ക്വാറന്റൈനില്‍ ഇരിക്കുമ്പോള്‍
ക്വാറന്റൈനിലിരുന്ന്
തെരുവിലേക്ക് നോക്കി
കലാപത്തില്‍ തലയറ്റവര്‍,
ഉടലറ്റവര്‍, നാടറ്റവര്‍
തെരുവിലെ ശാന്തതയിലേക്ക്
മടങ്ങിവരുന്നു.
ക്വാറന്റൈനിലിരുന്ന്
കടലിലേക്ക് നോക്കി
ആളൊഴിഞ്ഞ കടല്‍ത്തീരത്തിരുന്ന്
ഐലന്‍ കുര്‍ദിയുടെ കിനാക്കള്‍
സ്വര്‍ണവെയില്‍ കൊള്ളുന്നു.
ക്വാറന്റൈനിലിരുന്ന്
പുഴയിലേക്ക് നോക്കി
മണ്ണറ്റ അഭയാര്‍ഥികളുടെ
താളം നിലച്ച പ്രതീക്ഷകള്‍
കരയിലൊരിടം കിട്ടാതെ
മീനുകള്‍ക്കൊപ്പം നീന്തുന്നു.
ക്വാറന്റൈനിലിരുന്ന്
പ്രകൃതിയുടെ മുറിവിലേക്ക് നോക്കി
ഇറ്റിറ്റു വീഴുന്ന ചോര തുടച്ച്
പച്ച തൊങ്ങലുകളണിഞ്ഞ്
ഹരിതമേറും ചന്തത്തില്‍
കാറ്റിന്റെ അരക്കെട്ടില്‍ തൂങ്ങിയത്
നൃത്തം വെക്കാന്‍ വെമ്പുന്നു.
ക്വാറന്റൈനിലിരുന്ന്
തടവറകളിലേക്ക് നോക്കി
വിചാരണയില്ലാതെ കല്പാന്തം
സമ്പര്‍ക്ക വിലക്കിലിരുന്നവര്‍
നീതി പുലരും പ്രതീക്ഷകളെ
രാകി രാകി മിനുക്കുന്നു.
ക്വാറന്റൈനിലിരുന്ന്
സ്വന്തം കൈകളിലേക്ക് നോക്കി
ലോഷനൊഴിച്ച് പലവട്ടം
തേച്ചുരച്ചു കഴുകിയിട്ടും
മായുന്നില്ലല്ലോ ദൈവമേ
ഈ ചോരക്കറ.
Comments