മഹാമാരിക്ക് മതകിരീടം ചാര്‍ത്തി ഇസ്‌ലാംവെറിയുടെ ദേശീയ പരീക്ഷണങ്ങള്‍
കോവിഡ് 19 മഹാമാരിയും അതിനെ നേരിടുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണും വിവരണാതീതമായ പ്രയാസങ്ങളിലേക്കും ഭീതിയിലേക്കുമാണ് മുഴുവന്‍ ഇന്ത്യക്കാരെയും തള്ളിവിട്ടത്. ഇനിയും മറുമരുന്ന് കണ്ടെത്തിയിട്ടില്ലാത്ത, രൂപഭേദം പൂണ്ട്, അമ്പരപ്പിക്കുന്ന വേഗത്തില്‍ ലോകമാകെ പടര്‍ന്നു കയറുന്ന മാരക വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യവും. എന്നാല്‍, അസ്വസ്ഥത നിറഞ്ഞ ഈ കാലം ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് രാജ്യത്തെ സഹപൗരന്മാരേക്കാള്‍ കൂടുതല്‍ ഒറ്റപ്പെടലിന്റെയും നിരാശയുടെയും ഇരുള്‍കാലം കൂടിയാണ്.
അതീവ ദുഷ്‌കരവും ക്ലേശപൂര്‍ണവുമായ കാലസന്ധികളിലൂടെയാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ മുസ്ലിംകളുടെ പ്രയാണം. മുസ്ലിംവിദ്വേഷം മുടിയഴിച്ചാടിയ, മനുഷ്യരക്തം ചാലിട്ടൊഴുകിയ ഭയാനകമായ വിഭജന വര്‍ഷങ്ങള്‍. സ്വന്തം വീടുകളില്‍നിന്നും ഉപജീവനമാര്‍ഗങ്ങളില്‍നിന്നും പുറന്തളളിയും ഹിംസയുടെ പരമ്പര തന്നെ സൃഷ്ടിച്ചും ദശലക്ഷങ്ങളെ പാകിസ്താനിലേക്ക് പലായനം ചെയ്യിച്ച കരാള നാളുകള്‍. ശേഷവര്‍ഷങ്ങളില്‍ എണ്ണമറ്റ വര്‍ഗീയ കലാപങ്ങള്‍. ഒന്നിനു പിറകെ ഒന്നായി, കൃത്യമായ ഇടവേളകളില്‍ അരങ്ങേറിയ ആ ഭീകര കലാപങ്ങള്‍ നഷ്ടത്തിന്റെയും വേദനയുടെയും വിഭജനകാല കണ്ണീര്‍ച്ചിത്രങ്ങളാണ് രാജ്യത്തെ മുസ്ലിം മതന്യൂനപക്ഷത്തിന്റെ മനസ്സുകളിലേക്ക് ഒരു ഫഌഷ് ബാക്കിലെന്ന പോലെ കൊണ്ടുവന്നത്. ആള്‍ക്കൂട്ടാക്രമണങ്ങളുടെ ഊഴമായിരുന്നു പിന്നീട്. പശുവിനെ രക്ഷിക്കണമെന്നാക്രോശിച്ചും 'സ്‌നേഹ ജിഹാദ്' തടയണമെന്നു പറഞ്ഞും പോയ വര്‍ഷങ്ങളില്‍ എത്രയെത്ര ആള്‍ക്കൂട്ടങ്ങളാണ് ഇന്ത്യന്‍ തെരുവുകളില്‍ കിരാതമായ ആക്രമണങ്ങളഴിച്ചുവിട്ടത്. അതിനിടയില്‍ വിദ്വേഷം കൊടുമുടി താണ്ടിയ വേറെയും 'മുന്നേറ്റങ്ങള്‍'. മധ്യകാലത്ത് നിര്‍മിതമായ ഒരു മസ്ജിദ് നിലനിന്ന സ്ഥലത്തു തന്നെ രാമന് അമ്പലം പണിയണമെന്നു പറഞ്ഞ് ജനക്കൂട്ടങ്ങളെ ഇളക്കിവിട്ടു മുന്നേറിയ 'രാമക്ഷേത്ര പ്രസ്ഥാന'മായിരുന്നു അതിലൊന്ന്. അങ്ങനെ ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം ആ ആരാധനാമന്ദിരം ഇടിച്ചുനിരത്തി. അതില്‍ പിന്നെ ഭീകരാക്രമണങ്ങളുടെ കാലമായിരുന്നു. മാറിമാറി അധികാരത്തിലേറിയ ഗവണ്‍മെന്റുകള്‍ എണ്ണമറ്റ മുസ്ലിം ചെറുപ്പങ്ങളെ വേട്ടയാടിപ്പിടിച്ച് കൊടും പീഡനങ്ങള്‍ക്കിരയാക്കി. വര്‍ഷങ്ങളല്ല, പതിറ്റാണ്ടുകള്‍ തന്നെ തടവറകളില്‍ തളച്ച് നിരവധി പേരുടെ ആയുസ്സൊടുക്കി. ഒടുക്കം നിരപരാധികളെന്നു വിധിച്ച് അവരില്‍ പലരെയും ജയിലുകളില്‍നിന്ന് തുറന്നുവിട്ടു. ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് ഈ വേട്ട മുസ്ലിം സമൂഹത്തിനേല്‍പിച്ചത്
2014 -ലെ മധ്യവേനലില്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെ ഇന്ത്യന്‍ മുസ്ലിംകളുടെ ജീവിതനില കൂടുതല്‍ ദുസ്സഹമായി. തെരഞ്ഞെടുക്കപ്പെട്ട ഉന്നതാധികാര കേന്ദ്രങ്ങളിലിരുന്ന്, യാതൊരു ചെടിപ്പുമില്ലാതെ വെറുപ്പ് വമിപ്പിക്കുന്നത് പൊതുജീവിതത്തിലെ പതിവുകാഴ്ചയായി. ദൈനംദിന ജീവിതചര്യയുടെ ഭാഗമായിക്കഴിഞ്ഞിരുന്ന ഈ വിദ്വേഷ വ്യാപാരത്തില്‍ ഒട്ടുമിക്ക മാധ്യമങ്ങളും, വിശിഷ്യാ ഹിന്ദിയിലെയും മറ്റു പല ഇന്ത്യന്‍ ഭാഷകളിലെയും മീഡിയ പൂര്‍ണ മനസ്സോടെ പങ്കാളികളായി.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മുസ്ലിം സമൂഹത്തെ അപ്രസക്തമാക്കാനുള്ള ആസൂത്രിതവും വ്യവസ്ഥാപിതവുമായ നീക്കങ്ങള്‍ നടന്നുകൊണ്ടിരുന്നു. തെരഞ്ഞെടുപ്പുകളില്‍ അവര്‍ പങ്കെടുക്കുന്നതും പങ്കെടുക്കാതിരിക്കുന്നതും ഒരു വിഷയമേ അല്ലാതാകുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. അനേകം നിരപരാധികളെ ഭീകരമായ പീഡനങ്ങള്‍ക്കിരയാക്കിയ ആള്‍ക്കൂട്ടങ്ങള്‍ അത് വീഡിയോയില്‍ പകര്‍ത്തി ഈ രാജ്യത്തെ മുസ്ലിം മനസ്സാക്ഷിക്ക് തീക്കൊടുത്തു. 2019 -ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയ ശേഷം ഭരണഘടനയെയും നിയമത്തെയും ആയുധമാക്കി മുസ്ലിം സമൂഹത്തെ ലക്ഷ്യം വെക്കുന്നതാണ് കണ്ടത്. കശ്മീര്‍ എന്ന സംസ്ഥാനത്തെ നിന്ദ്യമായ രീതിയില്‍ തരംതാഴ്ത്തി താഴ്‌വരയെ താഴിട്ടു പൂട്ടി, മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി, ബാബരി തകര്‍ത്തിടത്ത് ശ്രീരാമന് അമ്പലം പണിയണമെന്ന് കോടതി വിധിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനും നിര്‍ദിഷ്ട ദേശീയ പൗരത്വ പട്ടികക്കുമെതിരെ രാജ്യവ്യാപകമായി അലയടിച്ചുയര്‍ന്ന പ്രക്ഷോഭങ്ങള്‍, ഇഛാഭംഗത്തിന്റെ ആഴക്കയങ്ങളിലുഴറിയിരുന്ന ഈ രാജ്യത്തെ മുസ്ലിം ഹൃദയങ്ങളില്‍ ചെറുപ്രതീക്ഷകള്‍ മുളപൊട്ടുന്നതിന് കളമൊരുക്കി. പൗരത്വ വിവേചന നിയമത്തിനെതിരെ എല്ലാ വിശ്വാസധാരകളിലും പെട്ട ആളുകള്‍, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ തോളോടു തോള്‍ ചേര്‍ന്ന്, ആവേശപൂര്‍വം, എന്നാല്‍ സമാധാനപരമായി തങ്ങളോടൊപ്പം പോരാട്ടരംഗത്തിനിറങ്ങിയത് മുസ്ലിം സമൂഹത്തില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കിയിരുന്നു. എന്നാല്‍, കൊറോണാ വൈറസ് ഇന്ത്യയിലേക്ക് നൂണ്ടുകയറിക്കൊണ്ടിരുന്ന ആഴ്ചകളിലാണ് രാജ്യതലസ്ഥാനം വര്‍ഗീയ കലാപങ്ങളില്‍ ആടിയുലഞ്ഞത്. നേരത്തേ സര്‍വകലാശാലകള്‍ക്കു നേരെ നിരന്തരം കൈയേറ്റങ്ങള്‍ നടന്നുകൊണ്ടിരുന്നു. തന്റെ പ്രതികാരദാഹം തീര്‍ക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പോലീസ് സേനയെ സംസ്ഥാനത്തെ മുസ്ലിംകള്‍ക്കുനേരെ അഴിച്ചുവിട്ടു. ഇതിനിടയിലും രാജ്യത്തെ മുസ്ലിംകള്‍ മതേതര ശക്തികളോടൊപ്പം ചേര്‍ന്ന് ദേശീയ പൗരത്വ പട്ടികക്കെതിരെയുള്ള വിശാല പോരാട്ടത്തിന് തന്ത്രങ്ങളാവിഷ്‌കരിക്കുകയായിരുന്നു.
പ്രധാനമന്ത്രി മോദി രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ എല്ലാം ഒറ്റയടിക്ക് വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു. അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവരും സ്വയം തൊഴിലെടുത്ത് ജീവിക്കുന്നവരുമായ കോടിക്കണക്കിന് തൊഴിലാളികള്‍ ഒറ്റരാത്രി കൊണ്ട് നിന്നിടത്ത് കുടുങ്ങിപ്പോയി. ജോലിയില്ല, ഭക്ഷണമില്ല, ചികിത്സയില്ല. അധികാരികള്‍ നിര്‍ദേശിച്ച സാമൂഹിക അകലം പാലിച്ച് കഴിയാനുള്ള താമസ സംവിധാനങ്ങളില്ല. യാതനയുടെയും ക്ലേശത്തിന്റെയും ഈ സഹനവേളയിലെങ്കിലും ഇന്ത്യയിലെ വിദ്വേഷത്തിന്റെ കരിംഭൂതങ്ങള്‍ കളമൊഴിയുമെന്ന് ഒരു നിമിഷം നമ്മള്‍ പ്രതീക്ഷിച്ചുപോയി. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ഭീകരമാരിയുടെയും ദുര്‍ഭൂതങ്ങള്‍ക്കെതിരെ പോരാടുന്നതിന് രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു വരുമെന്നും നമ്മള്‍ ധരിച്ചു.
എന്നാല്‍ ഇവിടെ സംഭവിച്ചത് അങ്ങനെയൊന്നുമല്ല. അധികാരത്തിലിരിക്കുന്നവരുടെ ഉള്ളിലിരിപ്പും അജണ്ടയും വേറെയായിരുന്നു. ദല്‍ഹിയിലെ പടിഞ്ഞാറന്‍ നിസാമുദ്ദീനിലുള്ള 'മര്‍കസ്' എന്നു വിളിക്കുന്ന തങ്ങളുടെ ആസ്ഥാനത്തെ അഞ്ചുനില കെട്ടിടത്തില്‍ മാര്‍ച്ച് 13-15 തീയതികളില്‍ തബ്‌ലീഗ് ജമാഅത്ത് ഒരു സംഗമം സംഘടിപ്പിച്ചിരുന്നു. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ ഒത്തുചേരലില്‍ പങ്കെടുത്തു. ഈ സാഹചര്യത്തില്‍ അത്തരമൊരു സമ്മേളനം സംഘടിപ്പിച്ചത് നിരവധിയാളുകളുടെ ജീവന് ഭീഷണിയുയര്‍ത്തിയേക്കാവുന്ന അവിവേകമായിരുന്നു. പക്ഷേ വിഷയത്തെ വസ്തുനിഷ്ഠമായി സമീപിക്കുമ്പോള്‍ വേറെ ചില വസ്തുതകള്‍ കൂടി നമ്മള്‍ കാണേണ്ടതുണ്ട്. മതപരവും രാഷ്ട്രീയവും സാമൂഹികവുമായ ധാരാളം ഒത്തുചേരലുകള്‍ ഇതേ സമയത്ത് രാജ്യത്ത് വേറെയും നടന്നിരുന്നു. മാത്രമല്ല കേന്ദ്ര - ദല്‍ഹി സര്‍ക്കാറുകളില്‍നിന്ന് നിയമപരമായ അനുമതി ലഭിച്ചതിനു ശേഷമാണ് തബ്‌ലീഗ് സംഗമം നടന്നത്. ഗുജറാത്തിലെ പല ക്ഷേത്രങ്ങളിലും പഞ്ചാബിലും ആയിരക്കണക്കിന് ഹൈന്ദവ-സിഖ് മതവിശ്വാസികള്‍ ഇതേ ദിവസങ്ങളില്‍ സംഗമിച്ചത് മീഡിയ കണ്ട ഭാവം നടിച്ചില്ല, ഔദ്യോഗിക ബ്രീഫിംഗിലൊന്നും അത് പരിമര്‍ശിക്കപ്പെട്ടില്ല.
ഒറ്റയടിക്ക് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണില്‍ പകച്ചുപോയ ജനം അടച്ചുപൂട്ടലിന്റെ ആദ്യ ദിനങ്ങള്‍ മുതല്‍ കൊറോണാ വ്യാപനത്തെക്കുറിച്ച ഏറ്റവും പുതിയ വിവരങ്ങളും വാര്‍ത്തകളും ലഭിക്കുന്നതിന് ടെലിവിഷന്‍ സ്‌ക്രീനിലും സ്മാര്‍ട്ട് ഫോണിലും കണ്ണും നട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ, തബ്‌ലീഗ് കേന്ദ്രമാണ് ഇന്ത്യയിലെ കോവിഡിന്റെ പ്രഭവ കേന്ദ്രമെന്നും അവരുടെ അവിടത്തെ ഒത്തുചേരലാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണമെന്നും ചിത്രീകരിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. 'മര്‍കസ് മസ്ജിദ് കേസുകള്‍' എന്ന് ഇനം തിരിച്ചാണ് ദല്‍ഹി ഗവണ്‍മെന്റ് ഓദ്യോഗിക ബ്രീഫിംഗ് നടത്തിയത്. പ്രകടമായ പക്ഷപാതിത്വത്തോടെയാണ് അധികൃതര്‍ സ്ഥിതിവിവരക്കണക്കുകള്‍ തയാറാക്കിയിരുന്നതെന്ന് The Quint - ല്‍ എഴുതിയ ലേഖനത്തില്‍ ശുഐബ് ദാനിയല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തബ്‌ലീഗുകാരും അവരുടെ സമ്പര്‍ക്കത്തിലുള്ളവരുമായ 25,000 പേരെ അധികൃതര്‍ പിന്തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കി. എന്നാല്‍ തബ്‌ലീഗുകാര്‍ സമ്മേളിച്ച അതേ സമയത്ത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഭരണകക്ഷി നേതാക്കളുടെ പങ്കാളിത്തത്തിലും രക്ഷാകര്‍തൃത്വത്തിലും നിരവധി പരിപാടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നിരുന്നു. ഇത്തരം മത - രാഷ്ട്രീയ ഒത്തുചേരലുകളില്‍ പങ്കെടുത്തവരെ കണ്ടെത്തുന്നതിലും പരിശോധനക്ക് വിധേയമാക്കുന്നതിലും തബ്‌ലീഗുകാരുടെ വിഷയത്തില്‍ കാണിച്ച താല്‍പര്യത്തിന്റെ ചെറിയൊരംശം ആവേശം പോലും അധികൃതരുടെ ഭാഗത്തുനിന്ന് കണ്ടില്ല. ഒരു നിര്‍ണിത റിപ്പോര്‍ട്ടിംഗ് കാലയളവില്‍ പരിശോധിക്കുന്ന കേസുകളില്‍ ഭൂരിപക്ഷവും തബ്‌ലീഗുകാരുടേതാണെങ്കില്‍, ആ കാലയളവില്‍ സ്ഥിരീകരിക്കുന്ന പോസിറ്റീവ് കേസുകളില്‍ ഭൂരിപക്ഷവും അവരുടേതാവുക എന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നാണ് സ്റ്റാറ്റിസ്റ്റിക് വിദഗ്ധരുടെ അഭിപ്രായം.
മുസ്ലിംകള്‍ക്കെതിരെ വിദ്വേഷാഗ്‌നി ആളിപ്പടരുന്നതിനാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ ട്രോളുകളുടെ കുത്തൊഴുക്ക്. ബി. ജെ. പിയുടെ കുപ്രസിദ്ധമായ ഐ.ടി സെല്‍ മെമ്പര്‍മാര്‍ തകര്‍ത്താടി. ഇന്റര്‍നെറ്റില്‍ വെറുപ്പിന്റെ തീതുപ്പുന്ന വ്യാജ വീഡിയോകളുടെ പ്രളയം തന്നെ തീര്‍ത്തു, വിദ്വേഷവ്യാപാരികള്‍. അമുസ്ലിംകള്‍ക്കിടയില്‍ രോഗം പടര്‍ത്തുക എന്ന കുടിലബുദ്ധിയോടെ മുസ്ലിംകള്‍ പഴങ്ങളിലും പച്ചക്കറികളിലും ഉമിനീര് പൂശുന്നു, റസ്റ്റോറന്റുകളില്‍ വിളമ്പുന്ന ഭക്ഷ്യവിഭവങ്ങളിലേക്ക് തുപ്പുന്നു, മറ്റുള്ളവരെ മുഖാമുഖം നിര്‍ത്തി അവരുടെ മുഖത്തേക്ക് കാര്‍ക്കിക്കുന്നു... ഇങ്ങനെ നീളുന്നു വിഷം തുപ്പുന്ന ആ ഫേക്ക് വീഡിയോകളുടെ ഉള്ളടക്കം. വേറെ ചില വീഡിയോകളില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളില്‍ രോഗ പരിശോധനക്ക് വിസമ്മതിക്കുന്ന മുസ്ലിംകളെ കാണാം. മറ്റു ചിലതില്‍ മുമ്പെന്നോ മുസ്ലിംകള്‍ പള്ളികളില്‍ നടത്തിയ ആരാധനയുടെ ദൃശ്യങ്ങള്‍ കണ്ടെടുത്ത് അത് ലോക്ക് ഡൗണ്‍ കാലത്ത് നടത്തിയതാണെന്ന് പ്രചരിപ്പിച്ചു; തബ്‌ലീഗുകാരടെ ചെയ്തികളില്‍നിന്ന് ഇവര്‍ ഒരു പാഠവും പഠിച്ചില്ല എന്ന അധിക്ഷേപത്തിന്റെ അകമ്പടിയോടെ. ഇതോടൊപ്പം # കൊറോണാ ജിഹാദ്, # ബയോ ജിഹാദ്, # തബ്‌ലീഗ് ജമാഅത്ത് വൈറസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ പടച്ച് വ്യാപക പ്രചാരണം നടത്തി സോഷ്യല്‍ മീഡിയയില്‍ ട്രന്റിംഗ് സൃഷ്ടിച്ചു. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ വളരെ പെട്ടെന്നായിരുന്നു, തീവ്രവും ഭീതിദവുമായിരുന്നു അത്. നിലക്കാതെ തുടരുകയാണ് അതിന്റെ മാരകാഘാതങ്ങള്‍. ഭീകരരെന്ന പോലെ രാജ്യമെങ്ങും തബ്‌ലീഗ് പ്രവര്‍ത്തകര്‍ അമുസ്ലിംകള്‍ക്കിടയില്‍ അവഹേളിക്കപ്പെട്ടു, കടുത്ത വിദ്വേഷത്തിന് അവരിരകളായി.
ആള്‍ക്കൂട്ടം മുസ്ലിംകളെ വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ നിരവധി റിപ്പോര്‍ട്ടുകളാണ് എനിക്കും, ഹെല്‍പ് ലൈന്‍ സംവിധാനമൊരുക്കിയും ഭക്ഷണവിതരണം നടത്തിയും സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്രമത്തിനിരയാകുന്നതില്‍ തബ്‌ലീഗുകാരും അല്ലാത്തവരുമുണ്ട്. കൊറോണാ വ്യാപനത്തിന്റെ ഉത്തരവാദിത്തം മുസ്ലിംകളുടെ തലയിലിട്ട ഭ്രാന്തന്‍ വിദ്വേഷ പ്രചാരണമാണ് ഇതിനെല്ലാം കാരണം. ഈ ആക്രമണങ്ങളില്‍ വളരെ കുറച്ച് മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അരുണാചല്‍ പ്രദേശില്‍ മുസ്ലിം ട്രക്ക് ഡ്രൈവര്‍മാരെ മര്‍ദിച്ചവശരാക്കി. ഹരിയാനയിലെ ഗുരുഗ്രാമിലെ ധാന്‍കോട്ട് ഗ്രാമത്തില്‍ മസ്ജിദിനു നേരെ അജ്ഞാതര്‍ വെടിവെപ്പ് നടത്തി. 200-ഓളം വരുന്ന അക്രമികൂട്ടം വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ മുഖ്‌മെല്‍പുര്‍ ഗ്രാമത്തിലെ ഒരു മസ്ജിദിനു നേരെ ആക്രമണമഴിച്ചു വിടുകയും പള്ളിക്കകം അലങ്കോലമാക്കുകയും ചെയ്തതായി ദല്‍ഹി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ രേഖപ്പെടുത്തുന്നു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തെമ്മാടിക്കൂട്ടങ്ങള്‍ മുസ്ലിംകള്‍ക്കെതിരെ അഴിച്ചുവിട്ട അക്രമങ്ങള്‍ The Quint അക്കമിട്ട് നിരത്തുന്നുണ്ട്. ബാഗല്‍കോട്ട് ജില്ലയിലെ ബിദാരി ഗ്രാമത്തില്‍ കൃഷ്ണാ നദിയില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന ഏതാനും മുസ്ലിംകളെ ആള്‍ക്കൂട്ടം ഭീകരമായി തൊഴിക്കുകയും നിന്ദ്യമായ വാക്കുകളാല്‍ അവഹേളിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ അക്രമികള്‍ ഇങ്ങനെ ആക്രോശിക്കുന്നുണ്ടായിരുന്നു: 'നിങ്ങള്‍ മുസ്ലിംകളാണ് ഈ രോഗം ഇവിടെ പരത്തുന്നത്.' ഇതേ ജില്ലയിലെ മറ്റൊരു ഗ്രാമമായ കദകൊറപ്പയില്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരുന്ന വിശ്വാസികളെ കൈയേറ്റം ചെയ്തു. ഏപ്രില്‍ 5 - ന് ബെലഗാവിയില്‍ രണ്ടു മസ്ജിദുകള്‍ കൂടി ആക്രമണത്തിനിരയായി. വിളക്കണക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം മാനിച്ചില്ല എന്നു പറഞ്ഞായിരുന്നു ആക്രമണം. ഈ പട്ടിക ദീര്‍ഘിച്ചതാണ്. അത് ഇനിയും നീണ്ടു പോകുമെന്ന് തീര്‍ച്ച. രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായിരിക്കുമ്പോഴാണ് ഈ ആക്രമണങ്ങളും ഗുണ്ടായിസവുമെല്ലാം അരങ്ങേറിയതെന്ന് ഓര്‍ക്കുക.
ഈ മതവെറി ചിലപ്പോള്‍ കറുത്ത ഫലിതത്തിന്റെ രൂപമാര്‍ജിക്കുന്നതും കാണാം. ഏപ്രില്‍ 8-ന് നടന്ന ഒരു സംഭവം ചില കര്‍ണാടക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷ്ണരാജ്‌പേട്ട് താലൂക്കിലെ ടെണ്ടകരെയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മൂന്ന് ചെറുപ്പക്കാര്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നു. പോലീസ് അവരെ തടഞ്ഞു. 'കൊറോണാ ബാധിതരായ മുസ്ലിംകളാണ് ഞങ്ങള്‍, ഞങ്ങളെ പിടികൂടുകയാണെങ്കില്‍ രോഗം പരത്തി നിങ്ങളെ ഞങ്ങള്‍ കൊല്ലും..' പോലീസുകാര്‍ക്കു നേരെ തിരിഞ്ഞ് മൂവര്‍ സംഘം ആക്രോശിച്ചു. പിന്നീട് അറിയിപ്പ് വന്നു; ആ മൂന്നു പേരുടെ പേരുകള്‍ ഇങ്ങനെ: മഹേഷ്, അഭിഷേക്, ശ്രീനിവാസ്!
'കാരവാനേ മൊഹബ്ബത്ത്' എന്ന സന്നദ്ധ സംഘടന ലോക്ക് ഡോണ്‍ വേളയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷണ വിതരണം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി എന്റെ ചില മുസ്ലിം സഹപ്രവര്‍ത്തകള്‍ ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ചെന്നപ്പോള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. റേഷന്‍ നല്‍കാന്‍ ചെന്ന മുസ്ലിം സന്നദ്ധ പ്രവര്‍ത്തകരെ കടുത്ത നിന്ദാവാക്കുകള്‍ ചൊരിഞ്ഞ് അവിടെനിന്ന് ആട്ടിയകറ്റുകയായിരുന്നു അവര്‍. സ്വരാജ് അഭിയാന്റെ വളന്റിയര്‍മാരും ബംഗളുരുവില്‍ ഇതേ അനുഭവം നേരിട്ടു. പലയിടങ്ങളിലായി കുടുങ്ങിപ്പോയ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുമ്പോഴാണ് ക്രിക്കറ്റ് ബാറ്റുകളുമായി അക്രമികള്‍ അവര്‍ക്കു നേരെ ചീറിയടുത്തത്. 'ഇവിടെ ഭക്ഷണം വിതരണം ചെയ്യാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം തന്നത്? നിങ്ങളൊക്കെ നിസാമുദ്ദീനില്‍നിന്ന് വന്നവരാണ്. നിങ്ങള്‍ കാരണമാണ് ഇവിടെ കൊറോണാ വൈസ് പടര്‍ന്നു പിടിക്കുന്നത്' ഇതും പറഞ്ഞാണ് അവര്‍ തങ്ങള്‍ക്കു നേരെ പാഞ്ഞടുത്തതെന്ന് വളന്റിയര്‍മാരില്‍ ഒരാളായ സയ്യിദ് തബ്‌രീസ് ഠവല ഝൗശി േ നോട് പറഞ്ഞു.
ഇതോടൊപ്പം മുസ്ലിം കച്ചവടക്കാരെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്‌കരിക്കണമെന്ന പ്രചാരണവും രാജ്യത്ത് വലിയ തോതില്‍ നടക്കുന്നുണ്ട്. പലയിടത്തും ഈ ബഹിഷ്‌കരണാഹ്വാനം അക്രമാസക്തമാകുന്നുമുണ്ട്. ദല്‍ഹിയിലെയും ഉത്തരാഖണ്ഡിലെയും സമ്പന്ന - മധ്യവര്‍ഗ ഹിന്ദു കോളനികളില്‍ നിന്നു വരെ ബഹിഷ്‌കരണ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.പഞ്ചാബിലെ ഹോശിയാര്‍പുരില്‍ ഗുജ്ജാര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ട പാല്‍വില്‍പനക്കാരെ ബഹിഷ്‌കരിക്കുക മാത്രമല്ല, ഠവല ണശൃല റിപ്പോര്‍ട്ട് ചെയ്യുന്നത് അവരില്‍ ചിലരെ തടഞ്ഞുവെച്ച് അവരുടെ പക്കലുള്ള വലിയ പാല്‍ശേഖരം അവിടത്തെ ഒരു പുഴക്കരയില്‍ ഒഴുക്കിക്കളയിച്ചു എന്നാണ്. അസമും കര്‍ണാടകയുമടക്കം പല സംസ്ഥാനങ്ങളിലും മുസ്ലിംകളെ സമ്പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ഗ്രാമങ്ങളിലേക്ക് അവര്‍ പ്രവേശിക്കുന്നതു പോലും തടയണമെന്ന് മുറവിളിയുയര്‍ന്നു.
ഭീതിജനകമായ രീതിയില്‍ രൂപമാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന, പിടിച്ചുകെട്ടാനാകാത്ത തോതില്‍ സംക്രമണ സ്വഭാവം കാണിക്കുന്ന ഒരു വൈറസാണ് കോവിഡ് മഹാമാരിയുടെ പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഏതാനും നാളുകള്‍ക്കകം ഇന്ത്യയില്‍, ഇവിടത്തെ അമുസ്ലിംകളെ രോഗബാധിതരാക്കാനും അവരെ കൊല്ലാനുമുള്ള മുസ്ലിം ഗൂഢാലോചനയുടെ ഭാഗമായി വേഷപ്പകര്‍ച്ച നടത്താന്‍ കൊറോണാ വൈറസിന് കഴിഞ്ഞത്, മുഴുവന്‍ ആശയവിനിമയ മാര്‍ഗങ്ങളുമുപയോഗിച്ച് ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ ഇവിടത്തെ വലതു പക്ഷം സമാനതകളില്ലാതെ വിജയം നേടിയതുകൊണ്ടാണ്. സാധാരണ ഗതിയില്‍ ഇസ്ലാംവെറി കാണിക്കാത്ത തൊഴിലാളി വിഭാഗത്തില്‍പെട്ട പല ഹിന്ദുക്കളുമായി ഞാന്‍ സംസാരിച്ചു. അവരില്‍ മിക്കവരും ഉറച്ചു വിശ്വസിക്കുന്നത്, ഈ വൈറസ് ഇന്ത്യയില്‍ പടരാന്‍ പ്രധാന കാരണം മുസ്ലിംകളാണെന്നാണ്. അവരെ പറഞ്ഞു ബോധ്യപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ഭ്രാന്തമായ തങ്ങളുടെ മതാവേശം കാരണം കൂട്ടംകൂടി ആരാധനാ കര്‍മങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയുന്നില്ല. ഇത് വൈറസ് വ്യാപനത്തിന് കാരണമാകുന്നു. കൂടുതല്‍ മാരകമാണ് അടുത്ത വിവരണം; ഇവിടത്തെ അമുസ്ലിംകളെ ഇല്ലാതാക്കാന്‍ മുസ്ലിംകള്‍ കരുതിക്കൂട്ടി രോഗം പരത്തുകയാണ്...
തബ്‌ലീഗ് ജമാഅത്തും അതിലൂടെ മൊത്തം മുസ്ലിം സമൂഹവുമാണ് ഈ മാരക വൈറസ് പടര്‍ത്തുന്നതിനു മുഖ്യ കാരണക്കാരെന്ന രീതിയില്‍ ഔദ്യോഗിക അറിയിപ്പുകളുടെ ഉള്ളടക്കവും ഭാഷയും മാറുന്നത് ഒട്ടും യാദൃഛികമല്ല. ഒരു കേന്ദ്രമന്ത്രി - ഇദ്ദേഹം ന്യൂനപക്ഷ ക്ഷേമത്തിന്റെ ചുമതല വഹിക്കുന്നയാളാണ് എന്നതാണ് വിരോധാഭാസം - തബ്‌ലീഗ് സമ്മേളനത്തെ താലിബാനീ ഭീകര കൃത്യം എന്നു വരെ വിശേഷിപ്പിക്കാന്‍ ധൃഷ്ടനായി.
ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങളില്‍ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കുഞ്ഞുമക്കളെ തോളിലേറ്റിയും കൈ പിടിച്ചും സ്വന്തം ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ച് നൂറുകണക്കിന് കിലോമീറ്റുകള്‍ കാല്‍നട താണ്ടിയ ഹൃദയം പിളര്‍ക്കുന്ന ദൃശ്യങ്ങളില്‍ പൗരമനസ്സാക്ഷി സ്തബ്ധമായ കാഴ്ചയായിരുന്നു രാജ്യത്ത് തുടക്കത്തില്‍. അടച്ചുപൂട്ടലിനു മുമ്പുള്ള ആഴ്ചകളില്‍ ചികിത്സാ സാമഗ്രികളുടെയും പരിശോധനാ കിറ്റുകളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല, ആളുകള്‍ ഒരുമിച്ചുകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ എന്തുകൊണ്ട് വൈകി തുടങ്ങിയ അസുഖകരമായ പല ചോദ്യങ്ങളും അധികാരികള്‍ക്കു നേരെ ഉയര്‍ന്നിരുന്നു. ഇത്തരം ഗൗരവ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം ഇവിടെ കോവിഡ് പടര്‍ത്തിയത് അന്ധമായ മതബോധമുള്ള, സാമൂഹിക ഉത്തരവാദിത്തമില്ലാത്ത മുസ്ലിംകളാണെന്ന കെട്ടുകഥ അനായാസമായും അതിവേഗത്തിലും നട്ടുപിടിപ്പിക്കുകയായിരുന്നു നമ്മുടെ രാജ്യത്ത്. സാധാരണ സന്ദര്‍ഭങ്ങളില്‍ പോലും ഇസ്ലാമോഫോബിക് ആയ രാജ്യത്തെ അച്ചടി - ടെലിവിഷന്‍ മാധ്യമങ്ങള്‍ ഈ വിദ്വേഷാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സാധാരണക്കാരായ ഹിന്ദുക്കള്‍ വര്‍ഗീയവാദികളല്ലായിരിക്കാം. എന്നാല്‍, തങ്ങളുടെ രാജ്യത്തെ സഹപൗരന്മാരായ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഇവിടത്തെ മുസ്ലിംകള്‍ മന:പൂര്‍വം രോഗം പരത്തുന്നുവെന്ന് വളരെ പെട്ടെന്ന് സാധാരണ ഹിന്ദുക്കളെ വിശ്വസിപ്പിക്കാന്‍ കഴിയുന്നുവെന്നത് അസാധാരണവും ആശ്ചര്യകരവുമായി തോന്നുന്നു.
രാജ്യത്തെ മറ്റു പൗരന്മാരെന്ന പോലെ ഇവിടത്തെ മുസ്ലിംകളും കോവിഡ് മഹാമാരിക്കു മുമ്പില്‍ ചകിതരാണ്, ജീവിതായോധന വഴികള്‍ നിലംപരിശായ ലോക്ക് ഡൗണില്‍ അവരും പകച്ചുനില്‍ക്കുകയാണ്. ഇതര മത - സാമൂഹിക വിഭാഗങ്ങളെ അപേക്ഷിച്ച് നഗരവാസികളായ മുസ്ലിംകള്‍ കൊച്ചുകൊച്ചു കച്ചവട സംരംഭങ്ങള്‍ നടത്തിയും, സ്വയംതൊഴില്‍ കണ്ടെത്തിയും ഉപജീവനം കഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചെറിയ സാമ്പത്തികാഘാതങ്ങളില്‍ പോലും അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. തൊഴിലാളികളെന്ന നിലയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക്, അതെത്ര തുഛമായാലും അവര്‍ അര്‍ഹരാകാറുമില്ല.
പട്ടിണി, ദാരിദ്ര്യം, ഭയം, തൊഴിലില്ലായ്മ, ജോലി തേടിയുള്ള പലായനം, ഒപ്പം ലോകത്തെ ഒരു ഭരണകൂടത്തിനും ഇതുവരെ കീഴടക്കാന്‍ കഴിയാത്ത ഭീകരമായ ഒരു മഹാമാരി.. ഇതിനെതിരെയെല്ലാം രാജ്യത്തെ ഇതര ജനവിഭാഗങ്ങളെപ്പോലെ പൊരുതി മുന്നേറേണ്ട മുസ്ലിംകള്‍, ഭീഷണമായ മറ്റൊരു സാമൂഹികവ്യാധിക്കെതിരെ കൂടി പോരാട്ടരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാണ്. തങ്ങളുടെ അയല്‍പക്കങ്ങളില്‍ തീവ്രമായി ആളിക്കത്തുന്ന, തീര്‍ത്തും യുക്തിരഹിതമായ അടിത്തറയില്‍ തിടം വെച്ച് വാഴുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കൂടി ഈ സന്ദിഗ്ധ സന്ദര്‍ഭത്തിലും അവര്‍ക്ക് പോരാടേണ്ടിവരുന്നു. അതേ, ഇന്ത്യക്കാരായ നമ്മുടെ മുസ്ലിം സഹോദരീസഹോദരന്മാരെ സംബന്ധിച്ചേടത്തോളം ഈ കാലസന്ധിയും അങ്ങേയറ്റം വിഹ്വലതകളും വിഷാദവും നിരാശയും നിറഞ്ഞതാണ്. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രതിസന്ധിയില്‍, ദരിദ്രരും പുറംതള്ളപ്പെട്ടവരുമായ മറ്റു ജനവിഭാഗങ്ങള്‍ കടന്നുപോകുന്നതിനേക്കാള്‍ വലിയ ദുഃഖപര്‍വമാണ് ഇന്ത്യന്‍ മുസ്ലിംകള്‍ താണ്ടിക്കൊണ്ടിരിക്കുന്നത്.
കടപ്പാട്: ദി വയര്‍
വിവ: മുഹമ്മദ് ഫിന്‍സര്‍
Comments