കൊത്തിവെച്ച ഫലസ്ത്വീന്‍ സ്വപ്‌നങ്ങള്‍
ഫലസ്ത്വീനികള്‍ കാത്തുവെച്ച സ്വപ്‌നങ്ങള്‍ മരത്തില്‍ കൊത്തിവെച്ച് വിസ്മയം തീര്‍ക്കുകയാണ് മൂസാ എന്ന ഫലസ്ത്വീനീ കലാകാരന്‍. ഖുര്‍ആന്‍ സുക്തങ്ങള്‍, നബി നാമം, ഫലസ്ത്വീന്‍ ഭൂപടം, തെരുവ്, വിവിധ പ്രദേശങ്ങള്‍, ബൈത്തുല്‍ മുഖദ്ദസ്, ഫലസ്ത്വീകളുടെ തിരിച്ചുവരവ്, ഹന്‍ളല, മസ്ജിദുല്‍ അഖ്‌സ്വാ തുറക്കാനുള്ള താക്കോല്‍ തുടങ്ങി ആ രാജ്യത്തിന്റെ കിനാവുകളും വേദനകളും ചിത്രീകരിക്കുന്നവയാണ് മൂസായുടെ കലാസൃഷടികള്‍. മരത്തടികളില്‍ വളരെ സൂക്ഷ്മതയോടെ രൂപപ്പെടുത്തിയ ആവിഷ്‌കാരങ്ങള്‍ മനോഹരമായ അലങ്കാരങ്ങള്‍ മാത്രമല്ല, ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്.
ദുബൈ ഗ്ലോബല്‍ വില്ലേജിലെ ഫലസ്ത്വീന്‍ പവലിയനിലാണ് മൂസായെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ ഷോപ്പില്‍ കയറി കൊത്തുപണികള്‍ വിസ്തരിച്ചു കണ്ടു, കലാവിരുത് തൊട്ടറിഞ്ഞു. ജോര്‍ദാനിലാണ് മൂസാ ജനിച്ചു വളര്‍ന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഫലസ്ത്വീനില്‍ നിന്ന് ജോര്‍ദാനിലേക്ക് പലായനം ചെയ്യുകയായിരുന്നു, 1967-ല്‍. വ്യത്യസ്ത തൊഴിലുകളെടുത്ത് അവരവിടെ ഉപജീവനം കണ്ടെത്തി. ഒരു സഹോദരിയും മൂന്ന് സഹോദരന്മാരുമുണ്ട്, ജോര്‍ദാന്‍ പൗരത്വമുള്ള മുപ്പതുകാരനായ അദ്ദേഹത്തിന്. ജോര്‍ദാനില്‍ ജീവിക്കുന്ന ഫലസ്ത്വീനിയായ സുഹൃത്ത് ഇസ്മാഈലിന്റെ സഹായത്തോടെ മൂസാ പഠിച്ചെടുത്തതാണ് മരത്തിലെ കൊത്തുപണികള്‍. ഒരു റൂം നിറയെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, അവയുടെ വില്‍പ്പന അദ്ദേഹത്തിന്റെ ഉപജീവന മാര്‍ഗം കൂടിയാണ്.
ഫലസ്ത്വീനിലെ വിവിധ സ്ഥലപ്പേരുകള്‍ അറബി അക്ഷരങ്ങളില്‍ കോര്‍ത്ത് വെച്ച് രൂപപ്പെടുത്തിയ രാജ്യത്തിന്റെ ഭൂപടം ആകര്‍ഷകമാണ്. ഹൈഫ, അക്ക, നാസ്വിറ, നാബുല്‍സ്, ഇയാഫ, റാമല്ല, യാഫ, അരീഹ, അല്‍ ഖുദ്‌സ്, ബെത്‌ലഹേം, അല്‍ഖലീല്‍, അര്‍റംല, ഗസ്സ, റഫഹ്... തുടങ്ങി ഏതാണ്ടെല്ലാ പ്രധാന സ്ഥലങ്ങളും കലിഗ്രഫി രൂപത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ഫലസ്ത്വീന്‍ എന്ന പേരും ഒരു താക്കോലും അതോട് ചേര്‍ത്തുവെച്ചിരിക്കുന്നു. അടച്ചു പൂട്ടപ്പെട്ട ഫലസ്ത്വീനിന്റെ/ ബൈത്തുല്‍ മുഖദ്ദസിന്റ കവാടങ്ങള്‍ സമീപ ഭാവിയില്‍ തുറക്കുമെന്ന പ്രതീകാത്മക പ്രഖ്യാപനമാണ് ഈ താക്കോല്‍. ഫലസ്ത്വീനികള്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകുന്ന ഒരു പെയ്ന്റിംഗ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നടന്ന് പോകുന്ന ഫലസ്ത്വീനികളുടെ നീണ്ട നിരയുടെ ഏറ്റവും പുറകിലുള്ളയാളുടെ കൈയിലും വലിയൊരു താക്കോലുണ്ട്, മുന്നില്‍ അധിക ദൂരമില്ലാതെ ബൈത്തുല്‍ മുഖദ്ദസും!
ഹന്‍ളലയാണ് ഈ കൊത്തുപണികളില്‍ ഏറ്റവും ഹൃദയഹാരി ആയിട്ടുള്ളത്. ഫലസ്ത്വീന്‍ അഭയാര്‍ഥി ബാലനായ കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ഹന്‍ളല. പ്രശസ്ത കാര്‍ട്ടുണിസ്റ്റ് നാജി അല്‍ അലിയുടെ ഭാവനാ സൃഷ്ടിയാണ്, ലോകപ്രശസ്തമായ ഹന്‍ളല. ഫലസ്ത്വീന്‍ രചനകളിലും വരകളിലും പ്രദര്‍ശന വേദികളിലുമെല്ലാം ഹന്‍ളല നിറ സാന്നിധ്യമാണ്. അഭയാര്‍ഥി ക്യാമ്പിലെ കുട്ടി, അതിന്റെ എല്ലാ അടയാളങ്ങളും നാജി അല്‍ അലി തന്റെ വരയില്‍ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. കൈകള്‍ പുറകിലേക്ക് ചേര്‍ത്തു കെട്ടിയത് അതില്‍ പ്രധാനം. പത്ത് വയസ്സില്‍ ജനിച്ച ഹന്‍ളല എന്നും അതേ പത്തു വയസ്സുകാരനായിരിക്കും, കിനാവുകള്‍ പൂത്ത് കായ്ക്കും വരെ! ഈ പ്രതീകങ്ങളുടെയെല്ലാം അര്‍ഥതലങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ല. പക്ഷേ, ഹന്‍ളലയെ, ഫലസ്ത്വീനിന്റെ ഹൃദയമിടിപ്പുകളെ ചെറിയ വരകളില്‍ വലുതായി കൊത്തിവെച്ചിട്ടുണ്ട് ഈ കലാകാരന്‍.
Comments