രണ്ട് കവിതകള്‍
സ്വരൂപം
അഭിനവ അബൂജാഹിലേ,
നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു
കാരണം,
നീ കൂടി ഉള്‍പ്പെട്ട
മനുഷ്യരൂപത്തിലാണല്ലോ
മുത്തുനബി ഈ മണ്ണില്‍ പിറന്നത്.
നരാധമാ,
നിന്നെ ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു
കാരണം,
ത്വാഹാ റസൂല്‍ പടയ്ക്കപ്പെട്ട
മനുഷ്യസ്വരൂപത്തിലാണല്ലോ
നീയും വന്നു പിറന്നത്.
വിമോചനം
അങ്ങയുടെ
വിശ്വവിപ്ലവം
കോട്ടകളെ കീഴ്‌പ്പെടുത്തിയതല്ല അതിശയം
മറിച്ച്,
ചടച്ചുന്തിയ ഒരൊട്ടകത്തിന്റെ
സ്‌നേഹധമനികളിലേക്ക്
ചുരന്നെത്തിയ കാരുണ്യമായ്
ദാഹിച്ച് മരുഭൂമിയായ
ഏതോ പട്ടിക്ക്
പാദരക്ഷയില്‍ കോരിയെടുത്ത
കനിവായ്
പെറ്റ കുഞ്ഞിനെക്കാണാതെ
ആകാശം അനാഥമായിപ്പോയ
ആ കുരുവിയമ്മക്ക്
സ്‌നേഹക്കരുതലായ്
സ്വാതന്ത്ര്യം
കയറില്‍ മുറുകിയ
പൂച്ചക്ക് വിടുതലായ്
നരകത്തീയിലേക്ക് അരിച്ചെത്തുന്ന
ഉറുമ്പിന്
തണുവണിപ്പാതയായ്
അത് ചെറുതായതിലാണ്.
കാരുണ്യത്തിന്റെ പ്രപഞ്ചസത്യമേ,
എത്ര നിസ്സാരം
ഈ
വിമോചനത്തിന്‍ ഉദാരത.
Comments