Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

പകര്‍ച്ചവ്യാധികളും പ്രവാസികളുടെ തിരിച്ചുവരവും

എ. വൈ. ആര്‍

ലോകമാകെ കോവിഡ് 19 എന്ന വൈറസ് രോഗം പടര്‍ന്നു പിടിച്ചിരിക്കുകയാണ്. കേരളീയര്‍ ഉപജീവനം തേടി ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും എത്തിപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ താണ്ഡവത്തില്‍ തൊഴിലും വരുമാനവും മാത്രമല്ല പലര്‍ക്കും ജീവനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് മൂലം കേരളത്തിനകത്തു മരിച്ചവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് മറുനാടുകളില്‍ മരിച്ച സഹോദരന്മാരുടെ സംഖ്യ. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ എങ്ങനെയെങ്കിലും സ്വന്തം മണ്ണില്‍, ഉറ്റവരുടെയും ഉടയവരുടെയും സാന്നിധ്യത്തില്‍ എത്തിച്ചേരാന്‍ ഉല്‍ക്കടമായി കൊതിക്കുക സ്വാഭാവികമാണ്. കേരള ജനതയും സര്‍ക്കാറും അവരുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുമുണ്ട്. പക്ഷേ വായു-ജല-കര ഗതാഗതോപാധികളെല്ലാം വിലക്കപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാവരും നിസ്സഹായരാകുന്നു. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള അധികാരവും ഉപാധികളും കേന്ദ്ര ഗവണ്‍മെന്റിന്റെ കൈയിലാണ്. രാജ്യത്തിന്റെ ആരോഗ്യ മേഖല പൂര്‍വസ്ഥിതിയിലാകുന്നതുവരെ ഇന്ത്യന്‍ പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ കഴിയണം എന്നാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാട്. ദേശീയതലത്തില്‍ രോഗവ്യാപനം തടയാന്‍ അതാവശ്യമാണെന്നവര്‍ പറയുന്നു.
പ്രവാസികളെ നാട്ടിലെത്തിക്കുന്ന പക്ഷം അവരെ ക്വാറന്റൈന്‍ ചെയ്യാനും ചികിത്സിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാമെന്ന് സംസ്ഥാന ഗവണ്‍മെന്റും ആ നടപടികളോട് സര്‍വാത്മനാ സഹകരിക്കാമെന്ന് കേരളത്തിലെ മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി വാഗ്ദാനം ചെയ്യുമ്പോള്‍ അങ്ങനെ കേരളീയരെ മാത്രമായി തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ല എന്നാണ് കേന്ദ്രം പറയുന്നത്.
കേരളീയരെ മാത്രം തിരിച്ചുകൊണ്ടുവരണമെന്ന് കേരളം ആവശ്യപ്പെടുന്നില്ല. എല്ലാ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. കേരളീയര്‍ തിരിച്ചുവരുന്നതുകൊണ്ട് ഇതര സംസ്ഥാനക്കാര്‍ക്ക് നാട്ടിലേക്കുള്ള വഴി അടയുന്നുമില്ല; തുറക്കുകയാണ് ചെയ്യുക. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസികളെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും വേണ്ട സജ്ജീകരണങ്ങളൊരുക്കാന്‍ ആ സംസ്ഥാന സര്‍ക്കാറുകള്‍ക്കോ കേന്ദ്ര സര്‍ക്കാറിനോ കഴിയില്ലെങ്കില്‍ അതു കേരളീയ പ്രവാസികളുടെ കുറ്റവുമല്ല. എന്നിരിക്കെ വിദേശ മലയാളികളുടെ തിരിച്ചുവരവ് വിലക്കുന്ന കേന്ദ്ര നിലപാടിന്റെ പ്രചോദനം ആരോഗ്യ താല്‍പര്യമല്ല; രാഷ്ട്രീയ താല്‍പര്യമാണ് എന്നു കരുതേണ്ടിയിരിക്കുന്നു.
പകര്‍ച്ചവ്യാധി ഉള്ള സ്ഥലത്തുനിന്ന് അതില്ലാത്ത ദേശത്തേക്ക് ആളുകള്‍ വരുന്നതും ഇല്ലാത്ത ദേശത്തുനിന്ന് ഉള്ള ദേശത്തേക്ക് പോകുന്നതും സംബന്ധിച്ച ദീനീകാഴ്ചപ്പാട് സംബന്ധിച്ച ഒരാലോചനയാണ് ഈ കുറിപ്പ്.
മുഹമ്മദ് നബി (സ) പ്രസ്താവിച്ചതായി പ്രവാചക ശിഷ്യന്‍ അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ് ഉദ്ധരിക്കുന്നു: 'ഒരു നാട്ടില്‍ പകര്‍ച്ചവ്യാധിയുള്ളതായി കേട്ടാല്‍ നിങ്ങള്‍ അങ്ങോട്ടു പോകരുത്. നിങ്ങള്‍ ഉള്ള  നാട്ടില്‍ പകര്‍ച്ചവ്യാധി ഉണ്ടായാല്‍ അവിടെനിന്ന് ഓടിപ്പോവുകയുമരുത്' (സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍ 2953). നബി (സ) പ്രസ്താവിച്ചതായി പ്രവാചക ശിഷ്യന്‍ ഉസാമ ഉദ്ധരിക്കുന്നു: 'ഒരു നാട്ടില്‍ മഹാമാരിയുള്ളതായി കേട്ടാല്‍ നിങ്ങള്‍ അങ്ങോട്ടു പോകരുത്. നിങ്ങള്‍ ഉള്ള നാട്ടിനെ മഹാമാരി ബാധിച്ചാല്‍ അവിടെനിന്ന് ഓടിപ്പോവുകയുമരുത്.' ഇവ്വിഷയകമായി ഇതിലേറെ പ്രമാണങ്ങള്‍ ഈ ലേഖകന് കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ രണ്ട് നബിവചനങ്ങളും മഹാമാരിയുള്ള സ്ഥലത്തേക്ക് പോകുന്നതും അവിടെനിന്ന് പുറത്തു പോരുന്നതും വിലക്കുന്നു. വിലക്കിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു അതിന്റെ നിയമപ്രാബല്യം.
മഹാമാരി ബാധിച്ച പ്രദേശത്തുനിന്ന് ഇങ്ങോട്ടും അങ്ങോട്ടുമുള്ള സഞ്ചാരത്തിന്റെ വിലക്ക് അനഭിലഷണീയതയെ(കറാഹത്ത്)യാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു നിയമപ്രാബല്യമില്ല. അത് അനുസരിക്കാനും അനുസരിക്കാതിരിക്കാനും വ്യക്തികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അനുസരിക്കുന്നത് പ്രതിഫലാര്‍ഹമായ നന്മയാണ്. അവഗണിക്കുന്നത് തിന്മയാണെങ്കിലും ശിക്ഷാര്‍ഹമായ കുറ്റമാകുന്നില്ല. ന്യായമായ കാരണമുണ്ടെങ്കില്‍ അതനുവദനീയവുമാകുന്നു. മേല്‍പറഞ്ഞ നബിവചനങ്ങളെ ഈ അര്‍ഥത്തിലെടുക്കുമ്പോള്‍ പകര്‍ച്ചവ്യാധി ബാധിച്ച ദേശത്തുനിന്നുള്ള ഒഴിച്ചുപോക്ക് അഭിലഷണീയമല്ല. എങ്കിലും അതു വേണോ, വേണ്ടേ എന്ന് വ്യക്തിക്ക് സ്വയം തീരുമാനിക്കാം. ഒഴിച്ചുപോരുന്നതില്‍ പരിഗണനീയമായ താല്‍പര്യം (മസ്വ്‌ലഹത്ത്) ഉണ്ടെങ്കില്‍ അത് അനുവദനീയങ്ങളുടെ ഗണത്തില്‍ പെടുന്നു. നബിവചനങ്ങളിലെ വിലക്ക് അനഭിലഷണീയതയെ കുറിക്കുന്നതാണെന്ന്, രണ്ടാം ഖലീഫ ഉമറു(റ)മായി ബന്ധപ്പെട്ട ഒരു ചരിത്ര സംഭവം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ഒരിക്കല്‍ മുഹാജിറുകളും അന്‍സ്വാറുകളും ഉള്‍പ്പെട്ട ഒരു സംഘവുമായി ശാമിലേക്കു പുറപ്പെട്ടു. സറഗ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ശാമില്‍ കോളറ ബാധിച്ചതായി വിവരം ലഭിച്ചു. ഉമര്‍ അവിടെയുള്ള ഉദ്യോഗസ്ഥന്മാരോടും സഹയാത്രികരോടും ഇനിയെന്തു വേണമെന്ന് അഭിപ്രായമാരാഞ്ഞു. ചിലര്‍ ഖലീഫ ശാം യാത്ര റദ്ദാക്കി തിരിച്ചു പോകണമെന്നഭിപ്രായപ്പെട്ടു. താങ്കള്‍ സുപ്രധാനമായ ഒരു കാര്യത്തിനു പുറപ്പെട്ടതല്ലേ, അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് യാത്ര തുടരുക എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. ഉമര്‍ (റ) ഒന്നാമത്തെ അഭിപ്രായം സ്വീകരിച്ചു തിരിച്ചുപോരാന്‍ തീരുമാനിച്ചു. ഈ സന്ദര്‍ഭത്തിലാണ് അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് പ്രവാചകന്റെ പ്രസ്താവന ഉദ്ധരിച്ചത്. നിര്‍ബന്ധമായി പാലിക്കപ്പെടേണ്ട നിയമമായിരുന്നുവെങ്കില്‍ ഉമറിനെപ്പോലെ മഹാനായ ഒരു ഭരണാധികാരി അവരെ അതറിയിക്കാതിരിക്കാന്‍ സാധ്യതയില്ല. ഇബ്‌നു ഔഫ് ഉദ്ധരിച്ച വചനത്തിന്റെ താല്‍പര്യം നിഷിദ്ധത (ഹറാം) ആയിരുന്നുവെങ്കില്‍, ഉമര്‍ (റ) അന്ന് ശാമിലേക്കുള്ള ഗതാഗതം പൂര്‍ണമായി വിലക്കിക്കൊണ്ട് ഉത്തരവിടുമായിരുന്നു, അതുണ്ടായിട്ടില്ല.
നബിവചനങ്ങളിലെ വിലക്ക് അനുസരിക്കേണ്ടത് നിര്‍ബന്ധമായ നിയമം എന്ന നിലക്കുള്ളതാണെങ്കില്‍ പകര്‍ച്ചവ്യാധി ബാധിച്ച നാട്ടില്‍നിന്ന് ഒഴിഞ്ഞുപോരുന്നത് നിഷിദ്ധം (ഹറാം) ആകുന്നു. നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ അത് ചെയ്യാവൂ. ബലാല്‍ക്കാരം പുറത്താക്കപ്പെടുന്നതും ആ നാട്ടില്‍ തങ്ങിയാല്‍ സ്വന്തം ജീവന്‍ അപകടത്തിലാകുന്നതും പുറത്തു കടന്നാല്‍ രക്ഷപ്പെടാന്‍ വഴി തെളിയുന്നതുമായ സാഹചര്യവും നിര്‍ബന്ധിതാവസ്ഥക്ക് ഉദാഹരണങ്ങളാകുന്നു. പ്രവാസികള്‍ ഇപ്പോള്‍ ഈ രണ്ടു തരം നിര്‍ബന്ധിതാവസ്ഥകളെയും അഭിമുഖീകരിക്കുന്നുണ്ട്. ചില ഗവണ്‍മെന്റുകള്‍ തങ്ങളുടെ രാജ്യത്തുള്ള പ്രവാസികളെ ഒഴിപ്പിച്ചു കൊണ്ടുപോകണമെന്ന് ബന്ധപ്പെട്ട സര്‍ക്കാറുകളോടാവശ്യപ്പെടുന്നു. മിക്ക രാജ്യങ്ങളിലും കോവിഡിന്റെ വ്യാപനം കേരളത്തേക്കാള്‍ ശക്തിയിലും വേഗത്തിലുമാണ്. കേരളത്തില്‍ ലഭിക്കുന്നത്ര ഫലപ്രദമായ പരിചരണവും ചികിത്സയും അവിടങ്ങളില്‍ ലഭിക്കുന്നുമില്ല. ഇതെല്ലാം പ്രവാസികള്‍ക്ക് ആ നാടുകളില്‍നിന്ന് പുറത്തുകടക്കാനുള്ള നിര്‍ബന്ധിതാവസ്ഥകളാണ്.
പ്രവാചകന്‍ വിലക്കുന്നത് പകര്‍ച്ചവ്യാധി ഉള്ള ദേശത്തുനിന്ന് ഇല്ലാത്ത ദേശത്തേക്ക് ഓടിപ്പോകുന്നതിനെയാണ്. നാം അഭിമുഖീകരിക്കുന്ന കോവിഡ് 19 കേരളമുള്‍പ്പെടെ ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. സ്വദേശത്തെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ വരുന്നത് കോവിഡ് ഉള്ള സ്ഥലത്തുനിന്ന് ഇല്ലാത്ത സ്ഥലത്തേക്കല്ല; അതുള്ള സ്ഥലത്തേക്കു തന്നെയാണ്. ഈ യാത്ര നബിവചനം വിലക്കിയ യാത്രയില്‍ പെടുന്നില്ല. പ്രവാസികളെല്ലാവരും രോഗം പേടിച്ച് ഓടിപ്പോരുകയല്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവരും വിസ തീര്‍ന്നവരും താല്‍ക്കാലിക സന്ദര്‍ശനത്തിനെത്തി ഗതാഗത മാര്‍ഗങ്ങളടഞ്ഞ് കുടുങ്ങിപ്പോയവരുമാണ് ഏറെയും. ഭദ്രമായ തൊഴിലോ ബിസിനസ്സോ ഉള്ളവര്‍ അതെല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോരാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് വാസ്തവം.
ഹദീസുകള്‍ യാത്ര വിലക്കിയതിന്റെ ലക്ഷ്യം രോഗവ്യാപനം തടയുകയാണെന്ന് സുവ്യക്തമാണല്ലോ. പ്രാചീന കാലത്ത് മഹാമാരികളുടെ വ്യാപനം തടയാനുള്ള ഏകമാര്‍ഗം രോഗികളും രോഗമില്ലാത്തവരും തമ്മിലുള്ള സമ്പര്‍ക്കം വിലക്കുക മാത്രമായിരുന്നു. ഇന്നും സമ്പര്‍ക്ക വിലക്ക് അതിപ്രധാനം തന്നെ. എന്നാല്‍ സമ്പര്‍ക്ക വിലക്ക് രോഗികളെയും രോഗസാധ്യതയുള്ളവരെയും ബഹിഷ്‌കരിക്കലായിക്കൂടാ. രോഗസന്ദര്‍ശനവും ശുശ്രൂഷയും മഹത്തായ പുണ്യകര്‍മമായും വിശ്വാസികളുടെ കടമയായും ഇസ്ലാം നിര്‍ദേശിച്ചിരിക്കുന്നു. പ്രാചീനകാലത്ത് ചികിത്സയില്ലാതിരുന്ന പല മാരക രോഗങ്ങള്‍ക്കും ഇന്ന് ഫലപ്രദമായ ചികിത്സയുണ്ട്. കോവിഡ് 19 പുതിയ രോഗമായതിനാല്‍ അതിനുള്ള ഔഷധം അന്വേഷിച്ചു വരുന്നതേയുള്ളൂ. എങ്കിലും മറ്റ് വൈറസ് രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡുകാരില്‍ പരീക്ഷിക്കുന്നുണ്ട്. ചിലരില്‍ അതു ഫലപ്രദമാകുന്നു. കേരളത്തില്‍ തന്നെ നൂറുകണക്കില്‍ രോഗികള്‍ സുഖം പ്രാപിച്ചിരിക്കുന്നു.
യാത്രാവിലക്കിന്റെ ലക്ഷ്യം രോഗവ്യാപനം തടയുകയാണ്, മെച്ചപ്പെട്ട ചികിത്സയും പരിചരണവും തടയുകയല്ല. പുറത്തുനിന്നെത്തുന്ന വരെ ക്വാറന്റൈനിലാക്കുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ സംവിധാനം യാത്രാവിലക്കിന്റെ ലക്ഷ്യം ഏറക്കുറെ പൂര്‍ത്തീകരിക്കുന്നുണ്ട്.
സ്വരാജ്യം വിട്ട് അന്യരാജ്യത്തെത്തുന്നവര്‍ ആ രാജ്യത്തെ പൗരന്മാരാകുന്നില്ല. ജന്മനാട്ടിലെ പൗരത്വം ഉപേക്ഷിച്ച്, അന്യനാട്ടിലെ പൗരത്വം സ്വീകരിക്കുന്നതുവരെ അവര്‍ ജന്മനാട്ടിന്റെ പൗരന്മാര്‍ തന്നെയാണ്. നാട്ടില്‍ വസിക്കുന്നവരുടെ പൗരാവകാശങ്ങളെല്ലാം അവര്‍ക്കുമുണ്ട്. രാജ്യത്തിന്റെ വ്യവസ്ഥിതിയേതായിരുന്നാലും സ്വദേശത്തുള്ള പൗരന്മാരുടെ എന്ന പോലെ വിദേശത്തുള്ള പൗരന്മാരുടെയും സംരക്ഷണം ഭരണകൂടത്തിന്റെ പ്രാഥമിക ബാധ്യതയാകുന്നു. അതിനുവേണ്ടിയാണ് ഓരോ രാജ്യവും മറ്റു രാജ്യങ്ങളില്‍ എംബസികളും കോണ്‍സുലേറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡിന്റെ ഏറ്റം ശക്തമായ കടന്നാക്രമണം നേരിടുന്ന യു.എസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ അവരുടെ പ്രവാസികളെ സ്വദേശത്തെത്തിച്ചുകൊണ്ടിരിക്കുന്നത് പൗരത്വത്തിന് കല്‍പിക്കുന്ന മൂല്യത്തിന്റെയും ആദരവിന്റെയും പ്രതിബദ്ധതയുടെയും പേരിലാണ്.
രാജ്യത്തിനകത്തുള്ള പൗരന്മാരെപ്പോലെ, അല്ല അതിലധികം രാജ്യസ്‌നേഹികളും സേവകരുമാണ് പ്രവാസികള്‍. പ്രതിസന്ധിഘട്ടങ്ങള്‍ വരുമ്പോള്‍ അവരുടെ വേദനകളും യാതനകളും കണ്ടില്ലെന്നു നടിക്കുന്നത് ക്രൂരമായ കൃതഘ്‌നതയും പൗരാവകാശനിഷേധവുമാകുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ