Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

മരണം പെയ്യുന്നു നിലാമഴയായ്

സലാം കരുവമ്പൊയില്‍

വളരെ മുമ്പ്
മരണം
ശിലക്കൂര്‍പ്പുകളിലെയും
അസ്ത്രങ്ങളിലെയും
ആസക്തിയായിരുന്നു.

പിന്നെ വാള്‍ത്തലപ്പുകളുടെ
ഝില്‍ഝിലാരവങ്ങളില്‍ 
അത് ഇടിമിന്നല്‍ പുതച്ചു.
ഉന്മാദങ്ങളുടെ 
ചൊല്‍ക്കാഴ്ചകളില്‍
തീ വര്‍ഷിച്ചു.

കാലാന്തരങ്ങളില്‍
മനുഷ്യന്‍ 
എത്രമേല്‍ സംപൂജ്യനായി..!

മരണത്തിനും മടുത്തു.
കാലഹരണപ്പെട്ട
രീതിശാസ്ത്രം,
വരണ്ട സിംഫണി.

മരണം
പിന്നെ
അഗ്നിയായ് പെയ്യാന്‍ തുടങ്ങി.
പാറ്റന്‍ ടാങ്കിലൂടെ,
പീരങ്കിക്കുഴലിലൂടെ,
ഗണ്‍ ബാരലിലൂടെ.

ബോംബര്‍ ഫൈറ്ററുകളും
മിസൈലുകളും
മരണത്തെ
അടിമുടി ആര്‍ഭാടമാക്കി.

ദേശാന്തരങ്ങളില്‍
മരണത്തിന്റെ
നിറപ്പകിട്ടാര്‍ന്ന


വിത്തുകള്‍ വിളഞ്ഞു.
നിലവിളികള്‍ ചീന്തിയെടുത്ത്
അവക്ക് മോന്തായം പണിതു.

ആഴവും പരപ്പുമുള്ള
മരണത്തിന്റെ
പത്തായങ്ങള്‍.
അവയെ ഉപാസിക്കുന്ന
ശബ്ദഘോഷങ്ങളുടെ 
ചുരമാന്തലുകള്‍.
പദവിന്യാസങ്ങളില്‍,
പാദപതനങ്ങളില്‍
തിമിര്‍ത്തുരുളുന്ന
ചോരയുടെ
കുതിരവണ്ടികള്‍.

കാലാന്തരത്തില്‍
മനുഷ്യന്‍
പൂജ്യനായി.

മരണവും മാറിക്കഴിഞ്ഞിരുന്നു.
കണ്ണുരുട്ടുന്നില്ല,
കണ്ണിറുക്കല്‍ മാത്രം.
ഒരു കിക്കിളി.

ഇപ്പോള്‍
പൂവിടുകയാണ്
മരണം.
കുളമ്പടിയോ 
തമ്പേറ് മുഴക്കമോ
രാജകീയ പരിവാരമോ
ഇല്ലാതെ
സൗമ്യമായ ആലിംഗനം,
ഒരു തൂവല്‍സ്പര്‍ശം.
നമ്മള്‍ പോലുമറിയാതെ,

വാഴ്‌വിന്റെ ചെതുമ്പലിലേക്ക്


ഒരൊറ്റ ചേക്കേറല്‍.
എത്ര അയത്നലളിതമാണ്
അതിന്റെ 
പുരാവൃത്തവും ഉള്ളടക്കവും!

സുഖദമായൊരു ചുമ.
വൈറലായ കിളി.
ആരാണ് ഉമ്മവെച്ച് 
കടന്നുപോയത്..?
മരണം...
പൂവിളി...
ഹൗ....
എത്ര സുതാര്യം.....
ലാസ്യം....
അതീവ രസനീയ
രാഗലയതാളം 
പോലെ
മരണം..

ഉന്മാദപ്പെട്ടോടുന്നു
ലോകം,
തന്നെ കോര്‍ത്തുപിടിച്ച
മരണത്തിന്റെ
തടാകങ്ങളിലേക്ക്.

അലംകൃത ചത്വരങ്ങള്‍
മരണത്തെ
ആഹരിച്ചുകൊണ്ടേയിരിക്കുന്നു.
മരണമോ..
ഭ്രാന്തമായ 
പ്രേമപാരവശ്യത്തോടെ
അനാദിയായ
ഒരു സംഘഗാനത്തിന്റെ 
ഈണം
ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം