റമദാന്‍ പ്രതിസന്ധികളിലെ കുളിര്‍ക്കാറ്റും സ്‌നേഹസ്പര്‍ശവുമാണ്
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഒരു റമദാന്‍ കൂടി സമാഗതമാവുകയാണ്. പതിവിനു വിപരീതമായി മനുഷ്യചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധികളും പരീക്ഷണങ്ങളും കടുത്ത വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിലാണ് വിശുദ്ധ റമദാന്‍ നമ്മോടടുത്തിരിക്കുന്നത്. ഓരോ വര്‍ഷവും വിശ്വാസികള്‍ക്ക് റമദാന്‍ സമാഗതമാകുന്നത് പരീക്ഷണങ്ങളുടെ അകമ്പടിയോടെയാണ്. പരീക്ഷണങ്ങള്‍ ചിലപ്പോള്‍ കടുത്തതായിരിക്കും; മറ്റു ചിലപ്പോള്‍ അത്ര കടുപ്പമില്ലാത്തതും. ചില സന്ദര്‍ഭങ്ങളില്‍ ചില രാജ്യങ്ങളും സമൂഹങ്ങളും മാത്രമായിരിക്കും പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കുന്നത്. എന്നാല്‍ ചില രാജ്യങ്ങളും ജനതകളും നിരന്തരം പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. പരീക്ഷണങ്ങളുടെ കാലൊച്ചകള്‍ കേള്‍ക്കാത്ത ഒരു റമദാനും അവര്‍ക്ക് പരിചയമുണ്ടാകില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ തേര്‍വാഴ്ചയും ബോംബ് വര്‍ഷവുമില്ലാത്തഒരു റമദാനും ഗസ്സയിലെ ഫലസ്ത്വീനികള്‍ക്ക് ഉണ്ടാകാറില്ലെന്നതാണ് നേര്. കശ്മീരികള്‍ക്ക് എല്ലാ കാലത്തെയും പോലെ റമദാനും പരീക്ഷണങ്ങള്‍ തന്നെയായിരിക്കും. ഈ റമദാനാകട്ടെ ആ നിലക്കു തന്നെ അവര്‍ക്ക് ഏറെ കഠിനവും തീക്ഷ്ണവുമായിരിക്കും. റോഹിങ്ക്യന്‍ മുസ്ലിംകളും ഉയിഗൂര്‍ മുസ്ലിംകളും വര്‍ഷങ്ങളായി റമദാനിനെ വരവേല്‍ക്കുന്നത് അതികഠിനമായ പരീക്ഷണങ്ങളുടെ അകമ്പടിയോടെയാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പലപ്പോഴും മറ്റു നാളുകളിലെന്ന പോലെ റമദാനും വറുതിയുടെ നാളുകളായിരിക്കും.ഇന്ത്യയിലെ പല ഗ്രാമങ്ങളിലേക്കും പട്ടിണിയും പരിവട്ടവുമായാണ് റമദാന്‍ കടന്നുവരാറുള്ളത്. ഭരണകൂട ഭീകരതയുടെയും വംശീയ ഉന്മൂലനത്തിന്റെയും താണ്ഡവങ്ങള്‍ക്ക് അവര്‍ പലപ്പോഴും വിധേയമാകാറുമുണ്ട്.
എന്നാല്‍ ഈ പരീക്ഷണകാലം അതില്‍നിന്നെല്ലാം ഭിന്നമാണ്. ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ടാണ് ആപത്തിന്റെ നാളുകള്‍ നമ്മെ തേടിയെത്തിയിരിക്കുന്നത്. ഏതെങ്കിലുമൊരു രാജ്യത്തോ ഏതെങ്കിലുമൊരു ജനതയിലോ പരിമിതപ്പെടുന്നില്ല ഈ പരീക്ഷണം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയാണ് ഈ മഹാമാരിയുടെ പ്രഭവകേന്ദ്രം. ലോകത്തിന്റെ അധികാരി എന്ന് സ്വയം വീമ്പ് പറയുന്ന സൂപ്പര്‍ പവര്‍ അമേരിക്ക മുതല്‍ ഇറ്റലി, ഫ്രാന്‍സ്, സ്പെയ്ന്‍ തുടങ്ങി കരുത്തരായ യൂറോപ്യന്‍ രാജ്യങ്ങളാണ് മഹാമാരിയുടെ കെടുതിയില്‍ ഏറ്റവുമധികം ആടിയുലഞ്ഞുകൊണ്ടിരിക്കുന്നത്. ഇറാനും ഇസ്രയേലും അറബ് രാജ്യങ്ങളും സിംഗപ്പൂരും മലേഷ്യയും തായ്‌ലന്റും ഇന്തോനേഷ്യയും ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശുമൊക്കെ പ്രതിസന്ധി മറികടക്കാനുള്ള തീവ്രയത്‌നത്തിലാണ്. പരീക്ഷണങ്ങളുടെ കടുപ്പവും തീവ്രതയും വേണ്ടത്ര അനുഭവിച്ചിട്ടില്ലാത്ത പലരും കൊറോണാ വൈറസിനു മുമ്പില്‍ അടിപതറുന്ന കാഴ്ചയാണ് കാണാനാവുക. ജീവിതം കേവലാസ്വാദനത്തിന് മാത്രമുള്ളതായി കണ്ടിരുന്നവര്‍ ഏത് നിമിഷവും മരണത്തിലേക്ക് തെന്നി വീഴാവുന്ന നൂല്‍പ്പാലത്തിലൂടെയാണ് തങ്ങള്‍ സഞ്ചരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് വല്ലാതെ ഭയവിഹ്വലരാകുന്നു.
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് എത്ര സത്യം! ''മറ്റു സകലരേക്കാളും ജീവിക്കാന്‍ അത്യാര്‍ത്തിയുള്ളവരായി താങ്കള്‍ക്കവരെ കാണാം. എത്രത്തോളമെന്നാല്‍ ബഹുദൈവാരാധകരേക്കാള്‍ ഇക്കാര്യത്തില്‍ മുന്നിലാണവര്‍. എങ്ങനെയെങ്കിലും ആയിരത്താണ്ടുകള്‍ ജീവിച്ചാല്‍ മതിയെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ആയുസ്സിന്റെ ദൈര്‍ഘ്യം ദൈവശിക്ഷയില്‍നിന്നും അവരെ അകറ്റാന്‍ ഒട്ടും പര്യാപ്തമല്ല തന്നെ. അല്ലാഹു അവരുടെ ചെയ്തികളെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നു'' (അല്‍ബഖറ: 96).
ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അതിസങ്കീര്‍ണമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ റമദാന്‍ കടന്നുവരുന്നത്.
ആഗോള സാമ്പത്തികരംഗം മുന്‍മാതൃകകളില്ലാത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ പോകുന്നു. ഒരു മാസത്തിലധികമായി മഹാനഗരങ്ങളായ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ലണ്ടന്‍, പാരീസ്, ദുബൈ, മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി, സിംഗപ്പൂര്‍, ക്വാലാലമ്പൂര്‍ തുടങ്ങിയവയുള്‍പ്പെടെ മുഴുവനും അടഞ്ഞുകിടക്കുകയാണ്. ചെറുതും വലുതുമായ മുഴുവന്‍ നഗരങ്ങളും ഗ്രാമങ്ങളും വിജനമാണ്. കരയിലും കടലിലും ആകാശത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ദേശീയതലത്തില്‍ നടക്കേണ്ടവയുള്‍പ്പെടെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നു. വന്‍ വ്യവസായശാലകളും കച്ചവടസ്ഥാപനങ്ങളും തിരക്കേറിയ മാര്‍ക്കറ്റുകളും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. വിവിധ കഴിവുകളും യോഗ്യതയുമുള്ള കോടിക്കണക്കിന് ആളുകളുടെ ക്രയശേഷി ദിവസങ്ങളായി ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ വീടകങ്ങളിലും ജോലി സ്ഥലങ്ങളിലും പുറത്തിറങ്ങാന്‍ സാധിക്കാതെ തളച്ചിടപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന ആഗോള ദുരന്തമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ലോകം കൊറോണക്കു മുമ്പും ശേഷവും എന്ന നിലയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.
കോറോണക്കു ശേഷം രൂപപ്പെടാനിരിക്കുന്ന പുതിയ ലോകക്രമം എങ്ങനെയുള്ളതായിരിക്കും എന്നതിനെപ്പറ്റി വിവിധ നിരീക്ഷണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്.
സമ്പത്തും അധികാരവുമുണ്ടായാല്‍ മറ്റൊന്നും ഭയക്കേണ്ടതില്ലെന്ന അഹങ്കാരവും നിരാശ്രയത്വ ചിന്തയും പേറിനടന്ന മനുഷ്യന്‍ അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കു മുമ്പില്‍ എത്ര നിസ്സാരനാണെന്ന് ബോധ്യപ്പെട്ട നാളുകള്‍. ശാസ്ത്രവും വിവരസാങ്കേതികവിദ്യയും ഇത്രമേല്‍ പുരോഗതി പ്രാപിച്ച ഈ കാലഘട്ടത്തിലും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഒരു വൈറസിനു മുമ്പില്‍ മനുഷ്യസമൂഹം തലകുനിച്ച് നില്‍ക്കുന്നു. അതിസമ്പന്നതയും രാഷ്ട്രീയാധികാരവും കൊണ്ട് വീമ്പ് നടിച്ചിരുന്ന വികസിത, സമ്പന്ന രാജ്യങ്ങള്‍ പോലും ഒന്നും ചെയ്യാന്‍ സാധിക്കാതെ ജനങ്ങള്‍ക്കു മുമ്പില്‍ നിസ്സഹായരായി കൈമലര്‍ത്തുകയാണ്. ഭയപ്പാടിന്റെ കരിനിഴലില്‍ യാതൊന്നും ചെയ്യാന്‍ കഴിയാതെ വിറങ്ങലിച്ചുനില്‍ക്കുന്ന മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അല്ലാഹുവിന്റെ കഴിവിനും ശക്തിക്കും മുമ്പില്‍ തലകുനിക്കാന്‍ മനുഷ്യനെ പാകപ്പെടുത്തുകകൂടിയാണ് ചെയ്യുന്നത്.
മഹാമാരി വിതച്ച ഈ ദുരന്ത നാളുകള്‍ മുസ്ലിം സമൂഹത്തിന് ചില സ്വകാര്യ വേദനകള്‍ കൂടിയാണ് നല്‍കിയിരിക്കുന്നത്. ഇരു ഹറമുകളുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കണക്കിന് മസ്ജിദുകള്‍ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ജുമുഅ - ജമാഅത്തുകള്‍ മുടങ്ങിയിരിക്കുന്നു. വിശ്വാസികളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടാറുള്ള ഹറമുകള്‍ ഇന്ന് വിജനമാണ്. ഇതുണ്ടാക്കുന്ന ഹൃദയവേദന പറഞ്ഞറിയിക്കാനാകാത്തതാണ്.
അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് തന്റെ ജയില്‍ ജീവിതത്തെ പറ്റി അനുസ്മരിച്ചതു പോലെ സ്ഥലത്തിന്റെ പരിമിതിയും സമയത്തിന്റെ ആധിക്യവും ബോധ്യപ്പെട്ട ദിനരാത്രങ്ങളിലൂടെയാണ് നാം കടന്നുവന്നത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും പരലോക ചിന്ത വളര്‍ത്താനും ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു സമയവും നമ്മെ തേടി വരാനില്ല. ഖുര്‍ആന്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനുമുള്ള അസുലഭ സന്ദര്‍ഭമാണ് നാം ആഗ്രഹിക്കാതെയാണെങ്കിലും വന്നുചേര്‍ന്നിരിക്കുന്നത്. പതിവു ശീലങ്ങളും ശൈലികളും മറികടന്ന് ഏതു സാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ ആവശ്യമായ ജീവിതപാഠങ്ങള്‍ പരിശീലിക്കാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭവും ഇതുതന്നെ. വിനയവും ലാളിത്യവും ജീവിതത്തിന്റെ ഭാഗമാണെന്ന് ഉറപ്പുവരുത്തേണ്ടതും ഈ സന്ദര്‍ഭത്തില്‍ തന്നെയാണ്.
നമ്മുടെ രാജ്യത്ത് മുസ്ലിം സമൂഹം പൗരത്വനിഷേധവുമായി ബന്ധപ്പെട്ട വലിയൊരു പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് ഈ മഹാമാരി നമ്മെയും തേടിയെത്തിയത്. എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ തുടങ്ങി സംഘ്പരിവാര്‍ ഭരണകൂട അജണ്ടകള്‍ മുസ്ലിം സമൂഹത്തിന്റെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന ഭീതിജനകമായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നാം ഈ ഇരട്ടപ്പരീക്ഷണത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഭയവും നിരാശയും തളര്‍ച്ചയും പിടികൂടാതെ ഈ രണ്ട് വിപത്തുകളെയും ധൈര്യസമേതം മറികടക്കാന്‍ മുസ്ലിം സമൂഹത്തിന് സാധിക്കേണ്ടതുണ്ട്.
ആശ്വാസത്തിന്റെ കുളിര്‍തെന്നലായി ഒരു റമദാന്‍ കൂടി സമാഗതമാകുമ്പോഴുള്ള ലോകസാഹചര്യം ഇങ്ങനെയൊക്കെയാണ്. മുസ്ലിം സമൂഹത്തിന് പരീക്ഷണങ്ങള്‍ പുതിയതല്ല. ജീവിതം തന്നെ പരീക്ഷണമാണെന്ന് വിശ്വസിക്കുന്നവരാണവര്‍. ദൈവനിശ്ചയത്തിന്റെ ഭാഗമായി ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ക്ഷമയോടെ അഭിമുഖീകരിക്കുന്നവരുമാണവര്‍. അല്ലാഹുപറയുന്നു: ''ഭയാശങ്കകള്‍, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ക്ഷമയവലംബിക്കുകയും ഏതാപത്ത് സംഭവിക്കുമ്പോഴും 'ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും' എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക. അവര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകുകയും ചെയ്യൂം. ഇത്തരം ആളുകള്‍ തന്നെയാണ് സന്മാര്‍ഗം സിദ്ധിച്ചവര്‍'' (അല്‍ബഖറ: 155-157).
രോഗങ്ങളും വൈറസുകള്‍ ഉണ്ടാക്കുന്ന മഹാമാരികളും ജീവിതത്തിലെ പരീക്ഷണമാണ്. രോഗങ്ങള്‍ക്കു മുമ്പില്‍ വൈദ്യശാസ്ത്രം പരാജയപ്പെട്ടാല്‍ പിന്നെ ദൈവവിശ്വാസവും അതുല്‍പാദിപ്പിക്കുന്ന ആത്മീയബോധ്യങ്ങളുമാണ് കരുത്തും കാവലുമായി കൂടെയുണ്ടാകുക. കോവിഡ് 19 വ്യാപിച്ച് ജനങ്ങളാകെ പരിഭ്രാന്തരായ ഈ സാഹചര്യത്തില്‍ ജര്‍മനിയിലും പോളണ്ടിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും മസ്ജിദുകളില്‍ ഉച്ചഭാഷിണികളില്‍ ബാങ്ക് പരസ്യപ്പെടുത്താന്‍ അനുവദിച്ചത് ഈ പശ്ചാത്തലത്തിലാണ്. മുസ്ലിംകളല്ലാത്ത തദ്ദേശീയര്‍ വരെ മസ്ജിദുകളില്‍നിന്ന് ഒഴുകിവരുന്ന ബാങ്ക് ആസ്വദിക്കുന്ന കാഴ്ച ഈ രാജ്യങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധിനാളുകളില്‍ മനുഷ്യന് വലിയ തോതില്‍ കരുത്തും ബലവും നല്‍കുന്നത് മനുഷ്യഹൃദയങ്ങളില്‍ രൂപപ്പെടുന്ന ആത്മീയബോധ്യങ്ങളാണ്. വിശുദ്ധ റമദാനാകട്ടെ, സ്വബ്‌റിലും തഖ്‌വയിലും അധിഷ്ഠിതമായ ആത്മീയതയില്‍ വ്യക്തികളെ വാര്‍ത്തെടുക്കുന്ന പ്രക്രിയ നിരന്തരമായി നടക്കുന്ന നാളുകളാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഈ പ്രക്രിയ റമദാനില്‍ നടന്നുകൊണ്ടേയിരിക്കും. ഈ മഹാമാരിക്കാലത്ത് റമദാന്‍ കൂടി കടന്നുവരുന്നത് അതിനാല്‍തന്നെ വിശ്വാസികള്‍ക്ക് ആശ്വാസവും സമാധാനവും നല്‍കും.
അല്ലാഹുവിന്റെ ഖദ്‌റിലും ഖദാഇലും ഉറച്ച വിശ്വാസമുള്ളതോടൊപ്പം അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രതിസന്ധികളെ മറികടക്കാനും വെല്ലുവിളികളെ അഭിമുഖീകരിക്കാനും കൂടുതല്‍ കരുത്ത് നേടേണ്ട നാളുകളാണ് കടന്നുവരുന്നത്. ജീവിതയാത്രയില്‍ ഉന്മേഷവും ഊര്‍ജവും പകര്‍ന്നു നല്‍കുന്ന തഖ്‌വയും ഇഹ്സാനും സ്വബ്‌റും വേണ്ടുവോളം സമ്പാദിക്കേണ്ട അനുഗൃഹീത ദിനരാത്രങ്ങള്‍. ഇസ്തിഗ്ഫാറും തൗബയും വര്‍ധിപ്പിക്കുകയും ദിക്‌റുകളും ദുആകളും സദാ സമയവും നിലനിര്‍ത്തുകയും ചെയ്യേണ്ട വിലയേറിയ രാപ്പകലുകള്‍. പ്രതിസന്ധികള്‍ മറികടക്കാനും പൂര്‍വാധികം കരുത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും ഈ റമദാന്‍ ഒരു ചവിട്ടുപടിയായി നാം ഉപയോഗപ്പെടുത്തണം. അടിയുറച്ച വിശ്വാസവും (ഈമാന്‍) തീവ്രമായ ഇഛാശക്തിയും (അസ്മ്) കലവറയില്ലാത്ത പ്രതീക്ഷയും (റജാഅ്) ബലിഷ്ടമായ ബോധ്യങ്ങളും (യഖീന്‍) ഉണ്ടായാല്‍ മാത്രമാണ് ഭൗതികമായി പരാജയപ്പെടുമ്പോഴും പോരാട്ടത്തില്‍ ആത്മീയമായി വിജയിക്കാന്‍ സാധിക്കുക. റമദാന്‍ വഴി ആ ഉള്‍ക്കരുത്ത് നേടിയെടുക്കാന്‍ നമുക്ക് സാധിക്കണം. ഇസ്ലാം സമര്‍പ്പിക്കുന്ന ആത്മീയ ഔന്നത്യം കൊണ്ട് മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന യാഥാര്‍ഥ്യം നമുക്ക് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താനും നമുക്ക് സാധിക്കണം.
അല്ലാഹുവിലുള്ള ശുഭപ്രതീക്ഷ പ്രതിസന്ധിഘട്ടത്തില്‍ കരുത്തേകുന്നു. റമദാന്‍ പ്രതീക്ഷകള്‍ക്ക് മുളപൊട്ടുന്ന കാലമാണ്. പ്രവാചകന്മാരുടെ ഏറ്റവും വലിയ കരുത്ത് പ്രതീക്ഷയായിരുന്നു. അഗ്നികുണ്ഡാരത്തിലേക്ക് എടുത്തെറിയപ്പെട്ട ഇബ്‌റാഹീം പ്രവാചകനും, അക്രമിയായ ഭരണാധികാരിക്കും ആഞ്ഞടിക്കുന്ന സമുദ്രത്തിനുമിടയില്‍ ഉപരോധിക്കപ്പെട്ട മൂസാ നബിയും, നാനാ ഭാഗത്തുനിന്നും ശത്രുക്കളാല്‍ വളയപ്പെട്ട മുഹമ്മദ് നബി(സ)യും പ്രതീക്ഷയര്‍പ്പിച്ചത് സര്‍വശക്തനായ അല്ലാഹുവിലാണ്. അല്ലാഹുവിന്റെ കാരുണ്യം കലവറയില്ലാതെ പെയ്തിറങ്ങുന്ന നാളുകളാണ് റമദാന്‍ മാസം. പാപമോചനപ്രാര്‍ഥനകളും ദൈവികസ്തോത്രങ്ങളും വര്‍ധിപ്പിക്കുന്നതു വഴി ആകാശലോകം നമുക്കു മേല്‍ കാരുണ്യമഴ വര്‍ഷിക്കുമെന്ന് അല്ലാഹു അറിയിക്കുന്നുണ്ട്: ''എന്റെ ജനമേ, നിങ്ങളുടെ റബ്ബിനോട് മാപ്പിരക്കുവിന്‍. എന്നിട്ട് അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുവിന്‍. നിങ്ങള്‍ക്കു മീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുള്ള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യും. നിങ്ങള്‍ ഈ സന്ദര്‍ഭത്തിലെങ്കിലും ധിക്കാരികളായി പിന്തിരിയാതിരിക്കുവിന്‍'' (ഹൂദ്: 52).
ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന വൈറസ് മനുഷ്യജീവന്‍ കവര്‍ന്നെടുക്കുമ്പോഴും നിലനില്‍പ്പ് അപകടപ്പെടുംവിധം പൗരത്വം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നേറുകയാണ് നാം വേണ്ടത്. പ്രിയപ്പെട്ട മക്കള്‍ കൈവിട്ടു പോയപ്പോള്‍ യഅ്ഖൂബ് നബി അല്ലാഹുവിന്റെ സമക്ഷം മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് മനോഹരമായി വിശുദ്ധ ഖുര്‍ആനില്‍ വരച്ചിടുന്നുണ്ട്: ''രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്ന അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുക്കലെത്തിക്കും, എന്റെ ക്ലേശങ്ങളെയും ദു:ഖങ്ങളെയും കുറിച്ച് അല്ലാഹുവിനോടല്ലാതെ മാറ്റാരോടും ഞാന്‍ ആവലാതിപ്പെടുന്നില്ല. നിങ്ങള്‍ അറിയാത്ത പലതും അല്ലാഹുവില്‍നിന്ന് ഞാന്‍ അറിയുന്നുണ്ട്'' (യൂസുഫ്: 83, 86). ഈ പ്രതീക്ഷ കേവല ആശ്വാസവാക്കുകള്‍ മാത്രമല്ല. അത്യസാധാരണമാംവിധം അല്ലാഹുവിന്റെ ഇടപെടലുകള്‍ വഴി പ്രതിസന്ധികളെ മറികടക്കാനും സന്തോഷകരമായ നാളുകള്‍ പുലരാനും സാധിച്ചതിന്റെ പ്രായോഗിക ഉദാഹരണങ്ങള്‍ കൂടിയാണ്.
ആത്മവിശ്വാസമാണ് പ്രതിസന്ധിഘട്ടങ്ങളില്‍ പതര്‍ച്ചയില്ലാതെ മുന്നേറാന്‍ മനുഷ്യനെ പാകപ്പെടുത്തുന്ന മറ്റൊരു ഘടകം. ക്ഷമയും സഹനവും ആത്മവിശ്വാസത്തിന്റെ ഉപോല്‍പ്പന്നമാണ്. റമദാന്‍ ക്ഷമയുടെ മാസമാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ റമദാന്‍ നമ്മെ പരിശീലിപ്പിക്കുന്നുണ്ട്. വിജയം സുനിശ്ചിതമായ പോരാട്ടത്തിന് വേണ്ട മുന്നൊരുക്കവും ഉള്ളടക്കവുമാണ് സഹനവും സമര്‍പ്പണബോധവും. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം ലക്ഷ്യമാക്കി സര്‍വവും സമര്‍പ്പിക്കുകയും ജീവിതയാത്രയില്‍ അഭിമുഖീകരിക്കേണ്ട പ്രതിസന്ധികള്‍ എന്തുതന്നെയായാലും ക്ഷമയോടെ നേരിട്ട് ലക്ഷ്യപ്രാപ്തിയിലെത്തും വരെ കിതപ്പില്ലാതെ മുന്നോട്ട് കുതിക്കാന്‍ വിശുദ്ധ റമദാന്‍ വിശ്വാസികളെ പാകപ്പെടുത്തുകയാണ് ചെയ്യുന്നത്.
വ്രതാനുഷ്ഠാനം ആത്മനിയന്ത്രണമാണ് പ്രദാനം ചെയ്യുന്നത്.
സ്വബ്‌റ് മൂന്ന് വിധത്തിലാണ് മനുഷ്യജീവിതത്തില്‍ പ്രായോഗികമാക്കേണ്ടത്. ഒന്നാമത്തേത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിനു വേണ്ട ക്ഷമയാണ്. അല്ലാഹുവിന്റെ കല്‍പ്പനകള്‍ മുറതെറ്റാതെ ജീവിതത്തില്‍ നിലനിര്‍ത്താനും തെറ്റുകളില്‍നിന്നും കുറ്റകൃത്യങ്ങളില്‍നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്നതിനും സ്വബ്‌റ് അത്യാവശ്യമാണ്. രണ്ടാമത്തേത്, ജീവിതത്തില്‍ നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും അഭിമുഖീകരിക്കേണ്ടിവരുന്ന പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കലാണ്. രോഗം, അപകടം തുടങ്ങിയ പരീക്ഷണഘട്ടങ്ങളില്‍ നാം അക്ഷമരാകരുത്. അല്ലാഹുവിന്റെ വിധിയെ തിരിച്ചറിയുകയും അതിന്റെ പേരില്‍ വരുന്ന നഷ്ടങ്ങള്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സത്യത്തിനും ധര്‍മത്തിനും വേണ്ടി നിലകൊള്ളുമ്പോള്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളുടെയും കോട്ടങ്ങളുടെയും പേരില്‍ ക്ഷമ കൈക്കൊള്ളുന്നതാണ് സ്വബ്‌റിന്റെ മൂന്നാമത്തെ രൂപം. ഉലുല്‍ അസ്മ് എന്ന പേരില്‍ അറിയപ്പെടുന്ന നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ് (സ) എന്നീ പ്രവാചകന്മാര്‍ ക്ഷമയും സഹനവും സമര്‍പ്പണവും സന്തുലിതമായി മേളിച്ച ജീവിതത്തിന്റെ ഉടമകളായിരുന്നു. കടുത്ത പരീക്ഷണങ്ങളുടെ നാളുകളിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ അസ്മും സ്വബ്‌റും കൈമുതലാക്കിയ ഈ മഹദ് വ്യക്തിത്വങ്ങളുടെ ജീവിതവഴികള്‍ സാധ്യമാംവിധം പിന്തുടരാന്‍ നമുക്കാകണം.
റമദാന്‍ പ്രാര്‍ഥനയുടെ നാളുകള്‍ കൂടിയാണ്. പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളാല്‍ സമ്പന്നമായ മാസം. പ്രാര്‍ഥന പ്രതിസന്ധിനാളുകളിലെ രക്ഷാകവചമാണ്. ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്രത്തിന് സാധ്യമായതെല്ലാം ചെയ്തിട്ടും രോഗം ഭേദമാകുന്നില്ലെങ്കില്‍ പിന്നെ രോഗിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി നിങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കുക, ദൈവം ചിലപ്പോള്‍ രക്ഷപ്പെടുത്തിയേക്കാം എന്ന് പറയാറുണ്ട്. ഡോക്ടര്‍മാര്‍ ഇതൊരു ആശ്വാസവാക്കായി പറയാറുള്ളതാണെങ്കിലും മരണം വിധിച്ച് ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ രോഗികള്‍ ജീവിതത്തിലേക്ക് പൂര്‍ണാരോഗ്യത്തോടെ തിരിച്ചുവന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. വിശുദ്ധ ഖുര്‍ആനില്‍ മൂന്ന് പ്രവാചകന്മാരുടെ പ്രസിദ്ധമായ പ്രാര്‍ഥനകള്‍ പരിചയപ്പെടുത്തുന്നുണ്ട്. മാരകമായ രോഗത്തിനടിപ്പെട്ട് ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉപേക്ഷിച്ച് ചികിത്സയൊന്നുമില്ലാതെ വേദന കടിച്ചമര്‍ത്തി അയ്യൂബ് നബി നടത്തുന്ന പ്രാര്‍ഥനയാണ് അതിലൊന്ന്. രണ്ടാമത്തേത് യൂനുസ് നബിയുടെ പ്രാര്‍ഥനയാണ്. തനിക്ക് സംഭവിച്ച ഒരു അവിവേകത്തിന്റെ ഫലമായി മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട അദ്ദേഹം നടത്തുന്ന മനമുരുകിയ പ്രാര്‍ഥന പ്രസിദ്ധമാണ്. സന്താന സൗഭാഗ്യമില്ലാത്തതിന്റെ പേരില്‍ വേദന കടിച്ചമര്‍ത്തി ജീവിച്ച സകരിയ്യാ പ്രവാചകന്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ പേറി ജീവിക്കുന്ന നാളുകളില്‍ നടത്തിയ പ്രാര്‍ഥനയാണ് മൂന്നാമത്തേത്. ഈ മൂന്ന് പ്രാര്‍ഥനകളും അല്ലാഹു സ്വീകരിക്കുകയും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുകയും ചെയ്തു. മറ്റെല്ലാ പിടിവള്ളികളും നഷ്ടപ്പെട്ടാലും, മുഴുവന്‍ വഴികളുമടഞ്ഞാലും അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്, നിരാശനാകാതെ മുന്നേറാന്‍ ഊര്‍ജം നല്‍കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ഈ പ്രാര്‍ഥനകള്‍ എടുത്തുദ്ധരിക്കുക വഴി (അല്‍ അമ്പിയാഅ്: 83-90).
പ്രാര്‍ഥന സ്വീകരിക്കാനുള്ള പ്രധാന ഉപാധികളിലൊന്ന് പ്രാര്‍ഥിക്കുന്നവന്റെ യോഗ്യതയാണ്. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഈ മഹല്‍ വ്യക്തികളുടെ പ്രാര്‍ഥന സ്വീകരിക്കാന്‍ കാരണം അവരിലുണ്ടായിരുന്ന നാല് ഗുണങ്ങളാണ്: 1. അവര്‍ സല്‍കാര്യങ്ങളില്‍ അങ്ങേയറ്റം ഉത്സാഹമുള്ളവരായിരുന്നു. 2. പ്രാര്‍ഥന സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് അവര്‍ പ്രാര്‍ഥിച്ചത്. 3. അല്ലാഹുവിനെ സംബന്ധിച്ച ഭയവും ഭക്തിയും അവര്‍ക്കുണ്ടായിരുന്നു. 4. അല്ലാഹുവിന്റെ മുമ്പാകെ തലകുനിച്ച് അനുസരണബോധത്തോടെ ജീവിച്ചവരായിരുന്നു അവര്‍. ഈ നാല് യോഗ്യതകള്‍ നാം ആര്‍ജിച്ചെടുക്കുകയും അതിന്റെ ബലത്തില്‍ ഈ റമദാനിനെ സാക്ഷിനിര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അവന്റെ സവിധത്തിലേക്ക് നാമുയര്‍ത്തുന്ന കൈകള്‍ വെറുതെയാകില്ലെന്ന് നിശ്ചയം നമുക്ക് ആശ്വസിക്കാം.
വിശുദ്ധ റമദാനിലും ലോക്ക് ഡൗണ്‍ തുടരാനാണ് സാധ്യത. ചുരുങ്ങിയത് റമദാന്‍ പകുതി വരെയെങ്കിലും മസ്ജിദുകളില്‍ പോകാനും ജുമുഅ ജമാഅത്തുകള്‍ സംഘടിപ്പിക്കാനും സാധ്യമാകണമെന്നില്ല. ഗള്‍ഫ് രാജ്യങ്ങളിലാകട്ടെ റമദാന്‍ മുഴുവന്‍ ലോക്ക് ഡൗണ്‍ തുടരുമെന്നാണ് മനസ്സിലാകുന്നത്. വിശുദ്ധ റമദാനില്‍ മസ്ജിദുകളില്‍ പോകാന്‍ കഴിയാത്ത സാഹചര്യം നമ്മെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണ്. റമദാനിലെ ജമാഅത്തുകളും തറാവീഹും മസ്ജിദുകളില്‍ നിര്‍വഹിക്കാന്‍ കഴിയാതെ പോകുന്നത് വിശ്വാസികളുടെ ഹൃദയങ്ങളെ കുത്തിനോവിക്കുന്നുണ്ട്. റമദാനിലെ ജുമുഅകള്‍ നഷ്ടപ്പെടുന്നതാകട്ടെ ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പക്ഷേ, അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കു മുമ്പാകെ വിവേകപൂര്‍വം തലകുനിക്കുകയല്ലാതെ നിര്‍വാഹമില്ല. ജീവിതത്തിന്റെ രഹസ്യപരസ്യങ്ങളെ സംബന്ധിച്ചും ജയപരാജയങ്ങളെ സംബന്ധിച്ചും ഏറ്റവും നന്നായി അറിയുന്ന അല്ലാഹു എല്ലാ തീരുമാനങ്ങളിലും നാമറിയാത്ത നന്മയും പ്രതിഫലവും നേട്ടങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടായിരിക്കുമെന്ന് ആശ്വസിക്കാം. റമദാനിന്റെ രാപ്പകലുകള്‍ നമ്മുടെ വീടുകള്‍ തന്നെ മസ്ജിദുകളാക്കി മാറ്റുക. നിര്‍ബന്ധ നമസ്‌കാരങ്ങളും തറാവീഹും ജമാഅത്തായി വീട്ടില്‍ വെച്ച് നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണവും പഠനവും പതിവാക്കുക. ഇസ്തിഗ്ഫാറും തൗബയും നിര്‍വഹിക്കുക. പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുക. ദിക്‌റുകള്‍ പതിവാക്കുക. പ്രതിസന്ധിയുടെ നാളുകള്‍ നീങ്ങുന്നതോടെ ആത്മവിശ്വാസത്തോടെ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് വിധേയരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ റമദാന്‍ അവസാനിക്കുന്നതോടെ നമുക്ക് സാധിക്കണം. ഓര്‍ക്കുക, ഈ സമയവും കടന്നുപോകും.
Comments