Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

കൊറോണക്കിടയിലെ പുട്ടുകച്ചവടങ്ങള്‍

ഡോ. പി. എ അബൂബക്കര്‍

പാന്‍ഡമിക് ആയി പ്രഖ്യാപിക്കപ്പെട്ട കോവിഡ്-19  മാനവരാശി അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഇതിനിടയിലും പലരുടെയും ലക്ഷ്യം ഈ മഹാമാരിയെ നേരിടുന്നതിനപ്പുറം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. ചുളുവില്‍ എങ്ങനെ ശത്രുക്കളെ ഒതുക്കാമെന്നും സ്വന്തം കച്ചവടം വര്‍ധിപ്പിക്കാമെന്നുമുള്ള ചിന്തകള്‍ക്കപ്പുറം തലയില്‍ ഒന്നുമില്ലാത്തവരുടെ കൂട്ടത്തില്‍ പല വിഭാഗക്കാരുണ്ട്.
കൊറോണക്കിടയിലെ ഈ പുട്ടുകച്ചവടത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സംഘികളാണ്. പല രീതിയിലാണ് അവരുടെ കച്ചവടം മുന്നേറുന്നത്. ചാതുര്‍വര്‍ണ്യത്തിനും അയിത്തത്തിനും പുതിയ സാഹചര്യത്തില്‍ വിപണിയുണ്ടാക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. ഹസ്തദാനം നീചമായ അഭിവാദന രീതിയാണെന്നും കൈകൂപ്പിക്കൊണ്ടുള്ള 'നമസ്‌തേ'യാണ് ശ്രേഷ്ഠമെന്നുമുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയത് കേന്ദ്ര ഭരണകൂടത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ആളുകള്‍ തന്നെയാണ്.  സഹവര്‍ത്തിത്വം സാമൂഹിക ജീവിതത്തില്‍ അനിവാര്യമായ ഒന്നാണെന്നും ഒരു പ്രത്യേക രോഗത്തിന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യം മാത്രമാണ് പരസ്പരബന്ധം നിരുത്സാഹപ്പെടുത്തുന്നതിനു പിന്നിലുള്ളതെന്നുമുള്ള കാര്യം മറന്നുകൊണ്ടായിരുന്നു പ്രചാരണങ്ങള്‍. എല്ലാ രോഗങ്ങളുടെയും വ്യാപനരീതി ഒരേ തരത്തിലുള്ളതല്ലെന്ന കാര്യം വിസ്മരിക്കപ്പെട്ടു. നാളെ ഉണ്ടാവാനിടയുള്ള രോഗത്തിന്റെ വ്യാപനം തടയാന്‍ ഈ രീതിയായിരിക്കില്ല അനുവര്‍ത്തിക്കുക. ഈ മഹാ വ്യാധിയെ മാനവസമൂഹം ഒരിക്കലും അതിജയിക്കരുത് എന്ന ചിന്തയാണ് ഇവരെ നയിക്കുന്നതെന്ന് തോന്നിപ്പോകും, ചില പ്രതികരണങ്ങള്‍ കണ്ടാല്‍. ഇനിയിപ്പോള്‍ ഇതാണവസ്ഥ. ഈ സാഹചര്യത്തില്‍ ജാതീയതയും തൊട്ടുകൂടായ്മയും മാത്രമാണ് അഭികാമ്യമായിട്ടുള്ളത്. ഹസ്തദാനവും കെട്ടിപ്പിടിക്കലും പോലുള്ള, മാനവ സാഹോദര്യം ഉദ്‌ഘോഷിക്കുന്ന അഭിവാദനരീതികള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. അവ ശാശ്വതമായി മണ്ണടിഞ്ഞിരിക്കുന്നു. ഈ സന്ദേശമാണ് കൊറോണക്കാലത്തെ സംഘി പ്രതികരണങ്ങളില്‍ പൊതുവെ കാണുന്നത്.
ഗോമൂത്രം കൊറോണക്ക് ഔഷധമാണെന്ന തരത്തിലുള്ള പ്രചാരണവുമുണ്ടായി. ചിലര്‍ ചാണകത്തിന്റെ മഹത്വം പറഞ്ഞു. മുസ്ലിംകള്‍ സലാം പറയുന്നതാണ് കൊറോണയുണ്ടാവാനുള്ള കാരണമെന്ന് കണ്ടെത്താനും സംഘി ഗവേഷകരുണ്ടായി. മുസ്ലിംകള്‍ പരസ്പരം സലാം ചൊല്ലുന്നതിന്റെ ശബ്ദം കൊറോണക്ക് അനുകൂലമാണെന്നും കിണ്ണം കൊട്ടുന്ന ശബ് ദം കേട്ടാല്‍ കൊറോണ വൈറസ്സുകള്‍ കൂട്ടമായി ചത്തൊടുങ്ങുമെന്നും സിദ്ധാന്തങ്ങള്‍ ചമയ്ക്കപ്പെട്ടു. ഇത്തരം ആശയങ്ങളുടെ പ്രചാരണത്തിനായി സിനിമാതാരങ്ങളും രംഗത്തു വന്നു. ചിലര്‍ വെജിറ്റേറിയനിസം പ്രചരിപ്പിക്കാനുള്ള അവസരമായി രോഗവ്യാപനത്തെ കണ്ടു.
അതിനിടയില്‍ പൊങ്കാലയുടെ പേരില്‍ കേരളത്തില്‍ ശബരിമല ആവര്‍ത്തിക്കാനുള്ള ശ്രമവുമുണ്ടായി. കേരളത്തിലെ അന്തരീക്ഷോഷ്മാവും മറ്റും ചൂണ്ടിക്കാട്ടി പൊങ്കാലക്ക് പ്രശ്‌നമില്ലെന്ന വാദവുമായി സംഘി സഹയാത്രികര്‍ രംഗത്തുവന്നു. സര്‍ക്കാര്‍ പരിപാടി നിരോധിക്കുമെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെയെന്ന പോലെ ഇതിനെയും വിശ്വാസികളെ ഇളക്കിവിടാനുള്ള 'സുവര്‍ണാവസര'മാക്കാമെന്നുമുള്ള കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ ചെയ്തത്. സര്‍ക്കാര്‍ തന്ത്രപരമായി കാര്യങ്ങള്‍ നീക്കിയതോടു കൂടി ആ പദ്ധതി പൊളിഞ്ഞു. ശരിക്കു പറഞ്ഞാല്‍ ഗുരുതരമായ ഒരു പകര്‍ച്ചവ്യാധിയെ എങ്ങനെ നേരിടാമെന്നാലോചിക്കുന്നതിനു പകരം അതില്‍നിന്ന് എങ്ങനെ മുതലെടുക്കാമെന്നാണ് സംഘികളും സഹയാത്രികരും ആലോചിച്ചത്. അതിന്റെ മൂര്‍ത്ത രൂപം നാം കണ്ടത് തബ് ലീഗുകാര്‍ കൊറോണയെന്ന ജൈവായുധവുമായി വന്നുവെന്ന ആരോപണത്തിലാണ്.
രണ്ടാമത്തെ കച്ചവടക്കാര്‍ നമ്മുടെ നാട്ടിലെ സ്വയംപ്രഖ്യാപിത യുക്തിവാദികളാണ്. 'നിങ്ങള്‍ വിളിക്കുന്ന ദൈവം പരിധിക്ക് പുറത്താണ്; കൊറോണക്കു ശേഷം വിളിക്കുക; ദൈവങ്ങളും കൊറോണാ ഭീതിയില്‍; മറ്റൊരു ഗ്രഹത്തിലേക്ക് മാറിത്താമസിക്കുന്നതായി വിവരം ലഭിച്ചു' തുടങ്ങിയ ട്രോളുകളില്‍ അവരുടെ യുക്തിരാഹിത്യത്തിന്റെ ആഴം അളക്കാം. മഹാമാരിയെ തടയുകയെന്ന ലക്ഷ്യത്തോടെ വത്തിക്കാനിലും മക്കയിലുമൊക്കെ നടന്ന ചില മുന്‍കരുതലുകളാണ് ഈ പരിഹാസത്തിനാധാരം. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാനവരാശിയുടെ രക്ഷ കണക്കിലെടുത്തുകൊണ്ട് മാര്‍പ്പാപ്പ കുര്‍ബാന ഓണ്‍ലൈനാക്കുകയും സുഊദി അറേബ്യ ഉംറ തീര്‍ഥാടനം നിര്‍ത്തിവെക്കുകയും ഗള്‍ഫ് നാടുകളിലെ പള്ളികളില്‍ ബാങ്ക് വിളിക്കൊപ്പം നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മുഴങ്ങേണ്ട 'സ്വല്ലൂ ഫീ രിഹാലികും', 'സ്വല്ലൂ ഫീ  ബുയൂതികും' ആഹ്വാനങ്ങള്‍ മുഴങ്ങുകയും ചെയ്തിരുന്നു. മാത്രമല്ല ആഗോളതലത്തില്‍ മുസ്ലിം പണ്ഡിത സമിതികള്‍ വെള്ളിയാഴ്ച ജുമുഅ നിര്‍ത്തിവെക്കാനും ആഹ്വാനം ചെയ്തു. കേരളത്തില്‍ കൊറോണയുടെ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അവസരത്തില്‍ പള്ളികളിലെ ഹൗളുകള്‍ പൂട്ടാന്‍ തുടങ്ങിയിരുന്നു. ജമാഅത്തെ ഇസ്ലാമിയും പ്രബല വിഭാഗം മുജാഹിദ് സംഘടനകളും സര്‍ക്കാറിന്റെ ലോക്ക്  ഡൗണ്‍ വരുന്നതിനു മുമ്പുതന്നെ അവരവരുടെ പള്ളികളില്‍ ജുമുഅ അടക്കമുള്ള എല്ലാ സംഘടിത നമസ്‌കാരങ്ങളും നിര്‍ത്തിവെക്കുക മാത്രമല്ല, അങ്ങനെ ചെയ്യാന്‍ സമുദായത്തോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
ഈ സന്ദര്‍ഭത്തിലാണ് യുക്തിവാദവേഷക്കാരുടെ രംഗപ്രവേശം. കേരളത്തില്‍ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ ഗള്‍ഫ് നാടുകളില്‍ അതൊരു ഭീഷണിയായിരുന്നു. ഇക്കാരണത്താല്‍ തന്നെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം പണ്ഡിത സമിതികള്‍ പള്ളികളിലെ സംഘടിത നമസ്‌കാരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. സുഊദി ഗവണ്‍മെന്റ് ഉംറയടക്കം നിര്‍ത്തിവെച്ചു. ഇതറിഞ്ഞയുടനെ കേരളത്തിലെ യുക്തിവാദ വൃത്തങ്ങളില്‍ ആഹ്ലാദപ്രകടനം ദൃശ്യമായിരുന്നു. 'പള്ളി അടച്ചിട്ടും കഅ്ബ പൂട്ടിയിട്ടും ഒന്നും സംഭവിച്ചില്ല' എന്ന തരത്തിലുള്ള കമന്റുകള്‍ അതിന്റെ ഭാഗമായി ഉണ്ടായതാണ്. സംഘടിത നമസ്‌കാരങ്ങള്‍ക്കും മറ്റും ആഹ്വാനം ചെയ്ത അതേ ഇസ്ലാം തന്നെയാണ് അടിയന്തര സാഹചര്യങ്ങളില്‍ അവ നിര്‍ത്തിവെക്കാനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കിയതും. പക്ഷേ നമ്മുടെ യുക്തിവാദികള്‍ക്ക് അവയെക്കുറിച്ചറിയില്ലെന്നു മാത്രം.
'കൊറോണയെ മാത്രമല്ല, മനുഷ്യന്‍ ദൈവത്തെയും അതിജീവിക്കും' എന്ന സന്ദേശത്തില്‍ ഒളിഞ്ഞിരിക്കുന്നത് ദൈവമില്ലെന്ന് തെളിയിക്കാനുള്ള അവസരമായി കൊറോണക്കാലത്തെ ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയാണ്.
ഇപ്പറഞ്ഞ വാദങ്ങളുടെ പ്രതിലോമപരത വിലയിരുത്തുമ്പോള്‍ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ആര്‍ക്കും അവരവരുടെ  ആദര്‍ശവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുള്ളതിനാല്‍ തന്നെ സാധാരണഗതിയില്‍ വിശ്വാസികളും യുക്തിവാദികളും തമ്മിലുള്ള സംവാദങ്ങളില്‍ ഇവയൊക്കെ കടന്നുവരിക സ്വാഭാവികമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യം അതല്ല. കൊറോണയെ തുരത്താനുള്ള യജ്ഞത്തില്‍ എല്ലാ പിടിവാശികളും ഉപേക്ഷിക്കേണ്ട സമയമാണിത്. യുക്തിവാദികള്‍ സ്വയം അവകാശപ്പെടുന്നത് യുക്തിപൂര്‍വം ചിന്തിക്കുന്നവരെന്നാണ്. അത്തരം അവകാശവാദങ്ങളൊന്നും വിശ്വാസികള്‍ പൊതുവെ ഉയര്‍ത്താറില്ല.  എന്നാല്‍ ഇവിടെയാവട്ടെ വിശ്വാസികള്‍ അവസരത്തിനൊത്തുയര്‍ന്ന് ആരാധനാലയങ്ങളില്‍ സംഘം ചേര്‍ന്നുള്ള പ്രാര്‍ഥനകള്‍ നിര്‍ത്താന്‍ തയാറായപ്പോള്‍ അതിനെ ചോദ്യം ചെയ്യുകയാണ് യുക്തിവാദികള്‍ ചെയ്തത്. ഈ ചോദ്യം ചെയ്യലിനെ ബഹുഭൂരിപക്ഷം വിശ്വാസികളും മുഖവിലക്കെടുത്തില്ലെങ്കിലും ചിലയിടങ്ങളില്‍ ആരാധനാലായങ്ങളില്‍ കൂട്ടപ്രാര്‍ഥനകള്‍ നടത്താന്‍ ശ്രമിച്ചത് ഇതിനോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നോയെന്നറിയില്ല.
ഇവിടെ യുക്തിവാദികള്‍ എന്ന പേരില്‍ ഒരു പ്രത്യേക തരത്തിലുള്ള ആശയം പുലര്‍ത്തുന്നവരെ അടച്ചാക്ഷേപിക്കുന്നതില്‍ അസാംഗത്യമുണ്ട്. ചിന്താശീലരും ബൗദ്ധികമായ ഔന്നത്യം പുലര്‍ത്തുന്നവരുമൊക്കെ ഈ പ്രസ്ഥാനത്തിലും ഉണ്ടായിട്ടുണ്ട്. അത്തരക്കാരുടെ ചെറിയ ചില കണ്ണികള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. പക്ഷേ ഇന്ന് പ്രാമുഖ്യം അവര്‍ക്കല്ല. വ്യക്തിപരമായ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് മോഹഭംഗത്തിന് അടിപ്പെട്ടവരും ചുളുവിലൂടെ പ്രശ്‌സതരാവാന്‍ ആഗ്രഹിക്കുന്നവരും മറ്റേതെങ്കിലും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി യുക്തിവാദിയുടെ കുപ്പായമണിയുന്നവരുമൊക്കെയാണ് ഇന്ന് അവരുടെ വേദികളില്‍ നിറഞ്ഞാടുന്നത്. കൃത്യമായ ചട്ടക്കൂടില്ലാത്തതിനാല്‍ തന്നെ ആര്‍ക്കും ഇന്ന് യുക്തിവാദി നേതാക്കളാവാന്‍ എളുപ്പമാണ്. യൂട്യൂബ് പോലുള്ള സംവിധാനങ്ങളിലൂടെ എന്തും സമൂഹമധ്യത്തിലെത്തിക്കാം. മാത്രമല്ല, 9/11നു ശേഷം ആഗോളതലത്തിലും ബി.ജെ.പി ഭരണത്തിലേറിയതിനു ശേഷം ഇന്ത്യയിലും നിലനില്‍ക്കുന്ന സവിശേഷ സാഹചര്യങ്ങളുടെ ഫലമായി ചര്‍ച്ചകള്‍  ഇസ്ലാമിനെ കേന്ദ്രീകരിച്ചായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാം എന്ന വിഷയത്തിന് ഡിമാന്റ് കൂടുതലാണ്. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് മദ്‌റസയില്‍നിന്ന് കിട്ടിയതോ വീട്ടില്‍ വല്യുമ്മ പറഞ്ഞു കേട്ടതോ ആയ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന പ്രഭാഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത്തരത്തില്‍ യുക്തിവാദി നേതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, കൊറോണാ ഭീതി മാറുന്നതുവരെ ജുമുഅ നിര്‍ത്തിവെക്കാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനത്തോട് പ്രതികരിച്ചത്, ജുമുഅ നിര്‍ത്തിയാല്‍ ദജ്ജാല്‍ കയറു പൊട്ടിക്കില്ലേയെന്നാണ്. വല്യുമ്മയില്‍നിന്നോ മദ്‌റസാ ഉസ്താദില്‍നിന്നോ കിട്ടിയ ഈ മുറിവിവരം അല്‍പം പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുകയാണ്. ഇതിന്റെ അപകടം കിടക്കുന്നത് അവിടെയല്ല. ഇത്തരത്തില്‍ യൂട്യൂബിലൂടെ യുക്തിവാദി നേതാക്കളാവാന്‍ ശ്രമിക്കുന്നവര്‍ മാത്രമല്ല, സാധാരണക്കാരായ വിശ്വാസികളും നല്ലൊരു വിഭാഗം വല്യുമ്മയിലൂടെ കിട്ടിയ മുറിവിവരവുമായി നടക്കുന്നവരാണ്. അവരുടെ ദജ്ജാല്‍ ഭീതി ഇത്തരം പ്രസംഗങ്ങള്‍ കേള്‍ക്കുന്നതോടെ ഉണരും. അവര്‍ ലോക്ക്  ഡൗണിനിടയിലും നിയമം ലംഘിച്ച് ജുമുഅ നടത്താന്‍ ശ്രമിക്കും.
കൊറോണക്കിടയില്‍ പുട്ടുകച്ചവടത്തിനിറങ്ങിയ മറ്റൊരു കൂട്ടരുള്ളത് മുസ്ലിം സമുദായത്തിലാണ്. മതപ്രസംഗത്തൊഴിലാളികളാണ് ഏറ്റവും സജീവമായി രംഗത്തുള്ളത്. അല്‍പം മുമ്പുവരെ പൊതു പ്രസംഗങ്ങള്‍ തന്നെയായിരുന്നു. ചൈനയില്‍ കോവിഡ് വന്നത് ദൈവകോപത്താലാണെന്ന വാദമായിരുന്നു അത്തരം പ്രസംഗങ്ങളില്‍ മുഴച്ചുനിന്നത്. അതുകൊണ്ട് വലിയ അപകടമില്ലെങ്കിലും പിന്നീട് അപകടക രമായ അവസ്ഥയിലേക്ക് പ്രസംഗങ്ങള്‍ നീങ്ങി. ഹിന്ദുത്വവാദികള്‍ കൊറോണക്ക് മൃത്യുഞ്ജയ മന്ത്രം നിര്‍ദേശിച്ചതുപോലെ ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതിവെക്കാനും കെട്ടിത്തൂക്കാനുമൊക്കെ നിര്‍ദേശിച്ചുകൊണ്ടായിരുന്നു അത്. ഇതുപോലുള്ള കാര്യങ്ങള്‍ക്കൊക്കെ ഖുര്‍ആന്‍ വാക്യങ്ങളാണ് പൊതുവെ ഉപയോഗിക്കുക. ആരും കാര്യമായി എതിര്‍ക്കില്ലെന്നതാണ് കാരണം. എതിര്‍ക്കുന്നവരോട് ഖുര്‍ആനില്‍ ശമനമില്ലേയെന്ന് തിരിച്ചുചോദിക്കും. ഇതുകൊണ്ടുള്ള അപകടം ആളുകള്‍ ചികിത്സയോട് വിമുഖത കാണിക്കാന്‍ ഇടയുണ്ട് എന്നതാണ്. ലോക്ക്  ഡൗണിനെത്തുടര്‍ന്ന് ഇപ്പോള്‍ പൊതു പ്രസംഗമില്ലെങ്കിലും യൂട്യൂബിലും മറ്റും മതപ്രസംഗങ്ങള്‍ സജീവമാണ്.
ലോക്ക്  ഡൗണിനിടയില്‍ ജുമുഅ അടക്കമുള്ള ജമാഅത്ത് നമസ്‌കാരങ്ങള്‍ നടത്താന്‍ ശ്രമിച്ചവരാണ് സമുദായത്തിനകത്ത് മുന്‍കരുതലുകളോട് മുഖം തിരിച്ചുനിന്ന മറ്റൊരു കൂട്ടര്‍. ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനു മുമ്പുതന്നെ പല സംഘടനകളും അവരവര്‍ നടത്തുന്ന പള്ളികളില്‍ ജുമുഅ അടക്കമുള്ള സംഘടിത നമസ്‌കാരങ്ങള്‍ നിര്‍ത്തി മാതൃക കാണിച്ചിരുന്നുവെങ്കിലും സമുദായം മൊത്തത്തില്‍ ആ വഴിയിലെത്താന്‍ അല്‍പം വൈകി. അതിന്റെ കാരണങ്ങള്‍ പലതാണ്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള പാളിച്ചകളാണ് അവയില്‍ പ്രധാനം. ചൂടുവെള്ളത്തില്‍ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കുന്നതുപോലെ, പൊങ്കാലയില്‍ ശബരിമല ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. വലിയൊരു ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടി നടത്താന്‍ ഒരു വിഭാഗത്തെ അനുവദിച്ചതിനാല്‍ മറ്റു വിഭാഗങ്ങളുടെ ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാവില്ലല്ലോ. മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ ഉദാസീനമായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. ഈ അലംഭാവത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിന് അനുമതി കൊടുത്തതും അതിലേക്കുള്ള വിദേശ പ്രതിനിധികള്‍ക്ക് വിസ അനുവദിച്ചതും. പ്രധാനമന്ത്രി കിണ്ണം കൊട്ടാനും വിളക്കു കെടുത്താനുമൊക്കെ ആവശ്യപ്പെട്ടത് പ്രശ്‌നത്തിന്റെ ഗൗരവത്തില്‍ സംശയം ജനിപ്പിച്ചുവെങ്കിലും കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ നിലപാടുകളെ കാര്യമായി ബാധിച്ചില്ല.
കൊറോണക്കെതിരെയുള്ള ജാഗ്രതയുടെ ആദ്യഘട്ടത്തില്‍ തന്നെ കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുണ്ടായ ഏറ്റവും പുരോഗമനപരമായ തീരുമാനം പല പള്ളികളും ഹൗളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചുവെന്നതാണ്. എന്നാല്‍ അതിനെ പരിഹസിക്കാനും സമുദായത്തില്‍ ആളുകളുണ്ടായി. പള്ളികളില്‍ സംഘടിത നമസ്‌കാരം നിര്‍ത്താന്‍ ചില സംഘടനകള്‍ തീരുമാനിച്ചപ്പോള്‍ മറ്റു ചിലര്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ കണ്ട ന്യായം സര്‍ക്കാര്‍ ബീവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചില്ല എന്നതായിരുന്നു. 'തിന്മകളുടെ മാതാവായ മദ്യത്തിന്റെ വില്‍പന യഥേഷ്ടം നടക്കുമ്പോള്‍ ശുദ്ധിയും വൃത്തിയും വിശ്വാസത്തിന്റെ ഭാഗമാക്കിയവര്‍ പള്ളി പൂട്ടിയിടുന്നതെന്തിന്' എന്നതാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചോദ്യം. ഇസ്ലാം മതാനുയായികള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ന്യായമായിരുന്നു അത്. ഉത്തമ സമുദായമാവാന്‍ ആജ്ഞാപിക്കപ്പെട്ട മുസ്ലിംകള്‍ക്ക് സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ എന്തു ചെയ്തുവെന്ന് നോക്കേണ്ടതില്ല. പലരും ഒരു ഒഴികഴിവെന്ന നിലയിലാണ് ഈ വാദം ഉന്നയിച്ചത്. വരുമാനം നിലക്കുന്ന പ്രശ്‌നമായതിനാല്‍ സര്‍ക്കാര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ സാധ്യതയില്ലെന്ന ധാരണയിലുണ്ടായ വാദം. ഇത് വളര്‍ന്ന് അവസാനം മദ്യനിരോധനവാദം വരെയെത്തി. മദ്യനിരോധനമെന്നത് കൊറോണയുടെ ചെലവില്‍ ചുളുവില്‍ നടത്തേണ്ട കാര്യമല്ലല്ലോ. മാത്രമല്ല, ഏതു തരത്തിലുള്ള തിന്മയായാലും സമൂഹത്തില്‍ അതിന്റെ വിപാടനത്തിന് കൃത്യവും ശാസ്ത്രീയവുമായ രീതികള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മോഷണത്തിനുള്ള ശിക്ഷ നടപ്പിലാക്കേണ്ടത് ക്ഷാമകാലത്തല്ലല്ലോ. 'വിശ്വാസികളിലെ അവിശ്വാസം മറനീക്കി പുറത്തുവന്ന കൊറോണക്കാലം' എന്നതാണ് സംഘടിത നമസ്‌കാരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ചില സംഘടനകള്‍ തീരുമാനിച്ചതിനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു കമന്റ്. 
ഭൂമിയെക്കുറിച്ച് ചിന്തിക്കാതെ ആകാശത്തെക്കുറിച്ചും പാതാളത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന തരത്തിലുള്ള അരാഷ്ട്രീയതയും അഭൗതികതയും മുസ്ലിം സമുദായത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. എന്നാല്‍, ആത്മീയതയിലധിഷ്ഠിതമായ സാമ്പ്രദായിക മതസങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലാണ് പല കാര്യങ്ങളിലും പ്രവാചകന്‍ നീങ്ങിയത്. ഒരു കവിള്‍ കാണിച്ചാല്‍ മറ്റേതും കാണിച്ചു കൊടുക്കുകയെന്ന ഉദ്‌ബോധനം നിലനിന്നിരുന്ന കാലത്ത് വാളെടുത്തുകൊണ്ട് ആത്മീയാചാര്യന്മാരുടെ സ്ഥിരം ശൈലികളില്‍നിന്ന് അദ്ദേഹം തിരിഞ്ഞുനടന്നു. ലൈംഗികത പാപമായി കരുതിയിരുന്ന കാലത്ത് അത് ജീവിതചര്യയാക്കിയ അനുയായിവൃന്ദത്തെ വളര്‍ത്തിയെടുത്തു. മാംസഭോജനം നിഷിദ്ധമാക്കാത്ത അദ്ദേഹത്തിന്റെ മതം ഹിംസയെയും അഹിംസയെയും പുനര്‍നിര്‍വചിച്ചു. മതാചാര്യന്മാര്‍ എന്നറിയപ്പെടുന്നവര്‍ പൊതുവെ ആത്മീയതയുടെ വക്താക്കളായി മാറിയപ്പോള്‍ ആത്മീയതയും ഭൗതികതയും ചേര്‍ന്ന ഒരു ആശയസംഹിതയായിരുന്നു മുഹമ്മദ് നബി (സ) ഉയര്‍ത്തിപ്പിടിച്ചത്. താത്ത്വികതലത്തില്‍ ന്യായീകരിച്ചത് രേഖാമൂലം തന്നെ പ്രഖ്യാപിച്ച മധ്യമമാര്‍ഗം എന്ന ആദര്‍ശമാണ്. ഇതാണ് വൈദ്യശാസ്ത്രം അടക്കമുള്ള വിജ്ഞാനശാഖകള്‍ക്ക് മധ്യകാലത്തുണ്ടായ വളര്‍ച്ചക്ക് പരോക്ഷമായി കാരണമായത്.
മത-ആത്മീയാചാര്യന്മാര്‍ നടത്തിയതായി പറയപ്പെടുന്ന കുരുടന് കാഴ്ചയുണ്ടാക്കിക്കൊടുക്കുക, കുഷ്ഠരോഗിയുടെ കുഷ്ഠം മാറ്റുക തുടങ്ങിയ പ്രവൃത്തികള്‍ മുഹമ്മദ് നബിയുടെ പേരില്‍ കൂടുതലില്ല. സ്വന്തം അസുഖം മാറാന്‍ പോലും അദ്ദേഹം വൈദ്യന്മാരെ സമീപിക്കുകയായിരുന്നു. ഹിജാമ പോലുള്ള അന്നത്തെ ചികിത്സാ രീതികളെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. എല്ലാ രോഗങ്ങള്‍ക്കും ഭൗതികമായ പ്രതിവിധിയുണ്ട് എന്ന പാഠമാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. ഏതെങ്കിലും അസുഖത്തിന് മരുന്നില്ലാതിരിക്കുന്നുവെങ്കില്‍ അത് പ്രകൃതിയില്‍ അതിനുള്ള പ്രതിവിധി മനുഷ്യന്‍ കണ്ടെത്താഞ്ഞിട്ടാണ്. ഏതു സാഹചര്യത്തിലും ഖുര്‍ആന്റെ കല്‍പനകള്‍ മുറുകെപ്പിടിക്കണമെന്നാജ്ഞാപിച്ച വ്യക്തി തന്നെയാണ് ശാസ്ത്ര വിഷയങ്ങളില്‍ അനുഭവങ്ങളിലൂടെയും പ്രകൃതിനിരീക്ഷണത്തിലൂടെയും നേടിയെടുത്ത അറിവിന് പ്രാധാന്യം നല്‍കണമെന്നു പറഞ്ഞത്. ഈന്തപ്പനയില്‍ കൃത്രിമ പരാഗണം നടത്തുന്ന കാര്യത്തില്‍ അദ്ദേഹം ഇക്കാര്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ചൈനയില്‍ പോയിട്ടെങ്കിലും അറിവ് നേടണമെന്ന് പറഞ്ഞതോടു കൂടി ഇക്കാര്യത്തിലുള്ള വംശീയ മുന്‍വിധികള്‍ കൂടി ദൂരീകരിക്കപ്പെട്ടു. മത-രാഷ്ട്രീയ വിഷയങ്ങളില്‍ മുഹമ്മദ് നബിയുടെ നിലപാടിനെ അവസാന വാക്കായി കരുതുന്ന അനുയായികളോടു തന്നെയാണ് ശാസ്ത്ര വിഷയങ്ങളില്‍ അനുഭവത്തിലൂടെയും പ്രകൃതിനിരീക്ഷണത്തിലൂടെയും കിട്ടിയ ജ്ഞാനത്തിന് പ്രാധാന്യം നല്‍കണമെന്നു പറഞ്ഞത്.
ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവാചകന്റെ നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശുചിത്വമാണ്. ശുചിത്വം മതവിശ്വാസത്തിന്റെ പകുതിയാണെന്നു വരെ അദ്ദേഹം പറഞ്ഞു. ദന്തശുചിത്വത്തിന് അദ്ദേഹം നല്‍കിയ പ്രാധാന്യത്തിന്റെ ഉദാഹരണമാണ് മിസ്‌വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. അമിത ഭക്ഷണത്തിനെതിരെയും നബിവചനമുണ്ട്. ഇത്തരം അഭിപ്രായ പ്രകടനങ്ങളെല്ലാം വൈദ്യവിജ്ഞാനത്തിന്റെ വളര്‍ച്ചക്ക് സഹായകമാണ്. പക്ഷേ ഇതൊന്നും കാലികമായ വൈദ്യജ്ഞാനത്തെ നിഷേധിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് മാത്രമായി ആത്മീയതയിലധിഷ്ഠതമായ ഒരു വൈദ്യസമ്പ്രദായം വളര്‍ത്തിയെടുക്കാന്‍ പ്രവാചകന്‍ ശ്രമിച്ചുവെന്നതിന് തെളിവാകുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ പല പ്രവൃത്തികളും നിര്‍ദേശങ്ങളും സെക്യുലര്‍/ഭൗതിക ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. രോഗികളോട് ചികിത്സിക്കാന്‍ കല്‍പിക്കുക മാത്രമല്ല, സ്വന്തം അസുഖങ്ങള്‍ക്ക് ചികിത്സിക്കാന്‍ വിദഗ്ധരായ വൈദ്യന്മാരെ വിളിച്ചു വരുത്തുക കൂടി അദ്ദേഹം ചെയ്തു. അവര്‍ ഹിജാമയും അഗ്നികര്‍മ(കോട്ടറൈസേഷന്‍)വും ഉള്‍പ്പെടെ ഭൗതികാടിത്തറയോടു കൂടിയ അന്നത്തെ പല ചികിത്സാ രീതികള്‍ക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
ഇത്തരത്തില്‍ പ്രവാചകന്റെ വൈദ്യസമീപനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അനുയായികളില്‍ ഭൂരിപക്ഷം മനസ്സിലാക്കിയത് പുരോഗമനാത്മകമായാണ്. പിന്തിരിപ്പന്‍ അഭിപ്രായം പുലര്‍ത്തിയ ചെറു ന്യൂനപക്ഷത്തെ പരാജയപ്പെടുത്താന്‍ മാത്രമല്ല, വൈദ്യവിജ്ഞാനത്തിന്റെ ആധുനീകരണത്തിനും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉദയത്തിനും വരെ അത് കാരണമായി. ഹിപ്പോക്രാറ്റിസ്, ഗാലന്‍, ഡയോസ്‌കോറൈഡസ് തുടങ്ങിയവരുടെ പാരമ്പര്യം ഉള്‍പ്പെടെയുള്ള പ്രാചീനമായ വൈദ്യജ്ഞാനം സംരക്ഷിക്കുകയും വ്യവസ്ഥാപിതമാക്കുകയും പരിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് അത് സാധ്യമാക്കിയത്. വസ്തുനിഷ്ഠത, സാര്‍വലൗകികത തുടങ്ങി പില്‍ക്കാലത്ത് ശാസ്ത്രത്തിന്റെ ഘടകങ്ങളായി കണക്കാക്കപ്പെട്ട ആശയങ്ങളില്‍ പലതും ഇക്കാലയളവില്‍ ഉദയം കൊണ്ടു. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ആകത്തുകയെയാണ് 'ബൈത്തുല്‍ ഹിക്മ' എന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം സംരംഭങ്ങള്‍ ഒമ്പതാം നൂറ്റാണ്ട് മുതല്‍ പതിനൊന്നാം നൂറ്റാണ്ട് വരെ തുടര്‍ന്നു. പിന്നെയും ഒന്നു രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇത്തരത്തില്‍ കാലികമായി പരിഷ്‌കരിക്കപ്പെട്ട അറിവ് പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങി. അറബിയിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകളിലൂടെയായിരുന്നു അത്. ഇസ്ലാമിന്റെ പ്രമാണങ്ങളില്‍നിന്നും ഈ ചരിത്രത്തില്‍നിന്നുമൊക്കെയാണ് ദൈവമുണ്ടെങ്കില്‍ കൊറോണയും ദൈവസൃഷ്ടി തന്നെയല്ലേയെന്ന 'യുക്തി'വാദികളുടെ ചോദ്യത്തിന് മറുപടി തേടേണ്ടത്. രോഗങ്ങളെ സൃഷ്ടിച്ച ദൈവം പ്രതിവിധികളും സൃഷ്ടിച്ചിട്ടുണ്ട്. ഗവേഷണത്തിലൂടെ മാത്രമേ അവ വെളിച്ചത്തുവരികയുള്ളൂ എന്നു മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം