Prabodhanm Weekly

Pages

Search

2019 നവംബര്‍ 01

3124

1441 റബീഉല്‍ അവ്വല്‍ 03

സമഗ്ര ജീവിതപദ്ധതിയായി ഇസ്‌ലാമിനെ അവതരിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വം

ഡോ. പി.ജെ വിന്‍സെന്റ്

മാനവരാശിയുടെ ചരിത്രഗതിയെ നിര്‍ണയിക്കുകയും നിശ്ചയിക്കുകയും ചെയ്ത മഹാന്മാരായ ചരിത്രപുരുഷന്മാരില്‍ പ്രഥമഗണനീയനാണ് മുഹമ്മദ് നബി. ശ്രീനാരായണ ഗുരു പ്രവാചകനെ 'കരുണാവാന്‍ നബി മുത്ത് രത്‌നം' എന്നാണ് വിശേഷിപ്പിച്ചത്. ഇബ്‌റാഹീം നബിയുടെ പ്രബോധനങ്ങള്‍ ഉയിര്‍ക്കൊണ്ട അറേബ്യയില്‍ മാനവികതയുടെ മഹത്തായ മൂല്യങ്ങളും ഏകദൈവ വിശ്വാസത്തിന്റെ പ്രമാണങ്ങളും നിരാകരിച്ച് അന്ധതയില്‍ കഴിഞ്ഞ അറബ് ജനതയെ സമുദ്ധരിക്കേണ്ട ചരിത്രപരമായ കടമയാണ് നബിക്ക് ഭരമേല്‍ക്കേണ്ടിവന്നത്. യുദ്ധം, മദ്യം, ഭോഗം എന്നിവയില്‍ അഭിരമിച്ചിരുന്ന അറബ് ഗോത്രവിഭാഗങ്ങളെ സാഹോദര്യത്തിലേക്ക് ഉദ്ഗ്രഥിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിരന്തര യുദ്ധത്തില്‍ ആഹ്ലാദം കണ്ടെത്തിയിരുന്ന പ്രാകൃത ഗോത്ര വിഭാഗങ്ങളെ സംസ്‌കൃതിയുടെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കുകയും മധ്യകാലഘട്ടത്തിലെ ഏറ്റവും മഹത്തായ സംസ്‌കൃതിക്ക് ജന്മം നല്‍കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. നബിയുടെ പ്രബോധനങ്ങളും ജീവിതചര്യയും ലോകത്തിന് മുഴുവനും മാതൃകയാണ്.
പരമ്പരാഗത വീക്ഷണത്തിലുള്ള ഒരു മതം എന്ന നിലയിലല്ല ഇസ്‌ലാം ചരിത്രത്തില്‍ രംഗപ്രവേശം ചെയ്തത്. അത് ഒരു സമഗ്ര ജീവിത പദ്ധതിയായിട്ടാണ് രൂപമെടുത്തതും വികസിച്ചതും. ജനനപൂര്‍വ  ജീവിതം (മാതാപിതാക്കള്‍), ജനനം മുതല്‍ മരണം വരെയുള്ള ഭൗതിക-ആത്മീയ ജീവിതം, മരണാനന്തര ജീവിതം എന്നിവ ഒരു ചരടില്‍ കോര്‍ത്ത് സമഗ്രതയില്‍ ഒരു നൈരന്തര്യമായി അവതരിപ്പിച്ച സവിശേഷമായ ജീവിത പദ്ധതിയാണ് ഇസ്‌ലാം. ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും ഉള്‍ച്ചേര്‍ത്തു എന്നതിലാണ് ജീവിതം സംബന്ധിച്ച നബിദര്‍ശനം പ്രസക്തമാകുന്നത്.

മൂല്യങ്ങള്‍
കാരുണ്യത്തെ മാനവികതയുടെ അടിസ്ഥാന മൂല്യമായി നബി അവതരിപ്പിച്ചു. മനുഷ്യനെപ്രതി  സമഭാവനയോടെയുള്ള കരുതലാണ് ഇതിന്റെ അന്തര്‍ധാര. 114 അധ്യായങ്ങളുള്ള ഖുര്‍ആന്റെ 113 അധ്യായങ്ങളും ആരംഭിക്കുന്നത് 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന വാക്യത്തോടെയാണ്. പരമകാരുണികനും ദയാവാരിധിയുമായ അല്ലാഹുവിനെയാണ് ഇവിടെ നാം കാണുന്നത്. മറ്റൊരര്‍ഥത്തില്‍ അല്ലാഹുവിന്റെ നിര്‍വചനമാണിത്. മനുഷ്യന്‍ ആന്തരവത്കരിക്കേണ്ട ഏറ്റവും മഹത്തായ മൂല്യമായി അതിനെ വിഭാവനം ചെയ്തിരിക്കുന്നു.
കാരുണ്യത്തിന്റെ തുടര്‍ച്ചയാണ് സാഹോദര്യം. സാഹോദര്യത്തെ ഒരു സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മൂല്യമായി നബി വികസിപ്പിച്ചു. അറബികള്‍ തമ്മിലോ ഇസ്‌ലാംമത വിശ്വാസികള്‍ തമ്മിലോ മാത്രം ഉണ്ടായിരിക്കേണ്ട ഒന്നല്ല സാഹോദര്യം. മറിച്ച് അതൊരു മൂല്യവും ജീവിത വ്യവസ്ഥയുമാണ്. സത്യവിശ്വാസികളുടെ സമൂഹം അഥവാ 'ഉമ്മത്ത്' സാഹോദര്യത്തില്‍ അധിഷ്ഠിതമാണ്. ഇതു പക്ഷേ സത്യവിശ്വാസികളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. ദിവ്യപ്രബോധനങ്ങള്‍ ലഭിച്ച മതസമൂഹങ്ങള്‍ക്കും ഇതരര്‍ക്കും സര്‍വ ചരാചരങ്ങള്‍ക്കും അനുഭവവേദ്യമാകേണ്ട മൂല്യമായി സാഹോദര്യത്തെ ഇസ്‌ലാം വികസിപ്പിച്ചു. വിശാലാര്‍ഥത്തില്‍ അത് വിശ്വസാഹോദര്യമായി മാറുന്നു. 'ലോകാ സമസ്താ സുഖിനോ ഭവന്തു' (ലോകം മുഴുവന്‍ സുഖമായിരിക്കട്ടെ) എന്ന ഉപനിഷദ് പ്രാര്‍ഥനയും ഇസ്‌ലാമിന്റെ സാര്‍വലൗകിക സാഹോദര്യവും സമാനമായ പരികല്‍പനകളാണ്. മനുഷ്യരെല്ലാം ഒരു കുടുംബമാണ് (വസുധൈവ കുടുംബകം) എന്ന ആശയവും ഇവിടെ ചേര്‍ത്തുവെക്കാവുന്നതാണ്.
ആശയം എന്ന തലത്തിലോ കേവലമായ മൂല്യങ്ങള്‍ എന്ന നിലയിലോ മാത്രമല്ല നബി ഇവയെ സമീപിച്ചത്. പ്രായോഗിക ജീവിതത്തിനുള്ള പദ്ധതിയുടെ ഭാഗമായി പ്രയോഗത്തില്‍ വരുത്തി ചരിത്രം സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സി.ഇ 622 മുതല്‍ സി.ഇ 632 വരെ പ്രവാചകന്‍ നേതൃത്വം നല്‍കിയ ഇസ്‌ലാമിക ഭരണക്രമം ഈ മൂല്യങ്ങളെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നു. പിന്നീട് ഖലീഫമാര്‍ ഒരു പരിധിവരെ ഇവയെ വികസ്വരമാക്കി. ആധുനികകാലത്ത് ഫ്രഞ്ച് വിപ്ലവകാരികളാണ് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന 'സാഹോദര്യം' അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുണ്ട്. മഹത്തായ ആശയം എന്ന നിലയില്‍ ചരിത്രകാലത്ത് നിലനിന്ന സാഹോദര്യത്തെ ആദ്യമായി ഒരു രാഷ്ട്രീയ മൂല്യമായി വികസിപ്പിക്കുകയും അത് പ്രയോഗത്തില്‍ വരുത്താന്‍ ഒരു ഭരണക്രമം (ഇസ്‌ലാമിക് റിപ്പബ്ലിക്) രൂപപ്പെടുത്തുകയും ചെയ്തത് മുഹമ്മദ് നബിയാണ്.
ഇസ്‌ലാം 'പൊളിറ്റിക്കല്‍' ആകുന്നത് ഈ തലത്തിലാണ്. മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ് (Man is a Political Animal). രാഷ്ട്രീയത്തെ മാറ്റിവെച്ച് ഒരു സാമൂഹിക ജീവിതം അവന് അസാധ്യമാണ്. ഒരു സമഗ്ര ജീവിത പദ്ധതിയെന്ന നിലയില്‍ ഇസ്‌ലാമില്‍നിന്ന് രാഷ്ട്രീയത്തെ മാറ്റിനിര്‍ത്താന്‍ ദാര്‍ശനികമായും പ്രായോഗികമായും സാധ്യമല്ല. ഇതിനര്‍ഥം 'മതരാഷ്ട്രീയം' എന്നല്ല. മറിച്ച്, സത്യവിശ്വാസികള്‍ അവരുടെ രാഷ്ട്രീയമടക്കമുള്ള ജീവിതവ്യവഹാരങ്ങളിലെല്ലാം ഇസ്‌ലാമിക ദര്‍ശനവും നബിചര്യയും അടിസ്ഥാന പ്രമാണമായി സ്വീകരിക്കണമെന്നാണ്.
മനുഷ്യന്റെ ഭൗതിക ജീവിതത്തിന് പ്രഥമ പരിഗണന നല്‍കിയ ദര്‍ശനമാണ് നബിയുടേത്. നബി വിഭാവനം ചെയ്ത ജീവിത പദ്ധതിയില്‍ വ്യക്തിപരമായ ശുചിത്വത്തില്‍ തുടങ്ങി മരണാനന്തര ചടങ്ങുകള്‍ വരെ നീളുന്ന നാനാവിധമായ ജൈവ പ്രക്രിയകള്‍ എങ്ങനെ നിര്‍വഹിക്കണമെന്ന് സുവ്യക്തമാക്കുന്നുണ്ട്. ഭൗതികമായ സ്വാസ്ഥ്യം ആത്മീയ ജീവിതത്തിന് അനിവാര്യമാണ്. ആശയലോകവും ഭൗതികലോകവും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലിന്റെ വൈരുധ്യം ഇവിടെ കാണുന്നില്ല. മറിച്ച് ഭൗതിക ജീവിതത്തിന്റെ സ്വാഭാവിക പരിണതിയായി, അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടേണ്ട സത്തയായി, മാനവികതയിലെ 'ദൈവത്വം' മാറുന്നു. ഭൗതിക ജീവിതം നിരാകരിക്കുന്ന യാന്ത്രിക ആത്മീയതയുടെ നിരര്‍ഥകത നബി സ്വന്തം ജീവിതചര്യ കൊണ്ട് അടയാളപ്പെടുത്തി. സാമൂഹികം, രാഷ്ട്രീയം, ആത്മീയം എന്നിങ്ങനെ വേര്‍തിരിവുകളില്ലാതെ മനുഷ്യന്റെ ജീവിവര്‍ഗ ജീവിതത്തെ സമഗ്രതയില്‍ അടയാളപ്പെടുത്തി എന്നതാണ് നബിദര്‍ശനത്തെ വ്യതിരിക്തമാക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം.
മാറ്റമില്ലാതെ നിരന്തരമായി ആവര്‍ത്തിക്കപ്പെടേണ്ടത് എന്ന നിലയിലല്ല ചര്യകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ വീക്ഷണത്തിന്റെ ജൈവധാര ഇവിടെ സാര്‍ഥകമായി പ്രവര്‍ത്തിക്കുന്നതു കാണാം. പുതിയ സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍ സത്യവിശ്വാസി സമൂഹത്തിന് യോജിച്ച തീരുമാനത്തിലെത്തണം. 'ഇജ്മാഅ്' അഥവാ സമവായം എന്നത് ഇസ്‌ലാമിനെ വിപ്ലവകരമാക്കി മാറ്റിയിട്ടുണ്ട്. ആര്‍നോള്‍ഡ് ടൊയന്‍ബി 'ചാലഞ്ച് ആന്റ് റെസ്‌പോണ്‍സ്' അവതരിപ്പിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ അത് പ്രയോഗത്തില്‍ വരുത്തിയ സാമൂഹികക്രമമാണ് നബി സൃഷ്ടിച്ചത്. ജനാധിപത്യ വികാസത്തിന്റെ അടിസ്ഥാന ധാരയാണിത്. സമഗ്രാധിപത്യപരവും മാറ്റമില്ലാത്ത ചര്യകളില്‍ അധിഷ്ഠിതവുമായ അടഞ്ഞ സാമൂഹികക്രമമായി ഇസ്‌ലാമിക വ്യവസ്ഥയെ അവതരിപ്പിക്കുന്ന പാശ്ചാത്യ -ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങള്‍ സത്യത്തിന്റെ നിരാസമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. പുതിയ 'ചാലഞ്ചുകള്‍' ഉയിര്‍ക്കൊള്ളുമ്പോഴെല്ലാം അതിനോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടാണ് ചരിത്ര കാലഘട്ടത്തില്‍ ഇസ്‌ലാം വികസിച്ചത്. 21-ാം നൂറ്റാണ്ടിലെ വിജയിച്ച  ആദ്യ ജനാധിപത്യ വിപ്ലവം അറബ് വസന്തത്തിലാണ് വിരിഞ്ഞത്. ഇസ്‌ലാമിക ജനാധിപത്യത്തിന്റെ സാധ്യതകള്‍ 21-ാം നൂറ്റാണ്ടിന്റെ സവിശേഷ സാഹചര്യങ്ങളില്‍ പ്രയോഗിച്ചപ്പോഴാണ് 'വസന്തം' വിരിഞ്ഞത്. ഇസ്‌ലാമും ജനാധിപത്യവും ഒരുമിച്ചുപോകില്ലെന്ന പാശ്ചാത്യ വാദത്തിനുള്ള സാര്‍ഥകമായ മറുപടിയാണ് അറബ് വസന്തം. നിരന്തരമായ സംവാദങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വാതില്‍ തുറന്നിടുന്ന ജനാധിപത്യത്തിന്റെ സമസ്ത സാധ്യതകളെയും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വഴക്കമുള്ള ക്രമമായി ഇസ്‌ലാമിന്റെ ചട്ടക്കൂടിനകത്ത് ജനാധിപത്യം വികസിക്കുന്നുണ്ട്. ഈ ദിശയിലുള്ള വികാസത്തിന്റെ അടിസ്ഥാനശിലയും രൂപമാതൃകയും ചരിത്രത്തിന് പ്രദാനം ചെയ്തത് നബിദര്‍ശനമാണ്.
ഒരു നല്ല മനുഷ്യനായി മാറാനുള്ള ദര്‍ശനം മാത്രമല്ല പ്രയോഗപദ്ധതിയും ഇസ്‌ലാം പ്രദാനം ചെയ്തു. സമൂഹത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ആത്മീയ ജീവിതമാണ് അത് മുന്നോട്ടുവെക്കുന്നത്. വൈയക്തികമായ ഈശ്വരാനുഭവത്തെ അത് നിഷേധിക്കുന്നില്ല. എന്നാല്‍ സാമൂഹിക-ആത്മീയതയിലാണ് അതിന്റെ ഊന്നല്‍. സത്യമാര്‍ഗം സാമൂഹിക ജീവിതത്തിന്റെ വഴികള്‍ തന്നെയാണ്. മനുഷ്യനും സമൂഹവും ആത്മീയതയും അല്ലാഹുവും നേര്‍രേഖയില്‍ വരുന്ന പദ്ധതിയാണിത്. ഇതാകട്ടെ സുവ്യക്തവും പ്രായോഗികവുമാണ്. മനുഷ്യന് അവന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് പരമാവധി സാധ്യതയിലേക്ക് വളരാനുള്ള സമഗ്ര ജീവിതപദ്ധതിയായി ഇസ്‌ലാമിനെ അവതരിപ്പിക്കുകയും അതിന്റെ പ്രായോഗികരൂപം ഫലപ്രദമായി നടപ്പില്‍ വരുത്തുകയും ചെയ്തു എന്നതാണ് മുഹമ്മദ് നബിയെ മഹാനാക്കിയ ശ്രേഷ്ഠവും സവിശേഷവുമായ ഘടകം. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (36-37)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രവാചക സ്‌നേഹവും അനുധാവനവും
എം.എസ്.എ റസാഖ്