Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

സുന്നത്തിെന്റ സാമൂഹികത

സദ്‌റുദ്ദീന്‍ വാഴക്കാട്

സാമൂഹിക ജീവിതത്തിന്റെ എല്ലാ അടരുകളും സാംസ്‌കാരിക മൂല്യങ്ങള്‍ കൊണ്ട് സമ്പന്നമാക്കുക മുഹമ്മദ് നബിയുടെ നിയോഗമായിരുന്നു. നിശ്ചിത സമയത്തിലും രൂപത്തിലും പരിമിതമായ ആരാധനകളേക്കാള്‍ വിശാലമാണ് സാമൂഹിക ജീവിതത്തിന്റെ കാന്‍വാസ്. അവിടെ വരക്കുന്ന നബിചര്യയുടെ വര്‍ണചിത്രങ്ങള്‍ക്ക് ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളെയും ചേതോഹരമാക്കുന്ന സൗന്ദര്യമുണ്ടാകണം, ഇസ്‌ലാമിക സത്യത്തിന്റെ ജീവിതഗന്ധിയായ സൗന്ദര്യം. പൂര്‍ണചന്ദ്രനെപ്പോലെ തിളങ്ങിയ ഒരു മഹാ മനുഷ്യന്റെ കര്‍മ മാതൃക, അതിനു ചുറ്റും പവിഴപ്പുറ്റുകള്‍ പോലെ കുറേ അനുചരന്മാരുടെ ജീവിതം. ഈ മാതൃകകള്‍ പകര്‍ത്തിയ ശിഷ്യന്മാരിലൂടെ നമുക്ക് ലഭിക്കുന്ന നബിചര്യയാണ് സുന്നത്ത്. വേദഗ്രന്ഥത്തിന്റെ ദാര്‍ശനിക പാഠങ്ങള്‍ ഭൂമിയില്‍ പറിച്ചുനട്ട്  വിളയിച്ച സദ്ഫലങ്ങള്‍.
ജീവിതത്തെയാണല്ലോ മുഹമ്മദ് നബി അഭിമുഖീകരിച്ചത്. എത്രയെത്ര രംഗവേദികളുണ്ട് ജീവിതത്തിന്! അവിടെയെല്ലാം നബിയുടെ ചര്യയുണ്ട്, ഉണ്ടാകണം. എങ്കിലേ അദ്ദേഹം മനുഷ്യരിലേക്കുള്ള ദൈവദൂതനാകൂ, ലോകത്തിന്റെ മാര്‍ഗദര്‍ശിയാകൂ. ലോകജനതക്കുള്ള കാരുണ്യവും അനുഗ്രഹവും, മഴുവന്‍ മനുഷ്യരുടെയും മാര്‍ഗദര്‍ശി എന്നിങ്ങനെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന മുഹമ്മദ് നബി അതുകൊണ്ട് തന്നെ സാമൂഹിക നന്മകളുടെ പ്രയോക്താവാകുക തന്നെ വേണം.  മുഴുജീവിതത്തിനും നബി മാതൃകയാണെന്ന് നാം പറയുന്നു. പക്ഷേ, ആരാധനകളും ആചാരങ്ങളുമൊഴികെ വിശാലമായ സാമൂഹിക മേഖലകളിലെ നബി മാതൃകകള്‍ 'സുന്നത്ത്' ആണെന്ന പ്രയോഗം അത്ര പ്രചുരമല്ല. നബി എല്ലാ രംഗത്തും മാതൃകയാണെന്ന് പറയുന്നതും, എല്ലാം സുന്നത്ത് ആണെന്ന് പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. കാരണം, സുന്നത്ത് എന്ന പ്രയോഗം സവിശേഷമായ അര്‍ഥവും ബോധവും ശ്രദ്ധയും ജാഗ്രതയും മുസ്‌ലിം സമുദായത്തില്‍ സൃഷ്ടിക്കുന്നുണ്ട്. 'അത് സുന്നത്താണ്, വിട്ടു കളയരുത്. ഇത് സുന്നത്തിന് എതിരാണ്, ചെയ്യാതെ നോക്കണം' എന്നൊക്കെയുള്ള ജാഗ്രതപ്പെടല്‍ ആരാധനാ - ആചാര സംബന്ധിയായ വിഷയങ്ങളിലാണ് പൊതുവില്‍ കാണാറുള്ളത്. അതിനപ്പുറത്തേക്ക് സുന്നത്ത് ഇല്ല! ഓരോ നമസ്‌കാര വേളയിലും ദന്ത ശുദ്ധി വരുത്തുന്നത് സംബന്ധിച്ച നബിവചനം പാലിക്കാന്‍ വ്യഗ്രതപ്പെടുന്നവരുണ്ട്. വീട്, പള്ളി, മദ്റസ തുടങ്ങിയവയുടെ പരിസരവും തങ്ങളുടെ തെരുവും, സ്വന്തം വസ്ത്രങ്ങള്‍ തന്നെയും ശുചിത്വത്തോടെ പരിപാലിക്കാന്‍ അതേ ജാഗ്രത അവര്‍ പുലര്‍ത്താറുണ്ടോ എന്ന് ആലോചിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല.
താടി വെട്ടിയൊതുക്കി സൂക്ഷിക്കുന്ന മുസ്‌ലിം യുവാവ്, സലൂണില്‍ തന്റെ ഊഴം കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ മുമ്പും ശേഷവും വന്ന വേറെയും ചിലര്‍ അവിടെ അവസരം പ്രതീക്ഷിച്ചിരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ശേഷം കടന്നു വന്നത്, താടി നീട്ടി വളര്‍ത്തുന്ന, അതില്‍ കത്രിക തൊടാനേ പാടില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ്. താടി വെട്ടിയൊതുക്കുന്നത് സുന്നത്തിന് എതിരാണെന്ന് വിശ്വസിക്കുന്ന പുതിയ ആഗതന്‍, നേരത്തേ അവിടെയിരിക്കുന്ന യുവാവിനെ അത് സംബന്ധിച്ച് ഉപദേശിക്കുകയും സുന്നത്ത് ലംഘനത്തില്‍ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെ ഒരു കസേര ഒഴിഞ്ഞപ്പോള്‍, ഉപദേശിയായ ആഗതന്‍ പെെട്ടന്ന് അതില്‍ കയറിയിരുന്നു, മുടി വെട്ടിച്ചു. താന്‍ ഉപദേശം നല്‍കിയ യുവാവിന്റെ ഊഴമാണ് അതെന്ന കാര്യം അറിയാമായിരുന്നിട്ടും അയാള്‍ ഗൗനിച്ചതേയില്ല. എല്ലാം കഴിഞ്ഞ് കസേരയില്‍ നിന്ന് ഇറങ്ങിയപ്പോള്‍, യുവാവ് ഉപദേശിയോട് ചോദിച്ചു; 'താങ്കള്‍ ഇപ്പോള്‍ ചെയ്തത് സുന്നത്തിന്റെ ലംഘനമല്ലേ? നിങ്ങള്‍ എന്റെ അവകാശം കവര്‍ന്നെടുത്തു, ക്യൂ പാലിക്കുകയെന്ന മര്യാദ ലംഘിച്ചു. ഇത് നബി ചര്യക്ക് വിരുദ്ധമല്ലേ? താടി കത്രിക തൊടാതെ നീട്ടി വളര്‍ത്തണോ, വെട്ടിയൊതുക്കാമോ, വടിക്കാമോ എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യസങ്ങളുണ്ട്. എന്നാല്‍, മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ സംശയമില്ലല്ലോ!?' ഉപദേശി ഒന്നും പറയാനാകാതെ കടന്നു പോയി. ഈ യഥാര്‍ഥ സംഭവത്തില്‍, കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്ത് അവകാശം വകവെച്ച് കൊടുക്കലും ക്യൂ പാലിക്കലും മര്യാദകള്‍ സൂക്ഷിക്കലുമാണല്ലോ. താടിരോമത്തിന്റെ നീളം ഇവിടെ ആപേക്ഷികമായി ലഘുവല്ലേ! കീഴ്‌മേല്‍ മറിച്ചിട്ട മതബോധത്തില്‍ പ്രവാചക ചര്യയിലെ സാംസ്‌കാരിക മൂല്യങ്ങളും സാമൂഹിക-രാഷ്ട്രീയ ബോധവും അഗണ്യ കോടിയില്‍ തള്ളപ്പെടുകയും ആചാരരൂപങ്ങള്‍ പരകോടിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തതാണ് ഈ താളഭംഗത്തിന്റെ മൂലഹേതു.
അട്ടിമറിക്കപ്പെട്ട മുന്‍ഗണനാക്രമങ്ങളെയും മത ചര്‍ച്ചകളെയും കുറിച്ച് അസ്വസ്ഥനായിട്ടുണ്ട് മുഹമ്മദുല്‍ ഗസ്സാലി. 'ലോകത്തെ അടിമുടി മാറ്റിപ്പണിയുക എന്നതായിരുന്നു പ്രവാചക ദൗത്യം. മഹാന്മാരായ തന്റെ അനുചരന്മാരായിരുന്നു അതിനുള്ള കരുക്കള്‍. ശക്തരും സംസ്‌കൃതരുമായ ആ തലമുറയെ എങ്ങനെയാണ് മുഹമ്മദ് വളര്‍ത്തിയെടുത്തതെന്ന് ആര്‍ക്കുമറിയില്ല. അവരാണ് നമ്മുടെ നല്ലവരായ മുന്‍ഗാമികള്‍. ഞാന്‍ മുഹമ്മദ് നബിയിലും അദ്ദേഹത്തിന്റെ അനുചരന്മാരിലും അങ്ങേയറ്റം ആകൃഷ്ടനാണ്' എന്ന് എഴുതിയ ശേഷമാണ് അദ്ദേഹം തന്റെ പരിദേവനങ്ങള്‍ പങ്കുവെക്കുന്നത്. മുസ്‌ലിം ലോകത്തെ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളെയും ആശങ്കപ്പെടുത്തുന്ന ഭാവിയെയും കുറിച്ച് ഗൗരവപൂര്‍വം ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അതിനിടയില്‍, ''ഒരു ചെറുപ്പക്കാരന്‍ വാതിലില്‍ മുട്ടി. അയാളുടെ കണ്ണുകളില്‍ ബുദ്ധിശക്തിയുടെയും ധീരതയുടെയും തിളക്കമുണ്ട്. അയാള്‍ ചോദിച്ചു; 'അല്ലാഹു ആകാശത്താണ് എന്ന വാദത്തെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?' അല്‍പം ആലോചിച്ചതിനു ശേഷം ഞാന്‍ പറഞ്ഞു: എങ്ങനെയാണ് താങ്കള്‍ക്ക് മറുപടി പറയേണ്ടത് എന്ന് അറിയില്ല. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണ്. അത്യുന്നതനായ എന്റെ രക്ഷിതാവിനെ ഞാന്‍ വാഴ്ത്തുന്നു. തങ്ങളുടെ മുകളിലുള്ള റബ്ബിനെ ഭയപ്പെടുകയും അവനാല്‍ നല്‍കപ്പെട്ട ശാസനകളനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് വിശേഷിപ്പിക്കപ്പെട്ടവരില്‍ ഒരാളായി മാത്രമേ ഞാന്‍ എന്നെ ഗണിക്കുന്നുള്ളൂ...... ആ യുവാവ് വിടുന്ന മട്ടില്ല. അല്‍ അഖീദത്തു ത്വഹാവിയ്യ നിങ്ങള്‍ വായിച്ചിട്ടില്ലേ?.... മുസ്‌ലിമിന്റെ വിശ്വാസം എന്ന താങ്കളുടെ കൃതിയോ?... അബുല്‍ ഹസന്‍ അശ്അരിയുടെ രീതി തന്നെയാണല്ലോ താങ്കളും സ്വീകരിച്ചത്! അദ്ദേഹമാകട്ടെ ദുര്‍വ്യാഖ്യാതാവാണ്.' യുവാവിന്റെ ഈ ചോദ്യങ്ങള്‍ക്കെല്ലാം തന്റേതായ വിശദീകരണങ്ങള്‍ നല്‍കിയ ശേഷം മുഹമ്മദുല്‍ ഗസ്സാലി ചോദിക്കുന്നു: 'പ്രിയപ്പെട്ട മകനേ, പുരാതന വൈജ്ഞാനിക വിവാദങ്ങള്‍ എന്തിനാണ്  നിങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നത്? നിങ്ങള്‍ എന്തിനാണ് ഇതൊക്കെ വീണ്ടും കത്തിച്ചു വിടുന്നത്?'
മറ്റൊരാളുടെ സംശയം ഇതാണ്; ''കഠിന ചൂടുള്ള ദിവസം മാധ്യാഹ്ന നമസ്‌കാരം പിന്തിക്കണമെന്ന ഹദീസ് താങ്കള്‍ ഓര്‍ക്കുന്നുണ്ടോ? കാരണം കഠിന ചൂട് നരകത്തില്‍ നിന്നാണ്!' ഞാന്‍ പറഞ്ഞു 'അതെ'! 'നരകം അല്ലാഹുവിനോട് ആവലാതി പറഞ്ഞതനുസരിച്ച്, നരകത്തിന് അനുവദിക്കപ്പെട്ട ശ്വാസ- നിശ്വാസത്തിന്റെ ബഹിര്‍ഗമനമാണ് ഉഷ്ണകാലത്തെ കൊടും ചൂട് ' - അയാള്‍ പറഞ്ഞു. 'പ്രബലമായ ഹദീസിന്റെ ഏകദേശ അര്‍ഥമാണിത്' ഞാന്‍ നിലപാട് വ്യക്തമാക്കി. 'ശരി, താങ്കളത് വിശ്വസിക്കുന്നുണ്ടോ?' അദ്ദേഹത്തിന്റെ ചോദ്യം. 'നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല' - ഞാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. അയാള്‍ വിടുന്നില്ല. '...അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത് ഞെരുക്കമല്ല.' ഞാന്‍ പറഞ്ഞു. 'ഞാന്‍ ചോദിക്കുന്നത് ഹദീസിന്റെ ശരിയായ അര്‍ഥമാണ്. നരകം യഥാര്‍ഥത്തില്‍ ആവലാതിപ്പെട്ടുവെന്നും അല്ലാഹു അതിന് ഒരു വിടുതി കൊടുത്തുവെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?' അയാള്‍ ചോദ്യം വിശദീകരിച്ചു. ഞാന്‍ തണുപ്പന്‍ മട്ടില്‍ പറഞ്ഞു: നരകം വാചാ സംസാരിക്കുകയും ആവശ്യം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് ചിലര്‍ മനസ്സിലാക്കി. ആ ബാഹ്യാര്‍ഥത്തില്‍ അവര്‍ക്ക് നിലകൊള്ളാം. അതോടൊപ്പം മറ്റൊരു വീക്ഷണമുണ്ട്. ഞാനതിനോട് കൂടുതല്‍ യോജിക്കുന്നു. ആശയ പ്രകാശനത്തിന് സ്വീകരിച്ച ആലങ്കാരിക രീതി മാത്രമാണിതെന്നതാണത്' - ഞാന്‍ പറഞ്ഞു. 'നരകത്തെക്കൊണ്ട് സംസാരിക്കുകയെന്നത് അല്ലാഹുവിന്റെ കഴിവിന്ന് അതീതമാണോ..... ' രൗദ്രഭാവത്തില്‍ അയാള്‍ ചോദിച്ചു (പ്രബോധകന്റെ മനോവ്യഥകള്‍, മുഹമ്മദുല്‍ ഗസ്സാലി). നിത്യപ്രസക്തങ്ങളായ നന്മകളും മൂല്യങ്ങളും പഠിപ്പിക്കുന്ന സാമൂഹിക പ്രധാനമായ എത്രയെത്ര നബി വചനങ്ങളുണ്ട്! എന്നിട്ടും സാമൂഹികോന്മുഖമായ സുന്നത്തിലല്ല, ജീവിതത്തെ സംബന്ധിച്ച് പ്രധാനമല്ലാത്ത ഫിഖ്ഹ് ചര്‍ച്ചകളിലാണ് പലരും അഭിരമിക്കുന്നത്.
ആകാര നിഷ്ഠവും ആരാധനാ പ്രധാനവും ആചാര പ്രോക്തവുമായ നബി മാത്യകകള്‍ക്ക് മാത്രമാണ്  സുന്നത്ത് എന്ന് മുസ്‌ലിം സമുദായം പ്രചുരമായി പ്രയോഗിക്കാറുള്ളത്. 'അത് സുന്നത്തല്ലേ, ഇത് സുന്നത്താണോ, അത് സുന്നത്തിന് എതിരാണ്' എന്നൊക്കെ  പൊതുവില്‍ പറയുന്നത്, വസ്ത്രം, ശരീര രൂപങ്ങള്‍, ആരാധനകള്‍, ഭക്ഷണം, പ്രാര്‍ഥന തുടങ്ങിയവയുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര വിഷയങ്ങളെക്കുറിച്ചാണ്. ഇസ്‌ലാമിനെ ആരാധനാ പ്രധാനമായൊരു മതം മാത്രമായി കണ്ട ചരിത്ര പശ്ചാത്തലത്തിലാണ് ഇവ്വിധം സുന്നത്ത് ആരാധനാപരവും ആകാരപരവുമൊക്കെയായത്. ഇടുങ്ങിയ മതത്തില്‍ നിന്ന് ഇസ്‌ലാമിനെ സാംസ് കാരിക-സാമൂഹിക-രാഷ്ട്രീയ സ്വഭാവമുള്ള ജീവിത ദര്‍ശനമെന്ന തനത് രൂപത്തിലേക്ക് തിരികെയെത്തിച്ചെങ്കിലും സുന്നത്തില്‍ ഇപ്പോഴും ആരാധനാ മതത്തിന്റെ വശങ്ങള്‍ തന്നെയാണ് മുഖ്യം. സുന്നത്ത് എന്ന പ്രയോഗം സംബന്ധിച്ച സമുദായത്തിനകത്തെ ഈ പൊതുബോധത്തെ, മുന്‍ഗണനകളെ മാറ്റിപ്പണിയുമ്പോഴേ, നബിചര്യയുടെ സാമൂഹിക-സാംസ്‌കാരിക ആവിഷ്‌കാരങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിര്‍വഹിക്കപ്പെടുകയുള്ളൂ. ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ ഖുര്‍ആന്‍ എത്രമേല്‍ സമഗ്രമാണോ, അതേ സമഗ്രതയുണ്ടാകുമ്പോള്‍ മാത്രമല്ലേ, രണ്ടാം പ്രമാണമായ സുന്നത്ത്,  ഖുര്‍ആന്റെ വ്യാഖ്യാനമാണ് എന്ന് പറയാനാവൂ.
യഥാര്‍ഥത്തില്‍, പൊതുമര്യാദകള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, നീതി സ്ഥാപനം, കീഴാള വിമോചനം, പരിസ്ഥിതി സംരക്ഷണം, സാമുദായിക സൗഹാര്‍ദം, നയതന്ത്രം, ആസൂത്രണം തുടങ്ങി സാമൂഹിക പ്രധാനമായ സുന്നത്തിന്റെ ആവിഷ്‌കാരങ്ങളാണ് പ്രവാചക ചരിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നബിയെ ലോകത്തിന്റെ അനുഗ്രഹവും കാരുണ്യവും മര്‍ദിതരുടെ വിമോചകനും നീതിയുടെ പോരാളിയും മറ്റുമാക്കുന്നത് ഇത്തരം സാമൂഹിക മൂല്യങ്ങളാണ്, ആചാര രൂപങ്ങളല്ല. ഖുര്‍ആന്‍ വിമോചകനായി അവതരിപ്പിച്ച പ്രവാചകനെ പില്‍ക്കാല സമൂഹത്തിന്  അനുഭവിക്കാനാകണമെങ്കില്‍ ഇത്തരം സാമൂഹിക പ്രധാനമായ നബിചര്യകള്‍ പ്രാധാന്യപൂര്‍വം പ്രയോഗവല്‍ക്കരിക്കാന്‍ നബിയെ സ്‌നേഹിക്കുന്നവര്‍ക്കാകണം. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം മഹിതമായ സുന്നത്താണ് എന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നു. നെഞ്ചില്‍ കയറ്റി വെച്ച കരിമ്പാറയുടെ ഭാരമിറക്കി, വരേണ്യ പ്രമാണി ഉമയ്യത്തിന്റെ ചാട്ടവാറടികളില്‍ നിന്ന് ബിലാലുബ്‌നു റബാഹിനെ മോചിപ്പിച്ചെടുത്ത നബിയുടെ നടപടി ഒന്നാന്തരമൊരു സുന്നത്താണ്. ഇത് പക്ഷേ സുന്നത്തായി ഏറ്റെടുക്കപ്പെടുന്നുണ്ടോ? ബിലാലിന്റെ പിന്മുറക്കാര്‍, ദലിതരും മറ്റും സവര്‍ണ മാടമ്പിമാരുടെ അടിമപ്പാളയങ്ങളില്‍, പലതരം ചാട്ടവാറടികളും ചങ്ങലക്കെട്ടുകളുമായി നരകിക്കുന്ന ജാതിഭ്രാന്തിന്റെ സാമൂഹിക പരിസരത്ത്, കീഴാള വിമോചനത്തിന്റെ സുന്നത്ത് എത്രമേല്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നുണ്ട്! 'നിങ്ങള്‍ എപ്പോഴാണ് ജനങ്ങളെ അടിമകളാക്കിയത്? അല്ലാഹു അവരെ പടച്ചത് സ്വതന്ത്രരായാണ്! മാതാക്കള്‍ അവരെ പ്രസവിച്ചതും സ്വതന്ത്രരായാണ്!' ദുര്‍ബലന്റെ മുഖത്തടിച്ചവനോട് ഉമറു ബ്‌നു ഖത്ത്വാബിന് ഇത് ചോദിക്കാനായത്, പ്രവാചക അധ്യാപനങ്ങളെ (സുന്നത്ത്) ആത്മാവറിഞ്ഞ് ഉള്‍ക്കൊള്ളാനായതു കൊണ്ടാണ്. ഈ ചോദ്യം നമ്മുടെ കാലത്തെ കീഴാളര്‍ക്ക് വേണ്ടി ഉന്നയിക്കാന്‍, നബിയുടെ അനന്തരാവകാശികളെന്ന നിലയില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും കഴിയുമ്പോള്‍ മാത്രമാണ് സുന്നത്തിന്റെ സാമൂഹികതയെ അവര്‍ അംഗീകരിച്ചുവെന്ന് പറയാനാവുക.
റോഡില്‍ സഞ്ചരിക്കുമ്പോഴും, വാഹനം ഓടിക്കുമ്പോഴും പാര്‍ക് ചെയ്യുമ്പോഴും, റോഡരികിലിരുന്ന് സംസാരിക്കുമ്പോഴും പാലിക്കേണ്ട മര്യാദകള്‍ നബി പഠിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നബിചര്യ, സുന്നത്ത് ആണ്. വാഹനമോടിച്ച് വന്ന്, പള്ളിയില്‍ കയറി അംഗശുദ്ധി വരുത്തി  സുന്നത്ത് കണിശമായി പാലിച്ച് നമസ്‌കരിച്ച് പ്രാര്‍ഥിച്ച് മടങ്ങുന്ന ഒരാള്‍, വാഹനം പാര്‍ക് ചെയ്യുമ്പോഴും തിരികെ ഡ്രൈവ് ചെയ്യുമ്പോഴും നിര്‍ബന്ധമായും പ്രാവര്‍ത്തികമാക്കേണ്ടവയാണ് ഈ സുന്നത്തുകള്‍. വഴിയുടെ അവകാശങ്ങള്‍ എന്ന പേരില്‍ നബി അത് പഠിപ്പിക്കുകയുണ്ടായി. 
നേരത്തേ ഉറങ്ങുകയും ഉണരുകയും ചെയ്യുക നബിയുടെ സുന്നത്താണ്. രാത്രി ഏറെ വൈകിയും ലൈറ്റുകള്‍ കത്തിച്ചു വെച്ച് ഉറക്കമിളച്ചിരിക്കുന്നത് ആ നിലക്ക് സുന്നത്തിന് ചേര്‍ന്നതല്ല. വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, പരിസ്ഥിതി -സാംസ്‌കാരിക മൂല്യങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണത്തില്‍ ഈ ചിട്ട പ്രധാനമാണെന്ന് അല്‍പമൊന്ന് ആലോചിച്ചാല്‍ മനസ്സിലാകും. സാമൂഹിക പ്രധാനമായ ഈ സുന്നത്തിന് നാം എത്ര ഗൗരവം നല്‍കുന്നുണ്ട്! വഴിയില്‍ പ്രയാസമുണ്ടാക്കുന്ന മുള്ളുകള്‍ എടുത്തു മാറ്റുക, ഉപദ്രവങ്ങള്‍ നീക്കം ചെയ്യുക, വിയര്‍പ്പ് ഉണങ്ങുന്നതിന് മുമ്പ് തൊഴിലാളിക്ക് കൂലിനല്‍കുക, കച്ചവടക്കാര്‍ സത്യസന്ധത പാലിക്കുക, ചതിയും വഞ്ചനയും ഉപേക്ഷിക്കുക, വെള്ളം ധാരാളമുണ്ടെങ്കിലും ഒട്ടും ദുര്‍വ്യയം ചെയ്യാതിരിക്കുക, ഭക്ഷണം ധൂര്‍ത്തടിക്കുകയും വെയ്സ്റ്റാക്കി കളയാതിരിക്കുകയും ചെയ്യുക, കൃത്യനിഷ്ഠ പാലിക്കുക, ജോലിയില്‍ ശ്രദ്ധിക്കുകയും പൂര്‍ണതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക, അയല്‍വാസിയെ ആദരിക്കുകയും - വീട്, കട, കൃഷിഭൂമി, പ്രദേശം, രാജ്യം തുടങ്ങി ഏതാണെങ്കിലും - അയല്‍വാസിക്ക് യാതൊരു പ്രയാസവും ഉണ്ടാക്കാതിരിക്കുകയും ചെയ്യുക, സദസ്സിലും യാത്രയിലും ഇരിപ്പിടങ്ങളില്‍ വിശാലത കൈകൊണ്ട് മറ്റുള്ളവരെയും സാധ്യമാകുന്നത്ര ഉള്‍ക്കൊള്ളുക തുടങ്ങി എത്രയെത്ര സാംസ്‌കാരിക മൂല്യങ്ങളാണ് സുന്നത്തിനെ സമ്പന്നമാക്കുന്നത്. ഒരിക്കല്‍ സംഭവിച്ചു പോയ 'കറുത്തവളുടെ മകന്‍' എന്ന വംശീയ അധിക്ഷേപത്തില്‍ അത്യധികം രോഷാകുലനായി ശാസിച്ച നബി, എല്ലാവരുടെയും അഭിമാനം സംരക്ഷിക്കുന്ന സാമൂഹികബോധത്തെയാണ് സുന്നത്തിലൂടെ പകര്‍ന്നു തന്നത്. യുദ്ധത്തില്‍ വധിക്കപ്പെട്ട എതിരാളികളുടെ കുട്ടികളുടെയും ഭാര്യമാരുടെയും വേദനകള്‍ക്ക് വലിയ വില കല്‍പിച്ച മുഹമ്മദ് നബി ഇതേ സമൂഹികബോധത്തെ നമുക്കും പകര്‍ന്നു തരികയായിരുന്നു. കണ്ണീരൊഴുക്കി വന്ന ഒട്ടകം നബിയെ തൊട്ടുരുമ്മി നില്‍ക്കുന്നു. ആ മിണ്ടാപ്രാണിയുടെ വേദന മനസ്സിലാക്കി, അതിന്റെ ഉടമസ്ഥനെ കണ്ടെത്താനും ഭക്ഷണം കൊടുക്കാനും ആവശ്യപ്പെടുന്നു. മനുഷ്യരുടെ മോചനമായി മാത്രമല്ല, മൃഗങ്ങളോടുള്ള കാരുണ്യമായും സുന്നത്ത് ചരിത്രമെഴുതിയിരുന്നുവെന്നര്‍ഥം! സാമൂഹിക നന്മകള്‍ക്ക് നബിചര്യ നല്‍കിയ ഇത്ര വര്‍ധിച്ച പ്രോത്സാഹനത്തില്‍ ഇസ്‌ലാമിക സൗന്ദര്യത്തിന്റെ ചായക്കൂട്ടുകള്‍ ഉള്ളടങ്ങിയിരിക്കുന്നു. എന്നാല്‍ സുന്നത്ത് പിന്തുടരുന്നതിലെ കണിശത, സംസം വെള്ളം എഴുന്നേറ്റ് നിന്ന് കുടിക്കുന്നതിലും സ്വുബ്ഹ് നമസ്‌കാരത്തിന് തൊട്ടുമുമ്പ് പള്ളിയില്‍ ചരിഞ്ഞ് കിടക്കുന്നതിലും വരെ കാണിക്കുമ്പോള്‍, ഇത്തരം മഹിതമായ സാമൂഹിക മൂല്യങ്ങളില്‍ ആവശ്യമായ ജാഗ്രത നാം പുലര്‍ത്താറുണ്ടോ?
മുഹമ്മദ് നബി വിശുദ്ധ ഖുര്‍ആന്റെ അനേകായിരം കോപ്പികളെടുത്തു, ലോകത്തിനു മുമ്പില്‍ വെച്ചു. ഖുര്‍ആന്റെ ജീവല്‍ പതിപ്പുകളായിരുന്നു അവ. കല്ലിലോ, തോലിലോ, മരവുരിയിലോ എഴുതിയ കോപ്പികളല്ല. പേപ്പറില്‍ അച്ചടിച്ചതോ, ചിപ്പുകളില്‍ പകര്‍ത്തിയതോ അല്ല. ഭൂമിയില്‍ ജീവിക്കുന്ന പച്ച മനുഷ്യരിലേക്ക് പകര്‍ത്തിവെച്ച ഖുര്‍ആന്‍. പ്രവാചകാനുചരന്മാര്‍ ഖുര്‍ആനിക മൂല്യങ്ങളുടെ ജീവിക്കുന്ന പതിപ്പുകളായിരുന്നു. ഖുര്‍ആനിന് നബി (സ) നല്‍കിയ ഏറ്റവും നല്ല വിശദീകരണവും വ്യാഖ്യാനവുമായിരുന്നു സ്വഹാബികള്‍. 'സുന്നത്ത്' അവരില്‍ നന്മകളായി, മൂല്യങ്ങളായി പൂത്തുലഞ്ഞു. സുന്നത്ത് ആദ്യം ജീവിതമായിരുന്നു, പിന്നെയാണത് പുസ്തകമായത്, ഹദീസ് സമാഹാരങ്ങളായത്. പുസ്തകമാകാത്ത ജീവിതങ്ങളുണ്ടാകാം. പക്ഷേ, ജീവിതമാകാത്ത പുസ്തകങ്ങളോ? അവ അര്‍ഥശൂന്യങ്ങളല്ലേ?

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്