Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

ധന്യാക്ഷരജീവിതം രേഖീയമാകുമ്പോള്‍

പി.ടി കുഞ്ഞാലി

ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്ക് ആയുന്ന ഒരു സ്‌നിഗ്ധകാലം. അന്ന് വീടുകളില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോ ആര്‍ഭാടമായിരുന്നു. ഒരു നാള്‍ രാവിലെ അയല്‍വീട്ടിലെ തേവര്‍മണ്ണില്‍ മമ്മദ് ഓടിക്കിതച്ച് വീട്ടിലേക്ക് വന്നു; ''പീടീ ആ 'റേഡിയം' ഒന്ന് തുറക്ക്. അതില്‍ നമ്മുടെ ഒടുങ്ങാട്ടെ കുട്ടീന്റെ പ്രസംഗണ്ടോലെ.'' വാപ്പ പെട്ടെന്ന് ട്രാന്‍സിസ്റ്റര്‍ റേഡിയോ മയത്തില്‍ അരുമയായി തലോടി തുറന്നു. അന്ന് ആകാശവാണി പരിപാടികളിലെ പ്രധാന ഇനമായിരുന്നു 'വാര്‍ത്താതരംഗിണി.' നഗരങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങളില്‍ ശ്രദ്ധേയമായത് പ്രക്ഷേപണം ചെയ്യുന്ന പരിപാടി. നഗരവിസ്തൃതിയില്‍ നടക്കുന്ന പ്രധാന പ്രഭാഷണങ്ങളൊക്കെ അങ്ങനെയാണ് സാമാന്യജനം കേട്ടറിയുക. ഒടുങ്ങാട്ടെ കുട്ടി ആരാണെന്ന് അന്നെനിക്കറിയാമായിരുന്നില്ലെങ്കിലും എന്റെ നാട്ടിലെ ഒ. അബ്ദുര്‍റഹ്മാനെന്ന യുവപ്രഭാഷകനെ അറിയാമായിരുന്നു. റേഡിയോവിന്റെ മുന്നില്‍ സാകൂതം ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ എന്‍.പി മുഹമ്മദ്, മങ്കട അബ്ദുല്‍ അസീസ് മൗലവി, പി.എന്‍.എം കോയട്ടി തുടങ്ങിയ മോഡേണ്‍ എയ്ജ് സംഘത്തിന്റെ ശരീഅത്ത് വിമര്‍ശന പ്രഭാഷണങ്ങളായിരുന്നു അന്ന് 'വാര്‍ത്താതരംഗിണി'യില്‍. റേഡിയോ പെട്ടിക്കു മുന്നില്‍ വട്ടംപിടിച്ചു നില്‍ക്കുന്ന വാപ്പയും സുഹൃത്തുക്കളും. പൊടുന്നനെ വാക്കുകള്‍ കൊണ്ട് കടുകു വറുക്കുന്ന ഒരു വേഗസൗന്ദര്യം. അന്ന് ആ റേഡിയോ അടുക്കടുക്കായി പ്രക്ഷേപിച്ച വാക്പ്രവാഹം ഒരു ഇന്ദ്രജാലവിസ്മയം പോലെ ഇന്നും ഓര്‍മകളെ വിഭ്രമിപ്പിക്കുന്നു. ഈ പ്രഭാഷണം ഒടുങ്ങാട്ടെ കുട്ടിയുടേതായിരുന്നു. പിന്നീട് കേരളം കണ്ടത് കെ.സി അബ്ദുല്ല മൗലവിയുടെ ഈ മാനസപുത്രന്റെ വലിയ വളര്‍ച്ച. ഈ വികാസം താന്‍ അരുമയായി മനസ്സില്‍ നിവേദിച്ച ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വികാസം കൂടിയായിരുന്നു. ഈ വളര്‍ച്ചയുടെ കഥയാണ് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഒ. അബ്ദുര്‍റഹ്മാന്റെ ആത്മകഥയായ 'ജീവിതാക്ഷരങ്ങള്‍'.
കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ താന്‍ അനുഭവിച്ച ബാല്യകൗമാര സ്മൃതികള്‍ ഖനിച്ചെടുത്താണ് അബ്ദുര്‍റഹ്മാന്‍ ആത്മകഥ സമാരംഭിക്കുന്നത്.  സാമാന്യം ദരിദ്രമായിരുന്നു ആ ബാല്യകാലം. ഗ്രാമത്തിന്റെ എലിമെന്ററി സ്‌കൂളില്‍ അഞ്ചാംതരം ജയിച്ച് മേല്‍പഠിപ്പിന് രാശി കാണാതെ ഉഴറി നടക്കുന്ന കാലം. കാത്തുവെച്ച ഏതോ സ്‌നിഗ്ധ നിയോഗം പോലെ ഈ ഗ്രാമനിസ്വതയില്‍ ഒരു മഹാസ്ഥാപനത്തിന് ഇസ്‌ലാമിക പ്രസ്ഥാനം ഉത്സാഹത്തോടെ നെടുമ്പുര കെട്ടുന്നു. ഹാജി സാഹിബിന്റെ വത്സല സഹചാരിയും പണ്ഡിതനുമായ കെ.സി അബ്ദുല്ല മൗലവിയുടെ കാര്‍മികത്വത്തിലും മുന്‍കൈയിലും നാട്ടുകൂട്ടം ഗ്രാമത്തില്‍ സ്ഥാപിച്ച അവരുടെ ആത്മവിദ്യാലയമായിരുന്നു അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ. ഇത് 1952-ല്‍. 1954-ല്‍ ഒടുങ്ങാട്ട് മോയിന്‍ മകന്‍ അബ്ദുര്‍റഹ്മാന്‍ ഈ ആത്മവിദ്യാലയത്തിലെ മുതഅല്ലിമായി. ഗണിതവും മാനവിക വിഷയങ്ങളും ഇംഗ്ലീഷും ഉര്‍ദുവും ഒപ്പം ഇസ്‌ലാമിക പാഠങ്ങളും ഗഹനതയില്‍ പഠിച്ചറിയാന്‍ അന്നാ ബാലന് സാധിതമായിരുന്നു. ശൂലം പോലെ കൂര്‍ത്ത ആ ധിഷണ ജ്ഞാനംപൂശി വജ്രസമാനം ഗാഢതയാര്‍ന്നു. പിന്നീട് മേല്‍പഠിപ്പിന് ശാന്തപുരത്ത്. ശാന്തപുരം അടവെച്ചുവിരിയിച്ച കിളിക്കിടാങ്ങളാണ് കാലംകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിതക്കും കതിരിനും കാവലിരുന്നത്. ചേന്ദമംഗല്ലൂരും ശാന്തപുരവും; ഈ രണ്ട് കളരിയില്‍ അടവുകള്‍ തികച്ച് അബ്ദുര്‍റഹ്മാന്‍ ഊനം തീര്‍ന്ന പടക്കുറുപ്പായി. ഇത് 1964-ല്‍. മുത്തഫര്‍രിദും അജ്‌നാസും വിദൂരതയിലെവിടെയോ കണ്ടവര്‍ പോലും പള്ളിക്കൂടങ്ങളില്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ അറബി അധ്യാപകരാവും കാലം. മിന്നുന്ന കുപ്പായവും തടിച്ച കീശയുമായി അവരൊക്കെയും സമൂഹമധ്യത്തില്‍ കുലീനരാവും കാലം. അബ്ദുര്‍റഹ്മാന്‍ പക്ഷേ ഇത്തരം ഊടുവഴി സഞ്ചാരങ്ങള്‍ക്കൊന്നും ശ്രമിച്ചതേയില്ല. ഈ യുവാവിന് കേരളത്തില്‍ ഒരു മഹാനിയോഗമുണ്ടായിരുന്നു. 
എന്നും പിതൃനിര്‍വിശേഷമാര്‍ന്ന കരുതലും കരുണയും തന്നോടു  കാണിച്ച ജമാഅത്തെ ഇസ്‌ലാമി അമീര്‍ കെ.സി അബ്ദുല്ല മൗലവി ഒരുനാള്‍ ഈ ഇരുപതുകാരന്റെ കൈയും പിടിച്ച് കയറിപ്പോയത് പ്രബോധനം ആസ്ഥാനത്തേക്ക്. വ്യാകരണപ്പിശക് ചുരത്താതെ വെണ്മയാര്‍ന്ന മാനകഭാഷയില്‍ അഭിജാതബോധത്തോടെ ഇസ്‌ലാമിനെപ്രതി സംസാരിക്കുന്ന കേരളത്തിലെ ഒരേയൊരു പ്രസാധക സംരംഭമാണ് അന്ന് പ്രബോധനം. ധിഷണാശാലിയായ ടി. മുഹമ്മദും സൈദ്ധാന്തികനായ ടി.കെ. അബ്ദുല്ലയും അണയും അമരവും നയിച്ച പ്രബോധനത്തിലേക്ക് അബ്ദുര്‍റഹ്മാന്‍ കൂടി ചെന്നുചേര്‍ന്നതോടെ പ്രബോധനത്തിന്റെ പള്ളിയോടം സമുദായത്തിന്റെ കായല്‍പ്പരപ്പില്‍ അരയന്നം പോലെ പുളച്ചുനീന്തി. പ്രതിപക്ഷപത്രം വാരികയായി. സംബോധനകള്‍ കൂടുതല്‍ സംവാദാത്മകമായി. തന്റെ ഇരുപതാമത്തെ വയസ്സില്‍ തുടങ്ങിയ ഈ പ്രബോധന ബന്ധം അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഇന്നും അതേ ഊഷ്മളതയോടെ തുടരുന്നതായി അബ്ദുര്‍റഹ്മാന്‍ അനുസ്മരിക്കുന്നത് വായിക്കുമ്പോള്‍ എന്തുമാത്രം ഗ്രഹണകാലങ്ങളെ മുഖാമുഖം നോക്കിയും അമാവാസികളെ വകഞ്ഞുമാണ് പ്രബോധനം ഇന്നെത്തിനില്‍ക്കുന്ന സാംസ്‌കാരിക ചക്രവാളമെന്നത് അഭിമാനത്തോടെ നാമറിയുന്നു.
ഇതിനിടയില്‍ എട്ടാണ്ട് മാത്രം നീണ്ട ഒരു പ്രവാസം. പഠനവും തൊഴിലുമായി ഇരമ്പിമറിഞ്ഞ അക്കാലങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നാനാതരം നിര്‍വഹണങ്ങളില്‍ മുഴുകിനിന്ന പ്രവാസത്തിന്റെ ദീപ്തകാലം അദ്ദേഹം പുസ്തകത്തില്‍ അനുസ്മരിക്കുന്നു. ഒപ്പം, താന്‍ പ്രവാസജീവിതത്തില്‍  ഇടപെട്ട നാനാതരം പൊതുപ്രശ്‌നങ്ങളും. ഇതില്‍  ആത്മകഥാകാരന്‍ പറയുന്ന ചില സംഭവങ്ങളെങ്കിലും ഒരു സമുദായമെന്നതില്‍ നാം ലജ്ജിക്കേണ്ടതു തന്നെയാണ്. കൊളോണിയല്‍വിരുദ്ധ ദേശീയ പ്രസ്ഥാനത്തിലേക്ക് സര്‍വതും സമര്‍പ്പിച്ച ഒരു സമൂഹം ഏറ്റുവാങ്ങിയ പെരുംദുരിതങ്ങള്‍ക്ക് ശമനംതേടി  മഹാസമുദ്രത്തിലെ തിരക്കുന്നുകള്‍ താണ്ടി അറേബ്യന്‍ മണ്ണിലെത്തിയ വിശ്വാസികള്‍ സംഘടനാ പ്രമാണിത്വത്തിനായി പരസ്പരം  കടിച്ചും കലമ്പിയും സ്വയം പരിഹാസ്യരായ നിരവധി കഥകള്‍. എണ്‍പതുകളോടെ പ്രവാസം നിര്‍ത്തിയ അബ്ദുര്‍റഹ്മാന്‍, തന്നെ താനാക്കിയ മഹത്തായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചുമതലക്കാരനായി. മികച്ച അധ്യാപകനും സ്ഥാപന സാരഥിയുമായിരുന്നു അബ്ദുര്‍റഹ്മാന്‍, 1987-ല്‍ മാധ്യമം ദിനപത്രം പ്രസാധിതമാകുന്നതുവരെ.
അബ്ദുര്‍റഹ്മാന്റെ ജീവിതത്തിലെ നിര്‍ണായക നിയോഗമാണ് ദിനപത്ര പ്രസാധനം. കേരളത്തിലെ മുഖ്യധാരാ  പത്രപ്രവര്‍ത്തനത്തില്‍ മുസ്‌ലിം സമുദായത്തിന് ഒരു ഓഹരിയുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഒന്നു രണ്ടെണ്ണമാകട്ടെ ഒരു ഉത്തമ സമുദായത്തിന്റെ ആത്മബോധത്തെ ഒട്ടുമേ തൃപ്തിപ്പെടുത്താത്തതും. അതുകൊണ്ടുതന്നെ ആര്‍ക്കും തരാതരം പോലെ കയറിനിരങ്ങാവുന്ന ഒരു ദൈന്യസമൂഹമായി മുസ്‌ലിംകള്‍ കേരളത്തില്‍ കൂനിനിന്നു, പ്രതിരോധിക്കാനാരുമില്ലാതെ. തീര്‍ച്ചയായും കേരളീയ മുസ്‌ലിം സമൂഹത്തിലെ സര്‍ഗാത്മക സംഘമെന്ന നിലയില്‍ ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടത് ഇസ്‌ലാമിക പ്രസ്ഥാനം തന്നെയായിരുന്നു. കെ.സി യുടെ മേല്‍നോട്ടത്തില്‍ സിദ്ദിഖ് ഹസനും വി.കെ ഹംസയും സാഹസം ഏറ്റെടുത്തപ്പോള്‍ അബ്ദുര്‍റഹ്മാനും ഒപ്പം നിന്നു. ഇന്ന് മലയാളികള്‍ എവിടെയുണ്ടോ അവിടെയൊക്കെ മാധ്യമമുണ്ട്. ആ ഒരു വിതാനത്തിലേക്ക് പ്രസാധനത്തില്‍ ആദ്യംതൊട്ടേ അത്യന്തം കരുതലോടെയുള്ള ഒരു മേല്‍നോട്ടം അബ്ദുര്‍റഹ്മാന്റേതു തന്നെയാണ്.  പ്രതിസന്ധിയുടെ ഏതു കൊടുങ്കാറ്റിലും ഉലയാതെയും അമരാതെയും, എന്നാല്‍ നിലപാടുകളില്‍ വീഴ്ച പറ്റാതെയും പുതിയ തട്ടുകളിലേക്കും പ്രതലങ്ങളിലേക്കും ധീരമായി പ്രസാധനത്തെ നയിക്കാന്‍ നടത്തിയ ശ്രമങ്ങളും അതില്‍ ഏറ്റുവാങ്ങിയ വിഘ്‌നങ്ങളും ആത്മകഥയിലുണ്ട്. ഒരര്‍ഥത്തില്‍ ഈ ആത്മകഥ പ്രസ്ഥാനത്തിന്റെ പ്രസാധന ചരിത്രം കൂടിയാണ്, ഒപ്പം എത്ര സാഹസപ്പെട്ടാണ്  ഇങ്ങനെയൊരു സന്നാഹം സമാഹരിച്ചതെന്ന കിതപ്പാര്‍ന്ന സ്മൃതിയും.
ഇതുപോലെത്തന്നെയാണ് മീഡിയാവണ്ണിന്റെ സംഘാടന സംഘര്‍ഷങ്ങളും. ഈ രണ്ട് മാധ്യമ മണ്ഡലവും തീര്‍ത്തും നിഷ്പക്ഷവും സത്യസന്ധവുമായിരിക്കണമെന്ന പ്രസ്ഥാനത്തിന്റെ തീര്‍പ്പ് പ്രയോഗത്തിലാക്കാന്‍ മുന്നില്‍ നിന്ന ഒരാള്‍ അനുഭവിച്ച സംത്രാസങ്ങളില്‍  ചിലതൊക്കെ പുസ്തകത്തിലുണ്ട്. ഒരു മീഡിയാ സന്നാഹം എങ്ങനെയാണ് പൊതുമണ്ഡലത്തില്‍ ഇടപാടുകള്‍ നിര്‍വഹിക്കേണ്ടത് എന്ന് സാമുദായിക പ്രസാധകസംഘങ്ങള്‍ മനസ്സിലാക്കിയത്  മാധ്യമത്തിലൂടെയും മീഡിയാവണ്ണിലൂടെയുമാണ്. ഇതിന്റെ ആസൂത്രണ വിദഗ്ധന്‍ ഒ. അബ്ദുര്‍റഹ്മാന്‍ തന്നെയാണ്. ആ അനുഭവങ്ങളാണ് നാലും അഞ്ചും അധ്യായങ്ങളില്‍. തുടര്‍ന്നുള്ള ഏതാനും പര്‍വങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് മതരാഷ്ട്രീയ പൊതുമണ്ഡലങ്ങളില്‍ നടത്തേണ്ടിവന്ന പടയോട്ടങ്ങളുടെ മനോഹരമായ വാങ്മയങ്ങളാണ്.   
മൂന്നും നാലും മണിക്കൂറുകള്‍ നീണ്ട തന്റെ നിരവധി ഖണ്ഡന പ്രഭാഷണാനുഭവങ്ങള്‍ പുസ്തകത്തിലുണ്ട്. ഒപ്പം തന്നെ 'സമസ്ത' പണ്ഡിതന്മാരുമായി നടത്തിയ സംവാദങ്ങളും. ഇതില്‍ സ്വന്തം ഗുരുവര്യന്‍ കൂടിയായ അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവിക്കെതിരെ നടത്തിയ വിമര്‍ശന പ്രഭാഷണം സരസമായ വായനാനുഭവമാണ്. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിലെ ഇരുണ്ട  മറുപുറം അബ്ദുര്‍റഹ്മാന്‍ ഖനിച്ചെടുക്കുന്നത് അത്തരം ഇടനാഴികകളില്‍ കൂടി അദ്ദേഹം നടത്തിയ നേര്‍സഞ്ചാരത്തിന്റെ അകമ്പടിയിലാണ്. ഇതില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ നിരവധി പിളര്‍പ്പുകളും സമാഗമങ്ങളും അതിലെ ഉദ്വേഗം മുറ്റിയ പ്രതിസന്ധികളും കാണാം. ഒപ്പം പാര്‍ട്ടിയിലേക്കുള്ള സേട്ട്‌സാഹിബിന്റെ പുനഃപ്രവേശം എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്ന സത്യവും മിഴിവോടെ പുസ്തകത്തില്‍ വായിക്കാനാവുന്നു. 
മതേതര തീവ്രവാദികളും യുക്തിവാദികളും ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ  ക്രൗഞ്ചവ്യൂഹം ചമച്ച് പടക്കിറങ്ങിയെങ്കിലും പോരുഭൂമിയില്‍ ഞാണുമുറിഞ്ഞും ഗദയൊടിഞ്ഞും ചിതറിത്തെറിച്ച് അവര്‍ പരക്കം പാഞ്ഞതും നാം നേരില്‍ കണ്ടതാണ്. ഇവരൊക്കെ ഇന്ന് ഏതോ ചാളക്കു പിറകില്‍ നിന്ന് മോങ്ങുകയല്ലാതെ  ഇസ്‌ലാമിക പ്രസ്ഥാനം അത്തരം മനുഷ്യവിരോധികളുടെ ദുര്‍ബല വിഘ്‌നങ്ങളൊക്കെയും വകഞ്ഞ് സാമൂഹികാംഗീകാരത്തിന്റെ വിസ്തൃത സമതലങ്ങള്‍ പ്രാപിച്ച കഥകള്‍ അബ്ദുര്‍റഹ്മാന്‍ പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ആത്മകഥ ഇസ്‌ലാമിക  പ്രസ്ഥാനത്തിന്റെ വികാസചരിത്രത്തിന്റെ പ്രമാണം കൂടിയാണ്. മുസ്‌ലിം സൗഹൃദവേദിയെപ്രതി സൂക്ഷ്മമായ ചില നിരീക്ഷണങ്ങള്‍ പുസ്തകത്തില്‍ അബ്ദുര്‍റഹ്മാന്‍ ഉന്നയിക്കുന്നത് ഒരേസമയം ആശങ്കയുണര്‍ത്തുന്നതുകൂടിയാണ്. എല്ലാ വിചാരഭേദങ്ങളെയും അഭിവാദ്യം ചെയ്യുന്നതോടൊപ്പം  പൊതുപ്രതിസന്ധികള്‍ നേരിടാന്‍ ഈ സന്നാഹം ഏറക്കുറെ ഉപകരിച്ചെങ്കിലും നമ്മുടെ പണ്ഡിതസമൂഹത്തിന് വൈവിധ്യങ്ങളെ ആശ്ലേഷിച്ചുകൊണ്ട്  ഒത്തുനില്‍ക്കണമെങ്കില്‍  മുതലാളിമാര്‍ ശാസിക്കണമെന്ന ഒരവസ്ഥ പണ്ഡിതസമൂഹത്തിന്റെ ദൈന്യത തന്നെയായി,  ഇതില്‍ ആദിമധ്യാന്തം ഇടപഴകിയ അബ്ദുര്‍റഹ്മാന്‍ ഖേദത്തോടെ പങ്കുവെക്കുന്നു.
മത രാഷ്ട്രീയ സാഹിത്യമേഖലയില്‍ അബ്ദുര്‍റഹ്മാനു വിപുലമായ  ബന്ധങ്ങളാണുള്ളത്. ഇതൊക്കെയും അദ്ദേഹം ഉപകാരപ്പെടുത്തിയത്  പ്രസ്ഥാനത്തിന്റെ വിസ്തൃതമായ വിജയത്തിനു മാത്രമാണ്. മുക്കാല്‍ നൂറ്റാണ്ടിലേക്ക് നീളമാര്‍ന്ന ഒരു ജീവിതം വിവേകമാര്‍ന്നതോടെ നിരന്തരം തുടിച്ചത് താന്‍ ആത്മത്തിലേറ്റുവാങ്ങിയ ഒരാശയധാരയുടെ സമ്പൂര്‍ണമായ സ്ഥാപിതത്വത്തിനുവേണ്ടി മാത്രമായിരുന്നു. അതില്‍ അനുഭവിച്ച തിക്തങ്ങള്‍, ഏറ്റുവാങ്ങിയ വിഘ്‌നപര്‍വങ്ങള്‍, ചാടിക്കടന്ന ഉഷ്ണഭൂമികള്‍, അപ്പോഴും മനസ്സില്‍ സൂക്ഷിച്ച മിഴിവാര്‍ന്ന പ്രാസ്ഥാനിക സ്വപ്‌നങ്ങള്‍. ഇതൊക്കെയും മാരിവില്ലുപോലെ ഇരുനൂറോളം പുറങ്ങളിലേക്ക് വിടരുന്ന ആത്മകഥയില്‍നിന്ന് പൊലിക്കുന്നു.
പുസ്തകം ആസകലം വായിച്ചു തീരുമ്പോള്‍ ഒരു നേര്‍ത്ത ഖേദം അറിയാതെ നമ്മെ പൊതിഞ്ഞുനില്‍ക്കുന്നു; ആത്മകഥ ഇത്തിരികൂടി ഗഹനതയില്‍ ആകാമായിരുന്നു എന്ന ഖേദം. 

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌