Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

രക്ഷാമാര്‍ഗം മോദിസ്തുതിയോ? 

എ.ആര്‍

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികള്‍ നേടിയ അപ്രതീക്ഷിത ഭൂരിപക്ഷവും ഒപ്പം മതേതര പ്രതിപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയും രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചിട്ടുണ്ട്. ബി.ജെ.പിക്കും എന്‍.ഡി.എയിലെ ഘടക കക്ഷികള്‍ക്കും കൂടി 38 ശതമാനം വോട്ട് മാത്രം നേടാന്‍ കഴിഞ്ഞ 16-ാം ലോക്‌സഭയില്‍നിന്ന് വ്യത്യസ്തമായി വോട്ട് ബലത്തിലും സീറ്റെണ്ണത്തിലും ഹിന്ദുത്വ കൂട്ടായ്മക്ക് വ്യക്തമായ മേല്‍ക്കൈ വന്നിരിക്കുന്നു എന്നതാണ് പതിനേഴാം സഭയുടെ പ്രകടമായ പ്രത്യേകത. ലോക്‌സഭയില്‍ പാസ്സായ ബില്ലുകള്‍ രാജ്യസഭയുടെ കടമ്പ കടക്കാന്‍ കഴിയാതിരുന്ന ഒന്നാമൂഴത്തില്‍നിന്ന് ഭിന്നമായി എല്ലാ ബില്ലുകളും രണ്ടു സഭകളും പാസ്സാക്കാന്‍ കഴിയുന്ന സുഖകരമായ ഭൂരിപക്ഷം എന്‍.ഡി.എക്ക് ഉറപ്പാക്കാവുന്ന സാഹചര്യമാണ് നിലവില്‍. മുത്ത്വലാഖ് ബില്ല് നിഷ്പ്രയാസം രാജ്യത്തിന്റെ നിയമമായിത്തീര്‍ന്നത് അപ്രകാരമാണ്. കൂടുതല്‍ പ്രമാദമായ കശ്മീരിന് പ്രത്യേക പദവി ഉറപ്പു നല്‍കുന്ന 370-ാം വകുപ്പ് ഭരണഘടനയില്‍നിന്ന് എടുത്തുകളയുന്നിടത്തും സംഭവിച്ചത് അതുതന്നെ. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ മുന്‍ ലോക്‌സഭയിലേതിനേക്കാള്‍ വര്‍ധിച്ചിട്ടും രണ്ടേ രണ്ട് പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവിയേ പാര്‍ട്ടിക്ക് അനുവദിക്കപ്പെട്ടുള്ളൂ. അസമില്‍ 19 ലക്ഷം പൗരന്മാര്‍ ദേശീയ പൗരത്വ പട്ടികയില്‍നിന്ന് ഒറ്റയടിക്ക് പുറംതള്ളപ്പെട്ടു; അതേ തരത്തിലുള്ള പുറംതള്ളല്‍ ഇതര സംസ്ഥാനങ്ങളിലും താമസിയാതെ നടക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയാണ് ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ. അസമില്‍ പൗരത്വം നിഷേധിക്കപ്പെട്ടവരുടെ പട്ടികയില്‍ അമുസ്‌ലിംകളുടെ പേരുകള്‍ കൂടി ഉള്‍പ്പെട്ടതില്‍ ബന്ധപ്പെട്ടവര്‍ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും മുസ്‌ലിം ഇതരര്‍ക്ക് പൗരത്വം അനുവദിച്ചുകൊണ്ടുള്ള ബില്‍ ഉടന്‍ പാസ്സാക്കുമെന്ന ആശ്വാസ പ്രഖ്യാപനം അവരുടെ ആശങ്കക്ക് അറുതിവരുത്തിയിട്ടുണ്ട്.  പശ്ചിമബംഗാളിലാണ് ഇനിയത്തെ പുറംതള്ളല്‍. അപ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുന്ന പ്രഥമ രാഷ്ട്രമെന്ന ബഹുമതി ഇന്ത്യ നേടിയെടുക്കാന്‍ പോകുന്നു. ഏക സിവില്‍ കോഡും മതപരിവര്‍ത്തന നിരോധവുമാണ് അധികം വൈകാതെ നടപ്പാക്കപ്പെടാന്‍ പോകുന്ന മറ്റു രണ്ട് അജണ്ടകള്‍. ഇപ്പറഞ്ഞതൊക്കെ പാര്‍ലമെന്റ് പാസ്സാക്കിയതോ പാസ്സാക്കാന്‍ പോകുന്നതോ ആയ നിയമങ്ങളാണെങ്കില്‍ പുതിയ നിയമനിര്‍മാണം ആവശ്യമില്ലാത്ത ഒട്ടേറെ നടപടികള്‍ നേരത്തേ ആരംഭിച്ചിട്ടു്, ഇപ്പോഴത് കൂടുതല്‍ ജാഗ്രതയോടെ സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിലാണ് പൊളിച്ചെഴുത്ത് തകൃതിയായി നടക്കുന്നത്. ഹിന്ദി രാഷ്ട്ര ഭാഷയാക്കാനുള്ള നീക്കം ദക്ഷിണേന്ത്യയില്‍ കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയെങ്കിലും സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറിയിട്ടില്ല. മുസ്‌ലിം ചുവയുള്ള സ്ഥലനാമങ്ങള്‍ ഹിന്ദുത്വവത്കരണത്തിന് വഴിമാറുകയാണ്. ചരിത്രത്തില്‍ മുസ്‌ലിം ഭരണാധികാരികളുടേതായി എന്തെല്ലാം സംഭാവനകളുണ്ടോ അവയെല്ലാം തേച്ചുമായ്ക്കപ്പെടുന്ന പ്രക്രിയ ഏറെ വൈകാതെ പൂര്‍ത്തിയാവും. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ നേരെ നഗ്നമായ കൈയേറ്റമാണ് നടക്കുന്നതെങ്കിലും അതിന്റെ കാവല്‍ക്കാരനായ ജുഡീഷ്യറി പോലും ദേശരക്ഷയുടെ പേരില്‍ മറുപക്ഷത്തേക്കാണ് ചായുന്നത്. മാധ്യമങ്ങളാവട്ടെ നേരെത്തേതന്നെ തീവ്രവലതുപക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. രാജ്യസ്‌നേഹത്തിന്റെയും രാജ്യരക്ഷയുടെയും പേരില്‍ എത്ര ഭീകരമായ അത്യാചാരത്തെയും ന്യായീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കാവുന്നു; മാധ്യമങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ചരിത്രത്തില്‍ കഴിഞ്ഞുപോയ എല്ലാ ഫാഷിസ്റ്റ് ഭരണകൂടങ്ങളെയും പോലെ പേടിയാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെയും വജ്രായുധം.  ജയ്ശ്രീറാം വിളിക്കാത്ത അഹിന്ദുക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ പെരുകിക്കൊണ്ടിരിക്കെ, അതവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി മോദിക്ക് തുറന്ന കത്തെഴുതിയ വിഖ്യാത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്സെടുത്തത് പുതിയ ഉദാഹരണം. പൗരസമൂഹം മൊത്തത്തില്‍ ചകിതരാണ്. എതിര്‍ശബ്ദങ്ങളെ അമര്‍ത്താന്‍ യു.എ.പി.എ മാത്രമല്ല, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള നിയമങ്ങളും യഥേഷ്ടം പ്രയോഗിക്കപ്പെടുന്നു. യു.പി.എ സര്‍ക്കാറിലെ ആഭ്യന്തര, ധനകാര്യ വകുപ്പുകളുടെ മന്ത്രിയായിരുന്ന പി. ചിദംബരം തിഹാര്‍ ജയിലില്‍ അഴികളെണ്ണുന്നതും കര്‍ണാടകയിലെ ഓപ്പറേഷന്‍ താമരക്ക് തടസ്സം നിന്ന ഡി. ശിവകുമാറിനെ തടവറയിലെത്തിച്ചതുമാണ് ഒടുവിലത്തെ സംഭവങ്ങള്‍. ഇവരില്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ കൂടിയ ഡിഗ്രിയില്‍ ചെയ്ത കൊലകൊമ്പന്മാര്‍ കാവിപക്ഷത്താണെങ്കില്‍ സുരക്ഷിതരാണ്.
ആര്‍.എസ്.എസ്സിന്റെ ആദ്യകാല മുദ്രാവാക്യം 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' അനുകൂലാന്തരീക്ഷത്തില്‍ ഒരിക്കല്‍ കൂടി അത്യുച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഒരു രാഷ്ട്രം: ഇന്ത്യ, ഒരു ജനത: ഹിന്ദു, ഒരു ഭാഷ: തല്‍ക്കാലം ഹിന്ദി പിന്നീട് സംസ്‌കൃതം.... ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടപ്പോള്‍ ദക്ഷിണേന്ത്യയില്‍ മുന്നണിയിലെ കടു
ത്ത പ്രതിഷേധത്തെത്തുടര്‍ന്ന് അദ്ദേഹം മയപ്പെടുത്തിയെങ്കിലും കാതലായ ഒരു തിരുത്തിനും ആഭ്യന്തരമന്ത്രി തയാറായില്ല. ഇന്ത്യയുടെ ചരിത്രപരമായ മഹത്വത്തിനും സാംസ്‌കാരിക വൈശിഷ്ട്യത്തിനും നിദാനമായ നാനാത്വത്തില്‍ ഏകത്വം അഥവാ വൈവിധ്യവും ബഹുസ്വരതയും പാടേ നിരാകരിച്ച് എല്ലാം തച്ചുടച്ച് ഒരേ മൂശയില്‍ വാര്‍ത്തെടുക്കാനാണ് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നത്. അന്തിമമായി സമഗ്രാധിപത്യം പുലരുന്ന ഒരു ഡീപ്പ് സ്റ്റേറ്റായി ഇന്ത്യയെ മാറ്റിയെടുക്കാനാണ് ശ്രമം. വംശീയതയിലധിഷ്ഠിതമായ തീവ്ര വലതുപക്ഷം ആഗോളതലത്തില്‍ അതിന്റെ വൃത്തികെട്ട തല ഉയര്‍ത്തിക്കൊണ്ടിരിക്കെ, ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയുടെയും ബിന്‍യാമിന്‍ നെതന്യാഹുവിന്റെ ഇസ്രയേലിന്റെയും പ്രത്യക്ഷ പിന്തുണ ഹിന്ദുത്വവാദികള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് കൊമ്പന്‍സ്രാവുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും സാമ്പത്തിക രംഗം അപ്പാടെ അടിയറവെച്ചതിന്റെ ഫലമായി രാജ്യത്ത് സാമ്പത്തികാസമത്വം പാരമ്യതയിലെത്തുന്നു; തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡ് തകര്‍ത്തു മുന്നേറുന്നു, എണ്ണവില കുതിച്ചുയരുന്നതിന്റെ ഫലമായും അല്ലാതെയും അവശ്യ സാധനവില മാനം തൊടുന്നു; വളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ടു പോകുന്നതോടൊപ്പം സാമ്പത്തിക മാന്ദ്യം മൊത്തം സമ്പദ്‌വ്യവസ്ഥയെ നിശ്ചലമാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ഗ്രസിച്ചുകഴിഞ്ഞ ഇത്തരം ജീവല്‍പ്രശ്‌നങ്ങളില്‍നിന്നെല്ലാം ജനശ്രദ്ധ തിരിക്കാന്‍ സംഘ് പരിവാറും സംഘി സര്‍ക്കാറും കണ്ടെത്തിയ ഉപായം അതിവൈകാരിക വര്‍ഗീയ ഇഷ്യൂകള്‍ ഒന്നൊന്നായി കുത്തിപ്പൊക്കി മുസ്‌ലിം ന്യൂനപക്ഷമാണ് രാജ്യം നേരിടുന്ന ഏറ്റവും അപകടകരമായ സുരക്ഷാ പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കുകയാണ്. നാസി ജര്‍മനിയില്‍ ജൂത ന്യൂനപക്ഷത്തിനെതിരെ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പയറ്റിയ അതേ തന്ത്രമാണ് ഇന്ത്യയില്‍ സംഘ് പരിവാറും അപ്പടി പകര്‍ത്തുന്നത്. അന്ന് നാസികളുടെ ഇരകളായിരുന്ന ജൂതന്മാരുടെ രാഷ്ട്രമാണ് ഇന്ന് ഇന്ത്യയില്‍ സംഘ് പരിവാറിന്റെ കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് എന്നതാണ് വിരോധാഭാസം.
സങ്കീര്‍ണവും പ്രയാസകരവുമായ ഈ സാഹചര്യത്തില്‍ മുസ്‌ലിം ന്യൂനപക്ഷം എന്തു ചെയ്യണം, എങ്ങനെ നീങ്ങണം, എങ്ങോട്ട് നീങ്ങണം എന്നുള്ളതാണ് കാതലായ പ്രശ്‌നം. മുസ്‌ലിം മത, സാമുദായിക, രാഷ്ട്രീയ സംഘടനകളെല്ലാം അതേച്ചൊല്ലി അസ്വസ്ഥരും അനിശ്ചിതത്വത്തിന്റെ നീര്‍ച്ചുഴിയില്‍ അകപ്പെട്ടവരുമാണെന്നതാണ് വസ്തുത. അവര്‍ക്ക് ദിശാബോധവും മനോധൈര്യവും പകരാന്‍ ഒരു പൊതുവേദിയോ തത്തുല്യ സംവിധാനമോ ഇല്ലെന്നത് പ്രതിസന്ധിക്ക് ആഴം കൂട്ടുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും മുസ്‌ലിം മജ്‌ലിസെ മുശാവറയും മില്ലി കൗണ്‍സിലുമൊക്കെ നിലവിലുണ്ടെങ്കിലും സമുദായത്തിന്റെ സമഗ്രമായ പ്രാതിനിധ്യമോ ഫലപ്രദമായ കര്‍മപരിപാടികളോ ക്രാന്തദര്‍ശികളായ നേതാക്കളോ ഇല്ലാത്ത കേവലം വഴിപാട് വേദികളാണവയെന്ന് തോന്നിപ്പോകുന്ന വിധത്തിലാണവയുടെ കിടപ്പ്. അതേസമയം ചരിത്രം അതേപടി ആവര്‍ത്തിക്കുന്ന സ്ഥിതിവിശേഷവും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഇന്നേവരെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രക്ഷകരായി ചമഞ്ഞ മതേതരമെന്ന് സ്വയം അവകാശപ്പെട്ട പാര്‍ട്ടികളുടെ ബലക്ഷയവും ഛിദ്രതയും ചാഞ്ചല്യവും നഗ്ന യാഥാര്‍ഥ്യങ്ങളായി മുന്നില്‍ വന്നിരിക്കെ ഇനിയുള്ള കാലത്ത് സംഘ് പരിവാറിനെ ശത്രുക്കളായി കാണാതെ അവരെ അലോസരപ്പെടുത്താതെയും പ്രീതിപ്പെടുത്തിയും സര്‍ക്കാറുകളുടെ നയങ്ങളെ പിന്തുണച്ചും മുന്നോട്ടുപോകുന്നതാണ് രക്ഷാമാര്‍ഗം എന്ന് ചിന്തിക്കുകയാണ് ചില മുസ്‌ലിം മത സംഘടനകളും അവയുടെ നേതാക്കളും. കടുത്ത യാഥാസ്ഥിതികരും പുരോഗമന പ്രസ്ഥാനങ്ങളുടെ കഠിന ശത്രുക്കളുമായ ബറേല്‍വി വിഭാഗമാണ് ആദ്യമായി ആ വഴിയെ നീങ്ങാന്‍ തീരുമാനിച്ചത്. ആര്‍.എസ്.എസ്സിന്റെ മുസ്‌ലിം ചുമതല ഏല്‍പിക്കപ്പെട്ട ഇന്ദ്രേഷ് കുമാറിന്റെ നിരന്തര ശ്രമങ്ങള്‍ സഫലമായതിന്റെ സൂചന കൂടിയാണിത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒന്നാമൂഴത്തില്‍ രൂപീകരിക്കപ്പെട്ട 'ജംഇയ്യത്തുല്‍ മശാഇഖ് വസ്സ്വൂഫിയ്യ' (ശൈഖുമാരുടെയും സൂഫികളുടെയും സംഘം) ഈ ദിശയിലുള്ള പ്രഥമ കാല്‍വെപ്പാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള യാഥാസ്ഥിതിക മത നേതാക്കള്‍ അംഗങ്ങളായ ഈ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടത് സലഫികള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളാണ്. സലഫി ഭീകര സംഘടനയെന്ന് ആ
രോപിക്കപ്പെടുന്ന ഐ.എസ്.ഐ.എസ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചെടുത്ത അവസരം കൂടിയായിരുന്നു അത്. ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലടക്കം ഈ കൂട്ടായ്മക്ക് മുന്തിയ പരിഗണന ലഭിച്ചതാണ് ഉടനടിയുള്ള ഫലം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന എക്കാലത്തെയും സാമ്രാജ്യത്വ കുതന്ത്രമാണ് സംഘി ഭരണകൂടവും പിന്തുടരുന്നതെന്നോര്‍ക്കുക. ഒരുവശത്ത് ഹിന്ദു-മുസ്‌ലിം ധ്രുവീകരണം, മറുവശത്ത് മുസ്‌ലിംകളില്‍ തന്നെ ശീഈ-സുന്നി, ബറേല്‍വി-ദയൂബന്ദി-സലഫി ഭിന്നതകളെ പരമാവധി ഇന്ധനം പകര്‍ന്നു കത്തിക്കുന്നതിലാണ് സംഘ് പരിവാര്‍ വ്യാപൃതമായിരിക്കുന്നത്. ബാബരി മസ്ജിദ് അന്തിമമായി സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ ശീഈ വഖ്ഫ് ബോര്‍ഡിനെ ഉപയോഗിച്ച് യു.പി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ നാം കണ്ടു. സുന്നി വഖ്ഫ് സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ബാബരി മസ്ജിദ് പൂര്‍ണമായി കൈയൊഴിഞ്ഞുകൊണ്ടുള്ള 'ഒത്തുതീര്‍പ്പി'ന് ശീഈ വഖ്ഫ് ബോര്‍ഡ് രംഗത്തു വന്നപ്പോള്‍ കുതന്ത്രം മറനീക്കുകയായിരുന്നു. അതിനിടെ ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായുടെ പ്രശസ്ത കലാലയമായ ദാറുല്‍ ഉലൂമിലെ ദഅ്‌വാ വിഭാഗം തലവന്‍ സമാദരണീയനായ സയ്യിദ് സല്‍മാന്‍ നദ്‌വി ബാബരി മസ്ജിദ് വിട്ടുകൊടുക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയറിയിച്ചതും വാര്‍ത്തയായി.
ഇപ്പോഴിതാ സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിലയുറപ്പിച്ചിരുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, കോണ്‍ഗ്രസ്സിന്റെ പതന പശ്ചാത്തലത്തില്‍ ബി.ജെ.പിയോടടുക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ബറേല്‍വികളുടെ പരമ്പരാഗത പ്രതിയോഗികളായ ദയൂബന്ദികളുടെ സംഘടനയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗ് മുസ്‌ലിംകള്‍ സാമുദായികമായി സംഘടിക്കുകയും ഒടുവില്‍ ദ്വിരാഷ്ട്രവാദമുയര്‍ത്തുകയും ചെയ്തപ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത് ഹിന്ദു-മുസ്‌ലിം പൊതു ദേശീയതക്കു (മുത്തഹിദ ഖൗമിയ്യത്ത്) വേണ്ടി ശക്തമായി വാദിച്ചുകൊണ്ടാണ് 1938-ല്‍ ഹുസൈന്‍ അഹ്മദ് മദനി രംഗത്തു വന്നിരുന്നത്. നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവിയിലിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് ജംഇയ്യത്തിനോടും മദനിയോടുമാണ് ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. പക്ഷേ ആസാദിന്റെയും മദനിയുടെയും പൊതു ദേശീയതാ വാദത്തെ ഫലത്തില്‍ പരാജയപ്പെടുത്തിക്കൊ് ദ്വിരാഷ്ട്രവാദവും രാഷ്ട്ര വിഭജനവും യാഥാര്‍ഥ്യമായതില്‍ പിന്നെ, ജംഇയ്യത്ത് സ്വതന്ത്ര ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന സങ്കല്‍പത്തോടൊപ്പം നിന്നു. ഹുസൈന്‍ അഹ്മദ് മദനിയുടെ പുത്രന്‍ അസ്അദ് മദനി സംഘടനയുടെ സുപ്രീമോ ആയി ദീര്‍ഘകാലം തുടരവെ രാജ്യസഭാ മെമ്പറാക്കി കോണ്‍ഗ്രസ് അദ്ദേഹത്തിന് പ്രത്യേക പരിഗണനയും നല്‍കി. ബോംബെ, കല്‍ക്കത്ത, മുറാദാബാദ്, റൂര്‍ക്കലെ തുടങ്ങിയ നഗരങ്ങളിലെ ഭീകര വര്‍ഗീയ കലാപങ്ങള്‍ മുസ്‌ലിം ന്യൂനപക്ഷത്തെ ചകിതരും ആശങ്കാകുലരുമാക്കിയപ്പോള്‍ 1964-ല്‍ മുസ്‌ലിം സംഘടനകള്‍ ദേശീയതലത്തില്‍ ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായില്‍ സമ്മേളിച്ച് ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ രൂപവത്കരിക്കുകയുണ്ടായി. സുസമ്മതനായ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി അധ്യക്ഷനായ ഈ പൊതുവേദിയോട് പ്രമുഖ ദേശീയ മുസ്‌ലിം നേതാവും നെഹ്‌റു മന്ത്രിസഭയില്‍ മുന്‍ അംഗവുമായിരുന്ന ഡോ. സയ്യിദ് മഹ്മൂദ് എം.പി, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് തുടങ്ങിയവരെല്ലാം സഹകരിച്ചപ്പോഴും, അസ്അദ് മദനിയുടെ നേതൃത്വത്തില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വിട്ടുനില്‍ക്കുകയും നിസ്സഹകരിക്കുകയുമായിരുന്നു. ഈ നിലപാടിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്ന മുഫ്തി അതീഖുര്‍റഹ്മാന്‍ ഉസ്മാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജംഇയ്യത്തില്‍നിന്ന് വേറിട്ടുപോകാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഇതായിരുന്നു. അസ്അദ് മദനിക്കു ശേഷം അദ്ദേഹത്തിന്റെ സഹോദരനായ അര്‍ശദ് മദനിയും മകനായ മഹ്മൂദ് മദനിയും നേതൃത്വം നല്‍കിയ ജംഇയ്യത്ത് ഔദ്യോഗിക വിഭാഗം സമീപകാലത്ത് പിളര്‍ന്നു രണ്ടു ഗ്രൂപ്പുകളായി മാറി. പിളര്‍പ്പിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ദയൂബന്ദിലെ ദാറുല്‍ ഉലൂം എന്ന വിഖ്യാത ഉന്നത പഠന കേന്ദ്രമാണ്. ഇതിനിടെയാണ് ഹിന്ദുത്വ സര്‍ക്കാറുമായി ബന്ധം സ്ഥാപിക്കാന്‍ ഇരു വിഭാഗങ്ങളും ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ആര്‍.എസ്.എസ് സര്‍സംഘ്ചാലക് സാക്ഷാല്‍ മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയ അര്‍ശദ് മദനി 'ഹിന്ദുരാഷ്ട്രം' ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍.എസ്.എസ് മൃദുസമീപനം സ്വീകരിക്കുമെന്ന പ്രത്യാശയാണ് പ്രകടിപ്പിച്ചത്! ഒട്ടും വൈകിയില്ല മോഹന്‍ ഭഗവത് ആര്‍.എസ്.എസ്സിന്റെ സ്ഥാപക ദിനത്തില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെയാണെന്ന് പ്രഖ്യാപിക്കാന്‍. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ ചെന്നു കണ്ട മഹ്മൂദ് മദനിയുടെ ജംഇയ്യത്ത് ഗ്രൂപ്പും അഖിലേന്ത്യാ അഹ്‌ലെ ഹദീസ് സംഘവും 'ഈ സര്‍ക്കാറുമായി നിരവധി വിഷയങ്ങളില്‍ തങ്ങള്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും രാജ്യത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ തങ്ങള്‍ രാജ്യത്തോടൊപ്പം തന്നെയാകുമെ'ന്നാണ് പ്രതികരിച്ചത്. പൗരത്വ പട്ടിക, ജമ്മു-കശ്മീര്‍, യു.എ.പി.എ പ്രശ്‌നങ്ങളിലെ അമിത് ഷായുടെ വിശദീകരണങ്ങളില്‍ അവര്‍ തൃപ്തരായ പ്രതീതിയാണ് മാധ്യമങ്ങളിലൂടെ പ്രകടമായത്. എന്നാല്‍ ഒക്‌ടോബര്‍ ഒന്നിന് അമിത് ഷാ കൊല്‍ക്കത്തയില്‍ ചെയ്ത പ്രസംഗത്തില്‍ മുസ്‌ലിം കുടിയേറിപ്പാര്‍പ്പുകാരെ പുറംതള്ളുമെന്ന് അര്‍ഥശങ്കക്കിടം നല്‍കാതെ പ്രഖ്യാപിച്ചതോടെ മഹ്മൂദ് മദനിക്ക് ശക്തമായി അതിനെ അപലപിക്കേിവന്നു. ജംഇയ്യത്തുല്‍ ഉലമായുടെ പ്രാദേശിക നേതാവ് കൂടിയായ അസമിലെ എ.ഐ.യു.ഡി.എഫ് സുപ്രീമോ ബദ്‌റുദ്ദീന്‍ അജ്മല്‍ അത്യന്തം സ്‌തോഭജനകമായ അസം മുസ്‌ലിംകളുടെ പൗരത്വ പ്രശ്‌നത്തില്‍ അര്‍ഥഗര്‍ഭമായ മൗനം ഭജിക്കുന്നതും ഇതോട് കൂട്ടിവായിക്കണം.
പുതിയ സംഭവവികാസങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന പ്രവണതകള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത ആശയക്കുഴപ്പവും അനിശ്ചിതത്വവും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ പിടികൂടിയിരിക്കുന്നു എന്നുതന്നെ ധരിക്കേണ്ടിവരുന്നു. ഒരുവശത്ത് പേടിപ്പിച്ചും ഭിന്നിപ്പിച്ചും മുസ്‌ലിം നേതാക്കളെയും സംഘടനകളെയും വരുതിയിലാക്കുന്നതോടൊപ്പം മറുഭാഗത്ത് പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും അവരുടെ നേതാക്കളെയും പ്രമുഖരെയും കൂടെ നിര്‍ത്താനുള്ള ദ്വിമുഖ കുതന്ത്ര ശ്രമങ്ങളാണ് സംഘ് പരിവാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. അഭൂതപൂര്‍വമായ പ്രതിസന്ധിയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് മനോവീര്യം പകര്‍ന്ന് അവരെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന സങ്കല്‍പത്തോടൊപ്പം നിലനിര്‍ത്താന്‍ സെക്യുലര്‍ പാര്‍ട്ടികളോ മതേതര കൂട്ടായ്മകളോ രംഗത്തില്ലെന്നത് സംഘ് പരിവാറിന്റെ നീക്കങ്ങളെ സുഗമമാക്കുകയും ചെയ്യുന്നു. സ്ഥിതിഗതികള്‍ എത്രതന്നെ സങ്കീര്‍ണവും പ്രത്യക്ഷത്തില്‍ രക്ഷാമാര്‍ഗം എത്ര തന്നെ മേഘാവൃതവുമാണെങ്കിലും രോഷമോ നൈരാശ്യമോ ഒന്നിനും പരിഹാരമല്ല എന്ന് സമുദായം തിരിച്ചറിയുക തന്നെ വേണം. ഇന്ത്യാ രാജ്യത്ത് പിറന്ന ഓരോ പൗരനും സ്വതന്ത്രമായും നിര്‍ഭയമായും ഈ നാട്ടില്‍ ജീവിക്കാനും സ്വന്തം ഭാഗധേയം കെട്ടിപ്പടുക്കാനും അവസരം ലഭിക്കേണ്ടത് അയാളുടെ ജന്മാവകാശമാണ്. ഒരു ശക്തിക്കും അത് നിഷേധിക്കാനാവില്ല. സ്വയംകൃതാനര്‍ഥങ്ങളും ദീര്‍ഘദൃഷ്ടിയില്ലായ്മയും ലക്ഷ്യബോധത്തിന്റെ അഭാവവും മൂലം വന്നുവശായ ദുരവസ്ഥ തെറ്റുതിരുത്തിക്കൊണ്ടു മാത്രമേ ഇല്ലാതാവൂ. ഭാഗ്യവശാല്‍ ആത്മവിശ്വാസവും വിവേകവും കളഞ്ഞുകുളിച്ചിട്ടില്ലാത്ത പക്വമതികള്‍ക്ക് സമൂഹത്തില്‍ വംശനാശം സംഭവിച്ചിട്ടില്ല. ജാതിമതകക്ഷിഭേദമന്യേ മാനവികതയിലും ബഹുസ്വരതയിലും സമാധാനപരമായ സഹവര്‍ത്തിത്വത്തിലും വിശ്വസിക്കുന്ന സുമനസ്സുകള്‍ തടസ്സങ്ങള്‍ തട്ടിമാറ്റി ധീരമായി മുന്നോട്ടുവന്നാല്‍ കാളരാത്രി അവസാനിക്കും, സുപ്രഭാതം പുലരുക തന്നെ ചെയ്യും.

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌