Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

എങ്ങനെയാവണം ഖുര്‍ആന്‍ പാരായണം?

മുഹമ്മദ് യൂസുഫ് ഇസ്വ്‌ലാഹി

ആസ്വദിച്ച്, വളരെ താല്‍പര്യത്തോടെ, മനസ്സിരുത്തി വേണം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍. ഖുര്‍ആനോടുള്ള അഭിനിവേശം അല്ലാഹുവോടുള്ള അഭിനിവേശമാണ്. നബി (സ) അരുളി: 'എന്റെ സമുദായത്തിന്റെ ഏറ്റവും ഉത്തമമായ ആരാധന ഖുര്‍ആന്‍ പാരായണമാകുന്നു.'
അധിക സമയവും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുക. പാരായണം മുടങ്ങാന്‍ ഇടവരരുത്. അല്ലാഹുവിന്റെ നിര്‍ദേശം നബി(സ)യുടെ വാക്കുകളില്‍ ഇങ്ങനെ വന്നിരിക്കുന്നു: 'ഖുര്‍ആന്‍ പാരായണത്തില്‍ ആണ്ടു പൂണ്ടു ജീവിക്കുന്ന എന്റെ ദാസന്, എന്നോട് പ്രാര്‍ഥിക്കാന്‍ അവസരം ലഭിക്കാതെ വന്നാലും, പ്രാര്‍ഥിക്കുന്നവരേക്കാള്‍ കൂടുതലായി ഞാന്‍ അയാള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്' (തിര്‍മിദി).  ഖുര്‍ആന്‍ പാരായണത്തിന് പ്രേരിപ്പിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: 'ഖുര്‍ആന്‍ പഠിക്കുകയും ദിനേന അത് പാരായണം നടത്തുകയും ചെയ്യുന്ന ആളുടെ ഉപമ നാല് ഭാഗത്തേക്കും പരിമളം പരക്കുന്ന കസ്തൂരിയുടെ ഒരു കുപ്പി പോലെയാകുന്നു. ഖുര്‍ആന്‍ പഠിക്കുകയും എന്നിട്ട് ദിനേന അത് പാരായണം ചെയ്യാതിരിക്കുകയും ചെയ്യുന്ന ആളുടെ ഉപമ കസ്തൂരി നിറച്ച് അടച്ചുവെച്ച കുപ്പി പോലെയാണ്' (തിര്‍മിദി).
ഖുര്‍ആന്‍ പാരായണത്തിന്റെ ലക്ഷ്യം സന്മാര്‍ഗ ലബ്ധി മാത്രമാവണം. ജനങ്ങളെ തന്റെ കേള്‍വിക്കാരാക്കി പിടിച്ചിരുത്തുക, തന്റെ ശ്രുതിമാധുരി പ്രകടിപ്പിക്കാനുള്ള അവസരമായി കാണുക തുടങ്ങിയ ലൗകിക പ്രേരണകളില്‍ നിന്ന് തീര്‍ത്തും അകലം പാലിക്കണം.
ഖുര്‍ആന്‍ പാരായണത്തിന് മുമ്പ് ശരീരം പൂര്‍ണശുദ്ധി വരുത്തണം. അംഗശുദ്ധി വരുത്താതെ ഖുര്‍ആന്‍ സ്പര്‍ശിക്കാതിരിക്കുന്നതാണ് ഉത്തമം. വൃത്തിയുള്ള സ്ഥലത്തിരുന്നാണ് പാരായണം നിര്‍വഹിക്കേണ്ടത്.
പാരായണ സമയത്ത് ഖിബ്‌ലക്ക് അഭിമുഖമായി ഇരിക്കുക. കഴുത്ത് താഴ്ത്തി, പൂര്‍ണ ഏകാഗ്രതയോടും മനസ്സാന്നിധ്യത്തോടും കൂടി വേണം പാരായണം ചെയ്യാന്‍. അല്ലാഹു പറയുന്നു: 'ഈ ഗ്രന്ഥത്തെ നാം അവതരിപ്പിച്ചത് അനുഗൃഹീത ഗ്രന്ഥമായാണ്. അതിന്റെ സൂക്തങ്ങളില്‍ നിങ്ങള്‍ അഗാധമായി ചിന്തിക്കുക. ബുദ്ധിയുള്ളവരേ, കാര്യങ്ങള്‍ കൃത്യമായി സ്മരിക്കുകയും ചെയ്യുക.'
ഖുര്‍ആന്‍ പാരായണം നിയമങ്ങള്‍ പാലിച്ചും നിര്‍ത്തി നിര്‍ത്തി സാവധാനത്തിലുമാണ് നിര്‍വഹിക്കേണ്ടത്. അക്ഷരശുദ്ധി വരുത്തണം. നബി (സ) പറയുന്നു: 'നിങ്ങളുടെ ശബ്ദം മുഖേന ഖുര്‍ആന്‍ പാരായണത്തെ മധുരതരമാക്കുക' (അബൂദാവൂദ്). നബി (സ) ഓരോരോ അക്ഷരവും വ്യക്തമാക്കി ഉച്ചരിച്ചും സൂക്തങ്ങള്‍ക്കിടയില്‍ നിര്‍ത്തി നിര്‍ത്തിയുമാണ് പാരായണം ചെയ്തിരുന്നത്. അവിടുന്ന് അരുളി: 'ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരോട് അന്ത്യനാളില്‍ പറയപ്പെടും: സാവധാനവും ശ്രുതിമധുരമായും ദുന്‍യാവില്‍ വെച്ച് നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത പ്രകാരം ഇവിടെയും പാരായണം ചെയ്യുക. ഓരോ ആയത്ത് ഓതുമ്പോള്‍ നിങ്ങളുടെ പദവിയും ഉയരുന്നതാണ്.'
വളരെ ഉച്ചത്തിലോ വളരെ പതുക്കെയോ അല്ല  പാരായണം നടത്തേണ്ടത്. മിതമായ ശബ്ദത്തിലാവണം. അല്ലാഹു പറയുന്നു: 'നമസ്‌കാരത്തില്‍ കൂടുതല്‍ ശബ്ദമുയര്‍ത്തി പാരായണം ചെയ്യാതിരിക്കുക; വളരെ പതുക്കെയും ആവരുത്. അത് രണ്ടിനുമിടയിലെ മാര്‍ഗം സ്വീകരിക്കുക' (ബനൂ ഇസ്റാഈല്‍: 110).
തഹജ്ജുദ് നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം വഴി ഉയര്‍ന്ന പദവി ലഭ്യമാകും. ആ സ്ഥാനം നേടാനാവണം വിശ്വാസിയുടെ ശ്രമം. മൂന്ന് ദിവസത്തില്‍ കുറഞ്ഞ സമയംകൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്തു തീര്‍ക്കരുത്. നബി(സ) പറയുന്നു: 'മൂന്ന് നാളിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ഖുര്‍ആന്‍ പാരായണം പൂര്‍ത്തീകരിച്ചയാള്‍ ഖുര്‍ആനെ ഒട്ടും മനസ്സിലാക്കാത്തവനാകുന്നു.'
പാരായണത്തിലൂടെ ഖുര്‍ആന്റെ മഹത്വവും പ്രൗഢിയും നമുക്ക് അനുഭവവേദ്യമാവണം. ശാരീരിക ശുദ്ധി പോലെ  മാനസിക ശുദ്ധിയും വേണം, ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍. മലീമസമായ ചിന്തകള്‍, മോശപ്പെട്ട വികാരങ്ങള്‍, ശുദ്ധമല്ലാത്ത ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഇവയില്‍ നിന്നൊക്കെ ഹൃദയം സംശുദ്ധമാവണം. മലീമസമായ വികാരവിചാരങ്ങളാല്‍ കുഴഞ്ഞുമറിഞ്ഞ മനസ്സിന് പരിശുദ്ധ ഖുര്‍ആന്റെ മഹത്വവും ഗാംഭീര്യവും തിരിച്ചറിയാനാവില്ല. ഖുര്‍ആനിക ജ്ഞാനവും പൊരുളും ഗ്രഹിക്കാനും അയാള്‍ക്ക് കഴിയില്ല. ഇക്‌രിമ (റ) ഖുര്‍ആന്‍ തുറക്കുമ്പോഴെല്ലാം ബോധരഹിതനാവുമായിരുന്നു. എന്റെ മഹത്വമുടയവനും പ്രതാപവാനുമായ നാഥന്റെ വചനമാണിതെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കും.
ഭൂമിയില്‍ മനുഷ്യരുടെ സന്മാര്‍ഗദര്‍ശനത്തിന് ഈ ഒരു ഗ്രന്ഥം മാത്രമേയുള്ളൂ എന്ന മനസ്സുറപ്പോടെയാണ് നാം ഖുര്‍ആനുമായി സഹവസിക്കേണ്ടത്. ആഴത്തില്‍ മനനം നടത്തുകയും അതിലെ സത്യങ്ങളും യാഥാര്‍ഥ്യങ്ങളും നന്നായി ഗ്രഹിക്കുകയും വേണം. തിരക്കിട്ട് ഓതിത്തീര്‍ക്കുന്നതിനു പകരം അര്‍ഥം മനസ്സിലാക്കി പഠിക്കാന്‍ ശ്രമിക്കുക. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു: 'യാതൊന്നും മനസ്സിലാക്കാതെയും ധൃതിയിലും അല്‍ബഖറ, ആലുഇംറാന്‍ തുടങ്ങിയ അധ്യായങ്ങള്‍ പാരായണം ചെയ്യുന്നതിനേക്കാള്‍ അല്‍ഖാരിഅ, അല്‍ഖദ്‌റ് പോലുള്ള കൊച്ചു അധ്യായങ്ങള്‍ ആശയം ഗ്രഹിച്ച് മനസ്സിലാക്കി പാരായണം ചെയ്യന്നതാണ് ഉത്തമം.'
നബി (സ) ഒരു രാത്രി മുഴുക്കെ ഒറ്റ സൂക്തം മാത്രം പാരായണം ചെയ്തുകൊണ്ടേയിരുന്നിട്ടുണ്ട്. 'നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകളാണ്, അവര്‍ക്ക് നീ പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീയാണല്ലോ അങ്ങേയറ്റം പ്രതാപവാനും യുക്തിജ്ഞനും' (അല്‍മാഇദ: 118) എന്ന സൂക്തം. ഖുര്‍ആന്റെ വിധികള്‍ക്കൊത്ത് തന്റെ ജീവിതം മാറ്റിപ്പണിയുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ വേണം പാരായണം. അതിന്റെ വെളിച്ചത്തില്‍ ജീവിതം പടുത്തുയര്‍ത്തണം. അതില്‍നിന്ന് ലഭ്യമാകുന്ന മാര്‍ഗദര്‍ശനത്തിന് അനുസൃതമായി ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും വീഴ്ചകള്‍ തിരുത്താനും നിരന്തര ശ്രമം തുടരുക. ഒരു കണ്ണാടി പോലെ  ഓരോ  സന്ദര്‍ഭത്തിലും നമ്മുടെ മുന്നിലുണ്ടാവണം ഖുര്‍ആന്‍.
പാരായണം ചെയ്യുമ്പോള്‍ ഖുര്‍ആന്‍ സൂക്തങ്ങളിലെ ആശയങ്ങള്‍ക്കനുസരിച്ച് നമ്മുടെ വികാരവിചാരങ്ങളിലും മാറ്റമുണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അല്ലാഹുവിന്റെ കാരുണ്യം, പാപമോചനം, സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളിലൂടെ  കടന്നുപോകുമ്പോള്‍ സന്തോഷാഹ്ലാദങ്ങളാല്‍ മനസ്സ് നിറയുന്നുണ്ടോ? അല്ലാഹുവിന്റെ കോപവും ശാപവും നരകശിക്ഷയുടെ ഭയാനകതയും വിവരിക്കുന്ന ഭാഗത്തെത്തുമ്പോള്‍ ശരീരം വിറകൊള്ളുന്നുണ്ടോ? കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടോ?
പാരായണശേഷം ഉമര്‍ (റ) നടത്തിയതു പോലെ താഴെ കൊടുക്കുന്ന പ്രാര്‍ഥന ചൊല്ലുക: 'അല്ലാഹുമ്മ ഉര്‍സുഖ്നീ അത്തഫക്കുറ വത്തദബ്ബുറ ബിമാ യത്ലൂഹു ലിസാനീ മിന്‍ കിതാബിക, വല്‍ഫഹ്മ ലഹു, വല്‍ മഅ്രിഫത ബിമആനീഹി,  വന്നള്റ ഫീ അജാഇബിഹി,  വല്‍ അമല ബിദാലിക മാ ബഖീതു,  ഇന്നക അലാ കുല്ലി ശൈഇന്‍ ഖദീര്‍' (അല്ലാഹുവേ,  നിന്റെ ഗ്രന്ഥത്തില്‍നിന്ന് ഞാന്‍ പാരായണം ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ ചിന്തിക്കാനും മനനം നടത്താനും നീ എനിക്ക് അനുഗ്രഹം ചൊരിഞ്ഞാലും. അതിന്റെ അര്‍ഥവും ആശയവും ഉള്‍ക്കൊള്ളാന്‍ എനിക്കു ഉതവി നല്‍കിയാലും. അതിലെ അത്ഭുതങ്ങള്‍ കണ്‍നിറയെ കാണാനും ജീവിക്കുന്ന കാലമത്രയും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നീ എന്നെ സഹായിച്ചാലും. തീര്‍ച്ചയായും നീ എല്ലാറ്റിനും കഴിവുറ്റവനല്ലോ). 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ