Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

വിശുദ്ധ റമദാനിലേക്ക്

മുഹമ്മദ് യൂസുഫ് ഇസ്വ്‌ലാഹി

പരിശുദ്ധ റമദാനെ വരവേല്‍ക്കാന്‍  ശഅ്ബാനില്‍ തന്നെ മാനസികമായി തയാറെടുക്കണം. ശഅ്ബാന്‍ പതിനഞ്ചിനു മുമ്പായി ധാരാളം നോമ്പനുഷ്ഠിക്കാം. ശഅ്ബാനിലാണ് നബി (സ) മറ്റു മാസങ്ങളേക്കാള്‍ നോമ്പനുഷ്ഠിച്ചിരുന്നതെന്ന് ആഇശ (റ) നിവേദനം ചെയ്തിട്ടുണ്ട്. റമദാന്‍ പിറ കാണാന്‍ ആഗ്രഹത്തോടും ആവേശത്തോടും കാത്തിരിക്കണം. മാസം കണ്ടാല്‍ അല്ലാഹു അക്ബര്‍ അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍അംനി വല്‍ ഈമാന്‍ വസ്സലാമതി വല്‍ ഇസ് ലാമി വത്തൗഫീഖി ലിമാ തുഹിബ്ബു വ തര്‍ദാ, റബ്ബുനാ വറബ്ബുകല്ലാഹ് (തിര്‍മിദി, ഇബ്നു ഹിബ്ബാന്‍ - അല്ലാഹുവാണ് ഏറ്റവും വലിയവന്‍, അല്ലാഹുവേ, ഈ ചന്ദ്രനെ ഞങ്ങള്‍ക്ക് സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും രക്ഷയുടെയും സമര്‍പ്പണത്തിന്റെയും ചന്ദ്രനായി ഉദിപ്പിക്കേണമേ, നീ ഇഷ്ടപ്പെടുകയും നിനക്ക് പ്രിയങ്കരമാവുകയും ചെയ്യുന്ന കര്‍മാനുഷ്ഠാനത്തിന് ഉതവി നല്‍കുകയും ചെയ്യേണമേ. ചന്ദ്രാ, നിന്റെയും ഞങ്ങളുടെയും പരിപാലകന്‍ ഒരേ അല്ലാഹുവാകുന്നു). ചന്ദ്രദര്‍ശനമുണ്ടാകുമ്പോള്‍ എല്ലാ മാസത്തിലും പ്രാര്‍ഥിക്കേണ്ടതാണിത്. റമദാനില്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേകം താല്‍പര്യമുണ്ടാവണം. നിര്‍ബന്ധ നമസ്‌കാരത്തിനു പുറമെ ഐഛിക നമസ്‌കാരങ്ങളിലും ശ്രദ്ധവേണം. കൂടുതല്‍ കൂടുതലായി നന്മ കരസ്ഥമാക്കാനായിരിക്കണം ജാഗ്രത. ഈ അനുഗൃഹീതവും കരുണാര്‍ദ്രവുമായ മാസം ദൈവത്തിന്റെ കാരുണ്യത്തിന്റെയും പരിഗണനയുടെയും മാസമാണ്. ശഅ്ബാന്‍ അവസാനത്തില്‍ റമദാന്റെ ശുഭവാര്‍ത്തയേകി പ്രവാചകന്‍ (സ) പറഞ്ഞതിങ്ങനെ: 'ജനങ്ങളേ, നിങ്ങള്‍ക്കു മേല്‍ വലിയ മഹത്വവും അനുഗ്രഹവും ഒരു മാസം തണല്‍ വിരിക്കാനെത്തുകയാണ്. അതിലെ ഒരു രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. ഈ മാസത്തില്‍ അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കുകയും രാത്രി നമസ്‌കാരം ഐഛികമാക്കുകയും ചെയ്തിരിക്കുന്നു. ഹൃദയസാന്നിധ്യത്തോടെ ഈ മാസത്തില്‍ നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റു മാസങ്ങളില്‍ നിര്‍ബന്ധ കര്‍മം നിര്‍വഹിച്ചതിന് തുല്യമായ പ്രതിഫലം ലഭിക്കും. ഈ മാസം ഒരു നിര്‍ബന്ധ കര്‍മം അനുഷ്ഠിക്കുന്നവര്‍ക്ക് മറ്റു മാസങ്ങളില്‍ എഴുപത് നിര്‍ബന്ധ കര്‍മം നിര്‍വഹിച്ചതിന് തുല്യമായ പ്രതിഫലവും.'
വളരെ താല്‍പര്യത്തോടും ആവേശത്തോടും കൂടി റമദാനെ മുഴുവന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം. രോഗകാഠിന്യത്താലോ മറ്റു ശര്‍ഈ കാരണങ്ങളാലോ നോമ്പ് ഉപേക്ഷിക്കേണ്ടി വന്നാലും ആ മാസത്തിന്റെ പവിത്രത നഷ്ടപ്പെടുന്ന വിധം പരസ്യമായി അന്നപാനീയം പാടില്ല. നോമ്പുള്ളവരെ പോലെയാകണം അവരുടെയും പെരുമാറ്റം.
ഖുര്‍ആന്‍ പാരായണത്തിന് നല്ല ശ്രദ്ധ നല്‍കുക. ഖുര്‍ആനുമായി പ്രത്യേക ഹൃദയച്ചേര്‍ച്ചയുണ്ടാവണം. ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ ദൈവിക ഗ്രന്ഥങ്ങളും അവതീര്‍ണമായത് റമദാനിലാണ്. ഇബ്റാഹീം നബി(അ)ക്ക് ഏട് ലഭ്യമായത് ഈ മാസത്തിലെ ഒന്നാമത്തെയോ മൂന്നാമത്തെയോ ദിനമാണ്. ദാവൂദ് നബി (അ)ക്ക് സബൂര്‍ ലഭ്യമായത് റമദാന്‍ 12-നോ 18-നോ ആണ്. റമദാന്‍ ആറിനാണ് മൂസാ നബി(അ)ക്ക് തൗറാത്ത് അവതരിച്ചത്. ഈസാ നബി(അ)ക്ക് ഇഞ്ചീല്‍ ലഭ്യമായതാവട്ടെ റമദാനിലെ 13-ാം നാളിലാണ്. അതിനാല്‍ തന്നെ റമദാന്‍ മാസം വളരെ കൂടുതലായി ഖുര്‍ആന്‍ പാരായണം ചെയ്യണം. ജിബ്‌രീല്‍ (അ) എല്ലാ വര്‍ഷവും റമദാനില്‍ ഖുര്‍ആന്‍ ഒരാവൃത്തി പ്രവാചകന് (സ) കേള്‍പ്പിച്ചിരുന്നു. പ്രവാചകന്‍, ജിബ്രീലിന് തിരിച്ചങ്ങോട്ടും ഒരാവൃത്തി കേള്‍പ്പിക്കും. നബി (സ) മരണപ്പെടുന്ന വര്‍ഷം രണ്ടു തവണ ജിബ്രീല്‍ (അ) നബി(സ)ക്ക് ഖുര്‍ആന്‍ കേള്‍പ്പിച്ചിട്ടുണ്ട്. നിര്‍ത്തി നിര്‍ത്തി ആശയം മനസ്സിലാക്കിയാവണം പാരായണം. പാരായണം വര്‍ധിപ്പിക്കുന്നതോടൊപ്പം അര്‍ഥം മനസ്സിലാക്കി ഗുണപാഠം പ്രത്യേകം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങണം.
തറാവീഹ് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ മുഴുവനായും കേള്‍ക്കാന്‍ ശ്രദ്ധിക്കുക. റമദാനില്‍ ഒരാവൃത്തി ഖുര്‍ആന്‍ കേള്‍ക്കുന്നത് പ്രവാചക ചര്യയാണ്. പ്രസ്തുത നമസ്‌കാരം ഭയഭക്തിയോടും താല്‍പര്യപൂര്‍വവും ആവേശപൂര്‍വവുമാണ് നിര്‍വഹിക്കേണ്ടത്. റക്അത്തുകളുടെ എണ്ണമല്ല പ്രധാനം, നമസ്‌കാരം യഥാര്‍ഥ നമസ്‌കാരമാവും വിധം നിര്‍വഹിക്കണം. അല്ലാഹുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന, ജീവിതത്തെ സ്വാധീനിക്കുന്ന, നമസ്‌കാരമാവട്ടെ അത്. സാധിച്ചാല്‍ തഹജ്ജുദ് നമസ്‌കാരത്തിനും ശ്രദ്ധ പുലര്‍ത്തുക.
ദാനധര്‍മങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുക. ദരിദ്രര്‍, വിധവകള്‍, അനാഥകള്‍ എന്നിവര്‍ക്കു സവിശേഷം പരിഗണന നല്‍കണം. യാത്രക്കാര്‍ക്കും മറ്റും അത്താഴത്തിനും നോമ്പുതുറക്കും അവസരമൊരുക്കണം. നബി (സ) പറഞ്ഞു; ഇത് അനുകമ്പയുടെ മാസമാകുന്നു. സാമ്പത്തികമായും പെരുമാറ്റത്തിലുമെല്ലാം താഴേതട്ടിലുള്ളവരോട് കാരുണ്യം വഴിഞ്ഞൊഴുകുന്ന അനുകമ്പയാണ് ആവശ്യം. ഉദാരനും കരുണാര്‍ദ്രനുമായ പ്രവാചകന്‍ (സ) റമദാനില്‍ അവ സവിശേഷം നിലനിര്‍ത്തിയിരുന്നുവെന്ന് ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്തിട്ടുണ്ട്. അടിച്ചുവീശുന്ന കാറ്റുപോലെ ഉദാരനാകുമായിരുന്നു നബി. കൂടുതല്‍ അനുകമ്പയോടും കാരുണ്യത്തോടും വീട്ടുകാരോടും ജോലിക്കാരോടും മറ്റെല്ലാവരോടും പെരുമാറേണ്ട മാസവുമാണ് റമദാന്‍. ലൈലത്തുല്‍ ഖദ്റിന്റെ രാവില്‍ പരമാവധി ഐഛിക കര്‍മങ്ങള്‍ അധികരിപ്പിക്കണം. ഖുര്‍ആന്‍ അവതരിച്ച രാവ് എന്നതാണ് ഈ രാവിന്റെ സവിശേഷത. അല്ലാഹു പറയുന്നു:
'ലൈലത്തുല്‍ ഖദ്റില്‍ നാം ഖുര്‍ആനിനെ ഇറക്കിയിരിക്കുന്നു. ലൈലത്തുല്‍ ഖദ്‌റ് എന്തെന്ന് നിനക്കറിയാമോ? ആയിരം മാസത്തേക്കാള്‍ ഉത്തമമാണ് ആ രാവ്. അന്ന് നാഥന്റെ കല്‍പനപ്രകാരം മലക്കുകളും ജിബ്രീലും ഭൂമിയിലേക്ക് ഇറങ്ങിവരുന്നു. പ്രഭാതം വരേക്കും ആ രാവ് സമാധാനമുള്ളതാകുന്നു' (അല്‍ഖദ്‌റ് 1-5). റമദാന്റെ അവസാന പത്തിലെ ഒറ്റ രാവിലൊന്നാണ് ലൈലത്തല്‍ ഖദ്ര്‍. അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്വ ഫഅ്ഫു അന്നീ (നാഥാ, നീയാണ് പാപങ്ങള്‍ മായ്ച്ചു തരുന്നവന്‍, എന്റെ പാപങ്ങളെല്ലാം നീ മായ്ച്ചു തരേണമേ) എന്ന പ്രാര്‍ഥന ആ രാവില്‍ ഉരുവിടണം. അനസ് (റ) പറയുന്നു: 'ഒരു റമദാനില്‍ പ്രവാചകന്‍ (സ) അരുളിയതിങ്ങനെ: ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാവുള്ള മാസമാണ് നിങ്ങള്‍ക്ക് ആഗതമായിരിക്കുന്നത്. ആ രാത്രിയെ നഷ്ടപ്പെടുത്തിയവന്‍ എല്ലാ നന്മകളും പാടേ നഷ്ടപ്പെടുത്തിയവനാകുന്നു. ആ രാത്രിയിലെ നന്മയും അനുഗ്രഹവും നഷ്ടപ്പെട്ടവനാണ് യഥാര്‍ഥ നഷ്ടകാരി' (ഇബ്നുമാജ).
റമദാന്റെ അവസാന പത്ത് നാളുകളില്‍ ഇഅ്തികാഫിന് തയാറാവുക. ആഇശ(റ)യില്‍നിന്ന്: റമദാന്റെ അവസാന പത്ത് ദിവസങ്ങളില്‍ നബി(സ) കൂടുതല്‍ ആരാധനകളില്‍ മുഴുകുകയും വീട്ടുകാരെയും അതിനു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്തു. അവിടുന്ന് കൂടുതല്‍ താഴ്മയോടെ ആരാധനകളില്‍ നിമഗ്‌നനാവുന്ന നാളുകളാണവ. താണു കേണ് കൂടുതല്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം ഈ മാസത്തില്‍. റമദാന്‍ സമാഗതമായാല്‍ പ്രകൃതം അപ്പാടെ മാറുന്ന പ്രവാചകന്‍ (സ) നമസ്‌കാരം വര്‍ധിപ്പിച്ചും പ്രാര്‍ഥന കൂടുതല്‍ വിനയാന്വിതമാക്കിയും ഭയം പരമാവധി നിലനിര്‍ത്തിയുമാണ് കഴിച്ചുകൂട്ടിയിരുന്നത്. ദൈവിക സിംഹാസനം വഹിക്കുന്ന മലക്കുകളോട് അല്ലാഹു പറയും: നിങ്ങളുടെ ആരാധനകള്‍ നിര്‍ത്തിവെക്കൂ, നോമ്പുകാരുടെ പ്രാര്‍ഥനകള്‍ക്ക് ആമീന്‍ പറയൂ. 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം