Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

പ്രബോധിതരെ ചേര്‍ത്തുപിടിക്കുക

വി.കെ ജലീല്‍

ഹിജ്‌റ ഏഴാം വര്‍ഷത്തിലെ ആദ്യമാസദിനങ്ങളിലൊന്നില്‍, യുദ്ധം ജയിച്ച പടനായകനെപ്പോലെ, എന്നാല്‍ വിനീതനായി, അയാള്‍ മദീനയിലേക്കു  വന്നു.
നബി അതിനു മുന്നെ, ആയിരത്തി നാനൂറില്‍പരം വരുന്ന കര്‍മധീരരായ അനുചരരോടൊപ്പം മദീനയില്‍നിന്ന് ഖൈബറിനെ ലക്ഷ്യമാക്കി നീങ്ങിക്കഴിഞ്ഞിരുന്നു. ഉദ്ദിഷ്ടനാള്‍ പുലര്‍ച്ചെ, മാനത്ത് അന്തിനക്ഷത്രങ്ങള്‍ മാഞ്ഞുപോകും മുമ്പെ, ഖൈബറില്‍ എത്തിയിരുന്നു; വിശ്വാസവഞ്ചകരായ യഹൂദരെ ഓര്‍ക്കാപ്പുറത്തുള്ള  പുലര്‍കാലാക്രമണത്തിലൂടെ പാഠം പഠിപ്പിക്കാന്‍. 
നബി, കൃത്യമായി ഏതു നാളാണ് ഖൈബറില്‍ എത്തിയതെന്ന വിവരണത്തില്‍ ചരിത്ര വിശാരദന്മാര്‍ക്കിടയില്‍ അഞ്ചു ഭിന്നാഭിപ്രായങ്ങള്‍ കാണാം.
അതിരിക്കട്ടെ. ഭദ്രമായ 'മര്‍ഹബ്' അടക്കം എട്ടു ദുര്‍ഗങ്ങളും, ഇഛിച്ചാല്‍ പടക്ക് പറ്റുന്ന ഇരുപതിനായിരം സുസജ്ജരായ യോദ്ധാക്കളെ പോരിനിറക്കാന്‍ ശേഷിയും ഉണ്ടായിരുന്ന ഖൈബര്‍, ഏറെ ചെറിയ ഇസ്‌ലാമിക ശക്തിക്ക് മുന്നില്‍ തോറ്റു വഴങ്ങിയത്, ഇസ്‌ലാമിന്റെ ചൈതന്യം അറിയാത്തവര്‍ക്ക് എന്നും ഒരു ചരിത്രവിസ്മയമത്രെ.
നബിയുമായി സന്ധിക്കാനുള്ള ധൃതിയില്‍ അയാളും ഖൈബറില്‍ എത്തി. മികച്ച സൈനിക വിജയാനന്തരം,  ഉത്തരവാദിത്ത്വഭാരങ്ങളുടെ നിര്‍വഹണത്തില്‍ നിരതനായ തിരുമേനിയെ ആ സമാഗമം വല്ലാതെ സന്തോഷിപ്പിച്ചു.
ദൗസ് ഗോത്രക്കാരനായ ത്വുഫൈലു ബ്‌നു അംറ് ആയിരുന്നു ആഗതന്‍. പ്രസ്തുത ഗോത്രത്തിലെ എണ്‍പതോളം കുടുംബങ്ങളില്‍നിന്നുള്ള നൂറുകണക്കിന് കരുത്തരായ യോദ്ധാക്കളെയും, മറ്റ് ആശ്രിതരെയും ഒപ്പം അണിനിരത്തി, ഒരു പ്രകടനം കണക്കെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. ആഗതര്‍ ഓരോരുത്തരായി തിരുമേനിക്ക് അനുസരണപ്രതിജ്ഞ ചെയ്തു. സന്തോഷാതിരേകത്താല്‍ റസൂല്‍ തിരുമേനി, സമരാര്‍ജിതസമ്പത്തുക്കളില്‍ അവരെയും പങ്കാളികളാക്കി.
ഇതിനു പിന്നില്‍ ഒരു കഥയുണ്ട്.
ഓരോ പ്രബോധകനും ഉള്ളറിഞ്ഞ് ഉള്‍ക്കൊള്ളേണ്ട കഥ.
ഇബ്‌നു ഇസ്ഹാഖ് അത് വിശദമായി  രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസ് ഗ്രന്ഥങ്ങളില്‍ നിറഞ്ഞ പരാമര്‍ശങ്ങളുമുണ്ട്. തികഞ്ഞ നാടകീയതയോടെ ഖാലിദ് മുഹമ്മദ് ഖാലിദും,  മറ്റു പലരെയും പോലെ ത്വുഫൈലിന്റെ ഈ അനുഭവകഥ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. നമുക്ക് അവ സംക്ഷേപിക്കാം:
ഖല്‍ബില്‍ കനിവും കരളില്‍ കവിതയും കരങ്ങള്‍ക്ക് കരുത്തും നാടിന്റെ നേതൃത്വവും ഉള്ള ആളായിരുന്നു ത്വുഫൈല്‍; തൊഴില്‍ വ്യാപാരവും. കഅ്ബയിലെ വിഗ്രഹപൂജക്കും വ്യാപാരത്തിനും 'ഉക്കാളി'ലെ സാഹിത്യോത്സവങ്ങളില്‍ കവിതകള്‍ ചൊല്ലാന്‍ പോകുമ്പോഴുമായി, അയാള്‍  തിഹാമയില്‍നിന്ന് ദീര്‍ഘമല്ലാത്ത ഇടവേളകളില്‍ മക്കയില്‍ വരാറുള്ളതാണ്.
മുഹമ്മദീയ പ്രവാചകത്വവിളംബരം കഴിഞ്ഞ് ആറു വര്‍ഷം പൂര്‍ത്തിയായിരുന്നെങ്കിലും, അത് എന്തുകൊണ്ടോ ത്വുഫൈലിനു വിഷയമായിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഒടുവിലത്തെ തവണ അദ്ദേഹം മക്കയില്‍ എത്തുമ്പോള്‍, ഖുറൈശീപ്രമുഖര്‍ ഓരോരുത്തരായി അദ്ദേഹത്തെ സന്ദര്‍ശിക്കാനും സല്‍ക്കരിക്കാനും മുഹമ്മദിന്റെ ആഭിചാര ശക്തിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും മത്സരിച്ചു. അവര്‍ അദ്ദേഹത്തെ വല്ലാതെ പറഞ്ഞു ഭീതിപ്പെടുത്തി. 'മുഹമ്മദിനെ അങ്ങോട്ട് ചെന്ന് കാണരുത്, സംസാരിക്കരുത്. ഇങ്ങോട്ട് സംസാരിക്കാന്‍ വന്നാല്‍ കാതു നല്‍കരുത്. ഒരുവട്ടം കേട്ടാല്‍ പോലും പെട്ടുപോകാന്‍ ഏറെ ഇടയുണ്ട്. ഞങ്ങളുടെ നാടിന് വന്നു പെട്ട കഷ്ടതകള്‍ മറ്റാര്‍ക്കും ഭവിക്കരുത് എന്നോര്‍ത്ത് പറയുകയാണ്. പ്രത്യേകിച്ചും താങ്കളും ദൗസ് ഗോത്രവും നശിക്കരുത്' - അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത് വിശ്വസിച്ച് ത്വുഫൈല്‍ സത്യമായും കാതു പഞ്ഞി വെച്ചടച്ചാണ് കഅ്ബയുടെ ചാരത്തേക്ക് പോയത്. അപ്പോഴേക്കും അയാളുടെ ചിന്ത ഉണര്‍ന്നു.
വല്ലതും കേട്ടാല്‍ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിശക്തി തനിക്കുണ്ട്. പിന്നെന്തിന് കാതു പൊത്തണം? ത്വുഫൈല്‍ കാത് അടച്ചിരുന്ന പഞ്ഞി ഒഴിവാക്കിയശേഷം കഅ്ബക്ക് അരികിലെത്തി. യാദൃഛികമെന്നോണം, അപ്പോള്‍ അവിടെ എത്തിയ റസൂല്‍ അദ്ദേഹത്തോട് ചേര്‍ന്നുനിന്നു നമസ്‌കാരം ആരംഭിച്ചു. അയാള്‍ ഖല്‍ബും കണ്ണും കാതും തുറന്നുപിടിച്ചു. തികച്ചും നൂതനമായ ആരാധനാ രൂപം. ഹൃദയഹാരിയായ പാരായണം. സര്‍വോപരി ഉജ്ജ്വലമായ വ്യക്തിത്വം! അപ്പോള്‍ സംഗതി, സ്വയം ബധിരനും അന്ധനുമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. നബി തിരിച്ചുപോകുമ്പോള്‍ ത്വുഫൈല്‍ ഒപ്പം ചേര്‍ന്നു. വഴിയിലും വീട്ടിലും വെച്ച് സ്വന്തം അനുഭവങ്ങള്‍ പറഞ്ഞു തീര്‍ത്തു. 'ഇനി താങ്കള്‍ പറഞ്ഞുതന്നാലും' -അയാള്‍ തിരുമേനിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു.
റസൂല്‍ സാവധാനം അദ്ദേഹത്തിന് ഇസ്‌ലാം പറഞ്ഞു മനസ്സിലാക്കി. വിശുദ്ധ ഖുര്‍ആനില്‍നിന്ന്  ഇഖ്‌ലാസ്വ്, ഫലഖ്, അന്നാസ് എന്നീ അധ്യായങ്ങള്‍ സവിസ്തരം വിശദീകരിച്ചുകൊടുത്തു. ത്വുഫൈല്‍ മുസ്‌ലിമായി.
വീട്ടില്‍ തിരിച്ചെത്തിയതോടെ  മാതാവിനും പിതാവിനും ഭാര്യക്കും ഇസ്‌ലാം പരിചയപ്പെടുത്തി. അവരെല്ലാവരും  മുസ്‌ലിംകളായി. പിന്നീട് സ്വഗോത്രത്തിലെ ഓരോ വീടുകളും കയറിയിറങ്ങി. ഒരാള്‍ മാത്രം വിശ്വാസിയായി; അബൂഹുറയ്‌റ (റ). പിന്നീട് ഇരുവരും ചേര്‍ന്നായി പ്രബോധനം. മറ്റു ബന്ധുക്കളോ നാട്ടുകാരോ ഒരാളും അവരുടെ ക്ഷണം ചെവിക്കൊണ്ടില്ല. ദൗസ് ഒന്നടങ്കം മദ്യത്തിലും പെണ്ണുടലുകളിലും അങ്ങേയറ്റം പൂണ്ടു കിടക്കുകയായിരുന്നു.
പ്രബോധകര്‍ക്ക് ധര്‍മരോഷമുണര്‍ന്നു. അവര്‍ ഒരു ഉറച്ച തീരുമാനത്തോടെ നബിയുടെ അടുത്തെത്തി. റസൂലിനെ അവര്‍ വലിയ വാശിയോടെ ഇങ്ങനെ ഉണര്‍ത്തി: 'ദൗസ് ഗോത്രം നശിച്ചു ദൈവദൂതരേ. അവര്‍ക്ക് കള്ളും പെണ്ണും മതി. താങ്കള്‍ അവര്‍ക്കെതിരായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.' റസൂല്‍ അതു കേട്ട് പെട്ടെന്ന് ഒന്നും ഉരിയാടിയില്ല. അവിടുന്ന് ഏകാഗ്രത കൈവരിക്കാനുള്ള മൗനത്തിലാണെന്ന് അവര്‍ മനസ്സിലാക്കി. റസൂലിന്റെ ശാപപ്രാര്‍ഥന കേള്‍ക്കാനായി ഇരുവരും കാതുകൂര്‍പ്പിച്ചു. തിരുമേനി ഇരുകൈകളും ഉയര്‍ത്തി അല്ലാഹുവിനോട് തെല്ലുറക്കെ ഇങ്ങനെ പ്രാര്‍ഥിച്ചു: 'ദൗസിലെ  ജനങ്ങളെ നേര്‍വീഥിയിലാക്കി എന്റെ അരികില്‍ എത്തിക്കേണമേ.' ഈ പ്രാര്‍ഥന മൂന്നു തവണ ആവര്‍ത്തിച്ചു. പിന്നീട് ഇരുവരോടുമായി പറഞ്ഞു: 'നിങ്ങള്‍ ദൗസിലെ മനുഷ്യരോട് അല്‍പം കൂടി ദയ കാണിക്കൂ. അവരുടെ സന്മാര്‍ഗ സിദ്ധിക്കായി അകമഴിഞ്ഞു പ്രാര്‍ഥിക്കൂ. അവരെ സ്‌നേഹപൂര്‍വം ദൈവമാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കൂ.'
സന്മാര്‍ഗപ്രചാരണത്തിന്റെ ആന്തരചൈതന്യം ഉള്‍ക്കൊണ്ട് അവര്‍ തിരിച്ചുപോയി. കാലം മുന്നോട്ടു ഗമിച്ചു.  ഹിജ്‌റയും ബദ്‌റും ഉഹുദും അങ്ങനെ പല മഹാ സംഭവങ്ങളും കഴിഞ്ഞ് ഹുദൈബിയാ സന്ധിയുടെ ശാന്തതയിലാണ്, റസൂല്‍ തിരുമേനിയുടെ അന്നത്തെ പ്രാര്‍ഥനയുടെ ഫലം ഉജ്ജ്വലമായി പ്രദര്‍ശിപ്പിച്ചുകൊണ്ട്, ത്വുഫൈലുബ്‌നു അംറിന്റെ ആഗമനം. വീണ്ടും അദ്ദേഹം പ്രബോധന വേദിയിലേക്ക്  തിരിച്ചുപോയി. മക്കാ വിജയവേളയില്‍ ത്വുഫൈല്‍ എപ്പോഴും നബിയുടെ ചാരെ ഉണ്ടായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ജന്മദേശം  മുഴുവന്‍  ഇസ്‌ലാമിലേക്ക് വന്നുകഴിഞ്ഞിരുന്നു. 

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌