എ.പി അബ്ദുസ്സലാം
മരണത്തിന്റെ കാലൊച്ചകള്‍ ഇപ്പോള്‍ ഞെട്ടലുണ്ടാക്കാറേയില്ല. പ്രിയപ്പെട്ടവരുടെ വിയോഗം ക്രമാനുസൃതമായ നാള്‍വഴിയിലൂടെയെന്നപോലെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുമ്പോള്‍, മരണം ഒരു സ്വാഭാവിക വിരുന്നുകാരനായി മാറുന്നു. എന്നാലും വിരഹമുണ്ടാക്കുന്ന നഷ്ടബോധത്തിന്റെ നൊമ്പരം തീവ്രമാണ്, വിശേഷിച്ചും അത് ഏറെ പ്രിയപ്പെട്ടവരുടേതാകുമ്പോള്‍. എന്റെ സഹോദരന്‍ എ.പി അബ്ദുസ്സലാമിന്റെ വേര്‍പാടുണ്ടാക്കിയത് അത്തരമൊരവസ്ഥയാണ്.
രണ്ടു വയസ്സിന്റെ ദൂരവ്യത്യാസമേ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കളിച്ചും ചിരിച്ചും കലമ്പിച്ചും ഒരുമിച്ചാണ് വളര്‍ന്നത്. കുട്ടികളായിരുന്നപ്പോള്‍ ഒരേ കട്ടിലില്‍ കിടന്നാണുറങ്ങിയിരുന്നത്. പഠനവും ഒരുമിച്ചിരുന്നുകൊണ്ടായിരുന്നു. വളരെ സത്യസന്ധനും നിഷ്‌കളങ്കനുമായിരുന്നു ഇക്കാക്ക. മതകാര്യങ്ങളില്‍ ബാപ്പ പുലര്‍ത്തിയിരുന്ന നിഷ്‌കര്‍ഷ മുറുകെപ്പിടിക്കാന്‍ ഇക്കാക്കയായിരുന്നു മുമ്പില്‍.
കുട്ടികളായിരുന്ന കാലത്ത് സാഹിത്യ സമാജങ്ങളും പഠന ക്ലാസുകളും കലാ-കായിക മത്സരങ്ങളും കൈയെഴുത്തു പത്രങ്ങളും നടത്തി ഞങ്ങള്‍ രാപ്പകലുകളെ സജീവമാക്കിയിരുന്നു. സമപ്രായക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പൊതുവേദികള്‍ക്കും ഞങ്ങള്‍ രൂപം കൊടുത്തിരുന്നു. എല്ലാ വേദികളുടെയും പ്രസിഡന്റ് ഇക്കാക്കയായിരുന്നു. സഹോദരര്‍ എന്ന ആത്മബന്ധത്തിനപ്പുറം സഹപ്രവര്‍ത്തകര്‍ എന്ന ഈടുറ്റ കെമിസ്ട്രിയായിരുന്നു ഞങ്ങളെ അഗാധമായി കൂട്ടിയിണക്കിയിരുന്നത്.
ഫാറൂഖ് കോളേജിലെ ഡിഗ്രി പഠനത്തിനുശേഷം അലീഗഢില്‍ പോയാണ് ഇക്കാക്ക പി.ജിയെടുത്തത്. ഹിസ്റ്ററിയില്‍ പി.ജിക്കു പുറമെ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്ന് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ അധ്യാപകനായി. വര്‍ഷങ്ങളോളം അവിടെ സേവനം ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ആരോഗ്യവകുപ്പിലായിരുന്നു നിയമനം. ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ മികച്ച സ്റ്റാഫിനെ വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൡ ചിലര്‍ വീട്ടില്‍ വന്നതോര്‍ക്കുന്നു. കുറച്ചുകാലം മലപ്പുറം ജില്ലാ കൗണ്‍സിലില്‍ ജോലി ചെയ്യാന്‍ അത് കാരണമായി. അതിനു ശേഷം ആരോഗ്യവകുപ്പില്‍ തന്നെ തിരിച്ചെത്തി.
നല്ലതുപോലെ എഴുതാനറിയുമായിരുന്നു ഇക്കാക്കക്ക്. കഥകളും ചിത്രീകരണങ്ങളുമൊക്കെ എഴുതുമെങ്കിലും അധികവും പ്രസിദ്ധീകരണത്തിനയച്ചിരുന്നില്ല. നിശ്ശബ്ദതയായിരുന്നു ഇക്കാക്കയുടെ പ്രത്യേകത. ഒരിക്കലും ശ്രദ്ധേയനാകാന്‍ ഇക്കാക്ക ആഗ്രഹിച്ചിരുന്നില്ല. വേര്‍പാടോടുത്ത സമയത്താണ് ബാപ്പയെക്കുറിച്ച് ഒരു പുസ്തകം തന്നെ ഇക്കാക്ക എഴുതി തയാറാക്കിയത്. തിരക്കിട്ട് അതിന്റെ പണികള്‍ പൂര്‍ത്തീകരിച്ചതിന്റെ പൊരുളറിയാന്‍ ഞങ്ങള്‍ക്ക് അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല.
മൂത്ത ജ്യേഷ്ഠന്റെ(എം.എ റഹ്മാന്‍) മരണത്തെ തുടര്‍ന്ന് ഇക്കാക്ക ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകനായി. ഞാന്‍ അതല്ലാതിരുന്നിട്ടും ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹോജ്ജ്വലമായ സഹോദര ബന്ധത്തിന് അത് തെല്ലുപോലും മങ്ങലേല്‍പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പോലുള്ള വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് വിരുദ്ധ നിലപാടുകളായിരുന്നു. എന്നിട്ടും വളരെ സൗമ്യമായിട്ടല്ലാതെ ഞങ്ങള്‍ വിയോജിപ്പുകള്‍ പങ്കുവെച്ചിരുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. നിശ്ശബ്ദമായിട്ടായിരുന്നു അവന്റെ കൈയയഞ്ഞ സഹായങ്ങളത്രയും. അതേ നിശ്ശബ്ദതയുടെ നിഷ്‌കളങ്കാവരണമണിഞ്ഞാണ് ഇക്കാക്ക പരലോകത്തേക്ക് യാത്രയായതും. മാരകമായ അര്‍ബുദത്തിന് അടിപ്പെട്ടപ്പോഴും പ്രയാസമോ പരവശതയോ പ്രകടിപ്പിച്ചിരുന്നില്ല. വേദനകളത്രയും ശാന്തമായി സഹിക്കുകയായിരുന്നു. അര്‍ധ ബോധാവസ്ഥയിലും ഞങ്ങളുടെ ബാപ്പയെപ്പോലെ മനഃപാഠമാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടാണ് അവന്‍ വേദനയുടെ കഠിനതയെ തരണം ചെയ്തിരുന്നത്. കഴിഞ്ഞ പെരുന്നാള്‍ ദിനത്തിലായിരുന്നു പ്രിയപ്പെട്ട ഇക്കാക്കയുടെ വിയോഗം. അങ്ങനെ ഒരു പെരുന്നാള്‍ ദിനംകൂടി ഞങ്ങള്‍ക്ക് അങ്ങേയറ്റം ദുഃഖമായി.
Comments