വീണ്ടുവിചാരങ്ങള്‍ പകര്‍ന്നു നല്‍കിയ സഞ്ചാരം
യാത്രകള്‍ അനുഭവങ്ങളാണ്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം അല്ലാഹുവിന്റെ സൃഷ്ടിവൈഭവം അനുഭവിച്ചറിയാനും ആത്മീയമായി കൂടുതല്‍ ഉയരാനും ഉതകുന്ന സന്ദര്‍ഭം. പ്രവാചകന്‍ (സ) യാത്രകള്‍ പ്രോത്സാഹിപ്പിച്ചത് വെറുതെയല്ല. നബി (സ) തന്നെയും ചെറുപ്പത്തില്‍ കച്ചവട സംഘത്തോടൊപ്പം ധാരാളം യാത്ര ചെയ്തിട്ടുണ്ടല്ലോ. അതിന്റെ കൂടി സ്വാധീനഫലമാവാം വൈവിധ്യങ്ങളെ ബഹുമാനിക്കാനും വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാനും അദ്ദേഹത്തിന് സാധിച്ചത്. ഖിള്‌റ് (അ) എന്ന സാത്വികനോടൊപ്പം മൂസാ നബി നടത്തിയ യാത്രയും ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ. വിനയാന്വിതരാവാനും യാത്രകള്‍ ഉപകരിക്കും. കൂടുതല്‍ ആളുകളെ, പ്രദേശങ്ങളെ, സംസ്‌കാരങ്ങളെ അടുത്തറിയുമ്പോഴാണ് നമ്മുടെ അറിവില്ലായ്മയുടെ ആഴം മനസ്സിലാവുക. സഹയാത്രികരെ കുറിച്ചും നമ്മെക്കുറിച്ചു തന്നെയും കൂടുതല്‍ ബോധ്യങ്ങള്‍ ഉണ്ടാവാന്‍ യാത്രകള്‍ സഹായിക്കും. യാത്രക്ക് സഫര്‍ എന്നാണല്ലോ അറബിയില്‍ പറയുക. സഫര്‍ എന്നാല്‍ പ്രകടമാവുക, വെളിപ്പെടുക എന്നൊക്കെയാണ് അര്‍ഥം.
2020 ഫെബ്രുവരി 29-ന് 'ഞാനും എന്റെ ലോകവും' ( Me and My World) എന്ന തലക്കെട്ടില്‍ ബ്രിട്ടനില്‍ നടന്ന വനിതാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഫെബ്രുവരി 23-ന് ദല്‍ഹിയില്‍നിന്ന് യാത്രതിരിച്ചത്. പൗരത്വ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു യാത്രക്ക് സമയം കണ്ടെത്തുക പ്രയാസമായിരുന്നു. എങ്കിലും യാത്രയുടെ മറ്റു പ്രയോജനങ്ങള്‍ പരിഗണിച്ച് നേതൃത്വവുമായി കൂടിയാലോചിച്ച് യാത്രക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു. അനുബന്ധ പരിപാടികള്‍ക്കു വേണ്ടി സംഘാടകര്‍ കൂടുതല്‍ ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അത്രയും ദിവസം നല്‍കാന്‍ കഴിയാതിരുന്നതും അതുകൊണ്ടാണ്. സംഘാടകരായ ശഹീന്‍ അബ്ദുല്ല -ആബിദ ദമ്പതികളുടെയും മറ്റു പ്രവര്‍ത്തകരുടെയും കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും കാരണം അവിടെ കഴിഞ്ഞ 12 ദിവസവും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു.
2019 ജൂലൈ 17-നാണ് ബ്രിട്ടനില്‍ താമസിക്കുന്ന കോഴിക്കോട്ടുകാരി ആബിദ ഇത്തരമൊരു കോണ്‍ഫറന്‍സ് നടത്താന്‍ ആലോചിക്കുന്നതായി എന്നോട് പറഞ്ഞത്. പിന്നെ മാസങ്ങള്‍ നീണ്ട കഠിന പ്രയത്നമായിരുന്നു. അതുകൊണ്ടു തന്നെയാണ് ലണ്ടനിലെ നിരവധി പ്രമുഖ വനിതകളെ അണിനിരത്തി ഇത്തരമൊരു വിപുലമായ കോണ്‍ഫറന്‍സ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ എന്റെ വിദ്യാര്‍ഥിനിയായിരുന്ന ലമ്യ സനൂജ് (തലശ്ശേരി) ആയിരുന്നു സ്വാഗത ഭാഷണം നിര്‍വഹിച്ചത്. അധ്യാപകര്‍ക്ക് മാത്രം ലഭിക്കുന്ന വലിയ സന്തോഷത്തിന്റെയും നിര്‍വൃതിയുടെയും നിമിഷങ്ങളായിരുന്നു അത്. ശേഷം ഖൗലത്ത് മുഹമ്മദ് (അടിമാലി) അധ്യക്ഷ പ്രസംഗം നടത്തി. സംഘാടകരായ STRIVE UKþയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കോണ്‍ഫറന്‍സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. പിന്നീട് എന്റെ ഉദ്ഘാടന ഭാഷണം ആയിരുന്നു. 'സ്ത്രീകളും സമൂഹവും: ഇസ്‌ലാമിക വീക്ഷണം' (Women & Society: An Islamic Perspective) എന്ന തലക്കെട്ടിലായിരുന്നു പ്രഭാഷണം. പിന്നെ പാനല്‍ ചര്‍ച്ചകളും ചോദ്യോത്തര സെഷനുകളും. മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ (MAB) പ്രസിഡന്റ് റഗദ് അല്‍തിക് രീദി, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും എഴുത്തുകാരിയുമായ അമൃത് വില്‍സണ്‍, ലീഡ്സ് സര്‍വകലാശാലാ റിസര്‍ച്ച് സ്‌കോളറും ആക്ടിവിസ്റ്റുമായ ക്ലോഡിയ റാഡിവന്‍, 2014-ല്‍ ‑"Top 100 Powerful Women in the Arab World'-ല്‍ ഉള്‍പ്പെട്ട ബിസിനസ്സുകാരി ശരീഫ ഫാദല്‍, കവന്‍ട്രി യൂനിവേഴ്സിറ്റിയില്‍ ഫെയ്ത്ത് ആന്റ് പീസ്ഫുള്‍ റിലേഷന്‍സ് റിസോഴ്സ് ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന അസി. പ്രഫ. ഡോ. സരിയ, ബ്രിട്ടീഷ് മുസ്ലിംകളുടെ ദേശീയ അംബ്രല്ല കൂട്ടായ്മയായ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ അസി. സെക്രട്ടറി ജനറല്‍ റശീദത്ത് ഹസന്‍, എഴുത്തുകാരിയും 'ബ്ലൂമിംഗ് പാരന്റിംഗ്' എന്ന വേദിയുടെ സ്ഥാപകയുമായ ഡോ. മാഹിറ റൂബി, ഗവേഷകയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. ഫാത്വിമ റജീന, യുനൈറ്റഡ് കിങ്ഡം ഇസ്‌ലാമിക് മിഷന്‍ (UKIM) വനിതാ വിഭാഗം പ്രസിഡന്റായിരുന്ന നസ്റീന്‍ സൈദ്, സ്പോര്‍ട്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗ്ലോബല്‍ മുസ്‌ലിം വിമന്‍ ഇന്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്ക്, റിംജിം കണ്‍സള്‍ട്ടിംഗ് തുടങ്ങിയവയുടെ സ്ഥാപകയും ഫുട്ബോള്‍ അസോസിയേഷന്‍ കൗണ്‍സിലില്‍ അംഗത്വം നേടിയ ആദ്യ മുസ്‌ലിം വനിതയുമായ റിംല അഖ്തര്‍ തുടങ്ങിയ പ്രമുഖരുടെ അനുഭവ സാക്ഷ്യങ്ങളും ആശയങ്ങളും കൊണ്ട് സമ്പന്നമായിരുന്നു പാനല്‍ ചര്‍ച്ചകള്‍.
കൂടുതല്‍ ദിവസങ്ങള്‍ ലണ്ടനിലാണ് ചെലവഴിച്ചത്. ലണ്ടനിലെ ഞങ്ങളുടെ താമസ സൗകര്യത്തിന്റെയും മറ്റും ചുമതല മൊറയൂര്‍ക്കാരന്‍ റശീദിനായിരുന്നു. കോണ്‍ഫറന്‍സിന് മുമ്പു തന്നെ ലണ്ടനിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു. അതിനു ശേഷമാണ് നോട്ടിംഗ്ഹാമും സ്‌കോട്ട്‌ലന്‍ഡും സന്ദര്‍ശിച്ചത്.
ഇസ്‌ലാമിക് ഫൗണ്ടേഷന്‍
എട്ട് ഏക്കറുകളിലായി ലസ്റ്റര്‍ഷയറില്‍ (Leicestershire) സ്ഥിതിചെയ്യുന്ന ഇസ്‌ലാമിക് ഫൗണ്ടേഷന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നു. ശകീല്‍ എറാട്ടില്‍ (തലശ്ശേരി) ആണ് അതിന് സൗകര്യമൊരുക്കിത്തന്നത്. ഗവേഷണ പഠനങ്ങളുള്‍പ്പെടെ മുന്നൂറ്റി അമ്പതോളം ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ ഇതിനകം മുസ്‌ലിം ലോകത്തിന് സംഭാവന ചെയ്തിരിക്കുന്നു, 1973-ല്‍ പ്രമുഖ പണ്ഡിതരായ ഖുര്‍റം മുറാദും ഖുര്‍ശിദ് അഹ് മദും തുടങ്ങിവച്ച ഈ സ്ഥാപനം. പ്രസിദ്ധീകരണാലയമായ KUBE Publishing മാനേജിംഗ് ഡയറക്ടര്‍ ഹാരിസ് അഹ്മദ്, കണ്‍വേര്‍ട്ട് മുസ്‌ലിം ഫൗണ്ടേഷന്‍ ഡയറക് ടര്‍ ബത്തൂല്‍ അല്‍ തോമ, മാര്‍ക്ക്ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ ഡോ. സാഹിദ് പര്‍വേസ്, മുന്‍ പ്രിന്‍സിപ്പല്‍ അതാഉല്ല സിദ്ദീഖി, ഇന്‍സ്റ്റിറ്റിയൂട്ടിലെ തന്നെ വനിതാ പ്രഫസര്‍മാരായ ഡോ. നൂറ, സര്‍വത്ത് ഉജ്റ എന്നിവരുമായി ചര്‍ച്ചകള്‍ നടത്താനും അവസരം ലഭിച്ചു. ലൈബ്രറിയില്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലുള്ള നല്ല ഒരു ഗ്രന്ഥശേഖരം തന്നെയുണ്ട്. കൂടാതെ ബ്രിട്ടീഷ് ലൈബ്രറിയുമായി എക്സ്ചേഞ്ച് സൗകര്യങ്ങളും ഓണ്‍ലൈന്‍ സെര്‍ച്ച് സൗകര്യങ്ങളും ലഭ്യമാണ്. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും പുറമെ പൊതുസമൂഹത്തിനും ഗ്രന്ഥശാലയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
മസ്ജിദുകള്‍
നാലു മസ്ജിദുകള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. ഈസ്റ്റ് ലണ്ടന്‍ മോസ്‌കില്‍ ആയിരുന്നു ജുമുഅ നിര്‍വഹിച്ചത്. രണ്ട് തവണയായി എണ്ണായിരത്തോളം പേര്‍ ഇവിടെ ജുമുഅക്കെത്തും. സ്ത്രീകള്‍ക്ക് മാത്രമായി വിശാലമായ രണ്ട് നിലകള്‍. യു.കെയിലെ പള്ളികള്‍ നമസ്‌കാരത്തിനു വേണ്ടി മാത്രമുള്ള ഇടങ്ങളല്ല. ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങള്‍ക്കും ലിംഗ, പ്രായഭേദമന്യേ ഇടം നല്‍കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാണവ. വിവിധ തരത്തിലുള്ള ക്ലാസുകള്‍, ഒത്തുചേരലുകള്‍, കൗണ്‍സിലിംഗ് പരിപാടികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, നിയമസഹായങ്ങള്‍ ഇതൊക്കെ രാജ്യത്തെ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ അവര്‍ നടത്തിവരുന്നു. മിക്ക പള്ളികളിലും രണ്ടു തവണയായാണ് ജുമുഅ-ജമാഅത്തുകള്‍ നടക്കുക. ഇത് പള്ളികളുടെ എണ്ണം കുറക്കാനും ഉള്ള പള്ളികള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഉപകരിക്കുന്നു. ഇതു വഴി കച്ചവട സ്ഥാപനങ്ങളും മറ്റും അടച്ചിടാതെത്തന്നെ മുഴുവന്‍ ജീവനക്കാര്‍ക്കും നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നു. മിക്ക പ്രധാന പള്ളികളോടു ചേര്‍ന്നും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോണ്‍ഫറന്‍സ് ഹാളുകള്‍ കാണാം.
മ്യൂസിയം സന്ദര്‍ശനം
ഏതു രാജ്യത്ത് ചെന്നാലും അവിടത്തെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ശ്രമിക്കാറുണ്ട്. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ അത് പ്രയോജനപ്പെടും. ബ്രിട്ടീഷ് മ്യൂസിയം ഒരു വലിയ ലോകമാണ്. ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ കണ്ടുതീര്‍ക്കാന്‍ സാധ്യമല്ല. അതിനുമാത്രം സമയവും ഇല്ലായിരുന്നു. എങ്കിലും ഒരു ഓട്ടപ്രദക്ഷിണം നടത്തി. ഇന്ത്യാ ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും, ബ്രിട്ടീഷ് ചരിത്രം കാണിക്കുന്നിടത്തും മറ്റും അല്‍പം കൂടുതല്‍ സമയമെടുത്തു. മഹാത്മാ ഗാന്ധിയും ടിപ്പു സുല്‍ത്താനും ആണ് അവിടെ കണ്ട രണ്ട് പ്രമുഖ ഇന്ത്യക്കാര്‍. ഒരുപക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്തെ ഏറ്റവും അധികം വിറപ്പിച്ചത് അവര്‍ രണ്ടുപേരും ആയതിനാലാവാം. ബ്രിട്ടീഷ് മ്യൂസിയത്തിന് പുറമെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം, സയന്‍സ് മ്യൂസിയം, വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം എന്നിവയും സന്ദര്‍ശിച്ചു. ഇവയൊക്കെ തന്നെ വിദ്യാര്‍ഥികള്‍ക്കുള്ള പാഠശാലകള്‍ കൂടിയാണ്.
ഇംഗ്ലീഷ് സാഹിത്യത്തിലേക്കൊരു പുനര്‍ സന്ദര്‍ശനം
തേംസ് നദിയും ഹൈലാന്‍ഡും സ്ട്രാറ്റ്ഫോര്‍ഡ് ഏവനും എല്ലാം ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദ, ബിരുദാനന്തര പഠന കാലത്ത് പാലക്കാട് മേഴ്സിയിലെയും തൃശൂര്‍ വിമലയിലെയും ക്ലാസ് മുറികളിലും ലൈബ്രറികളിലും ഇരുന്നുകൊണ്ട് പല തവണ 'സന്ദര്‍ശിച്ചിട്ടുണ്ട്.' അവ നേരില്‍ കണ്ടപ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന നിരവധി അനുഭവങ്ങളിലൂടെ വീണ്ടും കടന്നു പോയി. കാല്‍പ്പനിക കവികളായ വില്യം വേര്‍ഡ്സ് വര്‍ത്തും കീറ്റ്സും ഷെല്ലിയും വാക്കുകളിലൂടെ വരച്ചിട്ട പ്രകൃതിരമണീയത ഇന്നും അവിടെ കാണാം. സുബ്ഹാനല്ലാഹ് എന്നു പറയാതിരിക്കാന്‍ കഴിയാത്ത അത്ര മനോഹരമാണ് നദികളും തടാകങ്ങളും മഞ്ഞു മലകളും കൊണ്ട് നയനാനന്ദകരമായ ഈ നാട്. വിശാലമായ പച്ചപുതച്ച പാര്‍ക്കുകള്‍ ഏതു പട്ടണത്തിന്റെ നടുവിലും കാണാം. ജലാശയങ്ങളില്‍ നീന്തിത്തുടിക്കുന്ന തടിച്ചു കൊഴുത്ത അരയന്നങ്ങളും താറാവുകളും. രാജ്യത്തെ മുഴുവന്‍ അരയന്നങ്ങളും രാജ്ഞിയുടെ ഉടമസ്ഥതയിലാണെന്നും അതുകൊണ്ടുതന്നെ അവയെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്നും അറിയാന്‍ കഴിഞ്ഞു. പൂക്കളാല്‍ അലംകൃതമാകുന്ന വസന്തകാല കാഴ്ചകള്‍ കാണാന്‍ ശൈത്യകാലത്തിന്റെ അവസാനത്തില്‍ അവിടെയെത്തിയ ഞങ്ങള്‍ക്ക് സാധിച്ചില്ലെങ്കിലും അങ്ങിങ്ങായി വിവിധ വര്‍ണങ്ങളില്‍ ആടി ഉലയുന്ന ഡാഫോഡില്‍സും പൂത്തുലഞ്ഞു നില്‍ക്കുന്ന ചെറി വൃക്ഷങ്ങളും റോസാ പുഷ്പങ്ങളും കാണാമായിരുന്നു.
പ്രകൃതിഭംഗിക്ക് കോട്ടം തട്ടാത്ത രീതിയിലാണ് വീടുകളുടെ നിര്‍മാണം. ഒരു പ്രദേശത്ത് ഒരേ രീതിയിലുള്ള വീടുകള്‍ക്ക് മാത്രമേ അനുമതി നല്‍കാറുള്ള. പെയിന്റ് അടക്കം എല്ലാം ഒരേപോലെ. പുറംചുമരുകളും മതിലുകളും സിമന്റ് കൊണ്ട് തേക്കാതെ ഇഷ്ടികകള്‍ അങ്ങനെതന്നെ നിലനിര്‍ത്തിയിരിക്കുന്നു. വില്യം വേര്‍ഡ്സ് വര്‍ത്തിന്റെ പ്രസിദ്ധ കവിതയില്‍ പറയുന്ന സോളിറ്ററി റീപ്പറിന്റെ നാടായ സ്‌കോട്ട്‌ലന്‍ഡിലെ ഹൈലാന്‍ഡിലേക്കുള്ള യാത്ര വേറിട്ട അനുഭവം തന്നെയായിരുന്നു. തടാകങ്ങള്‍, മഞ്ഞുമൂടിയ മലനിരകള്‍, നീണ്ടു പരന്ന് കിടക്കുന്ന കൃഷിയിടങ്ങള്‍, പുല്‍ മേടുകള്‍, അങ്ങിങ്ങായി മേഞ്ഞു നടക്കുന്ന ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍, മരങ്ങളാല്‍ നിബിഡമായ വനമേഖലകള്‍.... ഒരു പകല്‍ മുഴുവന്‍ നീണ്ട ഹൈലാന്‍ഡ് യാത്ര കഴിഞ്ഞ് തിരിച്ച് മലയിറങ്ങുമ്പോള്‍ ഉള്ളില്‍ പറയാതിരിക്കാനായില്ല;
The woods are lovely dark and deep
But I have promises to keep
And miles to go before I sleep...
വളാഞ്ചേരിക്കാരായ സമീറും ഭാര്യ സഫൂറയുമാണ് ഹൈലാന്‍ഡ് യാത്രക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തന്നത്. ഷേക്സ്പിയര്‍ മ്യൂസിയവും സ്ട്രാറ്റ്ഫോര്‍ഡ് ഏവനും കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവും തണുത്തുറഞ്ഞ കാലാവസ്ഥയും കാരണം ഒഴിവാക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ സാബിത്ത് അശ്റഫ് അലി(പെരിന്തല്‍മണ്ണ)യുടെ നിര്‍ബന്ധത്താല്‍ അതും സാധ്യമായി.
UKIM ഓഫീസ് സന്ദര്‍ശനം
UKIM അഥവാ യുനൈറ്റഡ് കിങ്ഡം ഇസ്‌ലാമിക് മിഷന്‍ ആസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നത് നസിയ അബ് ദുല്‍ അസീസ് (വേങ്ങര). യു.കെയിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനകളില്‍ ഒന്നാണിത്. ഈ സംഘടനയുടെ വനിതാ നേതാക്കളുമായി ദീര്‍ഘനേരം സംസാരിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും സാധിച്ചു. നേതൃത്വത്തിലുള്ള വനിതകളില്‍ രണ്ടുപേര്‍ ഇന്ത്യന്‍ വംശജരാണ്. ഇസ്‌ലാമിന്റെ സമഗ്രത ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ തലത്തിലുമുള്ള സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും അവര്‍ വ്യാപൃതരാണ്.
വിദ്യാഭ്യാസം
മികച്ച വിദ്യാഭ്യാസ സംവിധാനങ്ങള്‍ ആണ് യു.കെയിലുള്ളത്. 16 വയസ്സുവരെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധവും സൗജന്യവുമാണ്. കുട്ടികള്‍ക്ക് പരമാവധി ആസ്വാദ്യമാകുന്ന തരത്തില്‍, യാതൊരുവിധ സമ്മര്‍ദങ്ങളുമില്ലാത്ത അധ്യയന രീതിയാണ് പിന്തുടരുന്നത്. പരീക്ഷകള്‍ തീരെ ഇല്ല. കൂടുതലും പ്രവൃത്തിപരിചയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള മൂല്യനിര്‍ണയം ആണ് നടക്കുന്നത്. ലൈഫ് സ്‌കില്‍സും പെരുമാറ്റ മര്യാദകളും പഠിപ്പിക്കുന്നതില്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നതു കൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ രക്ഷിതാക്കളെ ആശ്രയിക്കാതെ ജീവിക്കാന്‍ കുട്ടികള്‍ പഠിക്കുന്നു. സ്‌കൂള്‍ തലത്തില്‍ ആരെയും തോല്‍പ്പിക്കാറില്ല. എന്നാല്‍ ഹാജറിന്റെ കാര്യത്തില്‍ വളരെ കണിശമാണ്. അതുകൊണ്ടുതന്നെ പഠിക്കുന്ന മക്കളുള്ള രക്ഷിതാക്കളെ സംബന്ധിച്ചേടത്തോളം സ്‌കൂള്‍ അവധിക്കാലത്തല്ലാതെ നാട്ടിലേക്ക് പോവുക അസാധ്യമാണെന്നാണ് ചില മലയാളി രക്ഷിതാക്കള്‍ പറഞ്ഞത്. അവധിക്കാലത്താവട്ടെ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയരുന്നതു കാരണം സാധാരണക്കാരെ സംബന്ധിച്ചേടത്തോളം എല്ലാ വര്‍ഷവും നാട്ടിലേക്ക് പോവുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല.
മലയാളികളായ രക്ഷിതാക്കള്‍ മക്കള്‍ക്ക് ദീനീവിദ്യാഭ്യാസം നല്‍കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ചില മുസ്‌ലിം സംഘടനകളും കൂട്ടായ്മകളും ചേര്‍ന്ന് ഇസ്‌ലാമിക് സ്‌കൂളുകള്‍ നടത്തുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കലാലയങ്ങള്‍ എന്ന ബഹുമതിയും അവയില്‍ പലതിനും ഉണ്ട്. യു.കെയില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ സ്‌കൂളുകളുടെയും നിലവാരം നിര്‍ണയിച്ചു കൊണ്ടുള്ള ഗ്രേഡിംഗില്‍ ആദ്യത്തെ മൂന്ന് റാങ്കും ഇസ്‌ലാമിക കലാലയങ്ങള്‍ക്കാണ്. എന്നാല്‍ വളരെ അപൂര്‍വം മലയാളി രക്ഷിതാക്കളേ മക്കളെ അത്തരം വിദ്യാലയങ്ങളില്‍ അയക്കുന്നുള്ളൂ. താങ്ങാനാവാത്ത ഫീസും, താമസ സ്ഥലത്തിനടുത്ത് ഇത്തരം സ്‌കൂളുകള്‍ ഇല്ലാത്തതും, സര്‍ക്കാര്‍ നടത്തുന്ന ഉന്നത നിലവാരത്തിലുള്ള പൊതു വിദ്യാലയങ്ങളില്‍ ഫീസ് ഇല്ലാത്തതും എല്ലാം ഇതിന് കാരണമാണ്. ഇതിനെ മറികടക്കാന്‍ ഓണ്‍ലൈന്‍ മദ്‌റസ സംവിധാനങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചെറിയ തോതിലുള്ള ക്ലാസ്സുകളും ഹോം ട്യൂഷനുമൊക്കെയാണ് പലരും ഉപയോഗപ്പെടുത്തുന്നത്. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ചെറുപ്പത്തിലേ വായനാശീലമുള്ളരായി മാറുന്നു എന്നതിനാല്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ വായനയിലൂടെയും മറ്റും അവര്‍ ഇസ്‌ലാമിനെ അടുത്തറിയുന്നു.
ഹൈസ്‌കൂള്‍ തലം തൊട്ടുതന്നെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് സ്വന്തമായി പോക്കറ്റ് മണി ഉണ്ടാക്കാനും രക്ഷിതാക്കളെ ആശ്രയിക്കാതെ ജീവിക്കാനും ഇവിടത്തെ കുട്ടികള്‍ പരിശീലിക്കുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞാല്‍ ജോലിയില്‍ പ്രവേശിക്കാനോ, ഭാഗികമായി ജോലി ചെയ്തുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കനോ ഉള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. വളരെ മികച്ച രീതിയിലുള്ള ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനായി ലോകത്തിലെ തന്നെ മികച്ച സര്‍വകലാശാലകള്‍ യു.കെയില്‍ ഉണ്ട്. ഓക്സ്ഫോര്‍ഡും കേംബ്രിഡ്ജും ഒക്കെ അതില്‍ പെടുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലും പരിസരത്തും മൊറയൂര്‍ റഫീഖിന്റെ സഹായത്താല്‍ ഒരു ദിവസം ചെലവഴിക്കാന്‍ സാധിച്ചത് എല്ലാ അര്‍ഥത്തിലും വിജ്ഞാനപ്രദമായി. കായലിന് മുകളിലൂടെയുള്ള പാലങ്ങള്‍, പുല്‍ത്തകിടികള്‍ എല്ലാം കൊണ്ടും മനോഹരമാണ് കാമ്പസ്. പഴയ കെട്ടിടങ്ങള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. കോര്‍പ്പസ് ക്രിസ്റ്റി കോളേജിലുള്ള ടെയിലര്‍ ലൈബ്രറിയുടെ ചുവരില്‍ ഘടിപ്പിച്ച കോര്‍പ്പസ് ക്ലോക്ക് അഥവാ ഗ്രാസ് ഹോപ്പര്‍ ക്ലോക്ക് കേംബ്രിഡ്ജ് സ്ട്രീറ്റിലെ കൗതുകമുണര്‍ത്തുന്ന കാഴ്ചകളിലൊന്നാണ്. സമയത്തെ ഒരു പുല്‍ച്ചാടി തിന്നുതീര്‍ക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. സമയമെന്ന ആയുസ്സിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കലാ വിഷ്‌കാരം. കാമ്പസുകളുടെ പരിസരത്തുള്ള റോഡുകളിലൂടെ സൈക്കിള്‍ മാത്രമാണ് അനുവദിക്കുക. കലാലയ പരിസരത്തെ ശുദ്ധവായു സംരക്ഷിക്കുന്നതിനു വേണ്ടിയാവാം അത്.
ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ യു.കെയിലെ എല്ലാ സര്‍വകലാശാലകളിലും പഠിക്കുന്നുണ്ട്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാനുള്ള അവസരങ്ങള്‍ അവിടെയുണ്ട്. അതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണവും ഹെല്‍പ്പ് ഡെസ്‌ക്കുകളും ഉണ്ടായാല്‍ നമ്മുടെ നാട്ടിലെ കൂടുതല്‍ യുവതീയുവാക്കള്‍ക്ക് അവിടെ പഠിക്കാനും ജോലി കണ്ടെത്താനും കഴിയും. പലരുമായും ഈ ആശയം പങ്കുവെച്ചിരുന്നു. അങ്ങനെ ചെയ്യേണ്ടതുണ്ടെന്ന് അവരും സമ്മതിക്കുന്നു. ഒറ്റക്ക് അവിടെ ചെന്ന് ഗവേഷണം നടത്തുന്ന പെണ്‍കുട്ടികളുമുണ്ട്. സുരക്ഷിതത്വം പ്രശ്നമല്ല. മിക്ക യൂനിവേഴ്സിറ്റികളുടെ സമീപത്തും കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവരുടെ സഹായം ലഭിക്കും. www.findaphd.com എന്ന വെബ്സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് നോട്ടിംഗ്ഹാം ട്രെന്‍ഡ് യൂനിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഷര്‍ണ പറഞ്ഞത്. പ്രവേശനം ലഭിച്ചു കഴിഞ്ഞാല്‍ സ്റ്റൈപ്പന്റും ആശ്രിതര്‍ക്ക് വിസയും നല്‍കുന്ന യൂനിവേഴ്സിറ്റികള്‍ ഉണ്ട്. അവര്‍ക്കാകട്ടെ ജോലി ചെയ്യുന്നതിന് തടസ്സവുമില്ല. ഗവേഷണ വിദ്യാര്‍ഥിനികളായ ഭാര്യമാരോടൊപ്പം അവിടെ ചെന്ന് ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാരുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കിയതിനുശേഷം ഒരു വര്‍ഷത്തോളം അവിടെ തങ്ങാനുള്ള അനുവാദം ലഭിച്ചേക്കാം. അതിനകം ഒരു ജോലി കണ്ടെത്തുക പ്രയാസമല്ല. പഠനത്തോടൊപ്പം തന്നെ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാനും അനുവാദമുണ്ട്. ISOC അഥവാ ഇസ്ലാമിക് സൊസൈറ്റി യു.കെ യൂനിവേഴ്സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുസ്‌ലിം വിദ്യാര്‍ഥി പ്രസ്ഥാനമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നു വരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക ജീവിതം അനായാസമാക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി വരുന്നു.
സമൂഹം, കുടുംബം
സാമൂഹിക മര്യാദകള്‍ കണിശമായി പാലിക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. 'ടീൃൃ്യ', 'ഠവമിസ ്യീൗ' തുടങ്ങിയ ഉപചാര വാക്കുകള്‍ പറയാതിരിക്കുക എന്നത് വലിയ പാതകമായാണ് പൊതുവെ കരുതപ്പെടുന്നത്. ലണ്ടനില്‍ ചെന്ന ഉടനെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോള്‍ ഒരു പ്രായമായ ബ്രിട്ടീഷ് വനിത, തിരിച്ചു ചെന്ന് സെയില്‍സ്മാനോട് താങ്ക് യൂ പറഞ്ഞിട്ടു വരൂ എന്നു പറഞ്ഞ് നിര്‍ബന്ധിച്ച് തിരിച്ചയച്ച അനുഭവം ഒരാള്‍ പങ്കുവെക്കുകയുണ്ടായി. ക്യൂ പാലിക്കുന്നിടത്ത് യാതൊരു വിധ ഷോര്‍ട്ട് കട്ടുകളും പ്രത്യേക പരിഗണനകളും അനുവദനീയമല്ല. ഡോക്ടര്‍മാരുമായുളള അപ്പോയിന്റ്മെന്റിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരുടേതടക്കം ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ ഹൃദ്യം. ദേഹപരിശോധന നടത്തിക്കോട്ടെ എന്ന് അനുവാദം ചോദിച്ചതിനു ശേഷമാണ് എന്റെ ദേഹ പരിശോധന നടത്തിയത്. മുട്ടുവേദന കാരണം ധരിച്ചിരുന്ന ബെല്‍റ്റ് റൂമില്‍ കൊണ്ടുപോയി അഴിച്ച് പരിശോധിച്ചെങ്കിലും വേദന നിയന്ത്രിച്ചു നിര്‍ത്താന്‍ ഉതകുന്ന വ്യായാമം പഠിപ്പിച്ചതിനു ശേഷമാണ് അവര്‍ എന്നെ വിട്ടത്. അതിനായി അവര്‍ ഏകദേശം പത്തു മിനിറ്റ് ചെലവഴിച്ചു. ഇതേ അനുഭവം തന്നെയാണ് സ്‌കോട്ടിഷ് പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോഴും ഉണ്ടായത്. വളരെ സൂക്ഷ്മമായിരുന്നു പരിശോധനകള്‍. പക്ഷേ, അതില്‍ നമുക്ക് വിഷമം തോന്നാത്ത രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.
സമയനിഷ്ഠ ബ്രിട്ടീഷുകാരുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. അതുകൊണ്ടാവാം പൊതുനിരത്തിലെ വലിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വലിയ ക്ലോക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ജനങ്ങള്‍ പൊതുവെ നല്ല തിരക്കുള്ളവരാണ്. അത് അവരുടെ നടത്തത്തില്‍ തന്നെ കാണാം. അലസമായി നടക്കുന്നവരെ എവിടെയും കാണുകയില്ല. ചുറ്റുമുള്ളതൊന്നും കാണാതെ, ശ്രദ്ധിക്കാതെ സ്വന്തം ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നവര്‍. എല്ലാവരും അധ്വാനിക്കുന്ന വരാണ്, സ്ത്രീകളും കുട്ടികളും എന്നു വേണ്ട പ്രായമായവരും. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷേ കുടുംബങ്ങളില്‍ പ്രായമായവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നതായി തോന്നിയില്ല. മിക്ക വീടുകളിലും പ്രായമായവര്‍ ഒറ്റക്കാണ് താമസിക്കുന്നത്. സര്‍ക്കാര്‍ വക വെല്‍ഫെയര്‍ സ്‌കീമുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടെങ്കിലും വയസ്സുകാലത്ത് സ്വന്തം മക്കളുടെ പരിചരണം അവര്‍ക്ക് കിട്ടാക്കനിയാണ്. കുട്ടികള്‍ ഉണ്ടാവുന്നത് പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളാണ് യു.കെയുടേത്. കുട്ടികളെ പരിചരിക്കാനായി 52 ആഴ്ച, അതായത് ഒരു വര്‍ഷം വരെ ശമ്പളത്തോടെ ലീവ് അനുവദിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയവക്കായി ഒന്നും ചെലവഴിക്കേണ്ടതില്ല. എന്നിട്ടും കുട്ടികളേക്കാള്‍ കൂടുതല്‍ പട്ടികളെയാണ് രക്ഷിതാക്കളുടെ കൂടെ പാര്‍ക്കിലും പൊതു വാഹനങ്ങളിലും കാണുന്നത്. പട്ടികള്‍ക്ക് നല്ല സ്ഥാനമാണ് സമൂഹത്തില്‍. അവര്‍ക്കായി സെമിത്തേരികളും പ്രത്യേക ഭക്ഷണങ്ങളും വസ്ത്രങ്ങളും ഒക്കെ കാണാം.
കുട്ടികളെ ശിക്ഷിക്കാനോ ശാസിക്കാനോ ഉള്ള അധികാരം മാതാപിതാക്കള്‍ക്ക് ഇല്ല. അത് സ്‌കൂളുകളില്‍ പ്രത്യേകം മോണിറ്റര്‍ ചെയ്യപ്പെടുന്നു എന്നതിനാലും അത്തരം ഒരു അവബോധം കുട്ടികള്‍ക്ക് നല്‍കുന്നു എന്നതിനാലും മക്കളെ ഉപദേശിക്കാന്‍ പോലും പലര്‍ക്കും പേടിയാണ്. അങ്ങനെ ചെയ്താല്‍ പലപ്പോഴും മറ്റൊരു രീതിയിലാണ് കുട്ടികള്‍ പ്രതികരിക്കുക. മക്കളെ ശാസിക്കണമെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കേണ്ട അവസ്ഥയാണ് എന്ന് തമാശയായി ഒരു പിതാവ് പറയുകയുണ്ടായി. എന്നാല്‍ വീട്ടില്‍ മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും പെരുമാറേണ്ട രീതികളും മര്യാദകളും നല്ല രീതിയില്‍ സ്‌കൂളുകളില്‍ പരിശീലിപ്പിക്കുന്നതിനാല്‍ വലിയ പ്രശ്നങ്ങള്‍ ഇല്ല എന്നാണ് പലരും പറഞ്ഞത്.
മിക്ക മലയാളികളും വാടക വീടുകളിലോ ഫ്ളാറ്റുകളിലോ ആണ് താമസിക്കുന്നത്. സ്വന്തമായി വീട് വാങ്ങിയിട്ടുള്ളവര്‍ വളരെ ചുരുക്കം. മരണാനന്തര ചടങ്ങുകള്‍ ചെലവേറിയ ഏര്‍പ്പാടാണ്. അതിനായി ഏജന്‍സികള്‍ മുഖേന മുന്‍കൂട്ടി തുക നിക്ഷേപിച്ചിടുന്നവരുണ്ട്. ഖബ്‌റിടങ്ങള്‍ എല്ലാം നന്നായി പരിപാലിച്ചുവരുന്നു. മാതാപിതാക്കളുടെ സ്വത്ത് പൂര്‍ണമായും മക്കള്‍ക്ക് ലഭിച്ചുകൊള്ളണമെന്നില്ല. വില്‍പത്രത്തില്‍ പൂച്ചക്കു വേണ്ടി മുഴുവന്‍ സമ്പത്തും നീക്കിവെച്ചവര്‍ വരെ ഉണ്ടത്രെ. ചാരിറ്റിക്ക് നല്‍കുന്നവരും ഉണ്ട്. മക്കളെ ഒരു പ്രായം കഴിഞ്ഞാല്‍ സംരക്ഷിക്കാത്ത മാതാപിതാക്കളും, വയസ്സുകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുമുള്ള ഒരു സമൂഹത്തില്‍ സാമ്പത്തികമായ അവകാശങ്ങള്‍ അത്രയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയിലുള്ള യാതൊരു വിധത്തിലുള്ള ശബ് ദവും അനുവദനീയമല്ല. രാത്രി 8 മണിക്കു ശേഷം മിക്സി പ്രവര്‍ത്തിപ്പിക്കാന്‍ തന്നെ പേടിയാണെന്ന് ഒരു സഹോദരി പറഞ്ഞപ്പോള്‍, കുഞ്ഞ് കരയുന്നത് പേടിയാണെന്ന് മറ്റൊരാള്‍ പറഞ്ഞു. കാരണം അയല്‍വാസിക്ക് ആ ശബ്ദം ശല്യമായാല്‍ പരാതിപ്പെടാം. വീട്, വാഹനം, ഓഫീസ് തുടങ്ങിയവയുടെ മെയിന്റനന്‍സുമായി ബന്ധപ്പെട്ട ചെറിയ ജോലികളെല്ലാം സ്വയം ചെയ്യുക എന്നതാണ് ഇവിടത്തുകാരുടെ രീതി. താങ്ങാനാവാത്ത കൂലി തന്നെയാണ് ഒരു കാരണം. അത്തരം ജോലികള്‍ സ്വയം ചെയ്യാനുതകുന്ന സാധനങ്ങള്‍ ലഭ്യമാകുന്ന പ്രത്യേക കടകളും, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക സെക്ഷനുകളും (DIY) തന്നെ ഉണ്ട്.
യാത്രാ സൗകര്യങ്ങളും ട്രാഫിക് നിയമങ്ങളും
ഓയിസ്റ്റര്‍ കാര്‍ഡ് (OYSTER) എന്ന പ്രത്യേക കാര്‍ഡ് വാങ്ങിയാല്‍ ബസ്, റെയില്‍, ബോട്ട്, ട്രാം (റോഡിലൂടെ ഓടുന്ന ട്രെയിന്‍) തുടങ്ങിയ പൊതുവാഹനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. കുറഞ്ഞ എന്ന് പറയുമ്പോള്‍ പൗണ്ടിനെ ഇന്ത്യന്‍ രൂപയിലേക്ക് ഗുണിച്ച് കണക്കാക്കിയാല്‍ കൂടുതല്‍ തന്നെ. ട്രാഫിക് നിയമങ്ങള്‍ വളരെ കര്‍ശനമായതുകൊണ്ട് അപകടങ്ങള്‍ കുറവാണ്. മിക്ക ആളുകളും പൊതു വാഹനങ്ങള്‍, പ്രത്യേകിച്ചും ട്രെയിനുകളും ട്യൂബുകളും (ഭൂഗര്‍ഭ റെയില്‍) ആണ് നഗരത്തിനകത്തെ യാത്രക്ക് ഉപയോഗപ്പെടുത്തുന്നത്. എല്ലായിടത്തും മുന്‍ഗണന പൊതു വാഹനങ്ങള്‍ക്കാണ്. പിന്നെ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും. സൈക്കിള്‍ യാത്ര നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാറും ബസ്സും ഓടിച്ച് വരുന്നവര്‍, സൈക്കിള്‍ യാത്രക്കാരില്‍ നിന്ന് നിശ്ചിത അകലം പാലിച്ചില്ലെങ്കില്‍ വലിയ പിഴയാണ്.
ആശയ പ്രചാരണ സ്വാതന്ത്ര്യം
ഏതു മതസ്ഥര്‍ക്കും അവരുടെ വിശ്വാസം പരസ്യമായി പ്രചരിപ്പിക്കാം. സിറ്റി സെന്ററുകളില്‍ പല കോണുകളിലും താല്‍ക്കാലിക പ്രീച്ചിംഗ് സ്റ്റാളുകള്‍ കാണാം. ക്രൈസ്തവരും മുസ്‌ലിംകളും അക്കൂട്ടത്തിലുണ്ട്. ആളുകള്‍ സ്വതന്ത്രമായി ആശയവിനിമയം നടത്തുകയും സംവദിക്കുകയും ചെയ്യുന്നു; പരസ്പരം ബഹുമാനിച്ചുകൊണ്ടു തന്നെ. ബ്രിട്ടീഷുകാര്‍ക്കിടയില്‍ നാസ്തികത വളര്‍ന്നു വരുന്നതായും ക്രൈസ്തവ ദേവാലയങ്ങള്‍ പലതും ശൂന്യമാകുന്നതായും ചിലര്‍ പറഞ്ഞു. ചില ചര്‍ച്ചുകള്‍ പൂട്ടുകയും ചെയ്തിട്ടുണ്ടത്രെ. ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. സ്ത്രീക്ക് സ്ത്രീ എന്ന നിലയില്‍ ഇസ്‌ലാം അനുവദിക്കുന്ന പദവിയും സ്വാതന്ത്ര്യവും ശക്തമായ കുടുംബ സംവിധാനവുമാണ് അവരെ ആകര്‍ഷിക്കുന്നത്. ഒരേ വീട്ടില്‍ തന്നെ വ്യത്യസ്ത മതവിശ്വാസികളും മതമില്ലാത്തവരും ഒരുമിച്ചു ജീവിക്കുന്നത് അപൂര്‍വമല്ലാത്ത കാഴ്ചയാണ്. വംശവെറി ചിലരുടെയൊക്കെ ഉള്ളില്‍ ഉണ്ടെങ്കിലും നിയമം കര്‍ശനമായതിനാല്‍ ഒറ്റപ്പെട്ട കൈയേറ്റങ്ങളില്‍ അവ ഒതുങ്ങുന്നു. ഹലാല്‍ ഭക്ഷണങ്ങളുടെ പ്രത്യേക സ്റ്റാളുകളും സ്റ്റോറുകളും കാണാം. ആരോഗ്യത്തിന് ഗുണപ്രദം എന്നതിനാല്‍ പൊതുവെ ഹലാല്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ് ബ്രിട്ടീഷുകാര്‍.
വിദേശികള്‍ ലയിച്ചുചേരുന്ന മാജിക്
ഇതര രാജ്യങ്ങളില്‍ നിന്ന് പഠനത്തിനും ജോലിക്കുമായി വരുന്നവര്‍ ഇവിടത്തെ പൗരന്മാരായി മാറി ഈ സമൂഹത്തില്‍ ലയിച്ചുചേരുകയാണ് ചെയ്യുക. കാരണങ്ങള്‍ പലതാണ്. മികച്ച സേവന - വേതന വ്യവസ്ഥകള്‍, മേലുദ്യോഗസ്ഥരുടെ സല്‍പെരുമാറ്റം, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഉതകുന്ന വിദ്യാഭ്യാസ-ആരോഗ്യ- ഭവന പദ്ധതികളും ആനുകൂല്യങ്ങളും, ഉയര്‍ന്ന ജീവിത നിലവാരം തുടങ്ങിയവ. പൗരത്വം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ കുടുംബത്തിന്റെ ഭാവിയെ കുറിച്ച് വേവലാതി വേണ്ടതില്ല എന്നാണ് ഒരു സഹോദരന്‍ പറഞ്ഞത്. എന്നാല്‍ അത് ലഭിക്കാനായി കടക്കേണ്ട കടമ്പകളും ചിലവും പലര്‍ക്കും പ്രയാസകരമാണ്. പൗരത്വത്തിനു വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമായി പല വീട്ടമ്മമാരും ഇംഗ്ലീഷ് ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണ്. 'Life in the UK' എന്ന ടെസ്റ്റും പാസ്സാവേണ്ടതുണ്ട്. അതിനൊക്കെ സൗജന്യമായി കോച്ചിങ് ക്ലാസുകളുണ്ട്. ക്രിമിനല്‍ കേസുകളില്‍ പെടാതിരിക്കുക എന്നതും പ്രധാനമാണ്. ഇവിടെ ജനിച്ച കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാള്‍ക്ക് പൗരത്വം ഉണ്ടെങ്കില്‍ സ്വാഭാവികമായും പൗരത്വം ലഭിക്കും. ചുരുങ്ങിയത് അഞ്ചു വര്‍ഷം യു.കെയില്‍ താമസിച്ചവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. ആദ്യം Permanent Residecy (PR), പിന്നെ പൗരത്വം എന്നതാണ് ക്രമം. അതിനായി ഫീസിനത്തില്‍ നല്ലൊരു തുക ചെലവു വരുമെന്നതിനാല്‍ ആദ്യത്തെ അഞ്ചുവര്‍ഷം നന്നായി പിടിച്ചു ചെലവഴിക്കുന്നവരാണ് കൂടുതലും. പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ നാടുകളില്‍ നിന്നും വളരെ നേരത്തേ തന്നെ യു.കെയിലേക്ക് ആളുകള്‍ പോയി തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ പൗരത്വം നേടിയ അവരുടെ മൂന്നാം തലമുറയില്‍ പെട്ട ആളുകളെയാണ് അധികവും കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വിശേഷിച്ചും, കേരളത്തില്‍ നിന്ന് അടുത്ത കാലത്താണ് യു.കെയിലേക്ക് ആളുകള്‍ പോയി തുടങ്ങിയത്. പ്രധാനമായും നഴ്സിംഗ്, ഐ.ടി മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് മലയാളികള്‍. കച്ചവട രംഗത്ത് മലയാളികളായി അപൂര്‍വം ചില ആളുകളേ ഉള്ളൂ. പിന്നെയുള്ളത് ഗവേഷണ വിദ്യാര്‍ഥികളാണ്.
നല്ല ഒരനുഭവം തന്നെയായിരുന്നു യു.കെ യാത്ര. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പരമാവധി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു എന്ന ചാരിതാര്‍ഥ്യത്തോടെ തന്നെയാണ് യാത്ര തിരിച്ചത്. യു.കെയിലെ മലയാളികളുടെ കാരണവന്മാര്‍ എന്ന് പറയാവുന്ന അസീസ്, മൂസ എന്നിവരുടെ സേവനങ്ങള്‍ എടുത്തു പറയണം. ഭര്‍ത്താവ് എന്‍.കെ അബ്ദുര്‍റഹീം കൂടെ ഉണ്ടായിരുന്നത് എനിക്കും സംഘാടകര്‍ക്കും തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത്.
Comments