Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

ജുമുഅ ഖുത്വ്ബയും ഇമാമത്തും ഓണ്‍ലൈനില്‍

ശൈഖ് അഹ്മദ് കുട്ടി

ഈ കുറിപ്പില്‍ ഒരു സുപ്രധാന പ്രശ്നത്തെ അഭിമുഖീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. മനുഷ്യ സമൂഹം അത്യന്തം പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ ജുമുഅ ഖുത്വ് ബയും ഇമാമത്തും ഓണ്‍ലൈന്‍ വഴി ആകാമോ?
    കോവിഡ്- 19 ഭീഷണി കാരണം ലോകത്തുടനീളം മസ്ജിദുകള്‍ അടഞ്ഞുകിടക്കുകയാണ്. ജമാഅത്ത് നമസ്‌കാരങ്ങളോ ജുമുഅ ഖുത്വ് ബയോ നടക്കുന്നില്ല. ഹൃദയം പിളര്‍ക്കുന്ന അനുഭവം തന്നെയാണിത്. ഇതൊക്കെ മുടങ്ങിപ്പോകുന്നതില്‍ നമ്മുടെ ദുഃഖവും വേദനയും എത്രയാണ്! ഈ പ്രതിസന്ധി നീങ്ങിക്കിട്ടാനും ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാനും കാരുണ്യവാനായ അല്ലാഹുവിനോട് നാം മനംനൊന്ത് പ്രാര്‍ഥിക്കുന്നു.
    മുമ്പൊരിക്കലും ഇല്ലാത്തതും തീര്‍ത്തും അസാധാരണവുമാണ് ഈ സ്ഥിതി വിശേഷം. അതിനാല്‍ മേല്‍പ്പറഞ്ഞ വിഷയത്തില്‍ അസാധാരണമായ മതാഭിപ്രായവും നിലപാടും ആവശ്യമായി വരുന്നു. ഈയൊരു സ്പിരിറ്റോട് കൂടിയാണ് ഞാന്‍ ജുമുഅ എങ്ങനെ നടത്താം എന്ന പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്. വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ആമുഖമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
    ശരീഅത്ത് എന്നാല്‍ കാരുണ്യവാനും യുക്തിജ്ഞനുമായ അല്ലാഹു അവതരിപ്പിച്ചു തന്ന നിയമ വ്യവസ്ഥയാണ്. ആ നിയമാവിഷ്‌കാരത്തിനു പിന്നില്‍ സമുന്നത ലക്ഷ്യങ്ങളുള്ളതിനാല്‍ മനുഷ്യക്ഷേമം അതിന് കണക്കിലെടുക്കാതിരിക്കാനാവില്ല. മാത്രമല്ല ആ നിയമങ്ങള്‍ എല്ലാ കാലത്തേക്കുള്ളതാണ്, എല്ലാ ദേശത്തേക്കുമുള്ളതാണ്. അതിനാല്‍ ആ നിയമ വ്യവസ്ഥ ചടുലവും ഏത് മാറിയ പരിത:സ്ഥിതിയിലും പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്നതുമായിരിക്കും. അല്ലാമാ ഇഖ്ബാല്‍ ഈ ആശയം ഇങ്ങനെ മനോഹരമായി പറഞ്ഞുവെച്ചിട്ടുണ്ട്: 'ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോഴും ഏത് മാറ്റങ്ങളോടും ഇണങ്ങിച്ചേരാനുള്ള കഴിവ് അതിന്റെ ഘടനയില്‍ പ്രകൃത്യാ തന്നെയുണ്ട്.'
ഈ അടിസ്ഥാന തത്ത്വങ്ങള്‍ മുമ്പില്‍ വെച്ച് നിയമ വിധികള്‍ കണ്ടെത്താനുള്ള നിതാന്ത യത്നത്തിന്റെ കഥയാണ് ഫിഖ്ഹിന്റെ ചരിത്രം നമ്മോട് പറയുന്നത്. പ്രവാചകന്റെ വിയോഗത്തോടെ തന്നെ ആ പ്രക്രിയക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  ഇസ് ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും പ്രചരിച്ചപ്പോള്‍ പുതുതായി ഉയര്‍ന്നു വന്ന പ്രശ്നങ്ങളെ പ്രവാചകാനുചരന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. വേദപാഠങ്ങള്‍ (Text) നിര്‍ണിതവും പരിമിതവുമാണ്. അതിനാല്‍ കാലദേശങ്ങള്‍ക്കനുസരിച്ച് അവയുടെ വ്യാഖ്യാനം വൈവിധ്യപൂര്‍ണമാവാതെ വയ്യ. പ്രവാചകന്റെ വാക്കും പ്രവൃത്തിയും പ്രതിനിധാനം ചെയ്യുന്ന സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് അവിടുത്തെ അനുയായികള്‍ ബോധവാന്മാരായിരുന്നുവെന്നും അവര്‍ ടെക്സ്റ്റുകളെ കേവലം അക്ഷര വായന നടത്തുകയല്ല ചെയ്തിരുന്നതെന്നും ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി എഴുതിയിട്ടുണ്ട്.
പിന്നീടുള്ള ഓരോ തലമുറയിലെയും ഇസ്‌ലാമിക നിയമജ്ഞരും പണ്ഡിതന്മാരും പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ വ്യത്യസ്ത ശൈലികളാണ് സ്വീകരിച്ചത്. ഇവയിലധികവും പ്രത്യേക മദ്ഹബുകളുടെ/ ചിന്താ പ്രസ്ഥാനങ്ങളുടെ വിലാസത്തിലാണ് രേഖപ്പെടുത്തിയതെങ്കിലും, ഓരോ മദ്ഹബിന്റെയും പൊതു അഭിപ്രായത്തോട് വിയോജിക്കുന്ന അഭിപ്രായങ്ങള്‍ ആ മദ്ഹബില്‍ തന്നെ നമുക്ക് കാണാന്‍ കഴിയും. കാലം മാറുന്നു എന്നതാണ് ഈ ഭിന്നാഭിപ്രായങ്ങള്‍ക്ക് നിദാനം. ഇത്തരം ഉദാഹരണങ്ങള്‍ക്ക് ഒരു മദ്ഹബിലും പഞ്ഞമില്ല. നാല് മദ്ഹബുകളിലെയും പ്രമുഖ പണ്ഡിതന്മാര്‍ തന്നെ കാലത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന അഭിപ്രായങ്ങള്‍, അവ സാധുവാണെങ്കില്‍, സ്വീകരിച്ചിരുന്നതായും കാണാം. ശാഹ് വലിയ്യുല്ലയും മറ്റു പണ്ഡിതന്മാരും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പുതിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ടെക്സ്റ്റുകളെ വ്യാഖ്യാനിക്കുന്ന സമയത്ത്, ഉസ്വൂല്‍ (വേരുകള്‍/മൗലിക തത്ത്വങ്ങള്‍) ഏത്, ഫുറൂഅ (ശാഖകള്‍/നിര്‍ധാരണങ്ങള്‍) ഏത് എന്ന് വ്യക്തമായി വകതിരിച്ചേ മതിയാവൂ. ചില 'സുവര്‍ണ തത്ത്വങ്ങളെ' (ഖവാഇദ്) ആസ്പദിച്ചായിരിക്കും മതാഭിപ്രായങ്ങള്‍ (ഫത് വ) രൂപപ്പെടുത്തുക. പില്‍ക്കാലത്തുള്ള ഫത് വകളില്‍ താല്‍പര്യങ്ങള്‍ (മസ്വാലിഹ്), മഖാസ്വിദ് (സമുന്നത ലക്ഷ്യങ്ങള്‍) എന്നിവക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയതായും കാണാം.
ഇത്തരം പുതിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്ന് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ പ്രവണതയെക്കുറിച്ച് ഇമാം ഇബ്നുല്‍ ഖയ്യിം മുന്നറിയിപ്പ് നല്‍കുന്നത് നോക്കൂ: 'കാലവും സമ്പ്രദായങ്ങളും സ്വഭാവചര്യകളും നടപ്പുശീലങ്ങളുമൊക്കെ മാറിയിട്ടും, അതൊന്നും ശ്രദ്ധിക്കാതെ, തങ്ങള്‍ ജീവിക്കുന്ന സവിശേഷ സാഹചര്യം ഒട്ടുമേ പരിഗണിക്കാതെ ജനങ്ങളോട് മതാഭിപ്രായങ്ങള്‍ പറയുന്ന വ്യക്തി വഴികേടിലായിരിക്കുന്നു, മറ്റുള്ളവരെ വഴികേടിലുമാക്കിയിരിക്കുന്നു. ചില വൈദ്യന്മാരുണ്ട്. അവര്‍ ജനങ്ങള്‍ക്ക് മരുന്നുകള്‍ കുറിച്ചു നല്‍കും. ജനങ്ങള്‍ ജീവിക്കുന്ന കാലമോ കാലാവസ്ഥയോ അവരുടെ ശാരീരികാവസ്ഥകളോ ഒന്നും കണക്കിലെടുക്കുകയേ ഇല്ല. ഇതേ ശരീരപ്രകൃതമുള്ള മനുഷ്യരെക്കുറിച്ച് ഏതോ വൈദ്യ ഗ്രന്ഥങ്ങളില്‍ മുമ്പാരോ എഴുതി വെച്ചത് ജനങ്ങള്‍ക്ക് കുറിച്ചു കൊടുക്കുക മാത്രമാണ് അവര്‍. ഇത്തരം വൈദ്യന്മാര്‍ ചെയ്യുന്ന കുറ്റകൃത്യത്തേക്കാള്‍ മാരകമാണ് മേല്‍പറഞ്ഞ തരം മുഫ്തിമാര്‍ ചെയ്യുന്നത്.'
ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സില്‍ വെച്ച് ശരീഅത്ത് ഉന്നം വെക്കുന്ന സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് ആലോചിക്കുക. ഇമാം ശാഹ് വലിയ്യുല്ലാഹ് ചൂണ്ടിക്കാട്ടിയ പോലെ ശരീഅത്തില്‍ വളരെ മര്‍മപ്രധാനമാണ് ജുമുഅ. അത് ഇസ് ലാമിന്റെ ഒരു സിംബലാണ്. മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ ചൈതന്യവും ഐക്യവും ശക്തിയും വിളിച്ചോതുന്ന ഒരു പ്രതീകം. അതിനാല്‍ റേഡിയോവിലൂടെ, അല്ലെങ്കില്‍ ടെലിവിഷനിലൂടെ ഖുത്വ്ബ ശ്രവിച്ചുകൊണ്ട് ഒരാള്‍ക്ക് എവിടെ വെച്ചും, എപ്പോള്‍ വേണമെങ്കിലും ജുമുഅയില്‍ പങ്ക് ചേരാം എന്നാണൊരാള്‍ ഫത് വ കൊടുക്കുന്നതെങ്കില്‍ ഈ മഹത്തായ ഇസ് ലാമിക ചിഹ്നത്തെയും അത് വഴി ഇസ് ലാമിക സമൂഹത്തെയും നശിപ്പിക്കുകയാണ് അയാള്‍ ചെയ്യുന്നത്.
ഈ ഹ്രസ്വ വിവരണത്തിന് ശേഷം, അത്യസാധാരണമായ സ്ഥിതിവിശേഷം സംജാതമായ ഈയൊരു ഘട്ടത്തില്‍ ഓണ്‍ലൈന്‍/വെര്‍ച്വല്‍ ജുമുഅ സാധുവാകുമോ എന്ന കാര്യം നമുക്കൊന്ന് ചര്‍ച്ച ചെയ്തു നോക്കാം.
അത് സാധുവാകും എന്നാണ് എന്റെ അഭിപ്രായം; പക്ഷേ, ഒരു താല്‍ക്കാലിക സംവിധാനമെന്ന നിലക്ക് മാത്രം. താല്‍ക്കാലിക സംവിധാനം എന്ന് ഊന്നിപ്പറയേണ്ടതുണ്ട്. അല്ലാത്തപക്ഷം പള്ളികളൊക്കെ ഇനി അടച്ചിടാം എന്ന ചിന്തയിലേക്ക് അത് നയിച്ചുകൂടായ്കയില്ല. വ്യക്തിവാദം അതിര് കടക്കുകയും പള്ളികള്‍ ആവശ്യമില്ലെന്ന വാദമുയര്‍ത്തുന്ന സംഘങ്ങള്‍ പൊട്ടി മുളക്കുകയും ചെയ്യുന്ന (Being Unmosqued)  ഇക്കാലത്ത് ഓണ്‍ലൈന്‍ ഒരുമിച്ചുകൂടല്‍ എന്ന ഈ ആശയം ഒരു പൊതു തത്ത്വം എന്ന നിലക്ക് ഒരിക്കലും നാം അവതരിപ്പിച്ചു കൂടാത്തതാണ്.
ഈയൊരു കര്‍ശന ഉപാധിയോടെ ചില കാര്യങ്ങള്‍ പറയാം:
വെര്‍ച്വല്‍ / ഓണ്‍ലൈന്‍ ജുമുഅ സംഘടിപ്പിക്കപ്പെടേണ്ടത് ഒരു താല്‍ക്കാലിക സംവിധാനം എന്ന നിലക്ക് മാത്രമാണ്. ഓരോ മഹല്ല് പള്ളിയും അതത് മഹല്ല് നിവാസികള്‍ക്ക് വേണ്ടി മാത്രമേ ഇത് നടത്താന്‍ പാടുള്ളൂ. വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്ന് ഖുത്വ് ബ ശ്രവിക്കാനും ഇമാമിനെ നമസ്‌കാരത്തില്‍ പിന്തുടരാനുമുള്ള സൗകര്യം മഹല്ല് നിവാസികള്‍ക്ക് ലഭ്യമായിരിക്കണം. ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയും പള്ളികളില്‍ ജുമുഅ - ജമാഅത്തുകള്‍ക്കുള്ള വിലക്ക് നീങ്ങുകയും ചെയ്യുന്നതോടെ ഈ താല്‍ക്കാലിക സംവിധാനം നിര്‍ത്തലാക്കുകയും വേണം.
അപ്പോള്‍ ഒരു ചോദ്യമുയരാം. ജുമുഅ നടത്താന്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നു? കോവിഡ് ബാധയെത്തുടര്‍ന്ന് നല്‍കപ്പെട്ട നിര്‍ദേശമനുസരിച്ച് ജുമുഅ വേണ്ടെന്നു വെക്കുകയല്ലേ നല്ലത്? നാം മനസ്സിലാക്കേണ്ട കാര്യം, ഗവണ്‍മെന്റുകളും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന സൂചനയനുസരിച്ച്, കുറച്ചധികം കാലം നാം പളളികള്‍ അടച്ചിടേണ്ടതായി വരും. ചിലപ്പോള്‍ മാസങ്ങളോളം തന്നെ. ആ കാലമത്രയും ജുമുഅ കൂടാനേ കഴിയില്ലെന്നര്‍ഥം. ഇത്രയധികം കാലം ജുമുഅ സംഗമം നടക്കാതിരിക്കുന്നത് സമുദായത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ ദുര്‍ബലമാക്കിയേക്കും. പള്ളിയോടും ജുമുഅയോടുമുള്ള മുസ് ലിം സമൂഹത്തിന്റെ ആത്മബന്ധത്തിന് മങ്ങലേല്‍ക്കുകയും ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും മുമ്പ് നല്‍കിയിരുന്നത് പോലുള്ള പ്രാധാന്യം അത്തരം കാര്യങ്ങള്‍ക്ക് നല്‍കാന്‍ ചിലര്‍ക്കെങ്കിലും കഴിയാതെ വരികയും ചെയ്തേക്കാം. തയമ്മുമിനെ (വെള്ളം കിട്ടിയില്ലെങ്കില്‍ മണ്ണ് കൊണ്ട് ശുദ്ധി വരുത്തുന്നത്), അല്ലെങ്കില്‍ പ്രതീകാത്മക അംഗശുദ്ധിയെക്കുറിച്ച് ഇമാം ശാഹ് വലിയ്യുല്ലാഹി പറഞ്ഞത് ഇവിടെ ഓര്‍ക്കാം. അദ്ദേഹം നിരീക്ഷിച്ചത് ഇങ്ങനെയാണ്: തയമ്മും നിയമമാക്കിയത് അതിന്റെ (ശുദ്ധി വരുത്തുക എന്ന ശീലത്തിന്റെ ) പ്രാധാന്യം നാമൊരിക്കലും മറന്നു പോകാതിരിക്കാന്‍ വേണ്ടിയാണ്; അവസ്ഥ മാറിയാല്‍ അഥവാ വെള്ളം ലഭിച്ചാല്‍ ഉടന്‍ തന്നെ നാം വെള്ളം ഉപയോഗിക്കുക എന്ന ശീലത്തിലേക്ക് തിരിച്ചു പോകാനും. ഈയൊരു തലത്തില്‍ ചിന്തിച്ചാല്‍, ജുമുഅയുടെ ലക്ഷ്യവും ചൈതന്യവും നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി എന്ന നിലയില്‍ ഇത്തരം അസാധാരണ സന്ദര്‍ഭങ്ങളില്‍ നാം ഓണ്‍ലൈനായി ജുമുഅ ശ്രവിക്കുന്നതും നമസ്‌കാരത്തില്‍ പങ്കാളികളാകുന്നതും പൂര്‍വ സ്ഥിതി പുന:സ്ഥാപിക്കും വരെ ജുമുഅ ശീലങ്ങള്‍ നിലനിര്‍ത്താനുള്ള ക്രിയാത്മകമായ താല്‍ക്കാലിക സംവിധാനമായിരിക്കുമെന്നാണ് എന്റെ അഭിപ്രായം.
ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഫത്‌വകളില്‍ പില്‍ക്കാലത്തുണ്ടായിട്ടുള്ള ഇലാസ്തികതയും തുറന്ന മനസ്സും നാം കാണാതെ പോകരുത്. മുമ്പ് ഒരിക്കലും അംഗീകരിക്കാതിരുന്നത് പിന്നീട് അംഗീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഹറമിലെ ഇമാമിനെ ഹോട്ടല്‍ മുറികളില്‍ വെച്ച് നമസ്‌കാരത്തില്‍ പിന്തുടരാമെന്ന അനുവാദം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഹോട്ടലിലുള്ളവര്‍ക്ക് പള്ളിയിലെ നമസ്‌കാരക്കാരുടെ അണി കാണാന്‍ കഴിയണമെന്ന വ്യവസ്ഥയോടുകൂടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇമാം എപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നവരുടെ മുമ്പിലായിരിക്കണം എന്ന വ്യവസ്ഥക്കും ഇളവ് നല്‍കിയതായി കാണാം. ഇരുഹറമുകളിലെയും (മക്കയിലെയും മദീനയിലെയും) വന്‍ തിരക്കും മറ്റുമാണ് വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ കാരണമായത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത് പോലെ അയവുള്ള ഒരു സമീപനം നമുക്ക് സ്വീകരിച്ചുകൂടേ? കാര്യമായി പ്രയാസപ്പെടുന്നുണ്ടെങ്കില്‍ നിയമത്തിന്റെ കാര്‍ക്കശ്യം കുറയുമെന്നത് ഒരു ഫിഖ്ഹീ തത്ത്വമാണ്.
ഓണ്‍ലൈന്‍ ജുമുഅ നടത്തുന്നുണ്ടെങ്കില്‍ നമുക്ക് രണ്ടാലൊരു രീതി സ്വീകരിക്കാം:
1- ഖത്വീബും ഇമാമും ഓണ്‍ലൈനില്‍ ഒരേ സ്ഥലത്തായിരിക്കുക. ആരോഗ്യ വിദഗ്ധര്‍ നിഷ്‌കര്‍ഷിച്ച അകലം പാലിച്ചുകൊണ്ട് മൂന്ന് പേര്‍ ഇമാമിനെ പിന്തുടര്‍ന്ന് നമസ്‌കരിക്കുകയും ചെയ്യുക.
2- ഖത്വീബ് ഓണ്‍ലൈനില്‍ ഒരിടത്ത് നിന്ന് ഖുത്വ് ബ നിര്‍വഹിക്കുക. ഇമാം (ഒരു ഖാരി ആകുന്നതാണ് അഭികാമ്യം) മറ്റൊരിടത്ത് നിന്ന് നിശ്ചിത അകലം പാലിച്ച് നില്‍ക്കുന്ന മൂന്ന് പേരെ കൂട്ടി നമസ്‌കാരം നിര്‍വഹിക്കുക. രണ്ടും സ്ട്രീം ലൈവായി കാണിക്കുക.
ഖുത്വ്ബയും നമസ്‌കാരവും എല്ലാം കൂടി പതിനഞ്ച് മിനിറ്റില്‍ കൂടരുത്. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാന്‍ ഇടവരുത്തരുത്.
റമദാനിലും ലോക്ക് ഡൗണ്‍ നീക്കുന്നില്ലെങ്കില്‍ (അതിനാണ് കൂടുതല്‍ സാധ്യത) നേരത്തേ പറഞ്ഞ പോലെ തറാവീഹ് നമസ്‌കാരങ്ങളും ഓണ്‍ലൈനായി നടത്താവുന്നതാണ്. അവിടെയും ഓരോ മഹല്ലിലെയും നിവാസികള്‍ അതത് മഹല്ല്  പള്ളികളിലെ ഇമാമിനെയാണ് പിന്തുടരേണ്ടത്. പക്ഷേ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. തറാവീഹ് നമസ്‌കാരം ഐഛിക (നഫ്ല്‍) കര്‍മമാണ്. ഖുര്‍ആന്‍ പാരായണം ശ്രവിക്കുക എന്നതാണ് അതിന്റെ ആത്മാവ്.  അതു കൊണ്ടാണ് ഉമറു ബ്നുല്‍ ഖത്ത്വാബ് (റ) പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിന് സംവിധാനമുണ്ടാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രമുഖ ഖാരിആയ ഉബയ്യുബ്നു കഅബിനെ ചുമതലപ്പെടുത്തിയത്. തറാവീഹ് വീട്ടില്‍ വെച്ച് നിര്‍വഹിച്ചാലും മതിയാവുന്നതാണ്. എന്നിട്ടും ഓണ്‍ലൈന്‍ തറാവീഹിനെ പ്രോത്സാഹിപ്പിക്കുന്നത് റമദാന്റെ ഖുര്‍ആനിക ചൈതന്യം നഷ്ടപ്പെട്ടുപോകാതിരിക്കാനാണ്.
രണ്ട് കാര്യങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കുന്നു: ഒന്ന്, ഇത് പൂര്‍ണമായും ഒരു താല്‍ക്കാലിക സംവിധാനമാണ്. രണ്ട്, ഓരോ മഹല്ലിനു കീഴിലുള്ളവരും അതത് ജുമാ മസ്ജിദിലെ ഇമാമിനെയാണ് പിന്തുടരേണ്ടത്. മഹല്ല് നിവാസികളുടെ പരസ്പര ബന്ധം ശക്തിപ്പെടുക കൂടി ചെയ്യും അത് വഴി.
  ഞാന്‍ പറഞ്ഞതില്‍ ശരിയുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ കാരുണ്യം ഒന്നു കൊണ്ട് മാത്രം. പറഞ്ഞത് തെറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ അതിന്റെ പേരില്‍ അവനോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നു.
 
*  *  *
     എന്റെ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചു വന്നതിന് ശേഷം ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായത്തിനെതിരെ ചില എതിര്‍വാദമുഖങ്ങള്‍ ഉന്നയിക്കപ്പെടുകയുണ്ടായി. ആ വിഷയങ്ങള്‍ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അവയെ അഭിസംബോധന ചെയ്യാനാണ് ശ്രമിക്കുന്നത്.

1. ഇബാദത്തിന് രൂപമാറ്റം വരുത്തുന്നു. ഇതാണ് ഒന്നാമത്തെ എതിര്‍ വാദം. ഇബാദത്തുകള്‍ക്ക് ഒരു വിധ രൂപമാറ്റവും വരുത്താന്‍ നമുക്ക് അധികാരമില്ല. അതിനാല്‍ എങ്ങനെയാണോ പ്രവാചകനും അനുയായികളും ജുമുഅ നിര്‍വഹിച്ചത് ആ രൂപത്തില്‍ തന്നെ അത് നിര്‍വഹിക്കപ്പെടണം. ഓണ്‍ലൈന്‍ ജുമുഅ താല്‍ക്കാലിക സംവിധാനമാണെങ്കിലും അത് നിര്‍വഹിക്കപ്പെടുന്നത് പ്രവാചകന്‍ നിര്‍ദേശിച്ച രീതിയില്‍ അല്ലാത്തതിനാല്‍ രൂപമാറ്റം വരുത്തല്‍ തന്നെയാണ്.
ഇത് വായിച്ചപ്പോള്‍ തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തില്‍ എന്റെ ജന്മദേശത്തു സജീവമായിരുന്ന മത ചര്‍ച്ചകള്‍ ഓര്‍മ വരികയാണ്. ബാങ്കിനും ഖുത്വ് ബക്കും നമസ്‌കാരത്തിനും ഉച്ചാഭാഷിണി (ങശരൃീുവീില) ഉപയോഗിക്കാമോ എന്നായിരുന്നു ഒരു ചര്‍ച്ച. പ്രമുഖ മതപണ്ഡിതന്മാര്‍ അണിനിരന്ന ചര്‍ച്ചയാണ്. എന്നിട്ടവര്‍ ഒടുവില്‍ ഐകകണ്ഠ്യേന തീരുമാനിച്ചത്, ഉച്ചാഭാഷിണി ഉപയോഗിച്ചുള്ള ജുമുഅ അനുവദനീയമല്ല എന്നായിരുന്നു! പ്രവാചകനും അനുയായികളും ഉച്ചാഭാഷിണി ഉപയോഗിച്ചല്ല ഖുത്വ് ബ നടത്തിയതെന്നും അതിനാലിത് പുതുനിര്‍മിതി (ബിദ്അത്ത്) ആണെന്നുമായിരുന്നു അവരുയര്‍ത്തിയ വാദം.
    അതിനു ശേഷം കുറച്ച് വര്‍ഷങ്ങളല്ലേ ആയുള്ളൂ. ഇന്നിപ്പോള്‍ ആ പള്ളികളിലൊക്കെ ബാങ്കിനും ജുമുഅക്കും മാത്രമല്ല മൗലിദ് പാരായണത്തിനും പ്രഭാഷണത്തിനും വരെ ഉച്ചാഭാഷിണി ഇല്ലാതെ കഴിയില്ല എന്ന നില വന്നിരിക്കുന്നു. ഈ 180 ഡിഗ്രി മാറ്റത്തിന് എന്താണ് കാരണം? ഉത്തരം വ്യക്തമാണ്. 'ജുമുഅയുടെയും നമസ്‌കാരത്തിന്റെയും രൂപമാറ്റ'ത്തിന് കാരണമാകും എന്ന് തുടക്കത്തില്‍ വിലയിരുത്തപ്പെട്ട ഒരു സംവിധാനം അങ്ങനെയല്ലെന്ന് പിന്നീട് ബോധ്യമാവുന്നു. യഥാര്‍ഥത്തില്‍ ഉച്ച ഭാഷിണി ഇബാദത്തുകള്‍ക്കൊന്നും ഒരു രൂപമാറ്റവും വരുത്തുന്നില്ല. മുഅദ്ദിന്റെയും ഖത്വീബിന്റെയും ഇമാമിന്റെയും ശബ്ദം  വിശ്വാസികളിലെത്തിക്കാനുള്ള ഒരു സംവിധാനം മാത്രമാണിത്. ഇബാദത്തില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് എല്ലാം വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നു എന്നത് നല്ല കാര്യമല്ലേ?
ഈയൊരു മനോഭാവം തന്നെയാണ് കോവിഡ് കാലത്ത് വെര്‍ച്വല്‍/ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ജുമുഅക്കായി ഉപയോഗപ്പെടുത്താം എന്ന അഭിപ്രായത്തിനെതിരെ മറുവാദമുന്നയിക്കുന്നവര്‍ക്കുമുള്ളത്. അവര്‍ ചില കാര്യങ്ങള്‍ ആലോചിക്കണം. പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞ തൊട്ടുടനെ തന്നെ പല പരിഷ്‌കരണങ്ങളും പുതുമകളും ഇസ്‌ലാമിക സമൂഹം കൊണ്ടു വന്നിട്ടില്ലേ? ആദ്യം വന്നത് മആദിനുകളാണ് അഥവാ മിനാരങ്ങള്‍. പ്രവാചകന്റെ കാലത്ത് മിനാരം ഉണ്ടായിരുന്നില്ല. പിന്നെ മിഹ്റാബ് വന്നു. ഒടുവില്‍ മൈക്രോഫോണും. ഇതിന് ഓരോന്നിനെതിരെയും തുടക്കത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. അവയൊന്നും ഇബാദത്തുകള്‍ക്ക് രൂപമാറ്റം വരുത്തുന്നില്ല എന്ന് ബോധ്യമായതിനാല്‍ പിന്നെ അവയൊക്കെ സ്വീകാര്യമാവുകയായിരുന്നു.
2. അണി മുറിഞ്ഞുപോകുന്നു. ഇതാണ് രണ്ടാമത്തെ എതിര്‍വാദം. ജുമുഅയില്‍ പങ്കെടുക്കുന്നവര്‍ അണിയണിയായി നിന്നാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്. ആ അണികള്‍ തമ്മില്‍ അസാധാരണമായ അകലം ഉണ്ടാകാന്‍ പാടില്ല. അതായത് രണ്ട് അണികള്‍ക്കിടയില്‍ കെട്ടിടങ്ങള്‍, വലിയ മതിലുകള്‍, പുഴകള്‍ പോലുള്ള വലിയ തടസ്സങ്ങള്‍/ അകലങ്ങള്‍ ഉണ്ടാകരുത്.
ജുമുഅ നമസ്‌കാരം തോളോട് തോള്‍ ചേര്‍ന്ന് അണിയായി നിന്ന്, ഓരോ അണിയും തൊട്ടുമുമ്പുള്ളതിന്റെ തുടര്‍ച്ചയായി വരുന്ന രൂപത്തില്‍ സംവിധാനിക്കണമെന്ന് തന്നെയാണ് റസൂല്‍ (സ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്. അണിനില്‍ക്കുമ്പോള്‍ വിടവുകള്‍ ഉണ്ടാകരുത്. അതിനുള്ള കാരണവും വ്യക്തം. ഇങ്ങനെ വിടവില്ലതെ അണിയൊപ്പിച്ച് നില്‍ക്കുമ്പോഴാണ് നമസ്‌കാരത്തിന്റെ ഓരോ ചലനത്തിലും അണികള്‍ക്ക് ഇമാമിനെ കൃത്യമായി പിന്തുടരാനാവുക. അതേ സമയം മാറ്റങ്ങള്‍ വരുമ്പോള്‍, സാഹചര്യങ്ങള്‍ വ്യത്യസ്തമാവുമ്പോള്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകളുമുണ്ടാവും. തെളിവായി ചില പ്രമുഖരെ ഉദ്ധരിക്കാം:
*  ഒരിക്കല്‍ ഇബ്നു അബ്ബാസ് (റ) പള്ളിക്ക് പുറത്തുള്ള നെടുമ്പുര (മഖ്‌സ്വൂറ)യില്‍ നമസ്‌കാരക്കാര്‍ക്ക് പിറകിലായി നമസ്‌കരിച്ചു. അദ്ദേഹം പറഞ്ഞു: 'മസ്ജിദിന് പുറത്ത് ഇമാമിനെ പിന്തുടര്‍ന്ന് നമസ്‌കരിക്കുന്നതിന് ഒരു തകരാറുമില്ല.'
*  സ്വാലിഹു ബ്നു ഇബ്റാഹീം പറയുന്നു: 'ഹുമൈദു ബ്നു അബ് ദുര്‍റഹ് മാന്റെ വീട്ടില്‍ വെച്ച് അനസു ബ്നു മാലിക് പള്ളിയിലെ ഇമാമിനെ പിന്തുടര്‍ന്നു ജുമുഅ നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടു. പള്ളിക്കും വീടിനുമിടയില്‍ അവ രണ്ടിനെയും വേര്‍തിരിക്കുന്ന ഒരു തെരുവ് ഉണ്ടായിരുന്നു.'
*  യൂനുസു ബ്നു ഉബൈദ് പറയുന്നു: 'പള്ളിയില്‍ നിന്ന് വേര്‍പ്പെട്ട ഒരു മുറിയില്‍ നിന്നു കൊണ്ട് പള്ളിയിലെ ഇമാമിനെ പിന്തുടര്‍ന്ന് അനസു ബ്നു മാലിക് ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നത് ഞാന്‍ കണ്ടു.'
*  ഇമാം മാലിക് പറയുന്നു: 'ജുമുഅ നമസ്‌കാരം പള്ളി മുറ്റത്തും പരിസരത്തുള്ള വസതികളിലും നിര്‍വഹിക്കാം. അണികള്‍ പരസ്പരം ചേര്‍ന്നു നില്‍ക്കണമെന്നില്ല. ഇനി പള്ളിക്കും നമസ്‌കാരക്കാര്‍ക്കുമിടയില്‍ മറയായി ഒരു തെരുവ് തന്നെ ഉണ്ടെങ്കിലും, പള്ളി നിറഞ്ഞു കവിഞ്ഞതാണെങ്കില്‍, അവരുടെ നമസ്‌കാരം സാധുവാകും.' പള്ളി നിറഞ്ഞു കവിയുക പോലുള്ള അത്യാവശ്യ ഘട്ടത്തിലല്ലാതെ ഒരാള്‍ ഇങ്ങനെ നമസ്‌കരിക്കുന്നത് അനഭിലഷണീയമാണെന്നും എന്നാല്‍ പോലും അയാളുടെ നമസ്‌കാരം സാധുവാകുമെന്നുമാണ് ഇബ്നു റുശുദ് പറയുന്നത്.
*  ഇബ്റാഹീമുല്‍ നഖഇയോട് ഒരാള്‍ ചോദിച്ചു: 'വീട്ടില്‍ നിന്നു കൊണ്ട് പള്ളിയിലെ ഇമാമിനെ നമസ്‌കാരത്തില്‍ പിന്തുടരുന്ന ഒരാളെപ്പറ്റി എന്ത് പറയുന്നു?' അദ്ദേഹം പറഞ്ഞു: 'അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല.' ഹസനുല്‍ ബസ്വരിയും ബുഖാരിയും ഇതേ അഭിപ്രായം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
പള്ളിയില്‍ നിന്ന് വേര്‍പ്പെട്ടു നില്‍ക്കുന്ന വീടുകളിലും റൂമുകളില്‍ വെച്ച് ഇമാമിനെ പിന്തുടര്‍ന്നു കൊണ്ട് നമസ്‌കരിക്കുന്നതിനെക്കുറിച്ച് നമ്മുടെ സദ് വൃത്തരായ മുന്‍ഗാമികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണിത്. അത്ര വിശാലമായി അവര്‍ക്ക് ചിന്തിക്കാന്‍ സാധിച്ചുവെങ്കില്‍ ഈ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ എന്തു കൊണ്ട് അത്തരം അഭിപ്രായങ്ങളെ നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല? നമ്മേക്കാള്‍ കൂടുതല്‍ ശരീഅത്ത് അറിയുന്നവരായിരുന്നില്ലേ അവര്‍?
ഇമാമിനെ നമസ്‌കാരത്തില്‍ പിന്തുടരുന്നത് പള്ളിക്കകത്തു വെച്ചായാലും പുറത്തു വെച്ചായാലും സാധുവാകുമെന്നാണ് നാല് മദ്ഹബുകളുടെയും അഭിപ്രായമെന്ന് ഇമാം ഇബ്നുതൈമിയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാമിനും നമസ്‌കാരത്തില്‍ പിന്തുടരുന്നവനുമിടയില്‍ ഒരു തെരുവോ ബോട്ടുകള്‍ സഞ്ചരിക്കുന്ന നദിയോ ഒക്കെ ഉണ്ടെങ്കില്‍ നമസ്‌കാരം ശരിയാവുമോ തുടങ്ങിയ കാര്യങ്ങളിലാണ് മദ്ഹബുകള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉള്ളത്. നമ്മുടെ കാലത്തേക്ക് വന്നാല്‍, തിരക്ക് കാരണം ജുമുഅ നമസ്‌കാരം ഇരു ഹറമുകളുടെയും പരിസരത്തുള്ള ക്ലോക് ടവര്‍ ഹോട്ടല്‍, സഫാ ഹോട്ടല്‍ പോലുള്ള താമസ സ്ഥലങ്ങളില്‍ വെച്ച് നിര്‍വഹിച്ചാല്‍ മതിയെന്ന് ഫത് വ യുണ്ടല്ലോ. എന്നിട്ടും, ഈ പ്രതിസന്ധി ഘട്ടത്തില്‍ പോലും സ്ഥലപരമായ അകലം ഒരു തടസ്സവാദമായി ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
ഓണ്‍ലൈന്‍ ജുമുഅയെക്കുറിച്ച് വേറെയും ചില ചെറിയ തടസ്സവാദങ്ങളുണ്ട്. 'ആവശ്യമുണ്ടെങ്കില്‍ ഇമാമിന് അടുത്തെത്താന്‍ പിറകില്‍ നമസ്‌കരിക്കുന്നവര്‍ക്ക് കഴിയണം' എന്നാണ് അതിലൊന്ന്. ആലോചിച്ചു നോക്കൂ, രണ്ട് ഹറമുകളിലും അത് പോലുള്ള വലിയ പള്ളികളിലും ഇതിന്ന് സാധ്യമാണോ? ഇമാമിനെ മൊബൈലില്‍ ബന്ധപ്പെടാമെന്നല്ലാതെ, പിറകില്‍ നമസ്‌കരിക്കുന്നവര്‍ക്കൊക്കെ അദ്ദേഹത്തിന്റ അടുത്തെത്തി ചേരാന്‍ കഴിയുമോ?
'ഇസ്‌ലാമിക ചരിത്രത്തില്‍ മുമ്പും ഇതു പോലുള്ള മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്. അന്നും ജുമുഅകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. പക്ഷേ, പകരം സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലല്ലോ.' മറ്റൊരു എതിര്‍ വാദം. ഉത്തരം വളരെ ലളിതം. ഉച്ചാഭാഷിണി, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി ഇന്നുള്ള യാതൊരു സംവിധാനങ്ങളും അന്നുണ്ടായിരുന്നില്ല. ആപ്പിള്‍ എങ്ങനെ എന്ന് ചോദിക്കുമ്പോള്‍ ഓറഞ്ച് പോലെ എന്ന് പറയും പോലുള്ള ഒരു വാദം.
സ്ഥലപരമായ അടുപ്പം, തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ കടുംപിടിത്തം പിടിക്കുന്നവര്‍ക്ക് ഇരു ഹറമുകളിലും വെച്ച് ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ചെയ്ത ഇബാദത്തുകള്‍ നിഷ്ഫലമായിപ്പോയി എന്നും പറയേണ്ടതായി വരും. ഇനി അത്തരക്കാര്‍ അവരുടെ തന്നെ പള്ളികളിലേക്ക് നോക്കട്ടെ. അത്തരം കാര്‍ക്കശ്യങ്ങളൊക്കെ അവിടെ പാലിക്കപ്പെടുന്നുണ്ടോ? അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഇത്തരം കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടാവുക വളരെ സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് സ്വീകരിക്കാവുന്ന മാതൃക മഹാന്മാരായ നമ്മുടെ പൂര്‍വികരുടേത് തന്നെയാണ്. ആ മാതൃക ഇതാണ്: ഈ അഭിപ്രായത്തോട് യോജിക്കുന്നവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കട്ടെ; അല്ലാത്തവര്‍ വിട്ടു നില്‍ക്കട്ടെ.  

(കനഡയിലെ ഇസ് ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൊറന്റോയില്‍ സീനിയര്‍ ലക്ചറര്‍ ആണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ