Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

വിശ്വാസവിനിമയത്തിലെ പ്രവാചകസ്പര്‍ശം

വി.കെ ജലീല്‍

സുമാമത്തു ബ്‌നു ഉസാല്‍ എന്നായിരുന്നു ആ ഗംഭീര  വ്യക്തിത്വത്തിന്റെ നാമധേയം. യമാമയിലെ ശക്തനായ നാട്ടുരാജാവായിരുന്നു സുമാമ. ആയിരങ്ങളുടെ അംഗബലം ഉള്ള ബനൂഹനീഫ ഗോത്രക്കാരന്‍. പരമ്പരാഗതമായി ലഭിച്ച നാട്ടുരാജപദവി. സുമാമ ഉത്തരവിട്ടാല്‍ പതിനായിരം ഖഢ്ഗങ്ങള്‍ ഝടുതിയില്‍ ഉറകളില്‍നിന്ന് പുറത്തുവരും എന്നായിരുന്നു അയാളുടെ ശക്തിശ്രുതി. ഹിജ്‌റ ആറാം വര്‍ഷം നബിതിരുമേനി അറബികളും അനറബികളും ആയ എട്ടു രാഷ്ട്രീയ പ്രമുഖരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുത്തുകളയച്ച കൂട്ടത്തിലൊരാള്‍ ഇദ്ദേഹമായിരുന്നു.
അങ്ങേയറ്റം കിരാതമായിരുന്നു നബിയുടെ ക്ഷണത്തോടുള്ള സുമാമയുടെ പ്രതികരണം. നബിയുടെ ക്ഷണത്തെ പരിഹസിച്ചുതള്ളിയെന്ന് മാത്രമല്ല, നബിതിരുമേനിയെ സ്വകരങ്ങളാല്‍ കൊല്ലുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുക കൂടി ചെയ്തു. ആ വഴിക്കുള്ള കൊലച്ചതി തന്ത്രങ്ങള്‍ ഏറെ പുരോഗമിക്കവെ സുമാമയുടെ വിവേകശാലിയായ ഒരു പിതൃവ്യന്റെ സമയോചിതമായ താക്കീതാണ് ആ ഹീനകൃത്യത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. എന്നാല്‍ തിരുമേനിയുടെ വിശ്വസ്തഭടന്മാരില്‍ ചിലരെ ഒളിയാക്രമണത്തിലൂടെ അയാള്‍ പിടികൂടി അതിക്രൂരമായ രീതിയില്‍ ചിത്രവധം ചെയ്തു.
തിരുമേനി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ തന്റെ പൗരന്മാരെ വകവരുത്തിയ ഘാതകനു വധശിക്ഷ വിധിച്ചു. കണ്ടിടത്ത് വെച്ച് വിധി നടപ്പാക്കാന്‍ ഉത്തരവിറക്കി.
ആയിടക്ക് മക്കയിലേക്ക്  തീര്‍ഥാടനത്തിന് പുറപ്പെട്ട സുമാമ, ഇസ്‌ലാമിക മദീനയുടെ അതിര്‍ത്തിസുരക്ഷാ നിരീക്ഷണ സംഘത്തിന്റെ പിടിയിലകപ്പെട്ടു. മുഹമ്മദു ബ്‌നു മസ്‌ലമയുടെ നായകത്വത്തിലുള്ള മുപ്പതംഗ സംഘമാണ് അദ്ദേഹത്തെ പിടികൂടിയത്. മദീനയുടെ നേരെ  ഭീഷണിയുയര്‍ത്തിയ ബക്‌റുബ്‌നു കിലാബ്, മഹാരിബ് ഗോത്രങ്ങളുടെ രഹസ്യ  സൈനിക സംഘാടനം തകര്‍ത്തു വിജയശ്രീലാളിതരായി വരികയായിരുന്നു അവര്‍. സംഘം സുമാമയെ ബന്ദിയാക്കി മദീനാ പള്ളിയില്‍ എത്തിച്ചു. സുമാമയെ പിടിച്ചുകെട്ടി കൊണ്ടുവന്നവര്‍ക്ക് അദ്ദേഹം യമാമയുടെ ഭരണാധികാരിയാണെന്ന കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ അവിടെ വെച്ചു തന്നെ അദ്ദേഹത്തിന്റെ കഥകഴിച്ചേനെ. റസൂല്‍ തിരുമേനിക്ക് തടവുകാരന്‍ ആരാണെന്നു കണ്ട ക്ഷണത്തില്‍ പിടികിട്ടി. ഇദ്ദേഹത്തോട് കഴിയുന്നത്ര  ആദരവിലും സ്‌നേഹത്തിലും പെരുമാറണം എന്ന് തിരുമേനി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. സുമാമക്ക് വേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ തിരുമേനിയുടെ വീട്ടില്‍നിന്ന് മാത്രം കൊണ്ടുവരാന്‍ ഏര്‍പ്പാടു ചെയ്തു. രണ്ട് ഒട്ടകങ്ങളെ കറന്ന് പ്രഭാത-പ്രദോഷ വേളകളില്‍ ഇദ്ദേഹത്തിന് മതിയാവോളം പാല്‍ കൊണ്ടുവന്നു കൊടുക്കാന്‍ നിര്‍ദേശിച്ചു. അതായത്  റസൂല്‍ അദ്ദേഹത്തെ രാഷ്ട്രത്തിന്റെ ആദരണീയനായ  അതിഥിയെപ്പോലെ സ്വീകരിച്ചു. പിന്നെ, അദ്ദേഹത്തിന് മുസ്‌ലിംകളുടെ സംഘജീവിതവും ആരാധനകളും പരസ്പരമുള്ള പെരുമാറ്റങ്ങളും നേരില്‍  കണ്ട് അനുഭവിക്കാന്‍ കഴിയുമാറ് പള്ളിയില്‍ 'ഖിബ്‌ല'ക്ക് അഭിമുഖമായി  മാന്യമായ തടവ് ഒരുക്കാനും  ഏര്‍പ്പാടുകള്‍ ചെയ്തു. തനിക്ക് ഭക്ഷണവും പാലും വരുന്നത് തിരുമേനിയുടെ വീട്ടില്‍നിന്നാണെന്ന് അദ്ദേഹം ചോദിച്ചു മനസ്സിലാക്കിയിരുന്നു.
ഇതെല്ലാം കഴിഞ്ഞ്  തടവുകാരന്റെ മനോവെപ്രാളം അല്‍പം ശമിച്ച ശേഷമേ തിരുമേനി അദ്ദേഹത്തെ അഭിമുഖീകരിച്ചുള്ളു.
റസൂല്‍ ചോദിച്ചു: 'സുമാമാ എന്താണ് സുഖ സൗഖ്യ വിശേഷങ്ങള്‍? എന്തൊക്കെയാണ് മനോഗതങ്ങള്‍?'
'മുഹമ്മദേ, സുഖമാണെനിക്ക്. പിന്നെ, എന്റെ ആളുകളില്‍നിന്ന് എന്റെ ചോരക്ക് പകരം ചോദ്യമുണ്ടാകും എന്നുറപ്പിച്ചു താങ്കള്‍ക്ക് എന്നെ വധിക്കാം. അല്ലെങ്കില്‍ ഉറപ്പായ കൃതജ്ഞത പ്രതീക്ഷിച്ച് വെറുതെവിടാം. ഒപ്പം മോചനദ്രവ്യമായി എത്ര സമ്പത്തും ആവശ്യപ്പെടാം.' ആ വാക്കുകളില്‍നിന്ന്  അയാളുടെ അടങ്ങാത്ത ധാര്‍ഷ്ട്യം വായിച്ചെടുത്താവണം നബിതിരുമേനി ഒന്നുമുരിയാടാതെ സുമാമയെ സ്‌നേഹാര്‍ദ്രമായി കടാക്ഷിച്ചു കടന്നുപോയത്. ഈ ഘട്ടത്തിലും അയാള്‍ തന്റെ ആള്‍ബലത്തിലും അളവറ്റ ധനത്തിലും അഭയം കാണുന്നുവെന്ന് തിരുമേനിക്ക് തോന്നിയിരിക്കണം. ഏതായാലും ആഴ്ചകള്‍ക്ക് മാത്രം മുമ്പ് തന്റെ ജീവനെടുക്കാന്‍ തിടുക്കം കൂട്ടിയ ആ ബദ്ധവിരോധിക്ക് തന്റെ അനുയായികളുടെ  ഉദാരമായ സംസര്‍ഗം റസൂല്‍ ഒന്നുകൂടി  ഉറപ്പുവരുത്തി. പിറ്റേന്നിന്റെ പിറ്റേന്നാള്‍ അതേ സമയം തിരുമേനി സുമാമയുടെ അടുത്തെത്തി  ക്ഷേമാന്വേഷണം നടത്തി. അപ്പോഴേക്കും തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന ഭക്തിസാന്ദ്രമായ കുറേ സംഘ നമസ്‌കാരങ്ങള്‍ സുമാമ കണ്ടിരുന്നു. അവിടുത്തെ ഹൃദയസ്പൃക്കായ  ഖുര്‍ആന്‍ പാരായണം കുറേ കേട്ടിരുന്നു. റസൂല്‍ അനുയായികള്‍ക്ക് നല്‍കുന്ന സാരവത്തായ ഉപദേശങ്ങള്‍ ശ്രവിച്ചിരുന്നു. സുമാമ ആദ്യദിവസത്തെ അതേ പ്രതികരണ വാചകങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ അവയുടെ  മുന്‍ഗണനാക്രമത്തില്‍ സോദ്ദേശ്യം മാറ്റം വരുത്തി. 'ഉറപ്പായ  കൃതജ്ഞത പ്രതീക്ഷിച്ച് വെറുതെ വിടാം' എന്നാണ് ആദ്യം പറഞ്ഞത്. തിരുമേനി അദ്ദേഹത്തിന് വശ്യമായ പുഞ്ചിരി സമ്മാനിച്ചു നടന്നുപോവുകയും ചെയ്തു. അടുത്ത നാളും തിരുമേനി അന്വേഷണം ആവര്‍ത്തിച്ചു. വധത്തെക്കുറിച്ച പരാമര്‍ശം രണ്ടാമതാക്കിത്തന്നെയാണ് സുമാമ പ്രതികരിച്ചത്. അപ്പോള്‍  തിരുമേനി അനുചരന്മാരോട് സുമാമയെ വിട്ടയക്കാന്‍ നിര്‍ദേശിച്ചു. തിരുമേനിയുടെ സാന്നിധ്യത്തില്‍ അവര്‍ അദ്ദേഹത്തെ മാന്യമായി മോചിപ്പിച്ചു.
ചെയ്തുകൂട്ടിയ തെറ്റുകളെ കുറിച്ച് റസൂല്‍ അദ്ദേഹത്തോട് ഒന്നും ഉരിയാടിയില്ല. ഇസ്‌ലാമാശ്ലേഷിക്കാന്‍ നിര്‍ബന്ധിച്ചില്ല. മോചനദ്രവ്യം ചോദിച്ചില്ല. അദ്ദേഹത്തിന്റെ  മുമ്പാകെ ഉപാധികള്‍ ഒന്നും ഉന്നയിച്ചില്ല. പള്ളിയില്‍നിന്ന് പുറപ്പെട്ടുപോകുന്ന വേളയില്‍ പിന്നാലെ നിരീക്ഷകരെ നിയോഗിച്ചതുമില്ല. സര്‍വതന്ത്രസ്വതന്ത്രനായി സുമാമ, ഇസ്‌ലാമിന്റെ നിര്‍ഭയത്വത്തിലൂടെ നടന്നുപോകുന്നത്  സുസ്‌മേരവദനനായി തിരുമേനി സഖാക്കളോടൊപ്പം നോക്കിനിന്നു. വിധിവശാല്‍ തങ്ങളുടെ വരുതിയില്‍ വരുന്ന നിസ്സഹായനായ ഭിന്നവിശ്വാസിയോട്, അയാള്‍  വെറുപ്പിന്റെ എത്ര വലിയ  രാജാവാണെങ്കിലും എങ്ങനെ പെരുമാറണമെന്ന്, ലോകാന്ത്യം വരെയുള്ള  അനുചരരെ പഠിപ്പിക്കുകയായിരുന്നു തിരുമേനി. ഒപ്പം ഒരു മിശ്രസമൂഹത്തിലെ ഏറ്റവും മുന്തിയ ഇസ്‌ലാമിക ആദര്‍ശ സമര്‍പ്പണ രീതികളിലൊന്ന് ആവിഷ്‌കരിച്ചു കാണിക്കുകയായിരുന്നു തിരുമേനി.
അല്‍പസമയം കഴിഞ്ഞപ്പോള്‍ സുമാമ റസൂലിന്റെ പള്ളിയിലേക്ക് ധൃതിപിടിച്ച് തിരിച്ചെത്തി. അയാള്‍ പള്ളിയില്‍നിന്ന് അല്‍പം അകലെയുണ്ടായിരുന്ന കൃഷിയിടത്തിലെ ജലസ്രോതസ്സില്‍നിന്ന് കുളിച്ചു വെടിപ്പായിരുന്നു. മുഖത്ത് അക പരിവര്‍ത്തനത്തിന്റെ വശ്യശോഭ തെളിഞ്ഞിരുന്നു. സുമാമ നേരെ വന്ന് പ്രവാചകനെ പരിരംഭണം ചെയ്തുകൊണ്ട് പറഞ്ഞു: 'തിരുദൂതരേ, ഇന്നോളം എനിക്ക് ഏറ്റവും വെറുപ്പാര്‍ന്ന മുഖം അങ്ങയുടേതായിരുന്നു. കഠിനവിരോധമുള്ള മതവും നഗരവും അങ്ങയുടേതായിരുന്നു. ഇപ്പോള്‍ അവയോളം പ്രിയപ്പെട്ടതായി മറ്റൊന്നും എന്റെ മനസ്സിലില്ല. തിരുദൂതരേ, എനിക്കിപ്പോള്‍ തന്നെ ഇസ്‌ലാം ആശ്ലേഷിക്കണം.'
ഒരു നിമിഷം, റസൂലിന്റെ മുഖത്തെ നിറഞ്ഞ സംതൃപ്തി വായിച്ചെടുത്ത സുമാമ, ആവേശത്തോടെ സ്വയം ശഹാദത്ത് കലിമ ചൊല്ലി മുസ്‌ലിം ആയി. മൂന്നു നാളത്തെ 'പഠനസഹവാസം' വഴി അദ്ദേഹം അതും അതിനപ്പുറവും പഠിച്ചെടുത്തിട്ടുണ്ടായിരുന്നു. ശേഷം സുമാമ ചോദിച്ചു: 'തിരുദൂതരേ, കൊലപാതകങ്ങള്‍ അടക്കം നിരവധി നൃശംസതകള്‍ ചെയ്തുപോയിട്ടുണ്ട്; അവക്കുള്ള പ്രായശ്ചിത്തങ്ങള്‍ പറഞ്ഞുതന്നാലും.' സുമാമയുടെ നയനങ്ങള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
'സുമാമാ, നിഷ്‌കളങ്കമായ ഇസ്ലാം ആശ്ലേഷം, അതുവരെയുള്ള സര്‍വ പാപങ്ങളേയും നിശ്ശേഷം മായ്ച്ചുകളയുന്നു' - റസൂല്‍ പറഞ്ഞു.
'തിരുദൂതരേ, എന്റെ ശക്തിയും സ്വാധീനവും ഇസ്‌ലാമിനെതിരെ ഒരുപാട് ഉപയോഗിച്ചു. ഇനിമുതല്‍ അതിന്റെ ഇരട്ടിയിരട്ടി  ഇസ്‌ലാമിന്റെ എതിര്‍ ശക്തികളുടെ നേരെ ഞാന്‍ പ്രയോഗിക്കും.'
'തിരുദൂതരേ, ഒരു ഉംറ കൂടി ഉദ്ദേശിച്ചു പുറപ്പെട്ടതായിരുന്നു.  ഇനി എന്തു ചെയ്യണം?'
 'മക്കയില്‍ പോയി ഉംറ നിര്‍വഹിച്ചോളൂ. ഉംറയുടെ ശരിയായ രീതി പഠിപ്പിച്ചുതരാം.'
അങ്ങനെ സുമാമ മക്കയില്‍ എത്തി. പരിചിതമല്ലാത്ത 'തല്‍ബിയത്ത്' ഉച്ചത്തില്‍ കേള്‍ക്കെ മക്കക്കാര്‍ ഓടിയെത്തി. അവര്‍ സുമാമയെ കൈയേറ്റം ചെയ്യാന്‍ ഒരുങ്ങി. ഒരു ചെറുപ്പക്കാരന്‍ വില്ലുകുലച്ചു. കൂട്ടത്തില്‍ ചിലര്‍ സുമാമയെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും സുമാമയുടെ ഗംഭീരശബ്ദം ഇങ്ങനെ ഉയര്‍ന്നു കേട്ടു: 'നിങ്ങളില്‍ അവസാനത്തെ ആളും സത്യവിശ്വാസിയാകുന്നതുവരെ ഒരു മണി ധാന്യം പോലും യമാമയില്‍നിന്ന് മക്കയില്‍ എത്തുകയില്ല, റസൂല്‍ തിരുമേനി പറഞ്ഞാലല്ലാതെ.'
യമാമയില്‍ തിരിച്ചെത്തിയ സുമാമ തന്റെ ഭീഷണി പ്രാവര്‍ത്തികമാക്കി. അന്ന്, ഊഷരമായ മക്കയുടെ സുപ്രധാനമായ അന്നസ്രോതസ്സായിരുന്നു യമാമ. വലഞ്ഞുപോയ മക്കാനിവാസികള്‍ തിരുമേനിയുടെ കരുണ തേടി. ഉപരോധം ഉടനെ പിന്‍വലിക്കാന്‍ റസൂല്‍ സുമാമയോട് ആവശ്യപ്പടുകയും ചെയ്തു..

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്