മികച്ച വായനാനുഭവമാണ് ഈ നബിചരിത്ര കൃതികള്‍
മുഹമ്മദ് നബി(സ)യുടെ ജീവിതത്തെയും ജീവിതമൂല്യങ്ങളെയും തങ്ങളുടെ ജീവിതംകൊണ്ട് ആവിഷ്‌കരിച്ച കണക്കറ്റ മനുഷ്യര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അക്ഷരങ്ങളിലും വരികളിലും സുന്ദര ഭാവനകളിലും പുണ്യനബിയുടെ ജീവിതത്തെ അവര്‍ വരഞ്ഞിട്ടിട്ടുണ്ട്. അത്തരം നബിചരിത്ര പഠനങ്ങളില്‍ ചിലതു മാത്രം പരിചയപ്പെടുത്തുകയാണിവിടെ. ഇംഗ്ലീഷിലുള്ള പുസ്തകങ്ങളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പ്രമുഖ ഉര്‍ദു പുസ്തകങ്ങളുമാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. ഇന്‍ ദ ഫൂട്ട്സ്റ്റെപ്സ് ഓഫ് ദ പ്രൊഫറ്റ്- താരിഖ് റമദാന്‍
ഇംഗ്ലീഷില്‍ എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയ സീറാ പുസ്തകമാണ് താരിഖ് റമദാന്റെ ഇന്‍ ദ ഫൂട്ട്സ്റ്റെപ്സ് ഓഫ് ദ പ്രൊഫറ്റ്. നബിയുടെ മാതൃകകള്‍ നമ്മുടെ കാലത്തേക്ക് ചേര്‍ത്തുവെക്കാനും അതിലൂടെ ചിന്താപരമായും വൈകാരികമായും നബിയുടെ കൂടെ സഞ്ചരിക്കുന്ന അനുഭവമുണ്ടാക്കാനും താരിഖ് റമദാന് ഈ പുസ്തകത്തിലൂടെ സാധിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു: 'നബിജീവിതത്തിലെ ഏതെങ്കിലും സംഭവങ്ങളെയോ സ്വഭാവങ്ങളെയോ അറിയുകയെന്നതല്ല, നബിയെത്തന്നെ അറിയാന്‍ ശ്രമിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. അതിന് അനിവാര്യമായും വേണ്ടത് ആ ജീവചരിതത്തില്‍ മുഴുകാനും അനുകമ്പയോടെ അതിനെ സമീപിക്കാനും അതിരറ്റ സ്നേഹത്തോടെ വഴങ്ങാനുമുള്ള സന്നദ്ധതയാണ്. ഒരാള്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലേ എന്നതുപോലും ഇത്തരമൊരു മുഴുകലിന് തടസ്സമാകുന്നില്ല. നബിയുടെ ജീവിതത്തെ ഒരു കണ്ണാടിയായി സങ്കല്‍പിക്കുക. ഹൃദയത്തിന്റെയും മനസ്സിന്റെയും തേട്ടങ്ങളെ തൃപ്തിപ്പെടുത്തി, ജീവിതത്തെയും അതിന്റെ ഉദ്ദേശ്യങ്ങളെയും മനസ്സിലാക്കി, വിശാലമായ ധാര്‍മിക-സാമൂഹിക മാനങ്ങള്‍ വെച്ച് കാലത്തിന്റെ പ്രതിസന്ധികളെ മറികടക്കാനാകുന്ന തരത്തില്‍ ആ കണ്ണാടിയെ ഉപയോഗിക്കണം. ഇതാണ് ഈ പുസ്തകത്തിന്റെ ഒന്നാമത്തെ ലക്ഷ്യം.' താരിഖ് റമദാന് ഈ പുസ്തകത്തില്‍ ഒരു അക്കാദമിക വ്യവഹാരവും വിവരങ്ങളുടെ ശേഖരണവും മാത്രമല്ല നടത്തുന്നത്, വായനക്കാരനെ വ്യക്തിപരമായും സാമൂഹികമായും നബിയുടെ പാദമുദ്രകളെ അനുധാവനം ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ്. ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി പ്രസ്സ് ആണ് 240 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2. മുഹമ്മദ്: ഹിസ് ലൈഫ് ബേസ്ഡ് ഓണ്‍ ദ ഏളിയസ്റ്റ് സോഴ്സ്- മാര്‍ട്ടിന്‍ ലിങ്സ്
പാശ്ചാത്യ വായനക്കാരെ നന്നായി ആകര്‍ഷിച്ച ഒരു പുസ്തകമാണിത്. നബിജീവിതത്തെ കുറിച്ച പഠനത്തിലൂടെ ഇസ്ലാമിലെത്തിയ ബ്രിട്ടീഷ് പണ്ഡിതനാണ് മാര്‍ട്ടിന്‍ ലിങ്സ്. നബിയോടുള്ള ഗ്രന്ഥകര്‍ത്താവിന്റെ അനുരാഗം വരികളില്‍ കാണാം. പെട്ടെന്ന് വായിച്ചുപോകാവുന്ന ശൈലി. വില്യം ഷേക്സ്പിയര്‍ വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ട് ലിങ്സിന്. ഈ സാഹിത്യാഭിരുചി ഈ പുസ്തകത്തില്‍ തെളിഞ്ഞുകാണാം. 384 പേജുള്ള പുസ്തകം ഒറ്റയിരിപ്പില്‍തന്നെ വായിച്ചുതീര്‍ക്കാനാകുംവിധം സരളമാണ് വിവരണം. ചില സ്ഥലങ്ങളില്‍ അദ്ദേഹം ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് നല്‍കിയ സുന്ദരമായ ഇംഗ്ലീഷ് വിവര്‍ത്തനം കണ്ടപ്പോള്‍ അദ്ദേഹം ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി.
പൗരസ്ത്യരുടെ ആത്മകഥാ വിവരണരീതികള്‍ പാശ്ചാത്യര്‍ പരിചയിച്ച ബിബ്ലിക്കല്‍ രീതിയില്‍നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ പാശ്ചാത്യര്‍ക്കിണങ്ങിയ വിവരണരീതിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. ചിന്തയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു ഈ ശൈലി. വായനക്കാരന്റെ വികാരങ്ങളെ സ്പര്‍ശിക്കുന്ന സുന്ദരമായ വിവരണം.
3. മുഹമ്മദ് റസൂലുല്ലാഹ്- മുഹമ്മദ് ഹമീദുല്ല
കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഒരു നബിചരിത്രകാരനാണ് മുഹമ്മദ് ഹമീദുല്ല. ഹൈദറാബാദില്‍ ജനിച്ച അദ്ദേഹത്തിന്റെ അക്കാദമിക മികവ് തുല്യതയില്ലാത്തതാണ്. 250-ലധികം ഗവേഷണങ്ങളും പഠനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. 22-ഓളം ഭാഷകളില്‍ അദ്ദേഹത്തിന്റെ എഴുത്തുകളുണ്ട്. വിവിധ ഭാഷകളില്‍ നബിചരിത്രത്തെ കുറിച്ച് അദ്ദേഹം എഴുതിയവ കൂടാതെ ഇംഗ്ലീഷില്‍ സീറയില്‍ അഞ്ച് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
എ. മുഹമ്മദ് റസൂലുല്ലാഹ്
ബി. ദ പ്രൊഫറ്റ് ഓഫ് ഇസ്ലാം: പ്രൊഫറ്റ് ഓഫ് മൈഗ്രേഷന്‍
സി. ദ പ്രൊഫറ്റ്സ് എസ്റ്റാബ്ലിഷിംഗ് എ സ്റ്റേറ്റ് ആന്റ് ഹിസ് സക്സെഷന്‍
ഡി. ബാറ്റില്‍ഫീല്‍ഡ്സ് ഓഫ് ദ പ്രൊഫറ്റ് മുഹമ്മദ്
ഇ. ദ മുസ്ലിം കണ്‍ഡക്റ്റ് ഓഫ് സ്റ്റേറ്റ്
(ഇതില്‍ ഒന്നാമത്തെ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്-വിവ.)
ആഴമുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിലും ആളുകള്‍ക്കിടയില്‍ വിശ്രുതമല്ലാത്ത വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിലും പ്രത്യേക പ്രാവീണ്യമുള്ള എഴുത്തുകാരനാണ് മുഹമ്മദ് ഹമീദുല്ല. നബിയുടെ കാലം മുതല്‍ ഇതുവരെയുള്ള ചരിത്രത്തിലെല്ലാം അദ്ദേഹത്തിന്റെ ഇത്തരം ഇടപെടലുകള്‍ കാണാം. സമകാലിക സാങ്കേതികപദങ്ങളും പ്രയോഗങ്ങളും സീറയുടെ വിവരണത്തിന് ഉപയോഗിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ വിവരണങ്ങള്‍ ആധുനിക അക്കാദമിക്സിലുള്ളവരെയും ആകര്‍ഷിക്കും.
4. റെവലേഷന്‍: ദ സ്റ്റോറി ഓഫ് മുഹമ്മദ്- മിഅ്റാജ് മുഹ്‌യിദ്ദീന്‍
ഈയടുത്ത് ശ്രദ്ധയില്‍പെട്ട ഒരു പുസ്തകമാണിത്. കാലഘട്ടത്തിന്റെ ആവശ്യമാണ് ഇത്തരമൊരു വിവരണം. ഡോ. മിഅ്റാജ് അമേരിക്കയില്‍ ജനിച്ച് ഹാര്‍വാര്‍ഡില്‍ പഠിച്ച ഫിസിഷനും ന്യൂറോളജിസ്റ്റുമാണ്. പരമ്പരാഗതമായ സീറാ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ആധുനിക ടെക്സ്റ്റ് ബുക്ക് മാതൃകയിലുള്ള ഒരു പുസ്തകം ആവശ്യമാണെന്ന തോന്നലില്‍ നിന്നാണ് ഈ പുസ്തകമുണ്ടാകുന്നത്. 13 വര്‍ഷം നീണ്ട പ്രയത്നത്തിന്റെ ഫലമായി പ്രധാനപ്പെട്ട 8 പൗരാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇത് എഴുതിയത്. ആധുനിക പഠിതാവിന്റെ വായനക്കും ശീലങ്ങള്‍ക്കും യോജിക്കുന്ന രീതിയാണിതിനുള്ളത്. ഒരു ആധുനിക ടെക്സ്റ്റ് ബുക്കിന്റെ ശൈലിയില്‍ മള്‍ട്ടികളര്‍ പ്രിന്റും ചിത്രങ്ങളും കാഴ്ചകളും ഗ്രാഫിക്സും പെട്ടിക്കോളങ്ങളും മാപ്പുകളും ചാര്‍ട്ടുകളും പ്രത്യേക പോയിന്റുകള്‍ വേര്‍തിരിക്കുന്ന അടയാളങ്ങളും ടേബഌകളും ഓരോ അധ്യായത്തിന്റെയും രത്നച്ചുരുക്കങ്ങളുമെല്ലാം ഇതിലുണ്ട്. പ്രധാന പണ്ഡിതരുടെയും ചിന്തകരുടെയും അഭിപ്രായങ്ങളും വാക്കുകളും ബോക്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്രസംഭവങ്ങളുടെ തീയതി ക്രമത്തിലുള്ള ക്രോഡീകരണവുമുണ്ട്. സീറയുമായി ബന്ധപ്പെട്ട ഖുര്‍ആനികാധ്യാപനങ്ങളെ പ്രത്യേകം എടുത്തു ചേര്‍ക്കുന്നു. ആളുകളുടെ പേരുകള്‍ പ്രത്യേകം നല്‍കിയതിനാല്‍ അവരുടെ ബന്ധങ്ങളും ചരിത്രത്തിലെ സ്ഥാനവുമെല്ലാം വേര്‍തിരിച്ചു മനസ്സിലാക്കാനാകും. പുതുതലമുറക്കും കുട്ടികള്‍ക്കും വളരെ ആകര്‍ഷകമായ രീതിയില്‍ സീറയെ മനസ്സിലാക്കാന്‍ സഹായകമാകുന്ന ഒരു പുസ്തകമാണിതെന്നതില്‍ സംശയമില്ല.
5. മുഹമ്മദ്: മാന്‍ ആന്റ് പ്രൊഫറ്റ്- ആദില്‍ സ്വലാഹി
പ്രശസ്ത പത്രപ്രവര്‍ത്തകനാണ് രചയിതാവ്. 850 പേജുകള്‍ നീണ്ടുകിടക്കുന്ന വിവരണങ്ങളുണ്ടെങ്കിലും കുട്ടികള്‍ക്ക് വരെ താല്‍പര്യത്തോടെ വായിക്കാനാകുന്ന ശൈലിയാണിതിനുള്ളത്. ഉര്‍ദുവിലെ ജനകീയ സീറാ പുസ്തകമായ മുഹമ്മദെ അറബിയുടെ ശൈലിക്ക് സമാനമാണിത്. ചരിത്ര വിവരണത്തില്‍ പശ്ചാത്തലവും രംഗവും വിശദീകരിച്ച് ഒരു നോവല്‍ പോലെയാണ് ഇതിലെ ആഖ്യാനം. ഈ പുസ്തകം ശബ്ദാവിഷ്‌കാരമായും ആപ്പിന്റെ രൂപത്തിലും പുറത്തിറക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
6. മുഹമ്മദ്- യഹ്യാ എംറിക്
ഇസ്ലാം സ്വീകരിച്ച പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനാണ് യഹ്യാ എംറിക്. വായനക്കാരനെ പിടിച്ചുനിര്‍ത്താനാകുന്ന ഗദ്യശൈലിയാണീ പുസ്തകത്തിനുള്ളത്. നബിയുടെ കാലത്തെ അനുഭവിക്കാനാകുന്ന വിവരണങ്ങള്‍, കഥപറച്ചില്‍ രീതിയിലുള്ള ആഖ്യാനം, സൗന്ദര്യാത്മക ഭാഷ്യം എന്നിവ കൊണ്ട് വായനക്കാരന് സംഭവങ്ങളുടെ ദൃശ്യാനുഭവം ലഭിക്കുന്നു. ഈ പുസ്തകം വലിയവര്‍ക്കു വേണ്ടി എഴുതിയതാണെങ്കിലും ധാരാളം ബാലസാഹിത്യങ്ങളുമെഴുതിയ ആളാണ് ഗ്രന്ഥകാരനെന്നതിനാല്‍ ഈ ഗന്ഥം കുട്ടികള്‍ക്കും പ്രയോജനപ്പെടും.
7. മുഹമ്മദ്: ദ പ്രൊഫറ്റ് ഓഫ് ഔര്‍ ടൈം- കരന്‍ ആംസ്ട്രോങ്
ഇസ്ലാം മതവിശ്വാസിയല്ലാത്ത ഒരാള്‍ എഴുതിയ സീറാ പുസ്തകങ്ങളില്‍ ഏറെ ശ്രദ്ധേയമായമാണിത്. കരന്‍ ആംസ്ട്രോങ് ബ്രിട്ടീഷ് മതതാരതമ്യ ഗവേഷകയും റോമന്‍ കത്തോലിക്കാ സഭയിലെ സന്യാസിനിയുമായിരുന്നു. അവര്‍ ഇസ്ലാമിനെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. പ്രതിസന്ധികള്‍ നിറഞ്ഞ ഇന്നത്തെ കാലത്ത് നബിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന് വലിയ പ്രസക്തിയുണ്ടെന്നാണ് പുസ്തകത്തിലൂടെ അവര്‍ പ്രധാനമായും പറയാന്‍ ശ്രമിക്കുന്നത്. അവര്‍ എഴുതുന്നു: 'ഒരു മാതൃകാ വ്യക്തിത്വമെന്ന നിലയില്‍ മുഹമ്മദ് നബി എല്ലാവര്‍ക്കും വലിയ ഗുണപാഠമാണ്. മുസ്ലിംകള്‍ക്ക് മാത്രമല്ല, പശ്ചാത്യര്‍ക്കു പോലും. അദ്ദേഹത്തിന്റെ ജീവിതം ഒരു ജിഹാദായിരുന്നു. എല്ലാവരും ധരിക്കുന്നതുപോലെ ഈ വാക്ക് യുദ്ധത്തെയല്ല കുറിക്കുന്നത്, പോരാട്ടത്തെയും സമരത്തെയുമാണ്. യുദ്ധം പിച്ചിച്ചീന്തിയ അറേബ്യയെ സമാധാനത്തിന്റെ പാതയിലേക്കെത്തിക്കാനാണ് മുഹമ്മദ് പ്രയത്നിച്ചത്. ഇക്കാലത്ത് ഇത്തരമാളുകളെ നമുക്കാവശ്യമുണ്ട്. ആര്‍ത്തി, അനീതി, അക്രമങ്ങള്‍ എന്നിവക്കെതിരായ വിശ്രമമില്ലാത്ത പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അറേബ്യ ഒരു വഴിത്തിരിവിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനാല്‍ വ്യത്യസ്തമായ രീതികളിലൂടെ മാത്രമേ അതിനെ മാറ്റാനാകൂ എന്നും തിരിച്ചറിഞ്ഞു. അതിനനുസരിച്ച പരിഹാരങ്ങളിലേക്കെത്താനും ശ്രമിച്ചു.'
ദ പ്രൊഫറ്റ് ഓഫ് ഔര്‍ ടൈം എന്ന തലക്കെട്ടിനെ കുറിച്ച് അവര്‍ പറയുന്നത്, 2001 സെപ്റ്റംബര്‍ 11 സംഭവത്തിനു ശേഷം ചരിത്രത്തെ പുനഃപരിശോധിക്കലും ചരിത്രത്തിലും വെളിപാടുകളിലുമുള്ള പ്രവാചകനെ ഉയര്‍ത്തിക്കാണിക്കലും അനിവാര്യമാണ് എന്നാണ്.
നബിയെ ഒരു പരിഷ്‌കര്‍ത്താവായി കാണുന്ന അവര്‍ അത്ര പ്രബലമല്ലാത്ത ഉറവിടങ്ങളെയും ആധികാരികമല്ലാത്ത കഥകളെയും ഗ്രന്ഥ രചനക്ക് ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ വായനക്കാര്‍ അത് ശ്രദ്ധിക്കണം. എന്നാലും മൊത്തത്തില്‍ നല്ല വായനാനുഭവമാണ് ഈ പുസ്തകം തരുന്നത്. ജിഹാദ്, സ്ത്രീയുടെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിലപാടാണുള്ളത്. പല മുസ്ലിം പണ്ഡിതരും ക്ഷമാപണമനസ്സോടെ അവതരിപ്പിക്കുന്ന കാര്യങ്ങളൊക്കെ ഇന്നത്തെ ലോകത്തിന്റെ അനിവാര്യതയായാണ് അവര്‍ അവതരിപ്പിക്കുന്നത്. ഈ പുസ്തകം സയ്യിദ് ഉബൈദുര്‍റഹ്മാന്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഗ്രന്ഥകാരിയുടെ തന്നെ ശബ്ദത്തില്‍ പുസ്തകത്തിന്റെ ഓഡിയോയും ലഭ്യമാണ്.
8. ദി എന്‍സൈക്ലോപീഡിയ ഓഫ് സീറ
നബിചര്യയുടെ വിവിധ മേഖലകള്‍ പഠനവിധേയമാക്കുന്ന 8 ഭാഗങ്ങളുള്ള ഗ്രന്ഥമാണിത്. സാധാരണ വിജ്ഞാനകോശങ്ങളുടെ മാതൃകയില്‍ അക്ഷരമാലാ ക്രമത്തിലാണ് ഇതില്‍ സംഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അക്കാദമികാവശ്യങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗിക്കാവുന്ന ഗ്രന്ഥമാണ്.
ഇംഗ്ലീഷിലേക്കെത്തിയ സീറാ ഗ്രന്ഥങ്ങള്‍
അറബിയില്‍നിന്നും മറ്റു ചില ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട എല്ലാവരും വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങളുമുണ്ട്.
1. ദ ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്
എട്ടാം നൂറ്റാണ്ടിലെ ചരിത്രകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇബ്നു കസീറിന്റെ സീറത്തുന്നബവിയ്യ എന്ന അറബി കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണിത്. നബിചരിതത്തില്‍ ഏറ്റവും ആധികാരികമായ ഉറവിടമായാണ് ഈ പുസ്തകം പരിഗണിക്കപ്പെടുന്നത്. നാലു വാള്യമുള്ള പുസ്തകത്തില്‍ ചരിത്രം തീയതിക്രമത്തിലാണ് ക്രോഡീകരിച്ചിരിക്കുന്നത്. മിഷിഗണ്‍ യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ ട്രവര്‍ ലെ ഗാസ്സിക്ക് ആണ് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. ആധികാരികവും പ്രാമാണികവുമായ ചരിത്ര ഉറവിടങ്ങള്‍ ആഗ്രഹിക്കുന്ന ഗവേഷകര്‍ക്ക് വളരെ ഉപകാരപ്പെടുന്ന ഗ്രന്ഥം.
2. പ്രൊവിഷന്‍സ് ഫോര്‍ ദ ഹിയര്‍ആഫ്റ്റര്‍
ഇബ്നുല്‍ ഖയ്യിമിന്റെ സാദുല്‍ മആദിന്റെ സംക്ഷിപ്ത വിവര്‍ത്തനമാണിത്. പിന്തുടരപ്പെടേണ്ട മാതൃകയായാണ് നബിചര്യയെ ഇതില്‍ അവതരിപ്പിക്കുന്നത്. നബിയുടെ ജീവിതം, ആചാരങ്ങള്‍, ആരാധനകള്‍, സ്വഭാവചര്യകള്‍, ആളുകളോടുള്ള നയങ്ങളും പെരുമാറ്റവും, കുടുംബജീവിതം, രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ എന്നിവ വിശദീകരണ സഹിതം ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമ്മുടെ ജീവിതത്തിന് മാതൃകയാകുംവിധമാണ് ഇതിലെ വിവരണം. സീറയിലെ ഗുണപാഠങ്ങള്‍ അന്വേഷിക്കുന്ന 'ഫിഖ്ഹുസ്സീറ'ക്ക് വലിയ പ്രാധാന്യം നല്‍കുന്ന പുസ്തകമാണിത്.
3. പ്രൊഫറ്റ് ഓഫ് മേഴ്സി
മൗലാനാ അബുല്‍ഹസന്‍ അലി നദ്വിയുടെ അറബിയിലുള്ള സീറത്തുന്നബവിയ്യ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം. 'നബിയെ റഹ്മത്ത്' എന്ന പേരില്‍ ഉര്‍ദുവിലും ഈ പുസ്തകത്തിന്റെ വിവര്‍ത്തനം ലഭ്യമാണ്.
പ്രാസ്ഥാനിക സ്വഭാവമുള്ള സീറകള്‍
ഇസ്ലാമിക പ്രസ്ഥാന ചലനങ്ങള്‍ക്കും മറ്റും നേതൃത്വം നല്‍കിയ ചില പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും ശ്രദ്ധേയമാണ്. നാലു പ്രമുഖരുടെ കൃതികള്‍ ഇവിടെ പരിചയപ്പെടുത്താം. അവ നാലും ഏകദേശം ഒരേ ശൈലിയാണ് ആഖ്യാനത്തിനായി സ്വീകരിച്ചിരിക്കുന്നത്.
1. ദ ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്: ദ ഹൈലൈറ്റ്സ് ആന്റ് ലെസന്‍സ്
സിറിയയിലെ പ്രമുഖ പണ്ഡിതന്‍ മുസ്ത്വഫസ്സ്വിബാഈയുടെ അസ്സീറത്തുന്നബവിയ്യ ദുറൂസ് വ ഇബര്‍ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണിത്. നബിയുടെ ജീവിതത്തെ ആറ് അധ്യായങ്ങളിലായി വിഭജിച്ചുകൊണ്ടുള്ള പ്രത്യേക ശൈലിയിലാണ് രചന. സംഭവങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച ശേഷം അവയില്‍നിന്നുള്ള പാഠങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. നബിചര്യ പിന്‍പറ്റി ഇസ്ലാമിക പ്രബോധനവും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടവും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിശാബോധം നല്‍കുന്ന രീതിയിലാണ് ഓരോ സംഭവവും വിശദീകരിക്കുന്നത്. സീറാ വായനക്ക് മികച്ചൊരു ആമുഖ പഠനവും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
2. ഫിഖ്ഹുസ്സീറ: അര്‍സ്റ്റാന്റിംഗ് ദ ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്
പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ ഫിഖ്ഹുസ്സീറയുടെ വിവര്‍ത്തനമാണിത്. നമ്മുടെ കാലത്ത് അറബിയിലെഴുതപ്പെട്ട ഏറ്റവും സ്വാധീനം ചെലുത്തിയ കൃതികളിലൊന്ന്. ശേഷമെഴുതപ്പെട്ട നൂറുകണക്കിന് നബിചരിതപുസ്തകങ്ങളുടെ അവലംബമാണ് ഈ കൃതി. പുസ്തകത്തിന്റെ ആമുഖത്തില്‍ ഗസ്സാലി എഴുതുന്നു: ''ഇന്ന് മുസ്ലിംകള്‍ നബിചരിതത്തിന്റെ തൊലിപ്പുറമുള്ള അറിവുകള്‍ മാത്രമാണ് നേടുന്നത്. വൈകാരിക ബന്ധം സ്ഥാപിക്കുന്നതിലോ ഗുണപാഠങ്ങള്‍ മനസ്സിലാക്കുന്നതിലോ അത് വിജയിക്കുന്നില്ല. നബിയെയും സ്വഹാബത്തിനെയും പാരമ്പര്യത്തിന്റെ ഭാഗമായി അവര്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. വാക്കുകളില്‍ മതി ഇതെല്ലാം, കുറച്ച് പ്രവൃത്തികളിലുമാകാം എന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് തോന്നും. ഇത് ആ ചരിത്ര പുരുഷനോട് ചെയ്യുന്ന അനീതിയാണ്. പ്രചോദനവും ആവേശവുമായ ചരിത്രസംഭവങ്ങളെത്തന്നെ തമസ്‌കരിക്കുന്നതിന് തുല്യമാണത്.''
സീറയെ നിയമത്തിന്റെ പ്രധാന ഉറവിടമായി ഗസ്സാലി വിശദീകരിക്കുന്നു. ഓരോ സംഭവത്തിനു പിന്നിലുമുള്ള കാര്യകാരണങ്ങളെ അദ്ദേഹം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. പരമ്പരാഗത ബോധ്യങ്ങളെ ആധുനികമായ വിജ്ഞാനീയങ്ങളുമായി ചേര്‍ത്തുവെക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
3. ദ ജ്യൂരിസ്പ്രുഡന്‍സ് ഓഫ് ദ പ്രൊഫറ്റിക് ബയോഗ്രഫി
സഈദ് റമദാന്‍ ബൂത്വിയുടെ ഫിഖ്ഹുസ്സീറത്തുന്നബവിയ്യ അശ്ശരീഫ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. പ്രമുഖ പണ്ഡിതനും അഭയാര്‍ഥികളുടെ ശൈഖ് എന്ന് അറിയപ്പെടുന്ന ആളുമാണ് ബൂത്വി. 2013-ല്‍ സിറിയയില്‍ ഒരു പള്ളിയില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ ഉണ്ടായ സ്‌ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നബിയുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും ഫിഖ്ഹിലെ വിധികളെ കുറിച്ചുമുള്ള വിവരണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മൗലാനാ റളിയ്യുല്‍ ഇസ്ലാം നദ്വി ഈ പുസ്തകം ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
4. നോബ്ള്‍ ലൈഫ് ഓഫ് പ്രൊഫറ്റ്
ഡോ. അലി മുഹമ്മദ് അസ്സ്വല്ലാബിയുടെ സീറത്തുന്നബവിയ്യ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. 1963-ല്‍ ബന്‍ഗാസിയിലാണ് സ്വല്ലാബിയുടെ ജനനം. ഗസ്സാലിയുടെ മേല്‍പറഞ്ഞ പുസ്തകത്തിന്റെ അതേ ശൈലിയാണ് സ്വല്ലാബിയും സ്വീകരിച്ചിരിക്കുന്നത്. വ്യക്തിക്കും സമൂഹത്തിനും പ്രസ്ഥാനത്തിനും മാതൃകയായി നബിചരിത്രത്തിലെ സംഭവങ്ങള്‍ വിവരിക്കുകയാണ് അദ്ദേഹം. പല ആധുനിക വിഷയങ്ങളെയും അദ്ദേഹം ഇതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. മൂന്നു വാള്യങ്ങളിലായി 2000 പേജുകളുണ്ട് ഈ പുസ്തകത്തിന്.
ഉര്‍ദുവില്‍നിന്ന് ഇംഗ്ലീഷിലെത്തിയ നബിചരിതങ്ങള്‍
ഉര്‍ദുവില്‍നിന്ന് ധാരാളം നബിചരിത്ര കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രശസ്തമായ ചിലത് മാത്രം പരിചയപ്പെടുത്തുന്നു.
1. സീറത്തുന്നബി- ശിബ്ലി നുഅ്മാനി, സയ്യിദ് സുലൈമാന്‍ നദ് വി
ഉര്‍ദുവിലെന്നല്ല മറ്റു ഭാഷകളിലും എഴുതപ്പെട്ട നബിചരിത്ര ഗ്രന്ഥങ്ങളില്‍ ഏറ്റവും മികച്ചത് എന്നു പറയാവുന്ന കൃതി. പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ അല്ലാമാ ശിബ്ലി നുഅ്മാനിയാണ് ഈ പുസ്തകത്തിന്റെ ഒന്ന്, രണ്ട് ഭാഗങ്ങള്‍ എഴുതിയത്. അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യന്‍ സുലൈമാന്‍ നദ്വിയാണ് ബാക്കി മൂന്നാം ഭാഗം മുതല്‍ 6-ാം ഭാഗം വരെ എഴുതിയത്. സ്വബാഹുദ്ദീന്‍ അബ്ദുര്‍റഹ്മാനാണ് അവസാന ഭാഗമായ 7-ാം വാള്യം പൂര്‍ത്തീകരിച്ചത്. ഈ ഗ്രന്ഥം സീറയെ ചരിത്രമെന്ന നിലയില്‍ മാത്രമല്ല തത്ത്വശാസ്ത്രമെന്ന നിലക്ക് കൂടിയാണ് സമീപിക്കുന്നത്. ത്വയ്യിബ് ബക്ഷ് ബദായൂനി, സഈദ് ഫാറൂഖി എന്നിവരാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഏഴു വാള്യങ്ങളും ഇംഗ്ലീഷില്‍ ലഭ്യമാണ്.
2. മുഹമ്മദ്: മെഴ്സി ഫോര്‍ ദ വേള്‍ഡ്സ്- ഖാദി മുഹമ്മദ് സുലൈമാന്‍ മന്‍സൂര്‍പുരി
പണ്ഡിതനും എഴുത്തുകാരനും ഗവേഷകനും ന്യായാധിപനുമായിരുന്ന മന്‍സൂര്‍പുരിയുടെ കൃതി. ആഴമേറിയ ഗവേഷണങ്ങള്‍ക്കു ശേഷമാണ് ഈ പുസ്തകം എഴുതപ്പെട്ടത്. അതിനാല്‍ വായനക്കാരന് സംഭവങ്ങളെ സൂക്ഷ്മമായി വിലയിരുത്താനാകും. നബിയുടെ സമ്പൂര്‍ണ കുടുംബ പരമ്പര, യുദ്ധങ്ങളുടെ വിശദാംശങ്ങള്‍, ഓരോ യുദ്ധത്തിലും പങ്കാളികളായവരുടെയും രക്തസാക്ഷികളായവരുടെയും പേരുവിവരങ്ങള്‍, ഓരോ യുദ്ധത്തിലും കൊല്ലപ്പെട്ട നബിയുടെ കൂട്ടുകാരുടെയും ശത്രുക്കളുടെയും പട്ടിക ഇവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. നബി നടത്തിയ വിപ്ലവം ഏറ്റവും സമാധാനപരവും ഹിംസകള്‍ കുറഞ്ഞതുമാണെന്ന് സമര്‍ഥിക്കുന്നു. സൂക്ഷ്മ വിവരങ്ങള്‍ക്ക് ഒരു പ്രധാന അവലംബമാണീ പുസ്തകം. പാശ്ചാത്യ വിമര്‍ശനങ്ങളോടുള്ള കൃത്യമായ പ്രതികരണങ്ങളും ഈ പുസ്തകത്തില്‍ കാണാം. നബിയുടെ 36 പ്രത്യേകതകള്‍ വിവരിച്ച് അതിനെ യുക്തിപരമായി സ്ഥാപിക്കുന്നുമുണ്ട് ഗന്ഥകാരന്‍. നബി ലോകര്‍ക്കാകമാനം അനുഗ്രഹമാണെന്നും ലോകത്ത് ജീവിച്ചതില്‍ മികച്ച വ്യക്തിത്വമാണെന്നും പല തരത്തില്‍ സമര്‍ഥിക്കുന്നുണ്ട് ഗ്രന്ഥം.
3. ദിയാഉന്നബി- പീര്‍ കറം ഷാ
ഉര്‍ദുവില്‍ എഴുതുകയും പിന്നീട് ഗ്രന്ഥകാരന്‍ തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ഗ്രന്ഥം. സൂഫിയും പണ്ഡിതനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും കര്‍മശാസ്ത്രകാരനുമായ പീര്‍ കറം ഷായാണ് ഗ്രന്ഥകാരന്‍. പാകിസ്താന്‍ സുപ്രീംകോടതി ജഡ്ജിയുമായിരുന്നു അദ്ദേഹം. ഓരോ വാക്കിലും നബിസ്നേഹം നിറഞ്ഞുതുളുമ്പുന്നു. പുസ്തകത്തിന്റെ അവസാന രണ്ട് ഭാഗം ഓറിയന്റലിസ്റ്റുകള്‍ക്കുള്ള മറുപടിയാണ്.
4. ബെനെഫാക്ടര്‍ ഓഫ് ഹ്യൂമാനിറ്റി- നഈം സിദ്ദീഖി
മുഹ്സിനെ ഇഹ്സാനിയ്യത്ത് എന്ന ഉര്‍ദു പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. നബിജീവിതത്തെ പിന്തുടരപ്പെടേണ്ട പവിത്ര പോരാട്ടമായി വിവരിക്കുന്ന ഗ്രന്ഥം.
5. ദ സീല്‍ഡ് നെക്ടര്‍- സ്വഫിയ്യുര്‍ റഹ്മാന്‍ മുബാറക്പൂരി
പുരസ്‌കാരങ്ങള്‍ നേടിയ അര്‍റഹീഖുല്‍ മഖ്തൂം എന്ന അറബി ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണിത്. ആധികാരികതകൊണ്ടും സരളമായ വിവരണംകൊണ്ടും ശ്രദ്ധേയമാണീ പുസ്തകം.
6. ദ അണ്‍ലറ്റേര്‍ഡ് പ്രൊഫറ്റ്- ഖാലിദ് മസൂദ്
ഹയാതെ റസൂലെ ഉമ്മിയ് എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. അമീന്‍ അഹ്സന്‍ ഇസ്വ്ലാഹിയുടെ ശിഷ്യനാണ് ഗ്രന്ഥകാരനായ ഖാലിദ് മസൂദ്. പുതുമയുള്ളതാണ് ഇതിന്റെ രചനാ രീതി. ഖുര്‍ആനാണ് എഴുത്തിന്റെ പ്രധാന അവലംബം. മറ്റെല്ലാ ചരിത്ര ഉറവിടങ്ങളെയും ഖുര്‍ആന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. പാരമ്പര്യ ചരിത്രഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തത പു
ലര്‍ത്തുന്ന ഈ പുസ്തകം നല്ലൊരു വായനാനുഭവമാണ്.
മുഹമ്മദ് ദ പ്രൊഫറ്റ് ഓഫ് എറ്റേണിറ്റി (സയ്യിദ് സുലൈമാന്‍ നദ്വിയുടെ മദ്രാസ് പ്രസംഗത്തിന്റെ വിവര്‍ത്തനം), ദ നോബ്ള്‍ ലൈഫ് ഓഫ് മുഹമ്മദ് (അബ്ദുല്‍ ഹയ്യിന്റെ ഹയാതെ ത്വയ്യിബയുടെ വിവര്‍ത്തനം), പ്രൊഫറ്റ് മുഹമ്മദ് എ റോള്‍മോഡല്‍ ഫോര്‍ മുസ്ലിം മൈനോറിറ്റീസ് (പ്രഫ. യാസീന്‍ മസ്ഹര്‍ സിദ്ദീഖി) എന്നിവയും ഇംഗ്ലീഷില്‍ ലഭ്യമാണ്. മൗലാനാ വഹീദുദ്ദീന്‍ ഖാന്റെ മുഹമ്മദ് എ പ്രൊഫറ്റ് ഫോര്‍ ആള്‍ ഹ്യൂമാനിറ്റി, മുഹമ്മദ് ദ പ്രൊഫറ്റ് ഓഫ് റെവല്യൂഷന്‍, ദ പ്രൊഫറ്റ് മുഹമ്മദ്: എ സിംപ്ള്‍ ഗൈഡ് ടു ഹിസ് ലൈഫ്, മുഹമ്മദ് ദ ഐഡിയല്‍ കാരറ്റര്‍ എന്നീ പുസ്തകങ്ങളും ഉര്‍ദുവില്‍ എഴുതപ്പെട്ട് ഇംഗ്ലീഷിലേക്ക് എത്തിയവയാണ്. മൗലാനാ മൗദൂദിയുടെ സീറത്തെ സര്‍വറെ ആലം പോലുള്ള ചില ഉര്‍ദു കൃതികള്‍ ഇനിയും ഇംഗ്ലീഷിലേക്കെത്തിയിട്ടില്ല. അവ ഇംഗ്ലീഷിലെത്തിക്കാന്‍ കഴിവുറ്റ യുവാക്കള്‍ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Comments