Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

മുഹമ്മദ് നബി നേതാവ് എന്ന നിലയില്‍

ഡോ. സഅ്ദുദ്ദീന്‍ ഉസ്മാനി

പ്രായോഗിക രാഷ്ട്രീയവും പ്രവാചക മാതൃകയും - 2

രാഷ്ട്രനായകന്‍ എന്ന നിലക്കുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ പിന്തുടരല്‍ നിര്‍ബന്ധമല്ലാത്ത ചര്യകളിലാണ് പെടുക. നന്മ കൊണ്ടുവരാനും തിന്മകളും കുഴപ്പങ്ങളും ഇല്ലാതാക്കാനും രാഷ്ട്രകാര്യങ്ങളില്‍ നബി നടത്തിയ നീക്കങ്ങളും, സമൂഹത്തില്‍ ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അവിടുന്ന് സ്വീകരിച്ച നടപടിക്രമങ്ങളും തീരുമാനങ്ങളും ഇതിലാണ് വരിക. 'സിയാസഃ ശര്‍ഇയ്യ' (രാഷ്ട്രീയ കാര്യങ്ങള്‍)6 'തസ്വര്‍റുഫാത് ബില്‍ ഇമാറ' (നേതൃപരമായ പ്രവര്‍ത്തനങ്ങള്‍)7 എന്നൊക്കെ പണ്ഡിതന്മാര്‍ ഇതിനെ വ്യവഹരിച്ചതായി കാണാം.
ഇമാം എന്ന നിലയില്‍ പ്രവാചകനില്‍നിന്നുണ്ടായ പ്രവര്‍ത്തനങ്ങളുടെ സ്ഥാനവും പദവിയും സംബന്ധിച്ച് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയ നേതൃത്വമെന്ന് നമുക്ക് ആ സ്ഥാനത്തെ ഇവിടെ വിവക്ഷിക്കാം. മറ്റു പലതിനേക്കാളും ഒരുപാട് സവിശേഷത ഇതിനവര്‍ കല്‍പിച്ചു നല്‍കിയിട്ടുമുണ്ട്.  നുബുവ്വത്തിന്റെയും രിസാലത്തിന്റെയും സ്ഥാനമല്ലാത്ത മറ്റൊരു പദവിയാണ് ഇത്. രണ്ടു കാരണങ്ങള്‍ കൊണ്ട് ഇത് പ്രവാചകന്റെ മറ്റു സ്ഥാനങ്ങളില്‍നിന്നും ഭിന്നമാണ്.8
ഒന്ന്: 'ജനങ്ങളുടെ പൊതുവായ രാഷ്ട്രീയ കാര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുക, നന്മകള്‍ക്ക് വഴിയൊരുക്കുക, നാശഹേതുകമായവയെ തടയുക, കുറ്റവാളികളെ അമര്‍ച്ച ചെയ്യുക, കലാപകാരികളായ കുഴപ്പക്കാരെ നിയന്ത്രിക്കുക, പൗരന്മാരെ രാജ്യത്ത് ഉറപ്പിച്ചു നിര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നയാളാണ് നേതാവ്.'9
രണ്ട്: കാര്യനിര്‍വഹണം നടത്തുന്ന, കൈകാര്യ കര്‍തൃത്വമുള്ളയാളാണ് നേതാവ്. മുഫ്തിക്കോ ജഡ്ജിക്കോ ഇത് ഉണ്ടാകണമെന്നില്ല. 'ശക്തിയും അധികാരവും ആര്‍ക്കാണോ അയാള്‍ക്കേ നേതൃത്വം സിദ്ധിക്കൂ.'10 ഇതിനെക്കുറിച്ച് പണ്ഡിതന്മാര്‍ പറഞ്ഞത് നാല് സുപ്രധാന കാര്യങ്ങളാണ്. അത് ചുവടെ ചേര്‍ക്കാം:

എ). സവിശേഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നബിയുടെ ഇടപെടലുകള്‍.
സംഭവലോകത്തെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനും സമൂഹത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഒരു നേതാവെന്ന നിലയില്‍ പ്രവാചകന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത സാഹചര്യത്തിനു മാത്രം ബാധകമാകുന്ന നടപടികളാണ്. 'ഭാഗികമായ രാഷ്ട്രീയ നയം' (സിയാസഃ ജുസ്ഇയ്യ) എന്നാണ് ഇതിനെക്കുറിച്ച് ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നത്.11
ഈ കാരണത്താല്‍, അന്ത്യനാള്‍ വരേക്കും മുസ്‌ലിം സമുദായം മുറുകെ പിടിക്കേണ്ട പൊതു നിയമമല്ല ഇവ. സമുദായമോ സമുദായ നേതൃത്വമോ പ്രവാചക വിയോഗശേഷം അതേ തങ്ങള്‍ സ്വീകരിക്കൂ എന്ന് വാശി പിടിക്കേണ്ടതില്ല. പ്രവാചകന്‍ ഇത്തരം നടപടികളിലേക്ക് എത്തിച്ചേരുന്നതിന് സ്വീകരിച്ച ഒരു രീതിശാസ്ത്രമുണ്ട്. അതിനെയാണ് മുസ്‌ലിംകള്‍ പിന്തുടരേണ്ടത്. അതിലൂടെ നബി ഉണ്ടാക്കിയ നന്മകളാണ് അവര്‍ പരിഗണിക്കേണ്ടത്. നബി പരിഗണിച്ച കാലം, സ്ഥലം, അവസ്ഥ എന്നിവയുമാണ് ശ്രദ്ധിക്കേണ്ടത്.12 ഖറാഫി ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 'ഓരോ കാലത്തെയും നേതാവിന്റെ അനുമതിയില്ലാതെ ഒരാള്‍ക്കും ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കാവതല്ല. നബി (സ) ഈ നടപടികള്‍ ഇമാം (നേതാവ്) എന്ന നിലക്ക് ചെയ്താണ്. നേതാവിന്റെ അനുവാദമില്ലാതെ ഇത് പാടില്ല.'13
കാലദേശവൈവിധ്യങ്ങളെയും സാഹചര്യങ്ങളെയും പരിഗണിച്ചുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രവാചകന്‍ ചെയ്ത കാര്യങ്ങളെയും നേതാവ്/ഇമാം എന്ന നിലയില്‍ പ്രവാചകന്‍ സ്വീകരിച്ച നടപടികളെയും നാം നോക്കിക്കാണേണ്ടത്. ഈ മര്‍മം വിസ്മരിച്ചുകഴിഞ്ഞാല്‍ ശരീഅത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമായ, സുന്നത്തിനോടുള്ള വരണ്ട നിലപാടായി അത് മാറിയേക്കും.14
ഉദാഹരണമായി, തരിശുഭൂമി അത് കൃഷിചെയ്ത് ജീവസ്സുറ്റതാക്കിയവനുള്ളതാണ് (ബുഖാരി) എന്ന നബിവചനമെടുക്കുക. തന്റെ കാലത്ത്, ഒരു ഭരണാധികാരി എന്ന നിലയിലുള്ള പ്രവാചകന്റെ നടപടിയായി ഇതിനെ കാണുന്ന പണ്ഡിതന്മാരുണ്ട്. പ്രവാചകനു ശേഷം ഭരണാധികാരികള്‍ ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഈ പണ്ഡിതന്മാരുടെ വീക്ഷണം ഇതാണ്: ''ആ ഭൂമി നല്‍കാം; നല്‍കാതിരിക്കാം. നന്മയേതാണോ അതിന് അനുസൃതമായ വ്യത്യസ്തമായ മൂന്നാമതൊരു രീതിയും സ്വീകരിക്കാം. ഇമാം അബൂഹനീഫയുടെ 'തരിശു ഭൂമി കൃഷിയോഗ്യമാക്കാന്‍ ഭരണകൂടത്തിന്റെ അനുവാദം വേണം' എന്ന അഭിപ്രായത്തിന്റെ ആശയം ഇതാണ.''15
'യുദ്ധത്തില്‍ ശത്രുവിനെ വധിച്ചാല്‍ കൊല്ലപ്പെട്ടവന്റെ സ്വത്ത് കൊന്നവനുള്ളതാണ്' എന്ന പ്രവാചകവചനത്തിന്റെയും സ്ഥിതിയിതാണ്. യുദ്ധത്തിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്നതിന്, ആ സമയത്ത് അങ്ങനെയൊരു പ്രേരണ ആവശ്യമുള്ളതുകൊണ്ട് നബി പറഞ്ഞതാണിത്. ഇത് സാന്ദര്‍ഭികമായ ഒരു നിര്‍ദേശമാണെന്നര്‍ഥം. ശിഹാബുദ്ദീന്‍ ഖറാഫി പറയുന്നു: 'നേതാവിന് അങ്ങനെ പറയാനും പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്താണോ നന്മയായി ഭവിക്കുക അതാണ് ഇതില്‍ പരിഗണിക്കപ്പെടുക. ഒരു നേതാവ് എന്ന നിലക്കുള്ള ഒരു വിധി മാത്രമാണിത്.'16

ബി). പൊതുവായ നന്മക്കു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍.
മൗലികപ്രാധാന്യമുള്ള സുപ്രധാനമായ രണ്ടാമത്തെ കാര്യമാണിത്. പൊതുനന്മ ലക്ഷ്യം വെച്ച് നേതാവ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. 'ശ്രേഷ്ഠനായ ഒരു നേതാവിന്റെ അഭാവത്തില്‍ എല്ലാ നന്മകളും ക്ഷയിക്കുകയും പൊതുവായ തിന്മകള്‍ വ്യാപകമാവുകയും ചെയ്യും' എന്ന ഇസ്സുബ്‌നു അബ്ദുസ്സലാമിന്റെ വാക്കുകള്‍ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.17
ശിഹാബുദ്ദീന്‍ ഖറാഫിയുടെ അഭിപ്രായത്തില്‍ രാഷ്ട്രനായകന്നും നേതാവിനും ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത ഇതാണ്: 'പൊതു നന്മകള്‍ ആസൂത്രണം ചെയ്യുന്നതിനും ജനങ്ങളെ നയിക്കുന്നതിനും അറിവും പ്രാവീണ്യവും ഉണ്ടാകണം. തെളിവുകളും സാഹചര്യങ്ങളും സൂചകങ്ങളും ആധാരമാക്കിയാണ് വിധി പ്രസ്താവിക്കേണ്ടതെങ്കില്‍, നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിധിയാണ് നടത്തേണ്ടതെങ്കില്‍, നേതൃപരമായ നടപടികള്‍ ജനതയുടെ പൊതുവായ നന്മയെ പരിഗണിച്ചുകൊണ്ടാകല്‍ അനിവാര്യമാണ്.'18
കാരണം നേതാവ് ജനങ്ങളുടെ പൊതുകാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടയാളാണ്. നന്മകള്‍ കൊണ്ടുവരേണ്ടതും പ്രശ്‌നങ്ങള്‍ തട്ടിയകറ്റേണ്ടതും ഇമാം ആണ്. കുറ്റവാളികളെയും അക്രമികളെയും നിലക്കു നിര്‍ത്താന്‍ നേതാവ് ബാധ്യസ്ഥനാണ്. ജനങ്ങള്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ സൗകര്യമുണ്ടാക്കാനും അദ്ദേഹത്തിന് കഴിയണം.19 നേതൃയോഗ്യതയില്‍ വളരെ പ്രധാനപ്പെട്ടതാണ് പൊതു നന്മക്കു വേണ്ടി നിലകൊള്ളാനുള്ള കഴിവ്. വ്യക്തിഗത നിയമവും സാമൂഹിക നിയമവും തമ്മിലെ അന്തരം അവര്‍ മനസ്സിലാക്കുകയും വേണം. സാമൂഹിക കര്‍മശാസ്ത്രം അനുസരിച്ചുള്ള നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളും വഴിയാണ് പൊതുനന്മ സാധ്യമാകുന്നത്.
ഇതിന്റെ ഉദാഹരണമാണ്, നബി(സ) മൂന്ന് ദിവസത്തില്‍ കൂടുതല്‍ ബലിമാംസം സൂക്ഷിച്ചുവെക്കുന്നത് വിലക്കിയത്. പ്രവാചകന്‍ (സ) പറഞ്ഞു: 'മൂന്ന് ദിവസത്തേക്കുള്ളത് നിങ്ങള്‍ സൂക്ഷിച്ചുവെക്കുക. ബാക്കി ദാനം ചെയ്യുക.' അടുത്തവര്‍ഷം നബി(സ) ഇത് തിരുത്തി: 'മുമ്പ് ഞാന്‍ ബലിമാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ചുവെക്കുന്നത് വിലക്കിയതിന്റെ കാരണം ബലിദിവസങ്ങളില്‍ പരദേശികള്‍ ഇവിടെ ഉണ്ടായിരുന്നതിലാണ്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ തിന്നുകയും ദാനം ചെയ്യുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുക' (മുസ്‌നദ് അഹ്മദ്).
ബലിമാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ചുവെക്കുന്നത് വിലക്കിയിരുന്നത്, യാത്രാസംഘങ്ങള്‍ മദീനയില്‍ ധാരാളമായി വന്നതു മൂലമുണ്ടായ സാമ്പത്തിക ഞെരുക്കവും ഭക്ഷ്യക്ഷാമവും കാരണമായിരുന്നു. പ്രശ്‌നം പരിഹരിക്കാനും ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കാനുമാണ് ആ നടപടി പ്രവാചകന്‍ സ്വീകരിച്ചത്. മറ്റൊരു ഹദീസ് ഇതിന് ബലം നല്‍കുന്നുണ്ട്. ആഇശ(റ) പറഞ്ഞു: 'ജനങ്ങള്‍ പട്ടിണിയിലായ വര്‍ഷമാണ് നബി അങ്ങനെ ചെയ്തത്. ധനികര്‍ ദരിദ്രരെ ഭക്ഷിപ്പിക്കണമെന്നാണ് നബി തീരുമാനിച്ചത്' (ബുഖാരി). ഇത് പൊതു നന്മയാണ്. നിയമനിര്‍മാണത്തില്‍ ഇതും പരിഗണിക്കണം. അഹ്മദ് മുഹമ്മദ് ശാകിര്‍ പറയുന്നു: 'നേതാവോ ഭരണാധിപനോ എന്ന നിലക്കുള്ള പ്രവാചകന്റെ ഇത്തരം നടപടികള്‍ പൊതുനന്മ ലാക്കാക്കിക്കൊണ്ടുള്ളതാണ്. പൊതുവായി ബാധകമാകുന്ന ഒരു നിയമം എന്ന നിലക്കല്ല ഇതിനെ മനസ്സിലാക്കേണ്ടത്.'21

സി). ഇജ്തിഹാദിയായ നടപടികള്‍
നബി(സ) അല്ലാഹുവില്‍നിന്ന് ഒരു കാര്യം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതും ദീന്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതും തനിക്ക് ലഭിക്കുന്ന ദിവ്യവെളിപാടുകളെ അടിസ്ഥാനമാക്കിയായിരിക്കും. ഈ വിഷയത്തില്‍ നബി(സ)ക്ക് തെറ്റു സംഭവിക്കുകയില്ല. എന്നാല്‍ ഒരു നേതാവ്, രാഷ്ട്രീയ നായകന്‍ എന്ന നിലക്കുള്ള പ്രവാചകന്റെ നടപടികള്‍ തന്റെ ഇജ്തിഹാദിന്റെയോ സ്വന്തം നിലക്കുള്ള വീക്ഷണങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതാണ്. ശരിയും തെറ്റും ഇതില്‍ സംഭവിക്കാം. ഈ രണ്ടാമത് സൂചിപ്പിച്ചത് കര്‍മശാസ്ത്ര പണ്ഡിതന്മാരും നിദാനശാസ്ത്രപണ്ഡിതന്മാരും അംഗീകരിച്ച കാര്യമാണ്. മുഹമ്മദു ബ്‌നു അലിയ്യ് അശ്ശൗകാനി പറയുന്നു: 'ഭൗതികമായ നന്മകള്‍, യുദ്ധതന്ത്രം ആസൂത്രണം ചെയ്യല്‍ പോലുള്ള കാര്യങ്ങളില്‍ പ്രവാചകന്മാര്‍ക്ക് ഇജ്തിഹാദ് ചെയ്യാനുള്ള അനുവാദം ഉണ്ട് എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുള്ള വിഷയമാണ്. സലീം അല്‍ റാസിയും ഇബ്‌നു ഹസമും ഇത് പറഞ്ഞിട്ടുണ്ട്. മദീനയിലെ തോട്ടങ്ങളുടെ കാര്യത്തില്‍ ഗത്വ്ഫാന്‍ ഗോത്രവുമായി കരാറുണ്ടാക്കാന്‍ നബിയെടുത്ത തീരുമാനവും ഈന്തപ്പന കര്‍ഷകരോട് കൃത്രിമ പരാഗണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതുമെല്ലാം ഇതിനുദാഹരണമാണ്.'22
അബൂബക്ര്‍ അല്‍ജസ്സ്വാസ്വ് ഈ വീക്ഷണത്തിനാണ് പ്രാമുഖ്യം നല്‍കിയത്. അബുല്‍ ഹുസൈന്‍ അല്‍ ബസ്വരി, ഇമാമുല്‍ ഹറമൈന്‍ അല്‍ ജുവൈനി, ഇമാം റാസി എന്നിവരും ഈ വീക്ഷണക്കാരാണ്. തഖിയ്യുദ്ദീനുബ്‌നു തൈമിയ്യ, ഇബ് ബത്വ പറഞ്ഞതായി പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: ''പ്രവാചകന്റെ സുന്നത്തില്‍ വഹ്‌യ് അല്ലാത്തതും ഉണ്ട്. തന്റെ വീക്ഷണങ്ങളും തീരുമാനങ്ങളുമാണ് അവ. അതില്‍ ചിലതിന്റെ പേരില്‍ പ്രവാചകനെ അല്ലാഹു തിരുത്തിയിട്ടുമുണ്ട്. പ്രവാചക കര്‍മങ്ങളെല്ലാം വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നുവെങ്കില്‍, അതിന്റെ പേരില്‍ പ്രവാചകനെ അല്ലാഹു ശാസിക്കില്ലായിരുന്നു. ബദ്‌റിലെ ബന്ദികള്‍, അവര്‍ക്കു വേണ്ടി നഷ്ടപരിഹാരം സ്വീകരിച്ചത് തുടങ്ങിയവ ഉദാഹരണം. 'കാര്യങ്ങള്‍ അവരോട് കൂടിയാലോചിക്കുക' (4:159) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇതെല്ലാം വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നുവെങ്കില്‍ കൂടിയാലോചനക്കെന്ത് പ്രസക്തി?''23
ഇവയെല്ലാം നല്‍കുന്ന സൂചന പ്രവാചകന്റെ രാഷ്ട്രീയ നീക്കങ്ങള്‍ വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നില്ല എന്നാണ്. അതുകൊണ്ടു തന്നെ അവ പൊതുവായി ബാധകമാകുന്ന നിയമവും അല്ല. പ്രവാചകന്റെ വ്യക്തിനിഷ്ഠമായ നിശ്ചയങ്ങളും തീരുമാനങ്ങളുമാണ് അവ. നേതാവെന്ന നിലക്കുള്ള പ്രവാചകന്റെ നടപടികള്‍ ഇജ്തിഹാദിന്റെയും ശൂറായുടെയും അടിസ്ഥാനത്തിലുള്ളതാണ്. 'നിര്‍ണിതമായ ഒരു വിഷയത്തില്‍ വഹ്‌യിന്റെ അടിസ്ഥാനത്തിലുള്ള കല്‍പനകള്‍ നബിക്ക് ലഭിച്ചിരുന്നുവെങ്കില്‍ നബി അതില്‍ കൂടിയാലോചന നടത്തുമായിരുന്നില്ല.'24 പ്രവാചകന്‍ തന്റെ അനുചരന്മാരുടെ അഭിപ്രായം സ്വീകരിക്കുകയോ അല്ലെങ്കില്‍ പ്രാവീണ്യമുള്ളവരുടെ അഭിപ്രായം ആരായുകയോ ആയിരുന്നു എന്നു കാണാം. ഇതില്‍ നബിക്ക് പ്രത്യേകിച്ച് ഒരു വൈമനസ്യവും ഇല്ലായിരുന്നു.
രാഷ്ട്രനായകന്‍, നേതാവ്, സേനാനായകന്‍ എന്നീ നിലകളിലെല്ലാമുള്ള നബിയുടെ പ്രവര്‍ത്തനങ്ങളെ ആ നിലക്കു തന്നെ തന്റെ അനുചരന്മാര്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. മനസ്സിലാക്കാന്‍ സാധിക്കാത്തത് അവര്‍ നബിയോട് ചോദിക്കുകയും ചെയ്യും. ബദ്ര്‍യുദ്ധ സന്ദര്‍ഭത്തില്‍ ഹബ്ബാബുബ്‌നു മുന്‍ദിര്‍ പ്രവാചകനുമായി നടത്തിയ സംഭാഷണം ശ്രദ്ധിക്കുക. അദ്ദേഹം ചോദിച്ചു: 'പ്രവാചകരേ, അല്ലാഹു നിശ്ചയിച്ചുതന്ന സ്ഥലമാണോ ഇത്? അതല്ലാത്ത മറ്റൊരു സ്ഥലം നമുക്ക് തെരഞ്ഞെടുത്തുകൂടേ? അതല്ല യുദ്ധപരമായ തന്ത്രത്തിന്റെ ഭാഗമാണോ ഇത്?' പ്രവാചകന്‍ പറഞ്ഞു: 'യുദ്ധതന്ത്രത്തിന്റെ ഭാഗമായുള്ളതാണിത്.' ഹബ്ബാബുബ്‌നു മുന്‍ദിര്‍ പറഞ്ഞു: 'ഇവിടെയല്ല നാം തമ്പടിക്കേണ്ടത്. താങ്കള്‍ ജലം ഒഴുകി തുടങ്ങുന്നതിന്റെ താഴ്ഭാഗത്തെത്തി അനുയായികളെ അവിടെ തമ്പുറപ്പിക്കുക. തമ്പിന്റെ പിന്നില്‍ ടാങ്ക് നിര്‍മിച്ച് വെള്ളം ശേഖരിക്കാം. എന്നിട്ട് ശത്രുക്കളുമായി യുദ്ധം ചെയ്യുക. നമുക്ക് വെള്ളം യഥേഷ്ടം ലഭിക്കും. അവര്‍ക്കത് തീരെ ലഭിക്കില്ല.' പ്രവാചകന്‍ പറഞ്ഞു: 'ഞാന്‍ എന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്.'25
മറ്റൊരു സംഭവമാണ് ഖന്ദഖ് യുദ്ധവേളയില്‍ നബി ഗത്വ്ഫാന്‍ ഗോത്രവുമായി സന്ധിയില്‍ ഏര്‍പ്പെട്ടത്. മദീനയെ ഉപരോധിക്കുന്നതില്‍നിന്ന് പിന്തിരിയുന്ന പക്ഷം വരുംവര്‍ഷത്തെ മദീനയിലെ വിളവെടുപ്പിന്റെ പാതി അവര്‍ക്ക് നല്‍കാം എന്നായിരുന്നു ഉടമ്പടി. സഅ്ദു ബ്‌നു മുആദും സഅ്ദു ബ്‌നു ഉബാദയും ഇതിനെക്കുറിച്ച് അന്വേഷിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ ഇഷ്ടപ്പെടുന്ന കാര്യമാണിതെങ്കില്‍ ഞങ്ങള്‍ ഇത് ഗത്വ്ഫാന്‍ ഗോത്രത്തിന് എത്തിക്കാം. അല്ല, അല്ലാഹു കല്‍പ്പിച്ചതാണെങ്കില്‍ നമുക്കിത് പ്രവര്‍ത്തിക്കാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ. അല്ല, താങ്കളുടെ വ്യക്തിപമായ തീരുമാനമാണോ ഇത്?' നബി പറഞ്ഞു: 'അതേ, എന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണിത്.'26
തബൂക്ക് യുദ്ധവേളയില്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ മുസ്‌ലിം സൈന്യത്തിലെ ചിലര്‍ നബിയോട് പറഞ്ഞതും ഉമര്‍ അതിനെ തിരുത്തിയതും മറ്റൊരു ഉദാഹരണമാണ്. 'പ്രവാചകരേ, അങ്ങ് അനുവദിക്കുന്ന പക്ഷം, വെള്ളം വഹിക്കുന്ന ഈ ഒട്ടകത്തെ അറുത്ത് ഞങ്ങള്‍ക്ക് വിശപ്പടക്കാമായിരുന്നു' എന്ന് സ്വഹാബികള്‍ പറഞ്ഞു. അപ്പോള്‍ നബി: 'അതിനെന്താ, അങ്ങനെ ചെയ്തുകൊള്ളൂ....' ഇതറിഞ്ഞ ഉമര്‍(റ) വന്ന് നബിയോട് പറഞ്ഞു: 'പ്രവാചകരേ, അങ്ങനെ ചെയ്താല്‍ പിന്നെ ഭാരം വഹിക്കുന്ന മൃഗത്തിന്റെ കുറവ് നമുക്ക് അനുഭവിക്കേണ്ടിവരും. അതിനാല്‍, നാം ഉള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് സംതൃപ്തരാവുകയാണ് വേണ്ടത്. വിശ്വാസികളുടെ പക്കലുള്ളതില്‍ ബറകത് ഉണ്ടാകുന്നതിന് താങ്കള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക. അല്ലാഹു അതില്‍ നന്മവരുത്തും.' നബി പറഞ്ഞു: 'അതേ, അതാണ് ശരിയായ നിലപാട്.' എന്നിട്ട് ഒരു വിരിപ്പ് കൊണ്ടുവന്ന് മിച്ചമുള്ള പാഥേയങ്ങള്‍ അതില്‍ വെക്കുകയും നബി(സ) ദൈവാനുഗ്രഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു (മുസ്‌ലിം, 'ഈമാന്‍'). സ്വഹാബികള്‍ ഒരു വിഷയത്തില്‍ നബിയോട് അഭിപ്രായം ആരായുന്നു. നബി അവര്‍ക്ക് അതനുവദിച്ചുകൊടുക്കുന്നു. അത് സൈന്യത്തിനുണ്ടാക്കിയേക്കാവുന്ന ഭാവിയിലെ ദോഷം ഉമര്‍ ചൂണ്ടിക്കാട്ടുന്നു. നബി തന്റെ ആദ്യനിര്‍ദേശം, അതിന്റെ അടിസ്ഥാനത്തില്‍ തിരുത്തി ഉമറിന്റെ നിര്‍ദേശം നടപ്പിലാക്കുന്നു. ഇത് നല്‍കുന്ന സൂചന എന്താണ്? നബിയുടെ എല്ലാ കല്‍പ്പനകളും നുബുവ്വത്തിന്റെ ഭാഗമാണെന്ന് അനുചരന്മാര്‍ മനസ്സിലാക്കിയിരുന്നില്ല എന്നാണ് ഇതില്‍നിന്ന് നമുക്ക് ഗ്രഹിക്കാന്‍ സാധിക്കുന്നത്. ഭരണ-രാഷ്ട്രീയ- സൈനിക നായകന്‍ എന്ന നിലക്കും, നബി എന്ന നിലക്കും ഉള്ള റസൂലിന്റെ പ്രവൃത്തികള്‍ക്കും കല്‍പ്പനകള്‍ക്കും വ്യത്യാസങ്ങളുണ്ടെന്ന് സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു എന്നാണ്. 

(തുടരും)

വിവ: എസ്.എം സൈനുദ്ദീന്‍

 

കുറിപ്പുകള്‍

6.    ഇബ്‌നുല്‍ ഖയ്യിം - അത്ത്വുറുഖുല്‍ ഹികമിയ്യ ഫിസ്സിയാസത്തിശ്ശര്‍ഇയ്യ പേ: 13-15
7.    ത്വാഹിര്‍ ബ്‌നു ആശൂര്‍ - മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ പേ: 31
8.    ഖറാഫി - ഇഹ്കാം, പേ: 105
9.    ഇബ്‌നുതൈമിയ്യ - മിന്‍ഹാജുസ്സുന്ന അന്നബവിയ്യ 1/189
10.    അത്ത്വുറുഖുല്‍ ഹികമിയ്യ, പേ: 18
11.    സാദുല്‍ മആദ് 3/390
12.    മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ പേ: 99
13.    അല്‍ ഇഹ്കാം പേ: 108
14.    സാദുല്‍ മആദ് 3/390
15.    അബൂയൂസുഫ് - അല്‍ഖറാജ്, പേ: 176
16.    അല്‍ ഇഹ്കാം, പേ: 119
17.    ഖവാഇദുല്‍ അഹ്കാം ഫി മസ്വാലിഹില്‍ അനാം 2/68.
18.    അല്‍ ഇഹ്കാം, പേ: 56
19.    അതേ പുസ്തകം, പേ: 119
20.    അതേ പുസ്തകം, പേ: 105
21.    ശാഫിഈ- അര്‍രിസാല, പേ: 242
22.    ശൗകാനി - ഇര്‍ശാദുല്‍ ഫുഹൂല്‍
23.    മിന്‍ഹാജുസ്സുന്ന 3/120
24.    അല്‍ മുസ്‌വദ്ദ ഫീ ഉസ്വൂലില്‍ ഫിഖ്ഹ് 2/491
25.    ഇബ്‌നു ഹിശാം - അസ്സീറ അന്നബവിയ്യ 2/196
26.    ഇമാദുദ്ദീന്‍ ഖലീല്‍ - ദിറാസതുന്‍ ഫിസ്സീറ പേ: 214-215

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌