മുഹമ്മദ് നബി
അങ്ങ് പരുപരുത്ത മെടച്ചില്‍ പായയിലുറങ്ങി
പക്ഷേ കിസ്‌റയുടെ കിരീടം
അങ്ങയുടെ അനുയായികളുടെ
പാദത്തിനു ചുവടെ കിടന്നു.
ഹിറാ പര്‍വതത്തിലെ
രാത്രികളുടെ ഏകാന്തത
അങ്ങ് തെരഞ്ഞെടുത്തു
ഒരു രാജ്യവും നിയമവും
ഭരണകൂടവും സ്ഥാപിച്ചു.
ഉറക്കമില്ലാത്ത
കണ്ണുകളോടെ
അങ്ങ് രാത്രികള്‍ ചെലവഴിച്ചു.
കിസ്‌റയുടെ കിരീടത്തില്‍
അങ്ങയുടെ സമുദായത്തിന്
ഉറങ്ങാന്‍ വേണ്ടി....
യുദ്ധവേളകളില്‍
അങ്ങയുടെ വാള്‍മിന്നലില്‍
ഇരുമ്പുപോലും ഉരുകിയൊലിച്ചു
മഴപോലെ
അങ്ങയുടെ കണ്ണില്‍നിന്നും
അശ്രുധാരയൊഴുകി
ദൈവസഹായത്തിനുള്ള
പ്രാര്‍ഥനകളില്‍
അങ്ങയുടെ ആമീന്‍
ഒരു വാളായിരുന്നു.
രാജാക്കന്മാരുടെ വംശപരമ്പര
ഉന്മൂലനം ചെയ്തവനായ്....
ലോകത്ത്
അങ്ങ്
പുതിയ ഒരു ക്രമം
ഉദ്ഘാടനം ചെയ്തു
പഴകിയ സാമ്രാജ്യങ്ങള്‍
അവസാനിപ്പിക്കാനായി.
അങ്ങയുടെ കണ്ണില്‍
ഉയര്‍ന്നവനും താഴ്ന്നവനും
ഒരേ തരക്കാരായിരുന്നു
അങ്ങ് അടിമകള്‍ക്കൊപ്പം
ഒന്നെന്നപോലെ
മേശക്കരികില്‍ ഇരുന്നു.
ജനനത്തിന്റെയും
കുലത്തിന്റെയും
മഹിമ
ചുട്ടുചാമ്പലാക്കി
അങ്ങയുടെ അഗ്നി
ആ ചവറുകളെയും
പാഴ്‌വസ്തുക്കളെയും
ദഹിപ്പിച്ചു.
മൊഴിമാറ്റം: പി.എ നാസിമൂദ്ദീന്‍
Comments