വലിയ മാതൃകകള്‍ ബാക്കിവെച്ച് റാശിദ് യാത്രയായി
തനിക്ക് പ്രിയപ്പെട്ടവരെ അല്ലാഹു നേരത്തേ തിരിച്ചുവിളിക്കുമെന്ന് ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തി സജീവ എസ്.ഐ.ഒ പ്രവര്‍ത്തകനും ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയുമായ റാശിദ് വേളം നാഥങ്കലേക്ക് യാത്രയായി. ഹ്രസ്വമായ പത്തൊമ്പത് വര്‍ഷക്കാലത്തെ ജീവിതം കൊണ്ട് ഒരായുഷ്‌കാലത്തിന്റെ നന്മകള്‍ രേഖപ്പെടുത്തിയാണ് അവന്‍ മടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 16-ന് കുറ്റിയാടിക്കടുത്ത് ജാനകിക്കാട് ടൂറിസ്റ്റ് കേന്ദ്രത്തിലെ വെള്ളക്കെട്ടില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.
നാട്ടിലെ ഹൈസ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ റാശിദ് ഉപരിപഠനത്തിനായി ശാന്തപുരം അല്‍ജാമിഅ തെരഞ്ഞെടുക്കുകയായിരുന്നു. ഒരുപാട് ആശങ്കകളോടെ ശാന്തപുരത്ത് പഠനം തുടങ്ങിയ റാശിദിനെ, ആ സ്ഥാപനവും അവിടത്തെ ചുറ്റുപാടും അക്ഷരാര്‍ഥത്തില്‍ വശീകരിച്ചു. ശരാശരി വിദ്യാര്‍ഥിയായി പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ അവന്‍ ശാന്തപുരത്തെ നാലു വര്‍ഷക്കാലം കൊണ്ട് നല്ല വൈജ്ഞാനിക ശേഷിയുള്ള മാതൃകാ വിദ്യാര്‍ഥിയായി മാറി. ലൈബ്രറി ആയിരുന്നു കാമ്പസിലെ അവന്റെ ഇഷ്ട സങ്കേതങ്ങളിലൊന്ന്. ധാരാളം വായിക്കുകയും ഒരുപാട് സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന പ്രകൃതം. സൗമ്യമായി മുന്നില്‍ വന്നു നിന്ന് സ്വതഃസിദ്ധമായ പുഞ്ചിരിയോടെ കാമ്പുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്ന അവനെ അധ്യാപകരും സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ഒരുപോലെ ഓര്‍ക്കുന്നു. നിരന്തരം തുടര്‍ന്ന ആ വായനകളും അന്വേഷണങ്ങളും തന്നെയാണ് കുറഞ്ഞ ഒരു കാലയളവ് കൊണ്ട് ആദര്‍ശഭദ്രതയും വൈജ്ഞാനിക ശേഷിയുമുള്ള ഒരു ഇസ്‌ലാമിക പ്രവര്‍ത്തകനായി അവനെ മാറ്റിയത്. അവന്‍ അവസാനം വായിച്ച് അടയാളം വെച്ചു പോന്ന 'ഫിഖ്ഹുദ്ദഅ്‌വ' പുസ്തകം ആ ലൈബ്രറിയിലിരുന്ന് അവനു വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടാവണം.
ശാന്തപുരത്ത് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് റാശിദ് എസ്.ഐ.ഒ മെമ്പറാവുന്നത്. മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പ് നാട്ടില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റില്‍ എല്ലാറ്റിനും മുമ്പിലുണ്ടായിരുന്നു അവന്‍. ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ പ്രാദേശികമായി സംഘടിപ്പിക്കാന്‍ തിരുമാനിച്ച ചര്‍ച്ചാ പരിപാടിയുടെ കണ്‍വീനര്‍ ആയിരിക്കെയാണ് അവന്‍ നാഥന്റെ വിളിക്കുത്തരം നല്‍കുന്നത്.
സമപ്രായക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മികച്ച മാതൃകയായിരുന്നു റാശിദ്. ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് സ്ഥിരമായി പള്ളിയിലെത്തുക പതിവായിരുന്നു. വീടിനു സമീപത്തെ പള്ളി ഇമാം ഓര്‍ത്തെടുത്തതുപോലെ, നേരത്തേ പള്ളിയിലെത്തുകയും വൈകി പിരിഞ്ഞുപോവുകയും ചെയ്യുന്ന പ്രകൃതം. ശാന്തപുരത്തെ ഒഴിവുദിവസങ്ങളില്‍ നാട്ടിലെത്തുകയും കളിക്കളങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും സജീവമാവുകയും ചെയ്തിരുന്നു.
ആകസ്മികമായി സംഭവിച്ച മകന്റെ വേര്‍പാടില്‍ പ്രയാസമനുഭവിക്കുമ്പോഴും സുകൃതങ്ങളില്‍ മുന്നേറാന്‍ ധൃതി കാണിച്ചിരുന്ന അവനെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് പിതാവ് കുഞ്ഞമ്മദ്. എല്ലാ കാര്യത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന് സദാ ഉപദേശിക്കാറുണ്ടായിരുന്ന മകന്റെ വേര്‍പാടില്‍ വിതുമ്പുമ്പോഴും സഹനത്തിന്റെ മഹാമാതൃകയാവുകയാണ് മാതാവ് നസീമ.
ഇരുലോകത്തും പ്രതിഫലാര്‍ഹമായ കുറേ നന്മകള്‍ ബാക്കിയാക്കിയാണ് റാശിദ് അല്ലാഹുവിലേക്ക് മടങ്ങിയത്. മരണപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കലാണ് കൂടുതല്‍ പുണ്യകരമെന്നു പറഞ്ഞ് ഉമ്മക്ക് അവന്‍ വാങ്ങിക്കൊടുത്ത 'തദബ്ബുറെ ഖുര്‍ആന്‍' മലയാള പരിഭാഷ ഇപ്പോഴും ആ വീട്ടിലുണ്ട്. അങ്ങനെ നാമറിയുന്നതും അറിയാത്തതുമായ അനവധി സുകൃതങ്ങള്‍.
കെ.പി. ആലിക്കുട്ടി ഹാജി
ദീര്‍ഘകാലം സുഊദിയിലെ മറാത്ത് കെ.ഐ ജി പ്രസിഡന്റും പ്രവാസാനന്തരം ചേങ്ങോട്ടൂര്‍ പ്രാദേശിക ജമാഅത്തിന്റെ അമീറുമായിരുന്നു കെ.പി ആലിക്കുട്ടി ഹാജി.
സത്യസന്ധമായ ജീവിതത്തിലൂടെ സൗഹൃദത്തിന്റെ വിശാല പ്രപഞ്ചം തന്നെ സൃഷ്ടിക്കാന്‍ ഹാജിക്ക് സാധിച്ചിരുന്നു. സവിശേഷമായ ജീവിത ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.
26-ാം വയസ്സില്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അംഗമായതിന്റെ പേരില്‍ ജീവിതത്തില്‍ കഠിന പീഡനങ്ങള്‍ ഏറ്റുവാങ്ങി. ബഹിഷ്‌കരണവും ശാരീരിക പീഡനങ്ങളും പുഞ്ചിരിയോടെ നേരിട്ട് പ്രസ്ഥാനമാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുകയും മനസ്സിലാക്കിയ സത്യം സധൈര്യം പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ നിരവധി പേര്‍ അദ്ദേഹം വഴി പ്രസ്ഥാനത്തിന്റെ മധുരം നുകര്‍ന്നു.
പ്രസ്ഥാനം അദ്ദേഹത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമായിരുന്നു. സ്വദേശത്തും വിദേശത്തും മിക്ക ഊടുവഴികളിലൂടെയും പ്രസ്ഥാന സാഹിത്യങ്ങളും പ്രബോധനം വാരികയുമായി പലപ്പോഴും ഏകാകിയായി തന്നെ അദ്ദേഹം യാത്രചെയ്തു. ദീര്‍ഘകാലം പ്രബോധനം ഏജന്റായിരുന്നു. അവസാന ലക്കം പ്രബോധനം വരെ വിതരണം ചെയ്ത ശേഷം പുതിയ വരിക്കാരുടെ ലിസ്റ്റ് മൂത്ത മകന്‍ സ്വലാഹുദ്ദീനെ ഏല്‍പിച്ച ശേഷമാണ് അദ്ദേഹത്തിന്റെ യാത്ര.
ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും വിനയത്തോടെ ഏറ്റെടുക്കാനും ചുമതലാബോധത്തോടെ പൂര്‍ത്തിയാക്കാനും അദ്ദേഹം ശ്രമിച്ചു. മരിക്കുന്ന ദിവസം രാവിലെ മുതല്‍ അദ്ദേഹത്തിന്റെ സംസാരത്തില്‍ പ്രസ്ഥാനം നിറഞ്ഞുനിന്നു. റമദാന്‍ കലക്ഷന്റെ റസിപ്റ്റുകളും സര്‍ക്കുലറുമുള്‍പ്പെടെയുള്ള മെറ്റീരിയലുകള്‍ മേശപ്പുറത്ത് എടുത്തു വെച്ചാണ് ളുഹ്‌റിനു ശേഷം വിശ്രമിക്കാന്‍ കിടന്നത്.
അസ്വ്ര്‍ നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് എത്തും മുമ്പേ വഴിയില്‍ 'പള്ളിയോട് ബന്ധിപ്പിച്ച ഹൃദയവുമായി' അല്ലാഹു അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അന്നേ ദിവസം നടക്കേണ്ടിയിരുന്ന 'റമദാനിന് സ്വാഗതം' പരിപാടിയിലേക്ക് അദ്ദേഹം തന്നെ ക്ഷണിച്ച് വരുത്തിയവര്‍ കാണുന്നത് ആലിക്കുട്ടി ഹാജിയുടെ ജനാസയായിരുന്നു.
മര്‍ഹൂം മൊയ്തു മൗലവി മണ്ണഴി സ്‌കൂളില്‍ നടത്തിയ ഒരു ഖുര്‍ആന്‍ ദര്‍സാണ് ഹാജിയെ പ്രസ്ഥാനത്തോടടുപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഹാജി, പരന്ന വായനയിലൂടെ ഇസ്‌ലാമിനെയും പ്രസ്ഥാനത്തെയും ആധികാരികമായി സമര്‍ഥിക്കാനുള്ള കഴിവ് സ്വായത്തമാക്കി. പ്രദേശത്തെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് മരിക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് 'പരലോകം ഖുര്‍ആനില്‍' എന്ന പുസ്തകം വായിക്കാന്‍ നല്‍കിയതിന്റെ ഫലമായി സ്വന്തം പേരക്കുട്ടികള്‍ക്കെങ്കിലും ദീനീപഠനത്തിനുള്ള സൗകര്യം വേണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നു.
നനവും കനിവുമുള്ള ജീവിതം ഓര്‍മയുടെ അറകളില്‍ ഭദ്രമാക്കിയാണ് അദ്ദേഹം പടിയിറങ്ങിപ്പോയത്.
അക്ഷരങ്ങളുടെ കുളിരും ചെടികളുടെ തളിരുമായിരുന്നു ഹാജിയുടെ പ്രിയ കൂട്ടുകാര്‍. പ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയായി, ജീവിതം വായിച്ചു തീരാത്ത ഒരു പുസ്തകമാണെന്ന നിരന്തര ഓര്‍മപ്പെടുത്തലുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരാളെ കുറിച്ചും നന്മയല്ലാത്തതൊന്നും പറയാതെ, ഒരാളോടും വിരോധമില്ലാതെ, ആര്‍ക്കും നല്ലതല്ലാതെ ഒന്നും പറയാന്‍ ബാക്കിവെക്കാതെയാണ് ഹാജിയുടെ യാത്ര.........!
അദ്ദേഹം മക്കളോട് എപ്പോഴും പറയാറുള്ളത്, 'നമുക്ക് രണ്ട് കുടുംബമുണ്ട്; നമ്മുടെ കുടുംബവും, പ്രസ്ഥാന കുടുംബവും. രണ്ടിനെയും ഒരുപോലെ സനേഹിക്കണം. ഭൂമിയില്‍ അല്ലാഹുവിന്റെ ജീവനക്കാരനാകണം.'
നമസ്‌കാരവും കൃഷിയും ഒരേ തഖ്‌വയോടെയാണ് ചെയ്തിരുന്നത്. മരണത്തിന്റെ ദിവസവും ധാരാളം തൈകള്‍ നട്ടു പിടിപ്പിച്ച ശേഷമാണ് റബ്ബിങ്കലേക്ക് സന്തോഷത്തോടെ യാത്രയാകുന്നത്. പള്ളിയും പ്രസ്ഥാനയോഗങ്ങളും കൃഷിസ്ഥലവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ഇടങ്ങള്‍. പള്ളിയില്‍ കയറിയ ശേഷം കൃഷിയിടത്തേക്ക് പോകാന്‍ അഗ്രഹിച്ചിറങ്ങിയതാണ് അന്നും. അദ്ദേഹം പ്രാര്‍ഥിച്ച പോലെ ഈ പ്രസ്ഥാനത്തിനും കുടുംബത്തിനും വേണ്ടി ഓടി നടക്കുന്നതിനിടെയാണ് അല്ലാഹു സന്തോഷത്തോടെ തിരിച്ചു വിളിച്ചത്.
പകല്‍നേരങ്ങളില്‍ മികച്ച കര്‍ഷകനായി ജീവിക്കുമ്പോഴും രാത്രിയില്‍ തികഞ്ഞ ഭക്ത ജീവിതമായിരുന്നു. മഗ്‌രിബ് മുതല്‍ പാതിരാവോളമുള്ള വായനയും തഹജ്ജുദ് നമസ്‌കാരവും പ്രഭാതത്തിലെ 'തഫ്ഹീം' നോക്കിയുള്ള ഖുര്‍ആന്‍ പാരായണവും റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫും ജീവിതത്തിലെ ഒഴിച്ചുകൂടാത്ത ചര്യയായിരുന്നു..
വിദേശത്ത് ജോലി ചെയ്യുമ്പോള്‍ യൂനിഫോമിന്റെ ആറ് പോക്കറ്റുകളിലും വ്യത്യസ്ത ഭാഷയിലുള്ള ലഘുലേഖകളും കൊച്ചു സാഹിത്യങ്ങളും കൊണ്ട് നടക്കും. കാണുന്ന വരോടെല്ലാം 'ഇതൊന്ന് വായിച്ചുനോക്കൂ...' എന്ന പുഞ്ചിരിയോടെയുള്ള ക്ഷണം നിരസിക്കാന്‍ അധികമാര്‍ക്കും കഴിയില്ല. ആ വിളി ഇസ്‌ലാമിലേക്കുള്ള ക്ഷണമായിരുന്നു. ആ ക്ഷണം സ്വീകരിച്ച് നിരവധിയാളുകള്‍ക്ക് അദ്ദേഹത്തിലൂടെ സന്മാര്‍ഗ വെളിച്ചം ലഭിച്ചു. മറാത്ത്, ഷഖറാ, സര്‍മദ, ഖസബ്, ഹുവൈത്ത തുടങ്ങി മറാത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ വരെ പ്രസ്ഥാന സാഹിത്യങ്ങളുമായി അദ്ദേഹം സഞ്ചരിച്ചിരുന്നു. അറബികള്‍ക്ക് മുത്വവ്വയും മലയാളികള്‍ക്ക് ആദരണീയനായ വഴികാട്ടിയുമായിരുന്നു. മറാത്ത് ജാലിയാത്തിലെ മലയാള വിഭാഗത്തില്‍ അദ്ദേഹത്തിന് പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു. അറബികളായ ഇസ്‌ലാമിക പ്രവര്‍ത്തകരോടൊപ്പം പല സ്ഥലങ്ങളിലും മലയാളികളെ സംഘടിപ്പിച്ച് ക്ലാസുകള്‍ നടത്തി ധാരാളം ആളുകള്‍ക്ക് വെളിച്ചം പകര്‍ന്ന സാത്വികനായിരുന്നു അദ്ദേഹം.
കെ.ഐ. ജി മറാത്ത് സ്ഥാപക പ്രസിഡന്റ്, ചേങ്ങോട്ടൂര്‍ പ്രാദേശിക അമീര്‍, മസ്ജിദ് അലി ഹാഫിസ് സെക്രട്ടറി, ചേങ്ങോട്ടൂര്‍ പലിശരഹിത നിധി ഡയറക്ടര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്.
നാലുവര്‍ഷം മുമ്പ് മരണപ്പെട്ട കുഞ്ഞാദിയ ആയിരുന്നു ഭാര്യ. മക്കള്‍: ആബിദ (ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍), സാബിറ (ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി), സലാഹുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി കോട്ടക്കല്‍ ഏരിയാ സെക്രട്ടറി), ജഅ്ഫര്‍ (രിയാദ്), ശമീം ചൂനൂര്‍ (സോളിഡാരിറ്റി മലപ്പുറം ജില്ലാ സെക്രട്ടറി), സഈദ.
കെ.വി ഫൈസല്‍ കോട്ടക്കല്‍
Comments