Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

കണ്ണുനീര്‍ കുടിപ്പിച്ച രണ്ടിടങ്ങഴി അരി

വി.കെ കുട്ടു, ഉളിയില്‍

രണ്ടാം ലോക യുദ്ധം നടക്കുന്ന കാലം. അന്ന് മലബാര്‍ മദ്രാസ് സ്റ്റേറ്റിലെ ഒരു ജില്ലയാണ്. മലബാറില്‍ അരി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമായിരുന്നത് വയനാട് മാത്രമായിരുന്നു. മലമ്പുഴ അണക്കെട്ട് പണിയുന്നതിനു മുമ്പുള്ള പാലക്കാട് പനകള്‍ വളരുന്ന വരണ്ട ഭൂമിയായിരുന്നു. അരിക്കു വേണ്ടി മലബാര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് ബര്‍മയെയും തായ്‌ലന്റിനെയും ആയിരുന്നു. അവിടങ്ങളില്‍നിന്ന് മലബാറിലേക്ക് അരി ഇറക്കുമതി ചെയ്തിരുന്നത് കോഴിക്കോട്ടെയും തലശ്ശേരിയിലെയും പ്രമുഖ മുസ്‌ലിം കച്ചവടക്കാര്‍. പായക്കപ്പലുകളിലാണ് അരി കൊണ്ടുവരിക. രണ്ടാം ലോകയുദ്ധത്തോടെ ബര്‍മയും തായ്‌ലന്റും  ജപ്പാന്റെ അധീനത്തിലായി. മലബാറില്‍നിന്നും അരി കയറ്റാന്‍ പോയ പായക്കപ്പലുകളെ ജപ്പാന്റെ പടക്കപ്പലുകള്‍ തകര്‍ത്തു. 1943 മുതല്‍ മലബാറിലെ പൊതു വിപണിയില്‍ അരി ലഭ്യമല്ലാതായി. അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് പൊതു വിപണിയില്‍ അരി കടത്തുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമാക്കി. പട്ടണങ്ങളില്‍ മാത്രം പരിമിതമായ റേഷന്‍ ഷോപ്പുകള്‍ ആരംഭിച്ചു. റേഷന്‍ കാര്‍ഡുകള്‍ വഴി ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് എട്ട് ഔണ്‍സും ചിലപ്പോള്‍ നാല് ഔണ്‍സും അരിയായിരുന്നു അനുവദിച്ചിരുന്നത്. അത് ഒരു നേരത്തെ ഭക്ഷണത്തിനു മതിയാകുമായിരുന്നു. ഉള്‍നാടന്‍ കര്‍ഷകരില്‍നിന്ന് അവരുല്‍പാദിപ്പിച്ച നെല്ലില്‍നിന്ന് അവരുടെ ആവശ്യം കഴിച്ചുള്ള നെല്ല് നിര്‍ബന്ധ ലെവിയില്‍ സര്‍ക്കാര്‍ ശേഖരിച്ചു. 1945 ആയപ്പോഴേക്കും പട്ടണങ്ങളിലെ റേഷന്‍ ഷോപ്പുകളില്‍ ലഭിച്ചിരുന്നത് എവിടെയൊക്കെയോ പൂഴ്ത്തിവെച്ചിരുന്ന, പുഴുക്കള്‍ നിറഞ്ഞ പച്ചരിയായിരുന്നു. റേഷന്‍ ഷോപ്പില്‍നിന്ന് ഞാന്‍ വാങ്ങിക്കൊണ്ടു വന്ന പച്ചരിയിലെ പുഴുക്കളുടെ ആധിക്യം കണ്ടപ്പോള്‍ തന്നെ ഉമ്മ എന്നെ ആ അരി സഞ്ചിയുമായി അല്‍പം അകലെ മുറുക്കുണ്ടാക്കി വിറ്റിരുന്ന കൊങ്കിണി ചെട്ടിയുടെ അരികിലേക്ക് പറഞ്ഞയച്ചു. ആ അരി അവിടെ കൊടുത്ത് കാശു വാങ്ങിച്ചു. ആ കാശു കൊണ്ട് മുത്താറി വാങ്ങി അരച്ച് തേങ്ങയും ചേര്‍ത്ത് മുത്താറിപ്പത്തലുണ്ടാക്കി കഴിച്ചു.
ആ സന്ദര്‍ഭത്തില്‍ തലശ്ശേരിയിലെ തറവാട് ഭവനത്തില്‍ ഉമ്മയോടൊപ്പം ഉമ്മാമയുമുണ്ടായിരുന്നു. ഉമ്മാമ ചിലപ്പോഴെല്ലാം പറയുന്നത് കേട്ടിരുന്നു: 'മോനേ, ദുന്‍യാവ് പോ പോ എന്നു പറയുന്നു. ഖബ്ര്‍ ബാ ബാ എന്ന് വിളിക്കുന്നു.' ഉമ്മാമ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നത് അക്കാലത്ത് മലബാറില്‍ വസൂരിയും പ്ലാഗും കാരണം പലരും മരിച്ചുകൊണ്ടിരുന്ന വിവരം അറിഞ്ഞതിനാലായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. മാതൃസഹോദരന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ യുദ്ധമുഖത്താണ്.
ഉമ്മാക്ക് രോഗം ബാധിച്ചു. പാരമ്പര്യ വൈദ്യനായിരുന്നു ചികിത്സിച്ചിരുന്നത്. പലതരം പച്ചമരുന്നുകള്‍ തറച്ചു നുറുക്കിയത് ഒരു ഇടങ്ങഴി വെള്ളത്തില്‍ കാച്ചിക്കുറുക്കി നാലിലൊന്നാക്കിയ കഷായമായിരുന്നു ഉമ്മാക്ക് കഴിക്കേണ്ടിയിരുന്നത്. ആ കഷായത്തിന്റെ കടുപ്പിനേക്കാള്‍ ഉമ്മയെ പ്രയാസപ്പെടുത്തിയത് വൈദ്യര്‍ ഭക്ഷണത്തില്‍ കല്‍പിച്ച പഥ്യമായിരുന്നു. നെല്ല് പുഴുങ്ങി കൈകൊണ്ട് ഉലക്ക ഉപയോഗിച്ച് കുത്തിയ അരിയുടെ കഞ്ഞി മാത്രമായിരുന്നു കഴിക്കാന്‍ അനുവദിച്ചിരുന്നത്. വേണമെങ്കില്‍ ചെറുനാരങ്ങ ഉപ്പിലിട്ടതും തൊട്ടുകൂട്ടാം. പുഴുങ്ങലരിയോ നെല്ലോ പ്രദേശത്ത് എവിടെയും ലഭ്യമായിരുന്നില്ല. കാസര്‍കോട് താലൂക്കിലെ ചെറുവത്തൂരില്‍ താമസിച്ചിരുന്ന എളയാപ്പാക്ക് നെല്‍കൃഷിയുണ്ടായിരുന്നു. ഉമ്മാക്ക് അരിക്കുവേണ്ടി അവിടേക്ക് പറഞ്ഞയക്കാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചിരുന്ന പതിനൊന്നു വയസ്സുകാരനായ ഞാനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. മുതിര്‍ന്നവരോടൊപ്പം രണ്ട് പ്രാവശ്യം തീവണ്ടിയിലൂടെ ചെറുവത്തൂരില്‍ പോയ പരിചയമുണ്ട്. രോഗിയായ ഉമ്മാക്ക് കഞ്ഞി കുടിക്കണമെങ്കില്‍ ഞാന്‍ ചെറുവത്തൂരില്‍ പോയി അരി കൊണ്ടുവരണം. അര ഉറുപ്പിക കൊടുത്ത് തീവണ്ടി യാത്രക്ക് കുട്ടികള്‍ക്കുള്ള അര ടിക്കറ്റ് വാങ്ങി ചെറുവത്തൂരിലെത്തി. നെല്‍വയലുകള്‍ക്കിടയിലുള്ള വരമ്പുകളിലൂടെ നടന്നു എളയാപ്പായുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇവിടെ നെല്ലും അത് കുത്തിയെടുത്ത അരിയുമുണ്ട്. ഇവിടെ നിന്ന് അത് കൊണ്ടുപോകാന്‍ സാധിക്കില്ല. തീവണ്ടിയിലും ജില്ലാ അതിര്‍ത്തിയിലുമെല്ലാം അരി കടത്തുന്നത് തടയാനുള്ള വലിയ പരിശോധനയാണ്. രണ്ടിടങ്ങഴി അരി മാത്രം ചെറിയൊരു തുണി സഞ്ചിയിലാക്കി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചുതരാം. നീ അത് വണ്ടിയില്‍ ഇരിക്കുന്ന സീറ്റിനടിയില്‍ വെച്ച് ദൂരെ പോയി ഇരുന്നോളണം. പരിശോധനക്കുള്ള ആള് വന്നു ചോദിച്ചാല്‍ നിന്റേതാണെന്നു പറയരുത്. പറഞ്ഞാല്‍ അവര്‍ നിന്നെ അരിയോടൊപ്പം പിടിച്ചുകൊണ്ടുപോകും.' എളയാപ്പ പറഞ്ഞത് പ്രകാരം ചെയ്തു. അകലെയൊരു സീറ്റില്‍ പോയി ഇരുന്നു. തെക്കന്‍ കര്‍ണാടക ജില്ലയുടെ തെക്കേ അതിര്‍ത്തിയായ തൃക്കരിപ്പൂരില്‍ വണ്ടി കാല്‍ മണിക്കൂറോളം നിന്നു. രണ്ടു പോലീസുകാരും സാധാരണ ഡ്രസ്സുള്ള രണ്ടു പേരും വണ്ടിയില്‍ കയറി. അരി പരിശോധന തുടങ്ങി. ദീര്‍ഘ യാത്രക്കാര്‍ വസ്ത്രങ്ങളും മറ്റും അടക്കിവെച്ചിരുന്ന തകരപ്പെട്ടികളും (മുന്‍കാലത്ത് സ്യൂട്ട് കെയ്‌സിനു പകരം ഉപയോഗിച്ചിരുന്നത്) ചാക്കുകളും തുറന്നു പരിശോധിച്ചു. എന്റെ തുണി സഞ്ചി ഒരു പോലീസുകാരന്‍ ലാത്തി കൊണ്ട് കുത്തി, ഇതാരുടേതെന്ന് ചോദിച്ചു. ഞാന്‍ ഭയന്ന് തലതാഴ്ത്തി നിശ്ശബ്ദം ഇരുന്നു. പോലീസുകാരന്‍ ആ തുണി സഞ്ചിയെടുത്ത് പ്ലാറ്റ്‌ഫോമിലിട്ടു. വണ്ടി സ്റ്റേഷന്‍ വിട്ടപ്പോള്‍ രോഗിയായ ഉമ്മ ഇനി എന്തു കഴിക്കുമെന്നോര്‍ത്ത് കണ്ണുനീര്‍ അടര്‍ന്നുവീണു. വണ്ടി പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ടു കരഞ്ഞുപോയി.
വണ്ടിയില്‍ അടുത്തിരുന്ന ആള്‍, താനെന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോള്‍, പോലീസുകാരന്‍ കൊണ്ടുപോയത് എന്റെ അരി സഞ്ചിയാണെന്ന് പറഞ്ഞു. എന്റെ വാക്കുകള്‍ കേട്ട മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു: 'കുട്ടി ഒന്നും പറയാത്തത് നന്നായി. അരി സഞ്ചി കുട്ടിയുടേതാണെന്ന് പോലീസുകാരന്‍ അറിഞ്ഞിരുന്നെങ്കില്‍ അരി സഞ്ചിയോടൊപ്പം കുട്ടിയെയും കൊണ്ടുപോകുമായിരുന്നു.'
പില്‍ക്കാലത്ത് പെണ്‍മക്കളും ഇപ്പോള്‍ പേരക്കുട്ടികളും സുഭിക്ഷമായി ബിരിയാണി പാകം ചെയ്തു വിളമ്പുന്നത് കണ്ടപ്പോഴെല്ലാം ഈ അനുഭവം അവരെ ഓര്‍മിപ്പിച്ചിരുന്നു. ഒരു തുള്ളി കണ്ണുനീര്‍ അപ്പോഴും ഉറ്റിയിരുന്നു.
(ഭക്ഷണധാന്യങ്ങള്‍ പൊതു വിപണിയില്‍ വില്‍ക്കുന്നതിനും കടത്തുന്നതിനുമുണ്ടായിരുന്ന വിലക്കുകള്‍ നീക്കിയത് 1954 മെയ് മാസത്തിലാണ്. അപ്പോള്‍ കേന്ദ്ര ഭക്ഷ്യമന്ത്രി റാഫി അഹ്മദ് കിദ്വായി ആയിരുന്നു).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം