ഗാന്ധിജിയും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയും
മഹാത്മാ ഗാന്ധിയും ന്യൂദല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയും തമ്മില്‍ അഗാധമായ ഒരു ആത്മബന്ധമുണ്ട്. ഗാന്ധിജിയെ കൂടാതെ ജാമിഅയുടെയോ, ജാമിഅയെ കൂടാതെ ഗാന്ധിജിയുടെയോ ചരിത്രം പൂര്‍ണമാകില്ലെന്നാണ് ജാമിഅ ഔര്‍ ഗാന്ധി (ജാമിഅയും ഗാന്ധിയും) എന്ന പുസ്തകമെഴുതിയ അഫ്രോസ് ആലം സാഹില്‍ സമര്‍ഥിക്കുന്നത്. ഗാന്ധിജി നേതൃത്വം നല്‍കിയ നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും അദ്ദേഹം സഹകരിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സന്തതിയായിരുന്നല്ലോ നിരവധി സ്വാതന്ത്ര്യസമര നേതാക്കളെയും പോരാളികളെയും സംഭാവന ചെയ്ത ഈ കേന്ദ്ര സര്‍വകലാശാല. തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ ബ്രിട്ടീഷുകാരുടേതായ സകലതും ബഹിഷ്‌കരിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് മൗലാനാ മഹ്മൂദുല്‍ ഹസന്‍, മൗലാനാ മുഹമ്മദലി ജൗഹര്‍, ഹകീം അജ്മല്‍ ഖാന്‍, ഡോ. മുഖ്താര്‍ അഹ്മദ് അന്‍സാരി, അബ്ദുല്‍ മജീദ് ഖ്വാജ, ഡോ. സാകിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ 1920 ഒക്‌ടോബര്‍ 20-ന് അടിത്തറയിട്ടതാണ് ഈ കലാലയത്തിന്. തുടക്കത്തില്‍ ഇത് അലീഗഢില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നെയാണ് ന്യൂദല്‍ഹിയിലെ ഓഖ്‌ലയിലേക്ക് മാറുന്നത്. സാകിര്‍ ഹുസൈനെപ്പോലുള്ളവര്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ സ്വാതന്ത്ര്യസമരത്തിന് ബൗദ്ധിക നേതൃത്വം നല്‍കാന്‍ ഈ രണ്ടു സ്ഥാപനങ്ങളും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു എന്ന് ചരിത്രം പറഞ്ഞുതരും.
ഗാന്ധിജിക്ക് വ്യക്തിപരമായിത്തന്നെ ഏറെ അടുപ്പമുണ്ട് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയുമായി. അദ്ദേഹത്തിന്റെ ഭാര്യ കസ്തൂര്‍ബ ഗാന്ധി തന്റെ ജീവിതത്തിലെ ചില നിര്‍ണായക ദിനങ്ങള്‍ അവിടെയാണ് കഴിച്ചുകൂട്ടിയത്. ഗാന്ധിജിയുടെ മകന്‍ ദേവദാസ് ഈ സ്ഥാപനത്തില്‍ അധ്യാപകനായിരുന്നു. ഗാന്ധിയുടെ പൗത്രന്‍ രസിക്‌ലാല്‍ (ഹരിലാലിന്റെ പുത്രന്‍) ജാമിഅയില്‍ പഠിച്ചിരുന്നു; അവിടെ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതും. ജാമിഅ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ജംനലാല്‍ ബജാജ്, ഘന്‍ശ്യം ദാസ് ബിര്‍ള, പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ തുടങ്ങിയവര്‍ക്ക് ഗാന്ധിജി കത്തുകളെഴുതുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ജാമിഅ പൂട്ടാന്‍ പോകുന്നു എന്ന അഭ്യൂഹം പരന്നപ്പോള്‍ ഗാന്ധിജി പറഞ്ഞ ഒരു വാക്യമുണ്ട്: 'നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ ഭിക്ഷ യാചിക്കാന്‍ തയാറാണ്.' യൂനിവേഴ്‌സിറ്റിയുടെ പേരില്‍നിന്ന് 'ഇസ്‌ലാമിയ്യ' ഒഴിവാക്കിയാല്‍ കൂടുതലാളുകള്‍ ഫണ്ട് തരില്ലേ എന്ന് ചിലര്‍ നിര്‍ദേശം വെച്ചപ്പോള്‍, പേരു മാറ്റുന്നതിനോട് തനിക്കൊട്ടും യോജിപ്പില്ലെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി.
സ്വാതന്ത്ര്യസമരത്തിലേക്ക് വിദ്യാര്‍ഥികളെ വഴിനടത്താന്‍ അവരില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ നട്ടുവളര്‍ത്തണമെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ടു കൂടിയാണ് പേരുമാറ്റത്തെ അദ്ദേഹം എതിര്‍ത്തത്. തനതായ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ സ്ഥാപനത്തിന് ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമാകാന്‍ കഴിയുമെന്ന് ഗാന്ധിജി കണ്ടു. തുടര്‍ന്നങ്ങോട്ട് ശക്തിപ്രാപിച്ച സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ ആ ദീര്‍ഘദര്‍ശനം സത്യമായി പുലരുകയും ചെയ്തു. കേന്ദ്ര ഭരണകൂടം ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതവിവേചന കരിനിയമങ്ങള്‍ക്കെതിരെ സ്ഥാപനത്തിന്റെ പുതുമുറക്കാര്‍ 'രണ്ടാം സ്വാതന്ത്ര്യസമര'ത്തിന് തിരികൊളുത്തിയത് സ്വാഭാവികം മാത്രം. മത-ജാതി വിഭജനങ്ങള്‍ക്കതീതമായി ഇന്ത്യന്‍ ജനതയെ ഒന്നിച്ചുനിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.
Comments