Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

'പേരുകള്‍ക്കപ്പുറം ഇസ്‌ലാമിന്റെ  മൂല്യങ്ങളാണ് സമൂഹത്തില്‍ പടരേണ്ടത്'

പ്രഫ. താന്‍ സ്രീ ദാതോ ദുല്‍കിഫ്‌ലി അബ്ദുര്‍റസാഖ്/ ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

അന്താരാഷ്ട്രരംഗത്ത് അറിയപ്പെടുന്ന മലേഷ്യന്‍ വിദ്യാഭ്യാസ വിചക്ഷണനാണ് പ്രഫ. താന്‍ സ്രീ ദാതോ ദുല്‍കിഫ്‌ലി അബ്ദുര്‍റസാഖ്. ഇപ്പോള്‍ മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ റെക്ടറായും ഇസ്‌ലാമിക് സയന്‍സ് യൂനിവേഴ്‌സിറ്റി മലേഷ്യ USIM-യുടെ ബോര്‍ഡ് ഓഫ് ഗവേണന്‍സിന്റെ തലവനായും സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ലീഡര്‍ഷിപ്പ്, സ്‌സ്റ്റൈനബ്ള്‍ ഡെവലപ്‌മെന്റ് തുടങ്ങിയവയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങള്‍.  യൂനിവേഴ്‌സിറ്റി സയന്‍സ് മലേഷ്യയില്‍നിന്ന് ഫാര്‍മസിയില്‍ ബിരുദവും സ്‌കോട്ട്‌ലാന്റിലെ University of Strathclyde-ല്‍നിന്ന് ഫാര്‍മക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് University Science Malaysia-ല്‍ അധ്യാപകനായാണ്. 2000-2011 വരെ USM-ന്റെ വൈസ് ചാന്‍സ്‌ലറായിരുന്നു. 2012 മുതല്‍ 2016 വരെ UNESCO-ക്കു കീഴില്‍ പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന International Association of Universities (IAU) പ്രസിഡന്റായിരുന്നു. WHO -  അന്താരാഷ്ട്ര ആരോഗ്യ സംഘടനക്ക് കീഴിലുള്ള Policy & Management Committee-യുടെ എക്‌സ്‌പേര്‍ട്ട് അഡൈ്വസറി പാനലില്‍ 1995-2010 കാലയളവില്‍ അംഗമായിരുന്നു.  അന്താരാഷ്ട്രതലത്തില്‍ വിദ്യാഭ്യാസരംഗത്തെ സേവനങ്ങള്‍ക്ക് 2017 ല്‍ ഗില്‍ബര്‍ട്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ സേവനങ്ങള്‍ക്ക് University of Pourtsmouth, University of Nottimgham, Mykolas Romeris University എന്നിവയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. Nurturing A Balanced Person - The Leadership Challenge (2015), Injecting Soul into R&D - Humanising Science for the Future (2015), Towards Effective Education Planning in Malaysia തുടങ്ങിയവ പ്രധാന കൃതികള്‍. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദുല്‍കിഫ്‌ലി കേരളത്തിലെത്തിയത്.

 

സമകാലിക ലോകത്ത് ഇസ്‌ലാമിക സര്‍വകലാശാല എന്ന പരീക്ഷണത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാപനമാണ് ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ (IIUM). അറിവിന്റെ ഇസ്‌ലാമികവല്‍ക്കരണം എന്ന ആശയത്തിന്റെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമാണ് അതിന്റെ ശില്‍പികള്‍. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ലക്ഷ്യങ്ങള്‍ എത്രമാത്രം സാക്ഷാത്കരിച്ചു?  

മലേഷ്യന്‍ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമികവല്‍ക്കരണ പദ്ധതിയെക്കുറിച്ച് പുറത്ത് നില്‍ക്കുന്ന ഒരാള്‍ എന്ന നിലക്കേ എനിക്ക് മറുപടി നല്‍കാനാകൂ. കാരണം, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഞാന്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്താണ് യൂനിവേഴ്‌സിറ്റി എന്ന ചോദ്യത്തില്‍നിന്നാണ് നാം ചര്‍ച്ച ആരംഭിക്കേണ്ടതെന്നു തോന്നുന്നു. യൂനിവേഴ്‌സിറ്റി എന്ന ആശയം യൂറോപ്യന്‍ പരിസരത്തു നിന്നാണ് മുസ്‌ലിം രാജ്യങ്ങളിലും പ്രചരിച്ചത്. അറബിയിലെ ജാമിഅയെ സൂചിപ്പിക്കാനാണ് നാം ഇംഗ്ലീഷില്‍ യൂനിവേഴ്‌സിറ്റി എന്ന പദമുപയോഗിക്കുന്നത്. 11-ാം നൂറ്റാണ്ടില്‍ ലാറ്റിന്‍ പദമായ യൂനിവേഴ്‌സിറ്റാസില്‍നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. യൂനിവേഴ്‌സിറ്റി എന്നാല്‍ സ്വയം നിര്‍ണയാകാവകാശമുള്ള, അക്കാദമിക സ്വാതന്ത്ര്യമുള്ള ഗവേഷണ സ്ഥാപനമാണ്. ഇതിനെല്ലാമുപരി, യൂറോപ്യന്‍ മാനവികതാ പാരമ്പര്യത്തിന്റെ സംരക്ഷകരുമായിരിക്കണം യൂനിവേഴ്‌സിറ്റി (University must be a trusty of the European humanist tradition). ആധുനിക യൂനിവേഴ്‌സിറ്റിയുടെ വേരുകള്‍ ചെന്നെത്തുന്നത്, മധ്യകാല യൂറോപ്യന്‍ യൂനിവേഴ്‌സിറ്റികളിലാണ്. അതിന്റെ ഉത്ഭവം ഇറ്റലിയിലെ ക്രിസ്ത്യന്‍ കത്തീഡ്രല്‍ സ്‌കൂളുകളില്‍നിന്നാണ്. ക്രിസ്ത്യന്‍ പുരോഹിതവര്‍ഗത്തെ സൃഷ്ടിക്കുകയായിരുന്നു അവയുടെ ഉദ്ദേശ്യം. ഈ പ്രത്യേകതയുള്ള സ്ഥാപനങ്ങളാണ് യഥാര്‍ഥത്തില്‍ യൂനിവേഴ്‌സിറ്റി. അതിനാല്‍, യൂനിവേഴ്‌സിറ്റി എന്ന ആശയം തന്നെയും അടിസ്ഥാനപരമായി യൂറോകേന്ദ്രിതമാണ്. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളിലടക്കം നമ്മുടെ അക്കാദമിക്‌സും കരിക്കുലവും പഡഗോഗിയുമെല്ലാം യൂറോകേന്ദ്രിതമാണ്. ഒരു ഉദാഹരണം പറയാം. ഐ.ഐ.യു.എമ്മില്‍ ഞാന്‍ ചാര്‍ജെടുക്കുമ്പോള്‍, എന്റെ ഓഫീസിന്റെ പേര് റെക്ടറി ബില്‍ഡിംഗ് എന്നായിരുന്നു. Rectory Building എന്നാല്‍, കത്തോലിക്കന്‍ പുരോഹിതന്റെ ഭവനം എന്നാണര്‍ഥം. ക്രിസ്ത്യന്‍ സെമിനാരി പശ്ചാത്തലത്തില്‍നിന്നാണ് ഈ പദം വന്നത്. തെറ്റായ ടെര്‍മിനോളജിയാണ് നാം പലപ്പോഴും ഉപയോഗിക്കുന്നത്. അത് തെറ്റായ ആശയക്കൈമാറ്റത്തിന് ഇടയാക്കും. ഇസ്‌ലാമികവല്‍ക്കരണം, ഇത്തരം തെറ്റായ പദപ്രയോഗങ്ങളെ തിരുത്തിക്കൊണ്ടുതന്നെ ആരംഭിക്കണം. മധ്യകാല യൂറോപ്പിലെ ക്രിസ്ത്യന്‍ പൗരോഹിത്യ പശ്ചാത്തലത്തില്‍നിന്ന് രൂപംകൊണ്ട ഒരു നാമമല്ല, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ തലവന്റെ ഓഫീസിന് ചേര്‍ന്നത് എന്ന് എനിക്കു തോന്നി. അതിനാല്‍ റെക്ടറി ബില്‍ഡിംഗിന്, പ്രഫ. മുഹമ്മദ് അബ്ദുര്‍റഊഫ് ബില്‍ഡിംഗ് എന്നാണ് പുതുതായി നാമകരണം ചെയ്തിരിക്കുന്നത്. പ്രഫ. അബ്ദുര്‍റഊഫ്, ഐ.ഐ.യു.എമ്മിന്റെ ആദ്യ റെക്ടറായിരുന്നു. സയ്യിദ് നഖീബ് അല്‍ അത്താസിനും ഇസ്മാഈല്‍ റാജി ഫാറൂഖിക്കുമൊക്കെ തീര്‍ച്ചയായും ഇത്തരം കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നിരിക്കണം. ആ പ്രതിഭകള്‍ തീര്‍ച്ചയായും വലിയ ഉത്തരവാദിത്തങ്ങളാണ് നിര്‍വഹിച്ചത്. എന്നിരുന്നാലും യൂനിവേഴ്‌സിറ്റിയുടെ ഭാരവാഹികളും വിദ്യാര്‍ഥികളും അക്കാദമിക സ്റ്റാഫുമൊക്കെ ഇക്കാര്യങ്ങള്‍ വേണ്ടവണ്ണം മനസ്സിലാക്കിയിരിക്കണം. 

ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍ക്കുണ്ടാവേണ്ട മൂല്യങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും താങ്കള്‍ പറഞ്ഞു. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കുണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ ഗുണങ്ങള്‍ എന്തൊക്കെയാണ്? 

ഇവിടെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും, ആധുനിക യൂനിവേഴ്‌സിറ്റികള്‍ക്കും എത്രയോ മൂമ്പുതന്നെ അവ നിലവിലുണ്ടായിരുന്നുവെന്ന്. മൊറോക്കോയിലെ ഫെസില്‍ 859-ല്‍ നിര്‍മിച്ച ഖറവിയ്യീന്‍ സര്‍വകലാശാലയാണ് ലോകത്തെ തന്നെ ആദ്യ യൂനിവേഴ്‌സിറ്റി. ഫാതിമ ബിന്‍ത് മുഹമ്മദ് അല്‍ ഫിഹ്‌രിയ്യ എന്ന വനിതയാണ് അതിന്റെ ശില്‍പി. ആ സ്ഥാപനത്തിന്റെ നിര്‍മാണം തുടങ്ങി പണി പൂര്‍ത്തിയാകുവോളം അവര്‍ വ്രതമനുഷ്ഠിച്ചിരുന്നു. വ്രതം ആത്മീയതയുടെ ഏറ്റവും ഉയര്‍ന്ന സമര്‍പ്പണമാണ്. ദൈവവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ആരാധനകളിലൊന്നാണത്. ആത്മീയമൂല്യങ്ങള്‍ കൂടി സമ്മേളിച്ചാണ് ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കപ്പെടുന്നത്. നമ്മുടെ ഉന്നത കലാലയങ്ങള്‍ അതിന്റെ തുടക്കംമുതല്‍ ഇസ്‌ലാമിക മൂല്യങ്ങളിലൂന്നിയാണ് പടുത്തുയര്‍ത്തപ്പെടുന്നത്. അതൊരു ചെറിയ മദ്‌റസയില്‍നിന്ന് തുടങ്ങി, പിന്നീട് പള്ളിയായും വലിയ കലാലയമായും മാറുന്നു. പറഞ്ഞുവരുന്നത്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍ക്ക്, ഒരു കണ്‍വെന്‍ഷനല്‍ യൂനിവേഴ്‌സിറ്റിയെ അപേക്ഷിച്ച് കുറേയധികം മൂല്യങ്ങളുണ്ട്. അവക്ക് സമൂഹത്തില്‍ നിര്‍വഹിക്കാനുള്ള ദൗത്യവും വ്യത്യസ്തമാണ്.  
യുനെസ്‌കോയില്‍ ഞാന്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്; എന്തുകൊണ്ട് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളെ യൂറോപ്യന്‍ പാരമ്പര്യത്തില്‍ തന്നെ നിലനിര്‍ത്തണം? കാരണം, ഞാനൊരു യൂറോപ്യനല്ല. എനിക്ക് യൂറോപ്യന്‍ രീതികളോട് താല്‍പ്പര്യവുമില്ല. എനിക്ക് ഏഷ്യന്‍, ഇസ്‌ലാമിക് പാരമ്പര്യം പിന്തുടരാനാണ് താല്‍പ്പര്യം. അതിനാല്‍ നിലവിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്ന സങ്കല്‍പം തന്നെ പുനര്‍നിര്‍വചിക്കപ്പെടണമെന്നാണ് എന്റെ പക്ഷം. 
രണ്ടാമത്തെ കാര്യം യൂനിവേഴ്‌സിറ്റികളുടെ നിലവാരം അളക്കുന്നത് റാങ്കിംഗ് സമ്പ്രദായത്തിലൂടെയാണ്. റിസര്‍ച്ച്, പബ്ലിക്കേഷന്‍, അധ്യാപനം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. എന്നാല്‍, ഇസ്‌ലാമിക സര്‍വകലാശാലകളുടെ നിലവാരം അളക്കാന്‍ ഈ മാനദണ്ഡങ്ങളെ അളവുകോലാക്കരുത്. ഇസ്‌ലാമിക സര്‍വകലാശാലകള്‍, കേവല ഗവേഷണകേന്ദ്രങ്ങളോ, ഒരുപാട് പബ്ലിക്കേഷനുകളുള്ള സ്ഥാപനങ്ങളോ മാത്രമല്ല. യൂനിവേഴ്‌സിറ്റി റാങ്കിംഗ് ഗെയിമില്‍ ഉള്‍പ്പെടുകവഴി നമ്മുടെ സ്ഥാപനങ്ങള്‍ കൂടുതല്‍ ഇസ്‌ലാമികമല്ലാതാവുകയാണ്. ജാമിഅ ഇസ്‌ലാമിയ്യ അഥവാ ഇസ്‌ലാമിക സര്‍വകലാശാല എന്നതിന്റെ മാനദണ്ഡം തികച്ചും വ്യത്യസ്തമാണ്. ഒന്നാമത്തേത്, അത് ഇസ്‌ലാമിക വീക്ഷണത്തില്‍ അധിഷ്ഠിതമാകണമെന്നതാണ്. റഹ്മതുന്‍ ലില്‍ ആലമീന്‍ (ലോകര്‍ക്ക് മുഴുവന്‍ അനുഗ്രഹം) എന്ന തത്ത്വവും മഖാസ്വിദ് മൂല്യങ്ങളും ഉള്‍ച്ചേര്‍ന്നതാവണം നമ്മുടെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍. ആ അടിസ്ഥാനങ്ങള്‍ മാനദണ്ഡമാക്കി വേണം, നമ്മുടെ ഉന്നത കലാലയങ്ങളുടെ നിലവാരം വിലയിരുത്താന്‍. 

തീര്‍ച്ചയും IIUM-ന് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടേതായ നിരവധി സവിശേഷതകളുണ്ട്. അതിലൊന്നാണ്, ഇന്റഗ്രേഷന്‍ ഓഫ് നോളജ്, വിജ്ഞാനങ്ങളുടെ സമന്വയം. ഇത് വെളിപാട് ജ്ഞാന (-Revealed Knowledge) വും മാനവിക ശാസ്ത്രവും തമ്മിലുള്ള സമന്വയത്തില്‍ മാത്രം പരിമിതപ്പെട്ടുകൂടാ. ശാസ്ത്രവും മാനവിക വിഷയങ്ങളും തമ്മിലുള്ള സംയോജനവും നടക്കേണ്ടതുണ്ട്. തത്ത്വങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, അവയുടെ പ്രായോഗിക മാതൃകകള്‍ കൂടി നാം കാണിച്ചുകൊടുക്കണം. മനുഷ്യരാശിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍, ശാസ്ത്ര, സാമൂഹിക, മാനവിക വിജ്ഞാനീയങ്ങള്‍ കൈകോര്‍ക്കേണ്ടതുണ്ട്. നമ്മുടെ കാലഘട്ടത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഏതെങ്കിലും ഒരു വിജ്ഞാനശാഖയിലെ മാത്രം നൈപുണ്യം പോരാ. വിവിധ വിജ്ഞാന ശാഖകളെ ചേര്‍ത്തുനിര്‍ത്തുന്ന മള്‍ട്ടി ഡിസിപ്ലിനറി അപ്രോച്ച് നാം വികസിപ്പിച്ചുകൊണ്ടുവരണം. 

വിജ്ഞാനത്തിന്റെ ഇസ്‌ലാമികവല്‍ക്കരണത്തില്‍ സയന്‍സും അനുബന്ധവിഷയങ്ങളും  ഇപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലല്ലോ. പ്യൂര്‍ സയന്‍സിലും മറ്റു ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും മുസ്‌ലിംകളുടെ സംഭാവനകള്‍ തുലോം കുറവായി കാണപ്പെടുന്നു. നോബല്‍ ജേതാക്കളായ ശാസ്ത്രപ്രതിഭകളില്‍, മുസ്‌ലിം നാമം കാണുക തന്നെ പ്രയാസം. ശാസ്ത്രരംഗത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെ എങ്ങനെ നോക്കിക്കാണുന്നു? പ്രശ്‌നപരിഹാരമായി എന്താണ് നിര്‍ദേശിക്കാനുള്ളത്?

ശാസ്ത്രരംഗത്തെ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ പ്രധാന കാരണമായി ഞാന്‍ കാണുന്നത്, ഇസ്‌ലാമിനെ മുസ്‌ലിം ജനസാമാന്യം മനസ്സിലാക്കിയതിലെ തകരാറ് തന്നെയാണ്. കേവലം ഒരു മതം എന്ന അര്‍ഥത്തിലാണ് നാം ഇസ്‌ലാമിനെ കാണുന്നത്. മതത്തിന് പരിമിതമായ അര്‍ഥമാണ് നമ്മുടെ വ്യവഹാരത്തില്‍. പ്രത്യകിച്ച് മലേഷ്യന്‍ വീക്ഷണത്തില്‍ മതം എന്നാല്‍ പ്രധാനമായും അതിന്റെ ആരാധനാനുഷ്ഠാന മുറകളാണ്. അതിനാല്‍ മതം എന്നു പറയുമ്പോള്‍ ഇസ്‌ലാമിന്റെ ആരാധനാനുഷ്ഠാനങ്ങള്‍ മാത്രമേ നമ്മുടെ ചിന്തയിലേക്കു കടന്നുവരൂ. എന്നെ സംബന്ധിച്ചേടത്തോളം ഇസ്‌ലാം, ഒരു മതത്തിനുമപ്പുറത്താണ്. അതുകൊണ്ടുതന്നെ, ഏതൊരു പ്രയോജനപ്രദമായ വിജ്ഞാനവും ഇസ്‌ലാമികമാണ്. നമുക്കിവിടെ മിക്കവാറും എല്ലാ കാര്യങ്ങളിലും പേരില്‍ ഇസ്‌ലാമുണ്ട്. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഇസ്‌ലാമിക് ബാങ്കിംഗ്..... അങ്ങനെ എല്ലാം മലേഷ്യയില്‍ ഇസ്‌ലാം എന്ന നാമത്തോടു ചേര്‍ത്താണ് പറയപ്പെടുന്നത്. പേരുകളല്ല, ഇസ്‌ലാമിന്റെ മൂല്യങ്ങളാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത്, ഇസ്‌ലാമിക നാമങ്ങള്‍ ഇല്ലെങ്കിലും ശരി.
നമുക്ക് കൂടുതല്‍ ശാഠ്യം എല്ലാത്തിലും ഇസ്‌ലാം എന്ന പേരുണ്ടാകാനാണ്. അതിന്റെ നന്മകളിലും മൂല്യങ്ങളിലും നാം രാജിയാവുകയും പേരില്‍ ശാഠ്യം പിടിക്കുകയും ചെയ്യുന്നു. ഇസ്‌ലാം എന്ന പേര് ഉണ്ടാകുന്നതോടുകൂടി എല്ലാം ഇസ്‌ലാമായി എന്നു നാം ധരിച്ചുവശാകരുത്. പേരിനപ്പുറം അതുള്‍ക്കൊള്ളുന്ന ആത്മാവും മൂല്യങ്ങളും ഉണ്ടാകാതെ ഇസ്‌ലാമികവല്‍ക്കരണം സാധ്യമാകില്ല.  
ഉദാഹരണത്തിന് ക്വാലാലമ്പൂര്‍ എയര്‍പോര്‍ട്ടിന്റെ പേര്, ക്വാലാലമ്പൂര്‍ ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ട് എന്നാണ്. അവിടെ ഇന്റര്‍നാഷ്‌നല്‍ എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിന് ഹീത്രൂ എയര്‍പോര്‍ട്ടെന്നേ പേരുള്ളൂ. ഇന്റര്‍നാഷ്‌നല്‍ എന്ന് പ്രത്യേകം എഴുതിയിട്ടില്ലെങ്കിലും, ഹീത്രൂ എയര്‍പോര്‍ട്ടാണ് സത്യത്തില്‍ കൂടുതല്‍ ഇന്റര്‍നാഷ്‌നല്‍. അത്തരം വിശേഷണങ്ങള്‍ എഴുതാതെ തന്നെ ഹീത്രു വിമാനത്താവളം ആ ഗുണനിലവാരം പുലര്‍ത്തുന്നു. നമ്മളാകട്ടെ, വലിയ ഇസ്‌ലാമികനാമങ്ങള്‍ നല്‍കുകയും ആ ഗുണം നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്നു. 
ശാസ്ത്ര വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ പേരും കുറിയും ഇല്ലാത്തതിനാല്‍, ശാസ്ത്രവിഷയങ്ങളെ ഇസ്‌ലാമിനു പുറത്തുള്ള വിജ്ഞാനശാഖകളായാണ് മുസ്‌ലിം സമൂഹം പൊതുവെ കാണുന്നത്. സയന്‍സ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക വിഷയംതന്നെയാണ്. എല്ലാ ശാസ്ത്രവിഷയങ്ങളും ഇസ്‌ലാമികമാണ്. ഇസ്‌ലാമികമല്ല എന്നു നാം കരുതിപ്പോരുന്ന ഇത്തരം വിഷയങ്ങളില്‍ അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ കുറയുകയോ, ഇല്ലാതെ പോവുകയോ ചെയ്തിട്ടുണ്ട്. വിജ്ഞാന ശാഖകളെ നാം ഇസ്‌ലാമികം, ഭൗതികം എന്നു വിഭജിക്കുന്നു. ശാസ്ത്ര വിഷയങ്ങള്‍ പൊതുവെ രണ്ടാമത്തെ കള്ളിയില്‍പെടുന്നതിനാല്‍, അതിന് നാം നല്‍കുന്ന പരിഗണന തുലോം കുറവാണ്. IIUM-ന്റെ കാര്യത്തില്‍ പോലും, അത് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കാണ്. മൂല്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ഇസ്‌ലാമികം ജപ്പാന്‍ പോലുള്ള രാജ്യങ്ങളാണെന്നു കാണാം. ജപ്പാന്‍ മുസ്‌ലിം രാജ്യമല്ല, പക്ഷേ അവര്‍ ചിന്തിക്കുന്ന രീതി, ജോലി ചെയ്യുന്ന രീതി ഇതൊക്കെ ഇസ്‌ലാമികമാണെന്ന് പറയേിവരും. അത്തരം രീതികള്‍ നമ്മുടെ സ്ഥാപനങ്ങളില്‍ പ്രയോഗവല്‍ക്കരിക്കുകയാണെങ്കില്‍ നാം കൂടുതല്‍ ഇസ്‌ലാമികമാകുമെന്നാണ് എന്റെ അഭിപ്രായം. തിയറികളില്‍നിന്ന് പ്രയോഗത്തിലേക്ക് കൂടുതല്‍ അടുക്കുമ്പോഴേ ഈ മാറ്റം സാധ്യമാകൂ.  

ആധുനിക മഖാസ്വിദീ പണ്ഡിതന്മാരിലൊരാളായ ഡോ. ജാസിര്‍ ഔദ ഒരിക്കല്‍ പറഞ്ഞതാണ്. ലോക രാജ്യങ്ങള്‍ എത്രമാത്രം ഇസ്‌ലാമികമാണ് എന്ന ഒരന്വേഷണം, മഖാസ്വിദുകളെ മാനദണ്ഡമാക്കി, 40 പേരടങ്ങുന്ന ആഗോള ശരീഅ പണ്ഡിതന്മാരുടെ കമ്മിറ്റി നടത്തുകയുണ്ടായി. മഖാസ്വിദ് മാനദണ്ഡങ്ങളനുസരിച്ച് ഏറ്റവും കൂടുതല്‍ ഇസ്‌ലാമികമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രാജ്യങ്ങളായി കമ്മിറ്റി കണ്ടെത്തിയത്, പാരമ്പര്യ മുസ്‌ലിം രാജ്യങ്ങളെയല്ല, ചില പടിഞ്ഞാറന്‍ രാജ്യങ്ങളെയാണ്. വിശ്വാസം, ജീവന്‍, അഭിമാനം, സ്വത്ത്, ധിഷണ ഇങ്ങനെ മനുഷ്യന്റെ അഞ്ച് അടിസ്ഥാനങ്ങളും ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നത് സ്വീഡന്‍, കനഡ പോലുള്ള രാജ്യങ്ങളിലാണ്. താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് ഡോ. ജാസിര്‍ ഔദയുടെ അഭിപ്രായങ്ങളുമായി വലിയ സാമ്യത തോന്നുന്നു. 

ആധുനിക പണ്ഡിതന്മാരില്‍ പലരും ഇങ്ങനെ ചിന്തിക്കുന്നതും എഴുതുന്നതും പ്രതീക്ഷയുളവാക്കുന്നു. മഖാസ്വിദീ അടിസ്ഥാനങ്ങളില്‍, സമ്പത്തുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്. മഖാസ്വിദുശ്ശരീഅയിലെ അഞ്ചു അടിസ്ഥാനങ്ങളില്‍ ഒന്നാണ്, സമ്പത്തിന്റെ സംരക്ഷണം. സമ്പത്തിന്റെ സംരക്ഷണത്തെ നാം പരിമിതമായ അര്‍ഥത്തിലാണ് മനസ്സിലാക്കുന്നത്. സമ്പത്തെന്നാല്‍ ബാങ്ക് ബാലന്‍സ്, കാര്‍, വീട്, ഉടമസ്ഥതയിലുള്ള സ്ഥലം ഇവയൊക്കെയാണ് നമുക്ക്. മേല്‍പറഞ്ഞ രീതിയിലുള്ള, ഒരു വ്യക്തിയുടെ സമ്പത്ത് മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മനുഷ്യരാശിക്ക് ഉപയുക്തമായ വിഭവങ്ങളായ വായു, വെള്ളം, മണ്ണ് തുടങ്ങി ദൈവം മനുഷ്യന് കനിഞ്ഞുനല്‍കിയ ഈ വിഭവങ്ങളൊക്കെയും സമ്പത്തിന്റെ ഗണത്തിലാണ് പരിഗണിക്കേണ്ടത്. ഇവയുടെ സംരക്ഷണം കൂടി, സമ്പത്തിന്റെ സംരക്ഷണത്തില്‍ വരേണ്ടതാണ്. ഈ പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കണം. ഉദാഹരണത്തിന്, ഇപ്പോഴുള്ള ശുദ്ധജല സംവിധാനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, അവ കൂടുതല്‍ ഉണ്ടാക്കാനുള്ള സക്രിയമായ നടപടികള്‍ സ്വീകരിക്കുകയും വേണം. സൂര്യപ്രകാശവും ഒരു വിഭവമാണ്. ആ വിഭവത്തെ ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ മുസ്‌ലിം രാജ്യമായ മലേഷ്യക്ക് കഴിഞ്ഞിട്ടില്ല. മലേഷ്യക്കും സുഊദി അറേബ്യക്കും ജപ്പാനും ഒരു വര്‍ഷത്തില്‍ 365 ദിവസവും സൂര്യന്‍ ലഭ്യമാണ്. അതിന്റെ പ്രകാശവും ഊര്‍ജവും ലഭ്യമാണ്. പക്ഷേ, അതിനെ, മനുഷ്യരാശിക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍, ഒരു സോളാര്‍ സിസ്റ്റം വികസിപ്പിക്കാന്‍ മലേഷ്യക്കും സുഊദി അറേബ്യക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ ജപ്പാന്‍ സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുകയും മനുഷ്യനന്മക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യരാശിക്ക് മുഴുവന്‍ പ്രയോജനം ചെയ്യുന്ന വലിയ സാമ്പത്തിക സ്രോതസ്സുകളെ സംരക്ഷിക്കുന്ന കാര്യം, അതില്‍നിന്ന് പ്രയോജനങ്ങള്‍ എടുക്കുന്ന കാര്യം നമ്മുടെ ചിന്തയില്‍ വരുന്നതേയില്ല. നമുക്ക് നല്‍കപ്പെട്ട വിഭവങ്ങള്‍ എന്താണെന്നോ, അവയുടെ ശേഷി എന്താണെന്നോ നമ്മള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയിട്ടില്ല. വ്യക്തിയുടെ സ്വത്തിന്റെ സംരക്ഷണം മാത്രമാണ് നമുക്ക് സമ്പത്തിന്റെ സംരക്ഷണം. ആസ്‌ത്രേലിയയില്‍, നിങ്ങള്‍ വാങ്ങുന്ന വെള്ളക്കുപ്പിയില്‍ ഒരു വാചകമെഴുതിയിരിക്കുന്നതു കാണാം. ഒഴുകുന്ന പുഴയില്‍നിന്നാണ് നിങ്ങള്‍ വെള്ളമെടുക്കുന്നതെങ്കില്‍ പോലും, നിങ്ങളുടെ ആവശ്യത്തിനുള്ളത് മാത്രം എടുക്കുക എന്നതാണത്. നബി(സ)യുടെ ഒരു അധ്യാപനമാണത്. ജലമെന്ന അമൂല്യമായ ഒരു വിഭവം സംരക്ഷിക്കാന്‍ നമ്മുടെ ഒരു മൂല്യം കടമെടുത്താണ് ജനങ്ങളെ അവര്‍ ബോധവല്‍ക്കരിക്കുന്നത്. നമ്മുടെ പള്ളികളില്‍ വുദൂഅ് ചെയ്യുമ്പോള്‍ പോലും കുറേ വെള്ളം നാം പാഴാക്കുന്നു. പ്രകൃതിവിഭവങ്ങള്‍ പാഴാക്കി നമ്മുടെ ബാങ്ക് ബാലന്‍സ് സംരക്ഷിക്കുന്നത് സമ്പത്തിന്റെ സംരക്ഷണമാകില്ല. മൂല്യങ്ങളെ കുറിച്ച് സംസാരിക്കുകയല്ല വേണ്ടത്, മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കണം. 

ഗില്‍ബര്‍ട്ട് അവാര്‍ഡ് നേടുന്ന ആദ്യ ഏഷ്യന്‍ വ്യക്തിത്വമാണല്ലോ താങ്കള്‍. എന്താണ് ഗില്‍ബര്‍ട്ട് അവാര്‍ഡ്? താങ്കളുടെ ഏതുതരം സേവനങ്ങളാണ് അവാര്‍ഡിനര്‍ഹനാക്കിയത്? 

മൂന്ന് സേവനങ്ങളാണ് എന്നെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഒന്നാമത്തേത് വികസിത സുസ്ഥിര വികസനം (Advanced Sustainable Development) വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കി എന്നതാണ്. 1992 മുതല്‍ സുസ്ഥിരതാ വികസനം എന്ന ആശയം രൂപപ്പെട്ടിട്ടുണ്ടെങ്കിലും 2005 വരെ അതത്ര പ്രചാരം നേടുകയോ പ്രയോഗവല്‍ക്കരിക്കപ്പെടുകയോ ചെയ്തിരുന്നില്ല. 2005-ലാണ് വിദ്യാഭ്യാസം കൂടി സുസ്ഥിര വികസനത്തിന്റെ കള്ളിയിലേക്ക് ചേര്‍ക്കപ്പെട്ടത്. അങ്ങനെ Education for Sustainable Developement 2005-ല്‍ ആരംഭിച്ചു. എന്താണ് സുസ്ഥിര വികസനം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിദ്യാഭ്യാസം ആവശ്യമാണ്. ഞാന്‍ International Association of Universities കൂട്ടായ്മയുടെ പ്രസിഡന്റായിരിക്കെ-139 രാജ്യങ്ങളില്‍ നിന്ന് 700 യൂനിവേഴ്‌സിറ്റികള്‍ അംഗമായ സംഘടനയാണത്- യൂനിവേഴ്‌സിറ്റികള്‍ നിര്‍ബന്ധമായും സുസ്ഥിര വികസനം ഒരു വിദ്യഭ്യാസ രീതി എന്ന നിലയില്‍ നടപ്പിലാക്കണമെന്ന് തീരുമാനിച്ചു. അതുവഴി 139 രാജ്യങ്ങളിലെ 700 യൂനിവേഴ്‌സിറ്റികള്‍ സുസ്ഥിര വികസനത്തിന്റെ പ്രയോക്താക്കളായി മാറി. ഇതാണ് അവാര്‍ഡിന് പരിഗണിക്കാനുള്ള ഒന്നാമത്തെ കാരണം.
രണ്ടാമത്തേത്, സുസ്ഥിര വികസനത്തിന്റെ പ്രാദേശികവല്‍ക്കരണം നടത്തിയതാണ്. സുസ്ഥിര വികസനം എന്ന ആശയം ഓരോ പ്രദേശത്തും, അവിടത്തെ പരിതഃസ്ഥിതികളും സാഹചര്യങ്ങളും പരിഗണിച്ച് നടപ്പിലാക്കേണ്ടതാണ്. അമേരിക്കയില്‍ നടപ്പാക്കിയതുപോലെ തന്നെ അത് ഇന്ത്യയില്‍ നടപ്പാക്കാന്‍ പറ്റില്ല. അതല്ലെങ്കില്‍ ഇന്ത്യയിലെ ഒരു സ്റ്റേറ്റില്‍ നടപ്പാക്കിയതുപോലെ മറ്റൊരു സ്റ്റേറ്റില്‍ നടപ്പാക്കാന്‍ കഴിയില്ല. മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന മറ്റൊരു പ്രശ്‌നം ഇതാണ്. പടിഞ്ഞാറ് നടപ്പാക്കിയ പല കാര്യങ്ങളും അതേപടി മുസ്‌ലിം ലോകത്തും അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണം പറഞ്ഞാല്‍, ജപ്പാനില്‍ വിജയിച്ച ഒരു വളന്റിയര്‍ പ്രോജക്റ്റ് മലേഷ്യ അതുപോലെ നടപ്പാക്കാന്‍ ശ്രമിച്ചു. ജപ്പാനില്‍ വിജയമായ ആ പദ്ധതി മലേഷ്യയില്‍ വന്‍ പരാജയമായി. കാരണം, സ്വന്തം ജോലിക്കു ശേഷം എന്തെങ്കിലും സ്വമേധയാ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജപ്പാനിലെ ജനങ്ങളായിരുന്നില്ല, മലേഷ്യയിലേത്. 
മൂന്നാമത്തേത്, പടിഞ്ഞാറന്‍ വിദ്യാഭ്യാസ രീതിയെ വെല്ലുവിളിക്കുന്ന ഒരു വിദ്യാഭ്യാസ രീതിക്ക് വേണ്ടിയുള്ള എന്റെ പരിശ്രമങ്ങളാണ്. എന്തിന് യൂറോപ്യന്‍ ഹ്യൂമനിസ്റ്റ് പാരമ്പര്യത്തിലധിഷഠിതമായ ഒരു വിദ്യാഭ്യാസക്രമം തന്നെ നാമും പിന്തുടരണം? നമ്മള്‍ നമ്മുടേതായ ഒരു വിദ്യാഭ്യാസ രീതി ആവിഷ്‌കരിക്കേണ്ടതുണ്ട്. നമ്മുടെ വിദ്യാര്‍ഥികളെ കൂടുതല്‍ പ്രാപ്തരാക്കാന്‍, നമ്മുടെ സംസ്‌കാരത്തെ കൂടുതല്‍ അറിയാന്‍ ഓരോ രാജ്യത്തിന്റെയും സംസ്‌കാരവും ചരിത്രവും പാരമ്പര്യവും ചേര്‍ന്നു നില്‍ക്കുന്ന വിദ്യാഭ്യാസരീതികള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്. ഈ മൂന്ന് സേവനങ്ങളാണ് എന്നെ അവാര്‍ഡിനര്‍ഹനാക്കിയത്.  

പുതിയൊരു വിദ്യാഭ്യാസ രീതിക്കുവേണ്ടി സംസാരിക്കുന്ന നേതൃത്വം എന്ന നിലയിലാണ് താങ്കള്‍ ഈ അവാര്‍ഡിനര്‍ഹനായിട്ടുള്ളത്. ആ നിലക്ക് മുസ്‌ലിം ഉമ്മത്തിന് എങ്ങനെയുള്ള നേതൃത്വമുണ്ടാകണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്? 

മലായ് ഭാഷയില്‍ kepimpinan എന്നാണ് നേതൃത്വത്തിന് പറയുക. പിംപിം എന്ന വാക്കില്‍നിന്നാണ് ഈ പദമുണ്ടായത്. പിംപിം എന്നാല്‍, മറ്റൊരാളുടെ കൈപിടിച്ചുകൊണ്ട് ഒപ്പം നടക്കുക എന്നാണ്. മലായ് പാരമ്പര്യത്തില്‍ ലീഡര്‍ഷിപ്പ്, നേതൃത്വം എന്ന് പറയുന്ന സങ്കല്‍പം അതാണ്. ലീഡര്‍ഷിപ്പ് യൂറോപ്യന്‍ സാഹചര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ്. യൂറോപ്പില്‍ നേതൃത്വം എന്നാല്‍ നേതാവ് മുമ്പില്‍ നടക്കുകയും അനുയായികള്‍ അയാളെ പിന്തുടരുകയുമാണ്. എന്നാല്‍ മലായ് പാരമ്പര്യത്തില്‍ നേതാവ്, നീതര്‍ക്കൊപ്പമാണ്. നേതാവ് അനുയായികളേക്കാള്‍ ഒരിക്കലും മുമ്പിലല്ല, ഒപ്പമാണ്. എന്റെ ലീഡര്‍ഷിപ്പ് പോളിസി എന്റെ കൂടെയുള്ള സഹപ്രവര്‍ത്തകരോടൊപ്പമുണ്ടാവുക എന്നതാണ്. ഇവിടെ എന്റെ പദവിയോ അധികാരമോ അല്ല പ്രധാനം. റെക്ടര്‍ എന്ന നിലക്ക് ഞാന്‍ എല്ലാവരേക്കാളും വ്യത്യസ്തനാകണം എന്നില്ല. അവരിലൊരാളായി അവര്‍ക്കൊപ്പം ഞാനുണ്ടാവുക എന്നതാണ്. അനുയായികള്‍ക്ക് എന്നോട് സംസാരിക്കാം, യോജിക്കാം, വിയോജിക്കാം, എതിരഭിപ്രായങ്ങള്‍ പറയാം, ഗുണദോഷിക്കാം. റെക്ടര്‍ എന്താണോ പറയുന്നത്, അത് നിയമമായി മാറുന്ന രീതിയായിരുന്നു IIUM-ല്‍. ആരും റെക്ടറുമായി വാദിക്കാന്‍ മുതിരുന്നില്ല. ഞാനിവിടെ അധികാരത്തിലിരുന്ന് നിയമങ്ങള്‍ കല്‍പ്പിക്കുന്ന ആളല്ല. ഇക്കാര്യത്തില്‍ എല്ലാവരെയും നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് എന്റെ നയം. ഒരു കുടുംബം പോലെയാണ് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെ കാണുന്നത്. നമ്മുടെ സഹപ്രവര്‍ത്തകരില്‍നിന്നും, അവര്‍ ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണെങ്കിലും, പഠിക്കാന്‍ തയാറാവുക എന്നതാണ് നേതാവിനുണ്ടായിരിക്കേണ്ട ഗുണം. ഏതു തസ്തികയിലുള്ള ആളുകളും അവരവരുടെ മേഖലകളില്‍ നേതാവിനേക്കാള്‍ കഴിവുള്ളവരായിരിക്കും എന്ന ബോധ്യം നേതാവിനുണ്ടായിരിക്കണം. മറ്റുള്ളവരുടെ അറിവിനെയും അനുഭവപരിജ്ഞാനത്തെയും മാനിക്കുക എന്നത് നേതാവിനുണ്ടായിരിക്കേണ്ട ഗുണമാണ്. അക്കാദമിക രംഗത്തുള്ള നേതാവ് എന്ന നിലക്ക്, ആദ്യമായി വിനയാന്വിതനാവുകയാണ് വേണ്ടത്. മറ്റുള്ളവരില്‍നിന്ന് പഠിക്കാന്‍ കഴിയുന്നു എന്നതിന്റെ ഒന്നാമത്തെ ലക്ഷണം നമുക്ക് വിനയമുണ്ടാവുക എന്നതാണ്. 

(തുടരും)

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌