Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

അവര്‍ ഈ ദീനീബാധ്യത ഏറ്റെടുക്കുമോ?

രണ്ടര ലക്ഷം രൂപ ബാങ്കില്‍നിന്ന് കടമെടുത്ത സുഹൃത്തിന് ജാമ്യം നിന്നു എന്ന കുറ്റമേ അയാള്‍ ചെയ്തുള്ളൂ. സുഹൃത്ത് പണം തിരിച്ചടക്കാതെ മുങ്ങിനടന്നു. ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാമ്യക്കാരനെ തേടി ബാങ്കുകാരെത്തി. രണ്ടര കോടി രൂപ ഉടന്‍ അടക്കണം. അല്ലെങ്കില്‍ വീടും പറമ്പും ജപ്തി ചെയ്യും. പിന്നീട് ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെയാണ് ഈ കുടുംബം പലിശയുടെ ഊരാക്കുടുക്കില്‍നിന്ന് ഒരു വിധം കരകയറിയത്. പലിശക്കെണി തന്നെയാണ് കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയുമൊക്കെ ജീവിതം അത്യന്തം ദുസ്സഹമാക്കുന്നത്. കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനും കാരണമായിത്തീരുന്നത് അനുദിനം പെരുകുന്ന പലിശക്കണക്കുകള്‍ തന്നെയാണ്. പക്ഷേ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ 'കടക്കെണി' എന്നേ പറയൂ, 'പലിശക്കെണി' എന്നു പറയില്ല. വാങ്ങിയതിനേക്കാളേറെ തുക തിരിച്ചടച്ചിട്ടും ഒരു കര്‍ഷകന് ആത്മഹത്യ ചെയ്യേണ്ടിവരുന്നുവെങ്കില്‍ അതിനെ പലിശക്കെണി എന്നല്ലാതെ മറ്റെന്താണ് വിളിക്കുക? കര്‍ഷകരും സംരംഭകരുമൊക്കെ കടമെടുക്കുന്നത് ഉല്‍പാദനപരമായ ആവശ്യങ്ങള്‍ക്കാണ്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനത്തിന് അത് കൂടിയേ തീരൂ. ആ കര്‍ഷകരെയും സംരംഭകരെയും സംരക്ഷിക്കേണ്ട ചുമതല കൂടി ഭരണകൂടത്തിനും അതിന്റെ ബാങ്കിംഗ് സംവിധാനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ സംരംഭങ്ങള്‍ പൊളിയുകയോ കൃഷി നശിച്ചുപോവുകയോ ഒക്കെ ചെയ്താല്‍ കടം കൊടുത്ത സ്ഥാപനങ്ങള്‍ യാതൊരു ഉത്തരവാദിത്തവും ഏല്‍ക്കില്ല. സകലതും അവര്‍ കടം മേടിച്ചവരുടെ ചുമലില്‍ കെട്ടിവെക്കും (Risk - Sharing). ഏറക്കുറെ എല്ലാ സമ്പദ്ഘടനകളിലും ഇതാണ് സംഭവിക്കുന്നത്. വ്യത്യസ്തമായ ഒരു വീക്ഷണവും കര്‍മപദ്ധതിയും മുന്നോട്ടുവെക്കുന്നത് ഇസ്‌ലാം മാത്രമാണ്. പണം നല്‍കിയവരോടും സംരംഭകരോടും അത് ബാധ്യതകള്‍ പങ്കുവെക്കാന്‍ (Risk - Sharing) ആവശ്യപ്പെടുന്നു. ലാഭവും നഷ്ടവും ഇരു കക്ഷികളും തുല്യമായി പങ്കുവെക്കണം. ഇതിലൂടെ മാത്രമേ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് തകര്‍ന്നുപോയ കര്‍ഷകരെയും സംരംഭകരെയും രക്ഷിക്കാനാവുകയുള്ളൂ.

മനുഷ്യസ്‌നേഹത്തിലൂന്നിയ ആര്‍ദ്രമായ ഈ സമീപനം രൂപം കൊള്ളുന്നത് ഇസ്‌ലാമിക സമ്പദ്ദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദുവായ സകാത്തില്‍നിന്നു തന്നെയാണ്. തളര്‍ന്നുപോയവര്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് സകാത്ത്. പരസ്പര സഹായത്തിലൂടെയും സഹകരണത്തിലൂടെയുമാണ് അത് സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നത്. നമസ്‌കാരം പോലെ പ്രാധാന്യമുള്ള ഒരു അനുഷ്ഠാനമാണത്. നമസ്‌കാരത്തിന്റെയും സകാത്തിന്റെയും നിര്‍വഹണം മുഴുവന്‍ പ്രവാചകന്മാരുടെയും നിയോഗ ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അല്‍ബയ്യിന 5). നമസ്‌കാരം സ്രഷ്ടാവുമായുള്ള ബന്ധം ബലപ്പെടുത്തുമ്പോള്‍, സകാത്ത് സൃഷ്ടികള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നു. ഖുര്‍ആനില്‍ നമസ്‌കാരത്തെയും സകാത്തിനെയും മിക്കയിടങ്ങളിലും ചേര്‍ത്തു പറഞ്ഞതും അതുകൊണ്ടാവാം. പക്ഷേ പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പോലും സകാത്തിന് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ കിട്ടുന്നില്ല. സകാത്ത് പിരിച്ചെടുത്തിരുന്നതും വിതരണം ചെയ്തിരുന്നതും സംഘടിതമായിട്ടായിരുന്നു എന്നതിന് പ്രമാണങ്ങളിലും ചരിത്രത്തിലും എണ്ണമറ്റ തെളിവുകളുണ്ടെങ്കിലും, വ്യക്തികള്‍ അവര്‍ക്ക് തോന്നും പോലെ ചെയ്യട്ടെ എന്ന നിര്‍വികാര നിലപാടിലാണ് പൊതുവെ മുസ്‌ലിം നേതൃത്വം. ഈ നിഷേധാത്മക നിലപാട് തിരുത്താന്‍ ഉലമാഉം ഉമറാഉം തയാറാവുകയാണെങ്കില്‍ സാമൂഹികമായി വലിയ മാറ്റങ്ങള്‍ക്ക് അത് കളമൊരുക്കുമെന്ന് തീര്‍ച്ച. പണ്ഡിതന്മാരുടെയും നേതാക്കളുടെയും ദീനീബാധ്യത കൂടിയാണിത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍