Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

മൗലാനയോടൊപ്പം കഴിഞ്ഞ ദിനങ്ങള്‍

കെ.എസ് അബ്ദുല്‍ മജീദ് 

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കര്‍ണാടകയിലെ റായ്ച്ചൂരില്‍ അന്തരിച്ച ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അമീര്‍ മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബുമൊത്ത് കുറേ യാത്ര ചെയ്യാനും കുറച്ച് ദിവസം ഒന്നിച്ചു താമസിക്കാനും ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കാനും സൗഭാഗ്യം ലഭിച്ചിരുന്നു. മൗലാനയുമായി ഞാന്‍ ബന്ധപ്പെടുന്നത് 1988-ലാണ്. അന്ന് മൗലാന ജമാഅത്തിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്. ഞാന്‍ പാലക്കാട് ജില്ലാ നാസിമും. പാലക്കാട് ജില്ലാ പ്രവര്‍ത്തന സംഗമം, പൊതുപരിപാടി എന്നിവയാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍. പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് നടത്തിയ  പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി  ഏറ്റെടുത്തിട്ടുള്ള ചുമതലകള്‍ എന്തൊക്കെയെന്ന് സവിസ്തരം പ്രതിപാദിച്ചു.  പാലക്കാട് മുനിസിപ്പല്‍ മൈതാനിയില്‍ നടത്തിയ പൊതു പ്രഭാഷണം അവിസ്മരണീയമായിരുന്നു. ഇന്ത്യയുടെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളെ മൊത്തം  വിശകലനം ചെയ്യുന്ന ഉജ്ജ്വല പ്രഭാഷണം. പിന്നെ വേറെയാരും സംസാരിച്ചില്ല. അത്  നന്നായെന്ന് പിന്നെ ഞങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
എനിക്ക് ഒരിക്കലും മറക്കാനാവാത്തത് ഞങ്ങളുടെ ആന്തമാന്‍ യാത്രയാണ്. 2002 ഡിസംബര്‍ 27-ന് ഹിറാ സെന്ററില്‍നിന്ന് അന്നത്തെ ജമാഅത്ത് ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ ഹകീം സാഹിബ് ഫോണില്‍ വിളിച്ചു. ഞാന്‍ ഗള്‍ഫ് യാത്ര കഴിഞ്ഞ് തിരിച്ചെത്തി ഒരസുഖവുമായി (പുറം വേദന) വീട്ടിലായിരുന്നു. ഹകീം സാഹിബ് ചോദിച്ചു, അസുഖമെങ്ങനെയുണ്ട്? ഞാന്‍ പറഞ്ഞു, അല്‍പം ഭേദമുണ്ട്. ഹകീം സാഹിബ് പറഞ്ഞു: 'അഖിലേന്ത്യാ അമീര്‍ സിറാജുല്‍ ഹസന്‍ സാഹിബിനോടൊപ്പം ഒരു ആന്തമാന്‍ യാത്രയുണ്ട്. പോകാന്‍ കഴിയുമോ?' ഞാന്‍ പറഞ്ഞു: 'എന്റെ എല്ലാ രോഗവും മാറി. ഞാന്‍ ഉടനെ പോകാം.' അഖിലേന്ത്യാ അമീറും ഹല്‍ഖാ അമീറുമാണ് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹല്‍ഖാ അമീറിന് ഒഴിവാക്കാന്‍ പറ്റാത്ത ഒരു പരിപാടിയുള്ളതു കൊണ്ട് വരാന്‍ പറ്റുമായിരുന്നില്ല.
രാവിലെ എട്ട് മണിക്കായിരുന്നു ഫ്‌ളൈറ്റ്. എയര്‍പോര്‍ട്ടില്‍ ഇരുന്നു ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറംവേദന കൊണ്ട് ഞാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. എന്റെ പ്രയാസം മനസ്സിലാക്കി മൗലാന എന്നോട് ചോദിച്ചു, എന്താണ് താങ്കള്‍ക്കൊരു അസ്വസ്ഥത? ഞാന്‍ വിവരം പറഞ്ഞു. ഏതു ഭാഗത്താണ് വേദന എന്ന് ചോദിച്ചു. കാണിച്ചു കൊടുത്തു. അദ്ദേഹം ആ ഭാഗം നന്നായി തടവി. വിരലമര്‍ത്തി തടവി, എന്തോ ഉരുവിടുകയും ചെയ്തു.  കുറേ കഴിഞ്ഞ് എന്നോട് ചോദിച്ചു, എങ്ങനെ? ഞാന്‍ പറഞ്ഞു, കുറവുണ്ട്. പിന്നെ ആന്തമാനില്‍ വെച്ചും ഒരു പ്രാവശ്യം ഇതു ചെയ്തു.
ഞങ്ങള്‍ പോര്‍ട്ട് ബ്ലെയര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അന്ന് കേരളത്തിന്റെ കീഴിലായിരുന്ന ആന്തമാന്‍-നിക്കോബാര്‍ നാസിം മുഹമ്മദലി സാഹിബിന്റെ നേതൃത്വത്തില്‍ ധാരാളം പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയിരുന്നു. അമീറായതിനു ശേഷം മൗലാനയുടെ ആദ്യ സന്ദര്‍ശനമായിരുന്നു. ആന്തമാനില്‍ മുമ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രവര്‍ത്തകരുമായി സംഭാഷണം,  സ്ഥാപന സന്ദര്‍ശനങ്ങള്‍, മായാബന്ദര്‍ എന്നിവിടങ്ങളിലെ പൊതു പ്രസംഗങ്ങള്‍. അങ്ങനെ ധാരാളം പരിപാടികള്‍. വിമ്പര്‍ലിഗഞ്ചില്‍നിന്ന് മായാബന്ദറിലേക്കുള്ള യാത്ര പ്രത്യേകം എടുത്തു പറയേണ്ടതാണ്. അവിടെ ചെറു ദ്വീപുകളിലേക്ക് ചെറിയ കപ്പലുകളിലാണ് യാത്ര. വിമ്പര്‍ലിഗഞ്ചില്‍നിന്ന് ചെറുകപ്പലില്‍ കയറി അടുത്ത പോര്‍ട്ടില്‍ ഇറങ്ങി. അവിടെനിന്ന് കാര്‍ യാത്ര ചെയ്താല്‍  ഒരു  ചെക്ക്‌പോസ്റ്റുണ്ട്. ചെക്ക്‌പോസ്റ്റില്‍ ഒരു നിശ്ചിത സംഖ്യ കെട്ടിവെച്ചാല്‍ രണ്ട് പോലീസുകാരെ തോക്കടക്കം കൂടെ വിടും, കാരണം അവിടം മുതല്‍ വനപ്രദേശമാണ്. ഈ വനത്തില്‍ കാട്ടുമനുഷ്യര്‍ താമസിക്കുന്നു. 'ജര്‍വകള്‍' എന്നാണവരെ പറയുന്നത്. യാതൊരു നൂല്‍ബന്ധവുമില്ലാതെയാണ് സ്ത്രീകളും പുരുഷന്മാരുമൊക്കെ പുറത്തിറങ്ങുക. അവര്‍ക്ക് ഭക്ഷണമോ വസ്ത്രങ്ങളോ നല്‍കാന്‍ പാടില്ല എന്നത് ഗവണ്‍മെന്റ് നിയമം. ടൂറിസ്റ്റുകള്‍ എറിഞ്ഞുകൊടുക്കുന്ന ചില വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കുമെങ്കിലും എങ്ങനെ ധരിക്കണം, എന്തിനു ധരിക്കണം എന്നൊന്നും അവര്‍ക്കറിയില്ല. ഈ ഭാഗത്തേക്ക് വാഹനം പ്രവേശിച്ചപ്പോള്‍ മൗലാന വണ്ടിയുടെ ഗ്ലാസ് കയറ്റി പുസ്തക വായനയില്‍ മുഴുകി. ഈ പരിധി കഴിയുന്നതുവരെ തല പുറത്തിടുകയോ പുറംലോകം കാണുകയോ ചെയ്തില്ല. കാരണം ജര്‍വകള്‍ പൂര്‍ണ നഗ്നരായിരുന്നു.
മായാബന്ദറില്‍ വിശാലമായ ഒരു ഹാളിലായിരുന്നു പരിപാടി. നാനാ തുറകളിലുള്ള ധാരാളം പേര്‍ പങ്കെടുത്ത പരിപാടി.  രാജ്യത്തിന്റെ അവസ്ഥ തൊട്ടറിഞ്ഞുള്ള മറ്റൊരു മികച്ച പ്രസംഗം. തിരിച്ചു പോരുന്നതിന്റെ തലേദിവസം ആന്തമാനിലെ  ഒരു മൈതാനിയില്‍ നടത്തിയ പൊതുയോഗത്തില്‍ മൗലാന നടത്തിയ പ്രസംഗവും അവിസ്മരണീയമായിരുന്നു. പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ തിരിച്ചുവരാന്‍ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ രണ്ട് പ്രായം കൂടിയ സിഖ് ദമ്പതികള്‍ പതുക്കെ നടന്നുവന്ന് ഞങ്ങളിരിക്കുന്നിടത്തു വന്ന് മൗലാനയോട് ചോദിച്ചു; ഹിന്ദിയില്‍ (മൗലാനയുടെ തലേദിവസത്തെ പ്രസംഗം ഹിന്ദിയിലായിരുന്നു): താങ്കളല്ലേ ഇന്നലെ പ്രസംഗിച്ചത്? മൗലാന പറഞ്ഞു, അതേ. അപ്പോള്‍ ഞാന്‍ എഴുന്നേറ്റ് സീറ്റ് അദ്ദേഹത്തിനും ഭാര്യക്കും ഒഴിഞ്ഞുകൊടുത്തു. അദ്ദേഹം അവിടെ ഇരുന്ന് പറഞ്ഞു: ഞാനിപ്പോള്‍ ഒരു പ്രസംഗവും കേള്‍ക്കാറില്ല. ഒന്നിലും വിശ്വാസമില്ല. പറയുന്നതും ചെയ്യുന്നതും പരസ്പരവിരുദ്ധം. നമ്മുടെ നാട് നശിപ്പിച്ചു. എന്നാല്‍ ഇന്നലെ താങ്കളുടെ പ്രസംഗം മുഴുവന്‍ കേട്ടു, ശ്രദ്ധിച്ചു. ഇതാണ് പറയേണ്ടത്, ജനങ്ങളെ കേള്‍പ്പിക്കണം. മൗലാന അദ്ദേഹത്തെ കെട്ടിപ്പിടിച്ചു അടുത്തിരുത്തി. ഫ്‌ളൈറ്റ് കയറുന്നതുവരെ നല്ല സംഭാഷണമായിരുന്നു. ദീര്‍ഘമായ സംഭാഷണത്തില്‍ സര്‍ദാര്‍ജിയുടെ ഭാര്യയും സജീവമായി പങ്കെടുത്തു. സ്വാമി അഗ്നിവേശിന്റെയും മറ്റു പ്രഗത്ഭരുടെയും നേതൃത്വത്തില്‍ രൂപം കൊടുത്ത ധാര്‍മിക് ജനമോര്‍ച്ചയെക്കുറിച്ചും സംസാരിച്ചു.
രാവിലെ കൃത്യം മൂന്ന് മണിക്ക് അദ്ദേഹം എഴുന്നേല്‍ക്കും. പച്ചവെള്ളത്തില്‍ കുളി, ശേഷം നമസ്‌കാരം, ദീര്‍ഘ നമസ്‌കാരത്തിനു ശേഷം ദീര്‍ഘമായ ദുആ. ബാങ്ക് കൊടുക്കുന്നതുവരെ. ബാങ്ക് കൊടുത്താല്‍ നാല് റക്അത്ത് സുന്നത്ത് നമസ്‌കാരം. ശേഷം ജമാഅത്തില്‍ പങ്കെടുത്ത് സലാം വീട്ടിയാല്‍ ഉടന്‍ എഴുന്നേറ്റ് നടത്തം. ഒരു കൈയില്‍ വടിയും മറുകൈയില്‍ നമ്മുടെ തോളും. ഒരു മണിക്കൂറോളം നടന്ന് തിരിച്ചുവന്നാല്‍ നല്ല ചൂടും മധുരവുമുള്ള രണ്ട് കപ്പ് ചായ. പിന്നെ പ്രാതല്‍ വരെ കുറച്ച് വിശ്രമിക്കും, പ്രാതല്‍ കഴിഞ്ഞാല്‍ വരുന്ന ഓരോരുത്തരെയും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. ഏതൊരു കൊച്ചുകുട്ടിയെയും താങ്കള്‍ എന്നാണ് സംബോധന ചെയ്യാറ്. സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞാല്‍ ളുഹ്‌റ് വരെ വായന. എപ്പോഴും കൈയില്‍ ഒരു പുസ്തകമുണ്ടാവും. ഒഴിവു കിട്ടുമ്പോഴെല്ലാം പുസ്തക വായന. ഈ മഹാനോടൊപ്പം കുറേ നാളുകള്‍ കഴിയാനും ആ തലോടലുകള്‍ അനുഭവിക്കാനും സൗഭാഗ്യം ലഭിച്ചതില്‍ അല്ലാഹുവെ സ്തുതിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം