Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

പൊതുജനാഭിപ്രായം എങ്ങനെ രൂപപ്പെടുന്നു?

സയ്യിദ് സആദത്തുല്ല ഹുസൈനി

ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ ലക്ഷ്യമായി അംഗീകരിച്ച ദീനിന്റെ സംസ്ഥാപനം സാധ്യമാവണമെങ്കില്‍ അതിന് അനുകൂലമായ വിധത്തില്‍ പൊതുജനാഭിപ്രായം (Public Opinion) രൂപപ്പെടുത്തിയെടുക്കുക എന്നത് വളരെ അനിവാര്യമാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ''ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശ പ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്‌കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ലവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.''1
ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള ഈ പ്രയാണത്തില്‍ ഇന്ന് ഏറ്റവും അടിയന്തര പ്രാധാന്യമുള്ളത് ഈ പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരലാണ്. ഈ ഘട്ടം പിന്നിട്ടാല്‍ മാത്രമേ പ്രബോധകസംഘത്തിന്റെ മുന്നോട്ടുള്ള പ്രയാണം സാധ്യമാവുകയുള്ളൂ. ഇസ്‌ലാമിക ധാര്‍മികതയുടെയും മൂല്യങ്ങളുടെയും സംസ്ഥാപനമെന്നത് മൊത്തം മുസ്‌ലിം സമൂഹത്തിനും നിര്‍ണയിച്ചുനല്‍കിയിട്ടുള്ള ലക്ഷ്യമാണ്. ഈ ആത്യന്തിക ലക്ഷ്യത്തില്‍ നാമൊരു ഇടക്കാല ലക്ഷ്യം (Interim Goal) നിര്‍ണയിക്കുകയാണെങ്കില്‍, അതിനെ നമുക്ക് 'പൊതുജനാഭിപ്രായം ഇസ്‌ലാമിന് അനുകൂലമായി മാറ്റിയെടുക്കുക' എന്ന് ഒറ്റവാക്യത്തില്‍ സംക്ഷേപിക്കാവുന്നതാണ്. അതായത്, നമ്മുടെ രാജ്യനിവാസികള്‍ക്ക് ഇസ്‌ലാമിന്റെ വിശ്വാസക്രമങ്ങളും തത്ത്വങ്ങളും മൂല്യങ്ങളും അതിന്റെ ലോകവീക്ഷണവും ഇസ്‌ലാമിക ജീവിതരീതിയുടെ പ്രത്യേകതകളുമെല്ലാം യഥാവിധി മനസ്സിലാക്കിക്കൊടുത്തുകൊണ്ട് ഇസ്‌ലാമിനെക്കുറിച്ച് വളരെ പോസിറ്റീവായ ഒരു സമീപനം അവരില്‍ ഉണ്ടാക്കുക.
മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹി എഴുതുന്നു: ''രാജ്യത്ത് മുസ്‌ലിംകള്‍ അല്ലാത്തവര്‍ ഭൂരിപക്ഷമാണെന്നത് രണ്ട് സുപ്രധാന കാര്യങ്ങള്‍ താല്‍പര്യപ്പെടുന്നുണ്ട്: ഒന്ന്, അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുക. അത് തങ്ങളുടെ ബാധ്യതയാണ് എന്ന ബോധത്തോടെ തന്നെ പ്രസ്ഥാന പ്രവര്‍ത്തകര്‍ നിര്‍വഹിക്കണം. രണ്ട്, അവര്‍ക്ക് ഇസ്‌ലാമിനെ സംബന്ധിച്ച് ന്യായമായും ചില സംശയങ്ങള്‍ ഉണ്ടാകും. അവ ദൂരീകരിക്കണം. സംശയങ്ങളുടെ നിഴലില്‍ അവരെ നിര്‍ത്തരുത്. ഇസ്‌ലാമിന്റെ സന്ദേശം അവര്‍ക്ക് എത്തിക്കുക എന്നത് ബാധ്യതയായി മനസ്സിലാക്കുന്നതോടൊപ്പം തന്നെ, പ്രാസ്ഥാനികമായ അനിവാര്യതയായും അതിനെ കാണേണ്ടതുണ്ട്. പ്രസ്ഥാനം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ കര്‍മമണ്ഡലത്തില്‍ ശോഭിക്കാനും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങാനും മുസ്‌ലിംകളല്ലാത്തവരില്‍നിന്ന് അതിന് സഹായികളെ കിട്ടിക്കൊണ്ടിരിക്കാത്ത കാലത്തോളം സാധ്യമാവില്ലെന്നുറപ്പുള്ളതുകൊണ്ടാണ് ദഅ്‌വത്തിനെ ഒരു പ്രാസ്ഥാനിക അനിവാര്യതയായി എണ്ണിയത്. കാരണം ഇന്ത്യയില്‍ മുസ്‌ലിംകളല്ലാത്തവരുടെ ഭൂരിപക്ഷം ഒരു സാദാ ഭൂരിപക്ഷമല്ല. 87-88 ശതമാനം ഭൂരിപക്ഷമാണത്. പല നിയന്ത്രണാധികാരങ്ങളും അവിടെയാണ് നിക്ഷിപ്തമായിരിക്കുന്നത്.''2
അതിന്റെ അര്‍ഥം നമ്മുടെ ശ്രമങ്ങള്‍ കാര്യമായും ഈ മേഖലയില്‍ കേന്ദ്രീകരിക്കണം എന്നാണ്. നാമേതൊരു പ്രവര്‍ത്തന പരിപാടി തയാറാക്കുമ്പോഴും അതിന്റെ റിസള്‍ട്ട് ഇസ്‌ലാമിനെക്കുറിച്ച പൊതുജനാഭിപ്രായം മെച്ചപ്പെടുത്തുന്നതായിരിക്കണം. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹികവും മറ്റുമായ യത്‌നങ്ങള്‍ പരിശോധിച്ചാല്‍, വേണ്ട രീതിയിലുള്ള പരിഗണന അവര്‍ ഈ വശത്തിന് നല്‍കിയിട്ടില്ലെന്നു കാണാം. മുസ്‌ലിംകള്‍ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അസ്തിത്വവും ചിഹ്നങ്ങളും സംരക്ഷിക്കാനാണ് മുഖ്യ ഊന്നല്‍ നല്‍കിയത്. സമുദായ പരിഷ്‌കരണവും അവരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഒപ്പം നടക്കുന്നുണ്ടായിരുന്നു. ഇതൊക്കെ ഉറപ്പായും വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയായിരുന്നു. ഇപ്പോഴും അത്തരം പ്രവര്‍ത്തനങ്ങള്‍ അനിവാര്യവുമാണ്. പക്ഷേ ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ഇവിടെയുള്ള ഭൂരിപക്ഷ ജനവിഭാഗങ്ങളോട് ആശയവിനിമയം നടത്തുക, അങ്ങനെ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുക, അവര്‍ക്ക് ഇസ്‌ലാമിക സംസ്‌കാരത്തെ പരിചയപ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഇതൊരു സാമൂഹികദൗത്യമായി ഏറ്റെടുത്തവര്‍ വളരെ കുറവാണെന്നു കാണാം.
അതുകൊണ്ടുതന്നെ കഴിഞ്ഞ എഴുപതു വര്‍ഷമായി ഇസ്‌ലാമുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന പൊതുജനാഭിപ്രായം പരിശോധിക്കുകയാണെങ്കില്‍ അവയിലധികവും നിഷേധാത്മകമാണെന്ന് കണ്ടെത്താനാവും. എന്നാല്‍, ഇതിന്റെ മറുവശത്ത്, മുസ്‌ലിംകള്‍ പൊതുവെ മുമ്പത്തേക്കാളേറെ ഇസ്‌ലാമിനോടും അതിന്റെ ചിഹ്നങ്ങളോടും അടുപ്പമുള്ളവരായി മാറിയിരിക്കുന്നു. ദീനീപഠനവും വ്യാപകമായിരിക്കുന്നു. ദീനിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന അന്ധവിശ്വാസാനാചാരങ്ങള്‍ക്കും കുറവു വന്നിരിക്കുന്നു. അഭ്യസ്തവിദ്യര്‍ ഇന്ന് ദീനീപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നുണ്ട്. പക്ഷേ ഈ ശോഭന ചിത്രത്തിന്റെ മറുവശത്ത്, പൊതുജനങ്ങള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് മുമ്പുണ്ടായിരുന്നതിനേക്കാള്‍ തെറ്റിദ്ധാരണകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. ഇസ്‌ലാമിനെക്കുറിച്ച് വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന പലതും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനോടും അതിന്റെ ആളുകളോടും സ്‌നേഹവികാരമല്ല, വിദ്വേഷ വികാരമാണ് കൂടുതലായി സൃഷ്ടിക്കപ്പെടുന്നത്.
ഇസ്‌ലാംവിരുദ്ധ ശക്തികളുടെ ദേശീയ/ആഗോള അജണ്ടകളാണ് ഈ വിദ്വേഷ വ്യാപനത്തിന് പ്രധാന കാരണമെന്ന് നമുക്ക് പറയാം. അത് ശരിയുമാണ്. അതോടൊപ്പം ചേര്‍ത്തു പറയേണ്ടതാണ്, നമ്മുടെ ദൗര്‍ബല്യങ്ങളും യുക്തിദീക്ഷയോടെയുള്ള പ്രവര്‍ത്തന പരിപാടികളുടെ അഭാവവും ഇസ്‌ലാം/ മുസ്‌ലിം വിദ്വേഷ വ്യാപനത്തിന് കാരണമാകുന്നുണ്ട് എന്നത്. ശത്രുക്കള്‍ മുസ്‌ലിംകളെ ഇസ്‌ലാമില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് സത്യമാണ്. മുസ്‌ലിം സമൂഹത്തില്‍ ലിബറല്‍ ചിന്താഗതികള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമവും ആസൂത്രിതമായി നടക്കുന്നു്. പാഠ്യപദ്ധതികളിലൂടെയും കടന്നാക്രമണം ശക്തമാണ്.  ഇതൊക്കെ ഉണ്ടായിട്ടും മുസ്‌ലിംകളെ ഇസ്‌ലാമില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഇസ്‌ലാമിലെ നവോത്ഥാന നായകര്‍ ഈ മേഖലയില്‍ കാര്യമായ ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ഇതുപോലൊരു യത്‌നം പൊതുസമൂഹവുമായി സംവദിക്കുന്നതിനും തെറ്റിദ്ധാരണകള്‍ അകറ്റി അവരെ അടുപ്പിക്കുന്നതിനും വേണ്ടി നടത്തപ്പെട്ടിരുന്നെങ്കില്‍ ചിത്രം തീര്‍ത്തും മറ്റൊന്നായേനെ.
നിലനില്‍ക്കുന്ന പൊതുജന ധാരണകള്‍ തിരുത്തുന്നതിന് രണ്ടു തരം അജണ്ടകളുണ്ടാവണം: ഒന്ന് നിര്‍മാണാത്മകവും, രണ്ടാമത്തേത് പ്രതിരോധാത്മകവും. പ്രബോധക സമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ പൊതുസമൂഹത്തില്‍ എല്ലാ അര്‍ഥത്തിലും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരാവുക എന്നതാണ് നിര്‍മാണാത്മകമായ വശം. ദേശീയതലത്തിലും ആഗോളതലത്തിലുമൊക്കെ ഇസ്‌ലാമിനെ പിശാചുവത്കരിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവയെ ചെറുക്കണം. ഇതാണ് പ്രതിരോധാത്മക അജണ്ടയുടെ ഉള്ളടക്കം. ഇത് ഏതെങ്കിലും ഗ്രൂപ്പിന്റെ അജണ്ടയായിരുന്നാല്‍ പോരാ, മുസ്‌ലിം സമൂഹം മൊത്തമായി ഈ അജണ്ട ഏറ്റെടുക്കണം.

എന്താണ് പൊതുജനാഭിപ്രായം?
കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ പൊതുജനാഭിപ്രായം എന്ന വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രമീമാംസയിലും സാമൂഹിക ശാസ്ത്രത്തിലും സാമൂഹിക മനശ്ശാസ്ത്രത്തിലും ചരിത്രത്തിലും കമ്യൂണിക്കേഷന്‍ പഠനങ്ങളിലുമെല്ലാം എന്താണ് പൊതുജനാഭിപ്രായം, എങ്ങനെയാണ് അതിനെ നിര്‍മിക്കുന്നതും തിരുത്തുന്നതും, ഏതൊക്കെ ഘടകങ്ങളാണ് അതിനെ സ്വാധീനിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
സമൂഹത്തിലെ വ്യക്തികളുടെ അഭിപ്രായങ്ങളുടെ സമാഹാരത്തിനല്ല പൊതുജനാഭിപ്രായം എന്നു പറയുക. സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ കെല്‍പുള്ള അഭിപ്രായമാണ് പൊതുജനാഭിപ്രായമായി ചിത്രീകരിക്കപ്പെടുന്നത്. സമൂഹത്തില്‍ വിവിധ അഭിപ്രായങ്ങളുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളെ കാണാം. എന്നാല്‍ ബഹുഭൂരിപക്ഷവും സ്വന്തമായി അഭിപ്രായം ഇല്ലാത്തവരായിരിക്കും. സ്വന്തമായി അഭിപ്രായമുള്ള ചെറുഗ്രൂപ്പുകളില്‍ പല കാരണങ്ങളാല്‍ ഒരു ഗ്രൂപ്പ് മേധാവിത്വം നേടുകയും അവരുടേത് പൊതുജനാഭിപ്രായമായി മാറുകയും ചെയ്യുന്നു.3
ഏതെങ്കിലുമൊരു പ്രശ്‌നത്തെ ചുറ്റിപ്പറ്റിയാണ് പൊതുജനാഭിപ്രായം രൂപപ്പെടുക. സമൂഹത്തിലെ വലിയൊരു വിഭാഗം ഈ പ്രശ്‌നത്തെ പ്രാധാന്യത്തോടെ കാണുകയും അതേപ്പറ്റി സംസാരിക്കാന്‍ തയാറാവുകയും വേണം. ഈ വിഷയത്തില്‍ ഏതെങ്കിലുമൊരു ന്യൂനപക്ഷ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്ന വീക്ഷണമായിരിക്കും പിന്നീട് സമൂഹത്തെ സ്വാധീനിക്കുകയും പൊതുജനാഭിപ്രായമായി മാറുകയും ചെയ്യുക.4
പൊതുജനാഭിപ്രായം മിക്കപ്പോഴും ചെറിയൊരു ഗ്രൂപ്പിന്റെ അഭിപ്രായമായിരിക്കും എന്ന കാര്യം സാമൂഹിക മനശ്ശാസ്ത്ര വിദഗ്ധരും അംഗീകരിക്കുന്നുണ്ട്. നല്ല സ്വാധീനമുള്ള ഈ വരേണ്യ ന്യൂനപക്ഷം (Elite Minority) ചിലപ്പോള്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കും. പക്ഷേ തങ്ങളുടേത് പൊതുജനാഭിപ്രായമായി മാറ്റിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു.5 ചിലപ്പോള്‍ വലിയൊരു പ്രതിസന്ധിയായിരിക്കും പൊതുജനാഭിപ്രായ രൂപവത്കരണത്തിന് കാരണമായിട്ടുണ്ടാവുക. സങ്കീര്‍ണ പ്രശ്‌നങ്ങളും വന്‍ സംഭവങ്ങളും സമൂഹത്തില്‍ വലിയ പ്രതികരണങ്ങളുണ്ടാക്കും. ഈ സമൂഹ പ്രതികരണങ്ങളെ വൈകാരികമായി ഉപയോഗപ്പെടുത്തുകയും അതിന് തങ്ങളുടേതായ ഭാഷ്യം നല്‍കുകയുമാണ് ഈ വരേണ്യ ന്യൂനപക്ഷം ചെയ്യുക. അങ്ങനെ വരേണ്യ വ്യവഹാരത്തിലൂടെ  (Elite Discourse)  പൊതുജനാഭിപ്രായം രൂപപ്പെടുത്തപ്പെടുന്നു.6
ചില വിശ്വാസങ്ങളെ (Beliefs) കേന്ദ്രീകരിച്ചാണ് പൊതുജനാഭിപ്രായം രൂപപ്പെടുക. നമ്മുടെ ജനത ലോകത്തെ ഏറ്റവും മികച്ച ജനതയാണ്, തുറന്ന കമ്പോള വ്യവസ്ഥയിലൂടെയാണ് സാമ്പത്തിക പുരോഗതി സാധ്യമാവുക, ആഗോളതലത്തില്‍ ഭീകരതക്ക് കാരണം ഒരു പ്രത്യേക മതവിശ്വാസമാണ് പോലുള്ള 'വിശ്വാസങ്ങള്‍.' നേരത്തേ പറഞ്ഞ ന്യൂനപക്ഷ ഗ്രൂപ്പുകള്‍ ഈ വിശ്വാസങ്ങളെ പ്രചരിപ്പിക്കുകയും അതൊരു പൊതുബോധമായി രൂപപ്പെടുകയും ചെയ്യുന്നു. ആ വിശ്വാസത്തിന് അടിപ്പെട്ടവര്‍ ഒരു പ്രത്യേക വീക്ഷണത്തിലൂടെ മാത്രമേ കാര്യങ്ങളെ കാണുകയുള്ളൂ. ഉദാഹരണത്തിന് മാര്‍ക്കറ്റ് സമ്പദ്ഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു പൊതുബോധം, സകല സാമ്പത്തിക കുഴമറിച്ചിലുകള്‍ക്കും ഭരണകൂട നയങ്ങളെയാണ് കുറ്റപ്പെടുത്തുക. തീവ്രദേശീയ വിശ്വാസം ജന്മം നല്‍കുന്നത്, അവരവരുടെ സമൂഹം മറ്റു സമൂഹങ്ങളെയെല്ലാം അതിജയിക്കുമെന്ന ഫാഷിസ്റ്റ്, കൊളോണിയല്‍ ചിന്താഗതിക്കാണ്.
പൊതുജനാഭിപ്രായത്തിന് സ്ഥിരതയോ ഭദ്രതയോ ഉണ്ടായിരിക്കില്ല. അത് തെന്നിക്കളിച്ചുകൊണ്ടിരിക്കും; തെന്നിമാറുന്ന മണല്‍പരപ്പു (Shifting Sands) പോലെ. വര്‍ഷങ്ങള്‍കൊ് പണിപ്പെട്ടുണ്ടാക്കിയ ഒരു പൊതുബോധത്തെ ഒരൊറ്റ സംഭവം കീഴ്‌മേല്‍ മറിച്ചേക്കാം. പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍ തിമൂര്‍ കുരന്‍ തന്റെ Private Truths, Public Lies എന്ന കൃതിയില്‍ 'മുന്‍ഗണനയെ തെറ്റായി കാണിക്കല്‍' (Preference Falsification) എന്നൊരു ആശയം മുന്നോട്ടുവെക്കുന്നുണ്ട്.7 അതായത് ഒരു വ്യക്തിക്ക് ഒരു വിഷയത്തില്‍ എന്താണോ യഥാര്‍ഥ അഭിപ്രായം അതായിരിക്കില്ല അയാള്‍ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നത്. സമൂഹത്തിന് സ്വീകാര്യമായ വിധത്തില്‍ ആ അഭിപ്രായത്തെ വളച്ചൊടിച്ചായിരിക്കും അയാള്‍ അവതരിപ്പിക്കുക.
ഏതൊരു അഭിപ്രായത്തെയും പൊതു സ്വീകാര്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുക നല്ല സ്വാധീനമുള്ള ഒരു ചെറു ഗ്രൂപ്പായിരിക്കും. ഏതൊരു ഗ്രൂപ്പും തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചുനിന്നാല്‍ അവര്‍ക്കതിനെ പൊതുസ്വീകാര്യമാക്കാന്‍ കഴിയും. നേരത്തേ പറഞ്ഞതുപോലെ ബഹുഭൂരിപക്ഷത്തിനും സ്വന്തമായ അഭിപ്രായമില്ലാത്തതിനാല്‍ അവര്‍ ചെറു ഗ്രൂപ്പുകളുടെ അഭിപ്രായങ്ങളെ സ്വാംശീകരിക്കുകയാണ് ചെയ്യുക. അപ്പോഴവര്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്ന ആശയമേതോ അതിനെ മറച്ചുവെച്ച് (Preference Falsification), ഈ ചെറു ഗ്രൂപ്പുകളുടെ ആശയം തങ്ങളുടേതാണെന്നു പറയും. യഥാര്‍ഥത്തില്‍ മനസ്സു കൊണ്ട് അവരത് അംഗീകരിക്കുന്നുണ്ടാവില്ല. ചില സാമൂഹിക ശാസ്ത്രജ്ഞര്‍ ഇതിനെ ഗണിത ശാസ്ത്രപരമായി വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു അഭിപ്രായം മുന്നോട്ടുവെക്കുന്ന വിഭാഗം പത്തു ശതമാനത്തില്‍ താഴെയാണെങ്കില്‍ ആ അഭിപ്രായം ന്യൂനപക്ഷത്തിന്റേതായി തന്നെ അവശേഷിക്കും. ആ അഭിപ്രായത്തിന് സമൂഹത്തിലെ പത്തു ശതമാനത്തിലധികം പേരുടെ പിന്‍ബലമുണ്ടെങ്കില്‍ അത് കാട്ടുതീ പോലെയാണത്രെ സമൂഹത്തില്‍ കത്തിപ്പടരുക.8
ഇങ്ങനെ പൊതുജനാഭിപ്രായം രൂപവത്കരിക്കുന്ന വരേണ്യവിഭാഗത്തെ Agencies of Public Opinion  എന്നാണ് വിളിക്കുന്നത്. താഴെ പറയുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് അതില്‍ പ്രധാനമായും ഉള്‍പ്പെടുക:
a) പൊതുജനങ്ങളില്‍ ആശയപ്രചാരണം നടത്തുന്നവര്‍: ഗ്രന്ഥകര്‍ത്താക്കള്‍, ഗവേഷകര്‍, കവികള്‍, മറ്റു സാഹിത്യകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍, ഗായകര്‍ തുടങ്ങിയവര്‍ ആശയങ്ങള്‍ക്ക് ഭാഷ നല്‍കുന്നവരാണ്. അങ്ങനെയവ പൊതുജനങ്ങളിലെത്തുന്നു.
b) പ്രവൃത്തിയിലൂടെ ജനാഭിപ്രായത്തെ സ്വാധീനിക്കുന്നവര്‍: സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ സജീവമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. ഈ പ്രവര്‍ത്തനങ്ങള്‍ കാരണം അവര്‍ക്ക് ജനാഭിപ്രായത്തെ സ്വാധീനിക്കാനാവും.
c) പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടു വരുന്നവര്‍. കാമ്പയിനുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയുമൊക്കെ ഒരു അഭിപ്രായത്തെ ഉയര്‍ത്തിക്കൊണ്ടു വന്ന് അതിനെ പൊതുസ്വീകാര്യമാക്കുകയാണ് അവര്‍ ചെയ്യുക.
വിഷയത്തിന്റെ സാങ്കേതിക വശങ്ങളൊക്കെ ഇവിടെ അല്‍പം വിശദീകരിച്ചത് നമ്മുടെ രാജ്യത്തിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കാന്‍ അത് ഉപകാരപ്പെടും എന്നതിനാലാണ്. നിലവിലെ പൊതുബോധത്തെ എങ്ങനെ മാറ്റിമറിക്കാമെന്ന ഉള്‍ക്കാഴ്ചയും അതിലൂടെ ലഭിക്കും. നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും ഇപ്പോഴും വര്‍ഗീയതയിലോ വിഭാഗീയതയിലോ വിശ്വസിക്കുന്നവരോ അതിനെ പിന്തുണക്കുന്നവരോ അല്ല. എന്നാല്‍ വിഭാഗീയത അജണ്ടയാക്കിയ ഒരു ചെറു ഗ്രൂപ്പിന്റെ നിരന്തരമായ പ്രവര്‍ത്തനഫലമായി അത്തരമൊരു നിലപാടിലേക്ക് മാറാന്‍ ഈ ബഹുഭൂരിപക്ഷം നിര്‍ബന്ധിക്കപ്പെടുകയാണ്. ഇസ്‌ലാമിന്റെ പക്ഷത്ത് നില്‍ക്കുന്ന ഒരു ന്യൂനപക്ഷ വിഭാഗത്തിനും ഇതുപോലെ നിരന്തരം ആശയപ്രചാരണം നടത്തുന്ന പക്ഷം ഭൂരിപക്ഷ അഭിപ്രായത്തെ സ്വാധീനിക്കാനാവും. പൊതുബോധത്തില്‍ ഈയൊരു മാറ്റം കൊണ്ടുവരുന്നതിന് എന്തൊക്കെ നിലപാടുകളും കര്‍മപദ്ധതികളുമാണ് നാം ആവിഷ്‌കരിക്കേണ്ടത് എന്നതിനെ സംബന്ധിച്ച ചില നിര്‍ദേശങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. 

(തുടരും)

 

കുറിപ്പുകള്‍

1. ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, പേജ് 12
2. ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരണ വിഭാഗം 1978-ല്‍ പുറത്തിറക്കിയ 'മുഖാലാത്ത് വൊ മുഖ്തസര്‍ റൂദാദെ ഇജ്തിമാഅ് ഭോപ്പാല്‍', പേജ് 94
3. പൊതുജനാഭിപ്രായത്തെക്കുറിച്ച് കൂടുതലറിയാന്‍ Kimbal Young (1935)- Social Psycology, An Analysis of Social Behaviour (Crofts, California); Zaller John (2003) - The Nature and Origins of the Mass Opinion (Cambridge, UK)  എന്നീ കൃതികള്‍ കാണുക.
4.  Davison W.P (1958)- The Publice Opinion Process (Public Opinion Quarterly 22, 91-106); Glynn C. J (2005)- Public Opinion as a Social Process; Dunwoody, S, Becker L.B, McLeod D.M, & Kosicki G.M (Eds.) - The Evolution of Key Mass Communication Concepts  എന്നീ കൃതികള്‍ കാണുക.
5. Hajo G. Boomgarden, Claes H. de Vreese- International Journal of Public Opinion Research, Volume 19, Issue 3, Autumn 2007, Page 354-366
6. Epilogue 'The Question of Elite Domination on Public Opinion', in Zaller John R (2003)- The Nature and Origins of the Mass Opinion (Cambridge, UK).
7. Timur Kuran (1997) - Private Truths, Public Lies: The Social Consequences of Process Falsification (Harvard University Press P. 3-84)
8. J. Xie, S. Srinivasan, G. Korniss, W.Zhang, C. Lim, and B.K Szymanski- Social Consensus Through The Influence of Committed Minorities (2001).

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌