പ്രതിസന്ധിയുള്ളവര്‍ക്കാണ് പ്രകടനപത്രിക വേണ്ടത്
ആപത്തിന്റെ നടുക്കടലില്‍ നില്‍ക്കുന്ന സമുദായത്തിന് പ്രകടനപത്രികയോ? അതേ, പ്രതിസന്ധിയുള്ളവര്‍ക്കാണ് പ്രകടനപത്രിക വേണ്ടത്. വഴിമുട്ടുന്നവര്‍ക്കാണ് വഴിവെട്ടാന്‍ വ്യക്തതയുള്ള ആശയങ്ങള്‍ ആവശ്യമുള്ളത്. ഏതൊരു ജനതയുടെയും മൂലധനം മൂന്ന് കാര്യങ്ങളാണെന്ന് മാലിക് ബിന്നബി പറയുന്നുണ്ട്; ആശയങ്ങള്‍, മനുഷ്യര്‍, വസ്തുക്കള്‍ എന്നിവയാണവ. ബിന്നബി എഴുതുന്നു: ''ഭൗതിക വസ്തുക്കള്‍ എത്ര കൈവശം വെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഒരു സമൂഹത്തിന്റെ സമ്പത്ത് കണക്കാക്കേണ്ടത്. അതിന്റെ കൈയില്‍ എത്ര ആശയങ്ങള്‍ ഉണ്ടെന്നാണ് ചോദിക്കേണ്ടത്.''
ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹം, ലോകത്തെ രണ്ടാമത്തെ വലിയ മുസ്‌ലിം സമൂഹം, ഇന്ത്യയില്‍ ആഴത്തില്‍ വേരുകളുള്ള സാംസ്‌കാരിക സമൂഹം - ഈ സമുദായത്തിന്റെ അജണ്ട എന്താണെന്ന് ചോദിച്ചത് '90-കളുടെ അന്ത്യത്തില്‍ പ്രമുഖ മലയാള സാഹിത്യകാരന്‍ സക്കറിയയായിരുന്നു. മുസ്‌ലിം മറ്റുള്ളവരുടെ അജണ്ടയാവുകയും മുസ്‌ലിം സമുദായത്തിന് സ്വന്തമായി അജണ്ടയില്ലാതിരിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് അദ്ദേഹം അന്ന് എഴുതിയത്.
ഏതൊരു മുസ്‌ലിം ഉമ്മത്തിന്റെയും എവിടത്തെയും എക്കാലത്തെയും സുപ്രധാന അജണ്ട സത്യത്തിന്റെ ഏക ആധികാരിക വിശദീകരണമായ ഏകദൈവ വിശ്വാസത്തിന്റെ വെളിച്ചം വിതറുക എന്നതുതന്നെയാണ്. ആ ആദര്‍ശത്തില്‍ ആഴത്തില്‍ വേരുറക്കുമ്പോഴാണ് മനുഷ്യര്‍ക്ക് ഋതുഭേദങ്ങളില്ലാതെ കായ്ഫലം നല്‍കുന്ന ഉത്തമ വൃക്ഷമായി ഈ സമുദായം കായ്ച്ചുനില്‍ക്കുക. ഈ ആശയത്തേക്കാള്‍ മഹത്തായ മറ്റൊരു അജണ്ടയും ഈ സമുദായത്തിന് കണ്ടെത്താനാകില്ല.
ദൈവം ഒന്നാണെന്നതിന്റെ അനിവാര്യ താല്‍പര്യമാണ് മനുഷ്യരുടെ ഏകത എന്നത്. പലജാതി ദൈവങ്ങളുടെ മാത്രമല്ല, പലജാതി മനുഷ്യരുടെയും നാടാണ് ഇന്ത്യ. മുസ്‌ലിംകള്‍ക്ക് പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിന് പൊതുവായ ഒരു തിരിച്ചറിയല്‍ രേഖ ഉണ്ടെങ്കില്‍ അത് ജാതിയാണ്. ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും പദവി ജാതി കൊണ്ട് നിര്‍ണയിക്കപ്പെടുന്നതാണ്. ജന്മത്തിന്റെ പേരിലുള്ള ശ്രേഷ്ഠ-അധമ വാദത്തിന്റെ തുടക്കക്കാരന്‍ പിശാചാണ്. ഈ പൈശാചികത എന്നും ഇന്ത്യന്‍ സാമൂഹിക ഘടനയുടെ മുഖമുദ്രയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന് ഒരിക്കലും വളരെ ചലനാത്മകമായ സമൂഹമായി മാറാന്‍ കഴിയാത്തതിന്റെ കാരണം ശ്രേണീബദ്ധമായ ജാതിസമ്പ്രദായമാണ്. ഏതൊരു സമൂഹത്തിലേക്ക് കടന്നുവന്ന പ്രവാചകന്മാരും രണ്ടു ദൗത്യങ്ങളാണ് നിര്‍വഹിച്ചിരുന്നത്: ഒന്ന്, സത്യത്തിന്റെ ഏക ആധികാരിക വിശദീകരണമായ തൗഹീദിന്റെ പ്രബോധനം. രണ്ട്, ആ തൗഹീദിന്റെ തന്നെ അടിത്തറയില്‍നിന്നു കൊണ്ട് സമൂഹത്തിലെ മുഖ്യ തിന്മക്കെതിരായ പ്രചാരണങ്ങളും പോരാട്ടങ്ങളും. ഏതു കാലത്താണെങ്കിലും ഇന്ത്യയിലേക്ക് ഒരു പ്രവാചകന്‍ വരികയാണെങ്കില്‍ ആ പ്രവാചകന് നേരിടേണ്ടിവരുന്ന ഇന്ത്യന്‍ സമൂഹത്തിലെ മുഖ്യതിന്മ ജാതിവ്യവസ്ഥയാണ്.
ജാതിമൂല്യങ്ങളെ നിരാകരിക്കുന്ന ഒരു ബദല്‍ ജീവിതം കാഴ്ചവെച്ചു എന്നതാണ് ഇസ്‌ലാം ഇന്ത്യക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന. ബിപിന്‍ ചന്ദ്രപാല്‍ എഴുതുന്നു: ''മുഹമ്മദീയരാണ് നമുക്കവകാശങ്ങള്‍ തന്നത്; പ്രത്യേക ജാതിസമുദായങ്ങള്‍ എന്ന നമ്മുടെ സ്ഥാനങ്ങള്‍ക്കു പുറമെ, അവയുമായി ബന്ധമില്ലാത്ത രാഷ്ട്രീയ അവകാശങ്ങളും. ജനായത്തത്തിന്റെ, യഥാര്‍ഥ ദേശീയ ജീവിതത്തിന്റെ, പൗര സമത്വത്തിന്റെ അടിത്തറ കിടക്കുന്നത് അവിടെയാണ്.'' സ്വാമി വിവേകാനന്ദന്‍ എഴുതുന്നു: ''പ്രായോഗിക ജീവിതത്തിന്റെ തലങ്ങളില്‍ ഏതെങ്കിലും മതാനുയായികള്‍ സമത്വമെന്ന തത്ത്വത്തെ ശ്രദ്ധേയമായ അര്‍ഥത്തില്‍ എപ്പോഴെങ്കിലും സമീപിച്ചിട്ടുണ്ടെങ്കില്‍ അത് ഇസ്‌ലാമിന്റെ, ഇസ്‌ലാമിന്റെ മാത്രം അനുയായികളാണ്.'' പ്രായോഗിക അദൈ്വതം എന്ന് വിവേകാനന്ദന്‍ ഇതിനെ മറ്റൊരിടത്ത് പേരിട്ടു വിളിക്കുന്നുണ്ട്.
ഒരു ജാതിവിരുദ്ധ ജനകീയ പ്രസ്ഥാനമായിത്തീരുക എന്നതാണ് ഇന്ത്യയിലെ ഇസ്‌ലാമിന്റെ ഏറ്റവും വലിയ സാധ്യത. പക്ഷേ, ദൗര്‍ഭാഗ്യകരമായ കാര്യം, ഈ ബഹുദൈവത്വ ജാതിബോധം മുസ്‌ലിം സമൂഹത്തെയും പിടികൂടി എന്നതാണ്. ഈ അനിസ്‌ലാമികതയെ കണ്ടെത്തി ഉള്ളില്‍നിന്ന് നശിപ്പിക്കുക എന്നത് ഇന്ത്യയിലെ ഇസ്‌ലാമിന്റെ മുന്നോട്ടുപോക്കില്‍ സുപ്രധാനമായ ചുവടാണ്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''പല രാജ്യങ്ങളുടെയും പ്രബോധനാനുഭവങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് നമ്മുടെ നാട്ടില്‍ ഇസ്‌ലാമിക പ്രചാരണത്തിന് ഉപയുക്തമായ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുകൊള്ളട്ടെ. സമുദായത്തിലെ ഉത്തരവാദപ്പെട്ട വ്യക്തികള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ആശിക്കുന്നു. ഹിന്ദു മതാനുയായികളുമായുള്ള ദീര്‍ഘ സമ്പര്‍ക്കം മൂലം മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തില്‍ ഉടലെടുത്തിട്ടുള്ള എല്ലാ അസമത്വങ്ങളും നാം ഒന്നാമതായി അവസാനിപ്പിക്കേണ്ടതുണ്ട്. ജനനം കൊണ്ട് ആരും മ്ലേഛനോ ഉന്നതനോ ആവുന്നില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്, ഈ വിശ്വാസം ഇസ്‌ലാമിന്റെ വിജയത്തില്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. ഇന്നും അങ്ങനെത്തന്നെ. അതിനാല്‍, ഈ വിശ്വാസത്തെ നമ്മുടെ എല്ലാ സമ്പര്‍ക്കങ്ങളുടെയും ബന്ധങ്ങളുടെയും മൗലികാടിസ്ഥാനമായി നാം രണ്ടാമതായും അംഗീകരിക്കേണ്ടതുണ്ട്. അമുസ്‌ലിം സഹോദരങ്ങള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുമാറ് ഇസ്‌ലാമിന്റെ മഹത്തായ സാഹോദര്യം പുനരുജ്ജീവിപ്പിക്കപ്പെടണം.'' അപ്പോള്‍ ജാതി ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം പ്രബോധനത്തിന്റെയും സമുദായ സംസ്‌കരണത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും എല്ലാം വിഷയമാണെന്നര്‍ഥം.
ഇന്ത്യയിലെ ഏറ്റവും വലിയ മര്‍ദിത സമൂഹമാണ് മുസ്‌ലിംകള്‍. പലതരം മര്‍ദിതരുടെ മാതൃഭൂമിയാണ് ഇന്ത്യ. ജാതിയുടെയും സമ്പത്തിന്റെയും പ്രദേശത്തിന്റെയും ലിംഗത്തിന്റെയും മറ്റും പേരിലുള്ള നിരവധി വിവേചനങ്ങളും അസമത്വങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഈ അനീതികള്‍ക്കെതിരായ പോരാട്ടത്തിന്റെ നേതൃപരമായ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടു മാത്രമേ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് അതിജീവനം സാധ്യമാവുകയുള്ളൂ. അടി കിട്ടുമ്പോള്‍ കരയുക എന്നത് മാത്രം ശീലമാക്കിയ ഒരു സമുദായത്തിന് അതിജീവനം സാധ്യമല്ല. തങ്ങള്‍ക്ക് പ്രഹരമേല്‍ക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്നവരായി മുസ്‌ലിം സമൂഹം മാറരുത്. നേര്‍ക്കുനേരെ തങ്ങളെ ബാധിക്കാത്ത അനീതികളെയും അങ്ങോട്ട് ചെന്ന് ജനാധിപത്യമാര്‍ഗങ്ങളിലൂടെ പ്രഹരിക്കാന്‍ സമുദായത്തിന് സാധിക്കണം. അപ്പോഴേ, വിമോചന ഉള്ളടക്കമുള്ള സമൂഹമായി, മര്‍ദിതരുടെ പ്രതീക്ഷയായി മുസ്‌ലിംകള്‍ മാറുകയുള്ളൂ. പ്രവാചകനായ മൂസാ ഫറോവയെ തേടി ചെല്ലുകയായിരുന്നു. ഇസ്‌ലാമിന് എപ്പോഴും മര്‍ദക വ്യവസ്ഥകളോട് അങ്ങോട്ട് ചെന്ന് ചിലത് പറയാനുണ്ട്.
ജനത്തിന് ഉപകാരമുള്ളതു മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന ഖുര്‍ആനിക പാഠം ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഒന്നാണ്. സര്‍വ മേഖലകളിലും നീതിയുടെ സംസ്ഥാപനം ഇന്ത്യയുടെ മുസ്‌ലിം സമൂഹത്തിന്റെ മുഖ്യ അജണ്ടയാകേണ്ടതുണ്ട്.
രാഷ്ട്രീയ ശാക്തീകരണം
സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ സ്വയം തന്നെ ഉന്നയിക്കാന്‍ സമുദായത്തിന് സാധിക്കണം. അടി കിട്ടുമ്പോഴെല്ലാം ദേശക്കൂറ് കൂടുതല്‍ പ്രകടിപ്പിച്ചാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന ചിന്ത തികഞ്ഞ മൗഢ്യമാണ്. പ്രമുഖ പത്രപ്രവര്‍ത്തകനും അഭിഭാഷകനുമായ എ.ജി നൂറാനി എഴുതുന്നു: ''1964-ല്‍ കലാപബാധിത സമ്പല്‍പൂരിലെ മുസ്‌ലിംകള്‍ യോഗം ചേര്‍ന്നു. കൂടുതല്‍ സംരക്ഷണം ആവശ്യപ്പെടാനായിരുന്നില്ല അത്. കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തത് തിരിച്ചെടുക്കാനാവാത്ത നടപടിയാണെന്ന് രാഷ്ട്രപതിക്കും ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗങ്ങള്‍ക്കും സന്ദേശം അയക്കാനായിരുന്നു അത്.'' ദേശക്കൂറിന്റെ പ്രകടനങ്ങള്‍ കൊണ്ട് മാത്രം രക്ഷപ്പെടുമായിരുന്നെങ്കില്‍ ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ എന്നേ രക്ഷപ്പെടേണ്ടതായിരുന്നു. മുസ്‌ലിം പ്രശ്‌നങ്ങള്‍ മറ്റാരും ഉന്നയിക്കാന്‍ പാടില്ല എന്നതല്ല ഇതിനര്‍ഥം. നമ്മള്‍ നിര്‍ബന്ധമായും ഉന്നയിച്ചിരിക്കണം. ചില ഘട്ടങ്ങളില്‍ നമ്മളെങ്കിലും ഉന്നയിക്കണം. പരിഹാരത്തിന് പുറത്തുനിന്നുള്ള മിശിഹയെ കാത്തിരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. മുസ്‌ലിം പ്രശ്‌നങ്ങള്‍ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നങ്ങളല്ല, രാജ്യത്തിന്റെ പൊതുപ്രശ്‌നമാണ് എന്ന രാഷ്ട്രീയ സന്ദേശമാണ് നമുക്ക് നല്‍കാന്‍ സാധിക്കേണ്ടത്. ദലിത് പ്രശ്‌നങ്ങള്‍ ദലിതരുടെ മാത്രം പ്രശ്‌നമല്ലാത്തതു പോലെത്തന്നെ.
രാഷ്ട്രീയ ശാക്തീകരണം വിജയിക്കണമെങ്കില്‍ അതോടൊപ്പം വിദ്യാഭ്യാസരംഗത്തും ഉദ്യോഗരംഗത്തും മാധ്യമരംഗത്തും അഭിപ്രായ രൂപീകരണം നടത്തുന്നവരുടെ മേഖലയിലും മുന്നേറ്റങ്ങള്‍ നടത്താന്‍ സമുദായത്തിന് സാധിക്കണം. ഉദ്യോഗ- മാധ്യമ മേഖലകളുടെ പിന്തുണ ഇല്ലാത്ത രാഷ്ട്രീയത്തിന് അതിന് എത്ര വോട്ട്‌ഷെയര്‍ നേടാനായാലും, എത്ര സീറ്റുകള്‍ സമ്പാദിക്കാനായാലും, മന്ത്രിസഭകളില്‍ ഉയര്‍ന്ന പങ്കാളിത്തം ഉണ്ടായാലും സമുദായ ശാക്തീകരണത്തിന്റെ കാര്യപരിപാടികള്‍ നടപ്പിലാക്കാന്‍ കഴിയില്ല. സമുദായത്തിന്റെ എതിരാളികള്‍ അവരെ സ്തംഭിപ്പിക്കുകയോ ഹൈജാക്ക് ചെയ്യുകയോ ചെയ്യും. രാഷ്ട്രീയ ബോധത്തിന്റെയും ശക്തിയുടെയും പിന്‍ബലമില്ലാത്ത സമുദായത്തിന്റെ വിദ്യാഭ്യാസ-ഉദ്യോഗ-മാധ്യമ ശാക്തീകരണങ്ങള്‍ ഒരിക്കലും സമുദായത്തിനു വേണ്ടി പ്രവര്‍ത്തനക്ഷമമാവുകയില്ല. ഗുജറാത്ത് പോലീസില്‍ ജനസംഖ്യാനുപാതികമായോ അതിനേക്കാള്‍ അല്‍പം കൂടുതലോ ആയ പ്രാതിനിധ്യം മുസ്‌ലിം സമുദായത്തിനുണ്ട്. പക്ഷേ അതൊരിക്കലും മുസ്‌ലിം സമുദായത്തിന് ഗുണകരമായി ഭവിക്കാറില്ല. എന്നു മാത്രമല്ല പലപ്പോഴും പ്രതികൂലമായി ഭവിക്കാറുമുണ്ട്. രാഷ്ട്രീയ ബോധത്തിന്റെയും സുരക്ഷയുടെയും അഭാവമാണതിന് കാരണം. വിദ്യാഭ്യാസ-ഉദ്യോഗ ശാക്തീകരണങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിം മാനിഫെസ്റ്റോയിലെ പ്രധാന ഭാഗമാണ്. അതിന്റെ രാഷ്ട്രീയ ഉള്ളടക്കം ഒരിക്കലും വിസ്മരിക്കപ്പെടരുത്.
ഏതൊരു സമൂഹത്തിന്റെയും നേര്‍പകുതിയും ബാക്കിപകുതിയുടെ പ്രാഥമിക ശിക്ഷണ കേന്ദ്രങ്ങളുമാണ് സ്ത്രീകള്‍. ഇവരുടെ ശാക്തീകരണം കൂടി സാധ്യമാക്കാതെ മുസ്‌ലിം സമുദായത്തിന്് സര്‍വതോമുഖമായ ഒരു മുന്നേറ്റവും നടത്താനാകില്ല. നമ്മുടെ പെണ്‍കുട്ടികള്‍ സമരമുഖങ്ങളില്‍ ചൂണ്ടിയ വിരലിനെ പിന്തുടര്‍ന്നാണ് രാജ്യമിപ്പോള്‍ നിര്‍ഭയത്വത്തിലേക്ക് സമരോത്സുകമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ധാര്‍മികത ഒരു സമൂഹത്തിന്റെ അടിക്കല്ലായിരിക്കെത്തന്നെ സ്ത്രീയെ ചൊല്ലിയുള്ള അമിതമായ ഉത്കണ്ഠകള്‍ ദൈവഭക്തിയുടെ അല്ല, അധഃപതന കാലത്തിന്റെ അടയാളം മാത്രമാണ്. അധഃപതനകാലത്ത് ഒരു സമൂഹത്തിന് അവരുടെ ധാര്‍മികതയെ കുറിച്ചോ സ്ത്രീകളെ കുറിച്ചോ ഒരാത്മവിശ്വാസവും ഉണ്ടാകില്ല.
മാലിക് ബിന്നബിയെ ഒരിക്കല്‍കൂടി ഉദ്ധരിക്കട്ടെ: ''വ്യക്തികളും ആശയങ്ങളും വസ്തുക്കളും ഭാവാത്മകമായി സംയോജിക്കുന്ന ബന്ധവ്യവസ്ഥകള്‍ ഇല്ലെങ്കില്‍ ഒരാശയവും പ്രയോഗക്ഷമമാവില്ല. ബന്ധവ്യവസ്ഥയുടെ ദൃഢതയും ഇഴയടുപ്പവും നിര്‍ണായകമാണ്.'' ആപത്കാലത്ത് ഐക്യം അതിജീവനത്തിന്റെ ഒന്നാമത്തെ ഉപാധിയാണ്. സ്‌പെയിന്‍ തകര്‍ന്ന് ചരിത്രത്തിന്റെ ഭാഗമായത് മുസ്‌ലിം ഉമ്മത്തിന്റെ അനൈക്യത്തിന്റെ വഴികളിലൂടെ ആയിരുന്നു. കുരിശുയുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ പരാജയപ്പെടാനുണ്ടായ പല കാരണങ്ങളില്‍ ഒന്ന് പ്രഭുക്കന്മാര്‍ തമ്മിലുള്ള അനൈക്യവും പരസ്പര യുദ്ധവുമായിരുന്നു. ഐക്യം എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതിരിക്കുക എന്നതല്ല, അഭിപ്രായ വ്യത്യാസങ്ങളെ പരസ്പരം ഉള്‍ക്കൊണ്ടുതന്നെ പൊതുകാര്യങ്ങളില്‍ യോജിക്കാവുേന്നടത്തോളം യോജിക്കുക എന്നതാണ്. നീതിയുടെ സംസ്ഥാപനത്തിനു വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിന് ഒരു പൊതു മിനിമം പരിപാടിയുമായി മുസ്‌ലിം സമൂഹം രംഗത്തിറങ്ങിയാല്‍ സമുദായത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ ശോഭനമായ ഭാവിയുണ്ടാകും. അധര്‍മത്തിന്റെ ശക്തികള്‍ ഒറ്റക്കെട്ടാണ്. നിങ്ങള്‍ ഐക്യപ്പെടുന്നില്ലെങ്കില്‍ നാട്ടില്‍ വലിയ കുഴപ്പങ്ങളും പ്രശ്‌നങ്ങളുമുണ്ടാകും (സൂറഃ അല്‍അന്‍ഫാല്‍ 73). എല്ലാ പരാധീനതകള്‍ക്കിടയിലും ഈ ദൗത്യം ഉത്തമ സമുദായം ഏറ്റെടുത്താല്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക്, ഒരു ആദിവാസി സ്ത്രീക്ക്, ഒരു കറുത്തവള്‍ക്ക്, ഒരു കശ്മീരിക്ക് അവളുടെ ഒപ്പം ഒരാടുണ്ടെങ്കില്‍ അതിനെ ചെന്നായ പിടിക്കുമോ എന്നല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ സഞ്ചരിക്കാവുന്ന ഒരു കാലം സംജാതമാവുക തന്നെ ചെയ്യും.
Comments