Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

റമദാന്‍ കരീം

അഹ്മദ് ബഹ്ജത്ത്

[റമദാന്‍ ഡയറി -3]

എട്ടു മണിക്ക് ഉണര്‍ന്നപ്പോള്‍ എനിക്ക് കഠിനമായി ദാഹിക്കുന്നുണ്ടായിരുന്നു. വാച്ചില്‍ നോക്കി. പ്രഭാത നമസ്‌കാരം നഷ്ടപ്പെട്ടുപോയിരിക്കുന്നു. സാരമില്ല. ആയുസ്സുണ്ടെങ്കില്‍ നാളെ നേരത്തേതന്നെ പ്രഭാത നമസ്‌കാരത്തിന് പോകാം. എന്തുകൊണ്ടാണ് ഈയിടെയായി പരലോകത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നത്.. ചുവരലമാറയില്‍നിന്ന് ജപമാല പുറത്തെടുത്ത് പൊടി തട്ടി അത് കൈയിലെടുത്തു. ഗോവണിയിറങ്ങും മുമ്പ് കണ്ണാടിക്ക് മുന്നില്‍ നിന്നു. തരക്കേടില്ല. എന്റെ റമദാന്‍ കോലത്തില്‍ ഞാന്‍ ആശ്വാസം കൊണ്ടു. കോണിപ്പടികളിറങ്ങിത്തുടങ്ങി. പടികളൊക്കെ ആകെ പൊടിമയം. കാവല്‍ക്കാരനായ അബ്ദുല്‍ അസീസ് അമ്മാവന്‍ വീട്ടിന് മുന്നില്‍ തന്നെയുണ്ട്. മൂപ്പിലാന്റെ കൈയിലുമുണ്ട് ജപമാല. 'ദേ, കോണിപ്പടി മുഴുവന്‍ പൊടിയാണ്. കുന്ന് കൂടി നമ്മളെ അത് മൂടാന്‍ ഇനി അധികം സമയം വേണ്ടിവരില്ല.' ഞാന്‍ അയാളോട് പറഞ്ഞു. ജപമണികള്‍ ഉരുട്ടി വെളുക്കെ ചിരിച്ചുകൊണ്ട് അയാള്‍ പിറുപിറുത്തു; 'റമദാന്‍ കരീം.'
റമദാനല്ലേ. റമദാനില്‍ അതൊക്കെ വിട്ടുവീഴ്ച ചെയ്യണമെന്ന് ധ്വനി...
'അല്ലാഹു അക്‌റം' (അല്ലാഹു കൂടുതല്‍ ഉദാരമതി)യാണെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ പിന്‍വാങ്ങി. അയാള്‍ എന്നെ തോല്‍പിച്ചുകളഞ്ഞു. കൊല്ലം മുഴുവന്‍ കെട്ടിടത്തിന് മുന്നില്‍ ഒരു മരപ്പടിയില്‍ ഇരിക്കും അയാള്‍. ആരെങ്കിലും അയാളെ വിളിച്ചെന്നിരിക്കട്ടെ, ഉടനെ അയാള്‍ കൈ ഉയര്‍ത്തി തക്ബീര്‍ ചൊല്ലി നീണ്ട നമസ്‌കാരത്തില്‍ മുഴുകും. അപ്പോള്‍ ആരും അയാളെ ശല്യപ്പെടുത്താന്‍ പോവില്ല. കെട്ടിടത്തില്‍ താമസിക്കുന്ന ആരും അയാളെ ശകാരിക്കാനോ ചോദ്യം ചെയ്യാനോ ധൈര്യപ്പെടില്ല. അയാള്‍ നമസ്‌കരിക്കുകയാണല്ലോ. റമദാന്‍ മാസം സമാഗതമായതോടെ അയാളുടെ നമസ്‌കാരാവകാശം കണിശമായും ഒന്നുകൂടി ഉറച്ചുകിട്ടി. അവകാശങ്ങളുടെ മേല്‍ പുതിയൊരവകാശവും കൂടി കിട്ടുകയും ചെയ്തു. കോണിപ്പടികള്‍ അടിച്ചുവാരുന്ന പണി നിര്‍ത്തുക.
കുറച്ചു നേരമായി, തെരുവിലൂടെ നടക്കുകയാണ് ഞാന്‍. തെരുവ് പഴയ തെരുവ് തന്നെ. എന്നാല്‍ അതിന്റെ രൂപത്തില്‍ പുതിയ പലതും പ്രകടമായിട്ടുണ്ട്. മരത്തിന്റെ മലിനമായൊരു റാക്ക്. അതില്‍ ആറ് അച്ചാര്‍ ബാരലുകളുണ്ട്. സ്റ്റേഷനറിക്കടയില്‍നിന്ന് റമദാന്‍ പാനീസുകള്‍ തൂങ്ങിയാടുന്നു. പുണ്യ റമദാന്റെ സമാഗമത്തില്‍ തെരുവുവാസികളെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ഒരു ബാനര്‍. സ്വാഗതവാചകങ്ങള്‍ക്ക് താഴെ ഒരാളുടെ കൈയൊപ്പുമുണ്ട്. ബാനറുടമയെ എനിക്ക് ഓര്‍മ വന്നു. ആറിലേറെ തവണ ആ പ്രദേശത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ സ്ഥാനാര്‍ഥിയുടെ വകയാണ് ആ ബാനര്‍. എന്നിട്ടും പുള്ളിക്കാരന്‍ നിരാശനായിട്ടില്ല. പുതുവത്സരമോ അറബ് മാസമോ റമദാനോ പെരുന്നാളോ എന്തായാലും തെരുവു നിവാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് തന്റെ പേര് ഓര്‍മിപ്പിക്കാന്‍ അയാള്‍ ബാനര്‍ കെട്ടിത്തൂക്കും.
ഞാന്‍ തെരുവിലൂടെ മുന്നോട്ടുനടന്നു. മണ്ണ് ചെറിയ കൂനകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങളുടെ വീട്ടുകാവല്‍ക്കാരനെപ്പോലെത്തന്നെ തൂപ്പുകാരും നോമ്പുകാരാണെന്ന് തോന്നുന്നു. തൂപ്പുകാരനും വര്‍ഷം മുഴുവന്‍ നോമ്പ് നോല്‍ക്കുന്നുണ്ടാകുമോ? ഞാന്‍ സ്വയം ചോദിച്ചു. തൂപ്പുകാരന്റെ ദൃശ്യം എന്റെ കണ്ണില്‍ സുറുമ എഴുതിയിട്ട് വര്‍ഷങ്ങളായി. മുനിസിപ്പാലിറ്റി അപ്പാടെ പരലോക ചിന്തയാല്‍ ഇഹലോകം മറന്നുപോയ വൈരാഗികളുടെയും നോമ്പുകാരുടെയും സംഗമസ്ഥലമായി മാറിപ്പോയോ? റോഡുകളും പൊടിപടലങ്ങളും ഹംപുകളും ഉത്തരവാദിത്തങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ലോകം മറന്നു പോയ സംന്യാസികള്‍. അവസാനം തൂപ്പുകാര്‍ പ്രത്യക്ഷപ്പെട്ടു. കയ്‌റോയിലെ ഏറ്റവും വൃത്തിയുള്ള തെരുവുകളാണ് അവര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത്.
ഞാന്‍ ട്രാമില്‍ കയറി. പതിവുപോലെ നല്ല തിരക്കുണ്ട്. യാത്രക്കാരൊക്കെ നോമ്പുകാരാണ്. കണ്ടക്ടറും നോമ്പുകാരനാണ്. ആരും പുകവലിക്കുന്നില്ല. നോമ്പും ഒരാളുടെ ശ്രവണശക്തിയും തമ്മിലുള്ള ബന്ധം എന്താണെന്ന് എനിക്കറിയില്ല. കണ്ടക്ടര്‍ ഒരാളോട് മൂന്ന് തവണയാണ് ടിക്കറ്റിനെക്കുറിച്ച് ചോദിച്ചത്. അവസാനം അയാള്‍ക്ക് അട്ടഹസിക്കേണ്ടിവന്നു. അപ്പോഴാണ് യാത്രക്കാരന്‍ മിണ്ടിയത്: 'താന്‍ എനിക്ക് രണ്ടുതവണ ടിക്കറ്റ് മുറിക്കുമോ? ഞാന്‍ ടിക്കറ്റെടുത്തിട്ട് ഒരു മിനിറ്റല്ലേ ആയിട്ടുള്ളൂ.' അപ്പോള്‍ കണ്ടക്ടര്‍ പറഞ്ഞു: 'ശരി. അതൊന്ന് കാണിക്കൂ.' ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഇല്ലാതായതോര്‍ത്ത് ഞാന്‍ ഉള്ളാലേ ഞെട്ടി. പതിവു രീതിയിലല്ല കണ്ടക്ടര്‍ ടിക്കറ്റ് മുറിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. തുപ്പല്‍ തൊട്ടാണ് അയാള്‍ സാധാരണ ടിക്കറ്റ് മുറിച്ചിരുന്നത്. നോമ്പായതുകൊണ്ട് അയാളുടെ തുപ്പലൊക്കെ വറ്റിപ്പോയി. അതിനാല്‍ രണ്ട് ടിക്കറ്റുകള്‍ ഒന്നിച്ച് മുറിച്ചാണ് ഒരു യാത്രക്കാരന് കൊടുത്തത്. പിന്നീടാണ് തന്റെ അബദ്ധം അയാള്‍ക്ക് മനസ്സിലായത്. അയാളോട് കയര്‍ത്ത് സംസാരിച്ച യാത്രക്കാരന്‍ ആ അവസരം മുതലെടുക്കുകയായിരുന്നു.
മൂടിയ വലിയൊരു കുട്ടയും തലയില്‍ വെച്ച് വഴിമധ്യേ ഒരു കിഴവി ട്രാമില്‍ കയറാന്‍ ശ്രമിച്ചു. 'എങ്ങോട്ടേക്കാ, ഈ കുട്ടയുമായി കയറാന്‍ പോകുന്നത്?' അഹങ്കാരം സ്ഫുരിക്കുന്ന സ്വരത്തില്‍ കണ്ടക്ടര്‍ ആ സാധുവിനോട് തട്ടിക്കയറി. ട്രാമില്‍ കയറാന്‍ അയാള്‍ അവരെ സമ്മതിച്ചില്ല. യാത്രക്കാരൊക്കെ ഈ രംഗം നിശ്ശബ്ദം നോക്കിനില്‍ക്കുകയാണ്. വൃദ്ധയെ സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ട്രാം മുന്നോട്ടു നീങ്ങിയപ്പോള്‍ ചെയ്തത് ശരിയായില്ലെന്ന് കണ്ടക്ടറുടെ ചെവിയില്‍ ഞാന്‍ മന്ത്രിച്ചു. എന്നെപ്പോലുള്ള ശ്രീമാന്മാരുടെ വസ്ത്രത്തിന് പോറലേല്‍ക്കാതിരിക്കാനാണ് അവരെ തടഞ്ഞതെന്നായിരുന്നു തന്റെ ദുഷ്ടും മിടുക്കും പ്രകടിപ്പിച്ചുകൊുള്ള അയാളുടെ മറുപടി.
ഞാന്‍ ഓഫീസിലെത്തി. എന്റെ സ്വന്തം ഓഫീസിലേക്കുള്ള വഴിയില്‍ ആ കെട്ടിടത്തിനുള്ളിലെ കാന്റീനിനെ കുറിച്ച് ആലോചിച്ചു. എനിക്ക് കഠിനമായ ദേഷ്യം വന്നു. എന്നാല്‍ ഒപ്പം ആശ്വാസവും തോന്നി. പകല്‍ വെട്ടത്ത് നിരന്തരമായി നടക്കുന്ന കള്ളത്തരങ്ങള്‍ ഇന്നേതായാലും ഉണ്ടാകില്ലല്ലോ. ആറ് ഓഫീസുകള്‍ ഒന്നിച്ചുള്ള മുറിയില്‍ ഞാന്‍ ഇരുന്നു. ആ മുറിയിലെ ഓഫീസിന്റെ തലവന്‍ ഞാനാണ്. അടുത്ത മുറിയിലാണ് എന്റെ തലവന്‍. മൂന്നാമതൊരു മുറിയില്‍ ഞങ്ങളിരുവരുടെയും തലവന്‍ ഇരിക്കുന്നുണ്ട്. മുപ്പത് വയസ്സുള്ള ഒരു യുവാവുണ്ട് ഞങ്ങളോടൊപ്പം. ഒരിക്കലും അവന്‍ നോമ്പെടുത്തതായി കണ്ടിട്ടില്ല. ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ ക്രിസ്ത്യാനിയാണ്. ഞങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അയാള്‍ പുകവലിയും ചായയും ഉപേക്ഷിച്ചു. പുകവലിക്കാന്‍ മുട്ടുമ്പോള്‍ അയാള്‍ ഞങ്ങളോട് സമ്മതം ചോദിക്കും. ഞങ്ങള്‍ വിരോധമൊന്നും പറയില്ല. അപ്പോള്‍ നോമ്പെടുക്കാത്ത മറ്റേ യുവാവിന്റെ വക കമന്റ് വന്നു; 'ഇസാഖ് സാറേ, ചെല്ല് ചെല്ല് നന്നായി പുകവിട്ടോളൂ. പുകമണത്ത് ശ്രീമതിമാരുടെയൊക്കെ നോമ്പിനൊരു ആശ്വാസമുണ്ടാകട്ടെ.' അപ്പറഞ്ഞത് എനിക്ക് ഒട്ടും പിടിച്ചില്ല. ഞാന്‍ പുരികം ചുളിച്ചു. എന്തൊരു വിചിത്ര ജാതിയാണ് ഇക്കാലത്തെ യുവാക്കള്‍. നാല്‍പതിനോടടുത്ത ഞങ്ങളുടെ തലമുറ പഠിച്ച ഒരു മര്യാദയും അവര്‍ക്കില്ല.
നോമ്പില്ലാത്തവര്‍ക്കു വേണ്ടി മുറിയില്‍ ചായക്കപ്പുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് കഠിനമായ ദാഹം തോന്നി. ആമാശയത്തിനകത്തുള്ള എല്ലാ നെല്‍കതിരുകളും ഉരുളക്കിഴങ്ങു ചെടികളും ഫൂല്‍ പയറുമൊക്കെ ഒരിറ്റ് വെള്ളത്തിനു വേണ്ടി എരിപൊരി സഞ്ചാരം തുടങ്ങി. മുന്നിലുള്ള ഫയലുകളില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ രണ്ടു തവണയായി വരികള്‍ വായിച്ചു. പിന്നെ, ഒടുക്കം മുതല്‍ തുടക്കം വരെ തിരിച്ചും വായിക്കാന്‍ തുടങ്ങി. മനസ്സ് വിദൂര ചക്രവാളങ്ങളിലെവിടെയോ ഒഴുകി നടക്കുകയാണ്. എവിടെയാണെന്ന് ഒരെത്തും പിടിയുമില്ല. വായിക്കുംതോറും പല്ലിറുമ്മി. മനസ്സ് എവിടെയോ ആണ് ഒഴുകുന്നതെന്ന് അപ്പോഴാണ് പിടികിട്ടിയത്. അതുതന്നെ. ശപിക്കപ്പെട്ട ആ സിഗരറ്റുകള്‍. അതിനോടുള്ള തീവ്രമായ മുഹബ്ബത്തിന് മുന്നില്‍ ഖൈസും ലൈലയും തമ്മിലുള്ള പ്രേമം എവിടെ കിടക്കുന്നു. ആ ധൂപവൃക്ഷങ്ങള്‍ക്ക് ചുറ്റുമാണ് മനസ്സ് നീന്തുന്നത്. എനിക്ക് പുകവലിക്കണം. നോമ്പെടുക്കാത്ത സഹപ്രവര്‍ത്തകര്‍ വലിച്ചൂതുന്ന പുക, മുറിയില്‍ പൊങ്ങിക്കൊണ്ടിരിക്കുകയാണ്. നല്ല രസികന്‍ ചുടുചായയുടെ കോപ്പകള്‍ ഞങ്ങള്‍ക്കു മാത്രം നിഷേധിക്കപ്പെട്ട് കൊതിയൂറുന്ന മനോഹര ദൃശ്യങ്ങള്‍ ചമക്കുകയാണ്. ഇപ്പോള്‍ ദാഹിച്ചു മരിക്കുമെന്ന് എനിക്ക് തോന്നി. ഞാന്‍ ആത്മഗതം ചെയ്തു: ഇന്ന് ഞാന്‍ മരിക്കുകയാണെങ്കില്‍ ഈ മാസം മുഴുവന്‍ എനിക്ക് നഷ്ടപ്പെടും. ഇപ്പോള്‍ നോമ്പ് മുറിക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസം മാത്രമേ നഷ്ടപ്പെടൂ. മാസത്തിലെ ബാക്കി ദിവസങ്ങള്‍ മുഴുവന്‍ കിട്ടുകയും ചെയ്യും. അപ്പോള്‍ എന്റെ കണ്‍മുന്നില്‍ സ്വര്‍ഗം പ്രത്യക്ഷമായി. തേനും പാല്‍പുഴയും മദ്യനദിയുമൊഴുകുന്ന സ്വര്‍ഗം. അതോടെ ക്ഷമിക്കാമെന്നായി എനിക്ക്. മുഖം കോട്ടി ഞാന്‍ ക്ഷമ അവലംബിച്ചു.
.......................

തന്റെ മുന്നിലെ തേന്‍പാത്രം കാലിയാക്കി താടിയുഴിഞ്ഞുകൊണ്ട് പ്രായം ചെന്ന ഗ്രാമത്തലവന്‍ പറഞ്ഞു: ''സ്വര്‍ഗവും സ്വര്‍ഗത്തിലെ അനുഗ്രഹങ്ങളും കൊണ്ട് ദൈവം നിങ്ങളെ സുഖിപ്പിക്കട്ടെ.''
അയാളും തേനും പാലും മദ്യവും ഒഴുകുന്ന സ്വര്‍ഗത്തിന്റെ സങ്കല്‍പത്തിലാണ്. മദ്യപ്പുഴകളും പാലാറുകളുമല്ല അയാളുടെ മുഖ്യ വിഷയം. അയാള്‍ക്ക് തേനാറുകള്‍ മാത്രം കിട്ടിയാല്‍ മതി. മേലാടയോടും ജുബ്ബയോടും കൂടി അയാളതില്‍ മുങ്ങും. കുംഭവീര്‍ക്കുവോളം തേന്‍ കുടിച്ച് മുകള്‍പരപ്പില്‍ പൊങ്ങും. മേല്‍ക്കുപ്പായവും ജുബ്ബയും തേന്‍ തട്ടി അഴുക്കാകും. ഈയൊരു ജുബ്ബയല്ലാതെ മാറ്റാന്‍ മറ്റൊരു വസ്ത്രം അയാള്‍ക്കില്ല. കൂട്ടുകാരന്‍ അയാളോട് പറയും: 'ചങ്ങാതീ, നീ സ്വര്‍ഗത്തിലാണെന്ന കാര്യം മറന്നു പോയോ? അവിടെ നിനക്ക് വേണമെങ്കില്‍ എത്ര ജുബ്ബയും മേല്‍ക്കുപ്പായവും കിട്ടും. ആഗ്രഹിക്കുന്നതെന്തും കിട്ടും.' ഗ്രാമത്തലവന്‍ ചിരിച്ച് വീണ്ടും തേനാറുകളുടെ സങ്കല്‍പ ലോകത്തിലേക്ക് തന്നെ പോയി. ഇസ്‌ലാമിന്റെ പേരും വഹിച്ച് എന്തെല്ലാം തരം ആളുകള്‍. വിചിത്രം തന്നെ.
എനിക്കൊരു കുടിയന്‍ സ്‌നേഹിതനുണ്ടായിരുന്നു. അയാള്‍ എന്നോട് പറയാറുണ്ടായിരുന്നു: എന്റെ ഏറ്റവും വലിയ ദുഃഖം എന്താണെന്നറിയാമോ? സ്വര്‍ഗത്തില്‍ കടക്കാന്‍ കഴിയുകയില്ല എന്നതാണ് എന്റെ ദുഃഖം. അവിടത്തെ ആ മദ്യപ്പുഴകള്‍ ആലോചിച്ചുനോക്കിയേ. നമ്മള്‍ കൊണ്ടുവരുന്ന ഈ കുപ്പികള്‍ എത്ര പെട്ടെന്നാണ് കാലിയാവുന്നത്. ഒന്ന് രുചിച്ച് ലഹരി ബാധിക്കേണ്ട താമസം, അല്ലെങ്കില്‍ ഗ്ലാസിലൊഴിക്കേണ്ട താമസം അത് തീര്‍ന്നുപോകും. ഇനി മദ്യമൊഴുകുന്ന ആ നദിയുടെ മുന്നില്‍ നില്‍ക്കുന്നത് ഒന്ന് സങ്കല്‍പിച്ചുനോക്കിയേ.
സ്വര്‍ഗത്തിലെ പാലാറും തേനാറും മദ്യപ്പുഴയുമെന്നൊക്കെ പറയുന്നത് ഭൂമിയില്‍ നമുക്കറിയുന്നത് പോലുള്ളതല്ലെന്ന് അയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സ്വര്‍ഗമെന്നാല്‍ അഭൗതികമായൊരു പ്രതിഭാസമാണ്. നമുക്ക് അതിനെ കുറിച്ച് ഒന്നുമറിയില്ല. ഭൂമിയിലെ ചില വസ്തുക്കളുടെ പേരുകള്‍ അതിന് ചാര്‍ത്തിക്കൊടുക്കുന്നുവെന്നേയുള്ളൂ. എന്നാല്‍ അവയൊന്നും ഭൂമിയില്‍ നമുക്ക് പരിചിതമായവയോട് സാദൃശ്യമുള്ളവയല്ല. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രൂപത്തില്‍ ദൈവം അത് അവതരിപ്പിക്കുന്നുവെന്നു മാത്രം. നിന്നെപ്പോലുള്ള ജന്തുക്കളുടെ ശ്രദ്ധ അതിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ അങ്ങനെയേ സാധിക്കൂ. അതുകൊണ്ടാണ് ഭൂമിയില്‍ നമുക്ക് പരിചിതവും പ്രിയങ്കരവുമായ വസ്തുക്കളുടെ പേരുകള്‍ അവക്ക് നല്‍കിയിരിക്കുന്നത്. അത് ഒന്നുകൂടി വിശദീകരിച്ചുകൊണ്ട് നബി ഇങ്ങനെയും പറയുകയുണ്ടായി:
''സ്വര്‍ഗത്തില്‍ ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനുഷ്യമനസ്സിനും സങ്കല്‍പിക്കാന്‍ കഴിയാത്തതുമാണുള്ളത്.''
എന്റെ കുടിയന്‍ ചങ്ങാതിയുടെ സ്വപ്‌നമൊക്കെ അതോടെ തകര്‍ന്നു; ആ കിഴവന്‍ ഗ്രാമത്തലവന്റെയും. അവര്‍ രണ്ടാളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. അതാണ് ഇക്കാലത്തെ മനുഷ്യന്‍. അല്ലെങ്കില്‍ സമകാലീന മുസ്‌ലിം.
ഞാനും സ്വയം പരിശുദ്ധിയൊന്നും അവകാശപ്പെടുന്നില്ല.
അവരെയൊക്കെപ്പോലെ തന്നെയാണ് ഞാനും. എന്റെ മസ്തിഷ്‌കം ചിലപ്പോള്‍ വല്ലാതെ സങ്കുചിതമാകും. അപ്പോള്‍ പഞ്ചേന്ദ്രിയങ്ങളുടെ ഭാഷ മാത്രമേ എനിക്ക് മനസ്സിലാകൂ. ഉള്ളിലെ എന്റെ ആത്മാവ് പൊട്ടനാകും.

(തുടരും)
വിവ: വി.എ കബീര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍