Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

ഫുട്‌ബോളിലെ വംശീയത പൂച്ചക്കാര് മണികെട്ടും?

യാസീന്‍ വാണിയക്കാട്

പച്ചപ്പുല്‍ മൈതാനങ്ങളെ ത്രസിപ്പിക്കുന്ന കാവ്യാത്മക ചലനങ്ങളാലും ചാരുതയാര്‍ന്ന മുന്നേറ്റങ്ങളാലും ആഗോളതലത്തില്‍ അസംഖ്യം ആരാധകരെ സ്വായത്തമാക്കിയ കായിക വിനോദമാണ് ഫുട്‌ബോള്‍. വിനോദം മാത്രമല്ല അതൊരു പ്രൊഫഷന്‍ കൂടിയാണ്. ചിലര്‍ക്കത് മതവും മറ്റു ചിലര്‍ക്കത് കലയുമാണ്. പലര്‍ക്കുമത് പ്രണയാതുരമായ വികാരങ്ങളാണ്. ഇത്രയുമധികം ആരാധകസമ്പത്തുള്ള മറ്റൊരു കായിക വിനോദം ചൂണ്ടിക്കാട്ടാനില്ല. അതിന്റെ അനുരണനങ്ങള്‍ നമ്മുടെ ഉള്‍ഗ്രാമങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലും പൊതുമൈതാനങ്ങളിലും അലയടിക്കുന്നു.

ലാറ്റിനമേരിക്കയും യൂറോപ്പുമാണ് ലോക ഫുട്‌ബോളിലെ അതികായര്‍. ലാറ്റിനമേരിക്കയുടെ വശ്യമായ താളാത്മകതയും യൂറോപ്പിന്റെ ടിക്കിടാക്കയും പ്രതിരോധമികവും ആഫ്രിക്കയുടെ മെയ് വഴക്കവും വേഗതയും സമ്മേളിക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങളുടെ ചേരുവകളാണ് ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങളെ നയനാനന്ദകരമാക്കുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് കാണികളെ സമ്പാദിക്കാന്‍ യൂറോപ്യന്‍ ലീഗുകള്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ യൂറോപ്യന്‍ ഗാലറികളിലെ വംശീയാധിക്ഷേപവും വര്‍ണവെറിയും അസഹിഷ്ണുതയും ഫുട്‌ബോളിന്റെ വശ്യതക്ക് കാര്യമായ പോറലേല്‍പിക്കുന്നു എന്നത് ദുഃഖകരമായ സത്യമാണ്.

വംശീയാധിക്ഷേപം യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ നിത്യസംഭവമായി പരിണമിച്ചിരിക്കുന്നു. തീവ്ര വെള്ളവംശീയത കറുപ്പിലെ കാല്‍പ്പന്തു മാന്ത്രികതയില്‍ അരിശം കൊള്ളുകയും അസ്വസ്ഥമാവുകയും അവരുടെ തൊലിനിറത്തോടും അവര്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തോടും വെറുപ്പ് വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. തങ്ങളുടെ ടീം തോല്‍ക്കുമെന്നു കണ്ടാല്‍, ആരാധകര്‍ വര്‍ണവെറിയുടെ ചരടഴിച്ചുവിടുകയായി. എതിര്‍ടീമിന്റെ വീര്യം കെടുത്തുകയെന്ന കൗടില്യം ഇതിനു പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും അതിലപ്പുറം അവരുടെ സിരകളില്‍ അടിഞ്ഞുകൂടിയ തീവ്ര വെള്ള വംശീയയുക്തിയുടെ പ്രസരണം കൂടിയാണ്.

ഇറ്റാലിയന്‍ ലീഗായ സെരി എ-യില്‍ ഏപ്രില്‍ മൂന്നിന് യുവന്റസും കാഗ്ലിയാരിയും മാറ്റുരച്ച മുപ്പതാം റൗണ്ട് മത്സരത്തില്‍ ഇറ്റാലിയന്‍ ദേശീയ താരവും യുവന്റസ് കൗമാരതാരവുമായ മോയ്‌സ് കീനിനെതിരെ അഴിച്ചുവിട്ട വംശീയാധിക്ഷേപം ഫുട്‌ബോള്‍ ലോകത്തെ വീണ്ടും നാണം കെടുത്തി. മോയ്‌സ് കീന്‍ പന്തുമായി മുന്നേറുമ്പോള്‍ കുരങ്ങിന്റെ ശബ്ദം പുറപ്പെടുവിച്ച് ആത്മനിര്‍വൃതിയടയുന്ന വെള്ളവംശീയതക്ക്, കാലില്‍ വിരിയുന്ന കാല്‍പന്തു കലയെ ഉള്‍ക്കൊള്ളാനോ നിരുപാധികം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താനോ കഴിയില്ല. ഇതിന് പ്രതികാരമെന്നോണം വിജയഗോളടിച്ച് തന്നെ അധിക്ഷേപിച്ചവര്‍ക്ക് മുന്നില്‍ ആഘോഷം നടത്തിയ കീനിന്റെ പ്രവൃത്തിയെ സഹതാരം ലിയനാര്‍ഡോ ബൊനൂച്ചി പരസ്യമായി വിമര്‍ശിച്ചത് ഫുട്‌ബോള്‍ ലോകത്ത് പുതിയ വാഗ്വാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും കൗമാരതാരത്തെ അനുകൂലിച്ച് പ്രശസ്തരായ നിരവധി ഫുട്‌ബോള്‍ കളിക്കാര്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും യുവന്റസില്‍ പന്തു തട്ടുന്ന ഒരു ഇറ്റാലിയന്‍ താരവും അതിലില്ല എന്നത് ഇറ്റലിയുടെ വര്‍ണവെറിക്കെതിരിലുള്ള വര്‍ത്തമാനങ്ങള്‍ വെറും വാചാടോപങ്ങളാണെന്ന് വരുംകാലങ്ങളില്‍ വിലയിരുത്തപ്പെടും. ഈ സംഭവത്തിനു ശേഷം യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍ അഭിപ്രായപ്പെട്ടത്, ഇത്തരം മോശം കൃത്യങ്ങള്‍ റഫറിമാരുടെ ശ്രദ്ധയില്‍പെട്ടാല്‍ കളി ഉടനെ നിര്‍ത്തിവെക്കണമെന്നാണ്.

യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (uefa) ‑'No To Racism' എന്ന കാമ്പയിന്‍ കൊണ്ടാടുന്ന വേളയിലാണ് ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വര്‍ണവെറിയുടെയും വംശവെറിയുടെയും സംഭവപരമ്പരകള്‍ അരങ്ങുവാഴുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാനും നാപ്പോളിയും മാറ്റുരച്ച ക്ലാസിക് പോരില്‍ സെനഗല്‍ താരവും നാപ്പോളിയുടെ കരുത്തുറ്റ പ്രതിരോധഭടനുമായ കലിദു കോലിബാലിക്കെതിരെ ഗാലറിയില്‍നിന്ന് കുരങ്ങന്മാരുടെ ശബ്ദമുയര്‍ത്തി അധിക്ഷേപവര്‍ഷം ചൊരിയുകയുണ്ടായി. കോലിബാലി തലതാഴ്ത്തി നില്‍ക്കുന്ന, വേദന കിനിയുന്ന ആ കാഴ്ച ഹൃദയഭേദകമായിരുന്നു. സംസ്‌കാരശൂന്യമായ ഈ ആക്രോശം അതിരു കടന്നപ്പോള്‍ നാപ്പോളിയുടെ പരിശീലകന്‍ ആന്‍സലോട്ടിക്ക് കളി നിര്‍ത്തിവെക്കൂ എന്ന് റഫറിയോട് യാചിക്കേണ്ടിവന്നു. അത്രമേല്‍ അസഹിഷ്ണുത മുറ്റിയ ഇരമ്പങ്ങളാണ് അന്ന് ആ സ്റ്റേഡിയത്തെ മലീമസമാക്കിയത്. അടുത്ത മത്സരത്തില്‍ ആരാധകര്‍ കോലിബാലിയുടെ മുഖഛായയുള്ള മാസ്‌ക് ധരിച്ച് 'ഞങ്ങളും കോലിബാലിയാണ്' എന്ന ഐക്യദാര്‍ഢ്യവാക്യങ്ങള്‍ ഉരുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വേദനകളെ അല്‍പമെങ്കിലും സാന്ത്വനപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് ഇപ്രകാരമായിരുന്നു; 'ലോകത്തും ഫുട്‌ബോളിലും സംസ്‌കാരവും ബഹുമാനവും എപ്പോഴും ആവശ്യമുണ്ട്. വംശീയാധിക്ഷേപം അടക്കമുള്ള എല്ലാത്തരം വിവേചനങ്ങളോടും നമുക്ക് വിടപറയാന്‍ നേരമായിരിക്കുന്നു.'

2014-ലും ഇത്തരം സംഭവങ്ങള്‍ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. ബാഴ്‌സലോണയുടെ വിംഗ് ബാക്ക് ആയിരുന്ന ഡാനി ആല്‍വ്‌സിനു നേരെ പഴം എറിഞ്ഞുകൊടുത്തു കൊണ്ടായിരുന്നു വര്‍ണവെറിയില്‍ വെള്ളവംശീയത അഭിരമിച്ചത്. കാഴ്ചബംഗ്ലാവില്‍ പോകുമ്പോള്‍ കുരങ്ങിന് പഴം എറിഞ്ഞുകൊടുക്കാറുണ്ടല്ലോ. അതിനെ ഓര്‍മിപ്പിക്കുന്ന വഷളന്‍ പ്രവൃത്തി. ആല്‍വ്‌സ് ആ പഴം എടുത്തുരിഞ്ഞ് കടിച്ചതിനു ശേഷം ഗ്രൗണ്ടിന് പുറത്തേക്കെറിയുന്നത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. പിന്നീട് ആല്‍വ്‌സിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ ഫുട്‌ബോള്‍ പ്രേമികളും കളിക്കാരും പഴം തിന്നുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിനു മുന്നില്‍ പങ്കുവെച്ചുകൊണ്ടാണ് അതിനെ പ്രതിരോധിച്ചത്.
2018-ല്‍ റഷ്യയില്‍ അരങ്ങേറിയ ലോകകപ്പ് മാമാങ്കത്തിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു 'Say No To Racism' (വംശീയതയോട് അരുതെന്ന് പറയൂ). ഫുട്‌ബോളില്‍ ബഹുമാനവും ഐക്യവും തുല്യതയും അനിവാര്യമായും കാത്തുസൂക്ഷിക്കണമെന്ന് ഫിഫ രായ്ക്കുരാമാനം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. എന്നിട്ടും, ജര്‍മനിക്കു വേണ്ടി പന്തു തട്ടിയ മെസൂദ് ഓസിലിന്റെ പെട്ടെന്നുള്ള വിരമിക്കലിനു പിന്നിലും ഇതേ വംശീയത പത്തിവിടര്‍ത്തിയാടുന്നത് നാം കണ്ടു. തുര്‍ക്കി വംശജനായ ഓസിലിനും സഹതാരം ഇല്‍ക്കേ ഗുന്‍ഡോകന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിന്റെ പേരില്‍ വംശീയാധിക്ഷേപത്തിന് വിധേയരാകേണ്ടിവന്നു. അതില്‍ അത്യന്തം മനം നൊന്തായിരുന്നു അദ്ദേഹം ജര്‍മന്‍ ദേശീയ ടീമില്‍നിന്ന് വിരമിക്കലിനു തയാറായത്. 'ഉര്‍ദുഗാനോടൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടുകളോ തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങള്‍ വസിക്കുന്ന രാജ്യത്തെ പരമോന്നത നേതാവിനോടുള്ള ആദരം മാത്രമാണ്. ഞാനൊരു പ്രഫഷണല്‍ ഫുട്‌ബോളറാണ്. അതിനപ്പുറം ഒന്നുമല്ല. എന്നാല്‍, ചിത്രമെടുത്തതിന്റെ പേരില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ കടുത്ത വെറുപ്പിന് ഞാന്‍ പാത്രമായി. ഇനിയും ജര്‍മന്‍ ജഴ്‌സിയണിഞ്ഞ് കളം വാഴുന്നത് അവര്‍ക്ക് അനിഷ്ടകരമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. 2009-ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഇതുവരെ നേടിയതെല്ലാം സകലരും വിസ്മരിച്ചിരിക്കുന്നു. വംശീയാധിക്ഷേപത്തില്‍ ആനന്ദം കണ്ടെത്തുന്നവരെ ഫിഫ പോലെ വിശാലമായ കാഴ്ചപ്പാടുള്ള സംഘടനയില്‍ ഉള്‍പ്പെടുത്തരുതെന്ന ഒരപേക്ഷയുണ്ട്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണ് ഫുട്‌ബോള്‍. ഈ സാഹചര്യത്തില്‍ ജര്‍മന്‍ ദേശീയ ടീമില്‍ തുടരുന്നതില്‍ അര്‍ഥമില്ല. ഹൃദയവേദനയോടെയാണ് ഈ തീരുമാനം എടുക്കേണ്ടി വന്നത്'- ഓസില്‍ നിലപാട് വ്യക്തമാക്കി.
ബെല്‍ജിയത്തിനു വേണ്ടി കളിക്കുന്ന റൊമേലു ലുക്കാക്കു പങ്കു വെക്കുന്നതും മറ്റൊന്നല്ല. 'ബെല്‍ജിയത്തിന് ജയം സമ്മാനിക്കുന്ന ഗോളിന് ഉടമയാണ് ഞാനെങ്കില്‍ ഞാന്‍ ബെല്‍ജിയം താരം ലുക്കാക്കു, അല്ലെങ്കില്‍ കറുത്ത വര്‍ണത്താല്‍ അധമനായ കുടിയേറ്റക്കാരന്‍ ലുക്കാക്കു!' 2006-ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ സിനദിന്‍ സിദാന് ചുവപ്പു കാര്‍ഡ് വാങ്ങിക്കൊടുത്ത ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസിയുടെ പ്രവൃത്തിയിലും വംശീയാധിക്ഷേപത്തിന്റെ നിഴലാട്ടങ്ങള്‍ കാണാനാകും.

2016-'17 ഫുട്‌ബോള്‍ സീസണില്‍ 469 കേസുകളാണ് വംശീയാധിക്ഷേപത്തിനും വര്‍ണവെറിക്കും എതിരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017-18 സീസണില്‍ അത് 520 കേസുകളായി വര്‍ധിച്ചിരിക്കുന്നു. യൂറോപ്പിലെ പ്രധാനപ്പെട്ട നാല് ലീഗുകളിലും ഇത്തരം അധമകൃത്യങ്ങള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരക്കാരെ ഏതാനും മത്സരങ്ങള്‍ നേരിട്ട് കാണുന്നതില്‍നിന്ന് വിലക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ശിക്ഷകളില്‍ ഒന്ന്! ഇതുപോലുള്ള ശിക്ഷകള്‍ കൊണ്ട് വംശീയതക്കും വര്‍ണവെറിക്കും അറുതിവരുത്താമെന്നു കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. കളിക്കാരനെ കളിക്കളത്തില്‍നിന്നും ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നും ആജീവനാന്തം വിലക്കാന്‍ തയാറാകാത്ത കാലത്തോളം ഇത് നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കും. ഫിഫയും യുവേഫയും വംശീയതയെയും വര്‍ണവെറിയെയും കാമ്പയിനുകള്‍ കൊണ്ടും മറ്റും നഖശിഖാന്തം എതിര്‍ക്കുന്നു എന്നത് ശരിതന്നെ. പക്ഷേ കളിക്കളത്തില്‍നിന്നും ഗ്യാലറിയില്‍നിന്നും ഇതിനെ വിപാടനം ചെയ്യാന്‍ പൂച്ചക്കാര് മണികെട്ടും എന്നതാണ് കാല്‍പ്പന്ത് ലോകം ആകാംക്ഷാപൂര്‍വം ഉന്നയിക്കുന്ന ചോദ്യം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍