിച്ചുകൊടുക്കുകയാണുണ്ടായത്. സംസ്ഥാനത്തുടനീളം ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഇങ്ങനെ സഹായമെത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോളുകള്‍ വന്നതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം ആറായിരത്തിലധികം ആളുകളുടെ പ്രയാസങ്ങള്‍ക്ക് കൈത്താങ്ങായി.
തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ കമ്യൂണിറ്റി കിച്ചണിലടക്കം സജീവമായി പങ്കാളികളായി. എറണാകുളം ജില്ലയില്‍ പോലീസ് സംവിധാനങ്ങള്‍ക്കു വരെ ഭക്ഷണസാധനങ്ങള്‍ കൈമാറുകയും അവരിലൂടെയും, നേരിട്ടും നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിക്കുകയും ചെയ്തു.  രണ്ട് ജില്ലകളിലും തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകളുടെ സഹായത്തോടെ വൈദ്യസഹായമുള്‍പ്പെടെ ലഭ്യമാക്കി. കാസര്‍കോട്, വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലും നൂറുകണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായം നല്‍കി.
പെട്ടെന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതബോധവുമുണ്ടാക്കിയത് സ്വാഭാവികം. ചില സാമൂഹിക ദ്രോഹികള്‍ അവസരം മുതലെടുത്ത് ഇവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തുകയും ചെയ്തു. അവര്‍ ഒരു കാര്യം മനസ്സിലാക്കണം. നിരവധി ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്ക് പുതുജീവനേകിയത് അതിഥി തൊഴിലാളികളുടെ സാന്നിധ്യമാണ്. ഒറ്റപ്പെട്ട അക്രമസംഭവങ്ങളുടെ പേരില്‍ ഇവരെ ഒന്നടങ്കം ഒറ്റപ്പെടുത്തി വെറുപ്പുല്‍പാദിപ്പിക്കുന്നതിനു പിന്നില്‍ വംശീയത തലക്കു പിടിച്ച കേന്ദ്രങ്ങളുടെ ഗൂഢാലോചനയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.  നാടും വീടും വിട്ട് ദാരിദ്ര്യത്തിന് അറുതി തേടി വന്ന ഈ സമൂഹത്തെ കരുണയുടെ കൈകള്‍കൊണ്ട് ചേര്‍ത്തു നിര്‍ത്തുകയാണ് വേണ്ടത്.
മനുഷ്യനെ മനുഷ്യനായി കാണാതെ, തട്ടുകളായി തരംതിരിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ അരങ്ങു വാഴുമ്പോള്‍, അവന്റെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായേറ്റെടുത്ത് മനുഷ്യത്വത്തിന്റെ കൈത്തിരി  ഉയര്‍ത്തി, നാം ഇരുട്ടിലല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സോളിഡാരിറ്റി എന്ന ഈ യുവസംഘം..

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ