Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

'കരാര്‍ ഭരണാധികാരിയെ സൃഷ്ടിക്കുന്നു, ഭരണത്തെയല്ല'

റാശിദുല്‍ ഗന്നൂശി

ഭരണകൂടം നിലവില്‍ വരിക ഭരണാധികാരിയും സമൂഹവും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണെന്ന് വാദിക്കുന്നവര്‍ക്കെതിരെ ഉന്നയിക്കുന്ന മറുവാദങ്ങളിലൊന്നാണിത്. ഈ വാദം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പറയുന്നത് യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു കരാറേ നടക്കുന്നില്ല എന്നാ
ണ്. കാരണം ഒരു ഇസ്‌ലാമിക ഭരണസംവിധാനത്തില്‍ ഭരണാധികാരിക്ക് സ്വതന്ത്രമായ അധികാരമില്ല. അല്ലാഹുവിന് വഴിപ്പെടുമ്പോള്‍ മാത്രമേ ആ അധികാരം ലഭിക്കുന്നുള്ളൂ. തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ജനം തെരഞ്ഞെടുക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഭരണാധികാരി. അതിനാല്‍ ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തില്‍ ഭരണാധികാരിക്കും ഭരണീയനുമിടയില്‍ ഒരു സാമൂഹികക്കരാര്‍ ഉണ്ടെന്ന് പറയാവതല്ല. എന്നാല്‍ കരാര്‍ ഉണ്ട്. അതില്‍ ഒരു പക്ഷത്ത് ഭരണാധികാരിയും ഭരണീയരും, മറുവശത്ത് അല്ലാഹുവും ആണെന്ന് മാത്രം. ഭരണാധികാരിയും ഭരണീയരും ഒരുപോലെ ദൈവിക നിയമങ്ങളും ദൈവേഛകളും നടപ്പാക്കാന്‍ തുനിയുന്നുണ്ടെങ്കില്‍ കരാര്‍ നിലനില്‍ക്കുന്നു എന്ന് പറയാം. ജനങ്ങള്‍ അവര്‍ തന്നെ തെരഞ്ഞെടുത്ത ഭരണാധികാരികളെ അനുസരിക്കേണ്ടിയും വരും. അവരെ ധിക്കരിക്കുന്നത് ഇസ്‌ലാമിക ശരീഅത്തിനെതിരെയുള്ള കടന്നുകയറ്റമാകും.1
മുഹമ്മദ് അലി ളനാവി കുറേക്കൂടി വ്യക്തതയോടെ ബൈഅത്തും (അനുസരണ പ്രതിജ്ഞ) സാമൂഹികക്കരാറും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നുണ്ട്: 'ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള കരാര്‍ എന്ന അടിസ്ഥാനത്തില്‍ വികസിച്ചു വന്നിട്ടുള്ള ബൈഅത്ത് ദര്‍ശനം ധാരാളം ഇസ്‌ലാമിസ്റ്റുകളെ അബദ്ധത്തില്‍ ചാടിച്ചിട്ടുണ്ട്. യൂറോപ്പില്‍ വികസിച്ചുവന്ന സാമൂഹിക കരാറും ബൈഅത്തും ഒരുപോലെയാണെന്ന് അവര്‍ കരുതുന്നു. മുസ്‌ലിംകള്‍ തമ്മിലുള്ള കരാറാണ് ഇസ്‌ലാമിക സങ്കല്‍പത്തിലുള്ള രാഷ്ട്രത്തെ നിര്‍മിക്കുന്നതെന്ന് അവര്‍ തെറ്റായി മനസ്സിലാക്കുകയാണ്. യഥാര്‍ഥത്തില്‍, അനുസരണ പ്രതിജ്ഞ ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍, ഒരു രാഷ്ട്രനിര്‍മിതിക്കുള്ള കരാറല്ല ഉണ്ടാക്കുന്നത്. ഭരണാധികാരിയെ പ്രതിഷ്ഠിക്കാന്‍ മാത്രമാണ് കരാര്‍. ഇത് രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. കാരണം രാഷ്ട്രം സ്ഥാപിതമാകുന്നത് ഖുര്‍ആനിക പ്രമാണങ്ങളുടെ അടിത്തറയിലാണ്; മുസ്‌ലിംകളുടെ അഭിപ്രായ സമന്വയ(ഇജ്മാഅ്)ത്തിലൂടെയല്ല. ആ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് മാറ്റമോ ഭേദഗതിയോ ഉണ്ടാകില്ല. ഒരാള്‍ മുസ്‌ലിമാകുന്നതോടെ ഈ പ്രമാണങ്ങളുമായി അയാള്‍ക്ക് ബന്ധമുണ്ടാവുകയും ഈ രാഷ്ട്രസങ്കല്‍പത്തെ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്. മറ്റാരെങ്കിലുമായി കരാറിലേര്‍പ്പെടേണ്ട കാര്യമൊന്നും അതിനില്ല.'2
ഈ അഭിപ്രായത്തെ ഇങ്ങനെ സംഗ്രഹിക്കാം: റൂസ്സോവിന്റെ അഭിപ്രായത്തില്‍ രാഷ്ട്രത്തെ നിര്‍മിക്കുന്നത് സാമൂഹിക കരാറാണ്. ഇസ്‌ലാമില്‍ ബൈഅത്ത്‌കൊണ്ട് ഒരു രാഷ്ട്രം നിര്‍മിക്കപ്പെടുന്നില്ല. പ്രമാണ പാഠങ്ങളാണ് രാഷ്ട്രത്തെ നിര്‍മിക്കുക. മുസ്‌ലിംകള്‍ യഥാര്‍ഥ മുസ്‌ലിംകള്‍ ആയിരിക്കുവോളം ശരീഅത്ത് നടപ്പാക്കാനോ നടപ്പാക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ടായിരിക്കില്ല. ശരീഅത്ത് നടപ്പാക്കുന്ന ഒരു ഭരണക്രമത്തിനു കീഴില്‍ മുസ്‌ലിംകള്‍ വരികയെന്നത് മാത്രമാണ് പ്രയോഗവല്‍ക്കരണത്തിന്റെ ഏകവഴി. അപ്പോള്‍ ബൈഅത്ത് ഭരണാധികാരിയെ മാത്രം ഉണ്ടാക്കുന്നു, ഭരണാധികാരത്തെ ഉണ്ടാക്കുന്നില്ല. പ്രയോഗവല്‍ക്കരണത്തിന്റെ ഒരു ഉപകരണം മാത്രമാണ് ബൈഅത്ത്. രാഷ്ട്രചിന്തയോ അതിന്റെ സംവിധാനങ്ങളോ ഒന്നും ബൈഅത്തിലൂടെ ഉണ്ടായിത്തീരുന്നതല്ല.
മനുഷ്യ സാമൂഹികതയുടെ അടിസ്ഥാനാവശ്യമാണ് രാഷ്ട്രം എന്ന ആശയം ശീഈ ദര്‍ശനത്തിലെ ഇമാമത്ത് സങ്കല്‍പവുമായി ഒത്തുപോകുന്നതാണ്. അതായത്, രാഷ്ട്രത്തെ നിര്‍മിക്കുന്നത് പ്രമാണപാഠങ്ങളാണ്. അത് മനുഷ്യന്റെ സാമൂഹിക ജീവിതത്തിലെ അടിസ്ഥാന യാഥാര്‍ഥ്യവുമാണ്. അതൊരു താല്‍ക്കാലിക പ്രതിഭാസമല്ല. ഈ കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്ന നിരവധി പാശ്ചാത്യ ചിന്താധാരകളുണ്ട്. കൈയൂക്കിനെയോ കരാറിനെയോ വര്‍ഗസമരത്തെയോ ഒക്കെ അവലംബിക്കുന്ന ചിന്താധാരകള്‍. ശക്തി നഷ്ടപ്പെടുകയോ കരാറുകള്‍ പിന്‍വലിക്കപ്പെടുകയോ വര്‍ഗസമരം ക്ഷയിക്കുകയോ ചെയ്താല്‍ രാഷ്ട്രമോ നേതൃത്വമോ ഇല്ലാതായിപ്പോകും എന്നു കരുതുന്നു അത്തരം ദര്‍ശനങ്ങള്‍. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമാണ് രാഷ്ട്രം എന്ന നിലപാടാണ് ഇസ്‌ലാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നത് എന്ന് കാണാനാവും. ഭിന്നാഭിപ്രായങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ഉടലെടുത്ത കാലം മുതല്‍ ഈയൊരു സംവിധാനം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. മനുഷ്യന്റെ സാമൂഹിക ബന്ധങ്ങള്‍ പരിവര്‍ത്തന ദശയിലായിരിക്കുവോളം കാലം ആ ആവശ്യം നിലനില്‍ക്കും. അതിനാല്‍ രാഷ്ട്രം ഒരു സാമൂഹിക അനിവാര്യതയാണ്; സാമൂഹികാരോഗ്യത്തിന്റെ അടയാളവുമാണ്.3 അതുകൊണ്ടാണ് 'അല്ലാഹുവിനല്ലാതെ നിര്‍ണയാധികാരമില്ല' എന്നു പറഞ്ഞ ഖവാരിജ് വിഭാഗത്തോട് ഇമാം അലി ഇങ്ങനെ പ്രതികരിച്ചത്: 'അവര്‍ പറഞ്ഞ വാക്ക് സത്യമാണ്; പക്ഷേ, അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് തിന്മയാണ്. അതേ, നിര്‍ണയാധികാരം അല്ലാഹുവിനേയുള്ളൂ. നേതൃത്വവും അല്ലാഹുവിന് എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ജനങ്ങളില്‍നിന്ന് ഒരു നേതാവ് ഉണ്ടാവുകയല്ലേ നിവൃത്തിയുള്ളൂ, അയാള്‍ നല്ലവനാകട്ടെ, അക്രമിയാകട്ടെ.'4
നുബുവ്വത്ത്, രാഷ്ട്രം എന്നീ പ്രതിഭാസങ്ങള്‍ക്കിടയില്‍ കാലപരവും കാരണപരവുമായ ബന്ധമുണ്ടെന്നു കാണാം. ജീവിത പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയും ഭിന്നസ്വരങ്ങള്‍ ഉടലെടുക്കുകയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തപ്പോള്‍ (ഇതിനു മുമ്പത്തെ അവസ്ഥയില്‍ ജനങ്ങള്‍ക്ക് അവരുടെ ശുദ്ധപ്രകൃതമനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയായിരുന്നു) അല്ലാഹു പ്രവാചകന്മാരെ അയച്ചു; അവര്‍ രാഷ്ട്രം സ്ഥാപിച്ചു. ഭിന്നിപ്പുള്ള കാര്യങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ വിധിതീര്‍പ്പുണ്ടാക്കുകയും ചെയ്തു. ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അങ്ങനെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായി പ്രവാചകന്മാരെ അല്ലാഹു അയച്ചു. ഭിന്നിപ്പുള്ള വിഷയങ്ങളില്‍ വിധിതീര്‍പ്പ് നടത്തുന്നതിനു വേണ്ടി'' (ഖുര്‍ആന്‍ 2:213).
ജനം എത്ര ഉയര്‍ന്ന വിതാനത്തിലെത്തിയാലും രാഷ്ട്രം കൂടാതെ കഴിയില്ല. കാരണം മനുഷ്യന്‍ 'ധനത്തെ അതിയായി സ്‌നേഹിക്കുന്നവനാണ്' (അല്‍ ആദിയാത്ത്: 7). ധൃതി കൂട്ടുന്നവനും വിവരദോഷിയും അതിക്രമിയും ആയിക്കൊണ്ടിരിക്കുകയും ചെയ്യും. രാഷ്ട്രത്തിന്റെ അടിസ്ഥാന ധര്‍മം എന്നു പറയുന്നത് സുരക്ഷ നല്‍കലല്ല; ആ ധര്‍മത്തില്‍നിന്ന് അതിനൊരിക്കലും വിട്ടുനില്‍ക്കാനാവില്ലെങ്കിലും. രാഷ്ട്രത്തിന്റെ അടിസ്ഥാന ധര്‍മം എന്നു പറയുന്നത് പൗരന്മാരെ സംസ്‌കരിച്ച് വളര്‍ത്തിക്കൊണ്ടു വരിക എന്നതാണ്, ആത്മീയമായും സാമൂഹികമായും വളരാന്‍ അവര്‍ക്ക് അവസരമൊരുക്കുക എന്നതാണ്. അത് അറ്റമില്ലാത്ത വികസന ചക്രവാളത്തിലേക്ക് മനുഷ്യസമൂഹത്തെ നയിക്കണം. ഒരു ഇസ്‌ലാമിക ഭരണനേതൃത്വത്തിന് ചെയ്യാനുള്ളത് അതാണ്.
ഇസ്‌ലാമിക ചിന്തയിലെ ഒരു അഭിപ്രായ സമന്വയത്തെയാണ് ഇമാം അലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, നേതൃത്വം എന്നത് സാമൂഹിക ജീവിതത്തിന്റെ അനിവാര്യതകളിലൊന്നാണ്; ആ നേതൃത്വം മികവുറ്റതോ ജീര്‍ണിച്ചതോ ആകാം. സുരക്ഷയും ജീവിത സന്ധാരണ മാര്‍ഗങ്ങളും ഉറപ്പുവരുത്തുക മനുഷ്യപ്രകൃതത്തിന്റെ ഭാഗമായ ഈ സാമൂഹിക കൂട്ടായ്മയിലൂടെയാണ്.5 ഇസ്‌ലാം എന്നത് വിശ്വാസവും അനുഷ്ഠാനങ്ങളും സ്വഭാവചര്യകളും നിയമസംവിധാനങ്ങളും ചേര്‍ന്ന ഒന്നാണ്. ഇസ്‌ലാമികാടിത്തറയിലുള്ള രാഷ്ട്ര സംവിധാനത്തിലൂടെയല്ലാതെ ഇവയൊന്നും നേരാംവണ്ണം നിലനിര്‍ത്താനോ ഈ സന്ദേശം ലോകത്തിന് പകര്‍ന്നുനല്‍കാനോ കഴിയില്ല.6 ഇക്കാര്യത്തിലൊന്നും അഭിപ്രായഭിന്നതയില്ല. പരസ്പര കരാറിലൂടെയാണ് രാഷ്ട്രം നിലവില്‍വരിക എന്ന് വാദിക്കുന്നവരും അതൊരിക്കലും ഒരു ഐഛികമോ പ്രാധാന്യം കുറഞ്ഞതോ ആയ പ്രവൃത്തിയായി കാണുന്നില്ല. എല്ലാവര്‍ക്കും ഒരു അടിസ്ഥാന തത്ത്വത്തെക്കുറിച്ച് ദൃഢബോധ്യമുണ്ട്. ഒരു നിര്‍ബന്ധ കര്‍മം ഏതൊന്നില്ലാതെ പൂര്‍ത്തിയാകുന്നില്ലയോ അതും നിര്‍ബന്ധമാണ് (മാലാ യതിമ്മുല്‍ വാജിബു ഇല്ലാ ബിഹി ഫഹുവ വാജിബുന്‍) എന്ന തത്ത്വം. ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണം നിര്‍ബന്ധമല്ല, അല്ലെങ്കിലത് വ്യക്തികള്‍ നിര്‍വഹിച്ചാല്‍ മതി, നിഷേധിയും അതിക്രമിയുമായ ഭരണാധികാരിക്ക് കീഴിലും ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണം നടന്നുകൊള്ളും എന്നൊക്കെ ഏതൊരു മുസ്‌ലിമിനാണ് വാദിക്കാനാവുക?
അപ്പോള്‍ നേരത്തേ പറഞ്ഞ ബൈഅത്ത് അല്ലെങ്കില്‍ പരസ്പരകരാര്‍ എന്നത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അടിസ്ഥാനമല്ല; ആ രാഷ്ട്രം യാഥാര്‍ഥ്യമാക്കാനുള്ള ഒരു ടൂള്‍ ആണ്. ഇനി ഭരണാധികാരി ശരീഅത്തിനനുസൃതമായി ഭരിക്കും എന്നു തീരുമാനിച്ചു കഴിഞ്ഞാല്‍, അപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നു. സമൂഹമാണോ (മുസ്‌ലിം സമൂഹത്തിന്റെ ഭൂരിപക്ഷാഭിപ്രായം) അതോ അല്ലാഹുവിങ്കല്‍നിന്നുള്ള പ്രമാണപാഠമാണോ ഭരണാധികാരിക്ക് നിയമാനുസൃതത്വം നല്‍കുക? ശരീഅത്ത് നടപ്പാക്കാന്‍ ദൈവത്താല്‍ ചുമതലപ്പെടുത്തപ്പെട്ടത് വിശ്വാസിസമൂഹമാണെങ്കില്‍, ഈ സമൂഹത്തിന്റെ ആജ്ഞാനുവര്‍ത്തി മാത്രമായിരിക്കില്ലേ ഭരണാധികാരി? ഭരണാധികാരി സമൂഹത്തിന്റെ മുമ്പില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥനായിരിക്കും. അല്ലാഹുവിന്റെ മുന്നില്‍ അദ്ദേഹത്തിനുള്ള ഉത്തരവാദിത്തം മറ്റു വിശ്വാസികള്‍ക്കുള്ള ഉത്തരവാദിത്തം തന്നെയായിരിക്കും. ഈയൊരു വീക്ഷണമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും മുന്നോട്ടു വെക്കുന്നത്. ഭരണാധികാരിയെ അല്ലാഹു നേരിട്ട് ചുമതലപ്പെടുത്തി എന്നാണ് മറുവീക്ഷണം. അതായത് സമൂഹത്തിന്റെ കൈകാര്യകര്‍ത്താവ് (വസ്വിയ്യ്) ആണ് ഭരണാധികാരി. അദ്ദേഹമാണ് അല്ലാഹുവിലേക്കുള്ള സമൂഹത്തിന്റെ മധ്യവര്‍ത്തി (വാസിത്വ). ഈ ഭരണാധികാരിയിലൂടെയല്ലാതെ ദൈവപ്രീതി ആര്‍ജിക്കുക സാധ്യമല്ല എന്നും വാദിക്കപ്പെടുന്നു. തെറ്റുപറ്റാത്ത ഇമാമുമാര്‍ ജീവിച്ചിരുന്ന കാലത്ത് ഇതായിരുന്നു സ്ഥിതിയെന്നാണ് ശീഈകളിലെ ഇമാമീ പക്ഷത്തിന്റെ വാദം. നിലവിലെ ഇമാം ഇപ്പോഴും കാണാമറയത്ത് (ഗൈബത്ത്) ആയതിനാല്‍ ശീഈ പക്ഷത്തിനും സമൂഹം തന്നെയാണ് ഇപ്പോള്‍ നിയമാനുസൃതത്വത്തിന്റെ ആധാരം.
ഈ രണ്ടു വീക്ഷണങ്ങളും സൃഷ്ടിക്കുന്ന അടുത്തതോ അകന്നതോ ആയ മനശ്ശാസ്ത്ര, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നാം ഈ അഭിപ്രായഭിന്നതയെക്കുറിച്ച് അധികമൊന്നും വിസ്തരിക്കുമായിരുന്നില്ല. ഡോ. അഹ്മദ് ബഗ്ദാദിയോടൊപ്പം നമുക്കും ഇങ്ങനെ പറഞ്ഞാല്‍ മതിയായിരുന്നു: 'രാഷ്ട്രീയത്തിലെ ശരീഅത്ത് തത്ത്വങ്ങള്‍ വ്യക്തികളെ അവരുടെ സ്വതന്ത്രമായ ഭാവനകളിലും ചിന്താ വ്യവഹാരങ്ങളിലും വിഹരിക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്ത്, അതിന്റെ സ്വഭാവമെന്തായിരിക്കും, ആര്‍ക്കാണ് അധികാരം പോലുള്ള കാര്യങ്ങളിലെ ചര്‍ച്ചകളാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക ഇടപാടുകളിലും വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ശരീഅത്ത് നേരിട്ടു തന്നെ ഒരു പ്രായോഗിക മാതൃക സമര്‍പ്പിക്കുന്നുണ്ടല്ലോ.' പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: ഇസ്‌ലാമിക രാഷ്ട്രം ശര്‍ഇയ്യായ ഒരു അനിവാര്യതയാണ്; ശരീഅത്ത് ഭരമേല്‍പ്പിക്കപ്പെട്ട സമൂഹത്തിന്റെ ജീവല്‍പ്രശ്‌നവുമാണ്. ബാധ്യതാ നിര്‍വഹണം പൂര്‍ണമാകണമെങ്കില്‍ അത് കൂടാതെ കഴിയില്ല. അനുസരണ പ്രതിജ്ഞയെടുക്കേണ്ടത് അനിവാര്യമാണെങ്കിലും അത് അടിസ്ഥാനങ്ങളില്‍പെടുന്ന ഒന്നല്ല. പ്രമാണപാഠങ്ങള്‍ ആയിരിക്കും രാഷ്ട്രത്തിന്റെ അടിസ്ഥാനം. ഭരണനിര്‍വഹണം ശൂറ മുഖേനയുമായിരിക്കും. അപ്പോഴാണത് ഇസ്‌ലാമിക ഭരണസംവിധാനമാവുക, ഒരേസമയം ദൈവത്തിന്റെയും ജനതയുടെയും ഭരണം, നസ്സ്വിനാലും ശൂറയാലും നടത്തപ്പെടുന്ന ഭരണം.8

 

കുറിപ്പുകള്‍

1.    അഹ്മദ് മുള്ഹിര്‍ - 'ദിറാസതുന്‍ ഹൗലദ്ദിംഖ്‌റാത്വിയ്യ', അല്‍ മബാഹിസ് ജേണല്‍ (ലക്കം 41, ജനുവരി-മാര്‍ച്ച് 1986).
2.    മുഹമ്മദ് അലി ളനാവി - അല്‍ മഫ്ഹൂമു വത്തജ്‌രിബ (ത്വറാബുലുസ്, ദാറുല്‍ ഈമാന്‍ - 1980) പേ: 68)
3.    ഖുബാനജി - അല്‍മദ്ഹബുസ്സിയാസി ഫില്‍ ഇസ്‌ലാം, പേ: 76
4.    ശരീഫ് രിളാ - നഹ്ജുല്‍ ബലാഗ (മുഹമ്മദ് അബ്ദുവിന്റെ വ്യാഖ്യാനം) 1954, ബൈറൂത്ത്, മക്തബതുല്‍ അന്തുലുസ്, പേ: 18
5.    ഇബ്‌നു ഖല്‍ദൂന്‍ - മുഖദ്ദിമ
6.    യൂസുഫുല്‍ ഖറദാവി - അല്‍ഹല്ലുല്‍ ഇസ്‌ലാമി ഫരീളതുന്‍ വളറൂറഃ, (ബൈറൂത്ത്, മുഅസ്സസതുര്‍ രിസാല, 1974).
7.    അഹ്മദ് ബഗ്ദാദി - 'മഫ്ഹൂമുസ്സിയാസ ഫില്‍ മുജ്തമഇല്‍ ഇസ്‌ലാമി മിന്‍ മന്‍ളൂരിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' (അല്‍ മബാഹിസ് ജേണല്‍, ലക്കം 41, ജനുവരി-മാര്‍ച്ച് 1986).
8.    ശൈഖ് ജഅ്ഫര്‍ അസ്സുബ്ഹാനി പറയുന്നു: 'പാപവിമുക്തനായ (മഅ്‌സ്വൂം) ഇമാം ഉണ്ടായിരിക്കെ നിലവില്‍ വരുന്ന ഭരണകൂടം പോറലേല്‍ക്കാത്ത ദൈവിക ഭരണം തന്നെയായിരിക്കും. അത്തരമൊരു ഇമാമിന്റെ സാന്നിധ്യമില്ലെങ്കില്‍ അപ്പോഴത് ദൈവിക ഭരണത്തിന്റെയും ജനകീയ ഭരണത്തിന്റെയും ഒരു മിശ്രിതമായിരിക്കും. അടിസ്ഥാനപരമായി നിയമനിര്‍മാണം അല്ലാഹുവിനാണ് എന്നതിനാല്‍ അത് ഇലാഹി ആയിരിക്കും. ഭരണാധികാരിയെ തെരഞ്ഞെടുക്കലും മറ്റു ഭരണസംവിധാനങ്ങള്‍ ഒരുക്കലുമെല്ലാം ജനങ്ങളില്‍ നിക്ഷിപ്തമായതുകൊണ്ട് മറ്റൊരു നിലക്ക് അത് ജനകീയവുമാണ്.' അസ്സുബ്ഹാനിയുടെ മആലിമുല്‍ ഹുകൂമതില്‍ ഇസ്‌ലാമിയ്യ എന്ന കൃതി (ബൈറൂത്ത്, ദാറുല്‍ അള്‌വാഅ്, ഹി. 1405, പേ: 246).

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌