Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

ഗവേഷണം, അധ്യാപനം

എം.വി മുഹമ്മദ് സലീം

(ജീവിതം-13 )

ഖത്തറില്‍ ബിസിനസ് വിജയകരമായി മുന്നോട്ട് പോവുകയായിരുന്നു. ഒരു തവണ നാട്ടില്‍ വന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബ് എന്നെ വിളിപ്പിച്ചു. ഞാന്‍ കോഴിക്കോട് ഹിറാസെന്ററിലേക്ക് ചെന്നു. ടി.കെ അബ്ദുല്ല സാഹിബ് അവിടെ സന്നിഹിതനായിരുന്നു. രണ്ടു പേരും ചേര്‍ന്ന് എന്റെ മുമ്പില്‍ ഒരു പ്രധാന ആശയം അവതരിപ്പിച്ചു: 'ശാന്തപുരം കോളേജ് അല്‍ ജാമിഅ ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. താങ്കളുടെ വൈജ്ഞാനിക സേവനം ജാമിഅക്ക് ആവശ്യമാണ്. അതുകൊണ്ട് താങ്കള്‍ ജാമിഅയിലേക്ക് വരണം.'
ഗള്‍ഫ് ജീവിതം പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. കച്ചവട സ്ഥാപനം ഒന്നുകില്‍ വില്‍ക്കുകയോ അല്ലെങ്കില്‍ തുടര്‍ന്ന് നടത്താന്‍ വിശ്വസ്തരായ ആളെ കണ്ടെത്തി ഏല്‍പ്പിക്കുകയോ വേണം. ഇതിനെല്ലാം വേണ്ട സാവകാശം ഞാന്‍ ആവശ്യപ്പെട്ടു. കച്ചവട സ്ഥാപനം നടത്തിക്കൊുപോകാന്‍ ഞാന്‍ ഒരു പഴയ സുഹൃത്തിനെ ഏല്‍പിക്കുകയാണ് ചെയ്തത്.
ശാന്തപുരത്ത് അധ്യാപനത്തിന് പുറമെ മറ്റൊരു ചുമതല കൂടി എനിക്കുായിരുന്നു. അല്‍ ജാമിഅയില്‍ തുടങ്ങാന്‍ പോകുന്ന റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ സ്ഥാനം. ഒട്ടും പരിചയമില്ലാത്ത ഒരു പുതിയ മേഖലയിലേക്ക് കാലെടുത്തുവെക്കാന്‍ പോവുകയാണ്. അതിന് ഭാഗികമായെങ്കിലും തയാറാവേണ്ടതുണ്ട് എന്ന് മനസ്സ് പറഞ്ഞു. റിസര്‍ച്ച് എന്ത്, എങ്ങനെ എന്ന് വിശദമായി പഠിക്കാന്‍ ഉതകുന്ന ധാരാളം ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചു. ഔദ്യോഗികമായി പരിഗണിക്കപ്പെടുന്ന ഒരു സര്‍ട്ടിഫിക്കറ്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ക്ക് അനിവാര്യമാണ്. ഞാനാണെങ്കില്‍ എസ്.എസ്.എല്‍.സി പാസ്സായതിനുശേഷം ആര്‍ജിച്ച വിദ്യാഭ്യാസം മുഴുവനും അനൗദ്യോഗികമായിരുന്നു. അതിനാല്‍ റിസര്‍ച്ച് സെന്ററിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പ് ചുരുങ്ങിയത് എം.എ ഡിഗ്രിയെങ്കിലും നേടിയിരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ അറുപത്തിനാലാം വയസ്സില്‍ വിദൂര പഠനത്തിലൂടെ സോഷ്യോളജിയില്‍ എം.എ ബിരുദം കരസ്ഥമാക്കി. ഇങ്ങനെ ചില പ്രാഥമിക തയാറെടുപ്പുകളോടെയാണ് ചുമതലയേറ്റത്. 
റിസര്‍ച്ച് സെന്ററിനെ കുറിച്ച് എനിക്ക് ഒരു സങ്കല്‍പമുണ്ടായിരുന്നു. നേതൃത്വത്തിന്റെ സങ്കല്‍പത്തില്‍നിന്നും വ്യത്യസ്തമായിരുന്നു അത് എന്ന് പിന്നീട് മനസ്സിലായി. നേതൃത്വം ഉദ്ദേശിച്ചത് ഔദ്യോഗിക റിസര്‍ച്ച് അല്ല. വ്യത്യസ്ത വിഷയങ്ങളില്‍ പഠനം നടത്തുന്ന സംവിധാനം; അത്രമാത്രം. അഥവാ, ഇസ്ലാമിനെതിരെ ഉയരുന്ന വിവിധ വിഷയങ്ങളെ നിരൂപണം നടത്താനും മറുപടി പറയാനും പ്രാപ്തരായ പണ്ഡിതര്‍ അതിലൂടെ വളര്‍ന്നു വരണം എന്നാണ് അവര്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ ശാസ്ത്രീയമായ ഗവേഷണത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത. അതിന് ലോകത്ത് എക്കാലത്തും മൂല്യമുണ്ട്. ഒരു ഗവേഷണ പ്രബന്ധം യൂനിവേഴ്സിറ്റി അംഗീകരിച്ചു കഴിഞ്ഞാല്‍ അത് ആധികാരിക രേഖയാണ്. മറ്റുള്ളവര്‍ക്കത് റഫറന്‍സായി ഉപയോഗിക്കാം. എന്നാല്‍ 350 പേജുള്ള ഒരു ഗവേഷണ പഠനം (തിസീസ്) തയാറാക്കണമെങ്കില്‍ ചുരുങ്ങിയത് 3500 പേജെങ്കിലും വായിച്ചിരിക്കണം. അതിനാല്‍ ഗവേഷകന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് തിസീസ്. ഇങ്ങനെ ഗഹനമായി വിഷയങ്ങള്‍ പഠിക്കുന്ന പ്രഗത്ഭരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്ന കേന്ദ്രമാണ് ഗവേഷണ കേന്ദ്രം. ഇതായിരുന്നു റിസര്‍ച്ച് സെന്ററിനെ സംബന്ധിച്ച എന്റെ കാഴ്ചപ്പാട്.
2004 മുതല്‍ ഞാന്‍ ശാന്തപുരത്ത് ഡയറക്ടറായി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞു. എന്റെ കാഴ്ചപ്പാടിലുള്ള ഒരൊറ്റ റിസര്‍ച്ചറെയും കിട്ടിയില്ല. പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ തിരക്കു തന്നെ കാരണം. കഴിവുളള വ്യക്തികള്‍ പ്രസ്ഥാനം ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ വ്യാപൃതരായിരിക്കും. മുഴുസമയം അതിനു വേണ്ടി നീക്കിവെക്കേണ്ടിവരും. ആഴമേറിയ വായനയില്‍ മുഴുകാനോ ഗവേഷണം നടത്താനോ സമയം കിട്ടില്ല. പിന്നെ എങ്ങനെ കനപ്പെട്ട ഒരു തിസീസ് തയാറാക്കും! വൈജ്ഞാനിക കഴിവുളള ആളുകളെ പഠിക്കാന്‍ വേണ്ടി മാത്രം മാറ്റിവെക്കണം. അങ്ങനെ മാറ്റിവെച്ചാല്‍ പഠനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവരിലൂടെ പതിന്മടങ്ങ് പ്രയോജനം  പ്രസ്ഥാനത്തിന് ഉണ്ടാകും.
വിദ്യാഭ്യാസത്തെ കുറിച്ച് ചില പഠനങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച അനുഭവമുണ്ട്. സെല്‍ഫ് എജുക്കേഷനാണ് വിജ്ഞാനത്തില്‍ സ്ഥിരപ്രതിഷ്ഠ സാധ്യമാക്കുന്ന ഏറ്റവും നല്ല രീതി. അഥവാ സ്വയം പഠിക്കല്‍. വിശുദ്ധ ഖുര്‍ആന്‍ ഈ രീതിയില്‍ ഗഹനമായി പഠിക്കാനുതകുന്ന ഒരു കോഴ്‌സ് പ്ലാന്‍ ചെയ്തു. ആദ്യത്തെ ആറു മാസം ഖുര്‍ആന്‍ ഒരാവൃത്തി അര്‍ഥവും ഘടനയും മനസ്സിലാക്കി പഠിക്കാനുള്ള അവസരമാണ്. നൂറ്റി അമ്പത് പഠിതാക്കള്‍ ഈ ഘട്ടം പൂര്‍ത്തിയാക്കി പരീക്ഷയെഴുതി വിജയിച്ചു. തുടര്‍ന്ന് ഗഹനമായ പഠനമായിരുന്നു. അതില്‍ അവസാനം പത്തു പേര്‍ പഠനം പൂര്‍ത്തിയാക്കി. രണ്ടു പേര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഖുര്‍ആനിക പഠനത്തില്‍ ഡോക്ടറേറ്റ് നേടി. ഗഹനമായ ഗവേഷണ പഠനങ്ങളാണ് അവര്‍ സമര്‍പ്പിച്ചത്.
സെല്‍ഫ് എജുക്കേഷനിലൂടെ പരമ്പരാഗത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും ഉയരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. പഠനത്തിന് പ്രായം പ്രശ്‌നമല്ല. സ്വന്തം അധ്വാനത്തിലൂടെ ഉയരങ്ങള്‍ എത്തിപ്പിടിച്ച ധാരാളം പേരുണ്ട്. നമ്മുടെ മുമ്പിലുളള ഉദാഹരണം മര്‍ഹും ടി. മുഹമ്മദ് സാഹിബ്. ഔദ്യോഗിക വിദ്യാഭ്യാസം വളരെ കുറവ്. എന്നാല്‍ സ്വന്തമായി മലയാളവും സംസ്‌കൃതവും പഠിച്ച് മലയാളത്തില്‍ മൗലികതയുള്ള കൃതികള്‍ രചിച്ചു. സെല്‍ഫ് എജുക്കേഷന്റെ ഫലം! ഒരു ഗൈഡ് കൂടി ഉണ്ടെങ്കില്‍ സ്വയം പഠിക്കല്‍ വളരെ വേഗം ലക്ഷ്യത്തിലെത്തുന്നു. അറബ് ലോകത്തെ വിജ്ഞാന വിസ്മയമായ അബ്ബാസ് മഹ്മൂദ് അഖ്ഖാദ് സ്വന്തം അധ്വാനത്തിലൂടെ നേടിയ വിജ്ഞാനം ഗവേഷണ വിദ്യാര്‍ഥികള്‍ പോലും  പഠനവിഷയമാക്കുന്നു.
രണ്ടു കൊല്ലമായിട്ടും റിസര്‍ച്ച് സെന്റര്‍ ഉദ്ദേശിച്ചപോലെയായില്ല. മറുഭാഗത്ത് ഖത്തറിലെ എന്റെ ബിസിനസും പ്രതിസന്ധിയിലായി. ഏല്‍പിക്കപ്പെട്ടവര്‍ക്ക് അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 2005 അവസാനത്തില്‍ ഞാന്‍ ജാമിഅയില്‍നിന്ന് ലീവെടുത്ത് വീണ്ടും ഖത്തറിലേക്ക് പോയി. അന്നത്തെ അമീര്‍ ആരിഫലി സാഹിബിനോട് ഞാന്‍ പറഞ്ഞു: 'ഒരു കൊല്ലം എനിക്ക് ഒഴിവ് തരണം. എന്റെ ബിസിനസ് പൂര്‍വസ്ഥിതിയിലാക്കണം. ശേഷം അത് കൈമാറ്റം ചെയ്യണം. വേറൊരു വഴി എന്റെ മുമ്പിലില്ല'. അങ്ങനെ കുറച്ച് കാലം ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മെച്ചപ്പെട്ട നിലയിലേക്ക് അതിനെ ഉയര്‍ത്തി. തുടര്‍ന്ന് ആ സ്ഥാപനം വിറ്റു. 2007-ല്‍ നാട്ടിലേക്ക് തിരിച്ചുവന്നു. അല്‍ ജാമിഅയിലെ ഖുര്‍ആന്‍ കോളേജിന്റെ പ്രിന്‍സിപ്പലായി എന്നെ നിയമിച്ചു. ഒപ്പം വിവിധ ക്ലാസുകളില്‍ അധ്യാപനവും. ഖുര്‍ആന്‍ കോളേജ് ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി. ആ ഘട്ടത്തിലാണ് ഇനായത്തുല്ല സുബ്ഹാനി സാഹിബിനെ ജാമിഅയിലേക്ക് അധ്യാപകനായി ക്ഷണിച്ചത്. ആ സന്ദര്‍ഭത്തില്‍ നടന്ന യോഗത്തില്‍ ഞാന്‍ പറഞ്ഞു: 'സുബ്ഹാനി സാഹിബ് ഖുര്‍ആന്‍ പണ്ഡിതനാണ്. അദ്ദേഹം വരുന്നുണ്ടെങ്കില്‍ ഖുര്‍ആന്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം അദ്ദേഹത്തിന് കൊടുക്കണം'. എന്റെ അഭിപ്രായം പരിഗണിക്കപ്പെട്ടു. ഹദീസ് കോളേജിന്റെ പ്രിന്‍സിപ്പലായി എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഒരു ചെറിയ അനാരോഗ്യ പ്രശ്നം എന്നെ തേടിയെത്തി. ചുമതലകളില്‍നിന്ന് ഒഴിഞ്ഞു. എന്റെ സേവനം അധ്യാപനത്തില്‍ ഒതുക്കി.
ഡോ. അബ്ദുസ്സലാം അഹ്മദ് നിരവധി പരിഷ്‌കരണങ്ങള്‍ ജാമിഅയില്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അക്കൂട്ടത്തില്‍ ഒന്നായിരുന്നു സ്മാര്‍ട്ട് ക്ലാസ് റൂം. ഇത് എനിക്ക് വലിയ ആശ്വാസമായി. ക്ലാസ്സിന്റെ എത്രയോ മടങ്ങ് സമയം യാത്രക്ക് ഉപയോഗിക്കേണ്ടി വന്നിരുന്നു. വീട്ടില്‍ വേണ്ട സൗകര്യങ്ങളൊരുക്കി ഞാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തി. കോളേജില്‍ ഹാജരാകാതെ ഓണ്‍ലൈനില്‍ ക്ലാസ് എടുക്കാന്‍ തുടങ്ങി. ക്ലാസുകളുള്ള ദിവസങ്ങളില്‍ വീട്ടില്‍നിന്ന് എന്നെ കൊണ്ടുപോകാനായി ജാമിഅ കാര്‍ അയക്കുമായിരുന്നു. തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യും.  ഓണ്‍ലൈന്‍ ക്ലാസിലൂടെ ഈ യാത്രാചെലവും അധ്വാനവും ഒഴിവാക്കാന്‍ കഴിഞ്ഞു.
ഗള്‍ഫുമായുള്ള ബന്ധം ഞാന്‍ വിഛേദിച്ചിരുന്നില്ല. അതിനാല്‍ പല ആവശ്യങ്ങള്‍ക്കായി ഗള്‍ഫില്‍ പോകുമ്പോഴും ക്ലാസ്സുകള്‍ മുടങ്ങാതെ നടത്താന്‍ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു നേട്ടം. ഒരടി കൂടി മുന്നോട്ടു പോയി ഗള്‍ഫിലുള്ള പണ്ഡിതന്മാരെ സ്മാര്‍ട്ട് ക്ലാസ് റൂമിലൂടെ അധ്യാപനം നടത്താന്‍ ക്ഷണിക്കുന്ന പദ്ധതികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇങ്ങനെ ലോകത്തെവിടെയുമുള്ള പണ്ഡിതന്മാരുടെയും സേവനം സ്മാര്‍ട്ട് ക്ലാസ് റൂമിലൂടെ നമുക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും.
സാധാരണ ക്ലാസ്സുകളേക്കാള്‍ വളരെ ഉയര്‍ന്ന നിലവാരത്തില്‍ അധ്യാപനം നടത്താന്‍ പറ്റുന്ന സംവിധാനമാണിത്. പവര്‍ പോയിന്റ് പ്രസന്റേഷന്‍, വീഡിയോ പ്രസന്റേഷന്‍ എന്നിവക്കുപുറമെ പഠിതാക്കളെ ബോധവല്‍ക്കരിക്കാന്‍ ഉപകരിക്കുന്ന അനേകം സംവിധാനങ്ങള്‍  ഇന്ന് ലഭ്യമാണ്. അവയെല്ലാം ഉപയോഗപ്പെടുത്തി  ക്ലാസ്സുകള്‍ ഹൃദ്യവും ആനന്ദകരവും  പ്രയോജനപ്രദവുമാക്കാന്‍ സ്മാര്‍ട്ട് ക്ലാസ് റൂമിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
ജാമിഅയിലെ പഠനനിലവാരം ഉയര്‍ത്താന്‍ പല രീതികളും പരീക്ഷിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസ രീതിയില്‍ ക്ലാസ്സെടുക്കാന്‍ അധ്യാപകരെ സജ്ജരാക്കാനുള്ള ചില ക്ലാസ്സുകള്‍ നടത്താന്‍ എനിക്കവസരം ലഭിച്ചു. എന്നാല്‍ അവ അപൂര്‍ണങ്ങളായിരുന്നു. പണിപ്പുര രീതിയില്‍ കൂടുതല്‍ സമയമെടുത്ത് ചെയ്യുമ്പോള്‍ മാത്രമേ പരിശീലനത്തിന് പ്രയോജനമുണ്ടാവുകയുള്ളു. അധ്യാപകര്‍ നിത്യ വിദ്യാര്‍ഥികളാവണം. പുതിയത് പഠിച്ചുകൊണ്ടിരിക്കണം. തൊട്ടിലില്‍ തുടങ്ങി ചുടലയില്‍ അവസാനിക്കുന്ന വിജ്ഞാന സമ്പാദനം അധ്യാപകര്‍ക്ക് അനിവാര്യമാണ്.
താഴെ ക്ലാസ്സുകളില്‍നിന്ന് ശീലിച്ച അധ്യയന രീതി ഉന്നത വിദ്യാഭ്യാസത്തില്‍ തുടരാന്‍ പാടില്ല. ഇത് നടപ്പാക്കാന്‍ പ്രാപ്തരായ ധാരാളം അധ്യാപകര്‍ വേണം. ഓരോ വിഷയവും പ്രത്യേകം പഠിച്ച അധ്യാപകരുണ്ടാവണം. ഇതിന്റെയെല്ലാം അഭാവത്തില്‍ നടക്കുന്ന പരിഷ്‌കരണങ്ങളാണ് ഇപ്പോഴുള്ളത്. അതിനാല്‍ അവ അപൂര്‍ണമായിരിക്കും. ഇസ്‌ലാമിക വിദ്യാഭ്യാസം ശാസ്ത്രീയമായി നല്‍കുന്ന രീതികള്‍ അറബ് നാടുകളിലെ യൂനിവേഴ്‌സിറ്റികള്‍ വികസിപ്പിച്ചെടുത്തിട്ടു്. അതിന്റെ ചുവടുപിടിച്ച് നമ്മുടെ സ്ഥാപനങ്ങളിലും പരിഷ്‌കരണങ്ങള്‍ വരുത്താനുള്ള സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണ്.
പരിശീലനത്തിലൂടെ കഴിവുകള്‍ വികസിപ്പിക്കാമെന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല. പഠനപ്രായം കഴിഞ്ഞാല്‍ പിന്നെ ഉള്ള അറിവ് വിതരണം ചെയ്താല്‍ മതി എന്ന ധാരണയാണ് ചിലര്‍ക്ക്. മലപ്പുറം മസ്ജിദുല്‍ ഫത്ഹില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കുന്ന കാലത്ത് ഏതാനും ഖുത്വ്ബ പരിശീലന പണിപ്പുരകള്‍ നടത്തിയിരുന്നു. അതിലൂടെ ചില പുതിയ ഖത്വീബുമാരെ കണ്ടെത്താനായി. ഇതൊരു സ്ഥിരം സംവിധാനമാക്കിയാല്‍ നമ്മുടെ പള്ളി മിമ്പറുകളുടെ ദൗത്യം വളരെ ഭംഗിയായി നിര്‍വഹിക്കാനാവും.
അടുത്ത കാലത്തായി വിശുദ്ധ ഖുര്‍ആന്‍ ക്ലാസ്സെടുക്കുന്നതിന്റെ ഒരു മാതൃക അവതരിപ്പിക്കാന്‍ മലപ്പുറം ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ സൗകര്യം ചെയ്തിരുന്നു. ജനബാഹുല്യം കാരണം വ്യക്തികളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ ഈ മാതൃകാ ക്ലാസ്സില്‍ കഴിയാതെ പോയി. ഈ പരിപാടി ഒരു വര്‍ക്‌ഷോപ്പാക്കി തെരഞ്ഞെടുത്ത വ്യക്തികളെ പരിശീലിപ്പിച്ചാല്‍ മറ്റുള്ളവരെ പരിശീലിപ്പിക്കാന്‍ അവര്‍ പ്രാപ്തരായി മാറുമായിരുന്നു.  ഇപ്പോള്‍ ബിസിനസ് മേഖലയിലാണ് നിരന്തരം പരിശീലനങ്ങള്‍ നടക്കുന്നത്. ഇസ്‌ലാമിക പ്രബോധന രംഗത്ത് ഈ പരിശീലനങ്ങള്‍ കൂടുതല്‍ ആവശ്യമാണ്.
ആഗോളതലത്തില്‍ വിദ്യാഭ്യാസം സമൂല മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. പഠിതാക്കളുടെ ബുദ്ധികൂര്‍മതയിലും ഗ്രാഹ്യശേഷിയിലും വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പഠന വിഷയങ്ങളിലും ഗണ്യമായ മാറ്റം സംഭവിക്കുന്നു. ഇതിനെല്ലാം പുറയെ കൃത്രിമ പ്രതിഭ (അഹ) ദിനേന വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്നൊരു പ്രശ്‌നം പഠിക്കാന്‍ ഇന്റര്‍നെറ്റിലൂടെ വളരെ കുറച്ച് സമയം ചെലവഴിച്ചാല്‍ മതി. ഈ മാറ്റങ്ങളെല്ലാം ആദ്യമായി കണ്ടെത്തേണ്ടതും ഉള്‍ക്കൊള്ളേണ്ടതും അധ്യാപകരാണ്. പഠിതാക്കള്‍ക്ക് ഈ മാറ്റങ്ങളോടൊപ്പം വളരാനുള്ള വാതായനങ്ങള്‍ തുറന്നുകൊടുക്കാനും അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാനും ഗുരുനാഥന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചെറിയ ക്ലാസ്സുകളില്‍ തുടങ്ങുന്ന ഇക്കാലത്ത് അധ്യാപകര്‍ അതില്‍ നൈപുണി നേടണമെന്ന് പ്രത്യേകം പറയേണ്ടതില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കമ്പ്യൂട്ടര്‍ നന്നായി ഉപയോഗിക്കാന്‍ പഠിച്ചത് സ്മാര്‍ട്ട് ക്ലാസ്‌റൂമിലെന്ന പോലെ പല പരിശീലന ക്ലാസ്സുകളിലും പ്രയോജനപ്പെട്ടത് എനിക്കനുഭവമാണ്. ജാമിഅ പാഠ്യപദ്ധതിയിലും അധ്യാപന രീതിയിലും ആമൂലാഗ്രം മാറ്റങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിവരുന്നുണ്ട്.
നമ്മുടെ സ്ഥാപനങ്ങളില്‍ വ്യവസ്ഥാപിതമായ ശാരീരിക പരിശീലനം ഉണ്ടാവേണ്ടത് പഠിതാക്കളുടെ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. ഇതിനെ വൈജ്ഞാനിക സംരംഭങ്ങളുടെ അതേ പ്രാധാന്യത്തോടെ കാണണം. അധ്യാപകനായിരുന്ന സ്ഥാപനങ്ങളില്‍ ഈ പരിഷ്‌കരണം കൊണ്ടുവരുന്നത് ഞാന്‍ ശീലമാക്കിയിരുന്നു. യോഗാസനമാകുമ്പോള്‍ അതിന്റെ ആരോഗ്യനേട്ടങ്ങള്‍ കൂടുതലും ചെയ്യാനുള്ള സമയവും അധ്വാനവും കുറവുമാണ്.
അടുത്ത കാലത്തായി കാര്‍ഷിക സംരംഭങ്ങളിലേക്ക് തിരിച്ചുവരാന്‍ ഒരു ശ്രമം നടത്തി. സ്വന്തം ആവശ്യത്തിന് പരമാവധി ജൈവകൃഷിയെ അവലംബിക്കുക എന്ന തത്ത്വമാണ് കൃഷിയില്‍ താല്‍പര്യമുണ്ടാകാന്‍ പ്രേരണയായത്. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ എത്ര ശതമാനം വിഷമുക്തമാണെന്ന് പറയാനാവില്ല. ഇങ്ങനെ നോക്കിയാല്‍ ചെലവ് കൂടുതലാണെങ്കിലും അന്തിമ വിശകലനത്തില്‍ കൃഷി ലാഭകരമായിരിക്കും. സ്വന്തക്കാരുടെ ഉപഭോഗം ലക്ഷ്യമാകുമ്പോള്‍ മിച്ചമുള്ളത് മാത്രം വിറ്റാല്‍ മതിയാവും. ആഹാരം ആരോഗ്യത്തിന് ഹാനികരമാകാതിരിക്കാന്‍ സ്വന്തമായി കൃഷി ചെയ്യുകയേ നിവൃത്തിയുള്ളൂ.
പിന്നോട്ടു നോക്കുമ്പോള്‍ പലതും നേരത്തേ ചെയ്ത് തീര്‍ക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. വിപുലമായ ഇസ്‌ലാമിക ഗ്രന്ഥാലയം എന്ന ലക്ഷ്യത്തോടെ ചില ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അല്ലാഹുവിന്റെ തുണയും തൗഫീഖുമാണ് ഏക അവലംബം. സര്‍വശക്തന്‍ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.

(അവസാനിച്ചു)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്