Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

ദുഃഖവും സങ്കടവും ഇറക്കിവെക്കാം

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

മനക്കരുത്ത് ചോര്‍ന്നുപോകാതെ പ്രതിസന്ധികളെ ക്ഷമയോടെയും ശാന്തമായും അഭിമുഖീകരിച്ച്, ദുഃഖത്തെയും സങ്കടത്തെയും മിതത്വത്തിന്റെ പരിധിക്കപ്പുറം കടക്കാന്‍ അനുവദിക്കാതെ വേണം നമുക്കു ജീവിക്കാന്‍. ദുഃഖം, ദുരന്തം, പരീക്ഷണം, ആപത്ത്, പരാജയം എന്നിവയില്‍നിന്ന് മുക്തനും നിര്‍ഭയനുമായി ഈ ദുന്‍യാവില്‍ ആരുമുണ്ടാകില്ല. പക്ഷേ, അവയെ നേരിടുന്ന വിഷയത്തില്‍ വിശ്വാസിയുടെയും അവിശ്വാസിയുടെയും സ്വഭാവത്തില്‍ പ്രകടമായ മാറ്റമുണ്ട്. ദുഃഖഭാരത്തിന്റെ തള്ളിച്ചയില്‍ പരിഭ്രാന്തനായി നിരാശയുടെ പടുകുഴിയില്‍ ആപതിക്കുകയും ചിലപ്പോള്‍ ആത്മഹത്യയില്‍ വരെ അഭയം തേടുകയുമായിരിക്കും അവിശ്വാസി. എന്നാല്‍ വലിയ വലിയ ദുരന്തങ്ങള്‍ സംഭവിച്ചാല്‍ പോലും, ക്ഷമയും സ്ഥൈര്യവും കൈവിടാതെ, പാറകണക്കെ ഉറച്ചു നില്‍ക്കുന്നവനാണ് സത്യവിശ്വാസി. സംഭവിച്ചതെല്ലാം ദൈവിക തീരുമാനപ്രകാരമാണെന്നും ദൈവികമായ ഓരോ വിധിക്കു പിന്നിലും നന്മയും യുക്തിയും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നുമാണ് അയാള്‍ ചിന്തിക്കുക. അല്ലാഹു എന്ത് പ്രവര്‍ത്തിക്കുന്നതും തന്റെ അടിമയുടെ നന്മക്കു വേണ്ടിയായിരിക്കുമെന്നും, അവയിലെല്ലാം നന്മ കുടികൊള്ളുന്നുെന്നും മനസ്സിലാക്കുന്നതിനാല്‍ മാനസികവും ആത്മീയവുമായ ശാന്തിയിലും സമാധാനത്തിലുമായിരിക്കും അയാള്‍. ഈ വിശ്വാസം ദുഃഖത്തെപ്പോലും ആശ്വാസമാക്കി മാറ്റും. അല്ലാഹു പറയുന്നു: ''ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണ്. നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനാണത്'' (അല്‍ഹദീദ് 22,23). വലിയ വലിയ ദുരന്തങ്ങളെ വരെ ദൈവികവിധി എന്ന് മനസ്സിലാക്കുക വഴി ദുഃഖം വെടിഞ്ഞ് സ്വാസ്ഥ്യം കൈവരിക്കാനാകുമെന്നതാണ് വിധിവിശ്വാസം കൊണ്ടുള്ള പ്രയോജനങ്ങളിലൊന്ന്. പ്രവാചകന്‍ അരുള്‍ ചെയ്തു: ''വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്. അവന്റെ എല്ലാ കാര്യവും അവന് നന്മയായി ഭവിക്കുന്നു. രോഗവും ദുഃഖവും മൂലം പരീക്ഷിക്കപ്പെടുമ്പോള്‍ ക്ഷമാപൂര്‍വം അവനതിനെ നേരിടുന്നു. അപ്പോള്‍ അത് അയാള്‍ക്കു നന്മയായി മാറുന്നു. സന്തോഷമുണ്ടാകുമ്പോള്‍ അയാള്‍ നന്ദി രേഖപ്പെടുത്തുന്നതിലൂടെ അതും അയാള്‍ക്ക് നന്മയായി ഭവിക്കുന്നു.'' മുസ്‌ലിം വല്ല ദുഃഖവാര്‍ത്തകളും കേള്‍ക്കേണ്ടിവന്നാലോ നഷ്ടം സംഭവിച്ചതറിഞ്ഞാലോ ഉടന്‍ 'ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍' എന്ന് ഉച്ചരിക്കണം. നമ്മുടെ കൈവശമുള്ളതെന്തും അല്ലാഹു നല്‍കിയതും അവന്‍ തന്നെ തിരിച്ചെടുക്കുന്നതുമാണെന്നാണ് അതിലൂടെ പ്രഖ്യാപിക്കുന്നത്. നാമും അവന്റേത്; നമ്മളും അവനിലേക്കു മടങ്ങേണ്ടവര്‍. എപ്പോഴും ദൈവവിധിയില്‍ സംപ്രീതരാണ് നാം. അവന്റെ ചെയ്തികളെല്ലാം യുക്തിയിലും നന്മയിലും നീതിയിലും അധിഷ്ഠിതമാണ്. അവന്‍ എന്തു ചെയ്യുന്നതും നന്മക്കു വേണ്ടി മാത്രം. അല്ലാഹു പറയുന്നു:

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِۗ وَبَشِّرِ الصَّابِرِينَ ﴿١٥٥﴾ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ﴿١٥٦﴾ أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ ﴿١٥٧﴾

(ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: 'ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും.' അവര്‍ക്ക് അവരുടെ നാഥനില്‍നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍ -അല്‍ബഖറ: 155-157).
പ്രതിസന്ധിയുണ്ടാവുമ്പോള്‍ ഇന്നാലില്ലാഹി... എന്നു തുടങ്ങുന്ന പ്രാര്‍ഥന ചെല്ലുന്നവരുടെ ദുരിതത്തെ അല്ലാഹു ദൂരീകരിച്ചുതരുന്നതാണെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. അവര്‍ക്ക് സല്‍പരിണതിയുണ്ടാവുകയും അവര്‍ക്കിഷ്ടപ്പെട്ടവ അവര്‍ക്കവന്‍ സമ്മാനിക്കുകയും ചെയ്യും. ഒരിക്കല്‍ വിളക്ക് അണഞ്ഞുപോയപ്പോള്‍ നബി(സ) ഇന്നാലില്ലാഹ്- പറയുകയുണ്ടായി. 'പ്രവാചകരേ, വിളക്കണയുന്നത് ഒരു ദുരന്തമാണോ' എന്ന് അപ്പോള്‍ ഒരാള്‍ അന്വേഷിച്ചു. നബി പറഞ്ഞു: 'അതേ, വിശ്വാസിക്കു ദുഃഖമുണ്ടാക്കുന്ന എല്ലാ കാര്യവും മുസ്വീബത്ത് തന്നെയാണ്. മാനസികാഘാതം, ശാരീരികോപദ്രവം, രോഗം, വിഷാദം, ഒരു മുള്ളു തറക്കുന്നതു വരെ വിശ്വാസിക്ക് സംഭവിക്കുമ്പോള്‍ അയാള്‍ അതില്‍ ക്ഷമ കൈക്കൊാല്‍ അല്ലാഹു അയാളുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതാണ്'' (ബുഖാരി, മുസ്‌ലിം). ''അല്ലാഹു ചില അടിമകളെ വളരെ അടുത്ത് ഇഷ്ടപ്പെടാന്‍ തീരുമാനിച്ചാല്‍ പലതരം കടുത്ത പരീക്ഷണങ്ങളില്‍ അവരെ അവന്‍ അകപ്പെടുത്തും. അപ്പോള്‍ ദൈവേഛയില്‍ തൃപ്തിയടയുന്നവരെ അല്ലാഹു തൃപ്തിപ്പെടും. അല്ലാത്തവരോട് അവന് അതൃപ്തിയുമായിരിക്കും'' (തിര്‍മിദി).
അബൂമൂസല്‍ അശ്അരി നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു: ആര്‍ക്കെങ്കിലും തന്റെ കുഞ്ഞ് മരണപ്പെട്ടുപോയാല്‍ അല്ലാഹു മലക്കുകളോട് ചോദിക്കും: 'നിങ്ങള്‍ എന്റെ ദാസന്റെ കുഞ്ഞിന്റെ ജീവന്‍ പിടിച്ചെടുത്തുവോ?' അവര്‍: 'അതേ.' അപ്പോള്‍ അല്ലാഹു: 'എന്നിട്ടു എന്റെ അടിമ എന്താണ് പറയുന്നത്?' 'നിന്റെ സ്തുതിയും ഇന്നാലില്ലായുമാണ് പറയുന്നത്' - മലക്കുകള്‍ മറുപടി പറയും. അല്ലാഹു: 'എങ്കില്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ ഒരു ഭവനം പണിത് അതിന് ബൈത്തുല്‍ ഹംദ് (സ്തുതിയുടെ ഭവനം) എന്ന് നാമകരണം ചെയ്യുക.'
ദുരന്തം സംഭവിക്കുമ്പോള്‍ ദുഃഖം പ്രകടിപ്പിക്കുക സ്വാഭാവികമാണ്. അപ്പോള്‍ നാവുകൊണ്ട് അരുതാത്തതൊന്നും മൊഴിഞ്ഞുപോകാതിരിക്കാനും ക്ഷമയും നന്ദിബോധവും കൈവിടാതിരിക്കാനും ജാഗ്രതയുണ്ടാവണം. പ്രവാചകപുത്രന്‍ ഇബ്‌റാഹീം, അവിടുത്തെ കണ്‍മുമ്പില്‍ വെച്ചാണ് മരണം പുല്‍കിയത്. അപ്പോള്‍ കണ്ണുനീര്‍ തുടച്ച് നബി(സ) പറഞ്ഞു: 'ഇബ്‌റാഹീം, നിന്റെ വേര്‍പാടില്‍ അതീവ ദുഃഖിതരാണ് ഞങ്ങള്‍. പക്ഷേ അല്ലാഹുവിന് അതൃപ്തിയുണ്ടാക്കുന്ന യാതൊന്നും ഇപ്പോള്‍ ഞങ്ങള്‍ പറയുന്നതല്ല' (മുസ്‌ലിം).
അതീവ ദുഃഖമുണ്ടാകുമ്പോള്‍ ശരീഅത്തിന് വിരുദ്ധമായ യാതൊരു പ്രവൃത്തിയിലും ഏര്‍പ്പെട്ടുകൂടാ. '(നന്ദികേടിന്റെയും ആവലാതിയുടെയും വഴിയായ) അട്ടഹസിക്കുക, മാറത്തടിച്ച് ഒച്ചവെച്ച് നിലവിളിക്കുക എന്നിവ ചെയ്യുന്നവന്‍ എന്റെ സമുദായത്തില്‍ പെട്ടവനല്ല' (തിര്‍മിദി). ജഅ്ഫര്‍ ത്വായ്യാര്‍(റ) രക്തസാക്ഷിയായത് അറിഞ്ഞ കുടുംബക്കാരായ സ്ത്രീകള്‍ വാവിട്ട് നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍, അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ നബി(സ) ഒരു ദൂതനെ അങ്ങോട്ടയച്ചു. പക്ഷേ അവര്‍ അടങ്ങിയില്ല. രണ്ടാമതും ആളെ അയച്ച് അത് നിര്‍ത്താന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു: എന്നിട്ടും നിലവിളി തുടരുകയാണെങ്കില്‍ 'അവരുടെ വായില്‍ മണ്ണെടുത്തിടുക' (ബുഖാരി)
മയ്യിത്തിന്റെ പിറകെ നടക്കുമ്പോള്‍ ഉടുതുണി ഒഴിവാക്കി കുപ്പായം മാത്രം ധരിച്ച് ദുഃഖം പ്രകടിപ്പിക്കുന്ന രീതി അറബികള്‍ക്കുണ്ടായിരുന്നു. ഒരിക്കല്‍ ഇങ്ങനെ തന്റെ അനുയായികളെയും കണ്ട നബി(സ) പറഞ്ഞു: 'അനിസ്‌ലാമികതയെയാണോ തെരഞ്ഞെടുക്കുന്നത്? നിങ്ങളുടെ രൂപം തന്നെ അല്ലാഹു മാറ്റിക്കളയട്ടെ എന്ന് പ്രാര്‍ഥിക്കാനാണ് എനിക്കു തോന്നിയത്.' അതുകേട്ട പാടേ ആളുകള്‍ തുണിയുടുത്തു. പിന്നീട് ഒരിക്കലും പഴയ സമ്പ്രദായം സ്വീകരിച്ചുമില്ല (ഇബ്‌നുമാജ).
രോഗം ബാധിക്കുമ്പോള്‍ തെറ്റോ ശരിയോ ആയ വാക്കുകള്‍ ഉച്ചരിക്കുകയോ ആവലാതിപ്പെടുകയോ ചെയ്യാതെ  പൂര്‍ണ ക്ഷമയും സ്ഥൈര്യവും കൈക്കൊള്ളുകയും പരലോകപ്രതിഫലം കാംക്ഷിക്കുകയുമാണ് വേത്. രോഗം സഹിക്കുന്നതിലൂടെ വിശ്വാസിയുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു. അത് അയാളെ ശുദ്ധീകരിക്കുന്നു. പരലോകപ്രതിഫലത്തിന് അര്‍ഹനാക്കുന്നു. നബി(സ) അരുളി: 'മരം ഇലപൊഴിക്കും പോലെ രോഗം വിശ്വാസിയുടെ പാപം ഇല്ലായ്മ ചെയ്യുന്നതായിരിക്കും' (ബുഖാരി, മുസ്‌ലിം). ശരീരം വിറച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ ഒരിക്കല്‍ നബി (സ) കാണാനിടയായപ്പോള്‍ അവിടുന്ന് അതിന്റെ കാരണം അന്വേഷിച്ചു. തന്നെ പനി പിടികൂടിയിരിക്കുന്നുവെന്നായിരുന്നു സ്ത്രീയുടെ പരാതി. പ്രവാചകന്‍ പറഞ്ഞു: 'പനിയെപ്പറ്റി ചീത്ത വിചാരിക്കരുത്. കാരണം തീ ഇരുമ്പിനകത്തെ മാലിന്യം പുറത്തേക്കു കളയും പോലെ മനുഷ്യരുടെ പാപങ്ങള്‍ അത് ശുദ്ധീകരിക്കുന്നതാണ്' (മുസ്‌ലിം).
ഒരിക്കല്‍ കഅ്ബയുടെ ചാരത്തു വെച്ച് അബ്ബാസ്(റ) തന്നോട് പറഞ്ഞ ഒരു കഥ അതാഉബ്‌നു റബാഹ് ഉദ്ധരിച്ചിട്ടുണ്ട്. അബ്ബാസ് പറഞ്ഞു: 'ഞാന്‍ നിനക്കൊരു സ്വര്‍ഗപ്രവേശം ഉറപ്പായ സ്ത്രീയെ കാണിച്ചുതരട്ടെയോ?' 'തീര്‍ച്ചയായും' - ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം തുടര്‍ന്നു: 'നോക്കൂ, ആ കാണുന്ന സ്ത്രീ ഒരിക്കല്‍ നബി(സ)യുടെ സന്നിധിയില്‍ വന്ന് തനിക്കു അപസ്മാര രോഗമാണെന്നും അപ്പോഴത്തെ അബോധാവസ്ഥയില്‍ നഗ്നത വെളിപ്പെട്ടുപോവുന്നുെന്നും അതിനാല്‍ അവിടുന്ന് അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്നും ഉണര്‍ത്തിച്ചു. പ്രവാചകന്‍ പ്രതിവചിച്ചു: ഈ പ്രയാസത്തെ ക്ഷമയോടെ സഹിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു സ്വര്‍ഗം സമ്മാനിക്കും. രോഗം ഭേദമാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുകയും ചെയ്യാം. സ്ത്രീ പറഞ്ഞു: സ്ഥൈര്യപൂര്‍വം ഈ പരീക്ഷണത്തെ ഞാന്‍ തരണം ചെയ്തുകൊള്ളാം. എന്റെ നഗ്നത വെളിപ്പെട്ടുപോവാതിരിക്കാന്‍ അവിടുന്ന് പ്രാര്‍ഥിച്ചാലും. അങ്ങനെ പ്രവാചകന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു.' 
മരണത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തിലധികം ദുഃഖാചരണം പാടില്ല. ഉറ്റവരുടെ വേര്‍പാടില്‍ താങ്ങാനാവാത്ത ദുഃഖവും കണ്ണുനീരും ഉണ്ടാവുക സ്വാഭാവികമാണെങ്കിലും പരമാവധി അതിന്റെ നാളുകള്‍ മൂന്നു ദിവസം മാത്രമാണ്. നബി(സ): ''ഒരാളും മരണത്തില്‍ മൂന്നില്‍ കൂടുതല്‍ ദിവസം ദുഃഖമാചരിക്കാന്‍ വിശ്വാസികള്‍ക്കു ചേര്‍ന്നതല്ല. എന്നാല്‍ ഭാര്യമാര്‍ 4 മാസവും പത്തു ദിവസവും ദീക്ഷ ആചരിക്കണം. ആ കാലത്ത് അവര്‍ വര്‍ണാഭമായ ഉടയാടകളണിയുകയോ സുഗന്ധം ഉപയോഗിക്കുകയോ വിവാഹാലോചന നടത്തുകയോ ചെയ്യരുത്'' (തിര്‍മിദി).
സൈനബ് ബിന്‍ത് ജഹ്ശി(റ)ന്റെ സഹോദരന്‍ മരണപ്പെട്ട നാലാം ദിവസം അനുശോചനത്തിനുവേണ്ടി ചില സ്ത്രീകള്‍ വരികയുണ്ടായി. ആഗതര്‍ മുമ്പാകെ സുഗന്ധം ഉപയോഗിച്ച് പ്രത്യക്ഷപ്പെട്ട സൈനബ്(റ) അവരോട് പറഞ്ഞു: 'എനിക്ക് ഇപ്പോള്‍ സുഗന്ധം പുരട്ടേണ്ട ആവശ്യമുണ്ടായിട്ടല്ല. പ്രത്യുത, ഭര്‍ത്താവല്ലാത്ത മറ്റേതൊരു ഉറ്റ ബന്ധു മരണപ്പെട്ടാലും സ്ത്രീ മൂന്നു ദിവസത്തിലേറെ ദുഃഖമാചരിക്കേണ്ടതില്ലെന്ന് നബി(സ) പഠിപ്പിച്ചത് നിങ്ങളെ അറിയിക്കാനാണ് ഞാനത് ചെയ്തത്.'
ദുഃഖവും പ്രയാസവുമനുഭവിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ സ്ഥൈര്യം വെടിയാതിരിക്കാന്‍ നാം പരസ്പരം സാന്ത്വനിപ്പിക്കണം. നബി(സ) ഉഹുദ് യുദ്ധത്തില്‍നിന്ന് മടങ്ങിവരവെ ചില സ്ത്രീകള്‍ തങ്ങളുടെ ഉറ്റവരെ പറ്റി അന്വേഷിച്ചുകൊണ്ടിരുന്നു. ഹംന ബിന്‍ത് ജഹ്ശ്(റ) നബി(സ) മുമ്പാകെ എത്തിയപ്പോള്‍ അവളുടെ സഹോദരന്‍ അബ്ദുല്ലയുടെ കാര്യത്തില്‍ ക്ഷമ കൈക്കൊള്ളാന്‍ അവരെ നബി(സ) ഉപദേശിച്ചു. അദ്ദേഹത്തിനു വേണ്ടി നബി(സ) ഇന്നാലില്ലാഹ് പറയുകയും പാപമോചന പ്രാര്‍ഥന നടത്തുകയുമുണ്ടായി. പിതൃവ്യപുത്രന്‍ ഹംസ(റ)യുടെ വിഷയത്തിലും അവിടുന്ന് സ്ഥൈര്യം കൈവിടാതെ, ഇന്നാലില്ലാഹ് ഉരുവിടുകയും പാമോചന പ്രാര്‍ഥന നടത്തുകയുമുണ്ടായി.
രോഗാവസ്ഥയിലുള്ള മകനെ വീട്ടിലാക്കി ജോലിക്കുവേണ്ടി പുറത്തുപോയതായിരുന്നു അബൂത്വല്‍ഹ(റ). അതിനിടെ മകന്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ പ്രിയതമ മറ്റുള്ളവരോട് പറഞ്ഞു: 'പുത്രവിയോഗം ആരും ഇപ്പോള്‍ എന്റെ ഭര്‍ത്താവിനെ അറിയിക്കരുത്.' അങ്ങനെ അദ്ദേഹം ജോലി കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ പറ്റി അന്വേഷിച്ചു. അവര്‍ പറഞ്ഞു: 'മുമ്പത്തെ അപേക്ഷിച്ച് ഇപ്പോള്‍ അവന്‍ കൂടുതല്‍ ശാന്തതയിലാണ്.' പിന്നീടവര്‍ അബൂത്വല്‍ഹ(റ)ക്ക് ഭക്ഷണം വിളമ്പി. സമാധാനത്തോടെ ഭക്ഷണം കഴിച്ച അദ്ദേഹം കിടന്നു. നേരം പുലര്‍ന്നപ്പോള്‍ പ്രിയതമ അദ്ദേഹത്തോട് ചോദിച്ചു: 'വല്ലവരും വായ്പയായി നമുക്ക് നല്‍കിയ സാധനം അവര്‍ ചോദിക്കുമ്പോള്‍ കൊടുക്കാതെ പിടിച്ചുവെക്കുന്നത് ശരിയാണോ?' അദ്ദേഹം പറഞ്ഞു: 'അതിനുള്ള യാതൊരു അവകാശവും അവര്‍ക്കില്ല.' അപ്പോള്‍ പ്രിയതമ അദ്ദേഹത്തെ സാന്ത്വനിപ്പിച്ചുകൊ് പറഞ്ഞു: 'അതുപോലെ മകന്റെ കാര്യത്തിലും നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക'(മുസ്‌ലിം). 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌