Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

ആ വളര്‍ച്ചക്കു പിന്നില്‍ ഇസ്‌ലാമിക് ബാങ്കുകള്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പിന്നോട്ടു പോകുമ്പോള്‍ തൊട്ടടുത്ത ബംഗ്ലാദേശില്‍ അത് എട്ടു ശതമാനം കവിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പ്രധാന കാരണം ഇസ്‌ലാമിക് ബാങ്കുകളുടെ പ്രവര്‍ത്തനമാണെന്നാണ് ബംഗ്ലാദേശ് ബാങ്കി(അവിടത്തെ സെന്‍ട്രല്‍ ബാങ്ക്)ന്റെ റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അബ്ദുല്‍ അവ്വല്‍ സര്‍ക്കാര്‍ പറയുന്നത്. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു ശില്‍പശാലയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ബാങ്കിംഗ് മേഖലയിലെ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ആളെന്ന നിലക്ക് അദ്ദേഹം നല്‍കുന്ന വിവരങ്ങള്‍ ആധികാരികമാണ്. അദ്ദേഹമാകട്ടെ ഗവണ്‍മെന്റ് പ്രതിനിധിയാണ്, ഇസ്‌ലാമിക് ബാങ്കുകളുടെ പ്രതിനിധിയല്ല. ബംഗ്ലാദേശിലെ അറുപത് ബാങ്കുകളില്‍ എട്ടെണ്ണം മാത്രമാണ് ഇസ്‌ലാമിക് ബാങ്കുകള്‍. ഇതില്‍തന്നെ എക്‌സിം ബാങ്കും ഫാസ്റ്റ് സെക്യൂരിറ്റി ഇസ്‌ലാമിക് ബാങ്കും നേരത്തേ പരമ്പരാഗത ബാങ്കുകളായിരുന്നു. പിന്നെയാണ് ഇസ്‌ലാമിക് ബാങ്കുകളായത്. രാജ്യത്തിന്റെ 24 ശതമാനം ഡെപ്പോസിറ്റുകളും ഈ എട്ട് ബാങ്കുകളിലാണുള്ളത്. മൊത്തം മുതല്‍മുടക്കിന്റെ 24 ശതമാനവും അവ തന്നെ നിര്‍വഹിക്കുന്നു. വിദേശത്ത് ജോലിചെയ്യുന്ന ബംഗ്ലാദേശികള്‍ അയക്കുന്ന പണമാണ് രാജ്യ സമ്പദ്ഘടനയുടെ നട്ടെല്ല്. ആ പണത്തിന്റെ 43 ശതമാനവും വരുന്നത് ഇസ്‌ലാമിക് ബാങ്കുകള്‍ വഴിയാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഗവണ്‍മെന്റിനും വ്യക്തികള്‍ക്കും ധാരാളമായി പണം നല്‍കുകയും ചെയ്യുന്നു അവ.
ഏത് ആഗോള സാമ്പത്തിക പ്രതിസന്ധിയെയും നിര്‍വീര്യമാക്കാനുള്ള പ്രത്യേക കഴിവ് ഈ ബാങ്കുകള്‍ക്കുണ്ടെന്നാണ് അബ്ദുല്‍ അവ്വല്‍ സര്‍ക്കാര്‍ എടുത്തുപറഞ്ഞ മറ്റൊരു മികവ്. 2008-ലെ സാമ്പത്തിക തകര്‍ച്ച ബംഗ്ലാദേശിനെ കാര്യമായി ബാധിക്കാതിരുന്നത് അതുകൊണ്ടാണ്. ഏതു ഘട്ടത്തിലും ജനങ്ങള്‍ക്ക് താങ്ങായി നിലകൊള്ളാന്‍ അവക്ക് കഴിയും. ബംഗ്ലാദേശില്‍ ഇന്ത്യയിലേതു പോലെ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതിരിക്കാന്‍ കാരണവും അതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലിശക്ക് കടം വാങ്ങി കൃഷി ചെയ്ത് വിളവെടുപ്പ് കാലത്ത് വിളകള്‍ക്ക് തീരെ വിലയില്ലാതായിപ്പോകുന്നതാണ് കര്‍ഷക ആത്മഹത്യയുടെ ഒരു പ്രധാന കാരണം. ബൈഅ് സലം എന്ന 'മുന്‍കൂര്‍ വാങ്ങല്‍' നടപ്പാക്കിക്കഴിഞ്ഞാല്‍ ഈ പ്രശ്‌നത്തിന് വലിയൊരളവില്‍ പരിഹാരം കാണാന്‍ കഴിയും. അതായത് കര്‍ഷകര്‍ ഉല്‍പാദിപ്പിക്കാന്‍ പോകുന്ന വിളകള്‍ക്ക് നേരത്തെ വില കണ്ട് മുന്‍കൂറായി ആ സംഖ്യ അവരെ ഏല്‍പിക്കുന്ന രീതിയാണത്. ബാങ്കും കര്‍ഷകരും തമ്മിലുള്ള കരാര്‍ പ്രകാരം മാന്യമായ വില തന്നെയാവും പറഞ്ഞുറപ്പിക്കുന്നത്. വിളവെടുപ്പിനു ശേഷം വിളകളുടെ വിപണനവും ബാങ്ക് തന്നെ നടത്തിക്കൊള്ളും. ഇങ്ങനെ കര്‍ഷക സമൂഹത്തിന് സുരക്ഷാ കവചം പണിതുകൊടുക്കാന്‍ കഴിയുന്നു.
തന്റെ നാട്ടിലെ അനുഭവം വെച്ചാണ് ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ ഈ സംവിധാനം പരീക്ഷിച്ചുകൂടേ എന്ന് അദ്ദേഹം ചോദിക്കുന്നത്. ഇന്ത്യയില്‍ അതത്ര എളുപ്പമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. പാശ്ചാത്യ രാഷ്ട്രങ്ങള്‍ വരെ ഇസ്‌ലാമിക് ബാങ്കോ പരമ്പരാഗത ബാങ്കുകളില്‍ അതിന്റെ ജാലകമോ തുടങ്ങാന്‍ ഒരു പതിറ്റാണ്ടു മുമ്പ് തന്നെ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, ഇന്ത്യയിലിപ്പോഴും അത്തരം സാമ്പത്തിക വ്യവഹാരങ്ങള്‍ നിയമാനുസൃതമാക്കിയിട്ടില്ല. അനുകൂലമായ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ബാങ്ക് മേധാവികള്‍ തന്നെ സമര്‍പ്പിച്ചിരുന്നുവെങ്കിലും ചില തല്‍പരകക്ഷികള്‍ ഇടപെട്ട് അതിനെയെല്ലാം തുരങ്കം വെക്കുകയായിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പഠിച്ച് അവക്ക് പരിഹാരമാകുന്ന വിധത്തിലുള്ള പ്രായോഗിക ബദല്‍ മാതൃകകള്‍ സമര്‍പ്പിക്കാന്‍ ഇസ്‌ലാമിക് ബാങ്കിംഗിന്റെ വക്താക്കള്‍ക്കും സാധിക്കുന്നില്ല എന്നത് പ്രശ്‌നത്തിന്റെ മറുവശം. ആശയപ്രചാരണത്തിനപ്പുറം കടക്കാന്‍ അവര്‍ക്കിനിയും സാധ്യമായിട്ടില്ല.
 

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌