Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

സകാത്ത് സാമൂഹിക ക്ഷേമത്തിന്റെ സാമ്പത്തിക വഴികള്‍

ഒ.കെ ഫാരിസ്

''സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല, ദുഃഖിക്കേണ്ടിവരികയുമില്ല'' (ഖുര്‍ആന്‍ 2: 277). അല്ലാഹുവിലുള്ള വിശ്വാസം അടിയുറച്ചു കഴിഞ്ഞാല്‍ പിന്നീട് ഖുര്‍ആന്‍ എടുത്തുപറയുന്ന രണ്ട് കാര്യങ്ങള്‍ നമസ്‌കാരവും സകാത്തുമാണ്. ഖുര്‍ആന്‍ 32 ഇടത്ത് സകാത്ത് പരാമര്‍ശിച്ചതില്‍ 26 ഇടത്തും നമസ്‌കാരത്തോട് ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്. ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട രണ്ട് കണ്ണുകളാണവ. നമസ്‌കാരത്തിലൂടെ ഒരു കണ്ണ് അല്ലാഹുവിലേക്കും, സകാത്തിലൂടെ മറുകണ്ണ് സ്വന്തം സഹജീവികളിലേക്കും മനുഷ്യന്‍ തുറന്നുവെക്കുന്നു.
അല്ലാഹുവിലേക്കുയര്‍ത്തുന്ന കൈകള്‍ മനുഷ്യരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനായി താഴ്ന്നു വരണം. അല്ലാഹുവിന്റെ വിളി കേള്‍ക്കുന്ന ചെവികള്‍ സഹോദരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. പള്ളിയിലേക്ക് നടക്കുന്ന കാലുകള്‍ പട്ടിണിപ്പാവങ്ങളുടെ പടികള്‍ കടന്നുചെന്ന് സഹായവും സാന്ത്വനവും നല്‍കണം. അല്ലാഹുവിനെയോര്‍ത്ത് പ്രകമ്പനം കൊള്ളുന്ന ഹൃദയങ്ങള്‍ ദരിദ്രന്റെ വിശപ്പിനെയോര്‍ത്ത് തേങ്ങണം. തസ്ബീഹ് ചൊല്ലുന്ന നാവുകള്‍ സാന്ത്വനത്തിന്റെ വാക്കുകളും ചൊല്ലിക്കൊിരിക്കണം. അതാണ് നമസ്‌കാരത്തെയും സകാത്തിനെയും ചേര്‍ത്തു പറഞ്ഞതിന്റെ പൊരുള്‍. ''അല്ലാഹുവിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുത്; മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം'' (ഖുര്‍ആന്‍ 2: 83).
ഇന്ന് പൊതുവെ ആളുകള്‍ നമസ്‌കാരത്തിലും നോമ്പിലും ഹജ്ജിലുമൊക്കെ മുമ്പത്തേക്കാള്‍ ഏറെ താല്‍പര്യം കാണിച്ചുവരുന്നുണ്ട്. എന്നാല്‍ സകാത്തിനെ അത്ര പ്രാധാന്യത്തോടെ കാണാന്‍ ബഹൂഭൂരിഭാഗം മുസ്‌ലിംകള്‍ക്കും ഇന്നും കഴിഞ്ഞിട്ടില്ല.
പ്രയോഗതലത്തില്‍ സകാത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന്, സംഭരണം. ''നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'' (9:103). ധനികരില്‍നിന്ന് സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് സകാത്ത്. നിസാബ് തികഞ്ഞാല്‍ പണം, കച്ചവടം, ശമ്പളം സ്വര്‍ണം, വെള്ളി തുടങ്ങിയവക്ക് 2.5 ശതമാനമാണ് സകാത്ത്. കൃഷിക്ക് 5 ശതമാനം /10 ശതമാനം, ഖനിജങ്ങള്‍ക്ക് 20 ശതമാനം. 40 ആട്, 30 പശു, 5 ഒട്ടകം, എന്നിവ (അല്ലെങ്കില്‍ സമാനമായവ) തികഞ്ഞാല്‍ അവരും സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്.
ര്, വിതരണം. സകാത്തിന്റെ അവകാശികളായി ഇസ്‌ലാം എട്ടു വിഭാഗങ്ങളെ എണ്ണിപ്പറയുന്നുണ്ട്. ''ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമമോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ് സകാത്ത്. അല്ലാഹുവിന്റെ നിര്‍ണതമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (9:60). ഇത് പഠനവിധേയമാക്കിയാല്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി മാത്രമല്ല സകാത്ത് എന്ന് ബോധ്യപ്പെടും. സകാത്ത് സ്വീകര്‍ത്താക്കളുടെ ഓരോ കാറ്റഗറിയും വ്യത്യസ്തമായ ഓരോ ആശയം തന്നെയാണ്. ഫഖീര്‍ എന്നാല്‍ ദാരിദ്ര്യനിര്‍മാര്‍ജനം. മിസ്‌കീന്‍ = സാമൂഹിക സുരക്ഷ. സകാത്ത് ജോലിക്കാര്‍ = തൊഴില്‍. മനസ്സിണക്കപ്പെട്ടവര്‍ = ഇസ്‌ലാമിക പ്രബോധനം. അടിമമോചനം = സ്വാതന്ത്ര്യം. കടം കൊണ്ട് വലയുന്നവര്‍ = സാമ്പത്തിക സുരക്ഷ. ദൈവമാര്‍ഗത്തില്‍ = പൊതുതാല്‍പര്യം. വഴിയാത്രക്കാര്‍ = നിര്‍ഭയത്വം.
നിലവില്‍ വ്യക്തികള്‍ സകാത്ത് നല്‍കാന്‍ സ്വീകരിക്കുന്ന രീതികള്‍ ഇവയാണ്:
1. വ്യക്തികള്‍ നേരിട്ട് വ്യക്തികള്‍ക്ക് നല്‍കുന്നു.
2. ഇസ്‌ലാമിക സംഘടനകളോ സ്ഥാപനങ്ങളോ നടത്തുന്ന സംഘടിത സകാത്ത് സംഭരണ-വിതരണ സംവിധാനങ്ങള്‍ മുഖേന നല്‍കുന്നു.
3. മഹല്ല് സകാത്ത് കമ്മിറ്റികള്‍ വഴി.
വ്യക്തികള്‍ വ്യക്തികള്‍ക്ക് നേരിട്ട് നല്‍കുന്ന രീതി സകാത്തില്‍ പെടുകയില്ല എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. മൗലാനാ ആസാദ് പറയുന്നു: ''ഞാന്‍ ആധികാരികമായിത്തന്നെ പറയട്ടെ, വ്യക്തികള്‍ വ്യക്തികള്‍ക്ക് കൊടുക്കുന്ന സകാത്ത് ശരീഅത്ത് അനുശാസിക്കുന്ന വിധമുള്ള യഥാര്‍ഥ സകാത്ത് അല്ല.'' 'നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക' എന്നതും സകാത്തിന്റെ അവകാശികളില്‍ സകാത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതും സകാത്ത് ഒരു സംഘടിത സംവിധാനമാണ് എന്നതിന് ഖുര്‍ആനില്‍നിന്നു തന്നെയുള്ള വ്യക്തമായ തെളിവുകളാണ്. പ്രവാചകന്റെ കാലത്ത് ഉമര്‍ (റ), അംറുബ്‌നുല്‍ ആസ്വ് (റ), അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ) തുടങ്ങിയ ആളുകളെ 31 മേഖലകളിലേക്ക് പ്രവാചകന്‍ സകാത്ത് ശേഖരിക്കാനായി അയച്ചിരുന്നു. സുബൈറുബ്‌നുല്‍ അവ്വാമി(റ)നെ സകാത്ത് അക്കൗണ്ട് സൂക്ഷിക്കാനും ഏല്‍പിച്ചിരുന്നു. പ്രവാചകനു ശേഷം അബൂബക്ര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ) തുടങ്ങി ഖലീഫമാരുടെ ഭരണകാലത്ത് ആ സംവിധാനം കൂടുതല്‍ വികസിപ്പിച്ചു. പിന്നീട് വന്ന മുസ്‌ലിം ഭരണാധികാരികളില്‍ പലരും സംഘടിത സകാത്ത് നടത്തി പോന്നിട്ടുണ്ട്. സംഘടിത സകാത്ത് സംവിധാനം നിലനിന്നിടത്തൊക്കെ സകാത്ത് അതിന്റെ ലക്ഷ്യത്തിലേക്കെത്തിയതായും നമുക്ക് കാണാം.
ഉമര്‍ (റ) തന്റെ ഭരണകാലത്ത് മുആദുബ്‌നു ജബലി(റ)നെ യമനിലേക്ക് അയച്ചപ്പോള്‍, അവിടെനിന്ന് സകാത്ത് ശേഖരിച്ച് അവിടെ തന്നെ വിതരണം ചെയ്യാനാണ് ആവശ്യപ്പെട്ടത്. അദ്ദേഹം അവിടെ നിന്ന് ശേഖരിച്ച സകാത്തിന്റെ മൂന്നിലൊന്ന് കേന്ദ്ര വിഹിതത്തിലേക്ക് അയച്ചു. ഇങ്ങോട്ട് കൊണ്ടുവരേണ്ടതില്ലെന്നും അവിടെ തന്നെയുള്ള പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും ഉമര്‍ (റ) തിരിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അവിടെയുള്ള പാവങ്ങള്‍ക്ക് കൊടുത്തതിനുശേഷം ബാക്കിയുള്ളതാണ് അയച്ചത് എന്നാണ് മറുപടി വന്നത്. രണ്ടാം വര്‍ഷം സകാത്തിന്റെ പകുതി അദ്ദേഹം കേന്ദ്രത്തിലേക്കയച്ചു. ഇതേ സംഭാഷണം വീണ്ടും ആവര്‍ത്തിച്ചു. മൂന്നാമത്തെ വര്‍ഷം അദ്ദേഹം ശേഖരിച്ച മുഴുവന്‍ തുകയും ബൈത്തുല്‍ മാലിലേക്ക് അയച്ചുകൊടുത്തു. ഉമറി(റ)ന്റെ അന്വേഷണത്തിന് മുആദ് നല്‍കിയ മറുപടി; 'സകാത്തിന് അര്‍ഹരായ ഒരാള്‍ പോലും ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല' എന്നായിരുന്നു.
മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി പറയുന്നു: ''ഒരു മുസ്‌ലിം കമ്യൂണിറ്റി തങ്ങളുടെ നാട്ടില്‍ പള്ളികള്‍ ഉണ്ടാക്കാന്‍ കൈകോര്‍ക്കുന്നു. കൂട്ടായ പരിശ്രമത്തിലൂടെ ഒരു ഇമാമിനെ നിശ്ചയിക്കുന്നു. അതേപോലെതന്നെ സകാത്ത് സംഭരണത്തിനും വിതരണത്തിനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ബൈത്തുല്‍മാല്‍ സംവിധാനം ഉണ്ടാക്കണം. ആ സംവിധാനം വഴി ആ പ്രദേശത്തുനിന്ന് സകാത്ത് ശേഖരിക്കുകയും അവരില്‍ വിതരണം ചെയ്യുകയും വേണം. ഇസ്‌ലാമിക ഭരണ സംവിധാനമില്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം ഏജന്‍സികള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവുംവിധം പരിശ്രമിക്കണം. അത്തരം ശ്രമങ്ങള്‍ നടക്കുന്നില്ലെങ്കില്‍ ആ പ്രദേശത്തെ മുസ്‌ലിം സമുദായം മുഴുവനും കുറ്റക്കാരായിത്തീരും.'' സംഘടിത വിതരണരീതി സാധ്യമാകുന്ന വിധം നാം സംവിധാനിച്ചേ മതിയാകൂ എന്നര്‍ഥം. ഇസ്‌ലാമിക സംഘടനകളോ സ്ഥാപനങ്ങളോ നടത്തുന്ന നിലവിലുള്ള സംഘടിത സകാത്ത് സംഭരണ-വിതരണ സംവിധാനങ്ങളും മഹല്ല് സകാത്ത് കമ്മിറ്റികളും കൂടുതല്‍ വികസിപ്പിക്കേണ്ടതായിട്ടുണ്ട്.
2011 സെന്‍സസ് പ്രകാരം ഇന്ത്യയിലെ നാലിലൊന്ന് യാചകരും മുസ്ലിംകളാണ്. അതില്‍ തന്നെ പുരുഷന്മാരേക്കാള്‍ സ്ത്രീ യാചകരാണ് കൂടുതല്‍. നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക്‌സ് റിസര്‍ച്ച് കണക്കുപ്രകാരം ഇന്ത്യയിലെ പട്ടണപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകളില്‍ പത്തില്‍ മൂന്നു പേരും ദാരിദ്ര്യരേഖക്കു താഴെയാണ്. ''മുസ്‌ലിം സമുദായം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കാര്യമായ പിന്നാക്കാവസ്ഥ നേരിടുന്നു്. വികസനത്തിന്റെ എല്ലാ തലങ്ങളിലും ഇല്ലായ്മയും അധഃസ്ഥിതാവസ്ഥയും മുസ്‌ലിം സമുദായത്തില്‍ പ്രകടമായി കാണാം'' (സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അധ്യായം 12 പേജ് 237).
ഈയടുത്ത് നീതി ആയോഗ് ഇന്ത്യ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും അവികസിതമായ 101 ജില്ലകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്, രാജ്യതലസ്ഥാനത്തുനിന്ന് ഏറെ ദൂരത്തല്ലാത്ത, മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള മേവാത്ത് ജില്ലയാണ്. അതിന്റെ തൊട്ടടുത്തുള്ള ഗുരുഗ്രാം ജില്ല ധാരാളം മള്‍ട്ടിനാഷ്‌നല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന നല്ല വികസനമുായിട്ടുള്ള ജില്ലയാണ്. ലിസ്റ്റിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 20 ജില്ലകളില്‍ പതിനൊന്നും മുസ്‌ലിം ഭൂരിപക്ഷ ജില്ലകളാണ്.
സകാത്ത് പരിഹാരമാകുമോ? സകാത്ത് സംവിധാനങ്ങള്‍ വ്യവസ്ഥാപിതമാവുകയാണെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഒരുപരിധി വരെയെങ്കിലും സാധിക്കും. ആര്‍.ബി.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ദീപക് മെഹന്തിയുടെ നേതൃത്വത്തില്‍ 2015 ഡിസംബര്‍ 28-ന് അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടില്‍ സമ്പത്തിന്റെ പുനര്‍വിതരണത്തിന് ഉപകരിക്കുന്ന വളരെ പ്രധാനപ്പെട്ട സംവിധാനമാണ് സകാത്ത് എന്ന് പരാമര്‍ശിക്കുന്നുണ്ട്.

മഹല്ല് സകാത്ത് കമ്മിറ്റികള്‍
കേരളത്തില്‍
ഏറ്റവും നല്ല രീതിയില്‍ സകാത്ത് സംവിധാനം നടത്തിക്കൊുപോ
കാന്‍ മഹല്ലുകള്‍ക്ക് സാധിക്കും. കാരണം ചുരുങ്ങിയ കുടുംബങ്ങള്‍ (200 മുതല്‍ 1000 വരെ) മാത്രമുള്ള പ്രദേശത്തെക്കുറിച്ച് കൃത്യമായ പഠനം നടത്താനും സകാത്ത് പരമാവധി അര്‍ഹരില്‍ എത്തിക്കാനുമൊക്കെ എളുപ്പമാണ്. പല മഹല്ല് കമ്മിറ്റികളുടെയും കീഴില്‍ മദ്‌റസ, സ്‌കൂള്‍, കോളേജ്, യതീംഖാനകള്‍ എന്നിവയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സകാത്തിന് സംവിധാനമില്ല എന്നത് ഒരു ദുഃഖസത്യമാണ്. എന്നാല്‍ ഒരുപരിധി വരെ വ്യവസ്ഥാപിതമായി സകാത്ത് സംഭരണവും വിതരണവും നടക്കുന്ന മഹല്ലുകള്‍ കേരളത്തില്‍ ചുരുക്കമായെങ്കിലുമുണ്ടു താനും. മഹല്ല് കമ്മിറ്റി നേരിട്ടോ മഹല്ല് കമ്മിറ്റിക്കു കീഴില്‍ സകാത്ത് കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റിയുടെ നേതൃത്വത്തിലോ സംഭരണവും വിതരണവും നടത്തിവരികയും ചെയ്യുന്നു. സകാത്ത് വാങ്ങിയെടുക്കുന്നതിന് മഹല്ലുകള്‍ക്ക് വ്യക്തികളെ നിര്‍ബന്ധിക്കാനാവില്ലെങ്കിലും സകാത്ത് കമ്മിറ്റികളുമായി ധാരാളം പേര്‍ സഹകരിച്ചുപോരുന്നുണ്ട്.
ഈ പഠനത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ സാമാന്യം
ഭംഗിയില്‍ നടക്കുന്ന സംവിധാനമാണ് പാലേരി-പാറക്കടവ് മഹല്ല് സകാത്ത് കമ്മിറ്റിയുടേത്. കഴിഞ്ഞ വര്‍ഷം പതിനഞ്ച് ലക്ഷത്തിലധികം രൂപ സകാത്ത് പിരിച്ചെടുത്ത് വീടുനിര്‍മാണം, അറ്റകുറ്റപ്പണികള്‍ തീര്‍ക്കല്‍, വിദ്യാഭ്യാസം, ചികിത്സാ സഹായം, പെന്‍ഷന്‍ എന്നീ ഇനങ്ങളില്‍ കമ്മിറ്റി ചെലവഴിക്കുകയുായി. 20 വര്‍ഷത്തിലേറെയായി കമ്മിറ്റി സകാത്ത് സംഭരണവും വിതരണവും നടത്തിവരുന്നു്. പ്രധാനമായും റമദാനിലാണ് സകാത്ത് സംഭരണം. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 50 ശതമാനം തുകയും റമദാനിലാണ് പിരിച്ചെടുത്തത്. 25 ശതമാനം റമദാന് ഓഫര്‍ ലഭിക്കുകയും പിന്നീട് ശേഖരിക്കുകയുമാണുായത്. ബാക്കി 25 ശതമാനം മറ്റ് മാസങ്ങളില്‍ ശേഖരിച്ചു.
17 അംഗ മഹല്ല് കമ്മിറ്റി തന്നെയാണ് സകാത്ത് കമ്മിറ്റിയുടെയും ചുമതല വഹിക്കുന്നത്. മഹല്ലിനു കീഴില്‍ ആകെ 336 വിടുകളാണുള്ളത്. 60 വീടുകള്‍ക്ക് മൂന്ന് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ആ വീടുകളിലെ സകാത്ത് ദായകരെക്കുറിച്ചും സകാത്തിന് അര്‍ഹരായവരെക്കുറിച്ചും ആ ടീം പഠിക്കുകയും ചെയ്യുന്നു. അന്വേഷണത്തില്‍ കണ്ടെത്തുന്നവര്‍ക്കോ അപേക്ഷ നല്‍കുന്നവരില്‍ അര്‍ഹരായവര്‍ക്കോ സകാത്ത് നല്‍കുന്നു.
2008 ആയപ്പോഴേക്കും പ്രദേശത്ത് ഓല വീടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കമ്മിറ്റിക്ക് സാധിച്ചിരുന്നു. രണ്ടാം ഘട്ടമെന്ന നിലക്ക് ഈ വര്‍ഷം ഓടിട്ട വീടുകള്‍ കൂടി ഇല്ലാതാകും. നിലവില്‍ മഹല്ലില്‍ ഒരു വീട് മാത്രമാണ് അല്‍പം മോശമായ അവസ്ഥയിലുള്ളത്. മഹല്ല് നിവാസികളായ ഒരാളും സഹായമഭ്യര്‍ഥിച്ച് മറ്റു പ്രദേശങ്ങളിലേക്ക് പോകരുത് എന്നാണ് സകാത്ത് കമ്മിറ്റി നിര്‍ദേശം. എന്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും കമ്മിറ്റിയെ സമീപിക്കാം.
ഈ പഠനത്തിന് ആറ് മഹല്ല് സകാത്ത് കമ്മിറ്റികളെയാണ് സാമ്പിളായി എടുത്തിരിക്കുന്നത്. അവയുടെ പൊതു സ്വഭാവങ്ങള്‍ ഇവയാണ്:
1. റമദാന്‍ മാസത്തിലാണ് സകാത്ത് കലക്ഷന്‍ ബഹുഭൂരിഭാഗവും നടക്കുന്നത്.
2. സകാത്തിന്റെ 8 അവകാശികളില്‍ ഫഖീര്‍, മിസ്‌കീന്‍, കടം കൊണ്ട് വലയുന്നവര്‍, ദൈവമാര്‍ഗത്തില്‍, മനസ്സിണക്കപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാത്രമാണ് സകാത്ത് നല്‍കിവരുന്നത്. അടിമ മോചനം, സകാത്ത് ജോലിക്കാര്‍, വഴിയാത്രക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്നില്ല.
3. സകാത്ത് കലക്ഷനും വിതരണവും സകാത്ത് കമ്മിറ്റി അംഗങ്ങള്‍ സേവനമായി ചെയ്തുപോരുന്നു. സകാത്ത് ജോലിക്കാരെ നിയോഗിക്കുന്നില്ല.
4. സകാത്ത് കമ്മിറ്റി സജീവമാകുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ തുക ശേഖരിക്കുന്നു. നിര്‍ജീവമാകുന്ന കാലങ്ങളില്‍ തുക കുറയുന്നു.
5. പ്രദേശത്തെ മൊത്തം സകാത്തിന്റെ 10-30 ശതമാനം മാത്രമാണ് സകാത്ത് കമ്മിറ്റിയെ ഏല്‍പിക്കുന്നത്.
6. കണക്കുകള്‍ നോക്കി കൃത്യമായി സകാത്ത് വിഹിതം നല്‍കുന്നവര്‍ വളരെ കുറവാണ്. സകാത്തിനെക്കുറിച്ച് പഠന ക്ലാസുകള്‍ നടത്തുകയും ലഘുലേഖകള്‍ തയാറാക്കുകയും ചെയ്യുന്നുണ്ട് കമ്മിറ്റികള്‍.
7. ക്രിയാത്മകമായ (പ്രൊഡക്ടീവ് രീതിയില്‍) സകാത്ത് നല്‍കാന്‍ പല കമ്മിറ്റികളും ശ്രമം നടത്തുന്നുെണ്ടങ്കിലും, ചുരുങ്ങിയ ശതമാനം മാത്രമേ അതിനായി നീക്കിവെക്കുന്നുള്ളൂ.

നിര്‍ദേശങ്ങള്‍
കച്ചവടത്തിന്റെ സകാത്ത് വാര്‍ഷിക കണക്ക് നോക്കി സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലോ റമദാനിലോ നല്‍കാം. എന്നാല്‍ കൃഷിയുടെ സകാത്ത് വിളവെടുക്കുന്ന സമയത്ത് നല്‍കണം. അതുപോലെ ആട്, പശു പോലുള്ളവയുടേത് എണ്ണം തികയുന്ന മുറക്കാണ് നല്‍കേണ്ടത്. എന്നാല്‍ മഹല്ല് തലത്തില്‍ പലപ്പോഴും മുഴുവന്‍ സകാത്തും ശേഖരിക്കുന്നത് റമദാനിലാണ്. അത് സകാത്തിന്റെ ചൈതന്യത്തിന് മങ്ങലേല്‍പിക്കുന്നു. റമദാനില്‍ സകാത്ത് നല്‍കുന്നതിന് കൂടുതല്‍ പുണ്യമുണ്ട് എന്ന ധാരണയാണ് അതിനു കാരണം. എന്നാല്‍ പ്രവാചകന്‍ റമദാനില്‍ സ്വദഖ വര്‍ധിപ്പിച്ചിരുന്നു എന്നല്ലാതെ സകാത്ത് സംഭരണ മാസമായി റമദാനെ കണ്ടിരുന്നില്ല.
ഈ ചിന്താഗതിയില്‍ മാറ്റം വരേണ്ടതുണ്ട്. സകാത്ത് ജോലിക്കാരെ നിശ്ചയിച്ചാല്‍ സംഭരണം എല്ലാ മാസങ്ങളിലും നടക്കും. സകാത്ത് ജോലിക്കാര്‍ സകാത്തിന്റെ അവകാശികളാണെങ്കിലും നമ്മുടെ മഹല്ലുകള്‍ സകാത്ത് ഉദ്യോഗസ്ഥരെ നിയമിക്കുകയോ അവര്‍ക്ക് ശമ്പളം നല്‍കുകയോ ചെയ്യുന്നതായി കാണുന്നില്ല. സകാത്ത് ജോലിക്കാര്‍ ദരിദ്രരല്ലെങ്കിലും സകാത്തിന് അവകാശിയാണ് എന്നിരിക്കെ, ദരിദ്രരായ സകാത്ത് ജോലിക്കാരെയെങ്കിലും വെക്കുകയാണെങ്കില്‍ സകാത്ത് കലക്ഷന്‍ എല്ലാ മാസവും നടത്താനും സകാത്ത് ഫണ്ടില്‍നിന്നുതന്നെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാനും സാധിക്കും.
സകാത്തിന്റെ അവകാശികളില്‍ പ്രധാനമായും ഫഖീര്‍, മിസ്‌കീന്‍, ഫീ സബീലില്ലാഹ്, കടം കൊണ്ട് വലഞ്ഞവര്‍, മനസ്സിണക്കപ്പെട്ടവര്‍ തുടങ്ങിയ കാറ്റഗറികള്‍ മാത്രമാണ് നാം സാധാരണയായി നല്‍കിവരുന്നത്. അതിനപ്പുറം വഴിയാത്രക്കാര്‍, അടിമമോചനം, സകാത്ത് ജോലിക്കാര്‍ എന്നീ ഇനങ്ങള്‍ കൂടി കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. 'അടിമ മോചനം' എന്ന ഇനം ചര്‍ച്ചക്കു പോലും എടുക്കാതെ ഒഴിവാക്കലാണ് പതിവ്. അടിമത്തം അവസാനിച്ചല്ലോ എന്നതാണ് നമ്മുടെ ന്യായം. എന്നാല്‍ പുതിയ കാലത്ത്, പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ കള്ളക്കേസുകളും യു.എ.പി.എ പോലുള്ള കരിനിയമങ്ങളും ചാര്‍ത്തപ്പെട്ട് ജയിലിലടക്കപ്പെടുന്നവര്‍ ധാരാളമാണ്. അവര്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടിവരികയും കേസ് നടത്തിപ്പിന് വലിയ തുക മാറ്റിവെക്കേണ്ടിവരികയും ചെയ്യുന്നു. സാമ്പത്തികമായി സുസ്ഥിതിയാലായിരുന്ന കുടുംബങ്ങള്‍ക്കു പോലും ഇത് താങ്ങാന്‍ കഴിയണമെന്നില്ല. അഥവാ സകാത്തിന്റെ അവകാശികളിലെ അടിമമോചനം എന്ന കാറ്റഗറി പുതിയ കാലത്ത് ഇതുപോലുള്ളവ കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കാനാവുമോ എന്ന് ആലോചിക്കണം.
കടം കൊണ്ട് വലയുന്നവര്‍ എന്ന വിഭാഗം നിലവില്‍ പലപ്പോഴും പലിശാധിഷ്ഠിത സംവിധാനങ്ങളില്‍നിന്ന് കടമെടുത്ത് തിരിച്ചടവ് മുടങ്ങി പ്രയാസപ്പെട്ട് കമ്മിറ്റികളെ സമീപിക്കുന്നവരാണ്. എന്നാല്‍ ബാങ്കുകളിലേക്ക് എത്തിപ്പെടുന്നതിനു മുമ്പേ സകാത്ത് കമ്മിറ്റി അത്തരക്കാരെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് ഉചിതം.
അതേപോലെ സകാത്തായി നല്‍കിയതാണെങ്കിലും ആ തുക തിരിച്ചടക്കുന്ന രീതിയും ഉപയോഗപ്പെടുത്താമെന്ന് യൂസുഫുല്‍ ഖറദാവിയെപ്പോലുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടു്. ഉദാഹരണത്തിന്, വിദ്യാഭ്യാസ സഹായം പലിശരഹിത ലോണായി അനുവദിക്കുകയും വിദ്യാഭ്യാസം കഴിഞ്ഞ് ജോലി ലഭിക്കുമ്പോള്‍ ആ തുക തിരിച്ചടക്കുകയും ചെയ്യുക. ആ ഫണ്ട് വീണ്ടും മറ്റൊരാള്‍ക്ക് സകാത്തായി നല്‍കാമല്ലോ.
മഹല്ല് തലത്തില്‍ സകാത്ത് വിതരണം ചെയ്യുന്നതിന് സാധാരണ അപേക്ഷകള്‍ ക്ഷണിക്കലാണ് പതിവ്. എന്നാല്‍ മഹല്ല് നിവാസികളുടെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് അവകാശികളെ കണ്ടെത്തലാണ് കുറ്റമറ്റ രീതി. സകാത്ത് ദുരുപയോഗം തടയുന്നതിനും സകാത്ത് ഫണ്ട് പരമാവധി ഉപകാരപ്രദമാക്കുന്നതിനും പ്രൊഡക്ടീവായ ആവശ്യങ്ങള്‍ക്ക് സകാത്ത് നല്‍കുന്ന രീതി സ്വീകരിക്കാം. ഉദാഹരണത്തിന്, മിസ്‌കീനായ ഒരാള്‍ക്ക് സകാത്ത് പണമായി കൊടുക്കുന്നതിനു പകരം ഒരു ഓട്ടോറിക്ഷ വാങ്ങി നല്‍കുക. ഒരാള്‍ക്ക് സ്വര്‍ണക്കട നടത്താനാണ് കൂടുതല്‍ കഴിവുള്ളതെങ്കില്‍ അതിന് വേണ്ട തുക പോലും സകാത്തായി നല്‍കാമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരാള്‍ക്ക് എല്ലാ കാലവും സകാത്ത് നല്‍കിക്കൊണ്ടിരിക്കാനല്ല, പകരം സകാത്ത് കൊടുക്കുന്നവനാക്കി അയാളെ മാറ്റാനാണ് ശ്രമിക്കേണ്ടത്. മലേഷ്യന്‍ മോഡല്‍ ഇതില്‍ ശ്രദ്ധേയമാണ്. അവര്‍ സകാത്ത് സ്വീകര്‍ത്താക്കളെ പ്രൊഡക്ടീവ് പുവര്‍ (വിദ്യാസമ്പന്നര്‍, സ്വയം തൊഴില്‍ അറിയാവുന്നവര്‍ തുടങ്ങിയവര്‍) എന്നും നോണ്‍ പ്രൊഡക്ടീവ് പുവര്‍ (വൃദ്ധര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവര്‍) എന്നും രണ്ടായി തിരിച്ചാണ് സകാത്ത് വിതരണം ചെയ്യുന്നത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍