Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

വരൂ, നമുക്കൊന്നായ് അല്ലാഹുവിലേക്ക് ഓടിയണയാം

അബ്ദുല്‍ ഹകീം നദ്‌വി

'വ്യാജ എപ്പിഡമോളജിസ്റ്റോ വൈറോളജിസ്റ്റോ സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധനോ പ്രവാചകനോ അല്ലാതെ ആരാണിപ്പോള്‍ നമുക്കിടയിലുള്ളത്? ഒരു അത്ഭുതം സംഭവിക്കാനായി സ്വകാര്യമായിട്ടാണെങ്കില്‍ പോലും പ്രാര്‍ഥിക്കാത്ത ഏതു ശാസ്ത്രജ്ഞനാണ് ഇപ്പോള്‍ ഉള്ളത്? സ്വകാര്യമായിട്ടാണെങ്കില്‍ പോലും ശാസ്ത്രത്തിന് കീഴൊതുങ്ങാത്ത ഏതു പുരോഹിതനാണുള്ളത്? വൈറസ് പെരുകുന്നതിനിടയിലും നഗരങ്ങളില്‍ മുഴങ്ങുന്ന പക്ഷിയുടെ പാട്ടിലും ട്രാഫിക് ക്രോസിംഗിലെ മയിലുകളുടെ നൃത്തത്തിലും ആകാശത്തിന്റെ നിശ്ശബ്ദതയിലും ആഹ്ലാദിക്കാത്തവരായി ആരാണുള്ളത്?' The Pandemic is a portal (മഹാമാരി ഒരു വാതിലാണ്) എന്ന തലക്കെട്ടില്‍ 'ഫിനാന്‍ഷ്യല്‍ ടൈംസി'ല്‍ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് എഴുതിയ ലേഖനത്തില്‍ നിന്നുള്ള വരികളാണത്.
പ്രതിസന്ധികളുടെ മുമ്പില്‍ വാതിലുകള്‍ കൊട്ടിയടക്കപ്പെടുമ്പോഴും ആശ്രയങ്ങള്‍ അറ്റുപോകുമ്പോഴും മനുഷ്യന്‍ ദൈവത്തിലേക്ക് മടങ്ങുക സ്വാഭാവികമാണ്. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളില്‍ അത് പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ അവതീര്‍ണമാകുന്ന കാലത്ത് ഏറ്റവും സാഹസികവും അപകടം നിറഞ്ഞതുമായ കപ്പല്‍യാത്രകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ഇക്കാര്യം കൂടുതലായും പ്രതിപാദിക്കുന്നത്. അല്ലാഹു പറയുന്നു; ''നിങ്ങളെ കരയിലും കടലിലും സഞ്ചരിപ്പിക്കുന്നത് അല്ലാഹു തന്നെയാകുന്നു. അങ്ങനെ നിങ്ങള്‍ കപ്പലുകള്‍ക്കകത്തായിരിക്കുകയും അനുകൂലമായ കാറ്റിനാല്‍ സന്തുഷ്ടരും സംതൃപ്തരുമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് കൊടുങ്കാറ്റ് ആഞ്ഞുവീശുകയും നാനാവശങ്ങളില്‍നിന്നും തിരമാലകളുയര്‍ന്നു വരികയും തങ്ങള്‍ പ്രളയത്താല്‍ വലയംചെയ്യപ്പെട്ടുപോയി എന്ന് സഞ്ചാരികള്‍ക്ക് തോന്നുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ എല്ലാവരും അവരുടെ വണക്കം നിഷ്‌കളങ്കമായി അല്ലാഹുവിനു മാത്രം സമര്‍പ്പിച്ച് അവനോട് പ്രാര്‍ഥിക്കുന്നു; നീ ഞങ്ങളെ ഈ വിപത്തില്‍നിന്നും മോചിപ്പിക്കുകയാണെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നന്ദിയുള്ള ദാസന്മാരായിത്തീരും. അങ്ങനെ അവരെ മോചിപ്പിച്ചാലോ, അതേ ആളുകള്‍ തന്നെ സത്യത്തില്‍നിന്നും വ്യതിചലിച്ച് ഭൂമിയില്‍ ധിക്കാരമനുവര്‍ത്തിച്ചു തുടങ്ങുന്നു'' (യൂനുസ്: 22,23). ഇതേ ആശയം മറ്റൊരു വിധത്തിലും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതു കാണാം: ''അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അതുവഴി അവന്റെ ചില ദൃഷ്ടാന്തങ്ങള്‍ നിങ്ങളെ കാണിക്കുന്നതിനു വേണ്ടിയാണത്. ഏറെ ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും സത്യത്തില്‍ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. കപ്പല്‍ യാത്രക്കിടയില്‍ തിരമാലകള്‍ മേഘക്കൂടകള്‍ പോലെ അവരെ മൂടിയാല്‍ വിധേയത്വം പൂര്‍ണമായും അല്ലാഹുവിന് മാത്രമാക്കി അവര്‍ അവനോട് പ്രാര്‍ഥിക്കുകയായി. എന്നിട്ട് നാമവരെ രക്ഷിച്ച് കരയിലെത്തിച്ചാലോ, അവരില്‍ ചിലയാളുകള്‍ മിതത്വം പാലിക്കുന്നു. വഞ്ചകരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല'' (ലുഖ്മാന്‍: 31, 32). 
പ്രതിസന്ധിഘട്ടങ്ങളില്‍ ലഭിക്കുന്ന ദൈവസഹായം ഒരുപറ്റമാളുകളെ പിന്നീടുള്ള ജീവിതത്തില്‍ ഗര്‍വും നെഗളിപ്പുമില്ലാതെ ജീവിക്കാന്‍ പര്യാപ്തമാക്കുന്നുവെങ്കില്‍ മറ്റൊരു വിഭാഗം ദൈവധിക്കാരത്തിലേക്കും അധാര്‍മികതയിലേക്കും വീണ്ടും തിരിച്ചുപോകുമെന്നും അല്ലാഹു ഓര്‍മപ്പെടുത്തുകയാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍.
അരുന്ധതി റോയ് മുകളില്‍ പരാമര്‍ശിച്ച തന്റെ ലേഖനം അവസാനിപ്പിക്കുന്നതിങ്ങനെയാണ്; 'എന്താണ് നമുക്ക് വന്നു ഭവിച്ചിരിക്കുന്നത്? അതൊരു വൈറസ് തന്നെ. സ്വന്തം നിലക്ക് അതിന് ഒരു ധാര്‍മിക വക്കാലത്തില്ല. എന്നാല്‍ തീര്‍ച്ചയായും അത് വൈറസിനും അപ്പുറത്ത് മറ്റെന്തോ ആണ്. നമ്മെ സുബോധത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ദൈവത്തിന്റെ ഒരു വഴിയാണ് ഇതെന്ന് ചിലര്‍ വിശ്വസിക്കുന്നു. ലോകത്തിന്റെ നിയന്ത്രണം പിടിക്കാനുള്ള ഒരു ചൈനീസ് ഗൂഢാലോചനയായാണ് ഇതെന്ന് വേറെ ചിലരും കരുതുന്നു. അത് എന്തു തന്നെയായാലും ശരി, കൊറോണാ വൈറസ് ശക്തിയുള്ളവനെ മുട്ടുകാലില്‍ നിര്‍ത്തുകയും മറ്റൊന്നിനും കഴിയാത്ത വിധത്തില്‍ ലോകത്തെ നിശ്ചലമാക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ മനസ്സ് ഇപ്പോഴും മുന്നോട്ടും പിറകോട്ടും പാഞ്ഞുകൊണ്ടിരിക്കുന്നു. സാധാരണ നില തിരിച്ചുവരാനും നമ്മുടെ ഭാവിയെ ഭൂതകാലവുമായി തുന്നിച്ചേര്‍ക്കാനും അതില്‍ ഒരു പിളര്‍പ്പ് വരാതിരിക്കാനുമായി നാം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍, ഒരു പിളര്‍പ്പ് നിലവിലുണ്ട്. ഈ കടുത്ത നിരാശക്കിടയിലും നാം നമുക്കായി പണിത അന്ത്യദിനം എന്ന യന്ത്രത്തെക്കുറിച്ച് പുനരാലോചിക്കാന്‍ വൈറസ് സാവകാശം തന്നിരിക്കുകയാണ്.' 
''നാം 'സാധാരണ നില' എന്നു കരുതുന്നതിലേക്ക് മടങ്ങുന്നതിനേക്കാള്‍ മോശമായി മറ്റൊന്നും തന്നെയില്ല. ചരിത്രപരമായി നോക്കിയാല്‍ ഭൂതകാലവുമായുള്ള ബന്ധം വിഛേദിച്ച് പുതിയ ലോകവീക്ഷണം സങ്കല്‍പിക്കാന്‍ ആഗോള പകര്‍ച്ചവ്യാധികള്‍ മനുഷ്യരെ നിര്‍ബന്ധിച്ചിട്ടുണ്ട്. കൊറോണാ വൈറസും വ്യത്യസ്തമായ ഒന്നല്ല. ഇതൊരു വാതിലാണ്. ഒരു ലോകത്തിനും അടുത്ത ലോകത്തിനും ഇടയിലായുള്ള പ്രവേശനകവാടം. നമ്മുടെ മുന്‍വിധികളുടെയും വെറുപ്പിന്റെയും ആര്‍ത്തിയുടെയും ഡാറ്റ ബാങ്കിന്റെയും മൃതമായ ആശയങ്ങളുടെയും ജഡവും വലിച്ച് നമുക്കു വേണമെങ്കില്‍ അതിലൂടെ പ്രവേശിക്കാം; നമ്മുടെ മരിച്ച പുഴകളെയും പുകയിരുണ്ട ആകാശത്തെയും വിട്ടേച്ചുകൊണ്ട്. അതല്ലെങ്കില്‍ ലഘു ഭാണ്ഡവുമായി നമുക്ക് അനായാസം അതിലൂടെ നടന്നു കയറാം; മറ്റൊരു ലോകം ഭാവന ചെയ്യാന്‍ തയാറായി. അതിനുവേണ്ടി പൊരുതാന്‍ ഒരുങ്ങിക്കൊണ്ടും.'' പഴയതിലേക്ക് തിരിച്ചുപോകാനല്ല, പുതിയ മനുഷ്യനാകാനും പുതിയ ലോകത്തെ സൃഷ്ടിക്കാനുമാണ് ഈ പരീക്ഷണ നാളുകള്‍ നിമിത്തമാകേണ്ടത്.
പ്രതിസന്ധികള്‍ മാറ്റങ്ങള്‍ക്ക് പ്രചോദനമാകണം. പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ കരുത്തു പകരണം. സര്‍വോപരി മനുഷ്യന്റെ കഴിവുകളും അറിവുകളും പരിമിതവും അപര്യാപ്തവുമാണെന്നും ദൈവിക തീരുമാനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും മുമ്പില്‍ അവന്‍ നിസ്സഹായനാണെന്നും നിര്‍ണായക ഘട്ടങ്ങളില്‍ ദൈവിക ആശ്രയമല്ലാതെ മറ്റൊന്നും തനിക്ക് കൂട്ടിനുണ്ടാകില്ലെന്നും ബോധ്യപ്പെടാന്‍ ഈ സന്ദര്‍ഭം അവസരമൊരുക്കണം. പ്രതിസന്ധികളും പരീക്ഷണങ്ങളും ഉല്‍പാദിപ്പിക്കുന്നത് ഭയവും നിരാശയുമാണ്. ഭയവും നിരാശയും മനുഷ്യന്റെ സ്വാഭാവിക ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നതില്‍ തര്‍ക്കമില്ല. അത്തരമൊരു ഘട്ടത്തില്‍ അതില്‍നിന്നും മോചിതനാകാന്‍ വഴികളന്വേഷിക്കുക സ്വാഭാവികമാണ്. തനിക്ക് കൂട്ടിനിരിക്കാന്‍ ഒരാള്‍ കൂടെയുണ്ടാകണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന നാളുകളായിരിക്കും അത്. തന്റെ കൂടെയുണ്ടാകണമെന്നാഗ്രഹിക്കുന്ന വേണ്ടപ്പെട്ടവരോടു പോലും അകലം പാലിക്കണമെന്ന് വന്നാല്‍ പിന്നെ ആരെയാണ് മനുഷ്യന്‍ ആശ്രയിക്കുക? ആരോടാണ് അവന്റെ വേദനകള്‍ പങ്കുവെക്കുക? ആരുടെ മുമ്പാകെയാണ് ഭാരങ്ങള്‍ ഇറക്കിവെക്കുക? അത്തരമൊരു ഘട്ടത്തില്‍ സര്‍വശക്തനും സര്‍വവ്യാപിയുമായ അല്ലാഹുവിനെയല്ലാതെ മറ്റാരെയാണ് ആശ്രയിക്കാന്‍ സാധിക്കുക? ഈ തിരിച്ചറിവാണ് ഈ പരീക്ഷണകാലം നമുക്ക് നല്‍കുന്നത്. ആയതിനാല്‍ അല്ലാഹുവിലേക്ക് തിരിഞ്ഞുനടക്കാനും ഓടിയടുക്കാനുമുള്ള സന്ദര്‍ഭമാണിത്. അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനും അവന്റെ സഹായത്തിനായി കൈകള്‍ ഉയര്‍ത്താനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തണം. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും വാനലോകങ്ങളും ഭൂമിയും നിയന്ത്രിക്കുന്നവനും കോടാനുകോടി സൃഷ്ടികള്‍ക്ക് ജീവിതവിഭവങ്ങള്‍ നല്‍കുന്നവനുമായ  അല്ലാഹുവിലേക്ക് ഓടിയടുക്കാനാണ് നാം ജീവിക്കുന്ന ഈ പരീക്ഷണകാലം ആവശ്യപ്പെടുന്നത്. ഭൂമിയിലെ മണല്‍ത്തരികളും വാനലോകത്തെ എണ്ണമറ്റ നക്ഷത്രക്കൂട്ടങ്ങളും ഗാലക്‌സികളും സമുദ്രത്തിന്റെ ഘനാന്ധകാരങ്ങളും ചെവിയില്‍ മന്ത്രിക്കുന്നതും അതുതന്നെ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണാം:  ''ആകാശത്തെ നാം നമ്മുടെ ശക്തിയാല്‍ സൃഷ്ടിച്ചു. നമുക്കതിന് കഴിവുണ്ട്. ഭൂമിയെ നാം വിസ്തൃതമാക്കി. നാം എത്ര നന്നായി വിതാനിക്കുന്നവന്‍! നാം സകല വസ്തുക്കളുടെയും ജോടികളെ സൃഷ്ടിച്ചു. നിങ്ങള്‍ പാഠമുള്‍ക്കൊള്ളാന്‍. അതിനാല്‍ അല്ലാഹുവിലേക്ക് നിങ്ങള്‍ ഓടിവരുവിന്‍. ഞാന്‍ അവങ്കല്‍നിന്ന് നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു'' (അദ്ദാരിയാത്ത്: 47-50).
ജീവിതത്തിന്റെ ഏതു ഘട്ടങ്ങളിലും അല്ലാഹുവിനെ ലക്ഷ്യമാക്കി ജീവിതസഞ്ചാരം നിയന്ത്രിക്കാനുള്ള ആഹ്വാനമാണിത്. റമദാന്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനുള്ള സന്ദര്‍ഭമാണ്. അവന്റെ സാമീപ്യം സിദ്ധിക്കാനുള്ള നിമിഷങ്ങളാണ്. പടപ്പുകളോട് ശാരീരികമായി അകലം പാലിക്കാന്‍ നിര്‍ബന്ധിതരായ റമദാനിന്റെ നാളുകള്‍ പടച്ചവനോട് ചേര്‍ന്നുനില്‍ക്കാനുള്ള സുവര്‍ണാവസരമാണ്. അതുവഴി അല്ലാഹുവിന്റെ പ്രത്യേക സഹായം നേടിയെടുക്കാനും കൂടുതലായി ആത്മീയശക്തി സംഭരിക്കാനുമുള്ള നിര്‍ണായക സമയമാണ്. വിശ്വാസികള്‍ക്ക് വിശ്വാസത്തിന്റെ തണലിലേക്ക് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാനും അല്ലാത്തവര്‍ക്ക് വിശ്വാസത്തിന്റെ ചാരത്തേക്ക് അടുക്കാനുമുള്ള അവസരം. തന്നിലേക്ക് ഓടിയണയുന്നവരെ ചേര്‍ത്തുനിര്‍ത്തുകയും കൈയൊഴിയാതിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ കാരുണ്യവും സ്‌നേഹവും കരുതലും വേണ്ടുവോളം അനുഭവിക്കാന്‍ കഴിയുന്ന നാളുകള്‍.

അല്ലാഹുവിലേക്ക് ഓടിയണയുക എന്നാല്‍?
അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നവന്‍ ഒന്നാമതായി അകം ശുദ്ധീകരിക്കാനാണ് ശ്രമിക്കേണ്ടത്. അകം ശുദ്ധീകരിക്കാതെ പുറംശുദ്ധി കൊണ്ട് മാത്രം ദൈവികസാമീപ്യം സാധ്യമല്ല. കാരണം മുഴുവന്‍ സംസ്‌കരണ പ്രബോധനങ്ങളുടെയും ഉറവിടവും കേന്ദ്രസ്ഥാനവും മനുഷ്യന്റെ ഹൃദയമാണ്. പ്രത്യക്ഷത്തില്‍ എന്തു ചെയ്യുന്നുവെന്നതോ കാണുന്നുവെന്നതോ കേള്‍ക്കുന്നുവെന്നതോ അല്ല, നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും യഥാര്‍ഥ മാനദണ്ഡം. മനസ്സിന്റെ അവസ്ഥാന്തരങ്ങളും അതിനകത്ത് രൂപപ്പെടുന്ന വിചാരവികാരങ്ങളുമാണ് മികവിന്റെയും ദുഷിപ്പിന്റെയും അടിസ്ഥാനമായിത്തീരുന്നത്. തിരുദൂതര്‍ (സ) അതിപ്രകാരം വിശദീകരിക്കുന്നു: 'അറിയുക, മനുഷ്യശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അതു നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയണം, അതാകുന്നു നിങ്ങളുടെ ഖല്‍ബ് (ഹൃദയം).' മനുഷ്യന്റെ ആഗ്രഹാഭിലാഷങ്ങളുടെയും വിചാരവികാരങ്ങളുടെയും ഇഷ്ടാനിഷ്ടങ്ങളുടെയും സെന്റര്‍ പോയ്ന്റായി വര്‍ത്തിക്കുന്നതെന്താണോ അതിനെപ്പറ്റിയാണ് ഇവിടെ ഖല്‍ബ് എന്ന് തിരുദൂതര്‍ വിശേഷിപ്പിക്കുന്നത്.
റമദാന്‍ അകം ശുദ്ധീകരണത്തിന്റെ നാളുകളാണ്. ആത്മത്തെ സംസ്‌കരിക്കലാണ് റമദാനിന്റെ ഏറ്റവും വലിയ ലക്ഷ്യം. സാത്വികനായ ഒരു പണ്ഡിതന്റെ അടുക്കല്‍ ഒരു ചെറുപ്പക്കാരന്‍ വന്ന് തനിക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കണമെന്ന് അപേക്ഷിച്ചു. അദ്ദേഹം ചെറുപ്പക്കാരനോട് തിരിച്ചു ചോദിച്ചു; സുഹൃത്തേ, താങ്കള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും പാത്രങ്ങള്‍ കഴുകിയിട്ടുണ്ടോ? ചോദ്യം കേട്ട യുവാവ് ആശ്ചര്യത്തോടെ മറുപടി പറഞ്ഞു; തീര്‍ച്ചയായും, പലപ്പോഴും വീട്ടിലെ പാത്രങ്ങള്‍ ഞാന്‍ കഴുകിയിട്ടുണ്ട്. പണ്ഡിതന്‍ വീണ്ടും ചോദിച്ചു; പാത്രങ്ങള്‍ കഴുകുമ്പോള്‍ അതില്‍ നിന്നും എന്തെങ്കിലും പഠിക്കാനോ മനസ്സിലാക്കാനോ സാധിച്ചിരുന്നോ? യുവാവിന് കൗതുകം കൂടിവന്നു. അയാള്‍ ചോദിച്ചു; ഗുരോ, പാത്രങ്ങള്‍ കഴുകുക വഴി എന്തു കാര്യങ്ങളാണ് പഠിക്കാന്‍ കഴിയുക? ഗുരു പുഞ്ചിരിയോടെ പ്രതിവചിച്ചു: പാത്രങ്ങള്‍ കഴുകുമ്പോള്‍ പുറംഭാഗത്തേക്കാള്‍ അകമാണ് കൂടുതല്‍ കഴുകേണ്ടത്. എങ്കില്‍ മാത്രമാണ് അത് വൃത്തിയാവുക, ഉപയോഗപ്രദമാവുക. ചെറുപ്പക്കാരന് കാര്യം മനസ്സിലായി. നിറഞ്ഞ മനസ്സുമായി അദ്ദേഹം അവിടെനിന്നും പോയി. മനസ്സും ഹൃദയവും ശുദ്ധീകരിക്കുക വഴി മാത്രമാണ് യഥാര്‍ഥ വിജയം നേടിയെടുക്കാന്‍ സാധിക്കുക. അതിനാല്‍തന്നെ ശരീരത്തിന്റെ ശുദ്ധിയേക്കാള്‍ ഹൃദയശുദ്ധിയാണ് പ്രധാനം. ഇങ്ങനെ അകം ശുദ്ധീകരണത്തിന് തയാറാകുന്നവനാണ് അല്ലാഹുവിലേക്കണയുന്നവന്‍.
അകം ശുദ്ധീകരണത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ഹൃദയത്തെ മുഴുവന്‍ ചിന്താവൈകൃതങ്ങളില്‍നിന്നും ദുഷ് ടവിചാരങ്ങളില്‍നിന്നും മുക്തമാക്കുക  എന്നതാണ് അതില്‍ ആദ്യപടി. രണ്ടാമതായി ആന്തരികമായ മുഴുവന്‍ അഴുക്കുകളില്‍നിന്നും ശുദ്ധമായ ഹൃദയത്തെ ഈമാന്‍ കൊണ്ട് അലങ്കരിക്കലാണ് . ഈമാനിനാല്‍ അലംകൃതമായ ഹൃദയത്തിന്റെ തിളക്കം നഷ്ടപ്പെട്ടുപോകാതെ  സൂക്ഷിക്കലാണ് മൂന്നാമത്തെ ഘട്ടം. ''ആര്‍ ത്വാഗൂത്തിനെ ഉപേക്ഷിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ അവന്‍ ബലിഷ്ടമായ അവലംബ പാശത്തില്‍ മുറുകെ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റുപോകുന്നതല്ല'' (അല്‍ബഖറ: 256). ഈ ഖുര്‍ആന്‍വചനം മനുഷ്യന്റെ അകംശുദ്ധീകരണവുമായും ബന്ധപ്പെട്ടു നില്‍ക്കുന്നു. ''നിങ്ങള്‍ക്ക് ഈമാനിനോട് ഇണക്കമുണ്ടാക്കുകയും അത് നിങ്ങളുടെ മനസ്സുകള്‍ക്ക് അലങ്കാരമാക്കുകയും ചെയ്തു. സത്യനിഷേധത്തോടും പാപകൃത്യങ്ങളോടും ധിക്കാരത്തോടും നിങ്ങള്‍ക്ക് വെറുപ്പുളവാക്കി. ഇങ്ങനെയുള്ളവരാണ് അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും സന്മാര്‍ഗം സിദ്ധിച്ചവര്‍'' (അല്‍ഹുജുറാത്ത്: 7, 8) എന്ന് അല്ലാഹു പറയുന്നതും ഇതു സംബന്ധിച്ചാണ്.
ഹൃദയമാണ് കര്‍മങ്ങളുടെ പ്രഭവകേന്ദ്രം. ഹൃദയത്തിന്റെ താല്‍പര്യങ്ങളാണ് കര്‍മങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്. സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ വിശ്വാസത്തിന്റെ പ്രഭ അവന്റെ ഹൃദയത്തിനകത്ത് പ്രശോഭിക്കും. ദുഷ്‌ക്കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ വിശ്വാസം ചോര്‍ന്നുപോയ ഹൃദയം കളങ്കിതമായി ഇരുട്ട് നിറഞ്ഞതായിത്തീരും. ഈമാനും ജിഹാദും വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലും ചേര്‍ത്തുപറയുന്നതും അതിനാലാണ്. സയ്യിദ് അഹ്മദ് ശഹീദ് തന്റെ അനുയായികളുടെ ശിക്ഷണത്തിന്റെ ഭാഗമായി ആരാധനകളും അനുഷ്ഠാനങ്ങളും കണിശമായി ശീലിപ്പിക്കുകയും ദിക്റുകളും ദുആകളും പതിവാക്കുകയും ചെയ്യുന്നതില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. കേവല ആത്മീയതയില്‍നിന്നും പ്രായോഗികമായി ശത്രുക്കളുമായി ഏറ്റുമുട്ടേണ്ട സാഹചര്യം രൂപപ്പെട്ടപ്പോള്‍ അദ്ദേഹം ആത്മീയ അനുഷ്ഠാനങ്ങള്‍ക്ക് പുറമെ, ആയോധനകലകളും കുതിരസവാരിയും പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ ശിഷ്യന്മാരില്‍ ചിലര്‍ ചോദിച്ചു: 'ഇതുവരെ ഞങ്ങള്‍ അനുഭവിച്ചിരുന്ന ആത്മീയ നിര്‍വൃതി ഇപ്പോള്‍ ഞങ്ങള്‍ക്ക് അനുഭവിക്കാനാകുന്നില്ലല്ലോ.' അഹ്മദ് ശഹീദ് പറഞ്ഞു; 'ഇത്രയും നാള്‍ നാം നിര്‍വഹിച്ചുപോന്ന ആത്മീയ കര്‍മങ്ങളെല്ലാം ഇപ്പോള്‍ നാം തയാറെടുക്കുന്ന ജിഹാദിനു വേണ്ടിയുള്ള നിലമൊരുക്കലായിരുന്നു.' സഹനത്തിന്റെയും പരീക്ഷണത്തിന്റെയും തീച്ചൂളയില്‍ വെന്തുരുകുന്ന ഘട്ടത്തില്‍ ശത്രുവിനെ പ്രതിരോധിക്കാനും പ്രതിസന്ധികളെ മറികടക്കാനും വെല്ലുവിളികളെ അതിജീവിക്കാനും അകംശക്തികൊണ്ട് മാത്രമാണ് സാധിക്കുക.
അല്ലാഹുവോടടുക്കാന്‍ മറ്റൊരു പ്രധാന മാര്‍ഗം നിര്‍ബന്ധ കര്‍മങ്ങളില്‍ നിഷ്ഠ പുലര്‍ത്തുകയും ഐഛിക കാര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. റമദാന്‍ അതിനേറ്റം അനുയോജ്യമായ സന്ദര്‍ഭമാണല്ലോ. ഖുദ്സിയായ ഹദീസില്‍ അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: 'എന്റെ ദാസന്‍ എന്നിലേക്ക് എനിക്കേറ്റം ഇഷ്ടപ്പെട്ട നിര്‍ബന്ധ കര്‍മങ്ങള്‍ നിര്‍വഹിക്കുക വഴിയാണ് അടുക്കുക. എന്നാല്‍ ഐഛിക കര്‍മങ്ങള്‍ വര്‍ധിപ്പിക്കുകവഴി ഞാന്‍ അവനെ ഇഷ്ടപ്പെടുവോളം എന്റെ ദാസന്‍ എന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടേയിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന ചെവിയും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന കാലും എന്റേതാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനവന് നല്‍കുകയും അഭയാര്‍ഥന നടത്തിയാല്‍ അഭയം നല്‍കുകയും ചെയ്യും.' മറ്റൊരു ഖുദ്സിയായ ഹദീസില്‍ ഇത്രയും കൂടി പറയുന്നുണ്ട്: 'എന്റെ ദാസന്‍ എന്നോട് ഒരു ചാണടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും. അവന്‍ ഒരു മുഴമടുത്താല്‍ ഞാന്‍ ഒരു വാരയടുക്കും. അവന്‍ എന്റടുക്കല്‍ നടന്നടുത്താല്‍ ഞാന്‍ അവനിലേക്ക് ഓടിയണയും.' അല്ലാഹുവിലേക്ക് അണയാന്‍ ശ്രമിക്കുന്നവന്റെ അടുക്കല്‍ അല്ലാഹു ഓടിയണയുമെന്നാണ് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നത്.
ദൈവിക കല്‍പ്പനകള്‍ക്കു വിധേയമായി ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒരാള്‍ അല്ലാഹുവിലേക്ക് അടുത്തവനാകുന്നത്. ദൈവികപരിധികള്‍ പാലിച്ചും വിധിവിലക്കുകള്‍ അംഗീകരിച്ചും ജീവിതം ക്രമപ്പെടുത്താന്‍ സാധിക്കണം. മരണാനന്തര ജീവിതത്തെ സംബന്ധിച്ച അടിയുറച്ച ബോധ്യം ഉണ്ടാകുക, സ്വര്‍ഗലബ്ധി ജീവിതത്തിന്റെ പരമ ലക്ഷ്യമായി മാറുക, നരകമോചനത്തിനു വേണ്ടി കഠിനപ്രയത്‌നം നടത്തുക എന്നിവയും അല്ലാഹുവിലേക്ക് ഓടിയണയാന്‍ ശ്രമിക്കുന്നവന്റെ അടയാളങ്ങളാണ്. അജ്ഞതയുടെ അന്ധകാരത്തില്‍നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള സഞ്ചാരം, ശിര്‍ക്കിന്റെ ചെറുകണികപോലും കലര്‍ന്നിട്ടില്ലാത്ത നിഷ്‌കളങ്ക തൗഹീദില്‍ അടിയുറച്ചു നില്‍ക്കല്‍, അശ്രദ്ധമായ ജീവിതത്തില്‍നിന്നും കുതറിമാറി ജാഗ്രതയോടെ ജീവിതത്തെ അഭിമുഖീകരിക്കല്‍ എന്നിവയും അല്ലാഹുവിലേക്ക് ഓടിയണയുന്നതിന്റെ ഭാഗമായി ജീവിതത്തില്‍ ഉണ്ടാകേണ്ടതാണ്. ഭൗതികതയുടെ ഇടുക്കങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ഇസ്ലാം സമര്‍പ്പിക്കുന്ന ജീവിതത്തിന്റെ വിശാലതയിലേക്കുള്ള പ്രവേശനം കൂടിയാണത്. അലസതയില്‍നിന്ന് ഉന്മേഷത്തിലേക്കും, കാപട്യങ്ങളില്‍നിന്ന് നിഷ്‌കളങ്കതയിലേക്കും, മണ്ണില്‍നിന്ന് വിണ്ണിലേക്കും ഹൃദയസങ്കോചത്തില്‍നിന്ന് ഹൃദയവിശാലതയിലേക്കുമുള്ള സഞ്ചാരത്തിന്റെ പേരുകൂടിയാണ് അല്ലാഹുവിലേക്കുള്ള പ്രയാണം.
അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തിന് നാം വിധേയമാകാനും, അവന്റെ അനുഗ്രഹങ്ങളുടെ കലവറ നമുക്കു മേല്‍ ചൊരിയണമെങ്കിലും ഈമാനും തഖ്‌വയും ഇസ്തിഗ്ഫാറും ജീവിതത്തിന്റെ ഭാഗമാകണം. അല്ലാഹു പറയുന്നു: 'വിശ്വസിച്ചവരേ, നിങ്ങള്‍ തഖ്‌വയുള്ളവരായിരിക്കുവിന്‍. അവന്റെ ദൂതനില്‍ വിശ്വസിക്കുവിന്‍. അല്ലാഹു അവന്റെ അനുഗ്രഹത്തില്‍നിന്ന് ഇരട്ടി വിഹിതം നിങ്ങള്‍ക്ക് നല്‍കുന്നതാകുന്നു. അവന്‍ ഒരു വെളിച്ചവും പ്രദാനം ചെയ്യും. ആ വെളിച്ചത്തില്‍ നിങ്ങള്‍ നടക്കും. നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തു തരുന്നതുമാകുന്നു. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ'' (അല്‍ഹദീദ്: 28). പാപമോചനാര്‍ഥന അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നതിന് നാഥന്‍ നിശ്ചയിച്ച പ്രധാന മാനദണ്ഡങ്ങളിലൊന്നാണ്. പ്രസിദ്ധ താബിഈ പണ്ഡിതന്‍ ഹസനുല്‍ ബസ്വരി തന്റെ ശിഷ്യന്മാരോടൊപ്പം ഇരിക്കുന്ന സന്ദര്‍ഭം ഒരാള്‍ വന്ന് പറഞ്ഞു; ഗുരോ, ഞങ്ങള്‍ക്ക് മഴ ലഭിക്കുന്നില്ല. ഹസന്‍ ബസ്വരി പറഞ്ഞു; അസ്തഗ്ഫിറുല്ലാഹ്. അല്‍പ്പസമയത്തിനുശേഷം മറ്റൊരാള്‍ കടന്നുവന്നു പറഞ്ഞു; ഞങ്ങള്‍ക്ക് മക്കളില്ല, എന്റെ ഭാര്യക്ക് പ്രസവിക്കാനുള്ള കഴിവുമില്ല. അദ്ദേഹം  അസ്തഗ്ഫിറുല്ലാഹ് എന്നാവര്‍ത്തിച്ചു. മൂന്നാമതൊരാള്‍ കടന്നുവന്ന് പറഞ്ഞു; ദാരിദ്ര്യത്തിന്റെ പ്രയാസം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഗുരു ആവര്‍ത്തിച്ചു, അസ്തഗ്ഫിറുല്ലാഹ്. ഇത്രയുമായപ്പോള്‍ സദസ്സില്‍നിന്നൊരാള്‍ എഴുന്നേറ്റുനിന്ന് കൗതുകത്തോടെ ഗുരുവര്യനോട് ചോദിച്ചു; പല ആവശ്യങ്ങളുമായി താങ്കളുടെ അടുക്കല്‍ വന്ന എല്ലാവരോടും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന മറുപടി പറയുകയോ ആവശ്യമായ സഹായം ചെയ്യുകയോ ചെയ്യുന്നതിനു പകരം താങ്കള്‍ അസ്തഗ്ഫിറുല്ലാഹ് എന്നാവര്‍ത്തിക്കുക മാത്രമാണല്ലോ ചെയ്തത്. എന്താണതിന് കാരണം? ഹസനുല്‍ ബസ്വരി പറഞ്ഞു: താങ്കള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പാരായണം ചെയ്യാറില്ലേ; ''ഞാന്‍ പറഞ്ഞു; റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം അവന്‍ വളരെയധികം മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ വര്‍ഷിപ്പിച്ചു നല്‍കും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്തരും'' (നൂഹ്: 10-12).
അല്ലാഹുവിലേക്ക് ഓടിയണയുന്നവന്‍ സത്യത്തില്‍ നന്മയില്‍ മുന്നേറുന്നവന്‍ കൂടിയായിരിക്കും. അല്ലാഹു പറയുന്നു; 'അവരില്‍ ചിലര്‍ അവരോടു തന്നെ അതിക്രമം ചെയ്തവരാകുന്നു. മറ്റു ചിലര്‍ മിതത്വം പാലിക്കുന്നവരാണ്. ഇനിയും ചിലരാകട്ടെ, അല്ലാഹുവിന്റെ ഹിതത്താല്‍ നന്മകളില്‍ മുന്നേറുന്നവരാകുന്നു' (അല്‍ ഫാത്വിര്‍: 32). നന്മയില്‍ മുന്നേറുന്നവരാണ് അല്ലാഹുവോട് ഏറ്റവും അടുപ്പമുള്ളവര്‍. സ്വര്‍ഗം ലക്ഷ്യമാക്കി സഞ്ചരിക്കുന്നവരാണ് അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിച്ചവര്‍. അല്ലാഹു പറയുന്നു: 'നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുക. സ്വര്‍ഗമാകട്ടെ, ഭക്തജനങ്ങള്‍ക്കായി തയാര്‍ ചെയ്യപ്പെട്ടതാണ്' (ആലുഇംറാന്‍: 133). പാപമോചനത്തിലേക്കും വാനഭുവനങ്ങളോളം വിശാലമായ സ്വര്‍ഗത്തിലേക്കും മത്സരിച്ചു മുന്നേറാനും (അല്‍ഹദീദ്: 21) അല്ലാഹു ആഹ്വാനം ചെയ്യുന്നു. റമദാന്‍ മുന്നേറ്റങ്ങളുടെ നാളുകളാണ്. ഉന്മേഷവും ആവേശവും ഒട്ടും ചോര്‍ന്നുപോകാതെ അല്ലാഹുവിലേക്കും അതുവഴി സ്വര്‍ഗത്തിലേക്കും നാം മുന്നേറിക്കൊണ്ടിരിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ