Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

ഇഹലോകത്തെ ശരീരവും പരലോകത്തെ ശരീരവും

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

[ഇമാം ഇബ്‌നുതൈമിയ്യ സമാനതകളില്ലാത്ത പരിഷ്‌കര്‍ത്താവ് - 7]

ഇസ്‌ലാമിക വിശ്വാസപ്രമാണത്തിന്റെ രണ്ടാമത്തെ സ്തംഭമാണല്ലോ പ്രവാചകത്വം. താന്‍ ഉദ്ദേശിക്കുന്ന സമയത്ത് വിവിധ ജനസമൂഹങ്ങളില്‍നിന്ന് ദൈവം ചിലരെ തെരഞ്ഞെടുക്കുന്നു. അവര്‍ക്ക് തന്റെ സന്ദേശം വെളിപ്പെടുത്തിക്കൊടുക്കുന്നു. അവരെ തന്റെ ദൂതന്മാരായി ജനപഥങ്ങളിലേക്ക് അയക്കുന്നു; അവര്‍ക്ക് സത്യപാത കാണിച്ചുകൊടുക്കാന്‍. നേരത്തേ തന്നെ ഒരു പ്രവാചകനില്‍ വിശ്വസിക്കുന്ന ഒരു ജനത, പക്ഷേ അവര്‍ ആ പ്രവാചകന്റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല, എങ്കില്‍ അത്തരം സമൂഹങ്ങളിലേക്ക് 'നബി'യെ ആണ് അയക്കുക. ഇനി തനി അവിശ്വാസികളും (കാഫിര്‍) ബഹുദൈവാരാധകരും (മുശ്‌രിക്) ആയ സമൂഹത്തിലേക്കാണ് നിയോഗമെങ്കില്‍ അപ്പോള്‍ ആ ദൂതന് 'റസൂല്‍' എന്നാണ് പറയുക. 'നബി'യും 'റസൂലും' തമ്മിലുള്ള വ്യത്യാസം പണ്ഡിതന്മാര്‍ പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പക്ഷേ മേല്‍കൊടുത്ത വ്യാഖ്യാനമാണ് ഇമാം ഇബ്‌നുതൈമിയ്യ നല്‍കിയിട്ടുള്ളത്.
നബിമാരും റസൂലുമാരും അതത് സമൂഹങ്ങളിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തിത്വങ്ങളായിരുന്നു. നല്ല മനോബലമുള്ളവര്‍, വിശുദ്ധാത്മാക്കള്‍. സമൂഹം അവരെ വളരെയേറെ ആദരിച്ചിരുന്നു. അതേസമയം പ്രവാചകത്വമെന്നത് പ്രകൃത്യാ ലഭിക്കുന്ന ഒരു സമ്മാനമല്ല; മറ്റുള്ളവരേക്കാള്‍ കഴിവ് കൂടിയവരുമല്ല പ്രവാചകന്മാര്‍. പ്രവാചകത്വമെന്നത് ദൈവം താന്‍ തെരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് നല്‍കുന്ന ഒരു സമ്മാനമാണ്. അവര്‍ക്ക് നിര്‍വഹിക്കാനുള്ളത് വളരെ സുപ്രധാനമായ ഒരു ദൗത്യമാണ്. അതിനാവശ്യമായ സവിശേഷമായ കഴിവുകളും നല്‍കും. അഭൗതികമായ വഴികളിലൂടെ സഹായിക്കുകയും ചെയ്യും. പക്ഷേ, ഫാറാബി, തുടര്‍ന്ന് ഇബ്‌നുസീന, മറ്റു ചില തത്ത്വചിന്തകര്‍, ചില സ്വൂഫികള്‍ വരെ വാദിച്ചത് പ്രവാചകത്വമെന്നത് ഒരു പ്രകൃതി പ്രതിഭാസമാണ് എന്നാണ്. പ്രവാചകന്മാരും മറ്റു മനുഷ്യരും തമ്മിലുള്ള ഏക വ്യത്യാസം, പ്രവാചകന്മാര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ കൂടുതല്‍ ധൈഷണിക ശേഷി ഉണ്ട് എന്നതു മാത്രമാണെന്നും അവര്‍ വാദിച്ചു. അസാധാരണമായ ഭാവനാശേഷിയും പ്രവാചകന്മാര്‍ക്ക് ഉണ്ടാകും. അതുവഴി ആശയങ്ങള്‍ ഉണര്‍ച്ചയിലോ ഉറക്കിലോ പല രൂപങ്ങളാര്‍ജിച്ച് അവരിലേക്ക് വന്നുകൊണ്ടിരിക്കും. വളരെ വികസിതമായ അസാധാരണമായ മനശ്ശക്തി എന്നു പറയാം. ഇതാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവാചകത്വത്തെക്കുറിച്ച ഈ അഭിപ്രായത്തെ വിശദമായി നിരൂപണം ചെയ്യുന്നുണ്ട് ഇബ്‌നുതൈമിയ്യ. ഒന്നാമതായി, പ്രവാചകത്വം ഒരു പ്രകൃതിപ്രതിഭാസമല്ല. പ്രവാചകന്മാര്‍ നേടിയെടുക്കുന്ന ഒരു പദവിയുമല്ല അത്. മറിച്ച്, അത് ഒരു ദൈവിക സമ്മാനമാണ്. രണ്ടാമതായി, വെളിപാടുകള്‍ എന്നു പറയുന്നത്, പ്രവാചകന്‍ തന്നെ സ്വയം കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളല്ല. ദൈവത്താല്‍ നല്‍കപ്പെടുന്നവ മാത്രമാണ് വെളിപാടുകള്‍. മൂന്നാമതായി, അവരുടെ ദൃഷ്ടിയില്‍ തെളിയുന്ന മലക്കും മറ്റു അതീന്ദ്രിയ കാര്യങ്ങളും (ഗൈബ്) യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്. അവ അവരുടെ മനസ്സിന് പുറത്തുള്ളവയാണ്; അല്ലാതെ അവരുടെ മനസ്സിന്റെയോ ഭാവനയുടെയോ സൃഷ്ടികളല്ല. അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന അത്ഭുതങ്ങള്‍ സ്വന്തം മനശ്ശക്തിയില്‍നിന്ന് ഉത്ഭൂതമാവുന്നതുമല്ല. ദൈവം തന്റെ കഴിവുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. മാന്ത്രികരുടെയോ ചെപ്പടിവിദ്യക്കാരുടെയോ കൈനോട്ടക്കാരുടെയോ പ്രവൃത്തികളുമായി വെളിപാടുകളെയോ അമാനുഷ പ്രവൃത്തികളെയോ ബന്ധപ്പെടുത്തരുത്. മാന്ത്രികരുടേതും മറ്റും കബളിപ്പിക്കല്‍ മാത്രമാണ്; അവരുടെ പ്രവൃത്തികള്‍ പ്രകൃതിനിയമങ്ങളെ ലംഘിക്കുന്നില്ല. എന്നാല്‍ പ്രവാചകന്മാരിലൂടെ ദൃശ്യമാകുന്ന അത്ഭുത പ്രവൃത്തികള്‍ പ്രകൃതിനിയമങ്ങളെ ലംഘിക്കുകതന്നെ ചെയ്യുന്നുണ്ട്.
തങ്ങള്‍ കാണിക്കുന്ന അത്ഭുത പ്രവൃത്തികള്‍ മാത്രം നോക്കിയാല്‍ മതി, യഥാര്‍ഥ പ്രവാചകനെയും കള്ളപ്രവാചകനെയും തിരിച്ചറിയാന്‍. വരാനിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് കള്ളപ്രവാചകന്മാര്‍ നടത്തുന്ന പ്രവചനങ്ങളില്‍ ധാരാളം അവാസ്തവങ്ങളുണ്ടാവും. പ്രകൃതിയിലെ വസ്തുക്കള്‍ക്കു മേല്‍ വല്ല മാറ്റവും വരുത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടെങ്കില്‍തന്നെ അത് ഉപരിപ്ലവമായിരിക്കും; പ്രകൃതിനിയമത്തെ അതിനൊരിക്കലും ഭേദിക്കാനാവുകയില്ല. അസാധാരണമായതൊക്കെ പിശാചിന്റെ സഹായത്തോടെ ചെയ്യുന്നതുമായിരിക്കും. തന്റെയോ തന്റെ ജനങ്ങളുടെയോ മേല്‍ അതൊന്നും പ്രസ്താവ്യമായ യാതൊരു സ്വാധീനവും ഉണ്ടാക്കുകയില്ല. ഇനി ഒരു യഥാര്‍ഥ പ്രവാചകനെ നോക്കൂ. അദ്ദേഹം പ്രവാചകനാണ് എന്നതിന് സാക്ഷ്യം അദ്ദേഹത്തിന്റെ ജീവിതവും അധ്യാപനങ്ങളും അവ മനുഷ്യസമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും തന്നെയായിരിക്കും.
പ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന വഹ്‌യിന്റെ /വെളിപാടുകളുടെ വിവിധ രൂപങ്ങള്‍ ചര്‍ച്ച ചെയ്യുന്നു് ഇബ്‌നുതൈമിയ്യ. സുഷുപ്തിയിലോ ജാഗ്രത്തിലോ ഒരു ആശയം മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ് ഒരു രീതി. ഇത് പ്രവാചകന്മാരില്‍ മാത്രം പരിമിതമായ ഒന്നല്ല. ദൃഢവിശ്വാസവും ജീവിത വിശുദ്ധിയുമുള്ള പ്രവാചകന്മാരല്ലാത്ത സ്ത്രീപുരുഷന്മാര്‍ക്കും ഇത് ലഭിച്ചേക്കും. രണ്ടാമത്തെ ഇനം വഹ്‌യ് ഒരു മാലാഖ മുഖേന പ്രവാചകന്മാര്‍ക്ക് മാത്രം ലഭിക്കുന്നതാണ്. ചിലപ്പോഴത് പ്രവാചകന്റെ മനസ്സിലേക്ക് നേരിട്ട് നല്‍കുന്നതായിരിക്കും; അല്ലെങ്കില്‍ മനുഷ്യരൂപത്തിലോ മാലാഖയുടെ രൂപത്തില്‍ തന്നെയോ പ്രത്യക്ഷനായിക്കൊണ്ടായിരിക്കും. മൂന്നാമത്തെ ഇനം വഹ്‌യ്, ദൈവം നേരിട്ട് ഒരു പ്രവാചകനെ അഭിസംബോധന ചെയ്യുകയാണ്. മോസസിനെ സീനായില്‍ വെച്ച്, അല്ലെങ്കില്‍ മുഹമ്മദ് നബിയെ മിഅ്‌റാജ് (ആരോഹണം) വേളയില്‍ അഭിസംബോധന ചെയ്തതു പോലെ.
വിശ്വാസപ്രമാണത്തിന്റെ മൂന്നാമത്തെ ഭാഗം പരലോക ജീവിതമാണല്ലോ. ഈ വിഷയത്തില്‍ തത്ത്വജ്ഞാനികള്‍ക്ക് പല അഭിപ്രായങ്ങളാണ്. അല്‍കിന്ദി (മരണം 247/861) ഉറപ്പിച്ചു പറയുന്നത്, മനുഷ്യശരീരത്തെ അതേപടി പുനരുജ്ജീവിപ്പിക്കും എന്നാണ്. ഫാറാബി (മരണം 329/950) തന്റെ വ്യത്യസ്ത പുസ്തകങ്ങളില്‍ മൂന്ന് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അല്‍ മദീനത്തുല്‍ ഫാളില (ശ്രേഷ്ഠ നഗരം) എന്ന കൃതിയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: എല്ലാ മനുഷ്യരും മരണത്തെ അതിജീവിക്കും; അവരില്‍ നല്ലവരും മോശപ്പെട്ടവരുമൊക്കെ. നല്ലവര്‍ ശാശ്വതമായ സംതൃപ്തിയിലും തിന്മ ചെയ്തവര്‍ എന്നന്നേക്കുമായി ശപിക്കപ്പെട്ടവരും ആയിരിക്കും.1 പക്ഷേ, അസ്സിയാസ അല്‍മദനിയ്യ (നാഗരിക രാഷ്ട്രീയം) എന്ന കൃതിയില്‍ എഴുതുന്നത് ഇങ്ങനെ: അറിവിനാലും നന്മയാലും പൂര്‍ണത പ്രാപിച്ച ആത്മാക്കള്‍ മരണത്തെ അതിജീവിച്ച് ശാശ്വത സംതൃപ്തിയില്‍ എത്തിച്ചേരും. അജ്ഞതയും ദുഷിപ്പും നിറഞ്ഞ ആത്മാക്കള്‍ മരണത്തോടെ ഇല്ലാതാകും.2 ഫാറാബിയുടെ മൂന്നാമത്തെ അഭിപ്രായമായി ഇബ്‌നുതൈമിയ്യ ആരോപിക്കുന്നത്, പുനരുത്ഥാന(Resurrection)ത്തെ നിഷേധിക്കുന്നു എന്നതാണ്. അഥവാ ശരീരമോ ആത്മാവോ ഒന്നും പുനരുജ്ജീവിപ്പിക്കപ്പെടുകയില്ല എന്ന്. പക്ഷേ ഇങ്ങനെയൊരു അഭിപ്രായം അദ്ദേഹത്തിന്റെ കൃതികളിലെവിടെയും രേഖപ്പെടുത്തിയതായി കാണാന്‍ കഴിഞ്ഞിട്ടില്ല. ഇബ്‌നുസീന (മരണം 428/1036) തന്റെ അന്നജാത്ത് എന്ന കൃതിയില്‍ ശരീരവും ആത്മാവും ഒരുപോലെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്ന് പറയുന്നുണ്ട്3. മറ്റു ചില കൃതികളിലും ഈ അഭിപ്രായം കാണാം.4 അര്‍രിസാല അല്‍ ഉദ്ഹവിയ്യ എന്ന കൃതിയില്‍ ആത്മാവ് മാത്രമേ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടൂ എന്നും എഴുതുന്നു5. ഈ അഭിപ്രായമായിരുന്നു അക്കാലത്തെ മിക്ക തത്ത്വചിന്തകര്‍ക്കും.
ആത്മാവ്, കുറേക്കൂടി കൃത്യമാക്കിപ്പറഞ്ഞാല്‍ യുക്തിവിചാരം ചെയ്യുന്ന ആത്മാവ് (Rational Soul) മാത്രമേ മരണത്തെ അതിജീവിച്ച് നിലനില്‍ക്കുകയുള്ളൂ. ശരീരം എന്നേക്കുമായി നശിച്ചുപോകും. ഈ വീക്ഷണം നമ്മുടെ തത്ത്വചിന്തകന്മാര്‍ തങ്ങളുടെ ഗ്രീക്ക് ഗുരുക്കന്മാരില്‍നിന്ന് കടം കൊണ്ടതാണെന്നതില്‍ യാതൊരു സംശയവുമില്ല. ഗ്രീക്ക് തത്ത്വചിന്തകര്‍ പറയുന്നത്, യുക്തിവിചാരം ചെയ്യുന്ന ആത്മാവും അതിന്റെ ചിന്താവിഷയമായ പദാര്‍ഥേതരമായ യാഥാര്‍ഥ്യങ്ങളും മാത്രമേ ശാശ്വതമായി നിലനില്‍ക്കൂ എന്നാണ്. ഇബ്‌നുസീന മുന്നോട്ടുവെക്കുന്ന ആശയം ഇങ്ങനെ സംഗ്രഹിക്കാം: ആത്മാവിനെ സംബന്ധിച്ച് ഏവരും വിശ്വസിക്കുന്നത് അത് മരണത്തെ അതിജീവിക്കും എന്നാണ്. എല്ലാവര്‍ക്കുമറിയാവുന്നതു പോലെ, ശരീരം ജീര്‍ണിക്കുകയും അത് ഭൂമിയിലെ മറ്റു ഘടകങ്ങളുമായി കൂടിച്ചേരുകയും ചെയ്യുന്നു. ആ ഇടത്ത് മരങ്ങളും ചെടികളും വളരും. ഈ ഘടകങ്ങളെ അവ വലിച്ചെടുക്കും. ആ ചെടികളെയും മരങ്ങളിലെ ഫലങ്ങളെയും മൃഗങ്ങളും മനുഷ്യരുമൊക്കെ ഭക്ഷണമാക്കും. അങ്ങനെ നേരത്തേ ദ്രവിച്ചുപോയ മനുഷ്യശരീരങ്ങളുടെ അംശങ്ങള്‍ ഈ മനുഷ്യരുടെയും ജന്തുക്കളുടെയും ശരീരത്തിന്റെ ഭാഗമാകും. ഈ പ്രക്രിയ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ എങ്ങനെയാണ്, ഇബ്‌നുസീന ചോദിക്കുന്നു, ആദ്യ മനുഷ്യശരീരത്തിന്റെ മൗലിക കണങ്ങളെ വീണ്ടും ഒരുമിപ്പിക്കാനാവുക? അങ്ങനെയൊരു ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നില്ലല്ലോ. ആ ശരീരം ദ്രവിക്കുകയും മണ്ണില്‍ ചേരുകയും മറ്റു ഒട്ടനവധി ശരീരങ്ങളുടെ ഭാഗമായിത്തീരുകയും ചെയ്തിട്ടുണ്ടല്ലോ. ഒരു മനുഷ്യശരീരത്തിന്റെ ഭാഗം കൊണ്ട് മറ്റൊരു മനുഷ്യശരീരമുണ്ടാകുന്നു, അതിന്റെ ഭാഗം കൊണ്ട് മൂന്നാമതൊരു ശരീരം... ഇങ്ങനെ. അങ്ങനെയെങ്കില്‍ ഏതെങ്കിലും ഘടകങ്ങളെ അവ ഇന്ന ശരീരത്തിന്റെ മാത്രം ഭാഗമാണെന്ന് എങ്ങനെ പറയാന്‍ കഴിയും? പുനരുജ്ജീവിപ്പിക്കപ്പെടുമ്പോള്‍ ഏതു ശരീരത്തിന്റെ ഭാഗമായിട്ടാവും ഈ ഘടകങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുക?
ഈ വാദഗതിയെ ഇബ്‌നുതൈമിയ്യ ചോദ്യം ചെയ്യുന്നു. ദ്രവിച്ചു മണ്ണായ ശേഷം അതില്‍നിന്ന് ശരീരത്തെ പുനഃസൃഷ്ടിക്കുക എന്നത് ദൈവത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയാസകരമായ കാര്യമല്ല. ദ്രവിച്ച് മണ്ണോടു ചേര്‍ന്ന് ഒരു നൂറ്റാണ്ടിനു ശേഷം അതില്‍നിന്ന് വീണ്ടും ആ മനുഷ്യശരീരത്തെ ഉയിര്‍ത്തെഴുന്നേല്‍പിച്ചതിനെക്കുറിച്ച് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ (2:259). മണ്ണില്‍നിന്ന് മനുഷ്യനെ ഒരിക്കല്‍കൂടി സൃഷ്ടിക്കും എന്നു പറയുമ്പോള്‍ അത്ഭുതം കൂറുന്നതെന്തിന് എന്നും ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. തുടക്കത്തില്‍ പൊടിമണ്ണില്‍നിന്നായിരുന്നു മനുഷ്യസൃഷ്ടിപ്പ്. പിന്നെയത് രേതസ്‌കണം വഴിയാക്കി. പിന്നെയത് സിക്താണ്ഡമായി മാറുന്നു. അതില്‍ മാംസവും എല്ലും രൂപപ്പെട്ടുവരുന്നു. ഒടുവില്‍ ഒരു പൂര്‍ണ മനുഷ്യന്‍ ജന്മമെടുക്കുന്നു. ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന അല്ലാഹുവിന് വീണ്ടും പൊടിമണ്ണില്‍നിന്ന് മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്‍പിക്കാനാണോ പ്രയാസം? എന്തെല്ലാമാണ് ഓരോ ദിവസവും അല്ലാഹു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്! ഒന്നിനെ മറ്റൊന്നായി മാറ്റിക്കൊണ്ടിരിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെയാണ് പച്ചപരവതാനി വിരിച്ച പോലെയാക്കുന്നത്. ഭൂമിക്കടിയില്‍നിന്നും വെള്ളത്തില്‍നിന്നും ഏതെല്ലാം ജീവിവര്‍ഗങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്! പ്രപഞ്ചം എന്ന ഈ മഹാത്ഭുതം സൃഷ്ടിച്ച് പരിപാലിക്കുന്നവനുണ്ടോ മനുഷ്യനെപ്പോലെ ഇത്തരം ചെറിയ ജീവികളെ വീണ്ടും സൃഷ്ടിക്കാന്‍ വല്ല പ്രയാസവും (37:257).
മറ്റൊരു കാര്യം കൂടിയുണ്ട്. ദ്രവിച്ചു മണ്ണായിത്തീര്‍ന്ന അതേ വസ്തുകൊണ്ടു തന്നെ ഒരാളെ പുനഃസൃഷ്ടിക്കണം എന്നില്ലല്ലോ. സൃഷ്ടിപ്പിന് അതുപോലുള്ള വസ്തുക്കള്‍ മതിയാകും. പരലോകത്ത് ഒരാള്‍ക്ക് ലഭിക്കുന്ന ശരീരം ഇഹലോകത്ത് അവള്‍ക്ക്/ അയാള്‍ക്ക് ഉണ്ടായിരുന്ന അതേ ശരീരം തന്നെ ആവണമെന്നില്ല. ചില കാര്യങ്ങളില്‍ ഇരുശരീരങ്ങളും തമ്മില്‍ സാദൃശ്യമുണ്ടാവും; ചിലതില്‍ വ്യത്യാസമുണ്ടാവും. ആകാരത്തില്‍ പരലോകത്തെ ശരീരം വലുതായിരിക്കും. കാരണം ഇപ്പോഴുള്ളതു പോലെ ഏതാനും വര്‍ഷം മാത്രം ജീവിക്കുന്ന ശരീരമല്ലല്ലോ അത്. ശാശ്വത ജീവിതത്തിന് വേണ്ട കരുത്ത് രണ്ടാമത്തെ ശരീരത്തിന് ഉണ്ടായിരിക്കും. പ്രജനനം നടത്തുകയോ വിയര്‍ക്കുകയോ മലമൂത്ര വിസര്‍ജനം നടത്തുകയോ ചെയ്യാത്ത ശരീരവുമായിരിക്കും. അങ്ങനെയെങ്കില്‍ ശരീരം മാറിപ്പോകില്ലേ എന്ന ചോദ്യത്തിന്, ശരീരം അതുതന്നെ എന്നാണ് ഉത്തരം. ഇഹലോകത്തു തന്നെ അത്തരം മാറ്റങ്ങള്‍ സംഭവിക്കേുന്നുണ്ടല്ലോ. നമുക്ക് ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴോ ശൈശവത്തിലോ ചെറുപ്പകാലത്തോ ഉള്ള ശരീരമായിരിക്കില്ല വാര്‍ധക്യകാലത്ത് ഉണ്ടാവുക. വലിയ വ്യത്യാസങ്ങളുണ്ടാവും. ഇങ്ങനെ ഭൗതിക ശരീരത്തിന് തന്നെ വ്യത്യസ്ത അവസ്ഥകളുണ്ടെങ്കിലും നാം അവയെ ഒരൊറ്റ ശരീരമായാണ് കാണുന്നത്. എല്ലാം നമ്മുടെ ശരീരം തന്നെയാണ്. അതുപോലെ പരലോകത്ത് നമുക്ക് ലഭിക്കുന്നതും നമ്മുടെ ശരീരം തന്നെയാണ്; ഇപ്പോഴുള്ള ശരീരത്തില്‍നിന്ന് ചില വ്യത്യാസങ്ങളൊക്കെ അതിന് ഉണ്ടാകുമെങ്കിലും.

(തുടരും)

കുറിപ്പുകള്‍
1. അല്‍ഫാറാബി- ആറാഉ അഹ്‌ലില്‍ മദീനത്തില്‍ ഫാളില (കയ്‌റോ, 1940), പേജ് 121
2. അല്‍ഫാറാബി-അസ്സിയാസ അല്‍ മദനിയ്യ (ഹൈദരാബാദ്, 1994), പേജ് 53
3. ഇബ്‌നുതൈമിയ്യ- അര്‍റദ്ദു അലല്‍ മന്‍ത്വിഖിയ്യീന്‍ (ബോംബെ, 1949), പേജ് 458
4. ഇബ്‌നുസീന- അന്നജാത്ത് (കയ്‌റോ, 1938) പേജ് 291
5. ഇബ്‌നുസീന-രിസാലത്തുന്‍ ഉദ്ഹവിയ്യ ഫീ അംരില്‍ മആദ് (കയ്‌റോ, 1949) പേജ് 57

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍