Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

ഓണ്‍ലൈന്‍ ജുമുഅയും തറാവീഹും

യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്റ് റിസര്‍ച്ച്

(ഡോ. യൂസുഫുല്‍ ഖറദാവിയുടെ നേതൃത്വത്തില്‍ 1997-ല്‍ അയര്‍ലന്റിലെ ഡബ്ലിന്‍ ആസ്ഥാനമായി സ്ഥാപിതമായ പണ്ഡിത സമിതിയാണ് 'യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്റ് റിസര്‍ച്ച്' (ECFR). ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സമകാലിക പ്രശ്നങ്ങളെ സമീപിക്കുകയാണ് കൗണ്‍സിലിന്റെ രീതി. അതിന്റെ നിര്‍വാഹക സമിതി അംഗങ്ങളില്‍ മൂന്നില്‍ രണ്ടും വടക്കനമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഉള്ളവരാണ്. ബാക്കിയുള്ളവര്‍ വിവിധ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരും. റാശിദ് ഗന്നൂശി, അബ്ദുല്ല ബിന്‍ ബയ്യ, ഡോ.ഇസാം ബശീര്‍, ഇസ്മാഈല്‍ കശൂഫി, ഡോ. അലി ഖറദാഗി, മഹ്മൂദ് മുജാഹിദ്, മുസ്ത്വഫാ സെറിച്ച്, യൂസുഫ് ഇബ്‌റാഹീം, സ്വലാഹ് സുല്‍ത്വാന്‍, ജാസിര്‍ ഔദ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഇതില്‍ അംഗങ്ങളാണ്. ഓണ്‍ലൈന്‍ ജുമുഅയും തറാവീഹും അനുവദനീയമാണോ എന്ന ചോദ്യത്തിന് കൗണ്‍സില്‍ നല്‍കിയ ഫത്‌വയാണ് ഇവിടെ ചേര്‍ക്കുന്നത്. ജുമുഅ - ജമാഅത്തുകള്‍ സാമൂഹികമായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ ബദല്‍ രീതികള്‍ പ്രവാചകന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ പുതിയ ഓണ്‍ലൈന്‍ രീതികള്‍ സ്വീകരിക്കേണ്ടതില്ല എന്നുമാണ് കൗണ്‍സിലിന്റെ അഭിപ്രായം. തങ്ങളുടെ ന്യായങ്ങള്‍ അവര്‍ അക്കമിട്ടു  നിരത്തുകയും ചെയ്യുന്നു.
ശക്തമായ എതിരഭിപ്രായവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പള്ളികള്‍ അടച്ചിടുന്നതു കാരണം ഇനിയും ഏതാനും മാസങ്ങള്‍ ജുമുഅ മുടങ്ങാന്‍ സാധ്യതയുണ്ടെന്നും ഇസ്ലാമിന്റെ മര്‍മപ്രധാനമായ ഈ അനുഷ്ഠാനത്തിന്റെ തുടര്‍ച്ച പറ്റേ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അനിവാര്യ ഘട്ടങ്ങളില്‍ മാത്രം ഓണ്‍ലൈന്‍ ജുമുഅ ഖുത്വ്ബയും നമസ്‌കാരവും അനുവദനീയമാണെന്നുമാണ് അവരുടെ പക്ഷം. ഈ നിലപാടിനെ ശക്തമായി പിന്തുണച്ചുകൊണ്ട് 'എബൗട്ട് ഇസ്ലാം' ഡോട്ട്‌കോമില്‍ ശൈഖ് അഹ്മദ് കുട്ടി എഴുതിയ ലേഖനവും ഞങ്ങള്‍ ഇവിടെ എടുത്തു ചേര്‍ക്കുന്നുണ്ട്.
ഈ വിഷയത്തില്‍ പ്രബോധനം ഒരു പക്ഷത്തും നില്‍ക്കുന്നില്ല. നമ്മുടെ കാലത്തെ ഒരു പ്രധാന വിഷയത്തില്‍ ഉയര്‍ന്നു വന്ന വ്യത്യസ്ത അഭിപ്രായങ്ങളെ വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുക മാത്രമാണ്.  വിഷയത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം പകരുന്ന പണ്ഡിതാഭിപ്രായങ്ങള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവരുമെന്നും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. പണ്ഡിത സുഹൃത്തുക്കളെയും മറ്റു വായനക്കാരെയും ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു).


പള്ളിയില്‍ വെച്ച് ഒന്നോ രണ്ടോ പേരോടൊപ്പം നമസ്‌കരിക്കുന്ന ഒരു ഇമാമിനെ, ഓണ്‍ലൈനായി പിന്തുടര്‍ന്നുകൊണ്ട്, വീട്ടില്‍ വെച്ച് ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നത് അനുവദനീയമാണോ? 
ടി.വി, റേഡിയോ, ഓണ്‍ലൈനിലെ തത്സമയ സംപ്രേഷണം എന്നിവ വഴി ഇമാമിനെ പിന്തുടര്‍ന്ന്, വീട്ടില്‍ വെച്ച് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നത് അസാധുവാണ്. ഇങ്ങനെ ജുമുഅ നമസ്‌കരിച്ച ഒരാള്‍, നിര്‍ബന്ധമായും ളുഹ്ര്‍ നമസ്‌കരിക്കണം. സമകാലിക വേദികളുമായും സംഘടനകളുമായും കൂടിയാലോചിച്ച ശേഷമാണ് കൗണ്‍സില്‍ ഈ നിലപാട് പ്രഖ്യാപിക്കുന്നത്. പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത്, അന്നത്തെ ഭൂരിപക്ഷ പണ്ഡിതന്മാരും സ്വീകരിച്ച നിലപാടും ഇതായിരുന്നു. മുഹമ്മദ് നബി (സ) പഠിപ്പിച്ച അതേ രീതിയില്‍, മുന്നുപാധികളും  നിയമാനുസൃതത്വവും പാലിച്ചുകൊണ്ട് നിര്‍വഹിച്ചാല്‍ മാത്രം സാധുവാകുന്ന അനുഷ്ഠാനമാണ് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം. മുഹമ്മദ് നബിയുടെ കാലം മുതല്‍ ഇന്നുവരെ, ഒരേ രീതിയില്‍ തന്നെ, യാതൊരു മാറ്റവുമില്ലാതെയാണ് അത് നിര്‍വഹിച്ചു വന്നിട്ടുള്ളത്. ചോദ്യത്തില്‍ സൂചിപ്പിച്ച രീതിയില്‍ അത് വീട്ടില്‍ വെച്ച് നിര്‍വഹിക്കുന്നത്, പ്രവാചക ചര്യക്ക് വിരുദ്ധമായിത്തീരും. നബിയുടെ ശാസനകളെ ലംഘിക്കുകയും അസാധുവാക്കുകയും ചെയ്യുന്ന ഒരു കല്‍പിത രീതിയായിരിക്കും അത്. അതിന്റെ കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്,  അല്ലാഹു പറയുന്നു; 'അല്ലയോ വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് ഓടിവരുക. കൊള്ളക്കൊടുക്കകളുപേക്ഷിക്കുക. അതാണ് ഏറെ ശ്രേഷ്ഠമായിട്ടുള്ളത്-നിങ്ങള്‍ അറിയുന്നുവെങ്കില്‍' (ജുമുഅ 9).  ജുമുഅയെക്കുറിച്ച ദൈവിക ശാസനയാണിത്. വെള്ളിയാഴ്ചയിലെ ജുമുഅക്കു വേണ്ടി 'ധൃതിപ്പെട്ടു വരണം' എന്നാണ് ഈ ആയത്ത് പഠിപ്പിക്കുന്നത്.  ഓണ്‍ലൈന്‍ ഇമാമിന്റെ നേതൃത്വത്തില്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കുമ്പോള്‍ ഈ കല്‍പന പാലിക്കാന്‍ കഴിയുകയില്ല. ഔസുബ്നുല്‍ ഔസ് അസ്സഖഫി നിവേദനം ചെയ്യുന്നു: നബി (സ) പറയുന്നത് ഞാന്‍ കേട്ടു; 'ആരെങ്കിലും വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയായി നേരത്തേ പള്ളിയില്‍ വരികയും ഇമാമിന്റെ അടുത്തായി ഇരിക്കുകയും വ്യര്‍ഥ വര്‍ത്തമാനത്തെ സൂക്ഷിക്കുകയും ചെയ്താല്‍, പള്ളിയിലേക്ക് നടന്ന ഓരോ കാലടിക്കും ഒരു വര്‍ഷത്തെ കര്‍മം, അത്രയും നോമ്പിന്റെയും നമസ്‌കാരത്തിന്റെയും ഫലം എന്നിവ രേഖപ്പെടുത്തുന്നതാണ്' (അഹ്മദ്). ഓണ്‍ലൈന്‍ ഇമാമിന്റെ കീഴില്‍ വീട്ടില്‍ വെച്ചുള്ള ജുമുഅ നമസ്‌കാരത്തില്‍ ഒരാള്‍ക്ക് എങ്ങനെ നേരത്തേ എത്താനും ആള്‍ക്കൂട്ടത്തോടൊപ്പം അത് പൂര്‍ത്തീകരിക്കാനുമാകും?
രണ്ട്, കൃത്യമായ നിര്‍വഹണക്രമവും സവിശേഷതകളും ലക്ഷ്യവുമൊക്കെയുള്ള അനുഷ്ഠാനമാണ് ജുമുഅ. ജുമുഅയുടെയും ളുഹ്‌റിന്റെയും സമയത്തെക്കുറിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് പൊതുവെ അഭിപ്രായ ഐക്യമുണ്ട്. എന്നാല്‍, ഒന്ന് മറ്റൊന്നിന് പകരമാണോ എന്ന വിഷയത്തില്‍ അവര്‍ ഭിന്നാഭിപ്രായക്കാരാണ്. ജുമുഅ ളുഹ്ര്‍ നമസ്‌കാരത്തിനു പകരമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. ജുമുഅ സാധ്യമാകാതെ വരുമ്പോള്‍ നാം ളുഹ്ര്‍ നമസ്‌കരിക്കുകയാണ് വേണ്ടത്. കാരണം, അതാണ് അടിസ്ഥാന ശാസന. പല സ്ഥലങ്ങളിലും സാധാരണ സംഘടിത നമസ്‌കാരം നടക്കുന്ന പള്ളികളും ജുമുഅ നമസ്‌കാരം നടക്കുന്ന പള്ളികളും വെവ്വേറെത്തന്നെയുണ്ട്. ദൈനംദിന സംഘടിത പ്രാര്‍ഥനകള്‍ നടത്തുന്ന പള്ളികള്‍ വെള്ളിയാഴ്ച ഉച്ചക്ക് അടച്ചിട്ട്, ജുമുഅ നടക്കുന്ന വലിയ പള്ളികളില്‍ പോവുകയാണ് അവിടങ്ങളില്‍ പതിവ്. വിശ്വാസികളുടെ വലിയ സംഗമങ്ങള്‍ വഴി ഉണ്ടാകേണ്ട ഗുണഫലങ്ങള്‍ ലഭ്യമാക്കാനാണ് ആഴ്ചയിലൊരിക്കലുള്ള ഈ സവിശേഷ കൂടിച്ചേരല്‍. ചോദ്യത്തില്‍ സൂചിപ്പിച്ച ഓണ്‍ലൈന്‍ നമസ്‌കാരം വഴി ഇതെല്ലാം നഷ്ടപ്പെടുകയാണ് ചെയ്യുക.
മൂന്ന്, ഓണ്‍ലൈന്‍ ഇമാമിന്റെ നേതൃത്വത്തിലുള്ള നമസ്‌കാരം, വെള്ളിയാഴ്ചയിലെ ജുമുഅയുടെ ആത്മാവ് നശിപ്പിക്കുന്നു. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും വെള്ളിയാഴ്ചയിലും മറ്റു സമയങ്ങളിലും പള്ളിയില്‍ സംഘടിത പ്രാര്‍ഥനക്ക് എത്തുന്നത് അനാവശ്യവും അപ്രധാനവുമാണെന്ന് ധരിച്ചുവശാകാന്‍ ഇത് കാരണമാകും. വെള്ളിയാഴ്ച ജുമുഅ ഓണ്‍ലൈന്‍ വഴി ആകാമെങ്കില്‍, മറ്റു സംഘടിത നമസ്‌കാരങ്ങള്‍ ഓണലൈന്‍ വഴി ആകുന്നതിന്  സാധുതയുണ്ടെന്ന വാദവും ഉയര്‍ന്നേക്കാം. പള്ളിയുടെ നിര്‍മാണവും പളളിയില്‍ പോകുന്നതും അനാവശ്യമാണെന്ന വാദവും ഉയരും. ഓരോ സ്ഥലത്തും രണ്ടു പേര്‍ക്കും ഇമാമിനും നമസ്‌കരിക്കാവുന്ന റൂം മതിയെന്നും മറ്റുള്ളവര്‍ ഓണ്‍ലൈന്‍ സംപ്രേഷണം പിന്തുടര്‍ന്ന് വീട്ടിലോ  ജോലിസ്ഥലത്തോ നമസ്‌കരിച്ചാല്‍ മതിയെന്നും പറയുന്ന അവസ്ഥയുണ്ടാകും! സമയം ഒത്തുവരുന്നവര്‍ മക്കയില്‍ നിന്നുള്ള ഇമാമിനെ പിന്തുടര്‍ന്നാല്‍ മതിയെന്നും വാദിക്കാം. ഇതെല്ലാം എത്രമാത്രം വിരോധാഭാസമായിരിക്കും!
നാല്, സംഘടിത നമസ്‌കാരത്തില്‍ ഇമാമും പിന്നില്‍ തുടര്‍ന്നു നമസ്‌കരിക്കുന്നവരും  ഒരേ സ്ഥലത്ത് ആയിരിക്കണമെന്ന് പണ്ഡിതന്മാര്‍  നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇമാമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലായ്മയോ സംശയമോ ഇല്ലാത്ത വിധത്തില്‍, പിന്നില്‍ നമസ്‌കരിക്കുന്നവര്‍ എല്ലാം അറിഞ്ഞിരിക്കാന്‍ വേണ്ടിയാണിത്. വലിയ മതില്‍ക്കെട്ടോ നദിയോ പോലെ ഇമാമിനും പിന്നില്‍ നില്‍ക്കുന്നവര്‍ക്കുമിടയില്‍ വിഭജനമുണ്ടാക്കാനും പാടില്ല. ഓണ്‍ലൈന്‍ ഇമാമത്തില്‍ ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. 'ഇമാമിനെ നിശ്ചയിക്കുന്നത് പിന്തുടരാന്‍ വേണ്ടിയാണ് ' എന്ന് മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ടല്ലോ.
അഞ്ച്, റേഡിയോ വഴിയും മറ്റും വെള്ളിയാഴ്ചയിലെ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് സാധുവാണ് എന്നു സങ്കല്‍പ്പിക്കുക.  എങ്കിലത് അനുവദിക്കപ്പെടുന്നത് രണ്ട് നിലക്കാവാം: ഒന്നുകില്‍,  മഹാമാരി പോലുള്ള അസാധാരണ സാഹചര്യമുണ്ടെന്ന് പറഞ്ഞ്. അല്ലെങ്കില്‍, സാധാരണ അനുഷ്ഠാന രീതി എന്ന നിലക്ക്. രണ്ടു ന്യായങ്ങളും ഒരേസമയം പറയാന്‍ പറ്റുകയുമില്ല. അത് വൈരുധ്യമായിത്തീരും. ഈ രണ്ട് നിലക്കായാലും അനുവാദം നല്‍കുന്നതിന് സാധുതയില്ല. അസാധാരണ സാഹചര്യങ്ങളില്‍ ഈ അനുവാദത്തിന് സാധുതയില്ല എന്നു പറയുന്നത്, അത്തരം സാഹചര്യങ്ങളില്‍ ബദല്‍ മാര്‍ഗങ്ങള്‍  ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട് എന്നതിനാലാണ്. ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ അവ തിരുത്തണമെന്നു പറയാന്‍ അനുവാദമില്ല. ജുമുഅ ഒരു പ്രദേശത്ത് സംഘടിപ്പിക്കപ്പെടാതിരിക്കുകയോ അതിന്റെ ഉപാധികള്‍ ഒത്തുവരാതിരിക്കുകയോ ചെയ്താല്‍ ഒരാള്‍ ളുഹ്ര് ആണല്ലോ നമസ്‌കരിക്കുക. ഇനി, സാധാരണ അനുഷ്ഠാന രീതി എന്ന നിലക്കാണ് അതിനെ പരിചയപ്പെടുത്തുന്നതെങ്കില്‍ മഹാമാരി കഴിഞ്ഞാലും ആളുകളത് വീട്ടില്‍ വെച്ച് നിര്‍വഹിച്ചു തുടങ്ങും. അതാര്‍ക്കും അംഗീകരിക്കാനാവില്ലല്ലോ. യൂറോപ്യന്‍ കൗണ്‍സില്‍ വിശ്വാസികള്‍ക്ക് നല്‍കിയ നിര്‍ദേശം, വെള്ളിയാഴ്ച ഖുത്വ് ബകളിലൂടെ അവര്‍ക്ക് ലഭിച്ചിരുന്ന ഉപദേശങ്ങള്‍ മറ്റു സന്ദര്‍ഭങ്ങളിലെ പ്രഭാഷണങ്ങളിലൂടെ ലഭ്യമാക്കണം എന്നാണ്. ഈ പ്രഭാഷണങ്ങള്‍ ജുമുഅ ഖുത്വ് ബയുടെ അനുഷ്ഠാന രീതിയിലാകാതിരിക്കാനും ശ്രദ്ധിക്കണം. ആ പ്രഭാഷണങ്ങളെ ജു മുഅ ഖുത്വ് ബയെന്ന് വിളിച്ച് ജനമനസ്സുകളില്‍ അതിനുള്ള സ്ഥാനം നഷ്ടപ്പെട്ടുപോകാന്‍ ഇടയാക്കാതിരിക്കണം. പ്രസംഗിക്കുമ്പോള്‍ മിമ്പറില്‍ കയറുക, അതിനു മുമ്പ് ബാങ്ക് കൊടുക്കുക പോലുള്ളവ ഒഴിവാക്കണം.

* *  * *  * *
   കനേഡിയന്‍ ഇമാംസ് കൗണ്‍സില്‍ നല്‍കിയ നിര്‍ദേശം:
ഓണ്‍ലൈന്‍ ഇമാമിന്റെ നേതൃത്വത്തില്‍  സംഘടിത നമസ്‌കാരം നിര്‍വഹിക്കുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ 'കനേഡിയന്‍ ഇമാംസ് കൗണ്‍സിലി'ന് ലഭിക്കുകയുണ്ടായി. വിഷയത്തില്‍ ഒരു വിശദീകരണം അനിവാര്യമാണ്. സവിശേഷമായൊരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ പള്ളികളിലും സെന്ററുകളിലും സംഘടിത നമസ്‌കാരം നിര്‍വഹിക്കരുതെന്ന് ഗവണ്‍മെന്റ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അതുകൊണ്ട്, വീടുകളില്‍ കുടുംബത്തോടൊപ്പം നമസ്‌കാരം സംഘടിതമായി നിര്‍വഹിക്കണമെന്നും പള്ളികളുടെ വെബ്സൈറ്റുകള്‍ വഴിയും മറ്റും സംപ്രേഷണം ചെയ്യുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കണമെന്നും ഞങ്ങള്‍ മുസ്ലിം സമൂഹത്തെ ആഹ്വാനം ചെയ്യുന്നു.
ഇമാമിന്റെ തത്സമയ ഓണ്‍ലൈന്‍ നമസ്‌കാരത്തെ പിന്തുടര്‍ന്ന് നമസ്‌കരിക്കുന്നതിനെ സംബന്ധിച്ച് കനേഡിയന്‍ ഇമാംസ് കൗണ്‍സില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.  'ഓണ്‍ലൈന്‍ ഇമാമത്തും സംഘടിത നമസ്‌കാരവും ഇസ്ലാമികമായി അസാധുവും അസ്വീകാര്യവുമാണ് ' എന്നതാണ് കൗണ്‍സില്‍ അംഗങ്ങളുടെ നിലപാട്. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിനും റമദാനിലെ തറാവീഹ് നമസ്‌കാരത്തിനും ഇത് ബാധകമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ