പോപ്പുലിസം, പോസ്റ്റ് ട്രൂത്ത് പെരുംനുണകള്‍ നട്ടുമുളപ്പിക്കുന്ന കാലം
നട്ടാല്‍ മുളക്കാത്ത നുണകള്‍ എന്നത് നമ്മള്‍ കേട്ടുശീലിച്ച പ്രയോഗമാണ്. എന്നാല്‍ അത്തരമൊരു പ്രയോഗം
പോലും കുറ്റിയറ്റു പോകുംവിധമാണ് ഇന്ന് പെരുംനുണകള്‍ പൊട്ടി മുളക്കുന്നതും പടരുന്നതും. നട്ടാല്‍ മുളക്കാത്ത നുണകള്‍ ഇപ്പോള്‍ ഇല്ലെന്നായിരിക്കുന്നു. ഏതു നുണയും മുളക്കുകയും പടരുകയും പ്രചരിക്കുകയും ചെയ്യുന്നു. പ്രചരിച്ച കള്ളങ്ങളുടെ ബലത്തില്‍ നുണയന്മാര്‍ അധികാരത്തിലുമെത്തുന്നു. ഇങ്ങനെ നുണകള്‍ക്ക് സ്വീകാര്യത കിട്ടുകയും സത്യത്തെ അവഗണിക്കുകയും നുണകള്‍ വോട്ടും സീറ്റും നേടുകയും ചെയ്യുന്ന കാലത്തെ 'പോസ്റ്റ് ട്രൂത്ത്' (സത്യാനന്തര) കാലം എന്ന് വിളിക്കാറുണ്ട്. 2016-ല്‍ ഏറ്റവും പ്രസിദ്ധി നേടിയ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് 'പോസ്റ്റ് ട്രൂത്ത്' ആയിരുന്നു. നമ്മുടെ കാലത്തെ നിര്‍വചിക്കുന്ന വാക്കായി അത് മാറാന്‍ ഇടയുണ്ടെന്നാണ് ഒക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി മേധാവി കാസ്പര്‍ ഗ്രാത്ത്‌പോള്‍ അന്ന് പറഞ്ഞത്.
പോസ്റ്റ് ട്രൂത്ത്
1992- ല്‍ സെര്‍ബിയന്‍ അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീവ് ടെസിച്ച് (Steve Tesich) ആണ് പോസ്റ്റ് ട്രൂത്ത് എന്ന പദം ഒരു ടേം ആയി ആദ്യം ഉപയോഗിക്കുന്നത്. വാട്ടര്‍ഗേറ്റ് വിവാദവുമായി ബന്ധിപ്പിച്ചായിരുന്നു അങ്ങനെയൊരു പ്രയോഗം നടത്തിയത്. പിന്നീട് മീഡിയ നിയന്ത്രിക്കുന്ന നമ്മുടെ കാലത്തെ പറ്റി റാല്‍ഫ് കെയ്‌സും (Ralph Keyes) 2004-ല്‍ പോസ്റ്റ് ട്രൂത്ത് യുഗം എന്ന് പറയുകയുണ്ടായി. സത്യാനന്തര രാഷ്ട്രീയം എന്ന വാക്ക് (Post Truth Politics) ആദ്യം പ്രയോഗിച്ചത് 2010-ല്‍ ഡേവിഡ് റോബര്‍ട്ട്‌സ് എന്ന ബ്ലോഗറാണ്. വസ്തുതകളേക്കാള്‍ വികാരങ്ങള്‍ക്കും വ്യക്തിപരമായ തന്നിഷ്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും അതൊരു പൊതു അഭിപ്രായമായി രൂപം കൊള്ളുകയും ചെയ്യുകയാണ് സത്യാനന്തര കാലത്തെന്ന് അദ്ദേഹം നിരീക്ഷിച്ചു.
രണ്ടു സംഭവങ്ങളാണ് പോസ്റ്റ് ട്രൂത്ത് എന്ന വാക്കിന് പ്രചാരം നേടിക്കൊടുത്തത്. ബ്രെക്‌സിറ്റും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും. യൂറോപ്യന്‍ യൂനിയനില്‍നിന്ന് അടര്‍ന്നുപോകാനുള്ള ബ്രിട്ടന്റെ തീരുമാനമായിരുന്നു ബ്രെക്‌സിറ്റ് (The Exit of Britain). ഒരു ഏകീകൃത സമ്പദ് വ്യവസ്ഥയും രാഷ്ട്രീയ ഘടനയുമൊക്കെ വേണം എന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിലായിരുന്നു യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) നിലവില്‍ വന്നത്. ഇങ്ങനെ മറ്റു രാജ്യങ്ങളുമായി കൂട്ടുചേരുന്നതും ഐക്യപ്പെടുന്നതും സ്വന്തം അസ്തിത്വത്തിന് നന്നല്ല എന്ന് ബ്രിട്ടനിലെ തീവ്ര ദേശീയവാദികള്‍ പ്രക്ഷോഭം കൂട്ടി. അതേ തുടര്‍ന്ന് നടന്ന ഹിത പരിശോധനയില്‍ ഭൂരിപക്ഷം പേരും ഇ.യു വിടുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കള്ളം പ്രചരിപ്പിച്ച് വ്യാജ ദേശീയത ജനങ്ങളില്‍ കുത്തിവെക്കുന്നതില്‍ തീവ്രനിലപാടുകാര്‍ വിജയിക്കുകയായിരുന്നു.
2016 നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന് അധികമാരും കരുതിയിരുന്നില്ല. അത്രയേറെ അബദ്ധജടിലവും അശ്ലീലം നിറഞ്ഞതുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന്റെ സംസാരങ്ങള്‍. അതുകൊണ്ടുതന്നെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ നിശ്ചയമായും ജയിക്കും എന്ന് സര്‍വരും കരുതി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ട്രംപ് ജയിച്ചു കയറുകയാണുായത്.
ഈ രണ്ട് സംഭവങ്ങളോടെ സത്യത്തിന് ഒരു വിലയുമില്ലാത്ത കാലമാണിതെന്ന തോന്നല്‍ ആളുകള്‍ക്കുായി. നിരവധി വ്യാജപ്രചാരണങ്ങള്‍ നടത്തിയാണല്ലോ ഇന്ത്യയിലും നരേന്ദ്ര മോദി രണ്ടാം തവണയും അധികാരത്തില്‍ വന്നത്. നോട്ടു നിരോധനവും ജി.എസ്.ടിയും ഇന്ധനവിലവര്‍ധനവും ആള്‍ക്കൂട്ടക്കൊലകളും എല്ലാം അനുഭവിച്ച ജനങ്ങള്‍ പിന്നെയും മോദി തെരഞ്ഞെടുക്കപ്പെട്ടത് അവിശ്വസനീയതയോടെ നോക്കിക്കണ്ടു. യാഥാര്‍ഥ്യങ്ങള്‍ക്കും വസ്തുതകള്‍ക്കും ഒട്ടും വിലയില്ലാതായിപ്പോകുന്ന ഈ കാലത്തെ അതുകൊണ്ടാണ് 'പോസ്റ്റ് ട്രൂത്ത്' എന്ന് വിൡക്കുന്നത്. സത്യത്തിന്റെ കാലം കഴിഞ്ഞു, ഇനി നുണകളുടേതാണ് എന്ന് ധ്വനിപ്പിക്കുന്നു എന്നതാണ് പോസ്റ്റ് ട്രൂത്ത് എന്ന പ്രയോഗത്തിന്റെ പ്രശ്‌നം. സത്യം എത്ര മൂടിവെച്ചാലും അതൊരു നാള്‍ വെളിപ്പെടും എന്നതല്ലേ സത്യവും ചരിത്രവും?
1930-കളിലായിരുന്നു ഫാഷിസത്തിന്റെ ഉദയം. ലിബറലിസം തകര്‍ന്നെന്നും ഇനി പോരാട്ടം ഫാഷിസവും കമ്യൂണിസവും തമ്മിലാണെന്നും കരുതിയിടത്തു നിന്ന് പിന്നെയും ലിബറലിസം കയറിവരുന്നതാണ് നമ്മള്‍ കണ്ടത്. 1960-കളില്‍ യൂറോപ്പിലുായ സാമൂഹിക അസ്വസ്ഥതകള്‍ ലിബറലിസത്തിന്റെ അന്ത്യം കുറിക്കുമെന്ന് പിന്നെയും ജനം കരുതി. എന്നാല്‍ തകര്‍ന്നത് കമ്യൂണിസമായിരുന്നു. അതുകൊണ്ട് തന്നെ നുണകളുടെ വിജയങ്ങളെ സൂചിപ്പിക്കാനായി തെരഞ്ഞെടുത്ത, അധികം നിലനില്‍പ്പില്ലാത്ത ഒരു രാഷ്ട്രീയ ഫാഷന്‍ പദമായി (Political Buzzword) പോസ്റ്റ് ട്രൂത്ത് എന്ന വാക്കിനെ കാണുന്നവരുണ്ട്.
പോപ്പുലിസം
പോസ്റ്റ് ട്രൂത്ത് പോലെ ഇക്കാലത്ത് പ്രചാരത്തിലായ വാക്കാണ് പോപ്പുലിസം (Populism) എന്നതും. സ്ഥാപിത അധികാരിവര്‍ഗത്തിനെതിരെയുള്ള
പൊതുജന രാഷ്ട്രീയസമീപനത്തെയാണ് പോപ്പുലിസം കൊണ്ട് അര്‍ഥമാക്കാറുള്ളത്. ഈ വാക്കിന്റെ വിശദീകരണത്തില്‍ കൂടുതല്‍ അപകടങ്ങള്‍ പതിയിരിക്കുന്നു്. സമൂഹം ശുദ്ധഗതിക്കാര്‍ (Pure People) എന്നും ജീര്‍ണിച്ച വരേണ്യര്‍ (Corrupt Elite) എന്നും രണ്ടായി തിരിഞ്ഞിരിക്കുന്നുവെന്ന് കാസ് മഡ്ല്‍ പറയുന്നുണ്ട്. ശുദ്ധഗതിക്കാര്‍ എന്നാല്‍ സമൂഹത്തിലെ ഭൂരിപക്ഷം. മറ്റുള്ളവര്‍ അന്യരും അശുദ്ധരുമാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഭരിക്കാത്തവര്‍ ജീര്‍ണത ബാധിച്ച വരേണ്യരാണ്. തങ്ങള്‍ ഭൂരിപക്ഷം ആയിരുന്നിട്ടു പോലും തങ്ങള്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന് ഭൂരിപക്ഷത്തിന് തോന്നുകയും അത് പ്രചരിപ്പിക്കുന്ന നേതാക്കള്‍ ഇലക്ഷനില്‍ വിജയം നേടുകയും ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരുമൊന്നും ജൗൃല ജലീുഹല അല്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെല്ലാം ഈ വൃത്തത്തിനു പുറത്താണ്.
പോപ്പുലിസം: വാക്കിന്റെ തുടക്കം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് യൂറോപ്പില്‍ രൂപം കൊണ്ട പീപ്പ്ള്‍സ് പാര്‍ട്ടി(People's Party)യുടെ അണികളാണ് തങ്ങളെ സ്വയം പോപ്പുലിസ്റ്റുകള്‍ എന്ന് വിളിച്ചത്. Peopleism എന്നതാണ് Populism എന്നായി മാറിയത്. Going to the People എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. 1920-ല്‍ ഈ വാക്ക് ഫ്രഞ്ച് ഭാഷയില്‍ കയറിക്കൂടി. സാധാരണ ജനങ്ങളെ കുറിക്കാനായിരുന്നു ഈ പദം ഉപയോഗിച്ചത്. 1950 വരെ പ്യീപ്പ്ള്‍സ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് Populism എന്ന വാക്ക് ഉപയോഗിച്ചത്. 1954-ല്‍ യു.എസ് സോഷ്യോളജിസ്റ്റ് എഡ്വാര്‍ഡ് ഷില്‍സ് (Edward Shils) ആണ് പോപ്പുലിസത്തെ ഒരു ടേം ആയി ഉപയോഗിച്ചത്. അമേരിക്കയില്‍ വളര്‍ന്നുവരുന്ന വരേണ്യവിരുദ്ധ പ്രവണതയെ കുറിക്കാനായിരുന്നു അത് ഉപയോഗിച്ചത്. 1960 ആയതോടെ സോഷ്യോളജിക്കാരുടെ ഇഷ്ടവാക്കായി പോപ്പുലിസം മാറി. 1967-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ചേര്‍ന്ന സമ്മേളനത്തിന് പോപ്പുലിസത്തിന് കൃത്യമായ ഒരു നിര്‍വചനം കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് പോപ്പുലിസം പഠനം തകൃതിയായി എല്ലായിടത്തും നടക്കുകയും ഇന്നത്തെ ലോകപ്രവണതകളെ കുറിക്കാനുള്ള പദമായി അത് ഗതിമാറുകയും ചെയ്തു.
ജനാധിപത്യവും പോപ്പുലിസവും
ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയാണല്ലോ ജനാധിപത്യത്തില്‍. എന്നാല്‍ പോപ്പുലിസം ജനാധിപത്യത്തില്‍നിന്ന് വ്യത്യസ്തമാകുന്നത് ആരാണ് ജനങ്ങള്‍ എന്ന് നിര്‍വചിക്കുന്നിടത്താണ്. ജനങ്ങള്‍ എന്നതുകൊണ്ട് ഭൂരിപക്ഷത്തെയാണ് അവരുദ്ദേശിക്കുന്നത്. ബാക്കിയെല്ലാവരും ജനങ്ങള്‍ എന്ന സംജ്ഞക്ക് പുറത്താണ്. അവരെല്ലാം എളുപ്പത്തില്‍ പൗരത്വം റദ്ദു ചെയ്യപ്പെട്ട് നാടുകടത്തപ്പെടേണ്ടവരാണ്. ഒരേ സ്വഭാവവും ശീലങ്ങളും ആചാരവിചാരങ്ങളുമുള്ളവരുടെ മാത്രം പ്രപഞ്ചമാണ് അവരുടെ സ്വപ്‌നം.
ജനാധിപത്യം പ്രതിപക്ഷ ബഹുമാനത്തില്‍ അധിഷ്ഠിതമാണ്. പ്രതിപക്ഷത്തിനും അതില്‍ റോളുണ്ട്. എന്നാല്‍ പോപ്പുലിസത്തില്‍ പ്രതിപക്ഷത്തിന് ഇടമില്ല. തങ്ങളെ എതിര്‍ക്കുന്നതും തിരുത്തുന്നതും ഇഷ്ടപ്പെടാത്ത കൂട്ടമാണവര്‍. പ്രതിപക്ഷം തന്നെ ഇല്ലാത്ത രാജ്യമാണ് അവര്‍ക്ക് പ്രിയം. ആദ്യ തവണ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ തന്നെ പറഞ്ഞത് കോണ്‍ഗ്രസ്മുക്ത ഭാരതം എന്നായിരുന്നല്ലോ.
പോപ്പുലിസവും ഫാഷിസവും
പോപ്പുലിസവും ഫാഷിസവും തമ്മില്‍ ഏറെ സാമ്യതകളുണ്ട്. ഫാഷിസത്തിന്റെ സമകാലീന രൂപമാണ്
പോപ്പുലിസം എന്ന് ചിലര്‍ പറയാറുണ്ട്. വൈവിധ്യങ്ങളില്ലാത്ത ഏകജാതീയമായ ജനത എന്നതാണ് പോപ്പുലിസം മുന്നോട്ടുവെക്കുന്ന ആശയം.
ഉന്മൂലനം ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന വഴികളും രീതികളുമാണ് പോപ്പുലിസത്തെയും ഫാഷിസത്തെയും തമ്മില്‍ വ്യത്യാസപ്പെടുത്തുന്നത്. ജനങ്ങളുടെ പിന്തുണയോടെയുള്ള ആക്രമണങ്ങളും കലാപങ്ങളുമാണ് പോപ്പുലിസത്തിന്റെ രീതി. ആദ്യം ആള്‍ക്കൂട്ടം തല്ലുകയും കൊല്ലുകയും കലാപം ഉണ്ടാക്കുകയും ചെയ്ത ശേഷം പതിയെ ഭരണകൂടം അതില്‍ പങ്കു കൊള്ളുകയാണ് ചെയ്യുക. ജനങ്ങളുടെ പിന്തുണയൊന്നുമില്ലാതെ സൈന്യം നേരിട്ട് അടിച്ചമര്‍ത്തുന്നതാണ് ഫാഷിസ്റ്റ്‌രീതി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഫാഷിസത്തില്‍ ജനാധിപത്യം ഒട്ടുമില്ല. ജനാധിപത്യത്തെ ക്ഷയിപ്പിച്ചു നിര്‍ത്തുകയും എന്നാല്‍ അതിനെ പിഴുതു മാറ്റാതിരിക്കുകയും ചെയ്യുക എന്നതാണ് പോപ്പുലിസത്തിന്റെ രീതി. മുസോളിനിയും ഹിറ്റ്‌ലറുമെല്ലാം അധികാരത്തിലെത്തിയ ശേഷം ജനാധിപത്യ സംവിധാനത്തെ തന്നെ വലിച്ചെറിയുകയായിരുന്നു. ജനാധിപത്യ സംവിധാനം ഉപയോഗിച്ച് തന്നെ ഉന്മൂലന സിദ്ധാന്തം എങ്ങനെ നടപ്പാക്കാം എന്നായിരിക്കും പോപ്പുലിസ്റ്റുകള്‍ ചിന്തിക്കുക.
ഫാഷിസം, ലിബറലിസം, സോഷ്യലിസം പോലെ ഒരു Thick ഐഡിയോളജിയല്ല പോപ്പുലിസം. അതൊരു Thin ഐഡിയോളജിയാണ്. Thick ആയ ഐഡിയോളജികളുടെ കൂടെ നിന്നു കൊണ്ടാണ് പോപ്പുലിസ്റ്റ് നേതാക്കള്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ടാണ് വലതു പോപ്പുലിസം, ഇടതു പോപ്പുലിസം എന്നെല്ലാം അത് പലതായി പിരിയുന്നത്.
പോപ്പുലിസ്റ്റുകളുടെ ഏക രാജ്യം, ഏക ഭാഷ
വൈവിധ്യങ്ങളോടുള്ള വെറുപ്പില്‍നിന്നാണവര്‍ ഏകഭാഷാ സിദ്ധാന്തവും ഏക പാര്‍ട്ടി സിദ്ധാന്തവും അവതരിപ്പിക്കുന്നത്. എല്ലാവരും ഒരു യൂനിഫോമിലുള്ള, സ്റ്റാന്റപ്പ് എന്നു പറഞ്ഞാല്‍ സര്‍വരും ചാടിയെഴുന്നേല്‍ക്കുന്ന അച്ചടക്കപൂര്‍ണമായ ഒരു എല്‍.പി സ്‌കൂളായി രാജ്യത്തെ രൂപപ്പെടുത്താനാണ് പോപ്പുലിസ്റ്റുകള്‍ ശ്രമിക്കുക. അവരുടെ യൂനിഫോമിറ്റിക്ക് ചേരാത്തവരെയെല്ലാം അവര്‍ ടി.സി നല്‍കി, പൗരത്വം റദ്ദു ചെയ്ത് രാജ്യത്തിന് പുറത്തിടും. അപകടകാരികളായ അന്യര്‍ (Dangerous Others) എന്ന് അവര്‍ കരുതുന്നവരെയെല്ലാം പുറന്തള്ളി തങ്ങള്‍ മാത്രമായ വെള്ളരിക്കാരാജ്യത്തിന്റെ നിര്‍മാണമാണവരുടെ ലക്ഷ്യം.
വെറുപ്പില്‍ വേരാഴ്ത്തിനില്‍ക്കുന്ന ഒരു തിയറിയെയും സ്വാതന്ത്ര്യബോധമുള്ള ജനത വെച്ചുപൊറുപ്പിച്ചിട്ടില്ല എന്നതാണ് പോപ്പുലിസ്റ്റുകള്‍ ചരിത്രത്തില്‍നിന്ന് പഠിക്കാത്ത പാഠം.
Comments