കോവിഡ് കാലം നീളുമ്പോള്‍
മാര്‍ച്ച് 24-ന് നിലവില്‍ വന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14-ന് ഒന്നാം ഘട്ടം പിന്നിടുമ്പോള്‍ നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു, സ്ഥിതി മെച്ചപ്പെടുമെന്നും തദടിസ്ഥാനത്തില്‍ അടച്ചുപൂട്ടലില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുമെന്നും. പക്ഷേ സമ്പൂര്‍ണ അടച്ചിടല്‍ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോള്‍ പരക്കെ നൈരാശ്യമാണ് പടര്‍ന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹാമാരി കേസുകള്‍ കുറയുകയല്ല, കൂടുകയാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയില്ലെങ്കില്‍ അമേരിക്കയും ബ്രിട്ടനും ഇറ്റലിയും സ്പെയിനും പോലെയോ അതിലധികമായോ ഇന്ത്യയും കോവിഡിന്റെ പിടിയിലമരുമെന്നാണ് മുന്നറിയിപ്പ്. കാരണം ആ രാജ്യങ്ങളില്‍ പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും വേഗതയുമുണ്ട്. ഇന്ത്യ പരിശോധനാ കാര്യത്തില്‍ ഏറെ പിന്നിലാണിപ്പോഴും. കോവിഡ് നിയന്ത്രിക്കുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണെന്നൊക്കെ മോദി അവകാശപ്പെട്ടെങ്കിലും പരിശോധനയുടെ ഗുരുതരമായ പരിമിതിയും അപര്യാപ്തതയുമാണതിന്റെ പ്രധാന കാരണമെന്ന സത്യം അദ്ദേഹം മറച്ചുവെച്ചു. യു.പി, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ രോഗം കണ്ടെത്താനുള്ള പരിശോധനയുടെ കാര്യത്തില്‍ ഏറെ ദയനീയ സ്ഥിതിയിലാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആ സംസ്ഥാനങ്ങളിലൊക്കെ പൂര്‍വാധികം വേഗത്തില്‍ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നിരിക്കെ മെയ് മൂന്നു പോലും കൃത്യമായ അവലോകനത്തിന്റെയും പഠനത്തിന്റെയും ഫലമല്ലെന്നേ പറയാനാവൂ.
എന്നുവെച്ചാല്‍ രാജ്യത്തെ ജനം മുഴുവന്‍ ഇനിയും തന്റേതോ അന്യന്റെയോ ആയ വീടുകളില്‍ ഇല്ലായ്മയും വല്ലായ്മയും വേണ്ടതിലധികം അനുഭവിച്ച് അനിശ്ചിതകാലം നിമിഷങ്ങളെണ്ണി കഴിയണം എന്നര്‍ഥം. വിദ്യാര്‍ഥി ജീവിതകാലത്തെ സാഹിത്യ സമാജം യോഗത്തില്‍ മിക്കവാറും പ്രസംഗകരും തുടങ്ങുന്ന വാചകം ഇങ്ങനെയായിരുന്നു: 'മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്....' ഇന്നിപ്പോള്‍ തിരിച്ചു പറയേണ്ട ഘട്ടം വന്നെത്തിയിരിക്കുന്നു; 'സാമൂഹിക സമ്പര്‍ക്കങ്ങളില്‍നിന്ന് അകലം പാലിക്കേണ്ട ജീവിയാണ് മനുഷ്യന്‍!' 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' എഴുതിയ ഗബ്രിയേല്‍ മാര്‍ക്വേസ്, അടിച്ചേല്‍പിക്കപ്പെട്ട ഈ ഏകാന്തതയെ അല്ല ഉദ്ദേശിച്ചതെന്ന് വ്യക്തം. പക്ഷേ, ദിവസത്തിന് 24 മണിക്കൂര്‍ മതിയാകാത്തവിധം സദാ തിരക്കുകളില്‍ മുഴുകിയ അത്യാധുനിക മനുഷ്യന് ദൈവം കനിഞ്ഞരുളിയ ഒഴിവുകാലമാണിതെന്ന് കരുതിയാല്‍ വിധിയെ പഴിക്കാതെയും നിമിഷങ്ങള്‍ക്ക് ജീവന്‍ നല്‍കിയും മുമ്പോട്ട് പോകാനാവും. പുസ്തകങ്ങള്‍ അലമാരിക്കലങ്കാരമായി സൂക്ഷിക്കുന്ന നേതാക്കള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ശീലം തിരുത്താനാവും. ബഹളവും ഒച്ചപ്പാടും കടിപിടിയുമാണ് ജീവിതമെന്ന് ധരിച്ചവര്‍ക്ക് ശാന്തതയുടെയും ചിന്തയുടെയും തിരിച്ചറിവിന്റെയും നിമിഷങ്ങളാണ് വീണുകിട്ടിയിരിക്കുന്നത്.
'വരുവാനുണ്ടല്‍പം താമസം നില്‍ക്ക നീ
മരണമേ ജോലി തീര്‍ന്നില്ല, തീര്‍ന്നില്ല'
എന്നു പാടിയ സരോജിനി നായിഡുവിനെ പോലുള്ള പ്രതിഭകളെ ഓര്‍മിച്ചുപോവുന്ന സന്ദര്‍ഭമാണിത്. പോയ തലമുറയിലെ വിഖ്യാത സാഹിത്യ നിരൂപകനും ഈജിപ്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ത്വാഹാ ഹുസൈന്റെ കൗതുകകരമായ ഒരു കുറിപ്പ് ഖത്തറില്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വായിച്ചതോര്‍ക്കുന്നു. 'അവധി' എന്നാണ് ശീര്‍ഷകം. പതിവ് ജോലിത്തിരക്കുകള്‍ക്ക് പുറമെ സുഹൃത്തുക്കളുടെയും അല്ലാത്തവരുടെയും നിരന്തരമായ ടെലഫോണ്‍ വിളികളും സന്ദര്‍ശകബാഹുല്യവും വാരാന്ത്യ ഒഴിവു ദിവസത്തെ പോലും കവര്‍ന്നെടുക്കുന്നതിലെ മനോവ്യഥയാണ് അതില്‍ സ്വത:സിദ്ധമായ ശൈലിയില്‍ അദ്ദേഹം അനുവാചകരുമായി പങ്കുവെക്കുന്നത്. സ്വന്തം കൃതി വായിച്ചു അഭിപ്രായം അറിയിക്കാനും പത്രപ്രസിദ്ധീകരണങ്ങളില്‍ നിരൂപണം എഴുതാനും നിര്‍ബന്ധിക്കുന്നവരുടെ ശല്യമാണ് അദ്ദേഹത്തെ ഏറെ അലോസരപ്പെടുത്തിയത്. ലേഖനം സമാപിക്കുന്നത് ഇങ്ങനെ: 'ഒടുവില്‍ ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. സര്‍വാധിനാഥന്‍ അവസാനമായി മനുഷ്യന് അനുവദിക്കുന്ന അവധിയാണ് യഥാര്‍ഥ അവധി!'
ഡോ. ത്വാഹാ ഹുസൈന്റെ നിര്യാണവാര്‍ത്ത അറിഞ്ഞപ്പോള്‍ പത്രത്തില്‍ കൊടുക്കേണ്ട വാര്‍ത്തയുടെ തലക്കെട്ട് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടതിങ്ങനെ: 'ത്വാഹാ ഹുസൈന്‍ അവധിയില്‍ പ്രവേശിച്ചു!' ലോകാനുഗ്രഹിയായ പ്രവാചകന്റെ തിരുമൊഴി അവസരോചിതം: 'രണ്ട് അനുഗ്രഹങ്ങളില്‍ മനുഷ്യരില്‍ അധിക പേരും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവുമാണ് ആ അനുഗ്രഹങ്ങള്‍'. രണ്ടിനെക്കുറിച്ചും ചിന്തിക്കാനും പഠിക്കാനും മികച്ച അവസരമൊരുക്കിയിരിക്കുന്നു കോവിഡ് 19. ബ്രിട്ടീഷ് പ്രധാനമന്ത്രി മുതല്‍ മുംബൈ ധാരാവിയിലെ ചേരിനിവാസി വരെ പതിനായിരങ്ങളെ നിശ്ശബ്ദം കീഴ്പ്പെടുത്തിയ കോവിഡ് ആരോഗ്യത്തിന്റെയും ജാഗ്രതയുടെയും ബാലപാഠങ്ങളാണ് ലോകത്തിന് പകര്‍ന്നു നല്‍കുന്നത്; സമയാസമയങ്ങളില്‍ കൈയും മുഖവും കഴുകുക, സാമൂഹികാകലം പാലിക്കുക എന്ന്. രണ്ടാമത്തെ അനുഗ്രഹം -ശാപമല്ല- ഒഴിവാണ്. നൈസര്‍ഗിക കഴിവുകള്‍ പോഷിപ്പിക്കാനും സിദ്ധികളെ വളര്‍ത്താനും വായിക്കാനും എഴുതാനും പഠിക്കാനും സംവദിക്കാനും അടുക്കളത്തോട്ടം പണിയാനും പാചകകല പരിചയിക്കാനും പിള്ളേരെ കളിപ്പിക്കാനും പ്രകൃതിയോട് സല്ലപിക്കാനും മറ്റും മറ്റുമായി സമയം ചെലവിടാനുള്ള അസുലഭാവസരമാണ് കൊറോണ ഒരുക്കിയിരിക്കുന്നത്. സര്‍വോപരി വേദഗ്രന്ഥം ഏകാഗ്രതയോടെ പാരായണം ചെയ്യാനും പഠിക്കാനും പ്രാര്‍ഥിക്കാനും ധാര്‍മിക ബോധനങ്ങള്‍ ശ്രദ്ധിക്കാനും ഇതിലേറെ അനര്‍ഘ നിമിഷങ്ങള്‍ കൈവരുന്നതെപ്പോള്‍? ഒന്നിലും മനസ്സുറക്കാതെ അസ്വസ്ഥരാകുന്നവര്‍ക്ക് വായിക്കാന്‍ ഒരു ലഘു പുസ്തകമുണ്ട്; വിഖ്യാത ദാര്‍ശനികന്‍ ബര്‍ട്രന്റ് റസ്സലിന്റേതായി, കി ജൃമശലെ ീള കറഹലില.ൈ വെറുതെ അലസമായിരിക്കുന്ന നിമിഷങ്ങളും ജീവിതസൗഖ്യത്തിന് അനുപേക്ഷ്യമാണെന്നാണ് റസ്സല്‍ സമര്‍ഥിക്കുന്നത്.
Comments