Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

ലിബറലിസവും മുസ്‌ലിം പെണ്ണും

പി.കെ ബുഷ്‌റ

എം.ഇ.എസിന്റെ നിഖാബ് നിരോധം വലിയ വിവാദമായിരിക്കുകയാണല്ലോ. ലിബറലിസത്തിന്റെ കൈകള്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കിടയിലേക്ക് വലിഞ്ഞുകയറാന്‍ തുടങ്ങിയിട്ട് നാളേറെയായി. മൂടുപടം അപരിഷ്‌കൃതവും അടിമത്തവുമാണെന്ന ധാരണ വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ ലിബറലുകള്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.
2018-ല്‍ ക്രൈസ്റ്റ് സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന ഫാത്വിമ തസ്‌ലിം, ഹഫ്‌സ പര്‍വീന്‍ എന്നിവര്‍ സ്‌കൂളില്‍ വസ്ത്രധാരണാ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2018 ഒക്‌ടോബര്‍ നാലിന് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുശ്താഖ് വിഷയത്തില്‍ വിധി പറയുകയുണ്ടായി.ആ വിധിപ്രസ്താവനയില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ മുഖാവരണത്തിന്റെ വിഷയത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. മുസ്‌ലിംവിരുദ്ധത എന്നും ലിബറലിസത്തന്റെ ഭാഗമാണ്. അക്കാദമികരംഗത്തെ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ വര്‍ധനവ് അവരെ ചൊടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ പൊതുജീവിത മണ്ഡലങ്ങളില്‍ ഇസ്‌ലാമിക ആദര്‍ശത്തെ ഉയര്‍ത്തിപ്പിടിച്ച് മികവുറ്റവരും കരുത്തുറ്റവരുമായി രംഗത്തുവരുന്നു എന്നതാണ് അവരുടെ അടിസ്ഥാന പ്രശ്‌നം.

പ്രത്യേകിച്ചും ഈയടുത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന നീറ്റ് പരീക്ഷാ ഫലങ്ങളില്‍ റാങ്ക് ജേതാക്കളിലധികപേരും ഹിജാബണിഞ്ഞ വിദ്യാര്‍ഥിനികളാണ് എന്നതും ശ്രദ്ധേയമാണ്. മൂടുപടത്തെയും അതിലൂടെ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണത്തെയും വലിച്ചു കീറുന്ന ലിബറലുകളുടെ അജണ്ട വേവിക്കാന്‍ കഴിയുന്ന പരിപ്പല്ല എന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ.

ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍മോത്സുകരാകുന്ന വിദ്യാര്‍ഥിനികളെ വിദ്യാഭ്യസ മേഖലകളില്‍നിന്ന് മാറ്റിനിര്‍ത്താം എന്നത് തെറ്റിദ്ധാരണയാണ്.
'ഈ നിയമം പുരോഗനപരമാണോ അല്ലേ,' 'ഒരു പെണ്‍കുട്ടി അവളുടെ മുഖം ശിരോവസ്ത്രം കൊണ്ട് ഒളിപ്പിച്ചുവെക്കേണ്ടി വരിക എന്നത് ദൗര്‍ഭാഗ്യകരമല്ലേ', 'മുഖം മറച്ച പെണ്‍കുട്ടിക്ക് എങ്ങനെയാണ് രോഗിയെ പരിശോധിക്കാനാവുക' തുടങ്ങിയ ചാനല്‍ അവതാരകന്മാരുടെ ചോദ്യങ്ങള്‍ തീര്‍ത്തും മണ്ടത്തരമാണ്. മുസ്‌ലിം സ്ത്രീയെ മുഖ്യധാരയില്‍നിന്നും മറക്കുപിന്നിലാക്കാനുള്ള കുതന്ത്രത്തിന്റെ താക്കോലുകളാണ് ഈ വിധത്തിലുള്ള ചോദ്യങ്ങള്‍. ഇസ്‌ലാം അവള്‍ക്ക് നിര്‍ബന്ധം ചെലുത്താത്തതും ധരിക്കാന്‍ അനുവാദം കൊടുക്കുന്നതുമായ വിഷയത്തില്‍ നിങ്ങളെന്തിന് കൈകടത്തണം?
മുംബൈയിലെ തെരുവുകളില്‍ നിര്‍ഭയമായി നടക്കാന്‍ കരുത്ത് നല്‍കിയത് 'പര്‍ദ' എന്ന വസ്ത്രമായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരി കമലാ സുറയ്യ പറഞ്ഞിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടേതായ വസ്ത്രധാരണാരീതിയുണ്ട്. അതില്‍ സംതൃപ്തിയടയുന്നവരെ തടയാന്‍ ഒരു കലാലയ മേധാവിക്കോ ലിബറല്‍ വാദികള്‍ക്കോ സാധ്യമല്ല.

ഹൈക്കോടതിയുടെ 'വിധി സ്വാഗതാര്‍ഹമാണ്', 'മുഖം മറക്കാതിരിക്കുക എന്നത് പുരോഗമനമാണ്' എന്ന് ഘോഷിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ ഒന്നോര്‍ക്കണം. ഇസ്‌ലാം പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്നും പരിഷ്‌കൃതമാണ്. ഇസ്‌ലാം ഒരിക്കലും അവളെ ദൗര്‍ഭാഗ്യവതിയാക്കുന്നില്ല. എന്നും അവളുടെ പ്രതാപം ഉയര്‍ത്തിയിട്ടേയുള്ളൂ. അത് അവളെ അടിച്ചമര്‍ത്തയിട്ടില്ല, എന്നും സംരക്ഷണവലയമായി നിലകൊണ്ടിട്ടേയുള്ളൂ. നിഖാബ് ഊരി താഴെയിടാന്‍ കല്‍പിക്കുന്നതുകൊണ്ടും സര്‍ക്കുലറുകള്‍ ഇറക്കി നിര്‍ബന്ധം ചെലുത്തിയതുകൊണ്ടും അവളുടെ കഴിവും ഉയര്‍ച്ചയും താഴ്ന്നിടിയുകയില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍ ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചു തന്നെ സര്‍വ മേഖലകളിലും മുന്നേറുന്നതിലുള്ള അസഹിഷ്ണുതയാണ് യഥാര്‍ഥത്തില്‍ ഇതിലൂടെ പ്രകടമാവുന്നത്. ഇവ്വിധമുള്ള വിഷയത്തില്‍ ലിബറലുകള്‍ കാണിക്കുന്ന ഇരുട്ടത്താപ്പുകള്‍ എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ.

 


ജീവിതാക്ഷരങ്ങളിലെ നായകന്‍

ഒരു ലക്കവും പാഴാക്കാതെയാണ് 'ജീവിതാക്ഷരങ്ങള്‍' വായിച്ചത്. പതിനൊന്നാം വയസ്സില്‍ തുടങ്ങിയ ജമാഅത്തെ ഇസ്ലാമിയുമായുള്ള ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ബന്ധം, അദ്ദേഹത്തെ ഉന്നത സാംസ്‌കാരിക വ്യക്തിത്വമായി വളര്‍ത്തിയതോടൊപ്പം, ഇസ്ലാമിക പ്രസ്ഥാനത്തിനും മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും ബുദ്ധിപരമായ സംഭാവനകളര്‍പ്പിക്കാന്‍ പ്രാപ്തനാക്കുകയും ചെയ്തു. യൂനിവേഴ്‌സിറ്റി ബിരുദം കൊടുക്കാത്ത സ്ഥാപനം എന്ന് മുസ്‌ലിം സമുദായത്തിലെ ഉല്‍പതിഷ്ണുക്കള്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുായിരുന്ന ശാന്തപുരം ഇസ്ലാമിയ കോളേജില്‍നിന്നാണ് അദ്ദേഹം അറബി ഭാഷയും ഇസ്ലാം മതവിജ്ഞാനീയങ്ങളും കരസ്ഥമാക്കിയത്. ഖത്തറില്‍ ഡോ. യൂസുഫുല്‍ ഖറദാവി നേതൃത്വം കൊടുത്ത സ്ഥാപനത്തില്‍ പഠിക്കാന്‍ അവസരം കിട്ടിയത് അദ്ദേഹത്തിന്റെ വിജ്ഞാനലോകം കൂടുതല്‍ വികസ്വരമാക്കി. ഖത്തറിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളായ അദ്ദേഹം, ഒരു പ്രവാസി സംഘടന കെട്ടിപ്പടുത്തു കൊണ്ട് തന്റെ സംഘാടന മികവും പ്രകടിപ്പിച്ചു. ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് ഒരു ജീനിയസ് ആണ്.
എന്റെ നാടായ വടകര ആയഞ്ചേരിയില്‍ യുക്തിവാദി സംഘത്തിന്റെ വേദിയില്‍ യു. കലാനാഥനും കെ.കെ അബ്ദുല്ല അലിയും ഇസ്ലാമിനെ വിമര്‍ശിച്ചും പരിഹസിച്ചും അവരുടെ അല്‍പജ്ഞാനം വെളിപ്പെടുത്തിയപ്പോള്‍ നാട്ടുകാരുടെ മുന്നില്‍, ഒരാഴ്ചക്കുള്ളില്‍ ഇസ്ലാമിനെ അവതരിപ്പിച്ച് പ്രഭാഷണങ്ങള്‍ നടത്തിയത് ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും ടി.കെ അബ്ദുല്ല സാഹിബും ആയിരുന്നു. ബിഗ് ബാങ് തിയറിയും യുക്തിവാദികളുടെ വാദഗതികളും ശാസ്ത്രീയമായി അദ്ദേഹം നിരൂപണം ചെയ്തു സംസാരിച്ചു. 'യുക്തിവാദികളും ഇസ്ലാമും' എഴുതുന്നതിനു മുമ്പായിരുന്നു ഈ പ്രഭാഷണം.

ഇന്ത്യയില്‍ ശക്തമായ ഒരു മുസ്‌ലിം നേതൃത്വം ഉയര്‍ന്നു വരാത്തതില്‍ ദുഃഖിതനാണ് ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ്. ഇതര സംസ്ഥാനക്കാരായ ഇസ്മാഈല്‍ സാഹിബിനെയും സുലൈമാന്‍ സേട്ടും, ബനാത്ത് വാല സാഹിബുമാരെയും മലപ്പുറത്തെ സ്വന്തം ഷുവര്‍ സീറ്റുകളില്‍ മത്സരിപ്പിച്ചു, എം.പിമാരാക്കിയായിരുന്നു മുസ്‌ലിം ലീഗ് അവരുടെ ദേശീയ വ്യക്തിത്വം നിലനിര്‍ത്തിയിരുന്നത്. ഭാഷാ നൈപുണ്യവും ധീരതയും ഉള്ള ആ നേതാക്കള്‍ ലോക്‌സഭയില്‍ തങ്ങളുടെ സേവനം ഭംഗിയായി നിര്‍വഹിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ലീഗ് എം.പിമാര്‍ക്ക് അത്രയും തിളങ്ങാന്‍ സാധിക്കുന്നില്ല. എന്നാലും കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് തുടങ്ങിവെച്ച ഉത്തരേന്ത്യയിലെ സേവനങ്ങള്‍ മുസ്‌ലിം ലീഗ് അടക്കമുള്ള കേരളത്തിലെ സംഘടനകള്‍ ഏറ്റെടുക്കുന്നുവെന്നത് ഭാവിയെ പറ്റി പ്രതീക്ഷ നല്‍കുന്നു.
മെഡിസിനും എഞ്ചിനീയറിംഗിനും മുന്‍ഗണന ലഭിക്കുന്ന സമൂഹത്തില്‍ മാനവിക വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ന്യായാധിപരായും അഭിഭാഷകരായും പത്രപ്രവര്‍ത്തകരായും ഉന്നത സാമൂഹിക പദവി നില കരസ്ഥമാക്കാമെന്ന്, മാനവിക വിഷയങ്ങളും അറബി, ഉര്‍ദു ഭാഷകളും പഠിച്ചുപയറ്റിയ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
ഫേസ് ബുക്കില്‍ ജമാഅത്തെ ഇസ്ലാമിയെ മാത്രമല്ല, മുഴുവന്‍ മുസ്‌ലിം സംഘടനകളെയും വിമര്‍ശിച്ച് പോസ്റ്റിടാറുള്ള അധ്യാപകനാണ് കമാല്‍ കുട്ടി. ഏതാനും ദിവസം മുമ്പുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് ഞാന്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കമാല്‍ കുട്ടി എഴുതുന്നു: ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ആശയങ്ങളോട് വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആത്മകഥ അവസാനിക്കുന്നതില്‍ എനിക്ക് വളരെ പ്രയാസമുണ്ട്. നല്ല ഒരു ടെലിവിഷന്‍ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി നിലച്ചാലുള്ള അനുഭവം പോലെയായി അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ആത്മകഥാ വിരാമം.

അബൂബക്കര്‍ മാടാശ്ശേരി

 


'ജീവിതാക്ഷരങ്ങള്‍' അവസാനിച്ചപ്പോള്‍

'ജീവിതാക്ഷരങ്ങള്‍' അവസാനത്തെ രണ്ടു മൂന്ന് ലക്കങ്ങള്‍ വായിച്ചപ്പോള്‍ ഉള്ളില്‍ വിഷാദം നിറഞ്ഞിരുന്നു. സമൂഹത്തിനും പ്രസ്ഥാനത്തിനും ഒപ്പം, അല്ല മുന്നില്‍ നടന്ന സംഭവബഹുലമായ ജീവിതത്തെക്കുറിച്ച എഴുത്ത് കുറേക്കൂടി തുടരണമായിരുന്നു എന്നൊരു പ്രാര്‍ഥന മനസ്സില്‍ നിറഞ്ഞു. വ്യാകുലതയോടെ വായന തുടര്‍ന്ന ലക്കം അവസാനിക്കുന്നേടത്ത് തുടരും എന്ന പതിവിനുപകരം അവസാനിച്ചു എന്നു കപ്പോള്‍ വല്ലാത്തൊരു പിടച്ചില്‍ മനസ്സിനെ മഥിച്ചു.
ഏതൊരു വിഷയത്തെക്കുറിച്ചും സന്ദിഗ്ധ ഘട്ടങ്ങളില്‍ നയം രൂപപ്പെടുത്തുന്ന എ.ആറിന്റെ ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. പണ്ഡിതോചിതമായിരുന്നു ഓരോ കണ്ടെത്തലും. മാധ്യമത്തിലും മീഡിയാവണ്ണിലും നിറസാന്നിധ്യമായിരിക്കുമ്പോഴും പ്രബോധനത്തില്‍ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് ഗൃഹാതുരയോടെ എന്നുമുണ്ടായിരുന്നു.
ഇടമറുകിന്റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' ആരും കാണാതെ പാഠപുസ്തകത്തിലൊളിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി വായിച്ചത് ഇന്നും ഓര്‍ക്കുന്നു. ഭൗതിക വാദത്തിന്റെ ശക്തമായ പിന്തുണയോടെ കമ്യൂണിസം കാമ്പസിലേക്ക് ആധിപത്യമുറപ്പിക്കുക സ്വാഭാവികമാണ്.

സന്ദേഹികളാകുന്നവര്‍ക്ക് സാമുദായിക കക്ഷികള്‍ ദാര്‍ശനികമായ മറ്റെന്തെങ്കിലും നല്‍കാന്‍ പ്രാപ്തമായിരുന്നില്ല. ഒ. അബ്ദുര്‍റഹ്മാന്‍ എഴുതിയ ഖുര്‍ആന്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി വിമര്‍ശകരുടെ പൊള്ളയായ വാദങ്ങളുടെ അടിത്തറ തന്നെ തകര്‍ക്കുന്നതായിരുന്നു. മറുപടി ഒരു ഇടമറുകില്‍ ഒതുങ്ങുന്നതായിരുന്നില്ല. പവനനും കോവൂരും അതുപോലുള്ള നിരവധി വിമര്‍ശകര്‍ക്കുള്ള യുക്തിഭദ്രവും ആധികാരികവും വസ്തുനിഷ്ഠവുമായ മറുപടിയായിരുന്നു അത്. പ്രസ്തുത കൃതി ഒന്നുമാത്രം മതി ഒരു പുരുഷായുസ്സിന്റെ സാക്ഷാത്കാരത്തിനെന്നതാണ് സത്യം. 'യുക്തിവാദികളും ഇസ്‌ലാമും' എന്ന കൃതി ആരാധനക്കപ്പുറം ആദര്‍ശജീവിതത്തിന്റെ അകം പൊരുള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. ജീവിത വീക്ഷണത്തെ കരുത്തുറ്റതാക്കിയത് തീര്‍ച്ചയായും എ.ആറിന്റെ ഇത്തരം പുസ്തകങ്ങള്‍ ലഭിച്ചതുകൊണ്ടായിരുന്നുവെന്ന് നന്ദിപൂര്‍വം സ്മരിക്കുന്നു.

'ഇന്ത്യയും പാകിസ്താന്റെ അണു ബോംബും' എന്ന എ.ആറിന്റെ ലേഖനം (1988 ജൂലൈ 23) വിദ്യാര്‍ഥിയായിരുന്ന എന്നെ ആകര്‍ഷിച്ചിരുന്നു. അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ എഴുതിയ ന്യൂസ് വീക്കിന്റെ അണുബോംബ് വിവരം എന്ന തലക്കെട്ടിലുള്ള എന്റെ കുറിപ്പ് അച്ചടിച്ച പ്രബോധനം എഴുതാനുള്ള പ്രേരണ എന്നും മനസ്സില്‍ നിലനിര്‍ത്തുന്നതായിരുന്നു.
നിയമ വിദഗ്ധരും റിട്ടയേര്‍ഡ് ന്യായാധിപന്മാരും അണിനിരന്ന ജുഡീഷ്യറിയെ കുറിച്ച ചര്‍ച്ച മാധ്യമം ഒരു വാര്‍ഷികപ്പതില്‍ ഒരുക്കിയിരുന്നു. 'അവസാന വിധിക്കു മുമ്പ്' എന്ന ഒ. അബ്ദുര്‍റഹ്മാന്റെ ചെറുകുറിപ്പ് ആദരണീയനായ കൃഷ്ണയ്യരെ പോലും വെല്ലുന്നതായിരുന്നു. ആറ്റിക്കുറുക്കിയാണ് കാര്യങ്ങള്‍ പറയുക. ഭാഷയുടെ ലാളിത്യവും കുറിക്ക് കൊള്ളുന്ന പദപ്രയോഗങ്ങളും ആ ശൈലിയെ ജനകീയമാക്കുന്നു. പറയുന്നതും എഴുതുന്നതും ജീവിതത്തില്‍ പുലര്‍ത്തുന്ന എ. ആര്‍ എതിരാളികളുടെ പോലും പ്രശംസക്ക് പാത്രമാകുന്നു.

മുഹമ്മദ് കുനിങ്ങാട്

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍