Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

ആശയ ഗ്രാഹ്യതയില്ലാത്ത ഖുര്‍ആന്‍ പാരായണം

ഡോ. മുഹമ്മദ് പാണ്ടിക്കാട്

ഖുര്‍ആനിലെ ഒരു അക്ഷരം വായിച്ചാല്‍ ഒരു നന്മയുണ്ട് എന്ന നബിവചനം1 അര്‍ഥം അറിയാതെ പാരായണം ചെയ്യുന്നവര്‍ക്കും പ്രതിഫലം ലഭിക്കും എന്ന് വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനോടുള്ള സ്‌നേഹാദരവുകള്‍ പോലും പ്രതിഫലാര്‍ഹമാണ്. ഖുര്‍ആന്റെ ഈണ താളങ്ങള്‍, അര്‍ഥമറിയാത്തവരുടെ ഹൃദയങ്ങളെപ്പോലും അത്യധികം സ്വാധീനിക്കുമെന്നതിന് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാനാവും.2
എങ്കിലും, ഖുര്‍ആന്റെ യഥാര്‍ഥ ലക്ഷ്യവും ചൈതന്യവും ഉള്‍ക്കൊള്ളാന്‍ ആശയം ഗ്രഹിക്കാതെയുള്ള പാരായണം മതിയാവില്ല എന്നതും സത്യമാണ്. മാനവ ജീവിതത്തിന്റെ ക്ഷേമത്തിനും മോക്ഷത്തിനുമായി അവതരിപ്പിക്കപ്പെട്ടതാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ലക്ഷ്യം നേടുക എന്നതാവണം ഖുര്‍ആന്‍ പാരായണത്തിന്റെ മുഖ്യ പ്രചോദനം. 'നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍, വിവേകശാലികള്‍ പാഠമുള്‍ക്കൊള്ളാനും'3 എന്നാണ് വിശുദ്ധ ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്.
'നാമിതിനെ അറബി ഭാഷയില്‍ വായനക്കുള്ള പുസ്തകമായി ഇറക്കിയിരിക്കുന്നു. നിങ്ങള്‍ നന്നായി ചിന്തിച്ചു മനസ്സിലാക്കാന്‍'4 എന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മനുഷ്യരുടെ ഇഹപര വിജയത്തിനുള്ള മാര്‍ഗങ്ങള്‍ ഖുര്‍ആനിലൂടെ വായിച്ചെടുക്കണം എന്നര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നു: 'അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ടു പൂട്ടിയിട്ടുണ്ടോ?'5 അര്‍ഥവും ആശയവും ഗ്രഹിച്ച് പാരായണം ചെയ്യുന്നതിന് വിശുദ്ധ ഖുര്‍ആന്‍ എത്ര പ്രാധാന്യം നല്‍കുന്നു എന്നാണ് ഈ വാക്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇബ്‌നുല്‍ഖയ്യിം (റ) പറയുന്നു: ''ഹൃദയത്തിന് ഉപകാരം ലഭിക്കുക വിശുദ്ധ ഖുര്‍ആന്‍ ഗ്രഹിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുമ്പോഴാണ്. മനനം ചെയ്തുള്ള പാരായണത്തിന്റെ വില അറിഞ്ഞിരുന്നുവെങ്കില്‍ മനുഷ്യര്‍ മറ്റെല്ലാം ഉപേക്ഷിച്ച് അതില്‍ മാത്രം മുഴുകുമായിരുന്നു. മനസ്സിലാക്കിയും ചിന്തിച്ചും ഒരു വാക്യം പാരായണം ചെയ്യുന്നത് അര്‍ഥം ഗ്രഹിക്കാതെ ഒരാവൃത്തി ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുന്നതിനേക്കാള്‍ മഹത്വമുള്ളതാണ്. അതാണ് ഹൃദയത്തിന് ഏറെ ഉപകരിക്കുക. ഈമാന്‍ വര്‍ധിപ്പിക്കുന്നതിനും ഖുര്‍ആനിന്റെ മാധുര്യം നുകരുന്നതിന്നും അനിവാര്യമാണത്. പണ്ടത്തെ ജ്ഞാനികളില്‍ പലരും പ്രഭാതം വരെ ഒരേ വാക്യം ആവര്‍ത്തിക്കാറുണ്ടായിരുന്നു. ഹൃദയം നന്നാക്കാന്‍ അര്‍ഥമറിഞ്ഞും ചിന്തിച്ചും കൊണ്ടുള്ള പാരായണത്തിനല്ലാതെ കഴിയില്ല. അതുകൊണ്ടാണ് ഇബ്‌നു മസ്ഊദ് (റ) ഇപ്രകാരം പറഞ്ഞത്: 'നിങ്ങള്‍ ഖുര്‍ആനെ കവിത പോലെ ആലപിക്കരുത്. ഗദ്യം പോലെ നീട്ടി വായിക്കരുത്. ഇടക്കിടെ നിര്‍ത്തി അതിലെ അത്ഭുതങ്ങളില്‍ ചിന്തിക്കുക. നിങ്ങളുടെ ഹൃദയങ്ങളെ അത് ചലിപ്പിക്കണം. എങ്ങനെയെങ്കിലും ഖുര്‍ആന്‍ മുഴുവനാക്കുക എന്നതാവരുത് നിങ്ങളുടെ ചിന്ത.' അബൂ അയ്യൂബ്, അബൂ ഹംസയില്‍നിന്ന് ഉദ്ധരിക്കുന്നു: 'ഞാനൊരിക്കല്‍ ഇബ്‌നു അബ്ബാസി (റ)നോട് പറഞ്ഞു: ഞാന്‍ വേഗത്തില്‍ ഖുര്‍ആന്‍ ഓതുന്നവനാണ്. മൂന്ന് ദിവസം കൊണ്ട് ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ക്കുന്നു.' ഇതു കേട്ടപ്പോള്‍ ഇബ്‌നു അബ്ബാസ് (റ): ഒരു രാത്രി ഒരു അധ്യായം മാത്രം സാവകാശം, സാവധാനം ഓതി നമസ്‌കരിക്കുന്നതാണ് താങ്കള്‍ ഓതുന്ന രീതിയേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്.''6
കുറേ സമയമിരുന്ന് അധികം വാക്യങ്ങള്‍ അര്‍ഥമറിയാതെ ഓതുന്നതിനേക്കാള്‍ ആശയം ഗ്രഹിച്ച് സാവകാശം ഒരേ വാക്യം ആവര്‍ത്തിക്കുന്നതിനാണ് മുന്‍ഗാമികള്‍ മുന്‍ഗണന നല്‍കിയിരുന്നത്. ഇമാം നവവി പറഞ്ഞു: 'ഒരേ വാക്യം മാത്രം ഉരുവിട്ട്, അതിനെക്കുറിച്ച് മാത്രം ആലോചിച്ച്, മനനം ചെയ്ത് പ്രഭാതം വരെ കഴിച്ചുകൂട്ടുന്ന പണ്ഡിതന്മാരുണ്ടായിരുന്നു. അവരില്‍ ചിലര്‍ പാരായണ സമയത്ത് ബോധരഹിതരാവും. പാരായണത്തിനിടയില്‍ മരണം വരിച്ചവരുമുണ്ട്.'7
പ്രഗത്ഭ പണ്ഡിതന്‍ ഇബ്‌നുല്‍ ഉസൈമീനോട് ഒരാള്‍ ചോദിച്ചു: 'അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുമോ?' മറുപടി ഇപ്രകാരമായിരുന്നു: 'വിശുദ്ധ ഖുര്‍ആന്‍ അനുഗൃഹീതമാണ്. ഓതിയാല്‍ പ്രതിഫലമുണ്ട്. അര്‍ഥമറിഞ്ഞാലും ഇല്ലെങ്കിലും. പക്ഷേ, ജീവിതത്തില്‍ പ്രായോഗികമാക്കേണ്ട ഖുര്‍ആന്‍ വാക്യങ്ങള്‍ അര്‍ഥമറിയാതെ പാരായണം ചെയ്തിട്ടെന്തു കാര്യം?! വൈദ്യശാസ്ത്രം പഠിക്കാനൊരുങ്ങിയവന്‍ ധാരാളം വൈദ്യ ഗ്രന്ഥങ്ങള്‍ വായിക്കുന്നു. അവയുടെ ആശയം ഗ്രാഹ്യമായില്ലെങ്കില്‍ ആ വായനകൊണ്ട് ഒരു ഗുണവുമുണ്ടാവില്ല. വായിച്ചതിനെ പ്രായോഗികമാക്കാനാവണമെങ്കില്‍ അര്‍ഥമറിഞ്ഞേ തീരൂ. മനുഷ്യമനസ്സിലെ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള, മാനവജീവിതത്തിന്റെ മാര്‍ഗദര്‍ശനത്തിനുള്ള വിശുദ്ധ വേദത്തെ ആശയമറിയാതെ ഓതുന്നതില്‍ യുക്തിരാഹിത്യമുണ്ട്. അതുകൊണ്ടാണ് അല്ലാഹുവിന്റെ പ്രീതിക്കര്‍ഹരായ സ്വഹാബികള്‍ പത്തു വാക്യം പാരായണം ചെയ്താല്‍ പിന്നീടവ നന്നായി പഠിച്ച് അവയിലുള്ള അറിവും കര്‍മവും ഉള്‍ക്കൊണ്ട് മാത്രമേ അടുത്ത വാക്യങ്ങള്‍ പാരായണം ചെയ്തിരുന്നുള്ളൂ. അതിനാല്‍ അര്‍ഥമറിഞ്ഞാലും ഇല്ലെങ്കില്‍ പ്രതിഫലം ലഭിക്കുമെങ്കിലും ആശയമറിയാനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തേണ്ടതുണ്ട്. പണ്ഡിതന്മാരുടെ ക്ലാസ്സുകളും ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളും ഇതിനായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.'8
'ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം'9 എന്ന വാക്യത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരി എഴുതിയത് ഖുര്‍ആനിന്റെ അര്‍ഥവും ആശയവും മനസ്സിലാക്കാന്‍ വേണ്ടിയാണ്, ശ്രദ്ധയോടെ കേള്‍ക്കാനും മൗനം പാലിക്കാനും കല്‍പ്പിച്ചത് എന്നാണ്.10 'പ്രവാചകന്‍ അന്ന് പറയും: നാഥാ, എന്റെ ജനം ഈ ഖുര്‍ആനിനെ തീര്‍ത്തും നിരാകരിച്ചു'11 എന്ന വാക്യത്തിന്റെ വിശദീകരണത്തില്‍ ഖുര്‍ആന്റെ അര്‍ഥം മനസ്സിലാക്കാതിരിക്കുന്നതും ചിന്തിക്കാതിരിക്കുന്നതും അതിനെ നിരാകരിക്കലാണെന്നാണ് ഇബ്‌നു കസീര്‍ വിശദീകരിച്ചത്.12 ഇതേ വാക്യത്തെ വിശദീകരിച്ച് ഇബ്‌നുല്‍ ഖയ്യിം എഴുതി: 'എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് വിശുദ്ധ ഖുര്‍ആനെ നിരാകരിക്കുക എന്നതിന്റെ ഉദ്ദേശ്യം.'13
നബി (സ) കൂടുതല്‍ ആയത്തുകള്‍ പാരായണം ചെയ്യുന്നതിനേക്കാള്‍ കുറച്ചോതി കൂടുതല്‍ ചിന്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. 'നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും'14 എന്ന ഒരൊറ്റ വാക്യം മാത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് നബി (സ) രാത്രി മുഴുവന്‍ നമസ്‌കരിച്ചതായി ഹദീസുകളില്‍ കാണാം.15
ഇബ്‌നു മസ്ഊദ് (റ) പറയുന്നു: 'ഞങ്ങളില്‍ ഒരാള്‍ പത്ത് വാക്യങ്ങള്‍ പാരായണം ചെയ്താല്‍, അവയുടെ ആശയം നന്നായി മനസ്സിലാക്കി പ്രാവര്‍ത്തികമാക്കിയിട്ടേ അടുത്തവ പാരായണം ചെയ്യാറുള്ളൂ.'16 ഖുര്‍ആന്റെ ആശയാര്‍ഥങ്ങള്‍ നന്നായി ഗ്രഹിക്കാന്‍ പറ്റുന്നവിധം സമയമെടുത്താണ് പാരായണം ചെയ്യേണ്ടത്. ഖുര്‍ആന്‍ എത്ര ദിവസംകൊണ്ട് ഓതിത്തീര്‍ക്കാം എന്ന അംറുബ്‌നുല്‍ ആസ്വി(റ)ന്റെ ചോദ്യത്തിന് പ്രവാചകന്റെ മറുപടി ഇപ്രകാരമായിരുന്നു: 'ഖുര്‍ആന്‍ പൂര്‍ത്തിയാക്കുന്നതിന് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമെടുക്കുക. കാരണം ഇതിലും കുറഞ്ഞ ദിവങ്ങള്‍ കൊണ്ട് അത് നന്നായി ഉള്‍ക്കൊള്ളാനാവില്ല.'17
അശ്രദ്ധയോടെയും ആശയം ഗ്രഹിക്കാതെയും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കല്‍ ഉറക്കെ ഓതുന്ന നമസ്‌കാരം നിര്‍വഹിക്കുന്നതിനിടയില്‍ നബി (സ) ഒരു ആയത്ത് വിട്ടുപോയി. നമസ്‌കാരത്തില്‍നിന്ന് വിരമിച്ചപ്പോള്‍ നബി (സ) പിന്നിലുണ്ടായിരുന്ന ഒരാളോട് ചോദിച്ചു : 'നമസ്‌കാരത്തില്‍ ഞാന്‍ ഏതെങ്കിലും വാക്യം ഒഴിവാക്കിയോ?' അദ്ദേഹം പറഞ്ഞു: 'എനിക്കറിയില്ല.' ഇതേ ചോദ്യം പിറകില്‍ തന്നെ തുടര്‍ന്ന് നമസ്‌കരിച്ച മറ്റുള്ളവരോടും ആവര്‍ത്തിച്ചപ്പോഴും മറുപടി ഇതു തന്നെയായിരുന്നു. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. 'എന്താണ് ജനങ്ങളുടെ അവസ്ഥ?! അല്ലാഹുവിന്റെ ഗ്രന്ഥം അവര്‍ക്കിടയില്‍ പാരായണം ചെയ്യപ്പെടുന്നു. ഒരു വാക്യം ഉപേക്ഷിച്ചിട്ടും അവര്‍ക്കത് ഓര്‍മിക്കാനാവുന്നില്ല. ഇപ്രകാരമാണ് അല്ലാഹുവിന്റെ മഹത്വം ഇസ്രാഈല്‍ സന്തതികളുടെ ഹൃദയത്തില്‍നിന്നും ഇല്ലാതായത്. അവരുടെ ശരീരങ്ങള്‍ പ്രത്യക്ഷമായിരുന്നെങ്കിലും ഹൃദയങ്ങള്‍ അപ്രത്യക്ഷമായിരുന്നു. നിങ്ങളറിയുക: ശരീരത്തോടൊപ്പം ഹൃദയസാന്നിധ്യമില്ലെങ്കില്‍ അല്ലാഹു ഒരു കര്‍മവും സ്വീകരിക്കുകയില്ല.'18
വിശുദ്ധ ഖുര്‍ആന്‍ അല്‍പാല്‍പമായി വായിച്ച് മനസ്സിലാക്കുന്ന രീതിയായിരുന്നു സ്വഹാബികള്‍ സ്വീകരിച്ചിരുന്നത്. ഉമറി(റ)നെക്കുറിച്ച് മകന്‍ അബ്ദുല്ല ഇപ്രകാരം പറഞ്ഞു: 'പന്ത്രണ്ടു വര്‍ഷമെടുത്താണ് ഉമര്‍(റ) അല്‍ബഖറ പഠിച്ചത്. അത് പൂര്‍ത്തിയായപ്പോള്‍ സന്തോഷം പങ്കിടാനായി ഒരു ഒട്ടകത്തെ അറുത്ത് വിതരണം ചെയ്യുകയുമുണ്ടായി.'19
നബി (സ) നിറുത്തി നിറുത്തിയാണ് പാരായണം ചെയ്തിരുന്നതെന്നും തസ്ബീഹിന്റെ വാക്യമോതുമ്പോള്‍ തസ്ബീഹ് ചൊല്ലുകയും പ്രാര്‍ഥനയുടെ വാക്യങ്ങളില്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നതായി ഹുദൈഫ (റ) പറയുന്നുണ്ട്.20
ഖുര്‍ആന്‍ വാക്യങ്ങളുടെ ശബ്‌ദോച്ചാരണമാണ് ഏറ്റവും വലിയ പുണ്യകര്‍മം എന്ന ധാരണ തിരുത്തപ്പെടേണ്ടതുണ്ടെന്ന് ഹസന്‍ (റ) അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: 'വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത് അതിലുള്ള ആശയങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ്. പക്ഷേ, ആളുകള്‍ ഖുര്‍ആന്‍ പാരായണം തന്നെ ഒരു പുണ്യകര്‍മമായി മനസ്സിലാക്കിവെച്ചിരിക്കുന്നു!'21 മുഹമ്മദു ബ്‌നു കഅബ് അല്‍ ഖുറദി പറയുന്നു: 'ഒരു രാത്രി പുലരുന്നതു വരെ അസ്സല്‍സല, അല്‍ഖാരിഅ അധ്യായങ്ങള്‍ മാത്രം പാരായണം ചെയ്ത് നമസ്‌കരിക്കുന്നതാണ് ധൃതിയില്‍ ധാരാളം വാക്യങ്ങള്‍ ഓതി നമസ്‌കരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം.'22
ചുരുക്കത്തില്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിന്റെ ആശയങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ പാരായണം അര്‍ഥവും ആശയവും ഗ്രഹിക്കാതെ, തിടുക്കത്തിലുള്ള ശബ്‌ദോച്ചാരണം മാത്രമാവാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.

 

കുറിപ്പുകള്‍

1. തിര്‍മിദി
2. യൂനുസ് വാക്യം 37-ന് സയ്യിദ് ഖുത്വ്ബിന്റെ 'ഫീ ദിലാലില്‍ ഖുര്‍ആനി'ലെ വിശദീകരണം നോക്കുക
3. വിശുദ്ധ ഖുര്‍ആന്‍ 38: 29
4. വിശുദ്ധ ഖുര്‍ആന്‍ 12: 2
5. വിശുദ്ധ ഖുര്‍ആന്‍ 47: 24
6. മിഫ്താഹു ദാരിസ്സആദ
7. അത്തിബ്‌യാന്‍
8. ഫതാവാ നൂറുന്‍ അലദ്ദര്‍ബ് 1/85
9. വിശുദ്ധ ഖുര്‍ആന്‍: 7/204
10. തഫ്‌സീറുത്ത്വബ്‌രി 13/244
11. അല്‍ ഫുര്‍ഖാന്‍: 30
12. തഫ്‌സീര്‍ ഇബ്‌നു കസീര്‍ 6/108
13. ബദാഇഉത്തഫ്‌സീര്‍ 2/ 29
14. അല്‍ മാഇദ 118
15. ഇമാം അഹ്മദ്
16. ത്വബരി: 1/80
17. അദ്ദാരിമി, തിര്‍മിദി, അഹ്മദ്, അബൂദാവൂദ്
18. മുവത്വ
19. നുസ്ഹതുല്‍ ഫുദലാഅ് 1/35
20. മുസ്‌ലിം/772
21. മദാരിജുസ്സാലികീന്‍ 1/485
22. അസ്സുഹ്ദ്, ഇബ്‌നുല്‍ മുബാറക്, പേജ്: 97

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍