Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

പ്രമാണങ്ങളുടെ അപ്രമാദിത്വം

റാശിദ് ഗന്നൂശി

ഭരണഘടനാ സ്ഥാപനങ്ങള്‍ വെച്ചുനോക്കിയാല്‍ പല രാഷ്ട്രങ്ങളും ഘടനയില്‍ ഒരുപോലെയാണെന്നു തോന്നാം. പക്ഷേ ഓരോ രാഷ്ട്രവും സ്ഥാപിതമായിരിക്കുന്ന ലക്ഷ്യങ്ങളും അതിന് അടിസ്ഥാനമായിരിക്കുന്ന തത്ത്വങ്ങളും പരിശോധിക്കുമ്പോള്‍ ആ രാഷ്ട്രങ്ങള്‍ തമ്മില്‍ വൈരുധ്യത്തോളമെത്തുന്ന ഭിന്നതകളും വ്യത്യാസങ്ങളും കണ്ടെത്താനാവും. ഭാഷാപരമായി ഏതൊന്നിന്റെയും തുടക്കം അതിന്റെ അടിത്തറയാണെന്നും അതൊഴിവാക്കിക്കൊണ്ട് ആ കാര്യത്തിന് നിലനില്‍പില്ലെന്നും വന്നാല്‍, ഏത് അടിത്തറയിലായിരിക്കും ഇസ്‌ലാമിലെ രാഷ്ട്രം സ്ഥാപിതമായിട്ടുണ്ടാവുക? ഏത് അടിസ്ഥാനങ്ങള്‍ ഇല്ലാതായാലാണ് ആ രാഷ്ട്രം ഇല്ലാതാവുക?
നിയമാനുസൃതത്വത്തിന്റെ വഴിയിലൂടെയാണ് തങ്ങള്‍ സ്വേഛാധിപത്യത്തില്‍നിന്ന് മുക്തി നേടിയതെന്ന് ആധുനിക പാശ്ചാത്യ രാഷ്ട്രങ്ങള്‍ അഭിമാനിക്കുന്നുണ്ട്. അതായത് രാഷ്ട്രം ഒരു നിയമസംവിധാനത്തിനു വിധേയമായിരിക്കും. ജനാധികാരമായിരിക്കും ആ നിയമസംവിധാനത്തിന്റെ സ്രോതസ്സ്. അങ്ങനെ വ്യക്തിഭരണത്തില്‍നിന്ന് നിയമാനുസൃത ഭരണത്തിലേക്ക് വ്യവസ്ഥ മാറുന്നു. ഇസ്‌ലാമിക രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം അതിന്റെ അടിത്തറയെന്ന് പറയുന്നത് രണ്ട് കാര്യങ്ങളാണ്. പ്രമാണ(നസ്സ്വ്)വും കൂടിയാലോചന(ശൂറാ)യും.

പ്രമാണം
പ്രമാണം/നസ്സ്വ് എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പത്തില്‍ അതിനെത്ര മാത്രം സ്വാധീനമുണ്ട്? ഇതില്‍ ഇസ്‌ലാമിക സമൂഹം എവിടെയാണ് വരിക?
ഈ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ കാണുക: ''നിങ്ങള്‍ ഏതു കാര്യത്തില്‍ തര്‍ക്കിച്ചാലും അതിന്റെ വിധി അല്ലാഹുവിന്റെയടുത്താണ്'' (42:10). ''സത്യവിശ്വാസികളേ, അല്ലാഹുവിനെ അനുസരിക്കുക, അവന്റെ ദൂതനെയും. നിങ്ങള്‍ നിങ്ങളുടെ കര്‍മങ്ങള്‍ പാഴാക്കിക്കളയാതിരിക്കൂ'' (47:33). ''താങ്കളുടെ രക്ഷിതാവാണ! തങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ അവര്‍ താങ്കളെ വിധികര്‍ത്താവാക്കുകയും എന്നിട്ട് താങ്കളുടെ വിധിതീര്‍പ്പില്‍ അവര്‍ക്ക് യാതൊരു മനഃപ്രയാസവും തോന്നാതിരിക്കുകയും ചെയ്യുന്നതുവരെ അവരൊരിക്കലും വിശ്വാസികള്‍ ആകുന്നില്ല'' (4:65). ''അജ്ഞാനകാലത്തെ വിധിതീര്‍പ്പുകളാണോ അവര്‍ ആഗ്രഹിക്കുന്നത്? വിശ്വസിക്കുന്ന ജനതക്ക് അല്ലാഹുവിന്റെ വിധിതീര്‍പ്പിനേക്കാള്‍ മികച്ചതായി മറ്റെന്തുണ്ട്?'' (5:50). ''വിശ്വാസികളേ, അല്ലാഹുവിനെ അനുസരിക്കുക, ദൈവദൂതനെ അനുസരിക്കുക, നിങ്ങളില്‍ വിധികര്‍ത്താക്കളായിട്ടുള്ളവരെയും. നിങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്താല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും കൊണ്ടുവരിക. അതാണ് നല്ലത്, പര്യവസാനം മികച്ചതായിട്ടുള്ളത്'' (4:59).
ഇനി ചില നബിവചനങ്ങള്‍:
''രണ്ടു കാര്യങ്ങള്‍ നിങ്ങളെയേല്‍പ്പിച്ചാണ് ഞാന്‍ പോവുന്നത്. അവ മുറുകെപ്പിടിച്ചാല്‍ നിങ്ങള്‍ വഴിതെറ്റുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണവ'' (മുവത്വ). ''സ്വന്തം മഞ്ചക1ത്തില്‍ ചാരിക്കിടക്കുന്നവരായി ഞാന്‍ നിങ്ങളെ കാണാനിടവരാതിരിക്കട്ടെ. നിങ്ങള്‍ ചാരിയിരിക്കെ ഞാന്‍ കല്‍പിച്ചതോ വിരോധിച്ചതോ ആയ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പെടുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു; 'ഞങ്ങള്‍ പിന്തുടരുന്ന ഖുര്‍ആനില്‍ ഇത് ഇല്ലല്ലോ എന്ന്.'' മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് ഉള്ളത്: ''എനിക്ക് ഗ്രന്ഥം നല്‍കപ്പെട്ടിട്ടുണ്ട്, അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിട്ടുണ്ട്. വയറു നിറഞ്ഞ് കട്ടിലില്‍ ആലസ്യത്തോടെയിരിക്കുന്ന ഒരുത്തന്‍ പറയുന്നു: നിങ്ങള്‍ ഖുര്‍ആനേ മുറുകെപ്പിടിക്കേണ്ടതുള്ളൂ. അതില്‍ ഹലാലാക്കിയത് നിങ്ങള്‍ ഹലാലാക്കുക, ഹറാമാക്കിയത് നിങ്ങളും ഹറാമാക്കുക'' (അബൂദാവൂദ്).
അലി(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു നബിവചനത്തില്‍ (തിര്‍മിദിയുടെയും ദാരിമിയുടെയും സുനനുകളില്‍ വന്നിട്ടുള്ളത്) ഖുര്‍ആന്റെ ശ്രേഷ്ഠതകള്‍ ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു: ''പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടു: 'അപകടം വരാനിരിക്കുന്നു.' ഞാന്‍ ചോദിച്ചു: 'ദൈവദൂതരേ, എന്താണ് രക്ഷാമാര്‍ഗം?' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ ഗ്രന്ഥം തന്നെ. അതില്‍ നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ വൃത്താന്തമുണ്ട്, ശേഷമുള്ളവരുടെ വാര്‍ത്തയുണ്ട്. നിങ്ങള്‍ക്കിടയിലെ വിധിന്യായമുണ്ട്. അതാണ് അന്തിമവിധി. അത് നിസ്സാരമായി കാണാനുള്ളതല്ല. ധിക്കാരപൂര്‍വം ആരതിനെ ഉപേക്ഷിക്കുന്നുവോ അല്ലാഹു അവനെ തകര്‍ക്കട്ടെ. അതിന്റെയല്ലാത്ത വഴിയില്‍ പ്രതാപം തേടുന്നവനെ അല്ലാഹു വഴിതെറ്റിക്കട്ടെ. അത് അല്ലാഹുവിന്റെ കരുത്തുറ്റ പാശം. യുക്തിനിര്‍ഭരമായ ഓര്‍മപ്പെടുത്തല്‍. അതാകുന്നു നേര്‍പാത. ആ ഖുര്‍ആന്‍ ഉണ്ടെങ്കില്‍ ഒരാളും ഇഛയാല്‍ വഴിതെറ്റിക്കപ്പെടുകയില്ല. നാവുകള്‍ ആശയക്കുഴപ്പത്തില്‍ പെടുകയില്ല. അതില്‍നിന്ന് എത്രയെടുത്താലും ജ്ഞാനികള്‍ക്ക് മതിവരികയുമില്ല. ഉപയോഗാധിക്യം കൊണ്ട് അതില്‍ തേയ്മാനം വരികയില്ല. അതിന്റെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. അത് പാരായണം ചെയ്തു കേട്ടപ്പോഴേ ജിന്നുകള്‍ പറഞ്ഞു, 'ഞങ്ങള്‍ അത്യത്ഭുതകരമായ ഒരു ഖുര്‍ആന്‍ കേട്ടിരിക്കുന്നു.' അതു വെച്ചാണ് ഒരാളുടെ സംസാരമെങ്കില്‍ അവന്‍ പറയുന്നത് സത്യമായിരിക്കും. അതനുസരിച്ചാണ് ഒരാളുടെ പ്രവൃത്തിയെങ്കില്‍ അവന് പ്രതിഫലം നിശ്ചയം. അതനുസരിച്ചാണ് ഒരാള്‍ വിധിക്കുന്നതെങ്കില്‍ നീതി ഉറപ്പ്. അതിലേക്കാണ് ഒരാള്‍ ക്ഷണിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ നേര്‍വഴിയിലേക്കാണ് അവന്‍ നയിക്കപ്പെട്ടിരിക്കുന്നത്.''2
മേല്‍കൊടുത്ത വാക്യങ്ങള്‍ നമ്മോട് വ്യക്തമായി പറയുന്നത്, ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും അല്ലാഹു കൈമാറിയ ഒരു ഭരണവ്യവസ്ഥ ഇസ്‌ലാമിനുണ്ട് എന്നാണ്. ആ വ്യവസ്ഥക്ക് കീഴ്‌പ്പെടുന്നതും അതിനെ അംഗീകരിക്കുന്നതും ഒരാള്‍ വിശ്വാസിയാണോ അല്ലേ എന്നതിന്റെ ഉരക്കല്ലുമാണ്. എല്ലാറ്റിന്റെയും സ്രഷ്ടാവും ഉടമസ്ഥനും അല്ലാഹുവാണെന്നും തന്റെയോ മറ്റുള്ളവരുടെയോ കാര്യത്തില്‍ തനിക്ക് മൗലികമായി അവകാശങ്ങളില്ലെന്നും പ്രാതിനിധ്യമേല്‍പ്പിക്കപ്പെട്ടവന്‍ മാത്രമാണ് താനെന്നുമുള്ള ഇസ്‌ലാമിക വിശ്വാസത്തില്‍നിന്ന് സ്വാഭാവികമായി ഉത്ഭൂതമാകുന്ന ഒരാശയമാണിത്. യഥാര്‍ഥ പരമാധികാരം മനുഷ്യന് ഇല്ല. യഥാര്‍ഥ പരമാധികാരിയായ അല്ലാഹുവിന്റെ നിയമവ്യവസ്ഥക്കൊത്ത് അധികാരനിര്‍വഹണം നടത്തുകയാണ് മനുഷ്യന്റെ ധര്‍മം.

നിയമാനുസൃതത്വത്തിന്റെ അടിസ്ഥാനം നസ്സ്വ്
ഇസ്‌ലാമിക രാഷ്ട്രീയചിന്തയില്‍ ഭരണാധികാരിയുടെ നിയമാനുസൃതത്വത്തിന്റെ പ്രഥമവും മൗലികവുമായ ഉപാധി, അയാള്‍ ഭരണനിര്‍വഹണത്തില്‍ അല്ലാഹുവിന്റെ നിയമവ്യവസ്ഥയെ പൂര്‍ണമായി അവലംബിക്കുക എന്നതാണ്. റാഗിബ് തന്റെ 'മുഫ്‌റദാത്തി'ല്‍ എഴുതുന്നു: 'ഏറ്റവും വലിയ സത്യനിഷേധം ദൈവത്തിന്റെ ഏകത്വത്തെയോ അവന്റെ ശരീഅത്തിനെയോ പ്രവാചകത്വത്തെയോ തള്ളിക്കളയലാണ്.'3 ഇബ്‌നുഹസം പറയുന്നു: 'പ്രവാചകന്റെ നാവിലൂടെ അല്ലാഹു ഇറക്കിയതെന്തോ അതു കൊണ്ടല്ലാതെ വിധിപ്രസ്താവം സാധുവാകുകയില്ല. അതാണ് സത്യവും ന്യായവും. അതല്ലാത്തത് അന്യായവും അതിക്രമവുമാണ്. അവ വിധിനടത്താന്‍ കൊള്ളുകയില്ല.'4 ഇസ്‌ലാമിലെ നസ്സ്വ് എന്നു പറഞ്ഞാല്‍ ഖുര്‍ആനിലും സുന്നത്തിലും ഉള്ളടങ്ങിയ ദൈവിക നിയമവ്യവസ്ഥയാണ്. അതിന്റെ മീതെ മറ്റൊരു നിയമവ്യവസ്ഥയില്ല, അധികാരഘടനയുമില്ല. ഇസ്‌ലാമിക സമൂഹം സ്ഥാപിതമായിരിക്കുന്നത് അതിന്മേലാണ്. സമാജത്തിന്റെയും രാഷ്ട്രത്തിന്റെയും നാഗരികതയുടെയുമൊക്കെ അടിത്തറയാണത്. ഇസ്‌ലാമിക ഭരണക്രമത്തിന്റെ തത്ത്വശാസ്ത്രവും മൂല്യവ്യവസ്ഥയും ഭരണവ്യവസ്ഥയും ലക്ഷ്യങ്ങളുമൊക്കെ രൂപപ്പെടുന്ന സ്രോതസ്സും മറ്റൊന്നല്ല. അല്ലാഹുവാണ് പരമാധികാരി. അവനല്ലാത്തതെല്ലാം ഭരിക്കപ്പെടേണ്ടതും നിയന്ത്രിക്കപ്പെടേണ്ടതുമാണ്. ഈ നസ്സ്വിനെയാണ് ശരീഅത്തിന്റെ മാറാത്ത അടിസ്ഥാനം എന്നു പറയുന്നത്. കാലാകാലങ്ങളിലുണ്ടാകുന്ന പണ്ഡിതന്മാരുടെ ഗവേഷണങ്ങളും കണ്ടെത്തലുകളും (ഇജ്തിഹാദും ഫിഖ്ഹും) നസ്സ്വിന്റെ ഭാഗമല്ല.
അപ്പോള്‍ ദൈവത്താല്‍ നല്‍കപ്പെടുന്ന നസ്സ്വ്/പ്രമാണം ആണ് ഇസ്‌ലാമിക സമൂഹ രൂപവത്കരണത്തിന്റെ യഥാര്‍ഥ അടിസ്ഥാനം. നസ്സ്വ് ഇല്ലാതെ ഈ സമൂഹത്തിന് നിലനില്‍പില്ല എന്നും പറയാം. ആ സമൂഹത്തിന് നിയമാനുസൃതതത്വം നല്‍കുന്നതും നസ്സ്വ് തന്നെയായിരിക്കും. പില്‍ക്കാലത്ത് ഇസ്‌ലാമിക സമൂഹങ്ങളില്‍ ഒട്ടേറെ ഭിന്നതകളും പിളര്‍പ്പുകളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊരിക്കലും നസ്സ്വിനെ മറികടക്കുന്ന നിലയിലേക്ക് വഷളായിരുന്നില്ല. ആ പരിധി കടന്നുപോയിരുന്നെങ്കില്‍ ഈ സമൂഹം നശിക്കുമായിരുന്നു. നസ്സ്വ് വ്യക്തമായി പറയാത്ത വിഷയങ്ങളില്‍ തുടക്കം മുതലേ സമൂഹത്തില്‍ ഭിന്നത ഉടലെടുത്തുകൊണ്ടിരുന്നപ്പോഴും അതിന്റെ നിലനില്‍പിന്റെ ആധാരമായി വര്‍ത്തിച്ചുകൊണ്ടിരുന്നതും അതേ നസ്സ്വ് തന്നെയായിരുന്നു. ഏതൊക്കെയാണ് നസ്സ്വ്, ഏതൊക്കെ നസ്സ്വ് അല്ല എന്ന് വ്യക്തമായും കൃത്യമായും വകതിരിച്ചു മനസ്സിലാക്കിയിരുന്നു പ്രവാചകനൊപ്പമുള്ള അനുചരന്മാര്‍. ദൈവദൂതന്‍ എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ഭരണാധികാരി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും അവര്‍ വേര്‍തിരിച്ചു കണ്ടിരുന്നു. പ്രവാചകന്‍ ഒരു നിലപാട് പ്രഖ്യാപിക്കുമ്പോള്‍ അനുചരന്മാര്‍ക്ക് ആശയക്കുഴപ്പമുണ്ടായാല്‍ ഉടനടി അവര്‍ ചോദിക്കുമായിരുന്നു; 'ദൈവദൂതരേ, ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള വഹ്‌യാണോ, അതോ താങ്കളുടെ വ്യക്തിപരമായ അഭിപ്രായമാണോ?' വഹ്‌യാണ് എന്ന് മറുപടി കിട്ടിയാല്‍ അവര്‍ ഉടന്‍ പറയും; 'ഞങ്ങള്‍ കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു.' പ്രവാചകന്റെ വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍ അതില്‍ ചര്‍ച്ച നടക്കും. ചിലപ്പോള്‍ അതില്‍ ഭേദഗതികള്‍ നിര്‍ദേശിക്കും. അല്ലെങ്കില്‍ ആ നിലപാട് തന്നെ വേണ്ടെന്നുവെക്കും.... ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഉണ്ട്.
അപ്പോള്‍ വഹ്‌യ്/ ദിവ്യവെളിപാട് ആവുക എന്നതാണ് നിരുപാധിക അധികാര പദവി ലഭ്യമാകുന്നതിന്റെ ആധാരം. ആ വഹ്‌യില്‍ ഉള്ളടങ്ങിയ നിയമനിര്‍ദേശങ്ങളാണ് മനുഷ്യന്‍ നിരുപാധികം അനുസരിക്കാന്‍ ബാധ്യസ്ഥനായിത്തീരുന്നത്. മറ്റുള്ളതൊക്കെയും അഭിപ്രായങ്ങളാണ്. ഇവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കിയേ മതിയാവൂ. നസ്സ്വ് സ്ഥിരപ്പെട്ടാല്‍ പിന്നെ ഇജ്തിഹാദ് (അന്വേഷണം) ഇല്ല എന്ന് പൂര്‍വകാല പണ്ഡിതരൊക്കെ ഏകോപിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇമാം ശാഫിഈ തന്റെ അനുയായികളോടു പറഞ്ഞത്, തന്റെ അഭിപ്രായങ്ങളില്‍ ഖുര്‍ആനോടും സുന്നത്തിനോടും യോജിക്കുന്നവ സ്വീകരിക്കാനും അല്ലാത്തവ ചുമരിലേക്കെറിയാനുമാണ്.5 ഖുര്‍ആനിലും സുന്നത്തിലും രേഖപ്പെട്ടതൊക്കെയും നിയമത്തിന്റെ മാറാത്ത അടിസ്ഥാനങ്ങളാണെന്ന് ഭരിക്കുന്നവര്‍ക്കും ഭരണീയര്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് മൗലിക നിയമം, ഭരണഘടന എന്നൊക്കെ പറയുന്നതിനോടാണ് അതിന് സാദൃശ്യം.6 അധികാരമേല്‍ക്കുമ്പോള്‍ ഇസ്‌ലാമിലെ ഭരണാധികാരികള്‍ തങ്ങളുടെ ഭരണം നസ്സ്വിന് വിധേയമായിരിക്കുമെന്നും അതില്‍നിന്ന് തങ്ങള്‍ പുറത്തുകടന്നാല്‍ ജനം തന്നെ തങ്ങളെ തിരുത്താന്‍ മുന്നിട്ടിറങ്ങണമെന്നും പറയുമായിരുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് ഭരണമേറ്റപ്പോള്‍ പറഞ്ഞല്ലോ; 'ജനങ്ങളേ, നിങ്ങളുടെ ഭരണാധികാരിയായി എന്നെ നിശ്ചയിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളേക്കാള്‍ ഉത്തമനല്ല. ഞാന്‍ ദുര്‍ബലനാവുമ്പോള്‍ നിങ്ങള്‍ എന്നെ നേരെ നിര്‍ത്തണം. ഞാന്‍ നല്ലതു ചെയ്യുമ്പോള്‍ നിങ്ങള്‍ എന്നെ സഹായിക്കണം.... നിങ്ങളിലെ ദുര്‍ബലന്‍ എന്റെ അടുത്ത് ശക്തനാണ്, ഞാന്‍ അയാളുടെ അവകാശങ്ങള്‍ വാങ്ങിക്കൊടുക്കുന്നതുവരെ. നിങ്ങളിലെ ശക്തന്‍ എന്റെയടുത്ത് ദുര്‍ബലനാണ്, അയാള്‍ നല്‍കാനുള്ള അവകാശങ്ങള്‍ ഞാന്‍ പിടിച്ചുവാങ്ങുന്നതു വരെ..... അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഞാന്‍ അനുസരിക്കുവോളം നിങ്ങള്‍ എന്നെ അനുസരിക്കുക. അല്ലാഹുവിനെയും റസൂലിനെയും ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതില്ല' (ഇബ്‌നു ഹിശാം).
ഇസ്‌ലാമിക ചരിത്രത്തില്‍ ഭരണക്രമം എത്രയൊക്കെ വഴിതെറ്റിയിട്ടുണ്ടെങ്കിലും, അപ്പോഴെല്ലാം ഏറ്റവും മേലെയുള്ള നിയമവ്യവസ്ഥ ഇസ്‌ലാമിക ശരീഅത്ത് തന്നെയായിരുന്നു. ഇതു വെച്ചാണ് ഓരോ ഭരണാധികാരിയും പണ്ഡിതനും ചിന്തകനും തങ്ങളുടെ പ്രവൃത്തികളെയും നിലപാടുകളെയും ന്യായീകരിച്ചുപോന്നത്. അതുകൊണ്ടുതന്നെ താന്‍ ദൈവേഛയുടെ ഉടലെടുത്ത രൂപമാണെന്ന് പ്രഖ്യാപിച്ച ഒരു തിയോക്രാറ്റിക് ഭരണാധികാരിയും ഇസ്‌ലാമിക ചരിത്രാനുഭവത്തില്‍ ഇല്ല. കാരണം, ഓരോ മുസ്‌ലിമിനും അറിയാമായിരുന്നു, ദൈവേഛ ഉള്‍ച്ചേര്‍ന്നു കിടക്കുന്നത് മനുഷ്യനിലല്ല, ഇസ്‌ലാമിക ശരീഅത്തിലാണെന്ന്. അതിനോട് പൊരുത്തപ്പെടുന്നത് സത്യവും, പൊരുത്തപ്പെടാത്തത് അസത്യവുമാണ്. പ്രവാചകന്‍ തന്റെ സമൂഹത്തിന് നല്‍കിയ ഉദ്‌ബോധനങ്ങളില്‍ ഇക്കാര്യം അടിവരയിടുന്നുണ്ട്. 'സ്രഷ്ടാവിനെ ധിക്കരിച്ച് സൃഷ്ടിക്ക് അനുസരണമില്ല' എന്ന നബിവചനത്തിന്റെ ഒട്ടേറെ പാഠാന്തരങ്ങള്‍ നമുക്ക് ഹദീസുകളില്‍തന്നെ കാണാനാവും. 'തിന്മയില്‍ അനുസരണമില്ല, നന്മയിലേ അനുസരണമുള്ളൂ' (ബുഖാരി), 'അല്ലാഹുവിനെ അനുസരിക്കാത്തവന് അനുസരണമില്ല' (ബുഖാരി), 'അല്ലാഹുവിനെ ധിക്കരിച്ചവന് അനുസരണമില്ല' (അഹ്മദ്) എന്നിങ്ങനെ. ഇമാം ഗസ്സാലി പറഞ്ഞു: 'ശറഉമായി പൊരുത്തപ്പെടുന്നത് കല്‍പിച്ചാലേ ഇമാമിനെ അനുസരിക്കേണ്ടതുള്ളൂ.'7 അക്രമിയായ ഭരണാധികാരിയുടെ കല്‍പ്പനകളില്‍ ഏതൊക്കെ നടപ്പാക്കാം എന്നതിനെ സംബന്ധിച്ച് ഇബ്‌നുഖല്‍ദൂന്‍ പറയുന്നു: 'അക്രമിയുടെ കല്‍പ്പനകളില്‍ നിയമാനുസൃതമായതു മാത്രമേ നടപ്പാക്കേണ്ടതുള്ളൂ' (മുഖദ്ദിമ). അധികാരത്തിലെത്തുന്ന ഏതൊരാളെയും അത് നിയമാനുസൃതമായ രീതിയിലോ അല്ലാതെയോ ആവട്ടെ, അനുസരിക്കേണ്ടത് മുസ്‌ലിമിന്റെ ബാധ്യത8യാണ് എന്ന മട്ടിലുള്ള പ്രചാരണങ്ങളുടെ മുനയൊടിക്കുന്നുണ്ട് ഇതെല്ലാം. അര്‍നോള്‍ഡും ഇതേ അഭിപ്രായം പറയുകയുണ്ടായിട്ടുണ്ട്. ഭരണാധികാരിയെ അനുസരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നബിവചനങ്ങള്‍ മുമ്പില്‍ വെച്ച് അദ്ദേഹം എത്തിച്ചേരുന്ന നിഗമനം, സ്വേഛാധിപത്യ ഭരണക്രമത്തോടുള്ള അനുസരണത്തെ അത് ശരിവെക്കുന്നുവെന്നും ഭരണാധികാരിയുടെ ഇഛക്ക് പരിധിയൊന്നും വെക്കുന്നില്ല എന്നുമാണ്.9 മൗലിക പ്രമാണങ്ങളായ ഖുര്‍ആനിനെയും സുന്നത്തിനെയും, ഇവയുടെ അടിസ്ഥാനത്തിലുള്ള ഏകോപിച്ച പണ്ഡിതാഭിപ്രായങ്ങളെയും ഇസ്‌ലാമിന്റെ തുടക്കത്തിലുണ്ടായ ഭരണപരീക്ഷണങ്ങളെയും പില്‍ക്കാലത്തുണ്ടായ വഴിതെറ്റലുകളെയുമെല്ലാം കൂട്ടിക്കലര്‍ത്തുന്നതുകൊണ്ടാവാം അര്‍നോള്‍ഡിന് ഇങ്ങനെയൊരു പിഴവ് സംഭവിച്ചിട്ടുണ്ടാവുക. ഏതൊരു നാഗരികതയിലും ആദര്‍ശപരമായ പിഴവുകള്‍ ഉണ്ടായിട്ടുണ്ട്. അവയെ വേറിട്ടു തന്നെ കാണണം. മുഹമ്മദ് ഇമാറ എഴുതുന്നു: ''ഇസ്‌ലാം ഒരു ദൈവിക ദര്‍ശനമെന്ന നിലക്ക് ഒരു മാതൃകയാണ്. മനുഷ്യനത് പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് സംഭവലോകത്താണ്. മാതൃകയും സംഭവലോകത്തെ പ്രയോഗവല്‍ക്കരണവും തമ്മില്‍ എപ്പോഴും ഒരു അകലം ഉണ്ടായിരിക്കും. ഈ അകലം നിലനില്‍ക്കുന്നു എന്ന ബോധ്യമാണ് സംഭവലോകത്തെ പരിമിതികള്‍ മറികടന്ന് മാതൃകയുമായി ഏറ്റവുമടുത്തെത്താന്‍ മനുഷ്യന് പ്രേരണയായിത്തീരുന്നത്.''10
 
കുറിപ്പുകള്‍
1.    ആഡംബര ജീവിതത്തിന് അടിപ്പെട്ട് കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കാന്‍ കഴിയാത്തതിനെ സൂചിപ്പിക്കുന്ന ഉപമ. സഅ്ദി അബൂഹബീബിന്റെ ദിറാസാതുന്‍ ഫീ മിന്‍ഹാജില്‍ ഇസ്‌ലാമിയില്‍ ഉദ്ധരിച്ചത് (പേ: 469).
2.    ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ ദുര്‍ബല കണ്ണികളുണ്ട്.
3.    അബുല്‍ ഖാസിം അല്‍ഹുസൈനു ബ്‌നു മുഹമ്മദ് അര്‍റാഗിബ് അല്‍ അസ്വ്ഫഹാനി - അല്‍ മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍ (കയ്‌റോ, ഹി. 1324).
4.    ഇബ്‌നുഹസം - അല്‍ മുഹല്ലാ (തെഹ്‌റാന്‍), മസ്അല: 1774
5.    ആധുനിക ഹദീസ് പണ്ഡിതനായ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി ഇതേ ആശയം വരുന്ന മറ്റു മൂന്ന് ഇമാമുകളുടെയും ഉദ്ധരണികള്‍ സ്വിഫതു സ്വലാത്തിന്നബി എന്ന തന്റെ പുസ്തകത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.
6.    സഈദ് - അല്‍ഹുക്മു വ ഉസ്വൂലുല്‍ ഹുകും ഫിന്നിളാമില്‍ ഇസ്‌ലാമി, പേ: 181
7.    ഇമാം ഗസ്സാലി - ഫളാഇഹുല്‍ ബാത്വിനിയ്യ (അബ്ദുര്‍റഹ്മാന്‍ ബദവി സംശോധന ചെയ്തത്. കയ്‌റോ, 1968).
8.    സന്തിലാനോയുടെ അഭിപ്രായം ഉദാഹരണം. മുഹമ്മദ് ളിയാഉദ്ദീന്‍ റീസിന്റെ അന്നള്‌രിയ്യാത്തുസ്സിയാസിയ്യ അല്‍ ഇസ്‌ലാമിയ്യയില്‍ ഉദ്ധരിച്ചത് (കയ്‌റോ, ദാറുല്‍ മആരിഫ്, പേ: 361).
9.    അതേ ഗ്രന്ഥം പേ: 360-361
10.    മുഹമ്മദ് ഇമാറ അല്‍ ഹയാത്ത് പത്രത്തില്‍ എഴുതിയത്. ലക്കം: 1086
 

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌