ആ ജീവിതം എന്തുകൊണ്ട് മാതൃകാപരമായി?
മനുഷ്യജീവിതം ഏതെങ്കിലും അര്‍ഥത്തില്‍ മെച്ചപ്പെടുത്താന്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ള എല്ലാവരോടും നമുക്ക് നന്ദിയും കടപ്പാടുമുണ്ട്. ചരിത്രം പരിശോധിച്ചാല്‍, ഇക്കാര്യത്തില്‍ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളത് ദൈവദൂതന്മാരാണെന്ന് കാണാന്‍ കഴിയും. ഈ ദൈവദൂതന്മാരില്‍ ഓരോരുത്തരും തന്റെ കാലത്തെ ജനസമൂഹത്തിന് മുന്നില്‍ ആരെയും അതിശയപ്പെടുത്തുന്ന വിധത്തില്‍ സമുന്നതമായ ഒരു മാതൃക ജീവിച്ച് കാണിച്ചു തന്നിട്ടുണ്ട്. ഈ ദൈവദൂതരില്‍ ചിലര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപങ്ങളായിരുന്നു. ചിലര്‍ നിസ്വാര്‍ഥതയുടെ പ്രതീകങ്ങള്‍. ത്യാഗവും അര്‍പ്പണവുമാണ് ചിലരെ വേറിട്ടു നിര്‍ത്തുന്നത്. സ്വന്തത്തെ ദൈവേഛക്ക് സമര്‍പ്പിക്കാനുള്ള ആവേശമാണ് ചിലരുടെ സവിശേഷതയെങ്കില്‍, ഭൗതികതയെ കൈയൊഴിഞ്ഞ് ഭക്തിയുടെ മാര്‍ഗത്തില്‍ സഞ്ചരിച്ചാണ് ചിലര്‍ മാതൃകയായത്. ചുരുക്കത്തില്‍, മനുഷ്യന്റെ സങ്കീര്‍ണമായ ജീവിത സമസ്യകളില്‍ ഓരോ പ്രവാചകനും വഴികാണിക്കുന്ന പ്രകാശഗോപുരം തന്നെയായിരുന്നു. അതേസമയം നമുക്ക് ആവശ്യമുള്ളത് ജീവിതത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വെളിച്ചം വിതറുന്ന ഒരു വഴിവിളക്കാണ്. സ്വന്തം ജീവിതമാതൃകയിലൂടെയാവണം ആ വെളിച്ചം പ്രസരിക്കേണ്ടത്. നമുക്ക് മുന്നില്‍ ഉയരുന്ന ചോദ്യവും അതുതന്നെയാണ്. പ്രായോഗിക മാതൃകകളിലൂടെ ജീവിത ലക്ഷ്യത്തിലേക്ക് നമ്മെ വഴികാട്ടാന്‍ ആരാണുള്ളത്? ഈ മഹത്തായ ദൗത്യം നിര്‍വഹിക്കാനാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആന്റെ വാക്കുകളില്‍ അത് നമുക്ക് ഇങ്ങനെ വായിക്കാം: ''ഓ നബീ, സാക്ഷിയായി, സദ്‌വാര്‍ത്തകളുടെ വാഹകനായി, മുന്നറിയിപ്പുകാരനായി, അല്ലാഹുവിന്റെ അനുമതിയോടെ അവന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവനായി, ജ്വലിക്കുന്ന വിളക്കായി നാം താങ്കളെ നിയോഗിച്ചിരിക്കുന്നു'' (33:45,46).
തന്റെ പക്കലുള്ളത് ദൈവിക സന്ദേശമാണ് എന്നതിന് സാക്ഷിയാണ് ഈ പ്രവാചകന്‍. സദ്‌വൃത്തരായി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് ശാശ്വത വിജയവും സംതൃപ്തിയുമുണ്ട് എന്ന സദ്‌വാര്‍ത്തയുമായാണ് അദ്ദേഹം വന്നിരിക്കുന്നത്. ഈ യാഥാര്‍ഥ്യത്തെക്കുറിച്ച് ബോധമില്ലാതെ ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അദ്ദേഹം ഒരു മുന്നറിയിപ്പുകാരനാണ്. നശ്വര ജീവിതത്തിന്റെ ഭ്രാന്തമായ കിടമത്സരത്തില്‍ എല്ലാം നഷ്ടമായവരെ ദൈവികപന്ഥാവിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയുമാണ് അദ്ദേഹം. അജ്ഞതയുടെയും സംശയത്തിന്റെയും ഇരുട്ടുകളെ വകഞ്ഞുമാറ്റി നേര്‍പാത തെളിച്ചു കാട്ടുന്ന വിളക്കുമരവുമാണ്. തന്റെ മികച്ച സ്വഭാവചര്യകളിലൂടെ ഉത്കൃഷ്ട മാതൃകകള്‍ സൃഷ്ടിച്ചാണ് ഈ ദൗത്യങ്ങളൊക്കെയും അദ്ദേഹം നിറവേറ്റുന്നത്.
യഥാര്‍ഥത്തില്‍, വിവിധ കാലങ്ങളില്‍ ദൈവം അയച്ച ഓരോ പ്രവാചകനും സാക്ഷിയും പ്രബോധകനും മുന്നറിയിപ്പുകാരനും സദ്‌വാര്‍ത്തകള്‍ അറിയിക്കുന്നവനുമൊക്കെയായിട്ട് തന്നെയാണ് നിയോഗിതനായത്. പക്ഷേ ഈ ഗുണങ്ങളെല്ലാം ഓരേ വ്യക്തിയില്‍ ഒരേ പ്രാധാന്യത്തോടെ മേളിക്കുന്നത് നാം കാണുന്നില്ല. ഉദാഹരണത്തിന്, യാക്കോബ്, യിസാഖ്, ഇസ്മയേല്‍ പോലുള്ള നിരവധി പ്രവാചകന്മാര്‍ സാക്ഷികളെന്ന നിലക്കാണ് മികവ് പുലര്‍ത്തുന്നത്; അബ്രഹാം, യേശു പോലുള്ളവര്‍ സദ്‌വാര്‍ത്തകളുടെ വാഹകരെന്ന നിലക്കും. നോഹ, മോസസ്, ഹൂദ്, ശുഐബ് പോലുള്ള പ്രവാചകന്മാര്‍ മുന്നറിയിപ്പുകാരെന്ന നിലയില്‍ മികച്ചുനില്‍ക്കുന്നു. ജോസഫിലും യോനയിലും സത്യത്തിലേക്ക് ക്ഷണിക്കുന്നവര്‍ എന്ന ഗുണമാണ് മുന്തിനില്‍ക്കുന്നത്. മുഹമ്മദ് നബിയുട ദൗത്യനിര്‍വഹണം പരിശോധിക്കുമ്പോള്‍ ഈ ഗുണങ്ങളെല്ലാം ഒരാളില്‍ തുല്യ അളവില്‍ മേളിച്ചതായി കാണാം. അദ്ദേഹം ഒരേസമയം സാക്ഷിയും സദ്‌വാര്‍ത്തയറിയിക്കുന്നവനും മുന്നറിയിപ്പുകാരനും സത്യപ്രബോധകനും എല്ലാ കാലത്തേക്കുമുള്ള ദീപസ്തംഭവുമൊക്കെയായിരുന്നു. അത് തീര്‍ത്തും സ്വാഭാവികവുമാണ്. കാരണം പ്രവാചക ശ്രേണിയിലെ ഒടുവിലത്തെയാളാണ് അദ്ദേഹം. ഇനിയൊരു പ്രവാചകന്‍ വരാനില്ല. അതിനാല്‍ അദ്ദേഹം കൊണ്ടുവന്ന ജീവിത ദര്‍ശനം പൂര്‍ണവും അന്തിമവുമാണ്. അത് തിരുത്താനോ അതിലേക്ക് വല്ലതും കൂട്ടിച്ചേര്‍ക്കാനോ മറ്റൊരാളും ഇനി വരാനില്ല.
അദ്ദേഹം നല്‍കുന്ന നിര്‍ദേശങ്ങള്‍ ഖണ്ഡിതവും ശാശ്വതവുമാണ്. അന്ത്യനാള്‍ വരെ അത് അങ്ങനെത്തന്നെയായിരിക്കും. അപ്പോള്‍ ആ വ്യക്തിത്വവും മാതൃകാ വ്യക്തിത്വമായിരിക്കണം. മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ അവയുടെ പൂര്‍ണതയില്‍ ആ വ്യക്തിത്വത്തില്‍ മേളിച്ചിരിക്കണം. ഞാനിപ്പറയുന്നതൊന്നും ഒരു മതവിശ്വാസി എന്ന നിലക്കുള്ള എന്റെ അവകാശവാദങ്ങളായി കാണരുത്. മനുഷ്യചരിത്രത്തില്‍ അങ്ങനെയൊരു അന്യാദൃശ സംഭവം ഉണ്ടായിട്ടുണ്ട്. അതിന് തെൡവായി ചോദ്യം ചെയ്യപ്പെടാനാവാത്ത ആധികാരിക ചരിത്ര വസ്തുതകള്‍ നമുക്ക് മുന്നില്‍ ഉണ്ട് താനും.
ഒരു മനുഷ്യന്റെ ജീവചരിത്രം സകല മനുഷ്യര്‍ക്കും പിന്‍പറ്റാന്‍ യോഗ്യമായ മാതൃകയായിത്തീരണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ തീര്‍ച്ചയായും പാലിച്ചിരിക്കണം. അതില്‍ ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും അത്തരമൊരു ജീവചരിത്രം ചരിത്രപരമായി ആധികാരികമായിരിക്കണം എന്നതാണ്. തെളിവുകള്‍ കൃത്യവും ഭദ്രവുമായിരിക്കണം.
ചരിത്രപരമായ ഭദ്രത
എന്താണ് ചരിത്രപരമായ ഭദ്രത? ഈ മാതൃകാ വ്യക്തിത്വത്തിന്റെ ജീവിതത്തില്‍ ഉണ്ടായ എല്ലാ സംഭവങ്ങളും വളരെ ആധികാരികമായും സത്യസന്ധമായും രേഖപ്പെടുത്തിയതായിരിക്കണം. അവ റിപ്പോര്‍ട്ട് ചെയ്തവരും രേഖപ്പെടുത്തിയവരും വിശ്വസിക്കാനും അവലംബിക്കാനും പറ്റുന്നവരായിരിക്കണം. അല്ലാത്തപക്ഷം അവയെല്ലാം മിത്തുകളോ ഭാവനാകഥകളോ ആയി മാറിപ്പോകും. ഒരു യഥാര്‍ഥ വ്യക്തിയുടെ ജീവിതം ഉണ്ടാക്കുന്ന സ്വാധീനം മിത്തുകള്‍ക്കോ ഭാവനാ കഥകള്‍ക്കോ ഉണ്ടാക്കാന്‍ കഴിയില്ലെന്നത് ഒരു മനശ്ശാസ്ത്ര തത്ത്വമാണ്. അത് നമ്മുടെ നിത്യജീവിതാനുഭവവുമാണ്. അതിനാല്‍ ഒരു മാതൃകാ ജീവചരിത്രം സംശയമുക്തമായിരിക്കണം. ആ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങള്‍ക്കും കുറ്റമറ്റ ചരിത്രത്തെളിവുകളുടെ പിന്‍ബലമുണ്ടായിരിക്കണം.
അല്‍പനേരം ആനന്ദം പകര്‍ന്നുനല്‍കുന്ന കഥകള്‍ പോലെയല്ല ഒരു ചരിത്ര വ്യക്തിത്വത്തിന്റെ ജീവിതരേഖ. അതിന് വളരെ ഗൗരവമാര്‍ന്ന ഒരു ലക്ഷ്യമുണ്ട്. മാതൃകയാവാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ആ ജീവിതം. എങ്കിലേ ആ ജീവിതം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ ജീവിതത്തെ നമുക്ക് ചിട്ടപ്പെടുത്താനാവൂ. ഇനി മാതൃകാ ജീവിതമായി അവതരിപ്പിക്കപ്പെടുന്നത് കേവലം ഭാവനയാണെങ്കില്‍, അല്ലെങ്കില്‍ സംശയലേശമന്യേ ആ ജീവിതത്തെ ചരിത്രപരമായി സ്ഥാപിച്ചെടുക്കാനായിട്ടില്ലെങ്കില്‍ അതിനൊരിക്കലും മറ്റുള്ളവര്‍ക്ക് പിന്തുടരാവുന്ന പ്രായോഗിക മാതൃകയാകാനാകില്ല. അത് മിത്തുകളോ അമ്മൂമ്മ കഥകളോ ഒക്കെയായി ജനങ്ങളെ രസിപ്പിക്കുക മാത്രമേ ചെയ്യൂ. അതിനാല്‍ ഒരു ജീവചരിതം ഫലവത്തും മാതൃകായോഗ്യവുമാവണമെങ്കില്‍, ആ ജീവിതം പൂര്‍ണവും അതിലെ സംഭവങ്ങള്‍ ആധികാരിക ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമാവണം. ഏതോ പുരാവൃത്തങ്ങളിലെ നായകന്മാരെ അനുകരിച്ചുകൊണ്ട് ഒരു സാധാരണ മനുഷ്യന് ഒരിക്കലും തന്റെ ജീവിതത്തെ ചിട്ടപ്പെടുത്താനാവില്ല.
ലോകത്ത് വന്ന മുഴുവന്‍ പ്രവാചകന്മാരെയും നാം വളരെ ആദരവോടെയാണ് കാണുന്നത്. ദൈവം അയച്ച സത്യപ്രബോധകരായിരുന്നു അവരെല്ലാം എന്ന കാര്യത്തില്‍ നമുക്കൊട്ടും സംശയമില്ല. അപ്പോഴും ഖുര്‍ആന്റെ ഈ പരാമര്‍ശം നമ്മുടെ മനസ്സിലുണ്ടാവണം: ''അവരെല്ലാം ദൈവ പ്രവാചകന്മാരാകുന്നു. അവരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ മികവ് നല്‍കിയിരിക്കുന്നു'' (2:253). ഈ സൂക്തം മുന്നില്‍ വെച്ച് മുഹമ്മദ് നബിയുടെ ദൗത്യം മറ്റു നബിമാരുടെ ദൗത്യത്തില്‍നിന്ന് അല്‍പം വേറിട്ടുനില്‍ക്കുന്നു എന്ന് നമുക്ക് പറയാം. അതായത് മുഹമ്മദ് നബിയുടെ ദൗത്യത്തിന് സാര്‍വലൗകിക മാനമുണ്ട്. മറ്റു പ്രവാചകന്മാര്‍ ഒരു പ്രത്യേക സമൂഹത്തിലേക്കോ കാലഘട്ടത്തിലേക്കോ മാത്രമാണ് നിയുക്തരാവുന്നത്. അവരുടെ ദൗത്യത്തിന് ശാശ്വത സ്വഭാവമില്ല. ഒരു പ്രത്യേക കാലത്ത് ജീവിച്ചവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുക എന്നതായിരുന്നു അവരുടെ ദൗത്യം. അതിനാല്‍ അവരുടെ ജീവിതവും ദൗത്യവും അവര്‍ അഭിസംബോധന ചെയ്ത ജനവിഭാഗങ്ങളുമൊക്കെ ചരിത്രത്തിലെവിടെയോ വെച്ച് നഷ്ടമായി. മുഹമ്മദ് നബി ഒടുവിലത്തെ ദൈവദൂതനായതുകൊണ്ട് ദൈവിക നിയമങ്ങള്‍ പ്രയോഗവത്കരിക്കുന്നതില്‍ മറ്റൊരു ജീവിതത്തിലും കാണാത്ത പൂര്‍ണത അവിടെ നമുക്ക് കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ വിശദാംശങ്ങളോടെയും അത്ഭുതകരമായ രീതിയില്‍ ആധികാരികമായി തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു; ശേഷം വരുന്നവര്‍ക്ക് തങ്ങളുടെ നിത്യജീവിതത്തില്‍ പ്രവാചകനെ മാതൃകയാക്കാന്‍ പറ്റുന്ന വിധം.
ലോകത്ത് ആഗതരായിട്ടുള്ള പ്രവാചകന്മാരുടെ എണ്ണം, അവര്‍ നിയോഗിക്കപ്പെട്ട നാട്, ജനത, അവരുടെ ജീവിതകാലം, അവര്‍ സംസാരിച്ച വ്യത്യസ്ത ഭാഷകള്‍-ഇതൊക്കെ നിങ്ങള്‍ക്ക് ഭാവന ചെയ്യാന്‍ പറ്റുന്നുണ്ടോ? ഒരു നബിവചനത്തില്‍ വന്ന കണക്ക് പ്രകാരം, മൊത്തം പ്രവാചകന്മാരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി നാലായിരമാണ്. ഇന്ന് നമുക്ക് അവരില്‍ എത്രയാളുകളുടെ പേരറിയാം? പേരറിയുന്നവരെക്കുറിച്ച് തന്നെ, അവരുടെ ജീവചരിത്രം എത്രത്തോളമറിയാം? ചരിത്രത്തില്‍ ഏറ്റവുമധികം പ്രാചീനത അവകാശപ്പെടുന്ന ഹിന്ദുമതത്തില്‍ നൂറുകണക്കിന് പുണ്യപുരുഷന്മാരുണ്ട്. പക്ഷേ അവരുടെ ചരിത്രപരത (ചരിത്രത്തില്‍ അവര്‍ ജീവിച്ചിരുന്നോ എന്ന കാര്യം) സ്ഥാപിച്ചെടുക്കുക വളരെ പ്രയാസമാണ്. മിത്തോളജിയില്‍നിന്ന് ചരിത്രത്തിലേക്ക് നീങ്ങിനില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. മഹാഭാരതം, രാമായണം പോലുള്ള ഇതിഹാസങ്ങളിലെ നായകരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ചരിത്രമെന്ന് വകയിരുത്താന്‍ ഒരു നിവൃത്തിയുമില്ല. ഏതു കാലഘട്ടത്തിലാണ് അവര്‍ ജീവിച്ചിരുന്നത്? ഒരാള്‍ക്കും പറയാന്‍ കഴിയുന്നില്ല.
പ്രാചീന പേര്‍ഷ്യന്‍ മതത്തിന്റെ സ്ഥാപകനാണല്ലോ സൊറോസ്ട്രര്‍ (Zoroaster) . ദശലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തെ മാതൃകാ വ്യക്തിത്വമായി കാണുന്നു. പക്ഷേ ചരിത്രപരമായി നോക്കിയാല്‍ അദ്ദേഹം ഒരു ദുരൂഹ വ്യക്തിത്വമാണ്. എത്രത്തോളമെന്നാല്‍, ചില യൂറോ-അമേരിക്കന്‍ ചരിത്രകാരന്മാര്‍ അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ എന്നു പോലും സംശയിക്കുന്നു. ചരിത്രത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നു എന്ന് അംഗീകരിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്കിടയില്‍തന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പലതരം അഭിപ്രായങ്ങളാണുള്ളത്. ഇതൊക്കെയും ഈ ഗവേഷകരുടെ ഭാവനാ വിലാസങ്ങളാണ്. അതിനാല്‍ ധാരാളം വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് രേഖപ്പെടുത്തപ്പെട്ട അദ്ദേഹത്തിന്റെ ചരിത്രം. സൊറോസ്ട്രറുടെ ജീവിതകാലം, ജനനം, കുടുംബം, പൂര്‍വികര്‍, അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം, അതിന്റെ പ്രചാരണം, അദ്ദേഹത്തിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രന്ഥത്തിന്റെ ആധികാരികത, അദ്ദേഹത്തിന്റെ ഭാഷ, മരണം ഇതേക്കുറിച്ചൊക്കെ നൂറുകണക്കിന് ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അവക്ക് തൃപ്തികരമായി മറുപടി നല്‍കുന്ന ചരിത്രപരമായ തെളിവുകള്‍ വളരെ ശുഷ്‌കമാണ്. അതുകൊണ്ടാണ് Kern, Dar Metatar തുടങ്ങിയ പണ്ഡിതന്മാര്‍, സൊറോസ്ട്രര്‍ എന്നൊരു ചരിത്രപുരുഷന്‍ ഉണ്ടായിരുന്നില്ല എന്ന് വാദിക്കുന്നത്.
ലോകത്തെ വലിയ മതങ്ങളിലൊന്നാണ് ബുദ്ധിസം. പൂര്‍വ പ്രതാപം അതിന് നഷ്ടമായെങ്കിലും വലിയൊരു വിഭാഗം ജനങ്ങളെ ഇന്നുമത് ശക്തമായി സ്വാധീനിക്കുന്നു. ഇതൊക്കെയുണ്ടെങ്കിലും ബുദ്ധന്റെ ജീവിതത്തെക്കുറിച്ചോ സന്ദേശത്തെക്കുറിച്ചോ കൃത്യമായ ചരിത്രവിവരങ്ങള്‍ കണ്ടെടുക്കാന്‍ നാം പ്രയാസപ്പെടും. മഗധയിലെ രാജാക്കന്മാര്‍ നല്‍കുന്ന ചരിത്രവിവരണങ്ങളാണ് ഇതേക്കുറിച്ചറിയാനുള്ള ഏക സ്രോതസ്സ്. ഈ രാജാക്കന്മാര്‍ക്ക് ഗ്രീക്കുകാരുമായി നയതന്ത്ര ബന്ധമുണ്ടായിരുന്നതിനാല്‍ അവരുടെ ഭരണകാലം നമുക്കറിയാമെന്നു മാത്രം. കണ്‍ഫൂഷ്യസ് പ്രാചീന ചൈനയിലെ ഒരു വലിയ മതത്തിന്റെ സ്ഥാപകനാണെങ്കിലും, അദ്ദേഹത്തിന്റെ അനുയായികള്‍ ദശലക്ഷക്കണക്കിന് വരുമെങ്കിലും ചരിത്രപരമായി അദ്ദേഹം കൃത്യമായി ആരാണെന്ന് നിര്‍ണയിക്കാന്‍ കഴിയില്ല. ഇതുപോലെ സെമിറ്റിക് വിഭാഗങ്ങളിലേക്ക് നൂറുകണക്കിന് പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്നു. പക്ഷേ ചരിത്രത്തില്‍ പലപ്പോഴും അവരുടെ പേരുകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. നോഹ, ഹൂദ്, അബ്രഹാം, സ്വാലിഹ്, ഇസ്മയേല്‍, യിസാഖ്, സഖരിയ, യോഹന്നാന്‍ (അവര്‍ക്ക് ദൈവത്തിന്റെ രക്ഷയുണ്ടാകട്ടെ) തുടങ്ങിയവരെക്കുറിച്ച് വളരെക്കുറച്ചേ നമുക്കറിയൂ. ചരിത്രത്തില്‍ അവരെക്കുറിച്ച് രേഖപ്പെടുത്തിയതെല്ലാം കണ്ടെത്തി വായിച്ചാലും പ്രാഥമികവും വളരെ പ്രധാനപ്പെട്ടതുമായ പല വിവരങ്ങളും ആ വിവരണങ്ങളില്‍ ഇല്ല എന്ന് ബോധ്യമാകും. അവരെക്കുറിച്ച വിവരണങ്ങള്‍ അപൂര്‍ണവും പലപ്പോഴും സത്യവിരുദ്ധവുമായതിനാല്‍, പ്രായോഗിക ജീവിതത്തില്‍ ഒരാള്‍ക്ക് അവരെ മാതൃകയാക്കാന്‍ കഴിയാതെ വരുന്നു. ഈ പ്രവാചകന്മാരെക്കുറിച്ച് ഖുര്‍ആനില്‍നിന്ന് ചില വിവരണങ്ങള്‍ ലഭിക്കുന്നുണ്ട്. പിന്നെയുള്ളത് ജൂതവേദങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. യഹൂദ വേദങ്ങളുടെ ആധികാരികതയെക്കുറിച്ച് ചരിത്രകാരന്മാര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ അവഗണിച്ചാല്‍തന്നെ, അവ നല്‍കുന്ന പ്രവാചക ചരിത്രങ്ങള്‍ തീര്‍ത്തും അപൂര്‍ണമാണെന്നു തന്നെ പറയേണ്ടിവരും.
തോറയിലൂടെ മോസസ്സിനെക്കുറിച്ച് നാം അറിയുന്നുണ്ട്. എന്നാല്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ എഴുത്തുകാരുടെയും മറ്റു ചില ഗവേഷകരുടെയും അഭിപ്രായത്തില്‍, ഇന്ന് നമ്മുടെ കൈയിലുള്ള തോറ എഴുതപ്പെട്ടത് മോസസ് മരണപ്പെട്ട് നിരവധി നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണ്. ചില ജര്‍മന്‍ പണ്ഡിതന്മാര്‍ പറയുന്നത്, തോറയില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോ സംഭവത്തിനും രണ്ട് വ്യത്യസ്ത വിവരണങ്ങള്‍ അതില്‍ ലഭ്യമാണ് എന്നാണ്. അടുത്തടുത്ത് തന്നെയാണ് ആ വിവരണങ്ങള്‍ കാണാനാവുക. അവ ചിലപ്പോള്‍ പരസ്പരവിരുദ്ധങ്ങളുമായിരിക്കും. ഇതേ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബ്രിട്ടാനിക്ക വിജ്ഞാനകോശത്തില്‍ 'ബൈബിള്‍' എന്ന ശീര്‍ഷകത്തിനു താഴെയുണ്ട്. ഇത് തോറയിലെ മോസസ് വിവരണത്തെ മാത്രമല്ല, ആദം വരെ ചെന്നെത്തുന്ന പ്രവാചകന്മാരെക്കുറിച്ച വിവരണങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.
ബൈബിളിലെ സുവിശേഷങ്ങളില്‍ കാണുന്നത് യേശുവിന്റെ ജീവിതവും അധ്യാപനങ്ങളുമാണ്. ധാരാളം സുവിശേഷങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂരിപക്ഷം ക്രൈസ്തവ വിശ്വാസികളും നാലെണ്ണം മാത്രമേ അംഗീകരിക്കുന്നുള്ളൂ. ബര്‍ണബാസ് സുവിശേഷം പോലുള്ളവ ആധികാരികമെന്ന് കണക്കാക്കപ്പെടുന്നില്ല. ഈ നാല് സുവിശേഷങ്ങളുടെയും രചയിതാക്കള്‍ യേശുവിനെ നേരില്‍ കണ്ടവരല്ല. അവര്‍ക്ക് എവിടെനിന്നാണ് വിവരങ്ങള്‍ ലഭിച്ചത്? ആരും ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നില്ല. ഈ രചയിതാക്കള്‍ തന്നെയാണോ ഈ നാല് സുവിശേഷങ്ങളും രചിച്ചതെന്ന കാര്യത്തിലും സംശയമുണ്ട്. ഏതു ഭാഷയില്‍, ഏതു കാലത്താണ് സുവിശേഷങ്ങള്‍ രചിക്കപ്പെട്ടതെന്ന ചോദ്യവും ഉയരുന്നു. ക്രി.വ 60-നു ശേഷം അവ രചിക്കപ്പെട്ടു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
പറഞ്ഞുവരുന്നത് ഇതാണ്: ഒരു ജീവചരിത്രം സര്‍വരാലും പിന്തുടരപ്പെടുന്ന മാതൃകാ ജീവിതമാവണമെങ്കില്‍, ആ ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ആധികാരികമായ അറിവ് ജനങ്ങള്‍ക്ക് ലഭ്യമാവണം. ആ ജീവിതത്തിന്റെ ചില വശങ്ങള്‍ നിഗൂഢമായി അവശേഷിക്കുകയോ ചില വശങ്ങള്‍ സംശയാസ്പദമായി തുടരുകയോ ചെയ്യരുത്. അത് പകല്‍വെളിച്ചം പോലെ വ്യക്തതയുള്ളതായിരിക്കണം. എങ്കിലേ ജനത്തിന് ആ ജീവിതം അനുധാവനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞുപോയ മതസ്ഥാപകരുടെയും മഹത്തുക്കളുടെയും ലഭ്യമായ ജീവചരിത്രങ്ങള്‍ നാം പരിശോധിച്ചാല്‍ 'ചരിത്രപരം' എന്ന് വിശേഷിപ്പിക്കാവുന്ന കുറഞ്ഞ വിവരങ്ങളേ നമുക്ക് ലഭിക്കുന്നുള്ളൂ. ഇന്നും എല്ലാവര്‍ക്കും ലഭ്യമായ മുഹമ്മദ് നബി(സ)യുടെ ജീവചരിത്രവുമായി തട്ടിച്ചുനോക്കിയാല്‍ മറ്റു ജീവചരിത്രങ്ങളൊന്നും അതിന്റെ അടുത്തു പോലും എത്തുന്നില്ല എന്നു കാണാം. സുപ്രധാന വിവരങ്ങള്‍ പലതും ലഭ്യമല്ല എന്നതിനാല്‍ തന്നെ ആ ജീവചരിത്രങ്ങള്‍ക്കൊന്നും സമഗ്രതയോ സമ്പൂര്‍ണതയോ അവകാശപ്പെടാനുമാവില്ല. മുഹമ്മദ് നബിയുടെ ജീവചരിത്രത്തിലാവട്ടെ ഓരോ സംഭവവും വളരെ സൂക്ഷ്മമായും വിശദമായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു; ആര്‍ക്കും ആ ജീവിത മാതൃക പിന്തുടരാന്‍ പറ്റുന്ന വിധത്തില്‍. മുഹമ്മദ് നബി ഒടുവിലത്തെ ദൈവദൂതനാണെന്നതിന്റെ സാക്ഷ്യവും കൂടിയാണിത്.
(1925-ല്‍ സയ്യിദ് സുലൈമാന്‍ നദ്‌വി മദ്രാസില്‍ നടത്തിയ സീറാ പ്രഭാഷണങ്ങളില്‍ രണ്ടാം പ്രഭാഷണത്തിന്റെ ആദ്യ ഭാഗമാണിത്).
Comments