Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

കോടീശ്വരന്റെ തിരിച്ചറിവുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ടെലിവിഷന്‍ അഭിമുഖത്തില്‍ കോടീശ്വരനോട് ഒടുവിലത്തെ ചോദ്യം: ''ജീവിതത്തില്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ച കാര്യമെന്താണ്?''
''യഥാര്‍ഥ സന്തോഷം എന്തെന്ന് തിരിച്ചറിയാന്‍ സന്തോഷത്തിന്റെ പല ഘട്ടങ്ങളിലൂടെ എനിക്ക് കടന്നുപോകേണ്ടിവന്നു. മോഹിച്ച വസ്തുക്കള്‍ സ്വന്തമാക്കുകയാണ് സന്തോഷമെന്ന് ധരിച്ചിരുന്നു ഞാന്‍. ഏറ്റവും അമൂല്യവും ഏറെ വിലപിടിച്ചതുമായ വസ്തുക്കള്‍ സ്വന്തമാക്കുന്നത് സന്തോഷദായകമാകുമെന്ന് ഞാന്‍ കരുതി. പക്ഷേ അതിന്റെ ഫലം താല്‍ക്കാലികവും സമയബന്ധിതവുമാണെന്ന് ഞാന്‍ മനസ്സിലാക്കി. ക്രിക്കറ്റ് കളിക്കാരെയും ഫുട്‌ബോള്‍ ടീമിനെയും ലേലത്തില്‍ സ്വന്തമാക്കുകയും സുഖവാസകേന്ദ്രങ്ങളും റിസോര്‍ട്ടുകളും വാങ്ങിക്കൂട്ടുകയുമാണ് സന്തോഷത്തിന്റെ വഴിയെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ അവയൊക്കെ സ്വന്തമാക്കിയിട്ടും ഞാന്‍ വിഭാവന ചെയ്യുന്ന സന്തോഷം എനിക്ക് സ്വായത്തമായില്ല.
പിന്നെയാണ് വികലാംഗരും ചലനശേഷി അറ്റവരുമായ കുട്ടികള്‍ക്ക് വീല്‍ചെയര്‍ വാങ്ങി നല്‍കുന്ന സംരംഭത്തില്‍ പങ്കാളിയാവാന്‍ ഒരു സ്‌നേഹിതന്‍ എന്നോട് അഭ്യര്‍ഥിച്ചത്. വീല്‍ചെയറുകള്‍ വാങ്ങാന്‍ ആവശ്യമായ മുഴുവന്‍ തുകയും ഞാന്‍ നല്‍കി. ഞാന്‍ നേരിട്ടു ചെന്ന് കുട്ടികള്‍ക്ക് അവ നല്‍കണമെന്ന് സ്‌നേഹിതന്‍ ശഠിച്ചു. ഞാന്‍ അതൊട്ടും ആഗ്രഹിച്ചിരുന്നില്ല. എങ്കിലും ഞാന്‍ അദ്ദേഹത്തോടൊപ്പം പോയി വീല്‍ചെയറുകള്‍ ഭിന്നശേഷിക്കാരായ ആ കുട്ടികള്‍ക്ക് നല്‍കി. അവ കൈനീട്ടി സ്വീകരിച്ചപ്പോള്‍ ആ മക്കളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയും തൂമന്ദഹാസവും എന്നെ അതിശയിപ്പിച്ചു. നാനാ ദിക്കിലേക്കും ആ കസേരകളില്‍ കയറിയിരുന്ന് അവര്‍ ചരിക്കുന്നത് കൗതുകത്തോടെ ഞാന്‍ നോക്കിനിന്നു. ഏതോ 'എന്റര്‍ടെയ്ന്‍മെന്റ് സിറ്റി'യില്‍ എത്തിയാലെന്ന പോലെയായിരുന്നു ആ മക്കളുടെ കളിയും ചിരിയും. എന്റെ മനസ്സിലേക്ക് യഥാര്‍ഥ സന്തോഷം കൊണ്ടുവന്നത് മറ്റൊരു സംഗതിയാണ്. ഞാന്‍ തിരിച്ചുപോരാന്‍ ഒരുങ്ങിയപ്പോള്‍ ഒരു കുട്ടി എന്റെ കാലില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. അവന്റെ പിടിത്തത്തില്‍നിന്നും എന്റെ കാല്‍ മോചിപ്പിക്കാന്‍ ഞാന്‍ ആവത് പണിപ്പെട്ടെങ്കിലും അവന്‍ പിടിവിടുന്ന ലക്ഷണമില്ല. അവന്റെ കണ്ണുകള്‍ എന്റെ മുഖത്തു തന്നെ തറച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കുനിഞ്ഞ് അവനോട് ചോദിച്ചു: 'ഞാന്‍ പോകുന്നതിനു മുമ്പ് വേറെ വല്ലതും ചെയ്തുതരണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ മോനേ?'
എന്റെ ജീവിതം മുഴുവന്‍ മാറ്റിമറിക്കുകയും യഥാര്‍ഥ സന്തോഷത്തിന്റെ പൊരുള്‍ ഞാന്‍ കണ്ടെത്തുകയും ചെയ്തത് ആ കുഞ്ഞുമോന്‍ എനിക്ക് നല്‍കിയ മറുപടിയിലൂടെയാണ്. അവന്‍ പറഞ്ഞു: നിങ്ങളുടെ മുഖം ശരിക്ക് കണ്ട് ഓര്‍ത്തുവെക്കാനാണ് ഞാന്‍ തറപ്പിച്ചു നോക്കിയത്. എന്തിനെന്നോ? നാളെ ആകാശലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ വെച്ച് നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ ഒരു വട്ടം കൂടി എനിക്ക് നന്ദി രേഖപ്പെടുത്താനാണ്.''
നമ്മുടെ ജീവിതത്തിലെ ഓരോ സംഭവവും നമുക്ക് അമൂല്യമായ സന്ദേശങ്ങള്‍ നല്‍കുന്നു. അധികപേരും ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അര്‍ഥമറിയാതെ അശ്രദ്ധയില്‍ കഴിഞ്ഞുകൂടുകയാണ്. കൃത്രിമ സന്തോഷത്തിന്റെ നടുവിലാണ് അവരുടെ ജീവിതം. യഥാര്‍ഥ സന്തോഷവും യഥാര്‍ഥ ജീവിതവും മനസ്സിലാക്കാന്‍ അവര്‍ക്കാവുന്നില്ല. അവര്‍ അശ്രദ്ധയില്‍ നിര്‍മമരായി അങ്ങനെ നാള്‍ കഴിക്കും.
ഈ സമീപനത്തെക്കുറിച്ചാണ് ഖുര്‍ആന്‍ 'ഗഫ്‌ലത്ത്' അഥവാ 'അശ്രദ്ധ' എന്നു പറഞ്ഞത്. ''ജനങ്ങളില്‍ ഏറിയ പങ്കും നമ്മുടെ ദൃഷ്ടാന്തങ്ങളെ കുറിച്ച് തീര്‍ച്ചയായും അശ്രദ്ധരാകുന്നു.'' കടലില്‍ മുങ്ങി മരിച്ച ഫിര്‍ഔന്റെ ശരീരം കേടു പറ്റാതെ രക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സൂക്തമെന്നോര്‍ക്കണം. ''നിനക്കു ശേഷം വരുന്നവര്‍ക്ക് ദൃഷ്ടാന്തമാകാന്‍ ഇന്ന് ഞാന്‍ നിന്റെ ശരീരം രക്ഷപ്പെടുത്തും. പക്ഷേ, ജനങ്ങളില്‍ ഏറിയ പങ്കും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് തീര്‍ച്ചയായും അശ്രദ്ധരാകുന്നു.'' മനുഷ്യന്‍ ജീവിതത്തില്‍നിന്ന് ഉള്‍ക്കൊള്ളുന്ന പാഠമാണ് ദൃഷ്ടാന്തം. അതൊരു സന്ദര്‍ഭമാവാം, ഒരു വാക്കാവാം, ഒരു ദൃശ്യമാവാം, വായനയിലൂടെ കിട്ടിയ അറിവാകാം, രോഗമോ നഷ്ടമോ പോലുള്ള വിപത്താവാം. അശ്രദ്ധയില്‍നിന്ന് മനുഷ്യനെ ഉണര്‍ത്താനുള്ള ദൈവിക സന്ദേശങ്ങളാകുന്നു ഇവയൊക്കെ.
ഈ കോടീശ്വരന്റെ കഥയെടുക്കുക. വലിയ വലിയ സാമ്പത്തിക സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നത് തനിക്ക് ശാശ്വത സൗഖ്യവും സന്തോഷവും നല്‍കുമെന്നാണല്ലോ അയാള്‍ കരുതിയിരുന്നത്. അവയെല്ലാം താല്‍ക്കാലിക സന്തോഷമേ നല്‍കുകയുള്ളൂവെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ശാശ്വത സന്തോഷം മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നതിലൂടെയാണ് ലഭിക്കുകയെന്ന് ഒരുനാള്‍ താന്‍ തിരിച്ചറിയുമെന്ന് ഒരിക്കലും അയാള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഈ വസ്തുത അയാള്‍ക്ക് അറിയുമായിരുന്നില്ല. അപരര്‍ക്ക് സന്തോഷം നല്‍കുമ്പോള്‍ താനും സന്തോഷവാനാകുന്നു എന്ന വസ്തുത ബോധ്യപ്പെടാന്‍ കുറേ കാലമെടുത്തു. കച്ചവടരംഗത്തോ ദാനധര്‍മ- ജീവകാരുണ്യ മേഖലയിലോ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയാവാം അത്. കച്ചവടത്തില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ ഏറെ സന്തോഷം ലഭിക്കുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴാണ്. കാരണം ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ പകരം ഒന്നും തന്നെ കാംക്ഷിക്കുന്നില്ല. യഥാര്‍ഥ സന്തോഷമെന്തെന്ന് അത്തരം സേവന സന്ദര്‍ഭങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഉദാരമതിയായിരുന്ന നബി(സ) അരുളി: ''അല്ലാഹു ഉദാരമതിയാണ്. ഔദാര്യത്തെ അവന്‍ ഇഷ്ടപ്പെടുന്നു.'' മറ്റുള്ളവര്‍ക്ക് നല്‍കുമ്പോഴാണ് നിങ്ങള്‍ക്ക് യഥാര്‍ഥ സന്തോഷം അനുഭവപ്പെടുക. ചോദിച്ചുവരുന്നവര്‍ക്ക് നല്‍കുന്നത് നല്ലതു തന്നെ. പക്ഷേ അതിനേക്കാള്‍ നന്മ നിറഞ്ഞതും സുന്ദരവും മനോഹരവുമായത് ആവശ്യമുണ്ടെന്നിരിക്കിലും ചോദിച്ചുവരാത്ത വ്യക്തിക്ക് നിങ്ങള്‍ നല്‍കുന്നതാകുന്നു എന്നതാണ് കോടീശ്വരന്റെ തിരിച്ചറിവ് നല്‍കുന്ന പാഠം. അതാണ് പഴമക്കാര്‍ പറഞ്ഞത്: 'അനുഭവജ്ഞനോട് ചോദിക്കുക, വിദ്വാനോടല്ല ചോദിക്കേണ്ടത്.'

വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌