ഖുര്‍ആന്‍ കൊണ്ട് കരുത്തരാകേണ്ട പകലിരവുകള്‍
ഖുര്‍ആനോടുള്ള നമ്മുടെ സമീപനത്തില്‍ ഒരു പുനഃപരിശോധന നടക്കേണ്ട സമയമാണിത്. കോവിഡാനന്തര ലോകത്തെക്കുറിച്ച ആഴത്തിലുള്ള വിശകലനങ്ങളും സജീവമായ ചര്‍ച്ചകളും യാഥാര്‍ഥ്യബോധത്തോടെയുള്ള പ്രവചനങ്ങളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയ- സാമൂഹിക - സാമ്പത്തിക - സാംസ്‌കാരിക - പാരിസ്ഥിതിക രംഗങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുമെന്ന സൂചന പ്രകടമാണ്. വിദഗ്ധര്‍ പറയുന്നത് കോവിഡാനന്തരം മറ്റൊരു ലോകം രൂപപ്പെടുമെന്നാണ്.
കോവിഡ് കാരണമായി മനുഷ്യരുടെ മനോനിലയിലും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. നിയന്ത്രണങ്ങളില്ലാതെ കെട്ടഴിച്ചുവിട്ട ജീവിതത്തെയാണ് കൊറോണ പിടിച്ചുകെട്ടിയത്. ഇമാം ബുസൂരി മനസ്സിനെക്കുറിച്ച് പറയുന്നത് മുലകുടി നിര്‍ത്താന്‍ സമയമായിട്ടും മുലപ്പാല്‍ കുടിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ പോലെയാണ് അത് എന്നാണ്. നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ കുട്ടി അത് തുടര്‍ന്നുകൊണ്ടിരിക്കും. ആഗോളീകരണാനന്തര ലോകത്ത് മുതലാളിത്ത ജീവിത ശീലങ്ങളുടെയും പ്രഭവ കേന്ദ്രം മനസ്സ് തന്നെയാണല്ലോ. എല്ലാ ത്വരകളും പൊട്ടിപ്പുറപ്പെടുന്ന പ്രഭവ കേന്ദ്രം. ആഗ്രഹങ്ങളുടെയും തൃഷ്ണകളുടെയും അവിരാമ സഞ്ചാരപഥങ്ങളെ രൂപപ്പെടുത്തുന്നതും നമ്മുടെ മനസ്സ് തന്നെ.
മുതലാളിത്തം രൂപപ്പെടുത്തിയെടുത്ത ഉന്മാദ ജീവിതശീലങ്ങളിലേക്ക് മനസ്സ് എത്തുമ്പോള്‍ ശരീരം അവിടെ എത്താത്ത അങ്ങേയറ്റം സങ്കീര്‍ണത നിറഞ്ഞ ഒരു ജീവിത സാഹചര്യമാണ് കൊറോണ രൂപപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിന്റെ പലതരം ആഘോഷങ്ങള്‍ക്കാണ് കോവിഡ് അവധി കൊടുത്തത്. നഗര കേന്ദ്രീകൃത ആള്‍ക്കൂട്ട ഉന്മാദത്തിന്റെ ആരവങ്ങളൊഴിഞ്ഞ തെരുവുകളാണെങ്ങും. സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണരഹിതമായ ആകാശത്ത് നൂലറ്റ പട്ടം പോലെ ഒഴുകിപ്പരന്ന ശരീരങ്ങളെയാണ് കൊറോണ ലോക്ക് ഡൗണ്‍ ചെയ്തത്.
ഒരു പരിധിക്കപ്പുറമുള്ള നിയന്ത്രണങ്ങള്‍ മനുഷ്യമനസ്സിന് ഉള്‍കൊള്ളാനാവില്ല. അതുകൊണ്ടാണല്ലോ കുറ്റവാളികള്‍ക്കായി കല്‍ത്തുറുങ്കുകള്‍ ഒരുക്കപ്പെടുന്നത്. ഒരര്‍ഥത്തില്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ കുറയുന്നതു തന്നെ മനുഷ്യര്‍ കാരാഗൃഹങ്ങളെ ഇഷ്ടപ്പെടാത്തതു കൊണ്ടാണ്. കാരണം തടവറകള്‍ മനുഷ്യന്റെ ആഗ്രഹങ്ങളെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ആള്‍ക്കൂട്ട ആഘോഷങ്ങളുടെ ആനന്ദത്തെയും തടയുന്നു. ലോകം മുഴുക്കെ കാരാഗൃഹത്തിലകപ്പെട്ട അനുഭവങ്ങളിലേക്കാണ് റമദാന്‍ വന്നെത്തുന്നത്. റമദാനു മുമ്പേ വിശ്വാസികള്‍ ഈ പരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം പാകപ്പെടുത്തിയിട്ടുണ്ട്. കഅ്ബാലയം ശൂന്യമായതും വെള്ളിയാഴ്ചകളിലെ ജുമുഅ മുടങ്ങിയതുമെല്ലാം അല്ലാഹുവിന്റെ കൂടി നിശ്ചയമാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ആദ്യത്തെ ഞെട്ടലില്‍ നിന്നും അന്ത:സംഘര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ യാഥാര്‍ഥ്യബോധ്യങ്ങളിലേക്കാണ് ലോകത്തെ മുഴുവന്‍ വിശ്വാസികളും എത്തിച്ചേര്‍ന്നത്.
വിശുദ്ധ റമദാനിനെയും വിശ്വാസികള്‍ സ്വാഗതം ചെയ്യുന്നത് തുറന്ന മനസ്സോടെയാണ്. പ്രതിസന്ധികളും പരീക്ഷണങ്ങളും വിശ്വാസിയെ കൂടുതല്‍ നന്നായി സ്ഫുടം ചെയ്‌തെടുക്കും. അതുകൊണ്ട് കോവിഡ് കാലത്തെ വ്രതത്തിന് ആത്മീയാനന്ദം ഇരട്ടിക്കും. ഈ റമദാനിലെ ഖുര്‍ആന്‍ പാരായണം നമ്മുടെ പരീക്ഷണ കാലത്തെ അന്തഃസംഘര്‍ഷങ്ങളെ ലഘൂകരിക്കും. അല്ലാഹുവിന്റെ സത്തയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യാസ്തിത്വത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള യാഥാര്‍ഥ്യബോധങ്ങളിലേക്കുള്ള ധിഷണയുടെ കവാടങ്ങള്‍ തുറക്കും.
കോവിഡ് കാലത്തെ ഖുര്‍ആന്‍ പാരായണത്തില്‍ നമ്മുടെ ഹൃദയങ്ങളെ അചഞ്ചലമാക്കി നിര്‍ത്തുന്ന ചില അടിസ്ഥാന തത്ത്വങ്ങളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ ആഴത്തില്‍ ഗ്രഹിക്കുകയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് മനനം ചെയ്യുകയും വേണം.
1. തവക്കുല്‍. ഏതവസ്ഥയിലും വിശ്വാസികള്‍ അല്ലാഹുവിലാണ് കാര്യങ്ങളെ ആദ്യമായി ഭരമേല്‍പിക്കുന്നത്. രോഗങ്ങളും വിപത്തുകളുമെല്ലാം നിലനില്‍ക്കെത്തന്നെ അവയില്‍ നിന്നുള്ള മുക്തിക്ക് വേണ്ട ഭൗതികവും പദാര്‍ഥപരവുമായ എല്ലാ സാധ്യതകളെയും കണ്ടെത്താനുള്ള കഠിനാധ്വാനവും തീവ്ര ശ്രമങ്ങളും നടത്തുകയും അവയെ ആശ്രയിക്കുകയും ചെയ്യുമ്പോഴും വിശ്വാസി പറയുന്നത് ആത്യന്തികമായി എല്ലാം അല്ലാഹുവിന്റെ കരങ്ങളിലാണ് എന്നാണ്. അവനാണ് എല്ലാം തീരുമാനിക്കുന്നത്. ആയതിനാല്‍ ഞാനെല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു.
ഉഹുദ് യുദ്ധാനന്തരം മക്കയിലെ ഇസ്ലാമിന്റെ ശത്രുക്കളില്‍ ചിലര്‍ മദീനയിലെത്തി മുസ്ലിംകള്‍ക്കിടയില്‍ ആക്രമണ ഭീതി പരത്തിയ സന്ദര്‍ഭത്തില്‍ അവതരിച്ച ആലു ഇംറാന്‍ അധ്യായത്തിലെ സൂക്തങ്ങളുടെ ആശയം ഇപ്രകാരമാണ്: 'അവരോട് ജനം പറഞ്ഞു: 'നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു, സൂക്ഷിക്കുവിന്‍.' അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: 'ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍ തന്നെയാകുന്നു.' ഒടുവില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഔദാര്യവും അനുഗ്രഹവുംകൊണ്ട് അവര്‍ തിരിച്ചെത്തി. ഒരാപത്തുമണഞ്ഞില്ല.അല്ലാഹുവിന്റെ പ്രീതിയെ പിന്തുടര്‍ന്നതിനുള്ള ശ്രേഷ്ഠത ലഭിക്കുകയും ചെയ്തു. അല്ലാഹു മഹത്തായ അനുഗ്രഹമരുളുന്നവനല്ലോ. അതു വാസ്തവത്തില്‍ സാത്താനായിരുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിവായി. അവന്‍ തന്റെ മിത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍, ഭാവിയില്‍ മനുഷ്യരെ ഭയപ്പെടാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍' (ആലുഇംറാന്‍ 173-175).
ശത്രുക്കളുടെ പ്രോപ്പഗണ്ടകളിലും കുപ്രചാരണങ്ങളിലും അകപ്പെട്ട് വിശ്വാസികള്‍ ഭയവിഹ്വലരായില്ല. അണിയറയില്‍ ശത്രു സര്‍വസന്നാഹങ്ങളുമായി ഒരുങ്ങുന്നുണ്ട് എന്ന വാര്‍ത്ത കേട്ടപ്പോള്‍ വിശ്വാസികള്‍ ആ പരീക്ഷണത്തെ നേരിടാന്‍ മാനസികമായി സജ്ജരായിക്കഴിഞ്ഞിരുന്നു. വരാനിരിക്കുന്ന ആ മഹാ വിപത്തിനെ എന്തു വിലകൊടുത്തും നേരിടാന്‍ മാത്രം ദൃഢമായിരുന്നു അവരുടെ ഈമാന്‍. കാരണം അവര്‍ കാര്യങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത് പ്രപഞ്ചത്തിലെ സര്‍വ കാര്യങ്ങളും തീരുമാനിക്കുകയും നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന അജയ്യനായ അല്ലാഹുവിനെയാണ്. അവന്റെ ഏതു വിധിയും സര്‍വാത്മനാ സ്വീകരിക്കാന്‍ അവര്‍ തയാറാണ്. അവനെ മാത്രമേ വിശ്വാസികള്‍ ഭയപ്പെടുന്നുള്ളൂ.
ഈ തവക്കുലിന്റെ മനസ്സാണ് വിശ്വാസിയുടെ വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തുന്നത്. മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനം യുദ്ധവുമായി ബന്ധപ്പെട്ട് അവതരിച്ചതാണെങ്കിലും മറ്റ് എല്ലാ തരം പരീക്ഷണങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും വിശ്വാസിയുടെ നിലപാട് ഈ തവക്കുല്‍ തന്നെയാണ്. റമദാനിലെ ഖുര്‍ആന്‍ പാരായണത്തില്‍ തവക്കുല്‍ പകരുന്ന ആത്മീയ ആനന്ദങ്ങള്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷം നാം ഉരുവിടാറുള്ള ചില പ്രാര്‍ഥനാ വചനങ്ങള്‍ തവക്കുലിന്റെ കരുത്തുറ്റ വ്യാഖ്യാനമാണ്;
'അല്ലാഹുവേ, നീ നല്‍കിയത് തടുക്കുന്നവനായി ആരുമില്ല. നീ തടഞ്ഞത് നല്‍കാന്‍ കഴിയുന്നവനായും ആരുമില്ല. നിന്റെ വിധിയെ തടുക്കാനോ മാറ്റിമറിക്കാനോ കെല്‍പുള്ളവനായും ആരുമില്ല.'
2. ഖുര്‍ആന്‍ കൊണ്ട് മനസ്സിനെ ദൃഢീകരിക്കുക. (തസ്ബീതുല്‍ ഫുആദ്). ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് അചഞ്ചലമായ ഹൃദയമാണ്. പരീക്ഷണങ്ങളെ കരുത്തുറ്റ മനസ്സാന്നിധ്യത്തോടെ എതിരേല്‍ക്കാന്‍ വിശ്വാസികളെ സജ്ജമാക്കുന്നതാകട്ടെ അല്ലാഹുവിന്റെ വചനങ്ങളും. ഖുര്‍ആന്‍ എന്തുകൊണ്ട് ഇരുപത്തിമൂന്ന് വര്‍ഷക്കാലം പല ഘട്ടങ്ങളിലായി അവതരിച്ചു എന്നതിന് അല്ലാഹു നല്‍കുന്ന ഉത്തരം പ്രവാചകനെ മനോബലമുള്ള വ്യക്തിയായി പാകപ്പെടുത്താന്‍ എന്നാണ്;
നിഷേധികള്‍ ചോദിക്കുന്നു: 'ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ മുഴുവന്‍ ഒറ്റയൊരിക്കലൊന്നായി ഇറക്കപ്പെടാത്തതെന്ത്?' ഇപ്രകാരം ചെയ്തത് നാം അത് നിന്റെ മനസ്സില്‍ നന്നായി പതിപ്പിക്കുന്നതിനു വേണ്ടിയാകുന്നു' (അല്‍ഫുര്‍ഖാന്‍ 32). സയ്യിദ് മൗദൂദി ഈ ആയത്തിനെ ഇങ്ങനെ വിശദീകരിക്കുന്നു: 'മറ്റൊരു തര്‍ജമ ഇങ്ങനെയുമാകാം: 'അതുമൂലം നാം താങ്കളുടെ മനസ്സിനെ സുദൃഢമാക്കുന്നു.' അല്ലെങ്കില്‍, 'താങ്കളുടെ മനോവീര്യത്തെ അചഞ്ചലമാക്കുന്നു.' പദങ്ങള്‍ രണ്ടാശയങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രയാണത്തിനിടയില്‍ തുടര്‍ച്ചയായി സത്യാസത്യ സംഘട്ടനമുണ്ടാകുമ്പോള്‍ പ്രവാചകന്റെയും അനുയായികളുടെയും മനോവീര്യത്തെ അതു ദൃഢീകരിക്കുന്നു. അല്ലാഹുവിങ്കല്‍നിന്ന് ഖണ്ഡശ്ശയായും, അപ്പപ്പോഴായും സന്ദര്‍ഭോചിതമായും സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നതാണ്, ഒറ്റയടിക്ക് സുദീര്‍ഘമായ ഒരു മാര്‍ഗനിര്‍ദേശ സംഹിത നല്‍കി ജീവിതകാലം മുഴുവന്‍ ലോകമാസകലമുള്ള പ്രതികൂലശക്തികളെ നേരിടാന്‍ വിടുന്നതിനേക്കാള്‍ ഉചിതമായ രീതി. ആദ്യത്തെ രൂപത്തില്‍ അത് മനുഷ്യന്ന് അനുഭവപ്പെടുന്നതിങ്ങനെയായിരിക്കും: തന്നോട് ഈ ദൗത്യം നിര്‍വഹിക്കാന്‍ കല്‍പിച്ച ദൈവം, ഈ വിഷയത്തില്‍ സദാ ശ്രദ്ധയുള്ളവനാണ്. തന്റെ പ്രവര്‍ത്തനം അവന്‍ ഉത്സാഹപൂര്‍വം വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രതിസന്ധികളില്‍ അവന്‍തന്നെ മാര്‍ഗദര്‍ശനം ചെയ്തുകൊണ്ടിരിക്കുന്നു.'
ജീവിതത്തിലെ നിര്‍ണായകമായ ഏതു ഘട്ടത്തെയും നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ ഖുര്‍ആനാണ് നമ്മെ പാകപ്പെടുത്തേണ്ടത്. അത് അല്ലാഹുവിന്റെ ദിവ്യവചനമാണ്. പ്രവാചകനെയും അനുയായികളെയും എല്ലാ പരീക്ഷണഘട്ടങ്ങളെയും തരണം ചെയ്യാന്‍ സഹായിച്ചത് ഖുര്‍ആന്‍ വചനങ്ങളാണ്. ഇതേ ആശയം സൂറത്തു ഹൂദില്‍ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുന്നു: 'പ്രവാചകാ, നാം ദൈവദൂതന്മാരുടെ ഈ കഥകളൊക്കെയും കേള്‍പ്പിക്കുന്നത് താങ്കളുടെ മനസ്സ് ദൃഢീകരിക്കുന്നതിനുവേണ്ടിയാകുന്നു. ഇതിലൂടെ താങ്കള്‍ക്കു സത്യജ്ഞാനം ലഭിച്ചു. സത്യവിശ്വാസികള്‍ക്ക് സദുപദേശവും ഉദ്ബോധനവും ലഭിക്കാന്‍ ഭാഗ്യമുണ്ടായി' (ഹൂദ് 120).
പൂര്‍വപ്രവാചകന്മാരെക്കുറിച്ചും വിവിധ ജനസമൂഹങ്ങളെക്കുറിച്ചും അവര്‍ കടന്നുപോയ തീക്ഷ്ണമായ പരീക്ഷണങ്ങളെക്കുറിച്ചുമെല്ലാമുള്ള കഥകളാലും വിവരണങ്ങളാലും സമ്പന്നമാണ് ഖുര്‍ആന്‍. ഖുര്‍ആനിലെ പല അധ്യായങ്ങളുടെയും നാമങ്ങള്‍ ഇത് സൂചിപ്പിക്കുന്നുണ്ട് (ഉദാ: ഖസ്വസ്വ്, അമ്പിയാഅ്, ഇബ്റാഹീം, യൂസുഫ്, മര്‍യം). പ്രവാചകന്റെ മക്കാ കാലഘട്ടത്തിലാണ് പൂര്‍വ ചരിത്രം പറയുന്ന മിക്ക അധ്യായങ്ങളും അവതരിച്ചിട്ടുള്ളത്. ഇമാം ഇബ്‌നു ആശൂര്‍ പറയുന്നു: 'പൂര്‍വ സമുദായങ്ങളെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചുമെല്ലാം പ്രവാചകന് കഥകള്‍ വിവരിച്ചു കൊടുക്കുന്നത് പരീക്ഷണ ഘട്ടങ്ങളില്‍ സഹനം പരിശീലിപ്പിക്കാന്‍ വേണ്ടിയാണ്. ഈ ആയത്തിലെ തസ്ബീത്തുല്‍ ഫുആദ് (മനസ്സിന്റെ ദൃഢത) എന്നാല്‍ ക്ഷമ (സ്വബ്ര്‍), സഹനം എന്നൊക്കെയാണര്‍ഥം.'
പ്രവാചകനെയും അനുയായികളെയും ബഹുമുഖ വിപത്തുകളുടെ പല ഘട്ടങ്ങളിലൂടെ പാകപ്പെടുത്തിയ അതേ ഖുര്‍ആന്‍ തന്നെയാണ് ഓരോ വിശ്വാസിയെയും രൂപപ്പെടുത്തേണ്ടത്. 'ഫീ ളിലാലില്‍ ഖുര്‍ആനി'ല്‍ ഈ ആയത്തിനെ ഇപ്രകാരം വിശദീകരിക്കുന്നു: 'പ്രവാചകന്മാരുടെ കഥകളും അല്ലാഹുവിന്റെ നടപടിക്രമങ്ങളും (സുന്നത്ത്) അവന്റെ ശിക്ഷയെക്കുറിച്ച മുന്നറിയിപ്പും വിജയത്തെക്കുറിച്ച സന്തോഷ വാര്‍ത്തയുമെല്ലാം അറിയിക്കുക വഴി പ്രവാചകനിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം പകരാനും അവരെ ദൃഢചിത്തരാക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.'
കൊറോണക്കാലത്തെ ഖുര്‍ആന്‍ പഠനം നമ്മെ നിശ്ചയദാര്‍ഢ്യമുള്ള കൂടുതല്‍ കരുത്തുറ്റ വ്യക്തിത്വത്തിന്റെ ഉടമകളാക്കാന്‍ സഹായിക്കണം.
3. ഖുര്‍ആന്‍ സകല അന്ത:സംഘര്‍ഷങ്ങള്‍ക്കുമുള്ള ശിഫ (ശമനം) ആകുന്നു. ഇഹലോകത്തെ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതമാണ്. മനസ്സിനെ അലട്ടുന്ന അന്തഃസംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനം അവന്‍ ആഗ്രഹിക്കുന്നുണ്ട്. യുദ്ധങ്ങളും കലാപങ്ങളും പ്രകൃതിദുരന്തങ്ങളും രോഗങ്ങളും വേണ്ടപ്പെട്ടവരുടെ മരണങ്ങളും സാമ്പത്തിക ബാധ്യതകളുമെല്ലാം മനസ്സിന്റെ സന്തുലിതാവസ്ഥയെ താറുമാറാക്കും. നമ്മുടെ സ്വസ്ഥതയും സമചിത്തതയും നശിപ്പിക്കും. മനുഷ്യനാകട്ടെ ഇത്തരം പരീക്ഷണങ്ങളെ അഭിമുഖീകരിക്കാതെ തരവുമില്ല. പലരും പലതരം പരിഹാരങ്ങളില്‍ അഭയം തേടുന്നു. കോടിക്കണക്കിന് ഡോളര്‍ ബാങ്ക് ബാലന്‍സുള്ള ചില സെലിബ്രിറ്റികള്‍ അമിതമായി ഉറക്കഗുളിക കഴിച്ച് മരണമടഞ്ഞ വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്. പരീക്ഷണങ്ങളെയും ദുരിതങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള മനോബലം നഷ്ടപ്പെട്ട് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുമുണ്ട്.
ഈ കൊറോണക്കാലത്ത് നമ്മെ ഞെട്ടിച്ച ഒരു മരണമായിരുന്നു ജര്‍മന്‍ സാമ്പത്തിക കാര്യമന്ത്രി തോമസ് ഷെഫറിന്റേത്. കോവിഡ് കാരണമായി ഭാവിയില്‍ ഉണ്ടാകാനിടയുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കും എന്ന ഉത്കണ്ഠ താങ്ങാനാവാതെ മനോവിഷമത്താല്‍ അദ്ദേഹം മരണം തെരഞ്ഞെടുക്കുകയായിരുന്നു. പ്രവാസത്തിന്റെ ആത്മസംഘര്‍ഷങ്ങള്‍ക്കു മേല്‍ കോവിഡ് കൊണ്ടുവന്ന ഭയവും വിഷാദവും കാരണമായി മലയാളികളുള്‍പ്പെടെയുള്ളവര്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണാനന്തര ലോകം പല കാരണങ്ങളാല്‍ കൂടുതല്‍ വിഷാദത്തിലേക്ക് എടുത്തെറിയപ്പെടുമെന്ന് സൂചന നല്‍കുന്ന പഠനങ്ങളും പുറത്തു വരുന്നുണ്ട്. പല കമ്പനികളും അടച്ചുപൂട്ടിക്കഴിഞ്ഞു. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഒരു മാസത്തിലധികമായി പലരുടെയും ജീവിത മാര്‍ഗം അടഞ്ഞു കിടക്കുന്നു.
അല്ലാഹുവിന്റെ വിധിയെ സര്‍വാത്മനാ ഏറ്റുവാങ്ങിക്കൊണ്ട്, യാഥാര്‍ഥ്യബോധമുള്‍ക്കൊണ്ട് ഈ പ്രതിസന്ധികളെ ഉള്‍ക്കരുത്ത് കൊണ്ട് മറികടക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്നവര്‍ മാത്രമേ ഈ ദുരന്തത്തെ അതിജീവിക്കുകയുള്ളൂ. ഖുര്‍ആനില്‍ അതിനു ശമനമുണ്ട്. ഖുര്‍ആന്‍ തന്നെ നമുക്ക് നല്‍കുന്ന വാഗ്ദാനമാണത്. അല്ലാഹുവിന്റെ ഈ വചനങ്ങള്‍ നമുക്ക് ആശ്വാസം പകരുന്നു:
'നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആനില്‍, വിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവുമായ ചിലതുണ്ട്. എന്നാല്‍, അക്രമികള്‍ക്ക് അത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കുന്നില്ല' (അല്‍ഇസ്റാഅ് 82).
ഇമാം ത്വബരി പറയുന്നത് ഈ സൂക്തത്തിലെ 'ശിഫ' എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് അജ്ഞാനത്തില്‍ (ജഹ്ല്‍) നിന്നും മാര്‍ഗഭ്രംശത്തില്‍ (ളലാലത്ത്) നിന്നുമുള്ള ശമനമെന്നാണ്. മനോരോഗങ്ങള്‍ക്കുള്ള ശമനം എന്ന വ്യാഖ്യാനത്തേക്കാള്‍ ഉന്നതമായ നിരീക്ഷണമാണത്. കാരണം അടിസ്ഥാനപരമായി അജ്ഞാനവും മാര്‍ഗഭ്രംശവുമാണ് മനസ്സിന്റെയും ധിഷണയുടെയുമെല്ലാം രോഗകാരണം. അവ രണ്ടും പരിഹരിക്കപ്പെടുന്നതോടുകൂടി വിശ്വാസി ഏതു തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും സ്വയം പാകപ്പെടും. ദിവ്യജ്ഞാനത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ട ശക്തമായ ആത്മബോധത്തെ പരീക്ഷണങ്ങള്‍ക്കൊന്നും ദുര്‍ബലപ്പെടുത്താന്‍ സാധ്യമല്ല. ഖുര്‍ആനില്‍ മറ്റ് രണ്ടിടത്തും അല്ലാഹുവിന്റെ വചനങ്ങളെ ശിഫ എന്ന് പരിചയപ്പെടുത്തുന്നുണ്ട്.
കോവിഡ് കാലത്ത് നാമനുഭവിക്കുന്ന മുഴുവന്‍ ആന്തരിക സംഘര്‍ഷങ്ങള്‍ക്കും ഖുര്‍ആനില്‍ പരിഹാരം കണ്ടെത്താനാകും. നമ്മുടെ ബോധ്യങ്ങളെ അല്ലാഹു അതു വഴി ദൃഢപ്പെടുത്തും.
'അല്ലാഹുവിന്റെ വര്‍ണമണിയുന്നതിനേക്കാള്‍ മനോഹരമായി വേറെന്തുണ്ട്!'
4. ഭയത്തില്‍ നിന്നും ദുഃഖത്തില്‍ നിന്നുമുള്ള മോചനം. 'അല്ലാഹു വിന്റെ മിത്രങ്ങളെ ഒരു തരത്തിലും ഭയമോ (ഖൗഫ്) ദു:ഖമോ ബാധിക്കുന്നില്ല' (യൂനുസ് 62). ഖുര്‍ആനില്‍ പത്തിലധികം സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ ഔലിയാക്കളുടെ ഈ ഗുണങ്ങള്‍ എടുത്തു പറയുന്നുണ്ട്. സയ്യിദ് റശീദ് രിദാ ഈ ആയത്തിനെ ഇപ്രകാരം വ്യാഖ്യാനിക്കുന്നു: 'ഭയവും ദുഃഖവും മനുഷ്യനുമായി ചേര്‍ന്നു നില്‍ക്കുന്ന രണ്ട് ഭാവങ്ങളാണ്. ഐഹിക ലോകത്ത് ഒരാളും അതില്‍നിന്ന് മുക്തനല്ല. എന്നാല്‍ സാത്വികരും സച്ചരിതരുമായ സത്യവിശ്വാസികള്‍ അങ്ങേയറ്റത്തെ ക്ഷമാശീലരാണ്. അവര്‍ അല്ലാഹുവിന്റെ ഏതു തരം നടപടിക്രമങ്ങളെയും (സുന്നത്ത്) യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുന്നവരാണ്. ദുഃഖമോ ഭയമോ വിതക്കുന്ന ഏത് തരം പരീക്ഷണങ്ങള്‍ക്കും വിധേയരാകുമ്പോള്‍ ഉന്നതമായ ജ്ഞാന ബോധത്താലും വിശ്വാസദാര്‍ഢ്യത്താലും ഇതെല്ലാം തങ്ങളുടെ പൂര്‍ണതക്കു വേണ്ടിയാണല്ലോ എന്നവര്‍ തിരിച്ചറിയുന്നു.'
ദുഃഖവും വിഷാദവും ഭൂതകാലവുമായോ ഭയവുമായോ ഭാവിയുമായോ ഒക്കെ ആയിട്ടായിരിക്കും അധികവും കെട്ടുപിണഞ്ഞു കിടക്കുന്നത്. ഇഹ്സാന്‍, തഖ്‌വ, തവക്കുല്‍, സ്വബ്ര്‍ എന്നീ സമുന്നത ഗുണങ്ങളാല്‍ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരെ ഭയവും ദുഃഖവും തെല്ലും അലട്ടുന്നില്ല. അവര്‍ നമസ്‌കരിക്കുമ്പോള്‍ അല്ലാഹുവിനോട് സംസാരിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അല്ലാഹു അവരോട് സംസാരിക്കുന്നു. അല്ലാഹുവിന്റെ കലാമാണ് അവരില്‍ നിന്ന് ദുഃഖവും ഭയവും അകറ്റുന്നത്. ഖുര്‍ആനിന്റെ ആന്തരിക ശേഷിയെക്കുറിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നത്, ഒരു പര്‍വതത്തിനു മുകളിലായിരുന്നു അത് അവതരിച്ചിരുന്നതെങ്കില്‍ അചേതനമായ ആ മല പോലും പൊട്ടിത്തെറിച്ചേനെ എന്നാണ്. കൊറോണക്കാലത്തെ റമദാനില്‍ അല്ലാഹുവിനോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്നവരില്‍ ഉള്‍പ്പെടാന്‍ ഖുര്‍ആനുമായി സുദൃഢമായ ഒരു ആത്മബന്ധം സ്ഥാപിക്കുക.
പ്രവാചകന്‍ പഠിപ്പിച്ച മനോഹരമായ ഒരു പ്രാര്‍ഥനയും ഇതിനോടനുബന്ധമായി ചേര്‍ക്കാം: 'കടുത്ത വിഷാദം, ദു:ഖം, ഭയം, അലസത, പിശുക്ക്, ഭീരുത്വം, ഭാരിച്ച കടബാധ്യത തുടങ്ങിയവയില്‍ നിന്ന്, അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് മോചനമരുളേണമേ.'
Comments