Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

നാം അഭിമുഖീകരിക്കുന്നത് നബി അഭിമുഖീകരിച്ച പ്രതിസന്ധികള്‍

ഡോ. കെ.എം. ബഹാഉദ്ദീന്‍ ഹുദവി

നബി(സ)യുടെ ജീവിതത്തിന്റെ സിംഹഭാഗവും കഴിഞ്ഞത് മക്കയിലാണ്. മക്കയിലെ അമ്പത്തിമൂന്ന് വര്‍ഷത്തെ ജീവിതവും മദീനയിലെ പത്തു വര്‍ഷത്തെ ശിഷ്ടകാല ജീവിതവും അസ്വസ്ഥത നിറഞ്ഞതായിരുന്നു. ഐഹിക ജീവിതം സ്വസ്ഥമായി ജീവിക്കാനുള്ളതല്ലെന്നും നിരന്തര പരീക്ഷണങ്ങളുടെ സംഗമ ഭൂമിയാണതെന്നുമുള്ള സന്ദേശം നമുക്കത് നല്‍കുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ യുക്തിസഹമായി നേരിടാം എന്നാണ് നാമതില്‍നിന്ന് പഠിക്കേണ്ടത്.
നുബുവ്വത്തിനു ശേഷം പതിമൂന്ന് വര്‍ഷക്കാലം മക്കാ കാലഘട്ടമാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷമായി ജീവിക്കുകയായിരുന്നു അവിടെ നബിയും സ്വഹാബത്തും. ഹുദൈബിയ സന്ധി വരെ മുസ്‌ലിംകളുടെ എണ്ണം നാലായിരം മാത്രമായിരുന്നു എന്നാണ് ചില ചരിത്രരേഖകള്‍ പറയുന്നത്. ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത മക്കയിലെ പ്രത്യേക പരിതഃസ്ഥിതിയില്‍, അല്ലാഹു തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തിയെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി ഇത്രയും കാലം എന്തിനു ജീവിക്കാന്‍ വിട്ടുവെന്നും നേരത്തേ തന്നെ മദീനയിലെത്തിച്ച് ഇസ്‌ലാമിന്റെ സുഗമമായ പ്രയാണത്തിന് ആക്കം കൂട്ടുകയായിരുന്നില്ലേ നല്ലതെന്നും ചിലര്‍ നിരീക്ഷിച്ചേക്കും. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ പില്‍ക്കാല പല മുസ്‌ലിംകളുടെ ജീവിതത്തിന് വഴികാണിക്കുന്ന പല മാതൃകകളും നഷ്ടമായേനെ.
ലോക മുസ്‌ലിംകള്‍ മിക്ക ദേശങ്ങളിലും ന്യൂനപക്ഷമായിരിക്കുമെന്നും ബഹുസ്വര സമൂഹത്തിലായിരിക്കും അവരുടെ ജീവിതമെന്നും ആ ജീവിതത്തെ എങ്ങനെയാണ് നേരിടേണ്ടതെന്നും നബി(സ)യുടെ ജീവിതം വിശിഷ്യാ, മക്കാ ജീവിതം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ജനിച്ചുവളര്‍ന്ന നാട്ടില്‍ പൗരത്വം നഷ്ടപ്പെടുക, സഞ്ചാരസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഹനിക്കപ്പെടുക, സത്യവും നീതിയും ധര്‍മവും കുഴിച്ചുമൂടപ്പെടുക, അതിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ തുറുങ്കിലടക്കപ്പെടുക തുടങ്ങി നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും നബിജീവിതത്തില്‍ കഴിഞ്ഞുപോയതായിരിക്കും. 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്' (അഹ്‌സാബ് 21) എന്ന സൂക്തത്തിന്റെ പൊരുള്‍ വിധിവിലക്കുകളില്‍ മാത്രമല്ല  പരതേണ്ടത്. ജീവിതത്തിന്റെ ആദ്യം മുതല്‍ അന്ത്യം വരെ മാതൃകകള്‍ സൃഷ്ടിച്ചാണ് നബി(സ)യുടെ ജീവിതം കഴിഞ്ഞുപോയത്.
ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ഒട്ടും പകക്കാതെ, നിരാശ നിഴലിക്കുക പോലും ചെയ്യാതെ ശുഭാപ്തിവിശ്വാസത്തോടെ അതിനെ നേരിട്ടുവെന്നതാണ് നബി(സ)യുടെ മാതൃക. അനുചരന്മാര്‍ വ്യാകുലപ്പെടുമ്പോള്‍ അവരെ സമാധാനിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നബി(സ)യെയാണ് ചരിത്രത്തില്‍ കാണാനാവുക.
ഈ സമാധാനപ്പെടുത്തല്‍ പല രീതിയിലാണ് നബി(സ) ചെയ്തത്. ക്ഷമിച്ചാലും സഹിച്ചാലുമുള്ള പ്രതിഫലവും ദൈവപ്രീതിയും മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു ഇതില്‍ ഒരു രീതി. അതിലേക്ക് വെളിച്ചം വീശുന്ന ഖുര്‍ആനിക വചനങ്ങളും ഹദീസ് സാക്ഷ്യങ്ങളും ധാരാളമുണ്ട്. ഒരു മുസ്‌ലിമിന് രോഗമോ ബുദ്ധിമുട്ടോ ക്ഷീണമോ ദുഃഖമോ സംഭവിച്ചാല്‍, തന്റെ കാലില്‍ ഒരു മുള്ളു തറച്ചാല്‍ പോലും അതിലൂടെ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിലുണ്ട്. ഒരാള്‍ക്ക് വല്ല ബുദ്ധിമുട്ടും വന്നുഭവിച്ചാല്‍ മരണം ആഗ്രഹിക്കരുതെന്നും നിവൃത്തിയില്ലാതെ വന്നാല്‍, 'ജീവിതം അനുഗ്രഹമാണെങ്കില്‍ എന്നെ ജീവിപ്പിക്കണേയെന്നും മരണം ഉത്തമമെങ്കില്‍ എന്നെ മരിപ്പിപ്പിക്കണേ എന്നും' പ്രാര്‍ഥിച്ചുകൊള്ളട്ടേയെന്നുമാണ് നബി (സ) പഠിപ്പിച്ചത്.
പൂര്‍വകാലത്തെ നബിമാരുടെ ചരിത്രങ്ങള്‍ പറഞ്ഞുകൊടുക്കലായിരുന്നു സാന്ത്വനത്തിന്റെ മറ്റൊരു രീതി. 'നാം ദൂതരുടെ ചരിത്രങ്ങള്‍ പറഞ്ഞുതരുന്നത് അങ്ങയുടെ ഹൃദയത്തിന് ശക്തി പകരാനാണ്' (ഹൂദ് 120) എന്നും ഖുര്‍ആനില്‍ പറയുന്നുണ്ട്. ഖബ്ബാബു ബ്‌നുല്‍ അറത്ത് (റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇമാം ബുഖാരി (റ) രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: നബി (സ) ഒരിക്കല്‍ കഅ്ബാലയത്തിന്റെ തണലില്‍ ഒരു പുതപ്പ് തലയണയായി വെച്ച് കിടക്കുകയാണ്. അപ്പോഴാണ് ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് നബി(സ)യോട് പരാതി പറഞ്ഞത്. ഞങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ക്കു വേണ്ടി അങ്ങ് അല്ലാഹുവിനോട് സഹായം അഭ്യര്‍ഥിക്കില്ലയോ? പ്രാര്‍ഥിക്കില്ലയോ?' നബി (സ) പ്രതിവചിച്ചു: 'നിങ്ങളുടെ മുന്‍ഗാമികളില്‍പെട്ട ചില സത്യവിശ്വാസികളെ കൊണ്ടുവന്ന് അരഭാഗം വരെ ഭൂമിയില്‍ കുഴിച്ചിട്ട് ഈര്‍ച്ചവാള്‍ കൊണ്ട് അവരെ നെടുകെ പിളര്‍ത്തിയിരുന്നു. വേറെ ചിലരെ ഇരുമ്പിന്റെ ചീര്‍പ്പു കൊണ്ട് ശരീരം മുഴുവന്‍ വാര്‍ന്ന് എല്ലും ഇറച്ചിയും വേര്‍പ്പെടുത്തിയിരുന്നു. അതൊന്നും അവരെ ദീനില്‍നിന്ന് പിന്തിരിപ്പിച്ചിട്ടില്ല.' ഹദീസ് അവസാനിക്കുന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടാണ്. നബി (സ) തുടര്‍ന്ന് പറയുന്നതിങ്ങനെ: 'അല്ലാഹുവാണ, ഈ കാര്യം അഥവാ ദീന്‍ പൂര്‍ത്തിയാവുക തന്നെ ചെയ്യും. അന്ന്, സ്വന്‍ആയില്‍നിന്ന് ഹളര്‍മൗത്ത് വരെ ഒരാള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാനാവും. അല്ലാഹുവിനെയും തന്റെ കൂടെയുള്ള ആടുകളെ ആക്രമിച്ചേക്കാവുന്ന ചെന്നായയെയും അല്ലാതെ അവന് അന്ന് ഭയപ്പെടേണ്ടിവരില്ല. എന്നാല്‍, നിങ്ങള്‍ ധൃതി കാണിക്കുകയാണ്.'
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നു: നബി (സ) ഒരു പ്രവാചകന്റെ ചരിത്രം അയവിറക്കുന്നത് ഞാനിപ്പോഴും എന്റെ കണ്ണില്‍ കാണുന്നു. തന്റെ സമുദായം അദ്ദേഹത്തെ അടിച്ചു രക്തമൊലിപ്പിച്ചു. തന്റെ മുഖത്തുനിന്ന് അദ്ദേഹം രക്തം തുടച്ചുകൊണ്ടിരിക്കെ പ്രാര്‍ഥിക്കുകയാണ്: 'അല്ലാഹുവേ, എന്റെ സമുദായത്തിന് നീ പൊറുത്തുകൊടുക്കണേ. അവര്‍ അറിവില്ലാത്തവരാണ്' (ബുഖാരി, മുസ്‌ലിം). സമാനമായ ഒരുപാട് സംഭവങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും.
അസത്യം എത്ര ശക്തമാണെങ്കിലും അതിനെതിരെ സത്യം നേടിയ വിജയഗാഥകളും പ്രവാചകന്‍ പറഞ്ഞ കഥകളില്‍പെടും. ഉഖ്ദൂദിന്റെ ചരിത്രം ഖുര്‍ആനില്‍ വ്യംഗ്യമായി മാത്രമാണ് പറഞ്ഞത്. എന്നാല്‍ വിശദമായ ഒരു ഹദീസിലൂടെ ചരിത്രം മുഴുവനും നബി (സ) അവതരിപ്പിച്ചിട്ടുണ്ട്. ബഹുദൈവാരാധനയിലും രാജഭക്തിയിലും മാത്രം ജീവിച്ചിരുന്ന ഒരു നാടു മുഴുവന്‍ സത്യവിശ്വാസിയായ ഒരു ബാലന്‍ കാരണം ഇസ്‌ലാമിലേക്ക് കടന്നുവന്ന ചരിത്രമാണ് ഉഖ്ദൂദിന്റേത്. പിന്നെ ആ ദേശവാസികള്‍ മുഴുവന്‍ സത്യത്തിനു വേണ്ടി രക്തസാക്ഷികളായി എന്നു ചരിത്രം പറയുന്നു.
ഇത്തരം നൂറായിരം പരീക്ഷണങ്ങള്‍ക്ക് വിധേയമാകുമ്പോഴും അവര്‍ക്ക് മനസ്സുറപ്പ് നല്‍കാന്‍ വേണ്ടി ധാരാളം പ്രതീക്ഷകളും നബി (സ) നല്‍കി. സ്വന്‍ആ മുതല്‍ ഹളര്‍മൗത്ത് വരെ നിര്‍ഭയനായി നടക്കാനാവും എന്ന് നബി (സ) പ്രഖ്യാപിച്ചത് നേരത്തേ സൂചിപ്പിച്ചുവല്ലോ. ഹിജ്‌റ വേളയില്‍ സുറാഖതുബ്‌നു മാലിക് തങ്ങളോടടുത്ത് വരുമ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് (റ) ആകുലചിത്തനാകുന്നു. 'താങ്കള്‍ വിഷമിക്കരുത്, അല്ലാഹു നമ്മള്‍ക്കൊപ്പമുണ്ട്' എന്നു പറഞ്ഞ് സിദ്ദീഖി(റ)നെ നബി (സ) സാന്ത്വനപ്പെടുത്തുന്നു. ശേഷം സുറാഖയോട് നബി (സ) ചോദിക്കുന്ന ഒരു കാര്യമുണ്ട്. അത് സിദ്ദീഖി(റ)ന് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. 'സുറാഖാ, കിസ്‌റയുടെ കിരീടവും കങ്കണങ്ങളും നീ ധരിച്ചാലെങ്ങനെയിരിക്കും?' എന്ന് നബി (സ) ചോദിക്കുമ്പോള്‍ താമസംവിനാ തന്റെ ദൗത്യം പേര്‍ഷ്യ കീഴടക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് നബി (സ) പങ്കുവെക്കുന്നത്.
കിടങ്ങ് (ഖന്ദഖ്) കീറുന്ന സമയത്ത് ഉണ്ടായ പ്രതീക്ഷാദായകമായ ഒരു സംഭവം കൂടി പറയാം. പ്രാമാണികമായ ചരിത്രഗ്രന്ഥങ്ങള്‍ മുഴുവന്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. കിടങ്ങ് കുഴിക്കുന്നതിനിടയില്‍ പണിയായുധങ്ങള്‍ കൊണ്ട് മുറിക്കാനാവാത്ത വലിയൊരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. അനുചരന്മാര്‍ നബി(സ)യോട് വന്ന് വിവരം പറഞ്ഞു. നബി (സ) മേല്‍വസ്ത്രം അഴിച്ചുവെച്ച് കിടങ്ങിലേക്കിറങ്ങി. കോടാലിയെടുത്ത് ആഞ്ഞു വെട്ടി. പാറയുടെ മൂന്നിലൊന്ന് അടര്‍ന്നുവീണു. നബി (സ) ഉറക്കെ തക്ബീര്‍ മുഴക്കിക്കൊണ്ട് പറഞ്ഞു: 'എനിക്ക് ശാം ദേശത്തിന്റെ താക്കോലുകള്‍ നല്‍കപ്പെട്ടു. അവിടെയുളള ചെങ്കൊട്ടാരങ്ങള്‍ ഞാന്‍ കാണുന്നു.' രണ്ടാമത്തെ ആയുധ പ്രയോഗത്തിലൂടെ പാറയുടെ മൂന്നിലൊന്നു കൂടി മുറിഞ്ഞുവീണു. നബി (സ) തക്ബീര്‍ മുഴക്കുകയും 'എനിക്ക് പേര്‍ഷ്യയുടെ താക്കോലുകള്‍ നല്‍കപ്പെട്ടു'വെന്നും 'മദാഇനിലെ വെള്ളക്കൊട്ടാരങ്ങള്‍ ഞാന്‍ കാണുന്നു'വെന്നും പറഞ്ഞു. മൂന്നാമത്തെ വെട്ടിന് പാറ മുഴുവന്‍ ഇളകിപ്പോന്നു. ഇവിടെ തന്റെ മുന്നിലുള്ള അനുചരന്മാര്‍  ഒട്ടിയ വയറുമായി കിടങ്ങു കുഴിക്കുമ്പോള്‍ വലിയ വലിയ പ്രതീക്ഷകളാണ് നബി (സ) അവര്‍ക്ക് നല്‍കുന്നത്.
ഏറ്റവും വലിയ ശുഭാപ്തി വിശ്വാസക്കാരന്‍ നബി (സ) തന്നെ ആയിരുന്നുവല്ലോ. ത്വാഇഫില്‍ തനിക്കേറ്റ തിരിച്ചടിക്കും മാനഹാനിക്കും മധ്യേ, ചോരയൊലിക്കുന്ന പാദവുമായി ക്ഷീണിച്ചിരിക്കുന്ന പ്രവാചകനു മുന്നില്‍ ജിബ്‌രീല്‍ (അ) പ്രത്യക്ഷപ്പെടുകയും ആ സമുദായത്തെ നശിപ്പിക്കാനുള്ള അനുവാദം ചോദിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും അവരില്‍നിന്ന് അല്ലാഹുവിനെ ആരാധിക്കുന്ന ഒരു വ്യക്തിയെങ്കിലും ഉണ്ടായിത്തീരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറയുകയും ചെയ്യുന്നുണ്ടല്ലോ.
മനസ്സുറപ്പുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം പ്രതിസന്ധി ഘട്ടങ്ങളില്‍ നബി (സ) ചെയ്ത പ്രഭാഷണങ്ങളാണ്. അനുചരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുാവുകയോ ഏതെങ്കിലും രീതിയിലുള്ള അസ്വാരസ്യങ്ങളുണ്ടാവുകയോ  ചെയ്യുമ്പോള്‍ നബി (സ) അവരുടെ മനസ്സിനെ പിടിച്ചുനിര്‍ത്തുന്ന രീതിയില്‍ ഗംഭീരമായ പ്രസംഗങ്ങള്‍ നടത്തുമായിരുന്നു. ഇത്തരം പ്രസംഗങ്ങളിലൂടെ വിശ്വാസത്തിന്റെ ദൃഢത കൂട്ടാനും മനസ്സുകള്‍ക്ക് കുളിര്‍മ നല്‍കാനും നബി(സ)ക്ക് സാധിച്ചിട്ടുണ്ട്.
പ്രാര്‍ഥനകള്‍ എന്നും മനസ്സമാധാനത്തിന്റെ ചാലകങ്ങളായിരുന്നു. എന്തെല്ലാം പരാധീനതകളും ബുദ്ധിമുട്ടുകളുമുണ്ടെങ്കിലും എല്ലാം നാഥന്റെ മുന്നില്‍ ഇറക്കിവെക്കുമ്പോള്‍ മനസ്സുകളുടെ ചാഞ്ചല്യം ഇല്ലാതാവും. ത്വാഇഫിന്റെ ഭൂമിയില്‍ വെച്ച് നബി (സ) സുദീര്‍ഘമായ ഒരു പ്രാര്‍ഥന നിര്‍വഹിക്കുന്നുണ്ട്. ബദ്ര്‍ രണാങ്കണത്തില്‍ ശത്രുവിന്റെ മുന്നില്‍ നാമമാത്ര ആയുധങ്ങളുമായി മുസ്‌ലിംകള്‍ അണിനിരന്നപ്പോള്‍, വലിയൊരു പ്രഭാഷണത്തിനു ശേഷം സുദീര്‍ഘമായൊരു പ്രാര്‍ഥന കൂടി നബി (സ) നിര്‍വഹിക്കുന്നു. 'ഈ മണ്ണില്‍ ഞങ്ങള്‍ പരാജിതരായാല്‍ നിന്നെ ആരാധിക്കുന്ന ഒരു സമുദായം ഈ ഭൂമിയില്‍ അവശേഷിക്കില്ല' എന്ന് നബി (സ) പ്രാര്‍ഥനാമധ്യേ പറയുമ്പോള്‍ ബദ്‌റിലെ വിജയം അല്ലാഹുവിനെ ഏല്‍പിക്കുകയാണ് നബി (സ) ചെയ്യുന്നത്. ആ പ്രാര്‍ഥന വിശ്വാസിസമൂഹത്തിന്റെ മനശ്ശക്തി വര്‍ധിപ്പിച്ചുവെന്നത് ചരിത്രം.
ചുരുക്കത്തില്‍, നാമിന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ മനസ്സു തെറ്റാതെ ജീവിക്കണമെങ്കില്‍ നബി (സ) കാണിച്ചുതന്ന ഇത്തരം മാതൃകകള്‍ നാം പഠിക്കണം. മുമ്പ് കഴിഞ്ഞുപോയതിന്റെ നേര്‍രൂപങ്ങള്‍ മാത്രമാണ് നാമിന്ന് കണ്‍മുന്നില്‍ കാണുന്നത്. മനോവീര്യം തകര്‍ക്കുകയാണ് ശത്രുവിന്റെ തന്ത്രങ്ങളില്‍ പ്രധാനം. അവിടെ നാം പരാജയപ്പെടരുത്. ഏതു വിധേനയും മനശ്ശക്തി വിടാതെ നോക്കണം. നബിജീവിതമാവണം അപ്പോള്‍ നമുക്ക് പ്രചോദനമാവേണ്ടത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്